Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് സിറാജുല്‍ ഹസന്‍ സാഹിബ് വിടവാങ്ങി

അബ്ദുല്‍ഹകീം നദ്‌വി

ഇന്ത്യയില്‍  ഇസ്‌ലാമിക പ്രസ്ഥാനത്തിന് ദീര്‍ഘകാലം ധിഷണാപരമായ നേതൃത്വം നല്‍കിയ പണ്ഡിതനും സംഘാടകനുമായ സിറാജുല്‍ ഹസന്‍ സാഹിബ് വിടപറഞ്ഞു. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖം കാരണം വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. മികച്ച സംഘാടകനും പ്രഭാഷകനുമായ അദ്ദേഹം ജനകീയനായ നേതാവ് കൂടിയായിരുന്നു. ഇസ്‌ലാമിക പ്രവര്‍ത്തകരുമായി അടുത്തിടപഴകുകയും അവരുടെ വ്യക്തിത്വവികാസത്തില്‍ സജീവമായി ശ്രദ്ധിക്കുകയും ചെയ്ത മാതൃകാ വ്യക്തിത്വം, ജീവിതം മുഴുവന്‍ ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും വേണ്ടി സമര്‍പ്പിച്ച വിപ്ലവകാരി, ത്യാഗസന്നദ്ധതയുടെയും നിരന്തര പരിശ്രമത്തിന്റെയും ആള്‍രൂപം, സാമ്പത്തികവും കുടുംബപരവുമായ ആഭിജാത്യങ്ങള്‍ കൈവെടിഞ്ഞ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കീഴില്‍ ഒതുങ്ങി ജീവിച്ച വിനീതന്‍, സര്‍വോപരി ദൈവഭയവും സൂക്ഷ്മതയും മുഖമുദ്രയാക്കിയ, ആത്മീയതയും ലാളിത്യവും സന്തുലിതമായി സമ്മേളിച്ച  ജീവിതത്തിന്റെ ഉടമ.. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍. യുവാക്കളെ പ്രസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വളരെയധികം ശ്രദ്ധിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. നിലവിലെ ജമാഅത്ത് അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി ഉള്‍പ്പെടെയുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് അമീര്‍ അനുസ്മരണ കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്.
1932-ല്‍ കര്‍ണാടകയിലെ റായ്ച്ചൂറിലാണ് അദ്ദേഹത്തിന്റെ ജനനം. പത്തൊമ്പതാം വയസ്സില്‍ യുവാവായിരിക്കെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ഇരുപത്തിയഞ്ചാം വയസ്സില്‍ ജമാഅത്ത് അംഗമാവുകയും ചെയ്തു അദ്ദേഹം. ഇരുപത്തിയേഴാമത്തെ വയസ്സില്‍ 1958-ല്‍ പഴയ മൈസൂര്‍ സ്റ്റേറ്റിന്റെ അമീറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 1984-ല്‍ അഖിലേന്ത്യാ സെക്രട്ടറിയായി നിയമിതനാകുന്നതു വരെ നീണ്ട 26 വര്‍ഷം അദ്ദേഹം കര്‍ണാടക സ്റ്റേറ്റ് അമീറായി തുടര്‍ന്നു. 1984 മുതല്‍ 6 വര്‍ഷം സെക്രട്ടറിയായി കേന്ദ്രത്തില്‍ തുടര്‍ന്ന അദ്ദേഹം 1990-94  പ്രവര്‍ത്തന കാലയളവില്‍ ജമാഅത്ത് അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2004 വരെ മൂന്ന് പ്രവര്‍ത്തന കാലയളവുകളില്‍ അദ്ദേഹം തുടര്‍ച്ചയായി ആ പദവിയില്‍ തുടര്‍ന്നു. 
ബാബരി മസ്ജിദ് ധ്വംസനം, ജമാഅത്തെ ഇസ്ലാമി നിരോധനം തുടങ്ങി മുസ്ലിം സമൂഹവും ഇസ്ലാമിക പ്രസ്ഥാനവും നേരിട്ട പ്രതിസന്ധികളുടെ നാളുകളില്‍ ജമാഅത്ത് അമീറായിരുന്ന അദ്ദേഹം പരീക്ഷണങ്ങളും വെല്ലുവിളികളും നിറഞ്ഞ ഇത്തരം സന്ദര്‍ഭങ്ങളെ ഏറെ പക്വവും ധീരവുമായാണ് അഭിമുഖീകരിച്ചത്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ, ബാബരി മസ്ജിദ് കോഡിനേഷന്‍ കമ്മിറ്റി തുടങ്ങി മുസ്ലിം കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിലും അവ നല്ല നിലയില്‍ നടത്തിക്കൊണ്ടു പോകുന്നതിലും ധിഷണാപരവും നേതൃപരവുമായ പങ്ക് വഹിച്ച വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുകയും അവരെ ഒരു പ്ലാറ്റ്ഫോമില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്നതില്‍ ഏറെ സംഭാവനകളര്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നത് ഈ സന്ദര്‍ഭത്തില്‍ സമരണീയമാണ്.
രാജ്യനിവാസികള്‍ക്കിടയില്‍ ഇസ്ലാമിന്റെ യഥാര്‍ഥ സന്ദേശം എത്തിച്ചുകൊടുക്കുകയും ഇസ്‌ലാമിനെയും മുസ്ലിം സമുദായത്തെയും പറ്റി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും ചെയ്യുന്നതിനായി വലിയ ചുവടുവെപ്പുകള്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ നടത്തിയിട്ടുണ്ട്. വിവിധ മത നേതാക്കളുമായി അടുത്ത ബന്ധമാണ് സിറാജുല്‍ ഹസന്‍ സാഹിബിന് ഉണ്ടായിരുന്നത്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ധാര്‍മിക് ജന്‍ മോര്‍ച്ച എന്ന പേരില്‍ മതസൗഹാര്‍ദ കൂട്ടായ്മ രൂപീകരിച്ചത്. രാജ്യത്ത് മത സൗഹാര്‍ദത്തിന് വലിയ തോതില്‍ ഉലച്ചിലുണ്ടായ സന്ദര്‍ഭത്തില്‍  മുഴുവന്‍ മതവിഭാഗങ്ങളെയും ഈ വേദിയില്‍ ഒരുമിച്ചിരുത്താനും അതുവഴി പലവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും സാധിച്ചു എന്നതും ശ്രദ്ധേയമാണ്.
കേരളവുമായി വളരെ നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്റേത്. 1998-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ ഹിറാ സമ്മേളനത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രഭാഷണവും സമ്പര്‍ക്കവും ഇസ്ലാമിക പ്രവര്‍ത്തകര്‍ ഹൃദയവികാരമായി ഇന്നും താലോലിക്കുന്നുണ്ട്.
'വിശ്വാസികളായവരില്‍, അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ യാഥാര്‍ഥ്യമാക്കിക്കാണിച്ച ചിലരുണ്ട്. ചിലര്‍ അവരുടെ നേര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. മറ്റു ചിലര്‍ അവസരം കാത്തിരിക്കുകയാകുന്നു. സ്വന്തം നിലപാടില്‍ അവര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല' (അല്‍ അഹ്സാബ്: 23).
നാഥാ, ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും വേണ്ടി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ജീവിതം നീ സ്വീകരിക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നത പദവി നല്‍കി ആദരിക്കുകയും ചേയ്യേണമേ - ആമീന്‍. 

(സിറാജുല്‍ ഹസന്‍ സാഹിബിനെക്കുറിച്ചുള്ള കൂടുതല്‍ അനുസ്മരണ ലേഖനങ്ങള്‍ അടുത്ത ലക്കത്തില്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്