Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

വരിക്കോടന്‍ ബാപ്പു മൗലവി

ഇ. യാസിര്‍

മലപ്പുറത്തെ പൗരപ്രമുഖനും വിദ്യാഭ്യാസ - സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു വരിക്കോടന്‍ മുഹമ്മദ് അലി എന്ന ബാപ്പു മൗലവി (76). നാട്ടിലെ വിവിധ പള്ളി ദര്‍സുകളില്‍നിന്ന് പ്രാരംഭ ദീനീപഠനം പൂര്‍ത്തീകരിച്ച ശേഷം ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദയൂബന്ദില്‍നിന്ന് ഖാസിമി ബിരുദം നേടി. ശേഷം ഉപരിപഠനത്തിനായി ഇറാഖിലെ ബഗ്ദാദ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നെങ്കിലും ആയിടക്ക് പൊട്ടിപ്പുറപ്പെട്ട ഇറാന്‍-ഇറാഖ് യുദ്ധം കാരണം ഇടക്കുവെച്ച് പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. ശേഷം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് കോളേജില്‍ മുദര്‍രിസായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം  ബാപ്പു മൗലവി തന്റെ ജന്മനാടുള്‍ക്കൊള്ളുന്ന മലപ്പുറത്തേക്കു തന്നെ തിരിച്ചുപോരുകയും  ഉപജീവനമാര്‍ഗമായി മരക്കച്ചവടം തെരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് ജീവിതാവസാനം വരെ  മലപ്പുറത്തും പരിസരത്തും പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചു. 
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏറ്റവും അടുത്ത സഹചാരിയായിരുന്നു മൗലവി. പ്രസ്ഥാനത്തെ അതിന്റെ സാഹിത്യങ്ങള്‍ വഴിയും നേതാക്കന്മാരുമായുള്ള സമ്പര്‍ക്കം വഴിയും നേരത്തേ തന്നെ മനസ്സിലാക്കിയ ബാപ്പു മൗലവി, കുറച്ചുകാലം കോഡൂര്‍ മുത്തഫിഖ് ഹല്‍ഖ അംഗമായിരുന്നു. ഒരു പ്രവര്‍ത്തകന്‍ അല്ലാതിരുന്നിട്ടും പ്രസ്ഥാനത്തിന്റെ  സംരംഭങ്ങളെ  എല്ലാ വിധത്തിലും അദ്ദേഹം പിന്തുണക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.
മലപ്പുറം ഭാഗത്തെ ഇസ്ലാമിക പ്രസ്ഥാനത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ ബാപ്പു മൗലവിയുടെ നേതൃപരമായ പങ്ക് അവിസ്മരണീയമാണ്. മലപ്പുറം ഫലാഹിയ അസോസിയേഷന്‍ പ്രസിഡന്റ്, കോട്ടപ്പടി മസ്ജിദുല്‍ ഫത്ഹ് വൈസ് പ്രസിഡന്റ്, വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചു. തിരൂര്‍ക്കാട് നുസ്‌റത്തുല്‍ ഇസ്ലാം ട്രസ്റ്റ്, പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ്, പടപ്പറമ്പ് അല്‍ ഫാറൂഖ് സ്‌കൂള്‍  കമ്മിറ്റി എന്നിവയില്‍ അംഗത്വവുമുണ്ടായിരുന്നു.
മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു. ഗുണനിലവാരമുള്ള ഇസ്ലാമിക വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും ഏറ്റവും ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും സാധ്യമാക്കുക എന്നതായിരുന്നു തന്റെ മുഖ്യ ദൗത്യമായി അദ്ദേഹം ഏറ്റെടുത്തിരുന്നത്. ഫലാഹിയ കോളേജിന്റെ ഉന്നമനത്തിനായി ധാരാളം സമയവും സമ്പത്തും ചെലവഴിച്ചു. ഫലാഹിയ കോളേജിന് സ്ഥിരവരുമാനത്തിന് ആവശ്യമായ ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥാപിച്ചത് അദ്ദേഹം പ്രസിഡന്റായ കാലത്താണ്. ഫലാഹിയയോടു ചേര്‍ന്ന് മലപ്പുറം വിദ്യാനഗര്‍ സ്‌കൂളും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു.
തന്റെ അറിവില്‍ പെട്ട, സാമ്പത്തികമായി പ്രയാസപ്പെടുന്നവരുടെ പഠനത്തിന് സ്വന്തമായി ധാരാളം സമ്പത്ത് അദ്ദേഹം ചെലവഴിച്ചു. ഇസ്ലാമിക വിജ്ഞാനം കൊണ്ടും നേതൃഗുണങ്ങള്‍ കൊണ്ടും നയചാതുരി കൊണ്ടും തന്റെ ജന്മസ്ഥലമായ വെസ്റ്റ് കോഡൂരില്‍ സര്‍വസ്വീകാര്യനായിരുന്നു മൗലവി. നാട്ടുകാര്‍ക്ക് ഏതൊരാവശ്യത്തിനും ഏതു സമയത്തും ആ വീട്ടിലേക്ക് കയറിച്ചെല്ലാം. പ്രദേശത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന മൗലവിയും സഹോദരന്മാരും അല്ലാഹു തങ്ങള്‍ക്ക് കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാന്‍ നടത്തിയിരുന്ന പരിശ്രമങ്ങള്‍ മാതൃകാപരമായിരുന്നു.
മലപ്പുറം മസ്ജിദുല്‍ ഫത്ഹുമായി  അദ്ദേഹത്തിന്റെ ബന്ധം ദീര്‍ഘകാലം അതിന്റെ വൈസ് പ്രസിഡന്റായിരുന്നു എന്നതു മാത്രമല്ല, മൂസ മൗലവിയും മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം മൗലവിയും മുതല്‍ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബ് വരെയുള്ള എല്ലാ ഖത്വീബുമാരും വെള്ളിയാഴ്ച ഉച്ചക്ക് അദ്ദേഹത്തിന്റ വീട്ടിലെ അതിഥികളായിരുന്നു.
മൗലവിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വെസ്റ്റ് കോഡൂര്‍ സകാത്ത് കമ്മിറ്റിയുടെ ദീര്‍ഘകാല പ്രസിഡന്റും അദ്ദേഹം തന്നെ ആയിരുന്നു.  വെസ്റ്റ് കോഡൂരില്‍ പതിറ്റാണ്ടുകളായി വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കുന്ന  ഏറ്റവും വിജയപ്രദമായ സാമൂഹിക സംരംഭമാണ് സകാത്ത് കമ്മിറ്റി. ധാരാളം കുടുംബങ്ങള്‍ക്ക് മാസാന്ത പെന്‍ഷനും റേഷന്‍ സംവിധാനവും വിദ്യാഭ്യാസ - ചികിത്സാ സഹായങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന കമ്മിറ്റിയുടെ ഇന്നത്തെ വിജയത്തിന് മുന്നില്‍ നിന്ന് നയിച്ചത് ബാപ്പു മൗലവിയാണ്.
ദീര്‍ഘകാലം മഞ്ചേരിയില്‍ അഭിഭാഷകന്‍ എന്ന നിലയിലും ഇപ്പോള്‍ കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജ് എന്ന നിലയിലും അറിയപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ മകന്‍ അനസ് വരിക്കോടന്‍. മക്കളെ ദീനീ അടിസ്ഥാനത്തില്‍ വളര്‍ത്തുന്നതില്‍ പിതാവ് സ്വീകരിച്ച രീതി അനസ് പ്രത്യേകം ഓര്‍ക്കുന്നു: 'ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളെയും പ്രവാചകന്റെയും സ്വഹാബികളുടെയും ചരിത്രത്തിലെ സമാന സംഭവങ്ങളോട് ഉപമിച്ചു കൊണ്ടായിരുന്നു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിരുന്നത്. ഇത് ഞങ്ങളുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്ക് വഹിച്ചു. ജില്ലാ ജഡ്ജിയായി ചാര്‍ജെടുക്കാന്‍ പോകുമ്പോള്‍ എന്നോട് പറഞ്ഞത്, സത്യവും നീതിയും മാത്രം നോക്കി വിധിക്കുക, സ്വന്തം മാതാപിതാക്കള്‍ തന്നെ കക്ഷികളായി മുന്നില്‍ വന്നാലും നീതി മാത്രം വിധിക്കുക എന്നായിരുന്നു.'

 

പി. എ ഹംസ

2020 ജനുവരി അഞ്ചിനു  പെരിങ്ങാടിയില്‍ വെച്ച് പി. എ ഹംസ നമ്മോട് വിടവാങ്ങിയതോടെ സാത്വികനും ത്യാഗിയുമായ  ഒരു നല്ല വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായത്.
ജമാഅത്തെ ഇസ്ലാമി കൊച്ചി ഘടകത്തിന് നേതൃത്വം നല്‍കിയിരുന്ന  എസ്.വി മുഹമ്മദ് സാഹിബിന്റെ (അബൂ റശീദ്) സഹോദരീപുത്രനാണ് അദ്ദേഹം. എസ്.വിയുടെ പണ്ഡിതോചിതവും പക്വവുമായ നേതൃത്വത്തിനു കീഴില്‍ വളരെ ദരിദ്രമായ ചുറ്റുപാടില്‍ പ്രവര്‍ത്തനരംഗത്ത് സജീവമായ  പി.എ ഹംസ തികഞ്ഞ ദീനീനിഷ്ഠയും അച്ചടക്കബോധവും പുലര്‍ത്തി. എഴുപതുകളുടെ തുടക്കത്തില്‍ തന്നെ ജമാഅത്ത് അംഗത്വം സ്വീകരിച്ചു. അടിയന്തരാവസ്ഥ കാലത്ത് കൊച്ചിയിലെ തലമുതിര്‍ന്ന  പല പ്രവര്‍ത്തകരും ജയില്‍വാസമനുഭവിച്ച കൂട്ടത്തില്‍ ഹംസ സാഹിബുമുണ്ടായിരുന്നു.
1980-നു ശേഷം രണ്ട് ദശകത്തോളം സുഊദി അറേബ്യയിലെ രിയാദിലായിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ രിയാദില്‍ ഇസ്ലാമിക പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് രൂപം നല്‍കുന്നതിലും അതിനെ ശക്തിപ്പെടുത്തുന്നതിലും തന്നാലാവുന്ന വിധം പങ്ക്  വഹിച്ചു. ദഅ്‌വ പ്രവത്തനമുള്‍പ്പെടെ  പ്രസ്ഥാനത്തിന്റെ പ്രധാന മേഖലകളിലെല്ലാം തന്റേതായ പങ്കാളിത്തം ഉറപ്പു വരുത്താന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. പില്‍ക്കാലത്ത് ആരോഗ്യനില വളരെ മോശമായപ്പോഴും പ്രസ്ഥാനവിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ അതീവ താല്‍പര്യം പുലര്‍ത്തുകയും കുടുംബത്തെ പ്രസ്ഥാനവത്കരിക്കാന്‍ പ്രാര്‍ഥനാപൂര്‍വം ശ്രമിക്കുകയും ചെയ്തിരുന്നു. നിശാപ്രാര്‍ഥന, ഖുര്‍ആന്‍ പാരായണം തുടങ്ങിയ കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തിയിരുന്നു. പെരിങ്ങാടിയിലെ  അല്‍ഫലാഹ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിലും വളരെയേറെ ഔത്സുക്യം കാണിച്ചു.
പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കള്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അവരോടൊപ്പം കഴിച്ചുകൂട്ടിയ നാളുകളിലെ അനുഭവങ്ങള്‍ പുതുതലമുറക്ക് കൈമാറാനും ശ്രദ്ധിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ അംഗം എന്ന നിലയില്‍ പ്രസ്ഥാനത്തിന്റെ ശരിയായ പ്രതിനിധാനം നിര്‍വഹിക്കാനും പ്രസ്ഥാനമാര്‍ഗത്തില്‍ അരനൂറ്റാണ്ടോളം അടിയുറപ്പോടെ നില്‍ക്കാനും പരേതന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹവുമായി അടുത്തിടപഴകിയവരെല്ലാം അനുസ്മരിക്കുന്നു. ബൗദ്ധികതയുടെ  അതിപ്രസരത്തില്‍ അല്‍ഫലാഹിന്റെ ദീനീമുഖം നഷ്ടപ്പെടാതിരിക്കാനും പുതുതലമുറയില്‍ അനുഷ്ഠാന നിഷ്ഠ അതിന്റെ യഥാര്‍ഥ ചൈതന്യത്തോടെ വളര്‍ത്തിയെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പലതവണ ഈയുള്ളവനെ ഗൗരവപൂര്‍വം ഉണര്‍ത്തിയത് ഓര്‍ക്കുന്നു.
അടിയലത്ത് ഫാത്വിമയാണ് സഹധര്‍മിണി. മക്കള്‍: അബ്ദുല്‍ ജാബര്‍, സൈഫുദ്ദീന്‍, ഹഫ്‌സത്.

പി. പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

 

ജമീല യൂസുഫ്

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഏരിയയില്‍, കാടാംകോട് യൂനിറ്റിന്റെ സാരഥിയായിരുന്നു ജമീല സാഹിബ. സൗമ്യമായ ഇടപെടലും പുഞ്ചിരിയും കൊണ്ട് സഹപ്രവര്‍ത്തകരുടെഹൃദയം കവര്‍ന്ന അവരെ ജമീലത്താത്ത എന്നാണ് വിളിച്ചിരുന്നത്. പ്രസ്ഥാന കുടുംബത്തില്‍ ജനിക്കുകയും പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്തിരുന്ന ജമീലത്താത്ത കുടുംബത്തെയും മക്കളെയും പ്രസ്ഥാന പാതയില്‍ നിലനിര്‍ത്തുന്നതിന് കഠിനമായി പരിശ്രമിച്ചു.
ദീര്‍ഘകാലം വെങ്ങന്നൂര്‍ വനിതാ ഹല്‍ഖയുടെ നാസിമത്തായിരുന്നു. അംഗങ്ങള്‍ വര്‍ധിച്ചപ്പോള്‍  വെങ്ങന്നൂര്‍, കാടാംകോട് എന്നിങ്ങനെ രണ്ട് ഹല്‍ഖകളായി വിഭജിച്ചു. പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കാടാംകോടിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തത്. ശാരീരിക അസ്വസ്ഥതകള്‍ പോലും മറന്ന് ഉത്തരവാദിത്ത നിര്‍വഹണത്തില്‍ പരിപൂര്‍ണ ആത്മാര്‍ഥത കാണിച്ചിരുന്നു. എല്ലാ പ്രവര്‍ത്തകരോടും പ്രത്യേക ബന്ധം കാത്തു സൂക്ഷിച്ചു. സാമ്പത്തികമായി വളരെ ഞെരുക്കത്തില്‍ കഴിയുമ്പോഴും ദൈവിക മാര്‍ഗത്തില്‍ ചെലവഴിക്കുന്നതില്‍ മുന്നിലായിരുന്നു.
ഒമ്പത് മക്കള്‍. ഒരാള്‍ നേരത്തേ മരിച്ചു. അവര്‍ക്കെല്ലാം ദീനീവിജ്ഞാനം നല്‍കുന്നതിലും ഇസ്ലാമിക സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തി. എല്ലാവരും ദീനീ പ്രവര്‍ത്തകരാണ്. ദീര്‍ഘകാലം ജമാഅത്തെ ഇസ്ലാമി കാര്‍കുന്‍ ആയിരുന്നു. ജമാഅത്തെ ഇസ്ലാമി റുക്ന്‍ ആകുന്നതിനു വേണ്ടി അപേക്ഷ നല്‍കിയിരുന്നു. ഭര്‍ത്താവ് യൂസുഫ് സാഹിബ് ജമാഅത്തെ ഇസ്ലാമി അംഗമാണ്. മക്കള്‍: ഷിറാലി, ഷഹീര്‍, ഷബീന, ഷബീര്‍, ഷഹ് ല, ഷമീം, ഷാഹിന്‍, ഷഫീഫ. മരുമക്കള്‍: ഫര്‍ഹ, സലീന, സമിയ, ഷാഹിദ.

താഹിറ കാടാംകോട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്