Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

ദൈവവും കൊറോണയും

അബൂനദ

കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് ഇന്ന് ലോകം. നഗരങ്ങള്‍ അടഞ്ഞുകിടക്കുന്നു. സ്‌കൂളുകള്‍, കോളേജുകള്‍, പബ്ബുകള്‍, മാളുകള്‍, റിസോര്‍ട്ടുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍ എന്തിനധികം ആരാധനാലയങ്ങള്‍ വരെ അടച്ചിട്ടിരിക്കുന്നു. ആലിംഗന ദൈവങ്ങള്‍ ദര്‍ശനം നിര്‍ത്തിയിരിക്കുന്നു. ഓരോ വ്യക്തിയും തന്നിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ രോഗി അല്ലെങ്കില്‍ വീട്ടില്‍ അടങ്ങിയിരുന്നുകൊള്ളുക. രോഗിയാണെങ്കില്‍ നിങ്ങള്‍ ഏകാന്ത നിരീക്ഷണത്തില്‍ (തടവില്‍) ആകും.
വിനോദയാത്രകള്‍ വേണ്ട, ചുംബനം പോയിട്ട് ഹസ്തദാനം പോലും വേണ്ട. എന്തെല്ലാം കല്‍പ്പനകള്‍! എല്ലാം നാം അനുസരിക്കുന്നു. മറുശബ്ദങ്ങള്‍ ഇല്ല, പ്രതിഷേധങ്ങള്‍ ഇല്ല. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ ഇല്ല. കാരണം എല്ലാം നമ്മുടെ നന്മക്കു വേണ്ടിയാണെന്ന്, ജീവരക്ഷക്കു വേണ്ടിയാണെന്ന് നമുക്കറിയാം. ഇവിടെ ദൈവത്തെ ഓര്‍മവരുന്നു ചിലര്‍ക്ക്, ചിലര്‍ക്കിത് ദൈവം ഇല്ല എന്ന് തെളിയിക്കാനുള്ള അവസരമാണ്. എവിടെ ദൈവം? അവര്‍ വലിയ വായില്‍ ചോദിക്കുന്നു. കുറിപ്പുകള്‍, ലേഖനങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പറക്കുന്നു. വേറെ ചിലര്‍ ദൈവത്തിലേക്ക് അടുക്കുന്നു. അപ്പോള്‍ അറിയുന്നു; അമ്പലങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്, ചര്‍ച്ചുകളില്‍ കുര്‍ബാന ഇല്ല, പള്ളികളും അടച്ചിട്ടിരിക്കുന്നു. വിശ്വാസികള്‍ മനമറിഞ്ഞു ദൈവത്തെ വിളിക്കുമ്പോള്‍ നിരീശ്വരവാദിയുടെ കുത്ത്; എവിടെ ദൈവം? 
ഇവിടെ ആദ്യം ആരാണ് ദൈവം എന്ന് നിര്‍വചിക്കേണ്ടതുണ്ട്. മനുഷ്യരായ നാം കണ്ടെത്തിയ ഒന്നല്ല ദൈവം എന്നറിയുക. അതിനാല്‍ നമ്മുടെ നിര്‍വചനങ്ങള്‍ അല്ല ദൈവത്തെ നിര്‍വചിക്കാന്‍ വേണ്ടതും. ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ ഈ വാദം സ്വീകരിക്കില്ല. അതിനാല്‍ ആരാണ് ദൈവം എന്നതാണ് ആദ്യം ഉത്തരം കാണേണ്ട ചോദ്യം. സൂക്ഷ്മമായും സ്ഥൂലമായും (Micro & Macro) നമുക്ക് ചിന്തിക്കാം. 
സൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ നമ്മിലേക്കു തന്നെ നോക്കുക. നമ്മെ സൃഷ്ടിച്ചതാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. അഛന്‍? അമ്മ? അല്ല. കാരണം ചാപ്പിള്ളകള്‍ പിറന്നുവീഴുന്നുണ്ട്. കുറേപ്പേര്‍ അംഗവിഹീനരായും. ചിലര്‍  ബുദ്ധിമാന്ദ്യം ബാധിച്ചവരായും. അവരുടെ രക്ഷിതാക്കള്‍ തീരുമാനിച്ചതാണോ? അല്ല. ഒരു രക്ഷിതാവിനും സ്വന്തം കുഞ്ഞിന്റെ രൂപഭാവങ്ങള്‍ തീരുമാനിക്കാന്‍ കഴിയില്ല. ജീവന്‍ നല്‍കിയത് മാതാപിതാക്കളല്ല. പിന്നെ? ഇത് വായിക്കുന്ന നമ്മള്‍ ഓരോരുത്തരുമാണോ? അല്ല. എന്റെ രൂപം ഇങ്ങനെയാകണം എന്ന് ഞാന്‍ തീരുമാനിച്ചതല്ല. കുറച്ചുകൂടി നിറം വേണം, സൗന്ദര്യം വേണം, ഉയരം വേണം, തടി വേണം എന്നൊക്കെയാണ് ഓരോരുത്തര്‍ക്കും അവരവരെ കുറിച്ചുള്ള ചിന്തകള്‍. പക്ഷേ നടക്കുന്നില്ലെന്നു മാത്രം. എന്റെ നിറമോ ഉയരമോ തടിയോ   ചര്‍മമോ ഞാന്‍ തീരുമാനിച്ചതല്ല.എന്റെ വീട്, മാതാപിതാക്കള്‍, നാട് ഒന്നും എന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിച്ചതല്ല. പിന്നെ ആരാണ് ഇതിനു പിന്നില്‍? എന്റെ സൃഷ്ടിക്കു പിന്നില്‍ ആരാണ്?
നാം ഒരു മഹാ അത്ഭുതം ആണ്. നമ്മുടെ കാഴ്ച, കേള്‍വി, ബുദ്ധിശക്തി, ദഹനപ്രക്രിയ ഇങ്ങനെ ഓരോന്നും മഹാ അത്ഭുതങ്ങളാണ്. വിരല്‍തുമ്പില്‍ ഞാന്‍ മറ്റുള്ളവരുമായി വ്യത്യസ്തനാണ്. കണ്ണില്‍, മുടിയില്‍, ഗന്ധത്തില്‍ അങ്ങനെ ഒരുപാട് വ്യത്യാസങ്ങള്‍. ഞാന്‍ ഞാന്‍ മാത്രമാണ്. അങ്ങനെ 700 കോടിയിലധികം പേര്‍ ഇന്ന് ജീവിച്ചിരിക്കുന്നു. മരിച്ചുപോയവര്‍ കോടാനുകോടികള്‍. വരാന്‍ പോകുന്നവരും കോടാനുകോടി. പക്ഷേ എല്ലാവരും വ്യത്യസ്തര്‍, വ്യതിരിക്തര്‍.
ആരാണീ സൃഷ്ടിപ്പിനു പിന്നില്‍? മഹാബുദ്ധിമാനായ മനുഷ്യന്‍ അല്ല.  പിന്നെ ജീവനില്ലാത്ത, അതിനാല്‍ ചിന്തയോ ബുദ്ധിയോ ഇല്ലാത്ത ഈ ഭൂമിയോ? ചന്ദ്രനോ? സൂര്യനോ? മറ്റു നക്ഷത്രങ്ങളോ? അതോ ഇതൊക്കെ അടങ്ങുന്ന പ്രപഞ്ചമോ? 
സൂക്ഷ്മ-സ്ഥൂല ചിന്തകളില്‍ പ്രപഞ്ചത്തിന്റെ വലിപ്പം  നമ്മുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറമാണ്. പക്ഷേ വലിപ്പത്തില്‍ അല്ലല്ലോ കാര്യം. പ്രപഞ്ചത്തിന് ആസൂത്രണ ശേഷിയില്ല, സ്വന്തമായ പദ്ധതികളില്ല; ഭൂമിക്കും. കാരണം ഭൂമി ജീവനില്ലാത്ത ഒന്നാണ്. എന്നിട്ടും ഭൂമി ചലിക്കുന്നു, ചന്ദ്രന്‍ ചലിക്കുന്നു, സൂര്യന്‍ ചലിക്കുന്നു, ഈ പ്രപഞ്ചം ചലിക്കുന്നു; താളത്തില്‍, ക്രമത്തില്‍. എങ്ങനെ? എന്റെ പെരുവിരല്‍ സംവിധാനിച്ചത് ആര്? ഈ പ്രപഞ്ചം സംവിധാനിച്ചത് ആര്? പെരുവിരല്‍ മുതല്‍ പ്രപഞ്ചം വരെ വ്യക്തമായ ആസൂത്രണം ഉണ്ട്.  അതായത് അതിനു പിന്നില്‍ ഒരു സ്രഷ്ടാവുണ്ട്.
ഒരു വസ്തു ഉണ്ടെന്നതിനര്‍ഥം, ഒരു നിര്‍മാതാവ് ഉണ്ടെന്നാണ്. നമ്മുടെ ഉണ്മയാണ് നമ്മെ സ്രഷ്ടാവിലേക്ക് നയിക്കുന്നത്. അതേ, ആ സ്രഷ്ടാവിന്റെ പേരാണ് ദൈവം, ഈശ്വരന്‍, ജഗന്നിയന്താവ്, കര്‍ത്താവ്, അല്ലാഹു. അവനെ ഏതു പേരില്‍ വിളിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം അവനെ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ്. 
അവന്‍ പലരില്‍ ഒരുവന്‍ അല്ല. അവന്‍ ഏകനാണ്. എല്ലാറ്റിന്റെയും അധിപതി, നിയന്താവ്, ഉടമ. അവന് തുല്യമായ മറ്റൊരു ശക്തിയില്ല. ഉണ്ടാവാന്‍ പാടില്ല. ഉണ്ടായാല്‍ അവന് ദൈവമാകാനാകില്ല. ദൈവം എന്നാല്‍ നാം നിനക്കുന്നതോ വിശ്വസിക്കുന്നതോ ആയ ഒന്നല്ല. മറിച്ച് ഈ ലോകത്തിന്റെ സ്രഷ്ടാവാണ്. നമ്മുടെ ബുദ്ധി, യുക്തി എത്തുന്ന സുബദ്ധമായ ഉത്തരം ഇതാണ്.
വ്യക്തമാക്കാം. ഒരേ ഒരു ചോദ്യം മതി; 'ആരാണ് സ്രഷ്ടാവ്?' സ്രഷ്ടാവ് ഇല്ല. ഒക്കെ താനേ ഉണ്ടായതാണ് എന്നാണ് നിരീശ്വരവാദിയുടെ വാദം. ഈ നിരീശ്വരവാദി  താനേ ഉണ്ടായതാണോ? അവന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍, കഴിക്കുന്ന ഭക്ഷണം, ഇരിക്കുന്ന കസേര, ഉപയോഗിക്കുന്ന മൊബൈല്‍ ഇവയൊക്കെ താനേ ഉണ്ടായതാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അവന്‍ വിശ്വസിക്കുമോ?
ഒരു സൃഷ്ടി സ്രഷ്ടാവ് ഉണ്ടെന്നതിന് തെളിവാണ്. ഈ സ്രഷ്ടാവിന്റെ പേരാണ് ദൈവം. നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ദൈവം ഉണ്ട്. അവന് നമ്മുടെ അംഗീകാരത്തിന്റെ ആവശ്യമില്ല താനും. പക്ഷേ നമുക്ക് ആവശ്യമുണ്ട്. മനുഷ്യവംശത്തിന്റെ ഗുണകരമായ നിലനില്‍പ്പിന് ദൈവവിശ്വാസം അത്യന്താപേക്ഷിതമാണ്. വഴിയെ വിശദമാക്കാം. നിരീശ്വരവാദി  അത്തരം വാദങ്ങളില്‍ എത്തപ്പെട്ടത് ദൈവത്തെക്കുറിച്ചുള്ള വഴിപിഴച്ച ചില സിദ്ധാന്തങ്ങള്‍ കാരണമാണ്. അവ ദൈവത്തിന്റെ കുഴപ്പമല്ല. സിദ്ധാന്തങ്ങളുടെ കുഴപ്പമാണ്. 
എന്താണ് ഒരു നിരീശ്വരവാദി ചുറ്റും കാണുന്നത്? മനുഷ്യര്‍ മതത്തിന്റെ പേരില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ആയിരിക്കുന്നു. പള്ളികള്‍, ചര്‍ച്ചുകള്‍, അമ്പലങ്ങള്‍, ഗുരുദ്വാരകള്‍.  ഓരോരുത്തരും തങ്ങള്‍ മാത്രം രക്ഷപ്പെടും എന്ന് വിശ്വസിക്കുന്നു. അപരരൊക്കെ വഴിതെറ്റിയവര്‍ എന്നു കരുതുന്നു. ചിലര്‍ അതിതീവ്ര നിലപാട് കാരണം അപരരെ ആക്രമിക്കുന്നു, കൊന്നൊടുക്കുന്നു. മനുഷ്യസ്നേഹമുള്ള ആരും ചിന്തിച്ചുപോകും; ഈ മതങ്ങള്‍ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ശരിയാണ്. അതിനാലാണ്  ആദ്യം പറഞ്ഞത്, മനുഷ്യരായ നമ്മളല്ല ദൈവത്തെ, മതത്തെ നിര്‍വചിക്കേണ്ടത്. പിന്നെ ആര്? 
ദൈവം ഉണ്ടെന്ന് നമ്മുടെ ബുദ്ധി മനസ്സിലാക്കിയ സ്ഥിതിക്ക് (സ്രഷ്ടാവായ ദൈവം) ഇനി നമുക്ക് ദൈവത്തില്‍ എല്ലാം അര്‍പ്പിക്കാം. ദൈവം പറയട്ടെ; അവന്‍ ആരാണെന്ന്. കാറ്റും കാറും തീയും ഇടിയും മിന്നലും ദൈവങ്ങളാണെന്ന് കരുതിയ കുറേപ്പേര്‍. ദൈവത്തിന്  ഭാര്യയും മക്കളും ഉണ്ടെന്നു വിശ്വസിക്കുന്ന കുറേ പേര്‍. ദൈവത്തിന് പുത്രനുണ്ടെന്ന് വേറെ  ചിലര്‍. 
കൂട്ടുകുടുംബവും സന്താന സന്താപങ്ങളും നാം സൃഷ്ടികള്‍ക്കിടയിലുള്ള കാര്യങ്ങള്‍.  ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവായവന്‍, അതില്‍നിന്നൊക്കെ പരിശുദ്ധന്‍.  രൂപങ്ങള്‍ ഇല്ലാത്തവന്‍. നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മഹാശക്തി.
ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതിന് രണ്ട് വശങ്ങളുണ്ട്: ഒന്ന്, അവന്‍ അത്രയും മഹാനാണ്. രണ്ട്, നമ്മുടെ കഴിവുകള്‍ അത്രയും ചെറുതാണ്. ഒരു ത്രാസില്‍ ഈ ഭൂമിയുടെ തൂക്കം അളക്കാന്‍ കഴിയില്ലല്ലോ. ഒരു ഗ്ലാസിന് സമുദ്രത്തെ ഉള്‍ക്കൊള്ളാനാകുമോ?
ഒരു ഫ്രെയിമില്‍ ഒരു പര്‍വതത്തിന്റെ ഫോട്ടോ നമുക്ക് എടുക്കാം. പക്ഷേ അതല്ല പര്‍വതം. ഏറിവന്നാല്‍ ഏഴടി വരുന്ന മനുഷ്യന്‍ അവന്റെ ശരീരത്തില്‍ അറുപതിനായിരം മൈല്‍ നീളത്തിലുള്ള നാഡീവ്യൂഹം വഹിക്കുന്നു, രണ്ടു തവണ ഭൂമിയെ ചുറ്റാനുള്ള നീളം! ഒരു പര്‍വതത്തെ ഒരു ഫ്രെയിമില്‍ ഒതുക്കാന്‍ ആകുന്നതുപോലെ എത്ര ലളിതമായാണ് ദൈവം നമ്മെ സംവിധാനിച്ചിരിക്കുന്നത്! ആ ദൈവത്തെ സ്വയം കണ്ടെത്താന്‍ മനുഷ്യനാവില്ല. അവന്റെ സ്വതന്ത്ര ബുദ്ധി കൊണ്ട് ഇതിനു പിന്നില്‍ ഒരു മഹാ സ്രഷ്ടാവുണ്ടെന്ന് കണ്ടെത്താം.  ആ സ്രഷ്ടാവിന്റെ പേരെന്ത്? അവന്റെ ശക്തിവിശേഷങ്ങള്‍ എന്ത്? അവന് താനുമായുള്ള ബന്ധമെന്ത്? തന്നെ അവന്‍ വെറുതെ സൃഷ്ടിച്ചതാണോ?' അതോ സൃഷ്ടിപ്പിനു പിന്നില്‍ അവന് വല്ല ഉദ്ദേശ്യവും ഉണ്ടോ? ഇതൊന്നും മനുഷ്യന് ചിന്തിച്ചു കണ്ടെത്താന്‍ കഴിയില്ല. അങ്ങനെ അവന്‍ ചിന്തിച്ചു കണ്ടെത്തിയ മാര്‍ഗദര്‍ശനങ്ങളിലെല്ലാം വൈരുധ്യങ്ങള്‍ കാണും.
ചില ദര്‍ശനങ്ങള്‍ എല്ലാവരിലും, സകല വസ്തുക്കളിലും ദൈവത്തെ കണ്ടെത്തി അവയെയൊക്കെ ദൈവമാക്കി.  2500 വര്‍ഷത്തോളം പൊതുവഴിയിലൂടെ നടക്കാനോ കിണറ്റില്‍നിന്ന് വെള്ളമെടുക്കാനോ വിദ്യയഭ്യസിക്കാനോ  ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ  അവകാശം ഇല്ലാതിരുന്ന, പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് 'അശുദ്ധ' ജീവിതങ്ങള്‍  നയിക്കേണ്ടി വന്ന ജനലക്ഷങ്ങളെ സംഭാവന ചെയ്തു ആ ദര്‍ശനങ്ങള്‍.
ദൈവത്തിലേക്ക് എത്താന്‍ ഞങ്ങള്‍ കുറേ പേരിലൂടെ മാത്രമേ കഴിയൂ എന്ന് പറഞ്ഞുകൊണ്ട് സാധാരണ വിശ്വാസികളുടെ പണം സമ്പാദിച്ചു അരമനകളില്‍ ജീവിക്കുന്ന വിഭാഗത്തിനും യഥാര്‍ഥ ദൈവത്തെ കുറിച്ച് പറയാന്‍ കഴിയില്ല.എന്നിലൂടെ ദൈവത്തിലേക്ക് എന്ന് പറഞ്ഞുകൊണ്ട് സ്വയം ദൈവമാകുന്നവര്‍ കൊറോണ വരുമ്പോള്‍ ദര്‍ശനം വിലക്കുന്നു. ഇവര്‍ക്കൊന്നും ഒന്നും സൃഷ്ടിക്കാന്‍ കഴിയില്ല.
ഇവിടെയും ദൈവം വഴി കാണിച്ചു.  മനുഷ്യരില്‍ തന്നെ ചിലരെ തെരഞ്ഞെടുത്തു അവന്‍.  എന്നിട്ട് മനുഷ്യന്‍ പാലിക്കേണ്ട ജീവിതരീതി പറഞ്ഞുകൊടുത്തു. എന്തിനാണ് ഒരു ജീവിതരീതി? ഓരോരുത്തര്‍ക്കും തന്നിഷ്ടം പോലെ ജീവിച്ചാല്‍ പോരേ? കൊറോണ കാലത്ത് നിരീശ്വരവാദി ആ ചോദ്യം ചോദിക്കില്ല എന്ന് കരുതുന്നു. നിയന്ത്രണങ്ങള്‍ നമുക്കു വേണ്ടി തന്നെയാണ്. 
കൊറോണ വൈറസ് പുറത്തു ചാടിയ ഒരു ജൈവായുധം (ആശീ ംലമുീി)  ആണെന്ന് ചിലര്‍ നിഗമിക്കുന്നുണ്ട്. കൊറോണ വൈറസ് മുതല്‍ ദാരിദ്ര്യം, വര്‍ഗീയത, പട്ടിണി, അക്രമം എന്നിങ്ങനെ നിരീശ്വരവാദി ദൈവത്തെ പഴിചാരാന്‍ ഉപയോഗിക്കുന്ന മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ എടുക്കുക (പ്രകൃതിദുരന്തങ്ങള്‍ എന്ന് പറയുന്ന വെള്ളപ്പൊക്കം, വരള്‍ച്ച, ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം  മുതലായവ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം).
ദാരിദ്ര്യം എന്നത് മനുഷ്യനിര്‍മിതമായ ഒന്നാണ്. ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ ജീവജാലങ്ങള്‍ക്കും വേണ്ട വിഭവങ്ങള്‍ ഈ ഭൂമിയിലുണ്ട്, ആവശ്യത്തിലധികം. പക്ഷിമൃഗാദികള്‍ക്കിടയില്‍ ദാരിദ്ര്യം ഇല്ല. പ്രാണികളും പുഴുക്കളും ദാരിദ്ര്യം പേറുന്നില്ല. മഹാ ബുദ്ധിമാനായ മനുഷ്യര്‍ക്കിടയില്‍ അതുണ്ട്. എന്തേ കാരണം? വിഭവങ്ങളുടെ കൈയേറ്റവും   അസന്തുലിതമായ വിതരണവും. ഇത് ദൈവത്തിന്റെ ചെയ്തിയല്ല. മനുഷ്യന്റെ ചെയ്തി. ഏത് മനുഷ്യന്റെ?  ദൈവത്തെ യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാത്ത, ദൈവനിഷേധിയായ, ധിക്കാരിയായ മനുഷ്യന്റെ കൈകടത്തല്‍. എന്നിട്ട്  കുറ്റം ദൈവത്തിനും!
ദൈവം മനുഷ്യരെ ഒരൊറ്റ വര്‍ഗമായാണ് സൃഷ്ടിച്ചത്. നിങ്ങളെല്ലാം ഒരേയൊരു മാതാപിതാക്കളുടെ മക്കള്‍ എന്നതാണ് ദൈവിക പാഠം. പിന്നെ വംശങ്ങളും വര്‍ഗങ്ങളും ഉണ്ടാക്കിയതാര്? ഉയര്‍ന്നവനും താഴ്ന്നവനും ഉണ്ടായതെങ്ങനെ? നാം മനുഷ്യര്‍ ഉണ്ടാക്കിയത്. ദൈവത്തെ അനുസരിക്കാതെ, അവന്റെ വാക്കുകള്‍ മറന്ന നാം പടച്ചുണ്ടാക്കിയതാണ് വര്‍ഗീയതയും വംശീയതയും. അതിന്റെ പേരില്‍ യുദ്ധങ്ങള്‍, കൂട്ടക്കൊലകള്‍. എന്നിട്ട് പഴി ദൈവത്തിനും!
ദേശങ്ങളും രാജ്യങ്ങളും നാം പടുത്തുയര്‍ത്തിയ വേലിക്കെട്ടുകള്‍. ഒരൊറ്റ രാഷ്ട്രം. അങ്ങനെ ആയാല്‍ എന്താണ് കുഴപ്പം? യൂറോപ്യന്‍ യൂനിയന്‍ എന്ന ആശയം വിജയകരമായി നടക്കുന്നില്ലേ? യൂറോ എന്ന നാണയവും ഷെങ്കന്‍ വിസയും. മറ്റൊരുദാഹരണം.  നാം മനുഷ്യര്‍ വിചാരിച്ചാല്‍ പട്ടിണിയും അക്രമവും ഒക്കെ തുടച്ചുമാറ്റാനാകും.  പക്ഷേ നാം മനുഷ്യര്‍ ഈ വ്യത്യാസങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അറിവില്ലായ്മയുടെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍. അറിവ് പ്രയോഗിക്കേണ്ടത് ഉപയോഗിക്കുന്നില്ല എന്നതാണ് കുഴപ്പം.
കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ നമുക്കു സ്വീകാര്യമാണ്. കാരണം അത് നമ്മുടെ ജീവന്‍ രക്ഷിക്കാനാണ്. നമ്മുടെ ജീവിതം ഇവിടെ അവസാനിക്കുന്നില്ലെങ്കിലോ? മരണശേഷം മറ്റൊരു ലോകം ഉണ്ടെങ്കിലോ? നിരീശ്വരവാദി കുയുക്തി കാരണം ചിരിക്കുന്നു. ഗര്‍ഭസ്ഥശിശുവിനോട് ഗര്‍ഭപാത്രത്തിനു പുറത്ത് ഒരു സൂര്യനുണ്ട്, ഭൂമിയുണ്ട്, ആകാശവും കടലും ഉണ്ടെന്ന് പറഞ്ഞു നോക്കൂ. ആ കൂട്ടി ചിരിച്ചേക്കും. കുയുക്തിവാദിയുടെ ചിരി അത്തരത്തിലൊന്നാണ്.
മരണശേഷം ഒരാളും തിരിച്ചുവന്നിട്ടില്ല. അതിനാല്‍ മരണാനന്തരജീവിതം ഇല്ലെന്ന് തറപ്പിച്ചു പറയാന്‍ നമുക്ക് ആവില്ല. ഉണ്ടെന്ന് പറയാന്‍ നമ്മുടെ ജീവിതം നിരീക്ഷിച്ചാല്‍ മതി. ഗന്ധം കൊണ്ട്, സ്വരം കൊണ്ട്, കണ്ണുകള്‍ കൊണ്ട്, രക്തം കൊണ്ട്,  പെരുവിരല്‍ കൊണ്ട്, മുടി കൊണ്ട് വ്യത്യസ്തരാണല്ലോ നാമോരോരുത്തരും. 
നാം ഇവിടെ ജനിച്ചു വീണു; നാമറിയാതെ. നാം തെരഞ്ഞെടുത്തതല്ല ഒന്നും.  പിന്നീട് നാം ജീവിക്കുന്നു.  ഒരു ദിവസം നാം അറിയാതെ മരണം നമ്മെ കൊണ്ടുപോകും. വെറുതെ ജനിച്ചു മരിക്കാന്‍ ആയിരുന്നെങ്കില്‍ എന്തിന് ഇത്രയധികം സവിശേഷതകള്‍? വ്യതിരിക്തതകള്‍? അനന്യതകള്‍? ഇവിടെ തിന്മകള്‍ ചെയ്ത് ജീവിക്കുന്നവര്‍ ധാരാളം. അവരുടെ ചതി, വഞ്ചന കാരണം കഷ്ടപ്പെടുന്നവര്‍ കുറേപ്പേര്‍. മറ്റൊരാളുടെ അധ്വാനഫലം മോഷ്ടിക്കുക്കുന്നവര്‍, ജീവന്‍ കവരുന്നവര്‍. ഈ അക്രമികള്‍ മരണത്തോടെ രക്ഷപ്പെടുമെന്നാണെങ്കില്‍ പിന്നെ സത്യവും നീതിയും നെറിയും നെഞ്ചേറ്റി നടക്കുന്ന മനുഷ്യജീവിതങ്ങള്‍ക്ക് എന്തര്‍ഥം?
നിരീശ്വരവാദം തീര്‍ക്കുന്ന ദുരന്തം നിരീശ്വരവാദി പോലും ചിന്തിക്കാത്തത്ര വലുതാണ്. ദൈവമില്ലെങ്കില്‍ പിന്നെ സത്യമില്ല, നീതിയില്ല, ധര്‍മമില്ല. മനുഷ്യന്‍ വെറും കൃമിസമാനനാവും. സംസ്‌കാരവും നാഗരികതയും നശിച്ചുപോകും. ജന്മ ചോദനകള്‍ എന്ന് പറയുന്ന തീനും കുടിയും രതിയും  ഉറക്കവും മാത്രമാവും മനുഷ്യജീവിതം.
നമ്മുടെ ജീവിതങ്ങള്‍ പറയുന്നുണ്ട്, നമുക്ക് മറ്റൊരു ലോകം ഉണ്ടാകണമെന്ന്. അല്ലെങ്കില്‍ നമ്മുടെ ജീവിതങ്ങള്‍ നിഷ്ഫലങ്ങളാണ്. ഏകനായ ദൈവം, അല്ലാഹു പറയുന്നു: ''നിങ്ങളുടെ കര്‍മങ്ങള്‍ അഖിലം ചോദ്യം ചെയ്യപ്പെടും.'' അല്ലാഹു എന്ന അറബി വാക്കിനോട് പുഛം തോന്നേണ്ട. അറബി വംശജരായ ക്രിസ്ത്യാനിയക്കം ജൂതന്നും നിരീശ്വരവാദിക്കും ദൈവത്തിന്റെ പേര് അല്ലാഹു എന്നാണ്. മുസ്ലിംകളുടെ ദൈവത്തിന്റെ പേരല്ല അല്ലാഹു എന്നത്.  അവന് 99-ലധികം നാമങ്ങളുണ്ട്. കരുണാനിധി, സര്‍വേശ്വരന്‍, ജഗന്നിയന്താവ് ഇങ്ങനെ ഏത് പേരിലും അവനെ വിളിക്കാം.
അവന്‍ മനുഷ്യര്‍ക്ക് ഒരു ജീവിതരീതി പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിന്റെ  പേരാണ് ഇസ്ലാം.  ജാതിയുടെ, വര്‍ഗത്തിന്റെ, വംശത്തിന്റെ, മതത്തിന്റെ പേരല്ല ഇസ്ലാം.
സമര്‍പ്പണം, സമാധാനം എന്നീ രണ്ടര്‍ഥങ്ങളും അവയുടെ പര്യായങ്ങളുമാണ് ഇസ്ലാം എന്ന അറബി വാക്കിനുള്ളത്. 
ആര്‍ക്കുള്ള സമര്‍പ്പണം? ഏകനായ, സ്രഷ്ടാവായ, അന്നദാതാവായ, ഉടമസ്ഥനായ, നിയന്താവായ ദൈവത്തിനുള്ള സമര്‍പ്പണം.
എന്തിന്? അവന്‍ എല്ലാം സൃഷ്ടിച്ചു, സംവിധാനിച്ചു, ക്രമപ്പെടുത്തിയിരിക്കുന്നു. കാര്യകാരണ ബന്ധങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും അവന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മനുഷ്യന് മാത്രം സ്വാതന്ത്ര്യം തന്നിരിക്കുന്നു. അതിനാല്‍ മനുഷ്യന് എന്തുമാവാം. ഈ ഭൂമിയുടെ  താളം തെറ്റിക്കാന്‍ അവനാകും. ദൈവം നിര്‍മിച്ചുവെച്ചിരിക്കുന്ന കാര്യകാരണബന്ധം മനുഷ്യനെ അതിന്  പ്രാപ്തനാക്കുന്നു.
പ്രവിശാലമായ പ്രപഞ്ചത്തിലെ മണല്‍തരിയോളം  വലിപ്പമില്ലാത്ത മനുഷ്യന്റെ കാര്യം നോക്കാന്‍ ദൈവം വട്ടനാണോ എന്ന നിരീശ്വരവാദിയുടെ ചോദ്യമുണ്ട്. മണല്‍തരിയുടെ വലിപ്പമില്ലാത്ത മനുഷ്യന് ഭൂമിയെ പലതവണ നശിപ്പിക്കാനുള്ള ആണവായുധം നിര്‍മിക്കാനുള്ള ബുദ്ധിശേഷിയുണ്ട്. ഭൂമിയെ തകര്‍ക്കുമ്പോള്‍ അത് ചന്ദ്രനെയും മറ്റ് ഗ്രഹങ്ങളെയും ബാധിക്കും. അതായത് ഇത്തിരിപ്പോന്ന, മനുഷ്യന്‍ എന്ന നാം നമ്മുടെ ചിന്താ ശേഷി ഉപയോഗിച്ച് പ്രപഞ്ചത്തെ നശിപ്പിക്കുന്നേടത്തോളം വളരാന്‍ കഴിവുള്ളവരാണ്. അത്രമാത്രം സാമര്‍ഥ്യവും സര്‍ഗാത്മകതയും ദൈവം നമ്മില്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. അതിനാല്‍ നമ്മുടെ മുന്നില്‍ രണ്ടു വഴികളുണ്ട്. ഈ സാമര്‍ഥ്യവും കഴിവും ഉപയോഗിച്ച് യഥാര്‍ഥ ദൈവത്തെ കണ്ടെത്തി അവന്റ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കുക. അപ്പോള്‍ നാം 'മുസ്‌ലിം' (സമര്‍പ്പിതന്‍, ശാന്തന്‍) ആകും. അല്ലെങ്കില്‍ അവനെ ധിക്കരിച്ച് ജീവിക്കുക. അപ്പോള്‍ നാം നിഷേധിയും ധിക്കാരിയും ആകും.
ഇസ്ലാം എന്നത് ജന്മസിദ്ധമായ ഒന്നല്ല. കര്‍മസിദ്ധമായ ഒന്നാണ്. നാമസിദ്ധമായ ഒന്നല്ല, ബോധസിദ്ധമായ ഒന്നാണ്. അതിനാല്‍ മുസ്ലിം നാമധാരികളെ കണ്ടു ഇസ്ലാമിനെ വിലയിരുത്താതിരിക്കുക. മുസ്ലിം നാമധാരികള്‍ക്കിടയിലെ വിഭാഗീയതയും വിദ്വേഷവും കണ്ട് ഇസ്ലാമിനെ മനസ്സിലാക്കാതിരിക്കുക.
മുസ്ലിം  നാമം പേറുന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. തന്റെ ജീവിതമാസകലം ദൈവത്തിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നവന്‍ ഓരോ നിമിഷവും ചിന്തിക്കുകയും സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യട്ടെ.
മരണശേഷം വരാനുള്ള അനന്തമായ ഒരു ജീവിതകാലത്തിന്റെ രക്ഷക്കു വേണ്ടി നാം ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഒരുപക്ഷേ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറമായിരിക്കും ദൈവിക നിര്‍ദേശങ്ങള്‍. ഓര്‍ക്കേണ്ട നമ്മുടെ ലക്ഷ്യം സുരക്ഷയാണ്.
കൊറോണ വന്നപ്പോള്‍ സ്വയം ബന്ധനസ്ഥരാവാന്‍ നാം തയാറാണെങ്കില്‍,  എല്ലാം തന്ന കരുണാവാരിധിയായ നാഥനു മുമ്പില്‍ നാം നമ്മെ സമര്‍പ്പിക്കുക. 
നല്ല ചിന്തകള്‍, നല്ല വാക്കുകള്‍, നല്ല കര്‍മങ്ങള്‍ ഇവ ആവട്ടെ നമ്മള്‍. നന്മകള്‍ കല്‍പ്പിക്കുന്നവന്‍ മുസ്ലിം. പ്രവര്‍ത്തിക്കാത്തത് പറയാത്തവന്‍ മുസ്ലിം. ചീത്ത ചിന്തകള്‍, ചീത്ത വാക്കുകള്‍, ചീത്ത കര്‍മങ്ങള്‍ ഇവയാണ്  ദൈവധിക്കാരത്തിന്റെ വഴി. തിന്മകളില്‍ മുഴുകുന്നവന്‍, തിന്മക്കായി വാദിക്കുന്നവന്‍. വിശ്വാസ്യത, സത്യം, ധര്‍മം, കാരുണ്യം, ദയ, സ്നേഹം, വിട്ടുവീഴ്ച, അനുകമ്പ, സഹാനുഭൂതി.. നന്മകള്‍ വ്യക്തമാണ്. അസത്യം, അധര്‍മം, സ്വാര്‍ഥത, വഞ്ചന, പക, വെറുപ്പ്, വാശി... തിന്മകളും വ്യക്തമാണ്.   തിന്മകളെ തടയുന്നവന്‍ മുസ്ലിം.   
സമ്പാദ്യങ്ങള്‍ നല്ല രീതിയിലാകട്ടെ, സംവാദങ്ങള്‍ നല്ല രീതിയിലാവട്ടെ, ബന്ധങ്ങള്‍ നല്ല രീതിയിലാവട്ടെ, ഇടപാടുകള്‍ നല്ല രീതിയിലാകട്ടെ. സ്ത്രീകള്‍ ശരീരം മറയ്ക്കട്ടെ. ദൈവകല്‍പനകള്‍ പുഛിക്കുന്നവര്‍ അറിയുക; കൊറോണ കാലത്ത് നാം മുഖമടക്കം മറയ്ക്കുന്നു. മരണാനന്തര ജീവിതത്തില്‍ രക്ഷക്കു വേണ്ടി ഓരോ മുസ്ലിം സ്ത്രീയും  സ്വയം അണിയുന്നതാണ് ഹിജാബ്. അത് അടിച്ചമര്‍ത്തലായി അവര്‍ക്ക് തോന്നാറില്ല. നമ്മുടെ നിരീശ്വര- ഭൗതികവാദികള്‍ക്കാണ് അത് പ്രശ്നം!
കൊറോണ നല്ലൊരു അവസരമാണ്; സ്വന്തത്തിലേക്ക് ഉള്‍വലിഞ്ഞു ജീവിക്കേണ്ടിവരുന്ന ഓരോ വ്യക്തിക്കും തന്റെ ജീവിതനിയോഗലക്ഷ്യം തിരിച്ചറിയാനുള്ള സുവര്‍ണാവസരം. സ്രഷ്ടാവായ, ഏകനായ ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കുക. ലോകത്തെ ഒരേയൊരു ഗ്രന്ഥമേ ഇവ ദൈവവാക്യങ്ങളാണെന്ന് സ്വയം പരിചയപ്പെടുത്തുന്നുള്ളൂ. ആ ഗ്രന്ഥത്തിന്റെ പേര് ഖുര്‍ആന്‍. ഖുര്‍ആന്‍ പരിഭാഷകള്‍ ലഭ്യമാണ്. ഖുര്‍ആനിലൂടെ യഥാര്‍ഥ ദൈവത്തെ കണ്ടെത്താന്‍ നമുക്കാവും. 
ആ ദൈവം കരുണാമയനാണ്. കൊറോണ കാലത്തും അല്ലാത്തപ്പോഴും അവനാണ് നമ്മുടെ സംരക്ഷകന്‍. അവന്‍ നമ്മുടെ കാല്‍ക്കീഴിലല്ല. നമ്മുടെ ഇഷ്ടങ്ങള്‍ നടത്താന്‍ വിധിക്കപ്പെട്ടവനുമല്ല. കൊറോണ വൈറസ് നമ്മുടെ ശരീരത്തെ തകര്‍ക്കുമെങ്കില്‍, ദൈവനിഷേധം നമ്മുടെ ജീവിതത്തെ തകര്‍ക്കും. യഥാര്‍ഥ ദൈവബോധം നമ്മുടെ ജീവിതത്തെ രക്ഷിക്കും. കൊറോണ ബാധിച്ച് മരിക്കുകയാണെങ്കില്‍ പോലും യഥാര്‍ഥ വിശ്വാസി ഭയക്കില്ല. കാരണം മരണാനന്തര ജീവിതത്തില്‍ രക്ഷയുണ്ടെങ്കില്‍ പിന്നെ എന്ത് കൊറോണ? 
ജീവിതം ഇവിടെ തീരുന്നവര്‍ കൊറോണയെ   ഭയന്നേ തീരൂ. ജീവിതം അനന്തമായി നീണ്ടുകിടക്കുകയാണെന്നും മരണശേഷമാണ് യഥാര്‍ഥ ജീവിതം എന്നുമറിയുന്നവര്‍ ദൈവത്തെ മാത്രം ഭയക്കും. കൊറോണ ദൈവത്തിലേക്കുള്ള യാത്രയുടെ തുടക്കം മാത്രം. മറ്റു മനുഷ്യരുടെ, ജീവികളുടെ ജീവിതങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ദൈവധിക്കാരത്തിന്റെ ഫലം.
കൊറോണ കാലത്തും ദൈവത്തെ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക്, മനുഷ്യബുദ്ധിയുടെ ഉപയോഗം ഇല്ലാതെ പോയല്ലോ എന്ന സഹതാപം മാത്രം. 
അറിയുക. അറിവ് കൊണ്ട് ദൈവത്തെ കണ്ടെത്തുക. 'നിനക്കറിയാത്തവയെ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സും എല്ലാം ചോദ്യംചെയ്യപ്പെടുന്നവ തന്നെ' (വിശുദ്ധ ഖുര്‍ആന്‍: 17:37).

Comments