മഹാമാരിയും പുനരാലോചനകളും
'ഇതിലൊക്കെയും സൂക്ഷ്മ വിചിന്തനം ചെയ്യുന്നവര്‍ക്ക് മഹാ ദൃഷ്ടാന്തങ്ങളുണ്ട്. (സംഭവം നടന്ന പ്രദേശം) ജനനിബിഡ പാതയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ക്കതില്‍ അറിവ് പകരുന്ന അടയാളങ്ങളുണ്ട്'' (അല്‍ഹിജ്ര്‍: 75-77).
നാം ഇപ്പോള്‍ കടന്നുപോകുന്നതു പോലുള്ള ഒരു സന്ദര്‍ഭം മനുഷ്യചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. മനുഷ്യവാസമുള്ള പ്രദേശങ്ങളൊക്കെയും ഒരേസമയം ഒന്നിച്ച് ഇതേപോലെ സ്തംഭിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. മനുഷ്യന്‍ ഇത്രയധികം പേടിച്ചരണ്ടുപോയ മറ്റൊരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല. വന്‍ നാശങ്ങള്‍ വരുത്തിവെച്ച രണ്ട് വലിയ ലോകയുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അന്നൊക്കെ ശത്രുവിനെ പേടിച്ചാല്‍ മതിയായിരുന്നു. ഇന്ന് മനുഷ്യന്‍ തൊട്ടടുത്ത് നില്‍ക്കുന്ന എല്ലാവരെയും പേടിക്കുകയാണ്. ശാസ്ത്ര - സാങ്കേതികരംഗം ഇത്രയധികം മുന്നോട്ടു പോയ ഈ കാലത്തും ലോകരക്ഷിതാവിന്റെ ഒരു പരീക്ഷണത്തിനു മുമ്പില്‍ മനുഷ്യകുലം എത്രമാത്രം നിസ്സഹായമാണന്ന് നോക്കൂ. അതിനാല്‍, ഖുര്‍ആന്‍ പറഞ്ഞതു പോലെ, ചിന്തിക്കുന്ന മനുഷ്യരേ, പാഠങ്ങള്‍ ഉള്‍ക്കൊള്ളൂ.
നമ്മുടെ മുമ്പില്‍ അരങ്ങേറുന്നത് ഒരു മഹാ സംഭവമാണ്. അതിന്റെ വ്യാപ്തിയും വലുപ്പവും എത്രത്തോളമുണ്ടെന്ന് ചോദിച്ചാല്‍, കൊറോണാനന്തര ലോകം മുമ്പത്തെ ലോകമായിരിക്കില്ല. നിലനില്‍ക്കുന്ന സകലതിനെയും അത് മാറ്റിമറിക്കും. ജീവിതത്തിന്റെ സകല തുറകളെയും അത് അഗാധമായി സ്വാധീനിക്കും. ഒരു പുതിയ ലോകമാണ് വരാനിരിക്കുന്നത്. അത് എങ്ങനെയുള്ളതായിരിക്കും? ഇത് മൊത്തം മനുഷ്യസമൂഹത്തിനും നല്‍കുന്ന പാഠങ്ങള്‍ എന്തൊക്കെയാണ്? ഏതൊക്കെ വിഷയങ്ങളിലേക്കാണ് നാം മനുഷ്യസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കേണ്ടത്? ഈ വിഷയം മറ്റൊരു സന്ദര്‍ഭത്തില്‍ സവിസ്തരം പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഈ മഹാമാരി മുസ്ലിം സമൂഹത്തിന് നല്‍കുന്ന പാഠങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ആപത്തുകള്‍ പലപ്പോഴും ഉണര്‍ത്തലോ മുന്നറിയിപ്പോ ആണ്. 'തങ്ങള്‍ ഓരോ വര്‍ഷവും ഒന്നോ രണ്ടോ തവണ പരീക്ഷിക്കപ്പെടുന്നത് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ തെറ്റുതിരുത്തി മടങ്ങുന്നില്ല; പാഠമുള്‍ക്കൊള്ളുന്നുമില്ല' (ഖുര്‍ആന്‍- 9:126). ഈ മഹാമാരി കൊണ്ട് അല്ലാഹു എന്ത് ഉദ്ദേശിക്കുന്നു എന്ന് നമുക്കറിയില്ല. അതൊരു കടുത്ത താക്കീതാണ് എന്ന കാര്യത്തില്‍ നമുക്ക് സംശയവുമില്ല. തെറ്റുകള്‍ തിരുത്തി അല്ലാഹുവിലേക്ക് മടങ്ങേണ്ട സന്ദര്‍ഭമാണിത്. ആ തെറ്റുതിരുത്തല്‍ വ്യക്തിപരമായി നടത്തണം, സാമൂഹികമായും നടത്തണം. ഖുര്‍ആനിലെ നൂഹ് അധ്യായത്തില്‍ സൂചിപ്പിച്ചതു പോലെ, അല്ലാഹു ധാരാളമായി മഴ (അനുഗ്രഹങ്ങള്‍) വര്‍ഷിപ്പിച്ചു തരുന്നതും നിങ്ങളുടെ ശക്തി പതിന്മടങ്ങ് വര്‍ധിപ്പിച്ചു തരുന്നതും നിങ്ങള്‍ തെറ്റ് തിരുത്താന്‍ തയാറാകുമ്പോഴാണ്. ഈയൊരു കാര്യം നമ്മുടെ സവിശേഷ ചിന്തക്കും ആലോചനക്കും വിഷയമാവണം. ഈയൊരു പുനരാലോചനക്ക് മുസ്ലിം സമൂഹം തയാറായാല്‍ നിലനിര്‍ത്തിപ്പോരുന്ന പല നിലപാടുകളും തിരുത്താന്‍ അവര്‍ തയാറാകും.
ഇതു പോലുള്ള സാമൂഹിക വിപത്തുകള്‍ ഉണ്ടാകുമ്പോഴാണ് സമൂഹത്തിന്റെ നന്മകളും തിന്മകളും നമുക്ക് തെളിഞ്ഞു കിട്ടുക. നാം രക്തം ലാബിലേക്ക് ടെസ്റ്റിന് അയക്കുമ്പോള്‍ മാത്രമാണ്, ഇന്നയിന്നതൊക്കെ പോസിറ്റീവാണ്, ഇന്നയിന്നതൊക്കെ നെഗറ്റീവാണ് എന്ന വിവരം ലഭിക്കുക. കോവിഡ് - 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യദിനങ്ങളില്‍ തന്നെ ഈ പരിശോധനാ ഫലങ്ങളില്‍ പോസിറ്റീവും നെഗറ്റീവും നാം കാണുകയുണ്ടായി. സാമൂഹികമായി നിര്‍വഹിക്കപ്പെടുന്ന ഇസ്ലാമിലെ അനുഷ്ഠാനകര്‍മങ്ങളോട് എത്ര ആഴത്തിലുള്ള ആത്മബന്ധമാണ് മുസ്ലിം സമുദായത്തിനുള്ളതെന്ന് നമുക്ക് ബോധ്യമായി. ഇവിടെ ദല്‍ഹിയിലെ ജമാഅത്തെ ഇസ്ലാമി കേന്ദ്രത്തിലുള്ള പള്ളിയുടെ ഗേറ്റിനു പുറത്ത് നിര്‍ദേശങ്ങളടങ്ങിയ നോട്ടീസുകള്‍ പതിച്ചിട്ടും ഓരോ നമസ്‌കാരത്തിന്റെ സമയമാകുമ്പോഴും ആളുകള്‍ വന്നു അന്വേഷിച്ചുകൊണ്ടിരിക്കും. ഈയൊരു ദീനീബോധവും നിഷ്ഠയും വേണ്ട രീതിയില്‍ വളര്‍ത്തിയെടുക്കാനായാല്‍ അത് സമുദായത്തിന് വലിയൊരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും. എന്നാല്‍, ആ ദീനീബോധത്തെ ഇസ്ലാമിക ശരീഅത്ത് ഉദ്ദേശിക്കുംവിധം ക്രിയാത്മകമായി സംസ്‌കരിച്ചെടുക്കാന്‍ സമുദായത്തിനായിട്ടില്ലെന്നും പരിശോധനാ ഫലങ്ങളില്‍നിന്ന് വ്യക്തമായി. അങ്ങനെയെങ്കില്‍ അത് സമുദായ പുരോഗതിക്ക് ഗുണം ചെയ്യില്ല; എന്നല്ല പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അല്ലാഹുവിന് സര്‍വാത്മനാ വഴിപ്പെടുക എന്നതാണ് ഇസ്ലാമിക ശരീഅത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അന്തസ്സത്ത. ഈയൊരു വശം അവഗണിച്ച് അനുഷ്ഠാനങ്ങളെ കേവലം അനുഷ്ഠാനങ്ങളായി കണ്ടാല്‍ യഥാര്‍ഥ ചൈതന്യം അവയില്‍നിന്ന് ചോര്‍ന്നുപോകും. അനുഷ്ഠാനങ്ങളുടെ അസ്ഥിപഞ്ജരം മാത്രമാവും പിന്നെ ബാക്കിയാവുക. ഇസ്ലാമിലെ മഹത്തായ അനുഷ്ഠാന കര്‍മമാണ് നമസ്‌കാരം. പക്ഷേയത് സൂര്യന്‍ ഉദിക്കുന്ന വേളയിലും അസ്തമിക്കുന്ന വേളയിലും നിര്‍വഹിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു പ്രധാന അനുഷ്ഠാനമായ നോമ്പ് വര്‍ഷത്തില്‍ അഞ്ച് ദിവസം അനുഷ്ഠിക്കരുതെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. മറ്റു അനുഷ്ഠാനങ്ങള്‍ പരിശോധിച്ചാലും ചില സന്ദര്‍ഭങ്ങളില്‍ ഇതു പോലുള്ള വിലക്കുകള്‍ കാണാം. അപ്പോള്‍ അനുഷ്ഠാനങ്ങള്‍ അനുഷ്ഠാനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല. അല്ലാഹുവിനോടുള്ള വിധേയത്വവും റസൂലിനോടുള്ള അനുസരണവുമാണ് അവയുടെയെല്ലാം ആത്മാവ്. ഓരോ മനുഷ്യജീവനും എന്തു വിലകൊടുത്തും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇസ്ലാം. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ വളരെയേറെ പഠനങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം, കൊറോണാ വൈറസ് അപായകരമാംവിധം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വീട്ടില്‍ വെച്ച് നമസ്‌കരിക്കണം എന്ന് അഭ്യര്‍ഥിച്ചത്. പക്ഷേ തുടക്കത്തില്‍ പൊതുജനങ്ങളില്‍ പലരും ഈ നിര്‍ദേശം ചെവിക്കൊള്ളാന്‍ തയാറായില്ല. തീര്‍ച്ചയായും ഇത് ദീന്‍ മനസ്സിലാക്കിയതില്‍ വന്ന തകരാറാണ്. അതേസമയം, മുസ്ലിം പണ്ഡിതന്മാര്‍ സന്ദര്‍ഭത്തിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കി പളളികളില്‍ ജുമുഅയും ജമാഅത്തും നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് തീര്‍ത്തും അസാധാരണമായ തീരുമാനമാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ മുമ്പില്‍ വെച്ച് ഇജ്തിഹാദ് ചെയ്യുന്നതിനു പകരം അവര്‍ പഴയ കിതാബുകള്‍ തേടിപ്പോയിരുന്നെങ്കില്‍ അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാകുമായിരുന്നു. ഈ ഫലം തീര്‍ത്തും പോസിറ്റീവ് ആണെന്ന് പറയേണ്ടിയിരിക്കുന്നു. കൊറോണയില്‍നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താനാണ് അടിയന്തരമായി ഈ നിലപാട് എടുത്തതെങ്കിലും ഈ ഇജ്തിഹാദീ മനസ്സ് കൊറോണാനന്തര കാലത്തും കാത്തുസൂക്ഷിക്കാനായാല്‍ സമുദായത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അത് വലിയ മുതല്‍ക്കൂട്ടായിത്തീരും.
സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം ശാസ്ത്രബോധത്തെക്കുറിച്ചാണ്. സ്ഥിരതയും കൃത്യതയുമുള്ള പ്രകൃതിനിയമങ്ങള്‍ പഠിക്കാനും കണ്ടെത്താനുമുള്ള ശ്രമമാണ് ശാസ്ത്രം. ഇതിനെയാണ് ഖുര്‍ആന്‍ സുന്നത്തുല്ലാഹ്/അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ എന്ന് വിളിക്കുന്നത്. ആ നടപടിക്രമങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകില്ല എന്നും പിന്നീട് വ്യക്തമാക്കുന്നു. ഖുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ ചിന്തിക്കാനും ബുദ്ധി പ്രയോഗിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. പക്ഷേ, മനുഷ്യസമൂഹം വലിയൊരു പ്രതിസന്ധിക്ക് മുഖാമുഖം നില്‍ക്കുന്ന ഈയൊരു ഘട്ടത്തില്‍, വിവരമുള്ള ആളുകളില്‍നിന്നു തന്നെ സാമാന്യയുക്തിക്കും ബുദ്ധിക്കും നിരക്കാത്ത വര്‍ത്തമാനങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഖുര്‍ആന്റെ നേരത്തേപ്പറഞ്ഞ ഉദ്ബോധനങ്ങളാണ് അവരെ ഓര്‍മിപ്പിക്കാനുള്ളത്. ആ ഉദ്ബോധനങ്ങളാല്‍ പ്രചോദിതരായി ശാസ്ത്ര മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് മുസ്ലിം സമൂഹം. ആ മാതൃക പിന്‍പറ്റി ഈ മഹാമാരിയെ ചെറുക്കാന്‍ നമുക്കെന്ത് ചെയ്യാനാവും എന്നാണ് ആലോചിക്കേണ്ടത്.
പഴയ രീതികളില്‍ തന്നെ (Statusquo) പിടിച്ചുതൂങ്ങുന്നതിനു പകരം നിലപാടുകള്‍ പരിഷ്‌കരിക്കാനും തിരുത്താനും നാം തയാറാകണം എന്നതാണ് ഓര്‍മപ്പെടുത്താനുള്ള മറ്റൊരു കാര്യം. തിരുത്തലുകള്‍ വരുത്തി ഏറ്റവും ശരിയായ വഴിയിലേക്ക് തിരിച്ചെത്തുന്നതിന് ഖുര്‍ആന്‍ പ്രയോഗിക്കുന്ന വാക്ക് തൗബ എന്നാണ്. ഏതൊരു സമൂഹത്തിന്റെയും പുരോഗതിക്കുള്ള അടിസ്ഥാനോപാധികളിലൊന്നായാണ് ഖുര്‍ആന്‍ അതിനെ എണ്ണുന്നത്. മറ്റൊരു വാക്കില്‍ 'മാറാനുള്ള സന്നദ്ധത' (Changeability) ആണ് തൗബ. സഞ്ചാരപഥം ശരിയല്ലെന്നു ബോധ്യപ്പെട്ടാല്‍ ആ നിമിഷം ആ വഴി ഉപേക്ഷിക്കണം. മദീനയുടെ ചരിത്രത്തില്‍നിന്ന് ഇതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെടുക്കാനാവും. മദ്യം നിരോധിച്ചുകൊണ്ടുള്ള ഖുര്‍ആനിക സൂക്തം അവതരിച്ച ആ നിമിഷം സൂക്ഷിച്ചുവെച്ചിരുന്ന മദ്യസംഭരണികളെല്ലാം വിശ്വാസിസമൂഹം ഒഴുക്കിക്കളഞ്ഞു. ഇതാണ് മാറാനുള്ള സന്നദ്ധത. വിവാഹത്തിലെ ധൂര്‍ത്ത് ഒട്ടും ശരിയല്ലെന്ന് നമുക്ക് ബോധ്യമുണ്ട്. പക്ഷേ മാറ്റം ഉണ്ടാവുന്നില്ല; അത്യന്തം പ്രതിസന്ധി നിറഞ്ഞ ഇത്തരം ഘട്ടങ്ങളിലും.
പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ വ്യവസ്ഥാപിതമായ, കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവണം. ഇതാണ് ഈ മഹാമാരി നല്‍കുന്ന മറ്റൊരു പ്രധാന പാഠം. നൈപുണികള്‍ ആര്‍ജിക്കുക, അവ ആര്‍ജിച്ചവരെ ഒരിടത്ത് വിളിച്ചു വരുത്തുക, കൃത്യമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കുക, വേണ്ട മാറ്റങ്ങള്‍ ഉടനുടന്‍ വരുത്തിക്കൊണ്ടിരിക്കുക, അതിനനുസരിച്ച് ഏറ്റവും മികച്ച സ്ട്രാറ്റജി രൂപപ്പെടുത്തുക, ആ മാര്‍ഗത്തില്‍ ജീവന്‍ ത്യജിച്ചും അര്‍പ്പണത്തിന് തയാറാവുക. ഏതൊരു പ്രതിസന്ധിയെയും വിജയകരമായി തരണം ചെയ്യാന്‍ ഇതെല്ലാം അനിവാര്യമായി വരും.
ലോകത്ത് മുസ്ലിം സമൂഹം ഒരു ദൗത്യത്തിന്റെ വാഹകരാണ്. പല തരം വൈറസുകളെ ഉന്മൂലനം ചെയ്യേണ്ടവരാണവര്‍. ഫാഷിസത്തിന്റെയും അതിക്രമങ്ങളുടെയും വംശഹത്യകളുടെയും വൈറസുകള്‍. അധാര്‍മികതയുടെയും ലൈംഗിക അരാജകത്വത്തിന്റെയും വൈറസുകള്‍. പ്രസംഗിച്ച് നടന്നതുകൊണ്ട് ഈ വൈറസുകളെ ഉന്മൂലനം ചെയ്യാനാവുമോ? കൊറോണാ വൈറസിനെ നേരിടാന്‍ പഴയ മൈക്രോബയോളജി കൃതികള്‍ പഠിച്ച് തെരുവ് തെരുവാന്തരം പ്രസംഗിച്ച് നടന്നതുകൊണ്ട് വല്ല കാര്യവുമുണ്ടോ?
ഇത് പുനരാലോചനകളുടെ സമയമാണ്. ഈ മഹാമാരി മനുഷ്യന്‍ എത്ര നിസ്സഹായനാണെന്ന് കാണിച്ചുതരുന്നു. തെറ്റ് തിരുത്താനും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനുമുള്ള അവസരമായി ഇതിനെ കാണണം. സ്വയം മാറ്റത്തിന് സന്നദ്ധരായി, ശക്തിയും കരുത്തും ആര്‍ജിച്ച് മുന്നോട്ടു പോകാന്‍ ലോകരക്ഷിതാവ് നമ്മെ അനുഗ്രഹിക്കട്ടെ.
Comments