Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

വേദനകളുടെ കയ്പും വിശ്വാസത്തിന്റെ മാധുര്യവും

സി.ടി സുഹൈബ്

മുസ്‌ലിം സമുദായം ഇന്ത്യയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍, ഇസ്ലാമിക ആദര്‍ശ, വിശ്വാസങ്ങളുടെ സ്വാഭാവികമായ പ്രതിഫലനവും ചരിത്രത്തിന്റെ തുടര്‍ച്ചയുമാണ്. രാജ്യത്ത് സംഘ്പരിവാര്‍ വംശീയത പ്രത്യക്ഷമായിത്തന്നെ നിറഞ്ഞാടുകയും ഒരു മറയുമില്ലാതെ ഭരണകൂടം നേരിട്ട് മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതും ഇതിന്റെ ഭാഗമായി വേണം മനസ്സിലാക്കാന്‍. നീതിയും ന്യായവും ഉറപ്പുവരുത്തേണ്ട ജുഡീഷ്യറി പോലും ഹിന്ദുത്വ അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. നിയമപാലനം ഉറപ്പുവരുത്തേണ്ട പോലീസ് സംവിധാനങ്ങള്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ക്ക് കാവലിരിക്കുന്നു. സംഘ് അനുകൂല വിധിതീര്‍പ്പ് നല്‍കിയ ചീഫ് ജസ്റ്റിസിന് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്നോണം വിരമിച്ചപ്പോള്‍ രാജ്യസഭാ സീറ്റ് നല്‍കുകയുണ്ടായി. ഒരു മറയുമില്ലാതെയാണ് ഞങ്ങളിതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വിളിച്ചുപറയുന്നു ഭരണകൂടം. രാജ്യത്ത് മുസ്ലിം സമുദായത്തിന്റെ അസ്തിത്വം എല്ലാ അര്‍ഥത്തിലും അരക്ഷിതമാക്കപ്പെട്ടിരിക്കുന്നു.
എന്തുകൊണ്ട് മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ ഇസ്‌ലാമിന്റെ ആശയങ്ങളും അടിസ്ഥാനങ്ങളും തന്നെയാണ് അതിന് ശത്രുക്കളെ സമ്മാനിക്കുന്നതെന്ന് പ്രമാണങ്ങളും ചരിത്രവും പറഞ്ഞു തരുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ മുന്‍കഴിഞ്ഞ പ്രവാചക തലമുറകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്തെല്ലാം വിശ്വാസികള്‍ അഭിമുഖീകരിച്ച പ്രതിസന്ധികളെയും അനുഭവിച്ച പീഡനങ്ങളെയും കുറിച്ച വിവരണങ്ങള്‍ കാണാനാകും. സംഘര്‍ഷഭരിതമായിരുന്നു അധിക ചരിത്രങ്ങളും. അതിന്റെ കാരണങ്ങളാകട്ടെ പ്രവാചകന്മാര്‍ ഉയര്‍ത്തിയ ആശയങ്ങളും.
അധികാരവും സമ്പത്തും വംശമഹിമയും സ്വാധീനങ്ങളും ഉപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്തിരുന്ന വിഭാഗങ്ങള്‍ എല്ലാ കാലത്തുമുണ്ടായിരുന്നു. അത്തരം അധികാരങ്ങളോടും അനീതികളോടും കലഹിച്ചുകൊണ്ടായിരുന്നു പ്രവാചകന്മാരും വിശ്വാസികളും സമൂഹത്തില്‍ എഴുന്നേറ്റു നിന്നത്. അതിനാല്‍തന്നെ തങ്ങളുടെ മേല്‍ക്കോയ്മാ സംരക്ഷണത്തിന് ഇസ്‌ലാമിന്റെ വക്താക്കളെ ഉന്മൂലനം ചെയ്യല്‍ അവരുടെ ആവശ്യമായിത്തീര്‍ന്നു. 'അവ്വിധം എല്ലാ പ്രവാചകന്മാര്‍ക്കും കുറ്റവാളികളായ ചില ശത്രുക്കളെ നാമുണ്ടാക്കിയിരിക്കുന്നു' (25:31) എന്ന ഖുര്‍ആനിക വചനത്തിന്റെ പൊരുളും അതു തന്നെയാണ്.
മനുഷ്യന്റെ മോക്ഷവും വിമോചനവും ലക്ഷ്യം വെക്കുന്ന ഇസ്ലാം പരലോകത്തെ കുറിച്ച് മാത്രമല്ല ഇഹലോകത്ത് നേടിയെടുക്കേണ്ട വിജയത്തെക്കുറിച്ചും സാക്ഷാത്കരിക്കേണ്ട ലക്ഷ്യത്തെക്കുറിച്ചും പഠിപ്പിക്കുന്നുണ്ട്. സ്വര്‍ഗം ലക്ഷ്യമായല്ല ലക്ഷ്യത്തിനു വേണ്ടി പണിയെടുക്കുന്നതിനുള്ള പ്രതിഫലമായാണ് (ജസാഅ്, അജ്ര്‍) ഖുര്‍ആന്‍ പറയുന്നത്.
മനുഷ്യാടിമത്തത്തില്‍നിന്നുള്ള മോചനം, നീതി, നന്മ, സുരക്ഷിതത്വം, ക്ഷേമം തുടങ്ങി മനുഷ്യജീവിതത്തിന്റെ സമാധാനപൂര്‍ണമായ മുന്നോട്ടുപോക്ക് ഉറപ്പു വരുത്തുന്ന ഉന്നതമൂല്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് ശരീഅത്തിന്റെ താല്‍പര്യങ്ങളും ദീനിന്റെ ലക്ഷ്യവും. അതാകട്ടെ പലര്‍ക്കും എളുപ്പത്തില്‍ അംഗീകരിച്ചുതരാന്‍ കഴിയുന്ന കാര്യമല്ല. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ലക്ഷ്യം അവരെ അലോസരപ്പെടുത്തുന്നതു തന്നെയാണ്. ''....നിങ്ങള്‍ ഈ ദീനിനെ സ്ഥാപിക്കുക, അതില്‍ ഭിന്നിക്കാതിരിക്കുക. നിങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായിത്തോന്നും....'' (ഖുര്‍ആന്‍: 42:13).
അല്ലാഹു മാത്രമാണ് ഇലാഹ് (ലാ ഇലാഹ ഇല്ലല്ലാഹ്), അവന്‍ മാത്രമാണ് വലിയവന്‍ (അല്ലാഹു അക്ബര്‍) തുടങ്ങിയ ആദര്‍ശ അടിത്തറകള്‍ ഇളക്കിയത് ജനങ്ങള്‍ക്കു മേല്‍ അധികാരം വാണിരുന്ന ചൂഷകരുടെ സിംഹാസനങ്ങളെയായിരുന്നു. അതവര്‍ക്ക് അസഹനീയമായിരുന്നു. ഈ ആശയത്തിന്റെ വക്താക്കളായി എന്നതിനാല്‍ തന്നെ അവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഖുര്‍ആന്‍ അസ്ഹാബുല്‍ ഉഖ്ദൂദിന്റെ ചരിത്രം പറയുന്നിടത്ത് അവര്‍ ക്രൂശിക്കപ്പെട്ടതിന്റെ കാരണം മുസ്‌ലിം എന്ന സ്വത്വമായിരുന്നെന്ന് പറയുന്നു. 'അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ' (ഖുര്‍ആന്‍: 85:8).
ദൗത്യനിര്‍വഹണത്തില്‍ പിറകോട്ടു പോകുന്നതുകൊണ്ടു മാത്രമാണ് മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുന്നത് എന്നത് ശരിയായ വിലയിരുത്തലല്ല. ദൗത്യനിര്‍വഹണത്തില്‍ മുന്നോട്ട് പോകും തോറും പ്രതിസന്ധികള്‍ വര്‍ധിച്ചുവരും, നിലനില്‍പ് തന്നെ അപകടത്തിലാകും. ദൗത്യം നിര്‍വഹിക്കുന്നില്ലെങ്കില്‍ പോലും മുസ്‌ലിംകളുടെ സാന്നിധ്യം തന്നെ തങ്ങള്‍ക്ക് അപകടമാണെന്ന ചിന്തയാണ് അപരവത്കരണത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നത്. അതിന്റെ കാരണമാകട്ടെ നേരത്തേ സൂചിപ്പിച്ച, ഇസ്‌ലാമിന്റെ ആശയങ്ങള്‍ തന്നെയാണ്.
നൂറ്റാണ്ടുകളോളം ലോകത്ത് നീതിയുടെയും നന്മയുടെയും സൗരഭ്യം പരത്തിയ നാഗരിക -  സംസ്‌കാര നേതൃത്വമായിരുന്നു ഇസ്ലാം. യൂറോപ്യന്‍ നാഗരികത വികാസം തുടങ്ങിയ കാലംതൊട്ടേ ഇസ്‌ലാമിനെ ഉന്നം വെച്ചു തുടങ്ങി. തങ്ങളുടെ വംശീയ താല്‍പര്യങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇസ്‌ലാമാണ് വെല്ലുവിളി എന്ന തിരിച്ചറിവാണ് ഇസ്‌ലാമിനെതിരെ സായുധമായും സാംസ്‌കാരികമായുമുള്ള അധിനിവേശത്തിന് യൂറോപ്പിനെ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കാന്‍ കഴിയും. അങ്ങനെയാണ് സമാധാനവും നീതിയും ക്ഷേമവും സാക്ഷാത്കരിച്ച ഇസ്‌ലാം ഭീകരതയുടെയും തീവ്രവാദത്തിന്റെയും പ്രാകൃത സംസ്‌കാരത്തിന്റെയും മതമായി ചിത്രീകരിക്കപ്പെട്ടത്.
ഇന്ത്യന്‍ സാമൂഹിക ഘടനയെ നിര്‍ണയിച്ചത് ജാതീയതയായിരുന്നു. മുസ്‌ലിംകളുടെ കടന്നുവരവാണ് ജാതീയ ശ്രേണീ അധികാര ഘടനയില്‍ വിള്ളലുകള്‍ വീഴ്ത്തിയത്. പ്രായോഗികമായും ആശയപരമായുമുള്ള ഇസ്ലാമിന്റെ സാഹോദര്യ സന്ദേശങ്ങളുടെ ഇടപെടലുകള്‍ വമ്പിച്ച തോതിലുള്ള മതപരിവര്‍ത്തനങ്ങള്‍ക്കും അതുവഴി സാമൂഹിക മാറ്റങ്ങള്‍ക്കും വഴിവെച്ചു. ഇസ്‌ലാമിന്റെ വ്യാപനവും മതപരിവര്‍ത്തനങ്ങളും തടയാനായി ജാതിഘടനയില്‍ വേര്‍തിരിക്കപ്പെട്ട സമുദായങ്ങളെ ഹിന്ദു എന്ന സംവര്‍ഗത്തില്‍ ഉള്‍പ്പെടുത്തി. വര്‍ഗീയത എന്ന സംജ്ഞയെ സൗകര്യപൂര്‍വം ഉപയോഗപ്പെടുത്തി ഹിന്ദു-മുസ്‌ലിം ദ്വന്ദ്വം സൃഷ്ടിച്ചെടുത്തു. ഹിന്ദുത്വ ശക്തികള്‍ വിഭാവന ചെയ്യുന്നത് ജാതി മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ രാഷ്ട്ര സങ്കല്‍പമാണ്. അത് യാഥാര്‍ഥ്യമാകണമെങ്കില്‍ മുസ്‌ലിംകള്‍ ഉന്മൂലനം ചെയ്യപ്പെടണം. കാരണം മുസ്‌ലിംകള്‍ ഇവിടെ നിലനിന്നാല്‍ ഇസ്‌ലാമിന്റെ സമത്വ കാഴ്ചപ്പാടും സാഹോദര്യവും ജാതിമേല്‍ക്കോയ്മയില്‍ ഇനിയും വിള്ളലുകള്‍ സൃഷ്ടിക്കും. അതിനാല്‍ ഒന്നുകില്‍ രാജ്യം വിട്ടുപോവുക അല്ലെങ്കില്‍ കൊല്ലപ്പെടാന്‍ ഒരുങ്ങുക. അതുമല്ലെങ്കില്‍ സ്വന്തം മതവും ആശയങ്ങളും കൈയൊഴിഞ്ഞ് സവര്‍ണ സംസ്‌കാരത്തിന് കീഴൊതുങ്ങി ജീവിക്കുക. ഈ സാധ്യതകളാണ് മുസ്‌ലിംകള്‍ക്കു മുന്നില്‍ സംഘ്പരിവാര്‍ വെച്ചിട്ടുള്ളത്.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ആദര്‍ശത്തില്‍ അടിയുറച്ചുനിന്ന് പ്രതിരോധം തീര്‍ക്കാനാണ് അല്ലാഹു വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത്. ആ പ്രതിരോധത്തിന്, കൂടെ ആരൊക്കെ ഉണ്ട് എന്നത് മാത്രമല്ല അതിനേക്കാള്‍ കൂടുതല്‍ ആത്മീയ ഊര്‍ജം ഉള്ളില്‍ സംഭരിക്കണമെന്നും അത്തരം പ്രചോദനങ്ങള്‍ കൂടി ദീനില്‍നിന്നും ചരിത്രത്തില്‍നിന്നും കണ്ടെടുക്കണമെന്നും ഉദ്‌ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.
നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം എന്ന് ജനങ്ങള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ ഈമാന്‍ വര്‍ധിപ്പിക്കുകയാണുണ്ടായത്. 'ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്' (ഖുര്‍ആന്‍: 3:113).
ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ മുസ്‌ലിംകളുടെ പ്രചോദനങ്ങള്‍ കേവല രാജ്യസ്നേഹം എന്നത് മാത്രമായിരുന്നില്ല. മറിച്ച്, അടിമത്തത്തോട് വിസമ്മതിക്കുന്ന ഇസ്‌ലാമിന്റെ സ്വാതന്ത്ര്യ-അഭിമാന ബോധവും കൂടിയായിരുന്നു.
മാത്രമല്ല, സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയ ഖിലാഫത്ത് പ്രക്ഷോഭം തീര്‍ത്തും ദീനീവികാരങ്ങള്‍ ആവേശം പകര്‍ന്ന പോരാട്ടങ്ങള്‍ കൂടിയായിരുന്നല്ലോ. അനീതിക്കും അക്രമത്തിനുമെതിരായ പോരാട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ ചിഹ്നങ്ങളും ഭാഷയും പ്രചോദനങ്ങളാണ്. അത് ഏതെങ്കിലും മതവിഭാഗത്തിനെതിരായ വികാരമല്ല, മറിച്ച് അക്രമത്തിനും അനീതിക്കുമെതിരായ ശബ്ദമാണ്.
മുസ്‌ലിമായി ജീവിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ സാഹസമാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടു പോകുന്നവര്‍ക്ക് ദൈവിക സഹായമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. സ്വര്‍ഗമെന്നത് ചുളുവില്‍ നേടിയെടുക്കാന്‍ കഴിയുന്നതല്ലെന്നും വിലകൂടിയ ഉപഹാരമാണെന്നും അടിക്കടി ഉണര്‍ത്തുന്നുണ്ട്.
''അല്ല, നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്ക് വന്നെത്താതെ തന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നു കളയാമെന്ന് കരുതുന്നുണ്ടോ....'' (ഖുര്‍ആന്‍: 2:214).
പ്രതിസന്ധികളെയും പ്രശ്നങ്ങളെയും തരണം ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു കൂടി നാം ക്രിയാത്മകമായി ആലോചിക്കേണ്ടതുണ്ട്. അത്തരം വഴികളിലേക്ക് വെളിച്ചം വീശുന്ന ഖുര്‍ആനിക പാഠങ്ങളെ നാം സമകാലികമായി വികസിപ്പിച്ചെടുക്കണം. അതില്‍ ഒന്നാമത്തേത്,  എന്തുകൊണ്ടാണ് വിവേചനങ്ങളും പീഡനങ്ങളും നേരിടേണ്ടി വരുന്നത് എന്ന തിരിച്ചറിവ് സമുദായത്തിനുണ്ടാകുക എന്നതു തന്നെയാണ്. ഇസ്‌ലാം എന്നത് സമൂഹത്തിലെ പ്രശ്നങ്ങളിലൊന്നും തിരിഞ്ഞു നോക്കാതെ അരികിലൂടെ നടന്നുപോകുന്ന ഒരു സാധു ദീനല്ലെന്നും സമൂഹത്തില്‍ ഇടപെട്ട് സംവദിച്ചും തിരുത്തലുകള്‍ക്ക് നേതൃത്വം കൊടുത്തുമൊക്കെ മുന്നോട്ടു പോകുന്നതാണ് ദീനിന്റെ സ്വഭാവമെന്നും അതുകൊണ്ടാണ് ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നതെന്നുമുള്ള ബോധ്യം ആദര്‍ശബോധവും ആത്മവിശ്വാസവും പകരും. നൈരാശ്യം കൈവെടിഞ്ഞ് അഭിമാനപൂര്‍വം പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കരുത്തേകും.
അസഹനീയമായ പീഡനങ്ങള്‍ വിവരിച്ച് റസൂലിന്റെ അരികിലെത്തിയ വിശ്വാസികളോട് അദ്ദേഹം പറഞ്ഞത്; ഈ ദീന്‍ ഇങ്ങനെ തന്നെയാണ്, നിങ്ങളേക്കാള്‍ പീഡനങ്ങള്‍ താണ്ടിയവരാണ് മുന്‍ഗാമികള്‍. പക്ഷേ, നിങ്ങള്‍ നിരാശരാവേണ്ടതില്ല, ഈ ദീനിവിടെ പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും എന്നാണല്ലോ.
വിശ്വാസദാര്‍ഢ്യം ഉള്ളവരാവുക എന്നതാണ് രണ്ടാമത്തെ കാര്യം. ഇത് സത്യത്തിന്റെയും നീതിയുടെയും വഴിയാണെന്നും എതിര്‍പക്ഷത്ത് എത്ര വലിയ ശക്തിയാണെങ്കിലും നമ്മുടെ കൂടെ അല്ലാഹുവാണ് ഉള്ളതെന്നുമുള്ള ബോധ്യം മനസ്സിന് കരുത്തും കുളിര്‍മയുമേകും. ഈമാനിന്റെ മാധുര്യം പ്രയാസങ്ങളെ നിസ്സാരമാക്കും. ബിലാലി(റ)നോട് ഒരിക്കലൊരാള്‍, 'താങ്കളെങ്ങനെയാണ് കൊടിയ പീഡനങ്ങള്‍ സഹിച്ചത്' എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി, 
'എന്റെ ശരീരത്തിന്റെ വേദനകളുടെ കയ്പിനെ ഞാനെന്റെ മനസ്സിലെ ഈമാനിന്റെ മാധുര്യം കൊണ്ട് മറികടന്നു'  എന്നായിരുന്നു.
നമസ്‌കാരം പോലുള്ള ആരാധനകള്‍ അതിന്റെ ചൈതന്യം അനുഭവിച്ച് അനുഷ്ഠിക്കാന്‍ കഴിയണം. അത് ദൈവിക സഹായത്തിന്റെ വഴിയാണ്. 'സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക' (ഖുര്‍ആന്‍: 2:45).
ജമാഅത്ത് നമസ്‌കാരങ്ങളില്‍ ഒരു പ്രദേശത്തെ മുഴുവന്‍ വിശ്വാസികളും ഒരുമിച്ചുകൂടുമ്പോള്‍ അത് വലിയ സാമൂഹികബോധവും സുരക്ഷിതത്വവും സൃഷ്ടിക്കുന്നു. രാത്രി നമസ്‌കാരങ്ങള്‍ കൂടുതല്‍ കരുത്തേകും. ദൗത്യമേല്‍പിക്കപ്പെട്ട ആദ്യനാളുകളില്‍ തന്നെ റസൂലി(സ)നോട് അല്ലാഹു രാത്രി നമസ്‌കാരങ്ങള്‍ കല്‍പിക്കുന്നുണ്ട്. നിര്‍വഹിക്കാനുള്ള ദൗത്യം ഭാരിച്ചതാണെന്നും അതുമായി മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജമാണ് അന്ത്യയാമങ്ങളില്‍ നാഥനു മുന്നിലുള്ള സുജൂദെന്നുമുള്ള പാഠം വിസ്മരിക്കാന്‍ പാടില്ലാത്തതാണ്.
ഒരു സമുദായമെന്ന നിലക്ക് ദീര്‍ഘവീക്ഷണവും വിവേകവും പ്രായോഗിക ബുദ്ധിയുമുള്ള നേതാക്കളും കൃത്യമായ ആസൂത്രണങ്ങളും അനിവാര്യമാണ്. വെല്ലുവിളികള്‍ നേരിടാനുള്ള പ്രായോഗിക പദ്ധതികളുണ്ടാവുകയും സമുദായത്തെ മുഴുവന്‍ ആ പദ്ധതികള്‍ക്കു കീഴില്‍ ഒരുമിപ്പിച്ചു നിര്‍ത്താനാവുകയും വേണം. ന്യായമായ അവകാശ പോരാട്ടങ്ങള്‍ക്ക് കൂടെ നില്‍ക്കാന്‍ തയാറുള്ള, സമുദായത്തിനു പുറത്തുള്ള പരമാവധി ആളുകളെ ചേര്‍ത്തു നിര്‍ത്താനാവണം. റസൂലും സ്വഹാബത്തും വലിയ പ്രതിസന്ധി അഭിമുഖീകരിച്ച ഘട്ടത്തില്‍ നടന്ന ഹിജ്റയുടെ ആസൂത്രണവും പദ്ധതികളും പരിശോധിച്ചാല്‍ എത്രമാത്രം സൂക്ഷ്മതയോടെയും ദീര്‍ഘവീക്ഷണത്തോടെയും പ്രായോഗികമായുമാണ് അത് വിജയകരമാക്കിയതെന്ന് പഠിച്ചെടുക്കാന്‍ കഴിയും.
സമര്‍പ്പണവും ത്യാഗസന്നദ്ധതയുമുള്ള ആളുകള്‍ ധാരാളമുണ്ടാകണം. നേടിയെടുക്കേണ്ട ലക്ഷ്യം വലുതാകുകയും മാര്‍ഗങ്ങള്‍ പ്രയാസങ്ങള്‍ നിറഞ്ഞതാവുകയും ചെയ്യുമ്പോള്‍ കൂടുതല്‍ സമര്‍പ്പണവും ത്യാഗവും അതാവശ്യപ്പെടും.
സ്വര്‍ഗത്തിനു പകരമായി അല്ലാഹുവിന് സ്വന്തമായതെല്ലാം വിറ്റവരാണ് വിശ്വാസികള്‍. സത്യത്തിന്റെ മാര്‍ഗത്തിലുള്ള പോരാട്ടത്തില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഒരു പ്രിയപ്പെട്ട കാര്യവും അവനുണ്ടാവില്ല. ആ ബോധ്യമാണ് ജീവിതത്തിനു പോലും അവനെ സന്നദ്ധമാക്കുന്നത്. 'അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന വ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു....' (ഖുര്‍ആന്‍: 9:111).
ശഹാദത്തിന്റെ പദവിയും പ്രാധാന്യവുമറിഞ്ഞ് അതാഗ്രഹിക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നവരുണ്ടാകണം. ആ മാര്‍ഗത്തില്‍ മുമ്പേ നടന്ന ശുഹദാക്കളുടെ ഓര്‍മകള്‍ പ്രചോദനങ്ങളാകണം. മരണപ്പെട്ടാല്‍ കാത്തു കിടന്നിരുന്ന സുകൃതങ്ങളില്‍ മനസ്സ് ശാന്തമാകണം.
കായികമായ ആക്രമണങ്ങള്‍ നേരിടുന്ന സമയത്ത് പ്രതിരോധിക്കാതെ കീഴടങ്ങാന്‍ ദീന്‍ പഠിപ്പിക്കുന്നില്ല. നിയമവും സ്വയം പ്രതിരോധത്തിന് സാധുത നല്‍കുന്നുണ്ട്. കായികമായ കരുത്തും ഭൗതികമായ ശക്തിയും ഏതൊരു സമൂഹത്തിന്റെ അതിജീവനത്തിനും പ്രധാനമാണ്. റസൂല്‍ (സ) പഠിപ്പിക്കുന്നു: 'ഒരാള്‍ തന്റെ സമ്പത്ത് സംരക്ഷിക്കാന്‍ പോരാടി മരിച്ചാല്‍ അവന്‍ ശഹീദാണ്. തന്റെ ജീവന്‍ സംരക്ഷിക്കാനായി പോരാടി മരിച്ചാല്‍ ശഹീദാണ്. ദീന്‍ സംരക്ഷിക്കാന്‍ പോരാടി മരിച്ചാലും ശഹീദാണ്. കുടുംബത്തെ രക്ഷിക്കാന്‍ പോരാടി മരിച്ചവനും ശഹീദ് തന്നെ.'
ആത്മധൈര്യവും ആര്‍ജവവും അഭിമാനവുമുള്ള സമൂഹമായിരിക്കണം നാമെപ്പോഴും. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തില്‍ അതിജീവനത്തിന്റെ വഴിയില്‍ സ്വയം ശാക്തീകരണത്തോടൊപ്പം ജനകീയമായ പ്രതിരോധങ്ങള്‍ കൂടി രൂപപ്പെടണം. ജനാധിപത്യ രീതിയിലുള്ള വമ്പിച്ച സമരങ്ങള്‍ ശക്തമായാല്‍ മാത്രമേ ഭരണകൂട നേതൃത്വത്തിലുള്ള ഉന്മൂലന ശ്രമങ്ങളെ പരാജയപ്പെടുത്താനാകൂ.
സ്വേഛാധിപത്യശക്തികള്‍ അരങ്ങു വാണിരുന്ന ചരിത്ര ഘട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ ശക്തിയെയും മേല്‍ക്കോയ്മയെയും വിവരിച്ചതിനു ശേഷം മര്‍ദിതരും പീഡിതരുമായ ജനവിഭാഗങ്ങളുടെ അതിജീവനത്തെ കുറിച്ചാണ് അല്ലാഹു പറയുന്നത്: 'എന്നാല്‍, ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്നാണ് നാമുദ്ദേശിക്കുന്നത്. അവരെ നേതാക്കളും അവകാശികളുമാക്കണമെന്നും...' (ഖുര്‍ആന്‍: 28:5).
മിഥ്യയില്‍ കെട്ടിപ്പടുത്ത ആശയങ്ങളും അധികാരങ്ങളും ഒരു നാള്‍ പരാജയപ്പെടും. സത്യത്തിന്റെയും നന്മയുടെയും നീതിയുടെയും സമാധാനത്തിന്റെയും ധാര്‍മികതയുടെയും മൂല്യങ്ങള്‍ക്ക് മേല്‍ക്കോയ്മ ലഭിക്കും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. പക്ഷേ, അത് പുലരുന്നത് നമ്മുടെ പരിശ്രമങ്ങള്‍ക്കനുസരിച്ചാണ്. നീതി പുലരുന്ന കാലത്തെ തെളിനീരിന്റെ ഒഴുക്കില്‍ നമ്മുടെ ത്യാഗങ്ങളുടെ കഥകള്‍ കൂടി ചേര്‍ക്കപ്പെടേണ്ടതുണ്ട്.
''അവന്‍ മാനത്തു നിന്ന് വെള്ളമിറക്കി. അങ്ങനെ അരുവികളിലൂടെ അവയുടെ വലുപ്പത്തിന്റെ തോതനുസരിച്ച് അതൊഴുകി. ആ പ്രവാഹത്തിന്റെ ഉപരിതലത്തില്‍ പതയുണ്ട്. ആഭരണങ്ങളോ ഉപകരണങ്ങളോ ഉണ്ടാക്കാനായി അവര്‍ തീയിലിട്ടുരുക്കുന്നവയില്‍നിന്ന് ഇതുപോലെ പതയുണ്ടാകാറുണ്ട്. ഇവ്വിധമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ പത വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യും. അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു' (ഖുര്‍ആന്‍: 13:17).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്