Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

കൊറോണാനന്തര ലോകം, മനുഷ്യന്‍

പി.കെ ജമാല്‍

ഈ വിധം ലോകത്തെ മാറ്റിപ്പണിയാന്‍ ഒരു വൈറസിനാവുമെന്ന് ആരും സ്വപ്നത്തില്‍ പോലും നിനച്ചിരിക്കില്ല. മനുഷ്യരാശിയുടെ ജീവിതക്രമം കൊറോണ വൈറസ് തകിടം മറിച്ചു. 'ലോകം കൊറോണക്ക് മുമ്പും ശേഷവും' എന്നായിത്തീരും പുതിയ കാലഗണന. ചൈനയില്‍ തുടങ്ങി ചൈനയില്‍തന്നെ ഒടുങ്ങുന്ന വൈറസ് ബാധ എന്നേ തുടക്കത്തില്‍ ലോകം കരുതിയുള്ളൂ. പക്ഷെ, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഒന്നൊന്നായി പിന്നിട്ട് ലോകത്ത് ഭീതിപടര്‍ത്തി ഭൂതലത്തെ മരണഭൂമിയാക്കി കൊറോണ വൈറസ് മുന്നേറിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ മനുഷ്യരാശി പകച്ചു. മഹാമാരിയുടെ പകര്‍ന്നാട്ടങ്ങള്‍ ജീവിതത്തിന്റെ താളം തെറ്റിച്ചു. കണക്ക് കൂട്ടലുകളെല്ലാം പിഴച്ചു.
കൊറോണ മഹാമാരികളില്‍ ആദ്യത്തേതല്ല; അവസാനത്തേതുമല്ല. ചരിത്രത്തിലെ ഓരോ ശതാബ്ദവും ഓരോ മഹാമാരിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോടിക്കണക്കില്‍ മനുഷ്യരെയും ജന്തുക്കളെയും പറവകളെയും പ്രാണികളെയും അവ കൊന്നൊടുക്കി. മരങ്ങള്‍ വേരോടെ പിഴുതെറിയപ്പെട്ടു. വനങ്ങള്‍ ഭൂമുഖത്തുനിന്ന് ഇല്ലാതായി. ഓരോ മാഹാമാരിക്ക് ശേഷവും ലോകം പുതിയ ഉടയാടകളണിഞ്ഞു. പുതിയ മനുഷ്യനും പുതിയ ലോകക്രമവും നിലവില്‍ വന്നു. കൊറോണയുടെ കഥയും വ്യത്യസ്തമല്ല. ഇത് വരെയുള്ള ലോകമല്ല ഇനി നാം കാണാന്‍ പോകുന്ന ലോകം. നാം ഇതു വരെ കണ്ട മനുഷ്യരല്ല ഇനി ഭൂമിയില്‍ അധിവസിക്കാന്‍ പോകുന്നത്.
ശാസ്ത്ര-സാങ്കേതിക രംഗത്ത്, വിശേഷിച്ച് വൈദ്യശാസ്ത്ര മേഖലയില്‍ ഇന്നത്തെ ലോകം കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ക്ക് നടുവിലും പുതിയ വൈറസുകളെ നേരിടാനാവശ്യമായ സന്നാഹവും കരുത്തും ഇല്ലാതെ വന്നു എന്നത് ദു:ഖകരമായ സത്യമാണ്. ജാഗ്രതയും മുന്‍കരുതലും വേണ്ടത്രയുണ്ടായിട്ടുപോലും വികസിത രാജ്യങ്ങളില്‍ തന്നെ മരണസംഖ്യ ആയിരക്കണക്കിലാണ്. യഅ്ഖൂബ് നബി(അ) മക്കള്‍ക്ക് നല്‍കുന്ന ഉപദേശത്തിനൊടുവില്‍ പറയുന്നുണ്ട്:  ''എന്നാല്‍ അല്ലാഹുവിന്റെ തീരുമാനത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ എനിക്കൊട്ടും സാധ്യമല്ല. തീരുമാനാധികാരം അല്ലാഹുവിന്ന് മാത്രമാണല്ലോ'' (യൂസുഫ്: 67) മുന്‍കരുതലുകളെടുക്കാന്‍ നല്‍കിയ നിര്‍ദേശത്തിന്നൊടുവില്‍ പിതാവായ ആ പ്രവാചകന്‍ നടത്തിയ ആത്മഗതത്തിന് നിരവധി അര്‍ഥ തലങ്ങളുണ്ട്. ''അല്ലാഹുവിന്റെ തീരുമാനത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ ഈ കരുതല്‍ നടപടിക്ക് യാതൊരു പ്രയോജനവും ചെയ്യാനായില്ല. യഅ്ഖൂബിന്റെ മനസ്സില്‍ ഒരാശങ്കയുണ്ടായിരുന്നു. അത് ദുരീകരിക്കുന്നതിന് അദ്ദേഹം തന്റേതായ ശ്രമം നടത്തി എന്ന് മാത്രം'' (യൂസുഫ്: 68)
ഇബ്നു കസീര്‍ 'അല്‍ബിദായ വന്നിഹായ'യില്‍ രേഖപ്പെടുത്തുന്നു: 'ഹിജ്റ 478 (ക്രി. 1085), ശാമിലും ഇറാഖിലും ഹിജാസിലും പ്ലേഗും ഫ്ളൂവും തുടങ്ങി നിരവധി മഹാമാരികള്‍ പടര്‍ന്നു പിടിച്ചു. അതിനെ തുടര്‍ന്ന് ആകസ്മിക മരണങ്ങള്‍.  മണല്‍ക്കാടുകളില്‍ വന്യജന്തുക്കള്‍ ചത്തൊടുങ്ങി; അതിനെത്തുടര്‍ന്നു മൃഗങ്ങളും. ക്ഷീരോല്‍പന്നങ്ങളില്ല, മാംസമില്ല. മരുഭൂമിയില്‍ മണല്‍ക്കൂനകളുടെ കുന്നുകള്‍ തീര്‍ത്ത് കാറ്റ് അഴിഞ്ഞാടി. ഈത്തപ്പനകളും അനേകം മരങ്ങളും കടപുഴകി നിലം പതിച്ചു. നാടെങ്ങും ഇടിനാദങ്ങള്‍ മുഴങ്ങി. ഇതാ ഖിയാമത്ത് ആസന്നമായിക്കഴിഞ്ഞു എന്ന് കരുതി ചിലര്‍. ഈ ഭീകര പ്രതിസന്ധിയെ അന്നത്തെ ഖലീഫ എങ്ങനെയാണ് കൈകാര്യം ചെയ്തത്?
ഖലീഫ മുഖ്തദി ബി അംറില്ലാഹിയുടെ ഉത്തരവിറങ്ങി: നന്മ കല്‍പിക്കാനും തിന്മ നിരോധിക്കാനും ധര്‍മം സ്ഥാപിക്കാനും അധര്‍മം തുടച്ചുനീക്കാനും രാജ്യമെങ്ങും തീവ്രശ്രമങ്ങള്‍ വേണം. വിനോദോപകരണങ്ങളെല്ലാം തല്ലിത്തകര്‍ക്കണം, മദ്യശാലകള്‍ അടച്ചുപൂട്ടണം, മദ്യം വര്‍ജിക്കണം, മദ്യം ഒഴുക്കിക്കളയണം, രാജ്യത്ത് നിന്നും കുഴപ്പക്കാരികളെ പുറത്താക്കണം.'' അങ്ങനെ ആ ദുരന്തരം ഒഴിവായി. അല്ലാഹുവിന്ന് സ്തുതി.'' (അല്‍ ബിദായ വന്നിഹായ).

മാറ്റത്തിന് നാന്ദി കുറിക്കും

സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ മൗലികമായ മാറ്റങ്ങള്‍ക്ക് കൊറോണ നിമിത്തമാകുമെന്നാണ് പുതിയ പഠനം. രോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കാലാന്തരേണ ഇല്ലാതാകും. കഴിഞ്ഞ നൂറ്റാണ്ടുകളിലെ മഹാമാരികളെ നിയന്ത്രിച്ചു നിര്‍ത്തിയ പോലെ ഇന്നത്തെ സംവിധാനങ്ങള്‍ക്കും അതിന് കഴിഞ്ഞെന്ന് വരും. ആഗോള ഗ്രാമമാണിന്ന് ലോകം, സാമൂഹിക-സാമ്പത്തിക ബന്ധങ്ങളെല്ലാം അന്യോന്യം കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. പരസ്പരാശ്രയമില്ലാതെ ജീവിക്കാനാവില്ല. പുതിയ ലോകത്താണിന്ന് നാം. ആഗോളവല്‍ക്കരണത്തിന്റെ പുതിയ ലോകത്തെയും കൊറോണ കടപുഴക്കി എറിയാന്‍ പോകുന്നു.
കൊറോണ ലോകത്തിന് വിനയത്തിന്റെ പാഠം പഠിപ്പിച്ചു. 2018-ലാണ് കനേഡിയന്‍-അമേരിക്കന്‍ സയന്റിസ്റ്റും സൈക്കോളജിസ്റ്റും നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവുമായ സ്റ്റീവന്‍ പിന്‍കറുടെ വിഖ്യാത കൃതി - Enlightenment Now-  പ്രസിദ്ധീകൃതമായത്; എല്ലാവരും വായിക്കണമെന്ന് ബില്‍ഗേറ്റ്സ് ശിപാര്‍ശ ചെയ്ത ഗ്രന്ഥമാണ്. മനുഷ്യ വര്‍ഗത്തിന് കൈവന്ന ഏറ്റവും വിശിഷ്ടമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. പല രോഗങ്ങളെയും പട്ടിണിയെയും പരാജയപ്പെടുത്താന്‍ നമുക്കായി എന്നതാണ് കാരണം. ചരിത്രത്തില്‍ ഒരിക്കലും കഴിഞ്ഞ് പോയിട്ടില്ലാത്ത അത്രയും സമ്പന്നതയിലും സമൃദ്ധിയിലും പുരോഗതിയിലും മനുഷ്യകുലത്തിന് ജീവിക്കാന്‍ കഴിഞ്ഞ കാലഘട്ടമാണിതെന്ന് ഗ്രന്ഥകാരന്റെ ശുഭാപ്തി നിറഞ്ഞ അവകാശവാദം ഒരളവോളം ശരിയായിരിക്കാമെങ്കിലും അത് മാത്രമല്ല ശരിയെന്നതാണ് യാഥാര്‍ഥ്യം.
കീഴടക്കാന്‍ കഴിയാത്ത മഹാമാരിയാണ് കൊറോണ വൈറസ് എന്ന് ലോകം മനസ്സിലാക്കി. മനുഷ്യന്റെ കഴിവുകേടും അശക്തിയും അത് ഉറക്കെ വിളിച്ചു പറഞ്ഞു. ബില്‍ഗേറ്റ്സിനെ പോലുള്ളവര്‍ മനുഷ്യ വര്‍ഗത്തിന് ഭീഷണിയാവുന്ന വൈറസുകളുടെ ആഗമനത്തെക്കുറിച്ച് മുമ്പേ പ്രവചനം നടത്തുകയുണ്ടായി. നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാനാവാത്ത മൈക്രോബുകള്‍ ഏത് വിധത്തില്‍ ലോകത്തെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരിക്കുന്നു എന്ന് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കയാണ്. വന്ന് പെടുന്ന കൊടും വിപത്തുകള്‍ കൈകെട്ടിനോക്കിനില്‍ക്കാനല്ലാതെ നിസ്സഹായരും ദുര്‍ബലരുമായ നമുക്ക് മറ്റൊന്നിനും കഴിയുന്നില്ലെന്ന വിനയത്തിന്റെ മഹാപാഠം പഠിപ്പിക്കാന്‍ കൊറോണക്ക് കഴിഞ്ഞു.
വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ കടുത്ത ചില പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ബുദ്ധിമാനും ഭൂഷണമല്ലാത്ത നാഗരികാന്ധതയുടെ നടുക്കടലിലാണ് നാം. മുമ്പില്‍ വന്നു പതിക്കുമ്പോള്‍ മാത്രമേ നാം കണ്ണ് തുറക്കുന്നുള്ളൂ. യോഗ്യരും കഴിവുറ്റവരുമാണെന്ന മൂഢവിചാരമാണ് നമ്മെ അനുനിമിഷം ഭരിക്കുന്നത്. ഈ മതിഭ്രമത്തെക്കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നത്. ''ഇഹലോകത്തെ ഈ ജീവിതം അതിന്റെ ഉപമ ഇപ്രകാരമാകുന്നു. ആകാശത്ത് നിന്ന് നാം ജലം വര്‍ഷിച്ചു. അപ്പോള്‍ മനുഷ്യരും മൃഗങ്ങളുമെല്ലാം ഭക്ഷിക്കുന്ന ഉല്‍പന്നങ്ങള്‍ ഭൂമിയില്‍ തിങ്ങിവളര്‍ന്നു. അങ്ങനെ ഭൂമി വസന്തമണിഞ്ഞ് അലംകൃതമാവുകയും അതിന്റെ ഉടമകള്‍ തങ്ങള്‍ വിളവെടുക്കാന്‍ പ്രാപ്തരായിരിക്കുന്നുവെന്ന് കരുതുകയും ചെയ്തപ്പോള്‍ പെട്ടെന്ന് രാത്രിയോ പകലോ നമ്മുടെ വിധി അതിനെ പിടികൂടുന്നു. ഇന്നലെ അവിടെ ഒന്നും മുളച്ചിട്ടേ ഇല്ലാത്തത് പോലെ. ചിന്തിച്ച് മനസ്സിലാക്കുന്നവര്‍ക്ക് വേണ്ടി നാം ഈ വിധം ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു കൊടുക്കുകയാകുന്നു'' (യൂനുസ്: 24).
ഇസ്രയേലി ചരിത്രകാരനും ഹിബ്രു യൂനിവേഴ്സിറ്റിയില്‍ ചരിത്ര പ്രഫസറുമായ യുവാല്‍ നോഹ് ഹറാറി (Homo Deus: A Brief History of Tomorrow)  പറയുന്നത്, പുതിയ കാലത്തെ മനുഷ്യന്‍ മനുഷ്യവര്‍ഗത്തെ ചൂഴ്ന്നു നിന്ന സര്‍വ ബലഹീനതകളെയും ദൗര്‍ബല്യങ്ങളെയും അതിജയിക്കാന്‍ പ്രാപ്തി നേടിയിട്ടുണ്ടെന്നാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അവന്‍ 'അനശ്വരത'യിലേക്ക് നടന്നടുക്കുന്നു എന്നുപോലും യുവാല്‍ ഹറാറി അവകാശപ്പെടുന്നു. പക്ഷേ, ഇവക്കൊന്നും കേവല സ്വപ്നങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കുമപ്പുറം നിലനില്‍പില്ലെന്ന് ഇന്നത്തെ ലോക യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടി. നാം ദുര്‍ബലരായ കേവലം മനുഷ്യരാണെന്നും സര്‍വജ്ഞനും സര്‍വശക്തനുമായ ദൈവം അല്ലെന്നുമുള്ള വിനീത ഭാവവും വിശ്വാസവുമാണ് നമുക്കാദ്യമായി വേണ്ടത്. ഇപ്പോള്‍ ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസ് ഭൂലോകത്തിന്റെ മുക്കുമൂലകളില്‍ എത്തിക്കഴിഞ്ഞു. ആരോഗ്യരംഗത്ത് മാത്രമല്ല സാമൂഹിക-സാംസ്‌കാരിക-മത-സാമ്പത്തിക രംഗങ്ങളിലെല്ലാം അത് പ്രത്യാഘാതങ്ങള്‍ ഉളവാക്കും.

മഹാമാരികളുടെ പരമ്പര

പൗരാണിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതനുസരിച്ച് ലോകത്തെ ആദ്യത്തെ മഹാമാരി ഉണ്ടായത് ക്രി. 165 ലാണ്. റോമിലും ഇറ്റലിയിലും വിവിധ റോമന്‍ രാജ്യങ്ങളിലുമാണ് ആ മഹാമാരി പടര്‍ന്നുപിടിച്ചത്. അന്നത്തെ വിശാലമായ റോമാസാമ്രാജ്യമെന്നാല്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീര രാജ്യങ്ങള്‍, വടക്കന്‍ ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, സ്പെയ്ന്‍, ലെവന്ത് എന്നപേരില്‍ അറിയപ്പെടുന്ന ബിലാദുശ്ശാം (ഇപ്പോഴത്തെ സിറിയ-ലബനാന്‍-ജോര്‍ദാന്‍-ഫലസ്ത്വീന്‍) എന്നിവയെല്ലാം ചേര്‍ന്നതാണ്. ക്രി. 165-ല്‍ മാരകമാരി റോമിനെ പിടിച്ചു കുലുക്കി. അിീേിശില ജഹമഴൗല എന്ന പേരിലാണ് അത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. റോമാ സാമ്രാജ്യത്തെ ക്ഷയിപ്പിച്ചതും പിന്നീട് അതിന്റെ തകര്‍ച്ചയിലേക്ക് വഴി തുറന്നതും ഈ പ്ലേഗായിരുന്നു. ജര്‍മാനിക് വംശജര്‍ റോമിനെ ആക്രമിച്ചു കീഴടക്കി. പ്ലേഗ് റോമന്‍ സൈന്യത്തിന്റെ ശക്തി ചോര്‍ത്തുകയും അതിനെ ബലഹീനമാക്കുകയും ചെയ്തു. ജര്‍മാനിക് സൈന്യം നിഷ്പ്രയാസം റോമന്‍ അതിര്‍ത്തികളിലേക്ക് കടന്നുകയറി. ചെറുത്തുനില്‍ക്കാന്‍ റോമന്‍ ഭാഗത്ത് ആരുമുണ്ടായില്ല. ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടില്‍ റോമിന്റെ സമ്പൂര്‍ണ പതനത്തിലാണ് അത് കലാശിച്ചത്. മഹാമാരി മൂലം ചരിത്രത്തിന്റെ ഗതിമാറി. പ്ലേഗ്, ഫ്ളൂ, കോളറ, വസൂരി തുടങ്ങിയ മാഹമാരികള്‍ ഒരു യുഗത്തിന് അന്ത്യം കുറിക്കുകയും പുതുയുഗപ്പിറവിക്ക് കാരണമായിത്തീരുകയും ചെയ്തിട്ടുണ്ടെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ജരാനരകള്‍ ബാധിച്ച കാലഘട്ടം അസ്തമിക്കുകയും പുത്തന്‍ പ്രതീക്ഷകളുടെ പുതിയ പ്രഭാതം പുലരുകയും ചെയ്തു. ഇനിയും അങ്ങനെ സംഭവിക്കും. പുതുപ്പിറവികളുടെ നോവ് ഒഴിവാക്കാനാവില്ല.
റോമാ സാമ്രാജ്യത്തിന്റെ സൈനിക ശക്തിയെ മാത്രമല്ല പ്ലേഗ് തകര്‍ത്തത്. റോമന്‍ മതങ്ങളുടെ വാഴ്ചയും അത് അവസാനിപ്പിച്ചു. ക്രിസ്തുമതം റോമാ സാമ്രാജ്യത്തില്‍ ചുവടുറപ്പിച്ചത് അന്ന് മുതല്‍ക്കാണ്. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (ക്രി. 315-333) റോമാസാമ്രാജ്യം ക്രൈസ്തവതയെ പുല്‍കി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ക്രിസ്തുമതാശ്ലേഷം അതിന് ഗതിവേഗം കൂട്ടി. മരണത്തിന്റെ ഭീകരമുഖത്തേക്ക് തങ്ങളെ വലിച്ചെറിഞ്ഞ മഹാമാരി സൃഷ്ടിച്ച സങ്കീര്‍ണപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ബഹുദൈവരാധനയില്‍ അധിഷ്ഠിതമായ റോമന്‍ മതങ്ങള്‍ക്കായില്ല. അവിടേക്കാണ് ക്രിസ്തുമതം കടന്നുവന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ക്രിസ്തു മതത്തിനാവുമെന്ന് റോമക്കാര്‍ കരുതി.
മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചരിത്രപ്രാധാന്യമുള്ളത്, 'ജസ്റ്റീനിയന്‍ പ്ലേഗ്' എന്ന പേരില്‍ അറിയപ്പെട്ട രണ്ടാമത്തെ മഹാമാരിയാണ്. ബൈസന്റൈന്‍ എന്ന പേരില്‍ വിശ്രുതമായ കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍, പേര്‍ഷ്യന്‍ സാമ്രാജ്യത്തോട് യുദ്ധം ചെയ്യുകയും എത്യോപ്യ, യമന്‍ ഉള്‍പ്പെടെയുള്ള ഭൂഭാഗങ്ങളില്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് യൂറോപ്യന്‍ നിയമസംഹിതക്ക് ആധാരവും ആഗോള സംസ്‌കൃതിക്ക് അടിസ്ഥാനവുമായിത്തീര്‍ന്ന 'ജസ്റ്റീനിയന്‍ നിയമങ്ങള്‍'ക്ക് ആ ചക്രവര്‍ത്തി അടിത്തറപാകി. കിഴക്കന്‍ റോമും പടിഞ്ഞാറന്‍ റോമും ഏകീകരിച്ച് ഒറ്റ രാഷ്ട്രമാക്കാന്‍ ജസ്റ്റീനിയന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കാണും മുമ്പേ പ്ലേഗ് ബൈസന്റൈന്‍ സാമ്രാജ്യത്തെ കടപുഴക്കിയെറിഞ്ഞു. ക്രി. 541 മുതല്‍ 543 വരെ താണ്ഡവമാടിയ ഈ പ്ലേഗ് ഈജിപ്തിലാണ് തുടങ്ങിയത്. തുടര്‍ന്ന് കോണ്‍സ്റ്റാന്റിനോപ്പ്ള്‍, അനത്തോലിയ, ലെവന്ത് (ബിലാദുശ്ശാം), സാസാനിയ എന്നിവിടങ്ങളില്‍ പടര്‍ന്ന് പിടിച്ചു. 'ജസ്റ്റിനിയന്‍ പ്ലേഗ്' ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ അന്തകനായി എന്ന് സാരം.
മുഹമ്മദ് നബി(സ)യുടെ ജനനത്തിന് മുപ്പത് വര്‍ഷം മുമ്പുണ്ടായ പ്ലേഗ് ബൈസന്റൈന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ പിടിച്ചുലച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പകുതി ജനങ്ങളെയും അത് കൊന്നൊടുക്കി. മധ്യേഷ്യയില്‍നിന്നും ചരക്ക് കപ്പലില്‍ കയറിക്കൂടിയ എലികള്‍ മുഖേന ഈജിപ്തിലേക്കും തുടര്‍ന്ന് യൂറോപ്യന്‍ തുറമുഖ നഗരങ്ങളിലേക്കും പടര്‍ന്നു ഈ മഹാമാരി. എലികള്‍ വഹിച്ചുകൊണ്ടുപോയ കീടങ്ങളും ചെള്ളുകളും പ്രാണികളുമാണ് കിടന്നുറങ്ങുന്ന മെത്തകളില്‍ പാര്‍പ്പുറപ്പിച്ച് ജനലക്ഷങ്ങളെ കൊന്നൊടുക്കിയത്. ലോകജനസംഖ്യ അന്ന് 200 മില്യനാണ്. അതില്‍ ഭൂരിഭാഗത്തെയും വൈറസ് കൊന്നു തീര്‍ത്തു. റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ പിന്നെ മുസ് ലിം കരങ്ങളില്‍ അമരാന്‍ ഇത് വഴിയൊരുക്കി. മഹാമാരികള്‍ പെട്ടെന്ന് ഒടുങ്ങില്ല. അത് നാശം വിതച്ചുകൊണ്ടേയിരിക്കും. പുതിയ രൂപത്തില്‍ അത് പുനര്‍ജനിച്ചുകൊണ്ടിരിക്കും.

ബ്ലാക്ക് ഡെത്ത്

ജസ്റ്റീനിയന്‍ പ്ലേഗിന് ശേഷം പിന്നെ ഉണ്ടായത് ക്രി. 630-ല്‍ ഫലസ്ത്വീനിലെ അംവാസില്‍ മഹാമാരിയായി വന്ന അംവാസ് പ്ലേഗാണ്. അനന്തരം 800 വര്‍ഷത്തിന് ശേഷമാണ് ക്രി. 1348-ല്‍ ബ്ലാക് ഡെത്ത് എന്ന പേരില്‍ കുപ്രസിദ്ധമായ, സര്‍വസംഹാരിയായ പ്ലേഗ് പ്രത്യക്ഷപ്പെട്ടത്. മധ്യേഷ്യയിലും ചൈനയിലും ലക്ഷങ്ങളെ അത് കൊന്നൊടുക്കി. ചൈനയിലെ 40 ശതമാനം ജനങ്ങളും മരണപ്പെട്ടു. രോഗബാധിതരില്‍ തൊണ്ണൂറ് ശതമാനവും മരണത്തിന് കീഴടങ്ങി. ഏഷ്യയില്‍നിന്നും യൂറോപിലേക്കുള്ള അതിന്റെ പ്രയാണത്തിന്നു പതിനഞ്ചുവര്‍ഷമെടുത്തു. ഈ മഹാമാരി നിമിത്തം കൈറോവില്‍ ഒരു ദിവസം ഇരുപതിനായിരത്തിലേറെ മൃതശരീരങ്ങള്‍ കുന്നുകൂടിയെന്ന് ചരിത്രം. സംസ്‌കരിക്കാന്‍ ആളില്ലാത്തതിനാല്‍ ചീഞ്ഞളിഞ്ഞ മൃതശരീരങ്ങള്‍ വിത്തിടുന്ന പകര്‍ച്ചവ്യാധികള്‍ ഭയന്ന് ആയിരങ്ങള്‍ ഓടിപോയി, ഈജിപ്ത് മരണഭൂമിയായി.
'ബ്ലാക് ഡെത്ത്' എന്ന പേരില്‍ പ്രസിദ്ധമായ പ്ലേഗിന് അടിപ്പെട്ട് 100 മില്യന്‍ ആളുകള്‍ മരിച്ചൊടുങ്ങി എന്നാണ് കണക്ക്. ഇതൊരു ചെറിയ സംഖ്യയല്ല. അന്ന് ലോകത്തെ മൊത്തം ജനസംഖ്യ 475 മില്യന്‍ ആണെന്നോര്‍ക്കണം. തുടര്‍ന്നും കുറെ വര്‍ഷങ്ങള്‍ അത് ജനസഹസ്രങ്ങളെ കൊന്നൊടുക്കി. 200 മില്യന്‍ ആളുകളെ ബ്ലാക്ക് ഡെത്ത് കൊന്നൊടുക്കിയെന്ന് ചരിത്രം പറയുന്നു. ജസ്റ്റിനിയന്‍ പ്ലേഗ് ബൈസന്റയിന്‍ രാഷ്ട്രത്തിന്റെ അന്ത്യത്തിനും ഇസ് ലാമിക രാഷ്ട്രത്തിന്റെ ഉദയത്തിനും ഹേതുവായത് പോലെ 'ബ്ലാക് ഡെത്ത്' യൂറോപിലെ മധ്യകാലഘട്ടത്തിന്റെ അവസാനത്തിനും നവോത്ഥാന കാലഘട്ടത്തിന്റെ ആരംഭത്തിനും കാരണമായി. ഈ പ്ലേഗിന് ഇരകളായത് അധികവും ദരിദ്രവിഭാഗമായിരുന്നു.
പതിനാലാം നൂറ്റാണ്ടില്‍ ജന്മിത്വത്തില്‍ അധിഷ്ഠിതമായിരുന്നു സാമ്പത്തിക വ്യവസ്ഥിതി. യൂറോപ്പിലാണ് അത് ഉച്ചസ്ഥായിയില്‍ എത്തിയത്. ഭൂമിയെല്ലാം ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ കൈകളിലായിരുന്നു. സാധുക്കള്‍ അടിമകളെ പോലെ ഭൂപ്രഭുക്കന്മാരുടെ വയലേലകളിലും കൃഷിയിടങ്ങളിലും ജോലിചെയ്തു ജീവിച്ചു. പ്ലേഗിനെ തുടര്‍ന്ന് സാധാരണക്കാരും ദരിദ്രരും മരിച്ചൊടുങ്ങിയതോടെ പ്രഭുക്കന്മാരുടെ നിലങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ ആളില്ലാതായി. അതോടെ ഉള്ള തൊഴിലാളികള്‍ കൂലിക്കൂടുതലിനും സ്വാതന്ത്ര്യത്തിനും മുറവിളി കൂട്ടിത്തുടങ്ങി. യൂറോപ്പില്‍ അടിമത്വത്തിനും ജന്മിത്വത്തിനും അതോടെ അറുതി വന്നു.
പതിനാലാം നൂറ്റാണ്ട് മുസ്‌ലിം ലോകത്തിന്റെ സുവര്‍ണദശയായിരുന്നു. ശാസ്ത്രം, വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങി സര്‍വ മേഖലകളിലും മുസ്‌ലിംകള്‍ വിജയിച്ച് മുന്നേറി. യൂറോപ്പ് ഇരുട്ടില്‍ കഴിഞ്ഞപ്പോള്‍ അന്‍ദലുസ്-സ്പെയ്ന്‍ ലോകത്തിന് വെളിച്ചമേകി. യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിന് പ്ലേഗ് തുടക്കമിട്ടു. 'ബ്ലാക് ഡെത്ത്' എന്ന പേരില്‍ അറിയപ്പെട്ട പ്ലേഗ് മനുഷ്യവര്‍ഗത്തിന്നുണ്ടാക്കിയ നഷ്ടം ചെറുതല്ല. ആ മഹാമാരിയില്‍ ഉണ്ടായ മനുഷ്യ നഷ്ടം വീണ്ടെടുക്കാന്‍ പിന്നീട് 200 വര്‍ഷമെങ്കിലും വേണ്ടിവന്നു. H1 N1  വൈറസുകള്‍ ഉണ്ടാക്കുന്ന സ്പാനിഷ് ഫ്ളൂ, 500 മില്യന്‍ ആളുകളെ ബാധിക്കുകയും 100 മില്യന്‍ ആളുകളെയെങ്കിലും കൊന്നൊടുക്കുകയും ചെയ്തു. കൊറോണാ വൈറസിന്റെ ആറാം തലമുറയാണ് ഇപ്പോള്‍ ലോകത്തെ കീഴ്മേല്‍ മറിച്ചുകൊണ്ടിരിക്കുന്നത്. ഭൂഖണ്ഡത്തിന്റെ ഏറിയ പങ്കും കടന്നുകയറി മരണം വിതച്ച് കടന്നുപോകുന്ന കൊറോണയുടെ നീരാളിപിടുത്തത്തില്‍നിന്നും ഒരു രാജ്യവും മുക്തമാവില്ലെന്നാണ് അഭിജ്ഞ മതം.

എന്ത് സംഭവിക്കും?

ഭാവിയില്‍ എന്താണ് സംഭവിക്കുക? ആര്‍ക്കും ഒരു നിശ്ചയവുമില്ല. കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ പെട്ടെന്ന് കഴിഞ്ഞേക്കില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ അടഞ്ഞ് കിടക്കുകയാണ്. ലോകം സ്തംഭിക്കും. ഓരോ രാജ്യവും ഒറ്റപ്പെടും. ചരിത്രത്തില്‍ ഇതിന് മാതൃകയില്ല. ഇപ്പോള്‍ ലോകത്തിന്റെ പലഭാഗത്തും സംഭവിച്ചത് പോലെ ചരിത്രത്തില്‍ ഈ വിധം പള്ളികള്‍ അടച്ചതായി അറിയില്ല. 'സ്വല്ലൂ ഫീ രിഹാലികും' (വീടുകളില്‍ നമസ്‌കരിച്ചുകൊള്ളുക) എന്ന് ബാങ്കില്‍ ചേര്‍ത്ത് പറയേണ്ടി വരുമെന്ന് നാം ആരെങ്കിലും നിനച്ചിരുന്നോ?  ആളുകള്‍ കൂട്ടംകൂടുന്നത് രോഗസംക്രമണ സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ 'ലോക്ക് ഡൗണ്‍' നടത്തി വീടകങ്ങളില്‍ ഒതുങ്ങിക്കഴിയാനാണ് നിര്‍ദേശം. സഞ്ചാര സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഇനിയൊരു അറിയിപ്പ് വരെ അനിശ്ചിതമായി മരവിപ്പിച്ചിരിക്കുന്നു. പള്ളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും അതിര്‍ത്തികളും വിമാനത്താവളങ്ങളും അടഞ്ഞ് കിടക്കുന്നു. നമുക്കാര്‍ക്കും പരിചയമില്ലാത്ത, കേട്ടുകേള്‍വിയില്ലാത്ത ഈ അടിയന്തരാവസ്ഥക്ക് എന്ന് അറുതിവരും? ഇവിടെയാണ് അപകടം പതിയിരിക്കുന്നത്. രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിയുമ്പോള്‍ കൊറോണ വൈറസ് അപ്രത്യക്ഷമാകും എന്നാരെങ്കിലും പറഞ്ഞാല്‍ തെറ്റാണത്. അടുത്ത ജൂണ്‍ വരെ ഈ അവസ്ഥ തുടരേണ്ടിവരുമെന്നാണ് ഒരഭിപ്രായം. കൊറോണ വൈറസിനെ വരുതിയില്‍ നിര്‍ത്താന്‍ പതിനെട്ടോ പത്തൊമ്പതോ മാസം എടുത്തേക്കുമെന്നാണ് വേറെ ചിലര്‍ പറയുന്നത്. ഒരുകാര്യം പറയാം, ഇപ്പോള്‍ നാം നേരിടുന്ന പ്രതിസന്ധിക്ക് ഒരു നേരിയ അയവ് വന്നേക്കാം. ഉപാധികളോടെ നിയന്ത്രണങ്ങള്‍ ചെറിയ തോതില്‍ നീക്കിയെന്ന് വരും. അപകടകരമായ ഈ അവസ്ഥ നീങ്ങി സാധാരണ നില കൈവരിക്കാന്‍ ഒന്നോ, രണ്ടോ വര്‍ഷം വേണ്ടി വന്നേക്കും.
ഇതെല്ലാം സൂചിപ്പിക്കുന്നത്, നാം പരിചയിച്ച ലോകം അവസാനിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ്. ഇനി പുതിയ ഒരു ലോകം പിറക്കും. അതിരുകളില്ലാത്ത ആഗോളവല്‍ക്കരണത്തിന് കടുത്ത ഭീഷണി ഉയര്‍ത്തി അതിര്‍ത്തകള്‍ അടച്ചുപൂട്ടുകയാണ്. അതോടെ ആഗോളവല്‍ക്കരണം പഴങ്കഥയാകും. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി  നേരിടാന്‍ പോകുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ലോകം. ഒരു ആഗോള മാന്ദ്യം ഏവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അത് ഇത്രവേഗം സംഭവിക്കും എന്ന് ആരും കരുതിയില്ല. 2002-ലും 1929 -ലെ 'ഗ്രേറ്റ് ഡിപ്രഷന്‍' കാലത്തും മാത്രമാണ് ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. ലോകം ഒരു ആഗോളഗ്രാമമായതിനാല്‍, ഒരിടത്ത് അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി മറ്റൊരിടത്തേക്ക് പടരാന്‍ സമയം അധികം വേണ്ടിവരില്ല. എല്ലാ രാജ്യങ്ങളും പരസ്പര ബന്ധിതമാണ്, പരസ്പരാശ്രിതമാണ്. പെട്രോള്‍വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിതാനത്തിലാണിപ്പോള്‍. സാമ്പത്തികത്തകര്‍ച്ച ചൈനയെ ആയിരുന്നു ആദ്യം ബാധിച്ചതെങ്കിലും അതിനെയെല്ലാം അതിജീവിച്ച് തകര്‍ച്ചയില്‍നിന്ന് കരകയറുന്ന ആദ്യ രാജ്യം ചൈനയായിരിക്കും. യൂറോപ്പിനെയും അമേരിക്കയെയും പിന്നിലാക്കി ചൈന ലോകത്തിന്റെ തന്ത്രപ്രധാനമായ മേഖലകളെല്ലാം കൈയടക്കിയേക്കാം. രണ്ടായിരാമാണ്ട്  മുതല്‍ക്കേ തകര്‍ച്ച നേരിടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ എഴുന്നേല്‍ക്കാനാവാത്ത വിധം തകര്‍ന്ന് പോകാനും സാധ്യതയുണ്ട്.

നവീനാശയങ്ങള്‍

ഇനിയുള്ള ലോകം പുതിയ ആശയങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. മതങ്ങളും ദര്‍ശനങ്ങളും തത്വശാസ്ത്രങ്ങളുമെല്ലാം ജീവിതത്തിന്റെയും മാനവികതയുടെയും പുതിയ അര്‍ഥ തലങ്ങള്‍ തേടും. മതപരമായും മാനവികമായും പുതിയ പ്രശ്നങ്ങളെ എങ്ങനെ നേരിടുമെന്ന ചിന്തയിലാണ് ലോകം. ഓരോ പ്രതിസന്ധി ഘട്ടത്തിലും രണ്ട് ധാരകള്‍ സജീവമായിരുന്നു. ആത്മീയധാരയും ഭൗതിക ധാരയും. മനുഷ്യ സമത്വത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മഹിത സന്ദേശമാണ് മതവും ആത്മീയതയും ഉയര്‍ത്തിപ്പിടിക്കുന്നത്. പ്രയോജനവാദത്തില്‍ അധിഷ്ഠിതവും 'ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കും' എന്ന മാക്യവല്ലിയന്‍ സിദ്ധാന്തത്തില്‍നിന്ന് ഉരുവം കൊണ്ടതുമായ ഭൗതിക സിദ്ധാന്തങ്ങള്‍ Survival of the Fittest  (ഏറ്റവും പ്രാപ്തിയുള്ളത് അതിജീവിക്കും) എന്ന ആശയത്തിനാണ് പ്രചാരം നല്‍കുക.
ഹിറ്റ്ലറും സ്റ്റാലിനും മനുഷ്യവര്‍ഗത്തോട് അതാണ് ചെയ്തത്. ദുര്‍ബലരായിരുന്നു കൊല്ലപ്പെട്ടത്. രാഷ്ട്രത്തിന് സംരക്ഷിക്കാന്‍ ആവില്ലെന്ന ന്യായം നിരത്തി പാവങ്ങളെ ആശുപത്രികളില്‍ കൊല്ലുകയായിരുന്നു വടക്കന്‍ കൊറിയ. യൂറോപ്പില്‍ നവോത്ഥാനത്തിന് (Renaissance) സമാരംഭം കുറിച്ച ഇറ്റലി ഒരു രേഖ തയാറാക്കി (SIAARTI Recommendations for the Treatment of Post Operative Pain) മെഡിക്കല്‍ കൗണ്‍സിലിന്നയച്ചു. 65 വയസ്സിന് മേലെയുള്ളവരെ ആശുപത്രി പ്രവേശനത്തില്‍നിന്ന് വിലക്കണമെന്ന് അതില്‍ ശിപാര്‍ശ ചെയ്തിരുന്നു. വെന്റിലേഷന്റെയും മറ്റ് ഉപകരണങ്ങളുടെയും അപര്യാപ്തത മൂലം രോഗികളെ ഒഴിവാക്കുന്നതിലെ 'അധാര്‍മികത'യില്‍നിന്ന് ഡോക്ടര്‍മാരെ രക്ഷിച്ചെടുക്കാനായിരുന്നു അത്. കൊറോണാ വൈറസ് പോലുള്ളവ ബാധിച്ചവരെ 'മരിക്കാന്‍ വിട്ടേക്കുക' എന്നായിരുന്നു നിര്‍ദേശം. ശ്വസനോപകരണങ്ങള്‍ കുറവാണെങ്കില്‍ അതിജീവന സാധ്യത ഏറെയുള്ള യുവാക്കളെ ആശുപത്രിയില്‍ കിടത്തിയാല്‍ മതി എന്ന് നിര്‍ദേശിച്ചു; പ്രായമേറിയവരെ മരിക്കാന്‍ വിട്ടേക്കാനും. പ്ലേഗ് പോലുള്ള മഹാമാരികള്‍ ഉണ്ടായ സന്ദര്‍ഭങ്ങളില്‍ യൂറോപ്പ് ഈ കിരാത രീതി സ്വീകരിച്ചിട്ടുണ്ട്. യൂറോപ്പിനെ പിടിച്ചു കുലുക്കിയ പ്ലേഗില്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശം പ്ലേഗ് രോഗികള്‍ താമസിക്കുന്ന വീടുകളുടെ വാതിലുകള്‍ കല്ലും കുമ്മായവും കൊണ്ടടച്ച് കെട്ടാനാണ്. അവിടെ കിടന്ന് ചാവട്ടെ. ചത്തൊടുങ്ങിയാലും അതിന്റെ ബാധ പുറംലോകം അനുഭവിക്കാതിരിക്കട്ടെ എന്ന ചിന്തയാണ് യൂറോപ്പിനെ ഭരിച്ചത്. മനുഷ്യന്റെ ആര്‍ദ്രതക്കും അനുകമ്പക്കും അവിടെ ഇടമില്ലായിരുന്നു.
മതങ്ങള്‍ നേരിടാന്‍ പോകുന്ന പുതിയ വെല്ലുവിളിയാണിത്. ഇത്തരം സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയും വിധം പരികല്‍പനകള്‍ മാറണം. പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും പുതിയ ലോകത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞും പഴയ ധാരണകളെയും സങ്കല്‍പങ്ങളെയും കുടഞ്ഞെറിയാന്‍ മതവിശ്വാസികള്‍ നിര്‍ബന്ധിതരാവും. മാനവികമായ ആശയതലങ്ങളെ പുണരുവാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരാവുന്ന കാലം വരാന്‍ പോകുന്നു. സുസ്ഥിരതയും നീതിയും വാഗ്ദാനം ചെയ്യുന്ന പുതിയ സാമ്പത്തിക ക്രമത്തെ കൊറോണാനന്തരലോകം തേടും. ആര്‍ത്തിയും സ്വാര്‍ഥതയുമാണ് സാമ്പത്തിക ലോകത്തെ ഭരിക്കുന്നത്. അമേരിക്കയില്‍ പഠിക്കുന്ന ഇരുപത് മില്യന്‍ വിദ്യാര്‍ഥികള്‍, വിദ്യാലയങ്ങളില്‍നിന്ന് ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്. ഭക്ഷണം കിട്ടണമെങ്കില്‍ വിദ്യാലയത്തില്‍ പോകണമെന്ന് സാരം. ആയുധത്തിന് വേണ്ടി ട്രില്യന്‍ കണക്കില്‍ ഡോളര്‍ ചെലവിടുന്ന ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്തെ സ്ഥിതിയാണിത്. മനുഷ്യരാശി പരിസ്ഥിതിക്ക് ഏല്‍പിക്കുന്ന ആഘാതമാണ് മറ്റൊരു ദുരന്തം. മനുഷ്യനുള്‍പ്പെടെയുള്ള ജീവപ്രപഞ്ചത്തിന് ഓക്സിജന്‍ നല്‍കിക്കൊണ്ടിരുന്ന മരങ്ങളും കാടുകളും നശിപ്പിക്കപ്പെട്ടത് മൂലം ഭൂമിയുടെ ശ്വാശകോശത്തിനാണ് ക്ഷതമേറ്റതെന്ന് ഒരു ശാസ്ത്രജ്ഞന്‍ വിലപിച്ചിട്ടുണ്ട്. ഭൂമിയുടെ ശ്വാസകോശം തകര്‍ത്ത നമ്മുടെ ശ്വാസകോശത്തെയും ശ്വസന നാളികളെയും കൊറോണാ വൈറസ് തകര്‍ക്കുന്നു എന്നതാണ് ദൈവിക നിയമത്തിലെ കാവ്യനീതി. സാമ്പത്തിക തകര്‍ച്ച കുടിലുകളെയും കൊട്ടാരങ്ങളെയും വികസിത രാജ്യങ്ങളെയും അവികസിത രാജ്യങ്ങളെയും ഒരുപോലെ ബാധിക്കും. വ്യവസായം, വാണിജ്യം, ചെറുകിട കച്ചവടങ്ങള്‍, തൊഴില്‍, തുടങ്ങി എല്ലാം നഷ്ടപ്പെട്ട ജനത ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിക്ക് മൂര്‍ച്ച കൂട്ടുന്ന പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും വഴിതേടും. മധ്യപൗരസ്ത്യ ദേശത്തെയും ആഫ്രിക്കയിലെയും സ്ഥിതിയും മെച്ചമാവാന്‍ ഇടയില്ല.
മനുഷ്യ വര്‍ഗത്തിന് മുമ്പില്‍ ഇപ്പോള്‍ രണ്ട് വഴികളേയുള്ളൂ. മനുഷ്യ സ്നേഹത്തിന്റെയും പരസ്പരധാരണയുടെയും അടിത്തറയില്‍ വളര്‍ന്നുവരുന്ന സാര്‍വലൗകിക സാഹോദര്യവും ഐക്യദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോവുക. അല്ലെങ്കില്‍ ഓരോരുത്തരും തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങളുടെ സംരക്ഷണത്തിനും സ്വാര്‍ഥലാഭത്തിനും വേണ്ടി തങ്ങള്‍ സൃഷ്ടിക്കുന്ന തങ്ങളുടെ കുടുസ്സായ ലോകത്ത് ജീവിക്കുക. സങ്കുചിത ഭൗതിക-ദേശീയ ഉന്മാദങ്ങള്‍ക്കടിപ്പെട്ട് മനുഷ്യസ്നേഹത്തിന്റെ വിശാല താല്‍പര്യങ്ങള്‍ ബലി കഴിക്കാന്‍ ഒരുമ്പെട്ടിറങ്ങിയാല്‍ സര്‍വ നാശമായിരിക്കും ഫലം. എന്നാല്‍ ഭദ്രമായ ജീവിതത്തിന്നാധാരം മാനവികവും ധാര്‍മികവുമായ മൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്കാണെന്ന് ലോകത്തിന് വൈകാതെ ബോധ്യപ്പെടും.
('കൊറോണ ലോകത്തെ മാറ്റിപ്പണിയുമോ?' എന്ന വിഷയത്തില്‍ 'അല്‍ശര്‍ഖ് ഫോറം' പ്രസിഡന്റ് വദാഹ് ഖന്‍ഫര്‍ നടത്തിയ പ്രഭാഷണമാണ് ഈ ലേഖനത്തിലെ നിരീക്ഷണങ്ങള്‍ക്കും വസ്തുതകള്‍ക്കും ആധാരം. 'അല്‍ജസീറ മീഡിയ നെറ്റ് വര്‍കി'ന്റെ ഡയറക്ടര്‍ ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. അമേരിക്കയിലെ ഫോറിന്‍ പോളിസി മാഗസിന്‍ 2011-ല്‍ നൂറ് വിശ്വോത്തര ചിന്തകന്മാരുടെ മുന്‍നിരയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിത്വമാണ് വദാഹ് ഖന്‍ഫര്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്