Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

കെ.ടി അബ്ദുര്‍റഹ്മാന്‍ കാവനൂര്‍

സഈദ് മുത്തനൂര്‍

കാവനൂരിലെ ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും കെ.ടി എന്ന രണ്ടക്ഷരത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതനുമായിരുന്ന കെ.ടി അബ്ദുര്‍റഹ്മാന്‍ സാഹിബ് (70) ഫെബ്രുവരി 23-ന് അല്ലാഹുവിലേക്ക് യാത്രയായി. ഹല്‍ഖാ നാസിം സ്ഥാനം പലവട്ടം വഹിച്ചിട്ടുള്ള അദ്ദേഹം കാവനൂര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് 2000-ത്തില്‍ സ്ഥാപിച്ചതു മുതല്‍ അതിന്റെ ചെയര്‍മാനായിരുന്നു. സാമ്പത്തികമായി പൊതുവെ സുസ്ഥിതിയുള്ള കുടുംബമായിരുന്നു കെ.ടിയുടേത്. കുടുംബപരമായ തിരക്കുകള്‍ക്കിടയിലും ആദ്യകാലത്ത് പ്രസ്ഥാനം വിളിച്ചാല്‍ കെ.ടി അവിടെ ഹാജരുണ്ടാകും; പ്രവര്‍ത്തക യോഗമായാലും പൊതുപരിപാടിയായാലും.
തന്റെ നാടായ ഇരുവേറ്റിയിലെ പഴയ ജുമുഅത്ത് പള്ളി സെക്രട്ടറി സ്ഥാനം ഏറെക്കാലം വഹിച്ചിട്ടുള്ള അന്നും ജമാഅത്ത് പ്രവര്‍ത്തകന്‍ തന്നെയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് ഇരുവേറ്റിയില്‍ ഒരു ഘടകമുണ്ടായിരുന്ന കാലത്ത് കെ.ടിയായിരുന്നു നാസിം. കെ.ടി ആബിദീന്‍ സെക്രട്ടറിയും. ക്ലര്‍ക്ക് എന്ന പേരിലറിയപ്പെട്ടിരുന്ന അരീക്കോട്ടെ കെ. മമ്മദ്, പൂവഞ്ചേരി മുഹമ്മദ് തുടങ്ങിയവരാണ് കാവനൂരില്‍ വന്ന് പ്രവര്‍ത്തക വൃത്തമുണ്ടാക്കിയത്. പോപ്പുലര്‍ നാണി എന്ന പരേതനായ ടി.വി മുഹമ്മദുണ്ണിയുടെ പെട്ടിക്കടയായിരുന്നു കാവനൂരില്‍ അവരുടെ സംഗമസ്ഥലം.
സ്‌കോഡ് വര്‍ക്കിന് കെ.ടിയുണ്ടെങ്കില്‍ കൂടെയുള്ളവര്‍ക്ക് ഒപ്പം നടന്നാല്‍ മതി. ഇസ്‌ലാഹീ പ്രവര്‍ത്തകരുള്ള തന്റെ കുടുംബ വീടുകളില്‍ ചെന്ന് പ്രസ്ഥാനത്തെ പരിചയപ്പെടുത്താന്‍ വലിയ ഉത്സാഹമായിരുന്നു. സ്‌കോഡിന് പോകുമ്പോള്‍ നേരെ വിഷയത്തിലേക്ക് കടക്കാതെ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാണ് കെ.ടി തനിക്ക് പറയാനുള്ള കാര്യം അവതരിപ്പിക്കുക. 'അതൊക്കെ അങ്ങനെ പോകും, നമുക്ക് നാളേക്കു വേണ്ടി വല്ലതും ചെയ്യേണ്ടേ' എന്ന ചോദ്യത്തോടെ ഏത് കാമ്പയിന്‍ വിഷയവും അവതരിപ്പിക്കാന്‍ വഴിതുറക്കും. ഔപചാരിക വിദ്യാഭ്യാസം ഏറെയൊന്നും നേടിയിട്ടില്ലാത്ത കെ.ടി വായനയിലൂടെ തന്റെ വൈജ്ഞാനിക മേഖല വികസിപ്പിച്ചു. ജമാഅത്ത് വിമര്‍ശനവുമായി വന്നിരുന്ന പലരെയും ആദ്യകാലങ്ങളില്‍ ഒറ്റക്ക് നേരിട്ടിരുന്ന കെ.ടി ആരുമായും തെറ്റിപ്പിരിഞ്ഞിരുന്നില്ല. ഒരിക്കല്‍ സംവാദത്തിനിടെ ചിലര്‍ 'നിങ്ങള്‍ സര്‍വേരി കല്ല് പോലെ എവിടെയെങ്കിലും ഓരോന്നല്ലേയുള്ളൂ' എന്ന് പരിഹസിച്ചു. അതിന് 'സര്‍വേരി കല്ലിന്റെ പ്രാധാന്യം നിങ്ങള്‍ തിരിച്ചറിഞ്ഞല്ലോ, അത് മതി' എന്നദ്ദേഹം തിരിച്ചടിച്ചു.
പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ കാവനൂരില്‍ മസ്ജിദ് പണിയുക എന്നത് അദ്ദേഹത്തിന്റെ വലിയ അഭിലാഷമായിരുന്നു. അതിന്റെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും പ്രവര്‍ത്തകരോടൊപ്പം അദ്ദേഹം അവിടെ ഉണ്ടാവും. ആരാധനാ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. എല്ലാ നമസ്‌കാരവേളകളിലും അല്‍പം അകലെയുള്ള, താന്‍ കൂടി ഭാരവാഹിയായ പള്ളിയിലെത്തിച്ചേരാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ പോലും അദ്ദേഹം കാണിച്ച ശുഷ്‌കാന്തി പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു.
ഭാര്യയും മൂന്ന് മക്കളും പ്രസ്ഥാനവഴിയില്‍ തന്നെയാണ്.

 

 

മുഹമ്മദ് ഹാജി മറ്റത്ത്

കൊടിഞ്ഞി ഫാറൂഖ് നഗറിലെ പഴയകാല ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു മറ്റത്ത് മുഹമ്മദ് ഹാജി. 96 വയസ്സായിരുന്നു. കൊടിഞ്ഞി അങ്ങാടിയിലെ ഒരു ചായപ്പീടികയില്‍ വെച്ച് മര്‍ഹൂം ടി. മുഹമ്മദ് സാഹിബിന് ഒപ്പം ആദ്യകാല അമീര്‍ വി.പി മുഹമ്മദലി എന്ന ഹാജി സാഹിബിനെ കാണാനിടയായതാണ് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലേക്കുള്ള കടന്നുവരവിന് കാരണമായത്. ഹാജി സാഹിബിന്റെ അനുപമ വ്യക്തിത്വത്തില്‍ ആകൃഷ്ടനായ അദ്ദേഹം അന്നത്തെ പ്രവര്‍ത്തകരായ കുഞ്ഞാലി ഹാജി, ആലിക്കുട്ടി മാസ്റ്റര്‍, എം.എ കുഞ്ഞിമുഹമ്മദ്, രായിനാലി ഹാജി തുടങ്ങിയവര്‍ക്കൊപ്പം പ്രസ്ഥാന സന്ദേശ പ്രചാരണാര്‍ഥം പരിസരപ്രദേശങ്ങളായ തിരൂരങ്ങാടി, വെന്നിയൂര്‍, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ വളരെ ത്യാഗങ്ങള്‍ സഹിച്ച് നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു.
നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ എല്ലാവരെയും അഭിമുഖീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം ചെറിയ കച്ചവടങ്ങളിലും കൃഷിയിലും ഇടപെട്ടുകൊണ്ടുള്ളതും പ്രയാസങ്ങള്‍ നിറഞ്ഞതെങ്കിലും അന്തസ്സാര്‍ന്നതുമായിരുന്നു. ഏത് പ്രസ്ഥാന പരിപാടികള്‍ക്കും കടയടച്ച് പോവുക പതിവായിരുന്നു.
കൊടിഞ്ഞി പള്ളിയോടനുബന്ധിച്ചുായിരുന്ന മദ്‌റസയുടെയും മറ്റും ചരിത്രം നേരില്‍ കാണുമ്പോള്‍ ഞങ്ങളുമായി പങ്കുവെക്കാറുണ്ടായിരുന്നു. ടി.എമ്മുമായി ചേര്‍ന്ന് പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ അന്ന് നടത്തിയത് ഏറെ ത്യാഗം സഹിച്ചായിരുന്നു. പ്രസ്ഥാനത്തിന്റെ ആദ്യകാലങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും പ്രവര്‍ത്തകരോ സഹയാത്രികരോ ആണ്.

അബ്ദുസ്സലാം കൊടിഞ്ഞി

Comments