Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

വിവാഹവും അവിഹിത ബന്ധവും

ഡോ.ജാസിമുല്‍ മുത്വവ്വ

ഒരു യുവജനസംഗമത്തില്‍ കുറേ ചെറുപ്പക്കാരുമായി കണ്ടുമുട്ടാനിടയായി. പ്രേമബന്ധങ്ങളെക്കുറിച്ചായിരുന്നു വര്‍ത്തമാനം. ഒരു യുവാവ് ചാടിയെഴുന്നേറ്റ് സംസാരം തുടങ്ങി: ''എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. താങ്കളെന്നെ തെറ്റിദ്ധരിച്ചേക്കരുത്.''
ഞാന്‍: ''ചോദിച്ചുകൊള്ളൂ.''
യുവാവ്: ''വിവാഹത്തിനും വിവാഹേതര ബന്ധമായ വ്യഭിചാരത്തിനുമിടയില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. ഈ വിഷയത്തില്‍ അങ്ങയുടെ അഭിപ്രായമറിയാന്‍ എനിക്കാഗ്രഹമുണ്ട്. ഞാന്‍ വിദേശത്താണ് പഠിക്കുന്നത്. ഏതെങ്കിലും പെണ്‍കുട്ടികളുമായി ബന്ധമുണ്ടാകേണ്ടത് അനിവാര്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല.''
ഞാന്‍: ''ചോദ്യം പ്രധാനമാണ്. മറുപടി തരാം. വ്യത്യാസം അറിയണമെങ്കില്‍ ഈ വിഷയത്തിന്റെ കാതലിലേക്ക് നിങ്ങള്‍ കടക്കണം. ആദ്യ മനുഷ്യനായ ആദമിനെ അല്ലാഹു സൃഷ്ടിച്ചത് ഭൂമിയില്‍ തന്റെ പ്രതിനിധിയായാണ്. എന്താണ് പ്രാതിനിധ്യം എന്നാല്‍? ഭൂമിയെ അധിവാസയോഗ്യമാക്കുക, ജനനിബിഡമാക്കുക, നാഗരികത നിര്‍മിക്കുക, ജീവിത സൗകാര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വികസന സംവിധാനം ഒരുക്കുക- എല്ലാം പ്രാതിനിധ്യത്തിന്റെ വിശാലാര്‍ഥത്തില്‍ പെടുന്നു. ഇവയെല്ലാം അനുസ്യൂതം നടക്കണമെങ്കില്‍ സന്തതികള്‍ വേണം, ജനങ്ങള്‍ വേണം, ജനപദങ്ങള്‍ വേണം. വ്യഭിചാരം ഈ ലക്ഷ്യങ്ങള്‍ക്കെല്ലാം എതിരാണ്. അതില്‍ സുസ്ഥിരതയില്ല, സന്താനോല്‍പാദനമില്ല, ശിക്ഷണ ശീലനങ്ങളില്ല, ഉത്തരവാദിത്തങ്ങളില്ല. വിവാഹം ശാശ്വതമാണ്, വ്യഭിചാരം താല്‍ക്കാലികമാണ്. ഭൂമിയിലെ പ്രാതിനിധ്യ രീതി ഉറപ്പുവരുത്തുന്ന സന്തതിപരമ്പരകള്‍ വിവാഹം ഉറപ്പുവരുത്തുന്നു. വ്യഭിചാരം അങ്ങനെ ഒരു ഉറപ്പും നല്‍കുന്നില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണിത്രയും പറഞ്ഞത്.....
''ഇനി ആരോഗ്യ വീക്ഷണ കോണിലൂടെ നോക്കിയാലും വിവാഹത്തിനും വ്യഭിചാരത്തിനുമിടയില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്ന് ബോധ്യമാവും. അവിഹിത-ബഹുവിധ ബന്ധങ്ങളിലൂടെ എന്തെല്ലാം രോഗങ്ങളാണ് ഉത്ഭവിക്കുക എന്ന് നിങ്ങള്‍ക്കറിയാമല്ലോ. അതേയവസരത്തില്‍ വിവാഹത്തില്‍ ഇത്തരം രോഗഭീതിയുണ്ടാവില്ല. ഇനി മാനസികാരോഗ്യ വീക്ഷണകോണിലൂടെ നോക്കുക. നിരവധി സ്ത്രീകളുമായി വിവാഹേതര ബന്ധങ്ങളുള്ള ഒരു വ്യക്തിയുടെ അനുഭവം കേള്‍ക്കുക. വിവാഹം കഴിക്കാതെ നിരവധി സ്ത്രീകളുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന അയാള്‍ താന്‍ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ഒരിക്കല്‍ എന്നോട് തുറന്നു പറഞ്ഞു. ഇതുപോലെ ഒരു സ്ത്രീയും അവരുടെ ജീവിതകഥ എന്നോട് പറഞ്ഞു. നിരന്തരം അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ആ സ്ത്രീ ഇപ്പോള്‍ വിഷാദരോഗിയായി ഒറ്റപ്പെട്ടു കഴിയുകയാണ്. ജനങ്ങളില്‍നിന്ന് അകന്നു കഴിയുന്ന ആ സ്ത്രീ ഓരോ നിമിഷവും തീ തിന്നുകയാണ്. വിവാഹത്തിനും വ്യഭിചാരത്തിനുമിടയില്‍ ആരോഗ്യപരവും മാനസികവും നിയമപരവും മതപരവുമായ വ്യത്യാസങ്ങളുണ്ട്.''
അയാള്‍: ''വ്യഭിചാരം ആനന്ദദായകമാണ്, ആസ്വാദ്യകരമാണ്.''
ഞാന്‍: ''നിങ്ങള്‍ പിറകെ പോകുന്ന ഏതു കാമനകളും വികാരങ്ങളും ആനന്ദദായകവും ആസ്വാദ്യകരവും തന്നെയാണ്. സമ്പത്ത്, സ്ത്രീകള്‍, ആഹാരം, അങ്ങനെ പല വികാരങ്ങളുമുണ്ട്. എന്തിന് ഉറക്കം പോലും ആസ്വാദ്യകരമായ ഒരു വികാരമാണ്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുകയും നിങ്ങളുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുമ്പോഴാണ് നിങ്ങളുടെ വ്യക്തിത്വം കരുത്തു പ്രാപിക്കുക. ഒന്നിനെ ബലികഴിച്ചുകൊണ്ടല്ല മറ്റൊന്ന് നേടേണ്ടത് എന്ന് പഠിപ്പിക്കുന്നതിലാണ് ഇസ്‌ലാമിന്റെ സൗന്ദര്യം. അതായത് ഒരാളുടെ അവകാശം ബലികഴിച്ചുകൊണ്ടാവരുത് മറ്റൊരാള്‍ അവകാശം നേടുന്നത്. അതിന് അക്രമം എന്നാണ് പേര്. അല്ലാഹു സ്ത്രീയെ സൃഷ്ടിച്ചപ്പോള്‍ രണ്ടു വികാരങ്ങളും അവളില്‍ പടച്ചു; ഒന്ന് ആനന്ദം, മറ്റൊന്ന് മാതൃത്വം. യുവാവ് അവളുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു വികാരമേ സാക്ഷാത്കരിക്കപ്പെടുന്നുള്ളൂ, രണ്ടാമത്തേത് നിഷേധിക്കപ്പെടുകയാണ്. ഇതില്‍ കൊടിയ അക്രമമുണ്ട്. വിവാഹമാകട്ടെ, ഈ രണ്ടുതരം വികാരങ്ങളും ഒരുമിച്ചു പൂര്‍ത്തീകരിച്ചുകൊടുക്കുകയാണ്. ഇത് അടിസ്ഥാനപരമായ വ്യത്യാസമാണ്.'' 
ഞാന്‍ ഈ യുവാവിനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ സംസാരത്തിലൊന്നും ഇടപെടാതെ മറ്റൊരു യുവാവ് ഇതൊക്കെ ശ്രദ്ധിച്ച് ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് നേരെ തിരിഞ്ഞു ഞാന്‍: ''നിങ്ങളുടെ അഭിപ്രായമെന്താണ്? നിങ്ങള്‍ ഒന്നും പറഞ്ഞു കേട്ടില്ല.''
അയാള്‍: ''സത്യം പറഞ്ഞാല്‍ എന്നെ വ്യഭിചാരത്തില്‍നിന്ന് തടഞ്ഞുനിര്‍ത്തുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള ഭയമല്ല, രോഗങ്ങളെക്കുറിച്ചുള്ള ഭീതിയാണ്.''
ഞാന്‍ അവരോട് പറഞ്ഞു: ''യൂസുഫ് നബിയുടെ ചരിത്രവും ജീവിതവിശുദ്ധിയും എപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മാതൃകയാക്കണം. മര്‍യം ബീവിയുടെ ചരിത്രവും വിശുദ്ധ ജീവിതവും പെണ്‍കുട്ടികളും പാഠമാക്കണം. നബി(സ)യുടെ ഒരു വചനം നിങ്ങള്‍ എന്നും ഓര്‍ക്കണം: 'രണ്ട് താടിയെല്ലുകള്‍ക്കും രണ്ട് തുടകള്‍ക്കുമിടയിലുള്ളത് അവിഹിതമായി ഉപയോഗിക്കില്ല എന്ന് നിങ്ങള്‍ എനിക്ക് ഉറപ്പുതന്നാല്‍ നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗം ഉറപ്പുനല്‍കാം.' വ്യഭിചരിക്കുന്നവനുള്ള ശിക്ഷ പരലോകത്ത് ലഭിക്കുന്നതിനു മുമ്പേ ഇഹലോകത്തു തന്നെ കിട്ടും. ഒരാളെ എനിക്കറിയാം. വ്യഭിചാരത്തിനടിമയായിരുന്നു അയാള്‍. വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യയുമായി ബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞില്ല അയാള്‍ക്ക്. അയാളെ അതിന് അശക്തനാക്കുന്ന രോഗത്തിനടിപ്പെട്ടിരുന്നു അയാള്‍. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഒരു ദിവസം അയാള്‍ ഓഫീസില്‍ കയറിവന്നത്: കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ പുലര്‍ത്തിയിരുന്ന അവിഹിത ബന്ധങ്ങളില്‍ അതിയായി ഖേദിക്കുകയാണ് ഇപ്പോള്‍ ഞാന്‍. ഇന്ന് ഞാന്‍ എന്റെ ഭാര്യയുമായി ബന്ധപ്പെടാന്‍ അശക്തനായിരിക്കുന്നു. എനിക്കിനി സന്താനഭാഗ്യവും ഉണ്ടാവില്ല.'' 

വിവ: പി.കെ ജമാല്‍

Comments