Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

കോവിഡിനെ ഇന്ത്യ കരുതിയിരുന്നോ?

എ. റശീദുദ്ദീന്‍

2019 ഡിസംബര്‍ 31-നാണ് ചൈനയിലെ വുഹാന്‍ നഗരത്തില്‍നിന്ന് ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു പുതിയ തരം വൈറസ് പ്രത്യക്ഷപ്പെട്ടതായ വാര്‍ത്തകള്‍ ലോകാരോഗ്യ സംഘടന മറ്റു രാജ്യങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. ലഭ്യമായിടത്തോളം സൂചനകളനുസരിച്ച് അതിനും ഒന്നോ രണ്ടോ മാസങ്ങള്‍ക്കു മുമ്പേ തന്നെ ഈ രോഗം ചൈനയില്‍ മരണം വിതച്ചുതുടങ്ങിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് വരുന്നതിനും മുമ്പെയുള്ള ഈ അസാധാരണ മരണങ്ങളുടെ കണക്കുകള്‍ പക്ഷേ ചൈനയിലും രേഖപ്പെടുത്തിയിരുന്നില്ല. മാത്രമല്ല, രോഗം വുഹാനില്‍ തന്നെയാണോ ആരംഭിച്ചതെന്ന സംശയവും ബാക്കിയുണ്ട്. ജനുവരി മുതല്‍ക്കിങ്ങോട്ട് വുഹാനില്‍നിന്നാണ് രോഗം സാര്‍വത്രികമായി പ്രത്യക്ഷപ്പെട്ടത്. ആദ്യം കൊറോണയെന്നും പിന്നീട് കോവിഡ് 19 എന്നും പേരിട്ട ഈ വൈറസ് ലോകത്തുടനീളം വ്യാപിക്കുന്നതിനെ കുറിച്ച വാര്‍ത്തകളായിരുന്നു പിന്നീട് കേള്‍ക്കാനുണ്ടായിരുന്നത്. ജനുവരി 21-ഓടെ ലോകാരോഗ്യ സംഘടനയുടെ പസിഫിക് ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ രോഗം മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പടരുന്ന ഒന്നാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതുവരെയും വുഹാനിലെ പക്ഷി മാര്‍ക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു സംശയങ്ങള്‍.
2002-ല്‍ ചൈനയില്‍ തന്നെ പ്രത്യക്ഷപ്പെട്ട, പിന്നീട് നിരവധി രാജ്യങ്ങളിലേക്ക് പടര്‍ന്ന സാര്‍സ് വൈറസിന്റെ അതേ കുടുംബത്തില്‍നിന്നാണ് കൊറോണയുടെയും വരവ്. മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയുമൊക്കെ ഇത് ബാധിക്കുന്നുണ്ട്. സുഊദി അറേബ്യ ഉള്‍പ്പെടെ 26-ഓളം രാജ്യങ്ങളെ അക്കാലത്ത് സാര്‍സ് എന്ന പേരില്‍ അറിയപ്പെട്ട ഈ പക്ഷിപ്പനി ബാധിച്ചിരുന്നു. 774 പേരാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം സാര്‍സ് രോഗത്തിന്റെ ഇരകളായി മരിച്ചത്. ജനുവരി ഏഴിന് പുതിയ വൈറസിന്റെ ജനതക ഘടന ചൈന പുറത്തുവിട്ടു. അന്ന് ഈ വൈറസിനെ ലോകം വിളിച്ചത് സാര്‍സ് കോവിഡ് 2 എന്നായിരുന്നു. വവ്വാലുകളില്‍ കാണപ്പെടുന്ന ഒരുതരം വൈറസുമായി 96 ശതമാനം സാമ്യതയുള്ളതാണിതെന്ന് വുഹാന്‍ വൈറോളജി ലാബ് പുറത്തുവിട്ട പ്രബന്ധം ചൂണ്ടിക്കാട്ടി. ഈ സാമ്യതയുമായി ബന്ധപ്പെട്ട കണക്കുകളില്‍ പിന്നീട് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും കൊറോണ കുടുംബത്തിന്റെ ജനിതക പാരമ്പര്യം വലിയൊരളവോളം കാത്തു സൂക്ഷിച്ച വൈറസായിരുന്നു കോവിഡ് 19-ഉം. 1953 മുതല്‍ ലോകത്ത് ഈ ഇനത്തില്‍പെട്ട എട്ട് വൈറസുകളെയെങ്കിലും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതെഴുതുന്ന ഏപ്രില്‍ 1 വരെയുള്ള കണക്കനുസരിച്ച് ചൈനയില്‍ 82,308 പേര്‍ക്ക് കോവിഡ് ബാധ ഉണ്ടാവുകയും 3,316 പേര്‍ മരണമടയുകയും ചെയ്തു. ഈ കണക്കുകള്‍ ഔദ്യോഗികം മാത്രമാണെന്നും കോവിഡ് വൈറസ് സ്ഥിരീകരിക്കപ്പെടുന്നതിന്റെ മുമ്പുള്ളവരുടെയും ചൈനീസ് ഗവണ്‍മെന്റ് രോഗം സ്ഥിരീകരിക്കാതെ മരിച്ചവരുടെയും കണക്കുകള്‍ ഈ പട്ടികയില്‍ പെട്ടിട്ടില്ലെന്നും വിമര്‍ശനമുണ്ട്. 2,16,154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയാണ് ഏറ്റവുമൊടുവില്‍ പട്ടികയില്‍ മുമ്പിലുള്ളത്. 5,115 പേര്‍ ഇതുവരെ രോഗത്തിന് കീഴടങ്ങി മരിച്ചതായും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താരതമ്യേന അമേരിക്കയിലേതിനേക്കാള്‍ പകുതി ആളുകള്‍ക്ക് രോഗം ബാധിച്ച ഇറ്റലിയില്‍ 13,155 പേരാണ് ഇതിനകം മരിച്ചത്. സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറാന്‍ പോലുളള രാജ്യങ്ങളും തൊട്ടുപുറകെയുണ്ട്. ആഗോളതലത്തില്‍ 9,35,817 പേര്‍ക്കാണ് ഇതെഴുതുന്ന ദിവസം രോഗബാധയുള്ളത്. ഒരു ദശലക്ഷം ജനങ്ങളില്‍ കഷ്ടിച്ച് 133 പേരാണ് വൈറസ് ബാധയേറ്റവര്‍. 1,93,700 പേര്‍ രോഗവിമുക്തി നേടി ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോള്‍ 47,208 പേര്‍ക്ക് വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധമൂലം ജീവന്‍ നഷ്ടമായി.

ഇന്ത്യയിലെ കോവിഡ് ബാധ

ഇതുവരെയുള്ള കണക്കുകളനുസരിച്ച് ദശലക്ഷത്തില്‍ നാമമാത്രമായ ആളുകളെ മാത്രമാണ് ഇന്ത്യയില്‍ ഈ രോഗം ബാധിച്ചിട്ടുള്ളത്. ഇതെഴുതുമ്പോഴുള്ള ഔദ്യോഗിക കണക്കനുസരിച്ച് 1834 പേര്‍ക്കു മാത്രമേ രോഗബാധയുള്ളൂ. അതായത് ഒരു ദശലക്ഷത്തില്‍ വെറും 1.35 പേര്‍ക്കു മാത്രം. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ആഗോള ശരാശരിയുടെ എത്രയോ താഴെയാണ് ഇപ്പോഴും കോവിഡ് ബാധിതരുടെ എണ്ണം. ഇതെഴുതുന്നതു വരെ 41 മരണങ്ങളാണ് ഇന്ത്യയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും. വിദേശ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ വിലക്കിയും രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുമൊക്കെ കോവിഡ് ബാധയുടെ ആഘാതം കുറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതാണ് രോഗബാധിതരുടെ എണ്ണം കുറക്കാന്‍ ഇന്ത്യയെ സഹായിച്ചത്. അതേസമയം രോഗബാധിതരുടെ എണ്ണവും അത് വര്‍ധിക്കുന്ന തോതും കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള സാഹചര്യങ്ങളെ ഒട്ടും ആശാവഹമെന്ന് പറയാനും നമുക്ക് കഴിയില്ല. മാര്‍ച്ച് 23-ന് രാത്രി പ്രധാനമന്ത്രി രാജ്യത്തുടനീളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ചക്കകം ഇരട്ടിയിലേറെയാണ് കേസുകളില്‍ വര്‍ധനവ് ഉണ്ടായത്. പത്ത് വ്യത്യസ്ത പ്രദേശങ്ങളെയും നഗരങ്ങളെയും റെഡ് സോണുകളായി ഇന്ത്യയില്‍ പ്രഖ്യാപിക്കേണ്ടിയും വന്നു. റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച സ്ഥലത്തേക്കോ പുറത്തേക്കോ ആളുകള്‍ സഞ്ചരിക്കരുതെന്നാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ പാലിക്കപ്പെടുന്ന ചട്ടം.
കണക്കുകളില്‍ മാത്രമാണ് നമുക്ക് ആശ്വാസം കാണാനാവുക. രോഗത്തെ കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലുമൊക്കെ വലിയൊരളവില്‍ ദൈവസഹായം മാത്രമാണ് ഇന്ത്യയില്‍ ഉള്ളതും ഇതുവരെ ഉണ്ടായിരുന്നതും. ഇത്തരമൊരു മഹാമാരിയെ കുറിച്ച മുന്‍കരുതലുകള്‍ ഫെബ്രുവരി മുതല്‍ക്കു തന്നെ ആരംഭിക്കേണ്ടിയിരുന്ന രാജ്യം മാര്‍ച്ച് മാസത്തിന്റെ പകുതിക്കു ശേഷമാണ് ഉണര്‍ന്നെഴുന്നേറ്റത്. ജനതാ കര്‍ഫ്യൂവും ലോക്ക് ഡൗണുമൊക്കെ വരുന്നതുവരെ ഉണ്ടായിരുന്ന രോഗികളുടെ എണ്ണം സ്വാഭാവികമായും എത്തേണ്ടിയിരുന്ന അതിഭീമമായ അവസ്ഥയിലേക്ക് കുതിച്ചുയരുന്നത് തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു എന്നു മാത്രമേയുള്ളൂ. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഇനി വരാനുള്ള ഏപ്രില്‍, മെയ് മാസങ്ങളാണ് കൂടുതല്‍ പ്രധാനം. ഓരോ പതിനാല് ദിവസങ്ങള്‍ക്കിടയിലാണ് അടുത്ത രോഗിയിലേക്കുള്ള വൈറസിന്റെ കടന്നുകയറ്റം പുറത്തറിയുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതു പ്രകാരം ഇപ്പോള്‍ രാജ്യത്തുളള രോഗികളില്‍നിന്നും ശരാശരി രണ്ടോ മൂന്നോ പേരിലേക്കെങ്കിലും രോഗം പടര്‍ന്നിട്ടുണ്ടെങ്കില്‍ തന്നെയും തികച്ചും അപകടകരമായ കണക്കുകളാണ് വരും ദിവസങ്ങളില്‍ ഇന്ത്യയെ കാത്തു നില്‍ക്കുന്നത്.
സമൂഹവ്യാപനത്തിലേക്ക് കടന്നാല്‍ കോവിഡിനെ നേരിടുക ഇന്ത്യക്ക് ഒട്ടും എളുപ്പമായിരിക്കില്ല. കേരളത്തിലെ പോലെ വ്യവസ്ഥാപിത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മിക്ക സംസ്ഥാനങ്ങളിലുമില്ല. വെന്റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രികള്‍ കേരളത്തിനു പുറത്ത് വന്‍നഗരങ്ങളില്‍ മാത്രമേ പൊതുവെ കാണാനാവൂ. 28,000 രോഗികള്‍ക്ക് ഒരു വെന്റിലേറ്റര്‍ വീതമാണ് രാജ്യത്തെ കണക്ക്. രോഗനിര്‍ണയത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകള്‍ അതിലേറെ സംശയാസ്പദമായ സാഹചര്യമാണ് രാജ്യത്തുള്ളത്. അമേരിക്കന്‍ അംഗീകാരമുള്ള ടെസ്റ്റ് കിറ്റുകള്‍ക്ക് മാത്രം അംഗീകാരം നല്‍കി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഉദാഹരണം. ഇന്ത്യയില്‍ അത്തരമൊരു കിറ്റ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത് ഗുജറാത്തിലുള്ള ഒരേയൊരു കമ്പനിയാണ്. അസാധാരണമാംവിധം വിലക്കൂടുതലുള്ള ഈ കിറ്റ് ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തുക എളുപ്പമായിരിക്കില്ല. അതേസമയം രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നിരവധി വിലകുറഞ്ഞ പരിശോധനാ കിറ്റുകള്‍ ലഭ്യമായിരിക്കെ, ദുരന്തം ഇന്ത്യയെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയ മാര്‍ച്ച് 24 വരെയും ഈ ഒറ്റ പരിശോധനാ മാര്‍ഗമായിരുന്നു കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പട്ടികയില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ കിറ്റിന്റെ ലഭ്യതക്കുറവും അതിനായി സ്വകാര്യമേഖലയില്‍ ചെലവാക്കേണ്ടി വരുന്ന 4500 മുതല്‍ക്ക് മുകളിലേക്കുള്ള ഫീസുമൊക്കെ ഫലത്തില്‍ ഇന്ത്യയിലെ രോഗപരിശോധനയെ ബാധിക്കുകയുണ്ടായി. ഒരു ദശലക്ഷത്തില്‍ 12700 പേരുടെ കോവിഡ് ടെസ്റ്റുകള്‍ യു.എ.ഇയില്‍ നടന്നപ്പോള്‍ ഇന്ത്യയുടെ കണക്ക് ദശലക്ഷത്തില്‍ 10 പേരിലേക്ക് ചുരുങ്ങി. രോഗബാധ യഥാസമയം കണ്ടെത്തുന്നതില്‍ ആദ്യഘട്ടത്തില്‍ വീഴ്ച പറ്റിയോ എന്ന ചോദ്യത്തിനുള്ള ഉത്തരവും അടുത്ത രണ്ട് മാസക്കാലയളവിലാണ് ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്നത്.

ഇന്ത്യ ജാഗ്രത പുലര്‍ത്തിയിരുന്നോ?

ഒറ്റ വാക്കില്‍ ഇല്ലെന്നാണ് ഉത്തരം. മാര്‍ച്ച് 24-ാം തീയതി വരെയും ഇന്ത്യ വെന്റിലേറ്ററുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി നടത്തി വിദേശനാണ്യം നേടുന്ന തിരക്കിലായിരുന്നു. സ്വന്തം നാട്ടില്‍ കനത്ത ക്ഷാമം അനുഭവപ്പെട്ടിട്ടും മുഖം മറക്കുന്ന മാസ്‌ക്കുകളും നമ്മള്‍ വിദേശരാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തി. വിദേശങ്ങളില്‍നിന്ന് ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് വരുന്നതിന് പ്രത്യേകിച്ചൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. കേരളം പോലുളള സംസ്ഥാനങ്ങള്‍ വിമാനത്താവളങ്ങളില്‍ പുലര്‍ത്തിയ  മിനിമം ജാഗ്രത പോലും ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. മലേഷ്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ മുതലായ രാജ്യങ്ങളില്‍നിന്നൊക്കെ ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചുകൊണ്ടേയിരുന്നു.
കാര്യങ്ങള്‍ നിയന്ത്രണം വിടുമെന്നായപ്പോള്‍ രാത്രി എട്ടു മണിക്ക് ജനതാ കര്‍ഫ്യൂവും തൊട്ടു പിന്നാലെ സമ്പൂര്‍ണ അടച്ചിടലുമൊക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. അവിടെയും മുന്നൊരുക്കത്തിന്റെ അഭാവം വല്ലാതെ മുഴച്ചുനിന്നു. മൂന്നാഴ്ചക്കാലം രാജ്യം അടച്ചിടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാരായ, നിത്യവൃത്തിക്കാരായ ആളുകളുടെ കാര്യം എന്തായിരിക്കുമെന്ന് ഗൗരവത്തോടെ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 15000 കോടിയാണ് കോവിഡിനെ നേരിടാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതായത് ആളൊന്നുക്ക് ഏതാണ്ട് 112 രൂപ. കോര്‍പറേറ്റ് സുഹൃത്തുക്കളെ കടക്കെണിയിലനിന്ന് രക്ഷിക്കാന്‍ 7.78 ലക്ഷം കോടി സഹായം പ്രഖ്യാപിച്ച മോദിയാണിതെന്നോര്‍ക്കണം. പാവങ്ങളെ അദ്ദേഹം പൂര്‍ണമായും മറന്നുവെന്നേ പറയാനാകൂ. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള അരിയും ധാന്യങ്ങളും സൂക്ഷിക്കുന്ന പതിവുള്ള സാധാരണക്കാര്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടി ലോക്ക് ഡൗണില്‍ പിടിച്ചുനിന്നിട്ടുണ്ടാവും. ഒടുവില്‍ വിശന്നു വലഞ്ഞ കുഞ്ഞുങ്ങളെയും കൊണ്ട് അവരുടെ മഹാ പലായനം ആരംഭിച്ചപ്പോഴാണ് പ്രജകളില്‍ ഇങ്ങനെയുമൊരു കൂട്ടരുണ്ടെന്നും അവര്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നുവെന്നും സര്‍ക്കാറുകള്‍ക്ക് തോന്നിത്തുടങ്ങിയത്. അപ്പോഴും ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന പദ്ധതികള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നത്. കഴിഞ്ഞ എത്രയോ  വര്‍ഷങ്ങളായി രാജ്യത്ത് 80 ലക്ഷത്തോളം റേഷന്‍ കാര്‍ഡുടമകള്‍ക്ക് 3 രൂപക്ക് അരിയും 2 രൂപക്ക് ഗോതമ്പും ഏഴ് കിലോ വീതം ആളൊന്നുക്ക് ലഭിക്കുന്നുണ്ട്. അതേ പദ്ധതിയെ പുതിയ ദുരിതാശ്വാസമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കി. ഇതിനായി ചെലവു വരുന്ന തുക അരിയുടെയും ഗോതമ്പിന്റെയും മാര്‍ക്കറ്റ് വിലയനുസരിച്ച് ഒരു ലക്ഷത്തി എഴുപതിനായിരം കോടിയെന്ന് പ്രകാശ് ജാവദേക്കര്‍ ഓര്‍മിപ്പിച്ചു.
അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഈ കോവിഡ് ലോകത്തുടനീളം പടര്‍ന്നു പിടിക്കുന്നുണ്ടായിരുന്നു എന്ന് മറക്കരുത്. ഈ മഹാമാരി രാജ്യത്തേക്ക് കടക്കുന്നുണ്ടെങ്കില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരുന്ന ഒരു മുന്‍കരുതലും ബജറ്റില്‍ കാണാനാവില്ല. ആരോഗ്യ മേഖലയില്‍ ഈ ബജറ്റില്‍ സര്‍ക്കാറിന്റെ വിഹിതങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവായിരുന്നു. പ്രധാനപ്പെട്ട ആശുപത്രികള്‍ക്ക് കോവിഡ് നേരിടാനായി എടുത്തു പറയാവുന്ന ഒരു വിഹിതവും ബജറ്റില്‍ ഉണ്ടായിരുന്നില്ല. ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് വെറും 0.1 ശതമാനമാണ് ബജറ്റിലുണ്ടായ വര്‍ധനവ്. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന മോദി സര്‍ക്കാര്‍ പദ്ധതികളിലൊന്നായ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജനയുടെ വിഹിതം മുന്‍ വര്‍ഷത്തെ 156-ല്‍നിന്ന് 29 കോടിയായി കുറഞ്ഞു. പരമ ദരിദ്ര വിഭാഗങ്ങളില്‍ പെടുന്നവരുടെ ചികിത്സക്കു വേണ്ടിയുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ തീര്‍ച്ചയായും കോവിഡിന്റെ പശ്ചാത്തലത്തില്‍ വിഹിതം വര്‍ധിപ്പിക്കണമായിരുന്നു. എല്ലാം പോകട്ടെ, പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് എന്‍.സി.ഡി.സിക്ക് അനുവദിക്കുന്ന തുകയിലെങ്കിലും വര്‍ധനവ് വേണ്ടിയിരുന്നില്ലേ? ഒരു രൂപ പോലും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കൂട്ടി നല്‍കിയിട്ടില്ല.
റിസര്‍വ് പണമെല്ലാം എടുത്ത് ദീപാളി കുളിച്ച ഒരു സര്‍ക്കാറിന് ചെയ്യുന്നതിന് പരിധികള്‍ ഉണ്ടെന്ന് മറക്കുന്നില്ല. പക്ഷേ ചെയ്യേണ്ടത് യഥാ സമയത്ത് ചെയ്യാതിരുന്നാലുണ്ടാകുന്ന ഭാവിയിലെ നഷ്ടം അവര്‍ കണക്കിലെടുത്തില്ല. ജനലക്ഷങ്ങളാണ് പട്ടിണി ഭയന്ന് രാജ്യ തലസ്ഥാനത്തു നിന്നു മാത്രം പലായനം ചെയ്തത്. അവരെ തടഞ്ഞുനിര്‍ത്താന്‍ മുന്‍കൂട്ടി ശ്രമിച്ചിരുന്നുവെങ്കില്‍ പിന്നീട് ഉണ്ടായേക്കാനിടയുള്ള രോഗബാധ സൃഷ്ടിക്കുന്ന കനത്ത സാമ്പത്തിക ബാധ്യതകളില്‍നിന്നും സര്‍ക്കാറിന് രക്ഷപ്പെടാമായിരുന്നു. എല്ലാ വന്‍ നഗരങ്ങളില്‍നിന്നും ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് ഇതുപോലെ ജനങ്ങള്‍ തിരിച്ചൊഴുകാനാരംഭിച്ചു. മറ്റൊരര്‍ഥത്തില്‍ കോവിഡ് സാമൂഹികമായി വ്യാപിക്കാനുള്ള എല്ലാ സാധ്യതകളെയും സജീവമാക്കുന്ന ഒന്നായിരുന്നു ഈ കൂട്ട പലായനം. ജനങ്ങള്‍ സാമൂഹികമായി അകലം പാലിക്കണമെന്ന് ഒരു ഭാഗത്ത് പറയുമ്പോള്‍ തന്നെ സര്‍ക്കാറിന്റെ മിക്ക നിര്‍ദേശങ്ങളും ജനങ്ങളെ സാമൂഹിക ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നവയായിരുന്നു. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച വേളയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനായി പ്രധാനമന്ത്രി നിര്‍ദേശിച്ച പാത്രം മുട്ടും കൈയടിയുമൊക്കെ വിപരീത ഫലങ്ങളാണ് ഇന്ത്യയിലുണ്ടാക്കിയത്. ബി.ജെ.പിയുടെ സ്വാധീന കേന്ദ്രങ്ങളിലൊക്കെ ജനങ്ങള്‍ തെരുവിലിറങ്ങി ഈ പാത്രം മുട്ടലിനെ ആഘോഷമാക്കി മാറ്റുന്നതായിരുന്നു രാജ്യം കണ്ടത്!

കോവിഡും വര്‍ഗീയതയും

ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത  1834  കോവിഡ് കേസുകളില്‍ വെറും 110 എണ്ണവുമായി ബന്ധപ്പെട്ട ഒരു വിവാദം ചര്‍ച്ചകളെ വഴിതെറ്റിക്കുന്നതിന് രാജ്യം ഇതിനിടയില്‍ സാക്ഷിയായി. തുടക്കത്തില്‍ കോവിഡിനെ ചൈനാ വൈറസ് എന്നു വിളിച്ചതു പോലെ മാര്‍ച്ച് അവസാന വാരം മുതല്‍ ഇന്ത്യയില്‍ ഇതിനെ ഒരു മതസംഘടനയുടെ പേരുമായും അവരുടെ ആസ്ഥാനവുമായും ചേര്‍ത്ത് ദേശീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പ്രചരിപ്പിക്കാനാരംഭിച്ചു. ഈ മതസംഘടനയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള ജാഗ്രതക്കുറവ് അവരുടെ അനുയായികളില്‍ രോഗം പടര്‍ത്താന്‍ ഇടയാക്കിയെന്നത് വസ്തുത ആണെങ്കിലും അതിന് മറ്റേതെങ്കിലും പ്രകാരത്തിലുള്ള ദുരുദ്ദേശ്യമോ അപകടകരമായ അജണ്ടകളോ ഉണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്തേക്ക് കോവിഡ് വന്നത് ഹസ്രത്ത് നിസാമുദ്ദീനിലെ ബംഗഌവാലി മസ്ജിദില്‍നിന്നോ മലേഷ്യയില്‍നിന്നോ ആയിരുന്നില്ല. 
പക്ഷേ കോവിഡ് കാലത്ത് പല രൂപത്തിലാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വര്‍ഗീയവും വംശീയവുമായ ദുസ്സൂചനകളോടെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. പാകിസ്താനില്‍ കോവിഡ് കാലത്തെ സൗജന്യ ഭക്ഷണ പദ്ധതിയില്‍നിന്നും ഹിന്ദുക്കളെ ഒഴിവാക്കുന്നുവെന്ന റിപ്പോര്‍ട്ട് ഉദാഹരണം. ഒറ്റപ്പെട്ട ഏതോ ഒരു കേസ് പൊക്കിയെടുത്ത് ദേശീയ മാധ്യമങ്ങള്‍ ഇതൊരു വലിയ വാര്‍ത്തയായി പടച്ചുവിടുമ്പോള്‍ ദല്‍ഹി കലാപം നടന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അവരില്‍ ഒരാള്‍ പോലും അന്വേഷിക്കുന്നുണ്ടായിരുന്നില്ല. മൗജ്പുരിയിലെ ക്ലിനിക്കില്‍നിന്നും 900-ത്തോളം പേരിലേക്ക് കോവിഡ് പടര്‍ന്നിരിക്കാമെന്ന സംശയം ഉയര്‍ന്നിട്ടും സൗജന്യ പദ്ധതികളുമായി ഈ ഭാഗത്തേക്ക് ദല്‍ഹി സര്‍ക്കാര്‍ എത്തിപ്പെടുന്നില്ല എന്നായിരുന്നു പുറത്തുവന്നു കൊണ്ടിരുന്ന വാര്‍ത്തകള്‍.
ദല്‍ഹി കലാപം, സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ മുതലയാവയൊക്കെ മതേതരമായി ചിന്തിക്കുന്നവരില്‍ മുസ്ലിം സമൂഹത്തിന് അനുകൂലമായ മനോഭാവം രാജ്യത്ത് വളര്‍ത്തിയെടുത്തിരുന്നു. കോവിഡ് വാര്‍ത്തകള്‍ വന്നു നിറയാനാരംഭിച്ചതോടെ ശാഹീന്‍ ബാഗും അതുപോലുള്ള സമരങ്ങളുമൊക്കെ മാധ്യമശ്രദ്ധയില്‍നിന്ന് അപ്രത്യക്ഷമാവുകയും 'കൊറോണ ജിഹാദ്' പോലുള്ള അസംബന്ധജടിലമായ വാര്‍ത്തകള്‍ തല്‍സ്ഥാനത്ത് ഇടം കണ്ടെത്തുകയും ചെയ്തു. വര്‍ഗീയതയുടെ വിളവെടുപ്പായി ബി.ജെ.പിക്ക് ലഭിച്ച അയോധ്യാ ക്ഷേത്രത്തിന്റെ നിര്‍മാണം ഇരുചെവിയറിയാതെ ആരംഭിച്ചതിനും ദല്‍ഹി കലാപത്തിന്റെ കേസന്വേഷണം പാതിവഴിയില്‍ അവസാനിച്ചതിനും കോവിഡ് സാക്ഷിയായി. എല്ലാറ്റിനുമുപരി സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയും ലോക്ക് ഡൗണിലൂടെ തല്‍ക്കാലത്തേക്ക് മറച്ചുപിടിക്കാനായി. കോവിഡ് കാലം കഴിയുമ്പോള്‍ പഴയ ഇന്ത്യയില്‍ എന്തൊക്കെ ബാക്കിയുണ്ടാവുമെന്നാണ് ഇനി അറിയാനുള്ളത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്