Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

ഈ കൊടുങ്കാറ്റ്  വലതുപക്ഷം വരച്ച ലോകക്രമം തുടച്ചെടുക്കുമോ?

ഫഹദ് ഹുമയൂണ്‍

പ്രകൃതിദുരന്തങ്ങള്‍, യുദ്ധക്കെടുതികള്‍, സാമ്പത്തികത്തകര്‍ച്ച പോലുള്ള പ്രതിസന്ധിഘട്ടങ്ങളോട് ജനസമൂഹങ്ങളും ഭരണകൂടങ്ങളും സമ്പദ് വ്യവസ്ഥകളും പ്രതികരിക്കുന്നതില്‍ ചില സമാനതകള്‍ കാണാം.  സ്വാഭാവികമായും, എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ, ചകിതരായി പകച്ചുനില്‍ക്കുന്നു തുടക്കത്തില്‍. പിന്നീട് പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകും. അടുത്ത ഘട്ടത്തിലാണ് ദുരന്തം ബാക്കിവെച്ച കെടുതികള്‍ പൂര്‍ണമായി മറികടക്കാനുള്ള ആലോചനകളും ആസൂത്രണങ്ങളും നടക്കുക.
മിക്ക രാജ്യങ്ങളും കോവിഡ് - 19 നേരിടുന്നതിന് അടിയന്തര പദ്ധതികള്‍ പ്രഖ്യാപിച്ച് അവ നടപ്പാക്കിത്തുടങ്ങി. ലോക്ക് ഡൗണിന്റെ ഭാഗമായി 500 കോടി മനുഷ്യര്‍ നിന്നിടത്തു നില്‍ക്കുന്നുമുണ്ട്. എന്നാല്‍, ഈ മഹാമാരി കടന്നുപോയതിനു ശേഷമുള്ള ലോകത്തിന്റെ ചിത്രം എങ്ങനെയായിരിക്കും, ആ ലോകത്തെ അഭിമുഖീകരിക്കാനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും എന്തൊക്കയായിരിക്കണം എന്നതിനെ കുറിച്ച് കാര്യമായ ആലോചനകള്‍ ഇപ്പോള്‍ നടക്കുന്നതായി കാണുന്നില്ല. ഭീകരമായ ഈ പകര്‍ച്ചദീനത്തെ  അതിജീവിക്കുന്ന സമൂഹങ്ങളുടെ പുനരധിവാസം എങ്ങനെ? ഇരുപത്തിയൊന്നാം നൂറ്റാണ്ട് അതിന്റെ സവിശേഷതയായി ഇത്രകാലം തലയിലേറ്റി നടന്ന 'അമിത വ്യക്തി വല്‍ക്കരണ'(ഒ്യുലൃശിറശ്ശറൗമഹശാെ)ത്തിനും സ്വന്തത്തെ കുറിച്ച പരിധിവിട്ട ആത്മവിശ്വാസത്തിനും ഈ മഹാമാരിയേല്‍പിക്കുന്ന പരിക്കിന്റെ ആഘാതമെത്ര?
രണ്ടാം ലോകയുദ്ധത്തിന്റെ ഒടുക്കം, അന്യോന്യം പങ്കുവെക്കുന്ന മൂല്യങ്ങളിലും പരസ്പരാശ്രിതത്വത്തിലും അധിഷ്ഠിതമായ ഒരു ലോകക്രമം നിലവില്‍ വരേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ അന്നത്തെ രാഷ്ട്രനായകരും നയരൂപീകരണ വിദഗ്ധരും ഒരു ലിബറല്‍ ആഗോളക്രമം എന്ന ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ചു ചേര്‍ന്നു. അതിനു ശേഷമുള്ള ഇക്കഴിഞ്ഞ ഏഴു പതിറ്റാണ്ടിലായി ആ ആഗോള ചട്ടക്കൂട് പതിയെപ്പതിയെ പൂതലിച്ച് ഇന്നിപ്പോള്‍ നിലംപൊത്താറായ നിലയിലെത്തിയിരിക്കുന്നു. ആഗോളവത്കരണവും ദാരിദ്ര്യവും, അരികുവത്കരിക്കപ്പെട്ട തദ്ദേശ ജനവിഭാഗങ്ങളുടെ അസംതൃപ്തിയോടും ആകുലതകളോടും മുഖംതിരിച്ചു നിന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിസ്സംഗ നിലപാടും ഒന്നായി ചേര്‍ന്ന് ഉയര്‍ത്തിവിട്ട സമ്മര്‍ദബലം കാരണമാണ് ഈ ലോകക്രമം നിലംപതിക്കുന്നത്.
ഏതാനും മാസം മുമ്പു വരെ ഏതാണ്ടെല്ലാവരും ഉറപ്പിച്ചു: ഈ നൂറ്റാണ്ടിന്റെ  ഇനിയുള്ള ബാക്കി ലോകം ചലിക്കുന്നത് ബ്രസീല്‍ മുതല്‍ ഹംഗറി വരെയും  ഇന്ത്യ മുതല്‍ അമേരിക്ക വരെയും തിടംവെച്ചു വാഴുന്ന വലതുപക്ഷ രാഷ്ട്രീയം വരക്കുന്നതിനും തെളിക്കുന്നതിനും അനുസരിച്ചായിരിക്കും, ഒരിളക്കവും തട്ടാതെ  എല്ലാം കൈപ്പിടിയിലൊതുക്കി സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ അരങ്ങു വാഴും,  തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ ഇനിയും നിറഞ്ഞു നില്‍ക്കുക ഭ്രാന്തന്‍ ദേശീയതയെയും അപരവത്കരണത്തെയും പുറംതള്ളലിനെയും കുറിച്ച വാഗ്ദാനങ്ങള്‍ തന്നെയായിരിക്കും, യൂറോപ്യന്‍ നാടുകളിലെ കുടിയേറ്റ പ്രതിസന്ധി പോലുള്ള പ്രശ്നങ്ങള്‍ സങ്കുചിത ദേശരാഷ്ട്ര ചിന്താഗതിക്കാരുടെ വാദമുഖങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും, ദേശാന്തര കുടിയേറ്റങ്ങള്‍ തടയുന്നതിനും ദേശരാഷ്ട്രങ്ങളുടെ 'സ്വന്തം' പൗരന്മാരെ സംരക്ഷിക്കുന്നതിനും കടുത്ത നിയമങ്ങള്‍ ഇനിയും ആവിഷ്‌കരിക്കപ്പെടും.... എന്നാല്‍, സ്പാനിഷ് ഫ്ളൂവിനു ശേഷം ലോകം കണ്ട ഏറ്റവും മാരകമായ കോവിഡ് മഹാമാരി ഇതിന് മാറ്റം വരുത്തുമോ?  അതല്ല, അത്യന്തം നാടകീയമായി യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുകടക്കുന്നതിനു വരെ  പശ്ചാത്തലമായി വര്‍ത്തിച്ച, കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലൂടെ സവിശേഷ രൂപമാര്‍ജിച്ച നവ സമഗ്രാധിപത്യ ശക്തികള്‍, എല്ലാവിധ വേര്‍തിരിവുകളെയും തട്ടിമാറ്റി സര്‍വനാശം വിതച്ച് മുന്നേറുന്ന കോവിഡിനെയും ആഗോളവ്യാപകമായി അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളെയും പോറലേല്‍ക്കാതെ അതിജീവിക്കുമോ?
പാശ്ചാത്യരാഷ്ട്രങ്ങളിലെ ലിബറല്‍ ഭരണകൂടങ്ങള്‍ വരെ ആളുകളെ വേര്‍തിരിച്ചു നിരീക്ഷിച്ചും ക്വാറന്റൈന്‍ ചെയ്തും പാരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയും മറ്റും കടുത്ത നടപടികളെടുത്താണ് ഇപ്പോള്‍ കോവിഡിനെ നേരിടുന്നത്. എന്നാല്‍, രാഷ്ട്രാതിര്‍ത്തികള്‍ സൃഷ്ടിച്ച ഭേദചിന്തകള്‍ മാറ്റിവെച്ചുകൊണ്ടുള്ള ഉള്ളുതുറന്ന എന്‍ഗേജ്മെന്റും സഹകരണസംസ്‌കാരവും തങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്താതെയും ഒരാഗോള സുരക്ഷാ വലയമൊരുക്കാതെയും  ഈ മഹാമാരിയെയും അതിന്റെ അനന്തരാഘാതങ്ങളെയും മറികടക്കാനാവില്ലെന്ന് അധികം വൈകാതെത്തന്നെ ലോകരാഷ്ട്രങ്ങള്‍ക്ക് ബോധ്യപ്പെടും. ഇത്തരം പ്രതിസന്ധിഘട്ടങ്ങള്‍ നേരിടുന്നതിനുള്ള യാതൊരു മുന്നൊരുക്കങ്ങളും സന്നാഹങ്ങളും ഇല്ലാതെപോയതെന്തേ എന്ന മയമില്ലാത്ത ചോദ്യത്തിനു മറുപടി പറയാതെ മുന്നോട്ടു പോകാന്‍ ഭരണാധികാരികള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും അവരുടെ അനുയായിവൃന്ദങ്ങള്‍ക്കും ഇനി സാധ്യമല്ല. പാരിസ്ഥിതികദൂഷ്യങ്ങളെക്കുറിച്ച മുന്നറിയിപ്പുകള്‍ പുഛിച്ചുതള്ളിയും ഭ്രാന്തന്‍ ആശയങ്ങള്‍ക്കു പിറകെ ആള്‍ക്കൂട്ടങ്ങളെ ഇളക്കിവിട്ടും  നിറഞ്ഞാടിയ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ഈ ഭൂമിയുടെ ആവാസവ്യവസ്ഥയും സുസ്ഥിരതയും തകിടം മറിച്ചതിന് കണക്കു പറഞ്ഞേ മതിയാകൂ. വ്യാജം വിറ്റും നുണ പരത്തിയും തട്ടിപ്പു നടത്തിയും ജനപ്രാതിനിധ്യ വ്യവസ്ഥകളില്‍ കൈക്രിയ കാട്ടിയും അവിഹിതമാര്‍ഗേണ അധികാരം പിടിച്ചവരാണ് ഇവരൊക്കെയും.
യൂറോപ്പിലെ മാത്രമല്ല, ലാറ്റിനമേരിക്ക മുതല്‍ ദക്ഷിണേഷ്യയിലെ വരെയുളള ഭരണകൂടങ്ങള്‍ക്കിടയില്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കോവിഡ് ഏകീഭാവവും ഐക്യദാര്‍ഢ്യവും സഹകരണ മന:സ്ഥിതിയും സാധ്യമാക്കി. അവര്‍ അന്താരാഷ്ട്ര യാത്രാ നിയമങ്ങള്‍ ഏകോപിപ്പിക്കുന്നു, പൊതുജനാരോഗ്യം മാനേജ് ചെയ്യുന്നതിന് തന്ത്രങ്ങളും വിവരങ്ങളും പരസ്പരം പങ്കു വെക്കുന്നു, പുറത്തുവരുന്ന വാര്‍ത്തകളിലെ നിജ:സ്ഥിതി  അപ്പപ്പോള്‍ പരിശോധിച്ച് ഉറപ്പു വരുത്തി വിനിമയം ചെയ്യുന്നു, ശാസ്ത്രസംബന്ധമായ അറിവുകളും വൈദഗ്ധ്യവും അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു.
രണ്ടാം ലോകയുദ്ധാനന്തരം തകര്‍ന്നടിഞ്ഞ പടിഞ്ഞാറന്‍ യൂറോപ്പിനെ പുതുക്കിപ്പണിത മാര്‍ഷല്‍ പ്ലാന്‍ മാതൃകയില്‍, കോവിഡ് പടയോട്ടത്തില്‍ നിലംപരിശായിക്കഴിഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെയും വ്യാപാര മേഖലയെയും ഉത്തേജിപ്പിക്കുന്നതിനുള്ള പാക്കേജുകള്‍ രൂപപ്പെടുത്തുന്നതിന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സഹകരണം ഏറ്റവും അനിവാര്യമാണിപ്പോള്‍. സ്വന്തം താല്‍പര്യങ്ങളിലും നേട്ടങ്ങളിലും  മാത്രം ശ്രദ്ധയൂന്നി  മുന്നോട്ടു  നീങ്ങിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സങ്കുചിത ഏകധ്രുവ ഘടനയുടെ കരിനിഴലില്‍ നില്‍ക്കുന്ന നിലവിലെ അന്താരാഷ്ട്ര ക്രമത്തില്‍ ഇതത്ര എളുപ്പമല്ല. ഈ ഘടനയുടെ പ്രത്യേകത അത് വളരെ കുറച്ച്  ആളുകള്‍ക്കു മാത്രം പ്രാപ്യവും താങ്ങാനാവുന്നതുമായ  ഉല്‍പന്നങ്ങളും സേവനങ്ങളുമാണ് ലഭ്യമാക്കുക എന്നതാണ്. യഥാര്‍ഥത്തില്‍ നടപ്പാക്കേണ്ട ദേശീയ പദ്ധതികളെയും മുന്‍ഗണനകളെയും സമ്പദ് വ്യവസ്ഥയില്‍ ഉള്‍ച്ചേര്‍ക്കുന്നതിനോട് ഈ സിസ്റ്റം മുഖംതിരിച്ചു നില്‍ക്കുന്നു. കോവിഡ് സാഹചര്യത്തില്‍ യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഏകപക്ഷീയമായി വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വാര്‍ഥ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് യൂറോപ്യന്‍ നേതാക്കള്‍ പ്രതികരിച്ചത്.
പെട്രോളിയം വില നിര്‍ണയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുഊദിക്കും റഷ്യക്കുമിടയില്‍ കൊടുമ്പിരികൊണ്ട നിഴല്‍യുദ്ധം എണ്ണയുല്‍പാദക രാഷ്ട്രങ്ങളെ ബദല്‍മാര്‍ഗങ്ങള്‍ തേടുന്നതിന് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലം പെട്രോളിയം വിപണിയിലുണ്ടാക്കുന്ന കടുത്ത വിലത്തകര്‍ച്ചയും  അസ്ഥിരതയും പിടിച്ചു നിര്‍ത്താനും നിയന്ത്രിക്കാനുമുള്ള  ആലോചനകള്‍ക്ക് അവര്‍ തുടക്കമിട്ടുകഴിഞ്ഞു.
ഉപരോധങ്ങളിലൂടെ ഇറാനെ വരച്ച വരയില്‍ കൊണ്ടുവരാനുളള ശ്രമങ്ങള്‍ പുന:പരിശോധിക്കണമെന്ന് അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ യു.എസ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു.  മരുന്നും മറ്റു ചികിത്സാ സാമഗ്രികളും ഇറക്കുമതി ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങള്‍ക്ക് വലിയ പ്രതിബന്ധമാണ് ഉപരോധം സൃഷ്ടിക്കുന്നത്. തെഹ്റാനാകട്ടെ,  കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ ആദ്യമായി, കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് സഹായം തേടി അന്താരാഷ്ട്ര നാണയനിധിയെ സമീപിച്ചിരിക്കുകയാണ്. വിദൂര പാരസ്ത്യദേശത്ത്, തങ്ങളുടെ ആജന്മശത്രുവായ ചൈനയുടെ കോവിഡ് പ്രതിരോധ യുദ്ധത്തില്‍ സഹകരിക്കുന്നതിന് ജപ്പാന്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അവരുടെ അംഗങ്ങളോട് ശമ്പളം സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ ജപ്പാന്‍കാരുടെ ഉദാരമനസ്സിനെയും സഹാനുഭൂതിയെയും മതിമറന്നഭിനന്ദിച്ചാണ് ചൈനക്കാര്‍ ഇതിനോട് പ്രതികരിച്ചത്.
കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനനുസരിച്ച്,  ലോകരാഷ്ട്രങ്ങളില്‍ ഭരണതലപ്പത്തുള്ള  ആള്‍ക്കൂട്ടപ്രീണന രാഷ്ട്രീയക്കാര്‍ (ജീുൗഹശേെ)െ കടുത്ത വിശ്വാസ്യതാതകര്‍ച്ചയാണ് നേരിടാന്‍ പോകുന്നത്. തങ്ങള്‍ അഭിമുഖീകരിക്കുന്ന /അഭിമുഖീകരിക്കേണ്ട ഭരണപരവും അല്ലാത്തതുമായ തീക്ഷ്ണ യാഥാര്‍ഥ്യങ്ങളെ നേരിടുന്നതിനു പകരം, സൗകര്യത്തിനനുസരിച്ച് തരാതരം ശത്രുക്കളെ കല്‍പിച്ചുണ്ടാക്കി അപരവത്കരിക്കുന്നതില്‍ അതിമിടുക്ക് കാട്ടുന്നവരാണ് അമേരിക്കയിലെ ട്രംപ് മുതല്‍ ഇന്ത്യയിലെ മോദി വരെയുള്ളവര്‍. ഈ ഉദ്ദേശ്യാര്‍ഥം ആദ്യത്തെയാള്‍ കുടിയേറ്റക്കാരിലാണ് കണ്ണ് വെക്കാറുള്ളതെങ്കില്‍ രണ്ടാമത്തെയാള്‍ പിടികൂടാറുള്ളത് മുസ്ലിംകളെയാണ്. പക്ഷേ കോവിഡ് തീര്‍ത്ത യുദ്ധമുഖത്ത് പകച്ചുനില്‍ക്കുന്ന നേതാക്കളൊക്കെയും, വംശീയ വിവേചനത്തിലൂടെ അപരരെ നിര്‍മിച്ചെടുത്ത് ആ പാവങ്ങള്‍ക്കു മുന്നില്‍ മസിലു പെരുപ്പിക്കാനാവാത്ത നിലയിലാണിപ്പോള്‍. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും അതുയര്‍ത്തിവിട്ട ഭീഷണമായ സാഹചര്യത്തോട് കാര്യക്ഷമമായി പ്രതികരിക്കുന്നതിലുമുണ്ടായ  കഴിവുകേടിന് വലിയ വിമര്‍ശനങ്ങളാണ് ഈ പോപ്പുലിസ്റ്റുകള്‍ ഇപ്പോള്‍ വാങ്ങിച്ചുകൂട്ടുന്നത്. ഒരുപക്ഷേ ഇതു കൊണ്ടായിരിക്കാം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ ധൃതിപിടിച്ച് സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ ഒരു വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടിയത്. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ സ്വേഛാപൂര്‍വമുള്ള തന്റെ ഭരണനടപടികളിലൂടെ മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയിലെ ഉദ്ഗ്രഥനവും ഏകീഭാവവും ഉലച്ചുകളയുകയായിരുന്നു യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി. അയല്‍രാഷ്ട്രങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ മൂര്‍ഛിച്ചു ഇക്കാലയളവില്‍. 80 ലക്ഷം മനുഷ്യരെ കശ്മീരില്‍ മാസങ്ങളായി ഇന്റര്‍നെറ്റ് ഉള്‍പ്പെടെ മുഴുവന്‍ ആശയവിനിമയോപാധികളും നിഷേധിച്ച് വീടുകള്‍ക്കകത്ത് തളച്ചിട്ട് ലോക്ക് ഡൗണ്‍ ചെയ്തയാളാണ് മോദി.
സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കുമെതിരെ അയവില്ലാത്ത നിയമങ്ങളും കടുത്ത നിയന്ത്രണങ്ങളും നിരീക്ഷണങ്ങളുമുള്ള രാഷ്ട്രമാണ് കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന. ദൈനംദിന ഭരണനിര്‍വഹണത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പങ്കും, തെറ്റായ വാര്‍ത്തകളും വിവരങ്ങളും ചെറുക്കുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്കുളള ശക്തിയും തിരിച്ചറിയാന്‍ ഒടുവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ബന്ധിതമായി. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോഴും അതിന്റെ വ്യാപനവേളയിലും ശരിയായ വിവരങ്ങളും വസ്തുതകളും പിടിച്ചുവെച്ചതിനും മറച്ചുവെച്ചതിനും ചൈനക്ക് വലിയ വിലയൊടുക്കേണ്ടി വന്നിട്ടുണ്ട്.
ആഗോളതലത്തില്‍ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കോവിഡ്- 19 തിരികൊളുത്തുമോ? അതേയെന്ന് കരുതാന്‍ രണ്ടു കാരണങ്ങളുണ്ട്: യുദ്ധം, ഭൂകമ്പം, ക്ഷാമം തുടങ്ങിയ കെടുതികളില്‍നിന്ന് ഭിന്നമായി പകര്‍ച്ചവ്യാധികള്‍, ഭൂമിശാസ്ത്രപരമോ ദേശീയമോ വംശീയമോ ആയ ഒരു വിധ പക്ഷഭേദവും വിവേചനവും കാണിക്കില്ല എന്നതാണ് ഒന്നാമത്തെ കാരണം. മനുഷ്യന്‍ തീര്‍ത്ത അതിര്‍ത്തികളെ അപ്രസക്തമാക്കി സര്‍വരെയും 'ഉള്‍ക്കൊള്ളുന്ന' പ്രകൃതമാണ് മഹാമാരികളുടേത്. അതുകൊണ്ടുതന്നെ അതിനെ നേരിടുന്നതിലും എല്ലാവരും എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന വഴിയേ ലോകത്തിനു മുമ്പിലുള്ളൂ. രണ്ടാമത്തെ കാരണം ശീതയുദ്ധം, 9/11, ഇറാഖിലെയും അഫ്ഗാനിലെയും സിറിയയിലെയും യുദ്ധങ്ങള്‍ തുടങ്ങി ലോകം സുരക്ഷാഭീഷണി നേരിട്ട ഘട്ടങ്ങളില്‍നിന്ന് വ്യത്യസ്തമായി ഭരണകര്‍ത്താക്കള്‍ക്ക് കോവിഡ് വ്യാപനത്തെ തങ്ങളുടെ എതിരാളികളെയും പ്രതിപക്ഷത്തെയും നിശ്ശബ്ദമാക്കാനുള്ള ആയുധമാക്കാന്‍ കഴിയില്ല എന്നതാണ്. ഇത്തരം വിപത് ഘട്ടങ്ങളില്‍ വിമര്‍ശകരെ രാജ്യത്തോട് കൂറും സ്നേഹവുമില്ലാത്തവരെന്ന് മുദ്രകുത്താന്‍ സാധിക്കില്ല. ചുരുക്കത്തില്‍, ഈ സാഹചര്യം ഭരണമാറ്റങ്ങള്‍ക്കും നേതൃമാറ്റങ്ങള്‍ക്കും വഴിയൊരുക്കും. പാര്‍ശ്വവത്കരിക്കപ്പെട്ട രാഷ്ട്രീയ ധാരകള്‍ക്കും പാര്‍ട്ടികള്‍ക്കും സ്വയം നവീകരിക്കാനും ശക്തമായി രംഗത്തു വരാനും ഈ സന്ദര്‍ഭം പശ്ചാത്തലമൊരുക്കും.
എല്ലാറ്റിലുമുപരി, ജനാധിപത്യ ഗവണ്‍മെന്റുകളും സ്വേഛാധിപത്യ ഭരണകൂടങ്ങളും ഒരുപോലെ തങ്ങളുടെ ആഭ്യന്തര - വിദേശ നയങ്ങളുടെയും ചെയ്തികളുടെയും പേരില്‍ ധാര്‍മിക വിചാരണക്ക് വിധേയമാകും. ഒപ്പം  അസമത്വം, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക അസ്വസ്ഥതകള്‍ തുടങ്ങിയവയെ അഭിമുഖീകരിക്കാനുള്ള രാഷ്ട്രങ്ങളുടെ ശേഷിയും സന്നദ്ധതയും  ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാട്ടപ്പെടുകയും ചെയ്യും.
ദുര്‍ബല രാഷ്ട്രങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍  സമ്പന്ന മുതലാളിത്ത രാജ്യങ്ങളട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇത് യാഥാര്‍ഥ്യമായാലും ഇല്ലെങ്കിലും, ഘടനാപരമായ പരിഷ്‌കരണത്തിന്റെ അഭാവം, സാമൂഹിക നീതിയോട് പ്രതിബദ്ധതയില്ലായ്മ, ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പു തന്നെ രാഷ്ട്രങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സഹകരണം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കാണിക്കുന്ന അലംഭാവം തുടങ്ങിയവയുടെയൊക്കെ ഉത്തരവാദിത്തം ബോധിപ്പിക്കുന്നതിന് ഗവണ്‍മെന്റുകളും അതിന്റെ നിര്‍വഹണ സംവിധാനങ്ങളും പ്രതിക്കൂട്ടിലേറും. ഈ കൊടുങ്കാറ്റിന്റെ ഹുങ്കാരമടങ്ങുന്നത് എപ്പോഴാണെങ്കിലും, ദേശരാഷ്ട്രങ്ങളുടെ പരസ്പര ബന്ധങ്ങളില്‍ അനുവര്‍ത്തിക്കപ്പെടേണ്ട പുതിയ ക്രമങ്ങളും ചട്ടങ്ങളും ഉരുത്തിരിഞ്ഞു വരാനുള്ള സാധ്യതകള്‍ ഏറെ വര്‍ധിച്ചിരിക്കുകയാണിപ്പോള്‍. 

വിവ: മുഹമ്മദ് ഫിന്‍സര്‍
അവലംബം: അല്‍ജസീറ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്