Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

മഹാമാരിയില്‍നിന്നുള്ള അതിജീവന മാര്‍ഗങ്ങള്‍

പി.കെ ജമാല്‍

കിഴക്കും പടിഞ്ഞാറും ഒരുപോലെ നാശം വിതച്ച്  കോവിഡ് -19 കത്തിപ്പടരുകയാണ്. മഹാമാരി വിതച്ച ഭീതിയുടെ കരിനിഴലില്‍ കഴിയാന്‍ വിധിക്കപ്പെട്ട ലോകത്തിന്റെ ആകുലമായ നെടുവീര്‍പ്പുകള്‍ നിറഞ്ഞതാണ് ഓരോ നിമിഷവും. മനുഷ്യന്റെ മുഖത്തു നിന്ന് മന്ദഹാസം മാഞ്ഞുപോയിരിക്കുന്നു. ഭയവും ആശങ്കയുമാണ് എല്ലാവരെയും ഭരിക്കുന്നത്.
ഭൂമിലോകത്തെ വിനാശത്തിന്റെ വിളനിലമാക്കി മാറ്റിയ നിരവധി കൊടിയ മഹാമാരികള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ലോകത്തെ കണ്ണീര്‍ക്കടലില്‍ ആഴ്ത്തിയ അത്തരം വിപത്തുകളെ അതിജീവിച്ച് മുന്നേറിയ ലോകം, ഇന്നൊരു പുതിയ മഹാമാരിയെ കണ്ട് പകച്ചുനില്‍ക്കുകയാണ്.
മരണം വിതച്ച് കൊടുങ്കാറ്റ് പോലെ കടന്നുപോയ മഹാമാരികള്‍ക്കു ശേഷവും ലോകം പുതിയ പ്രഭാതങ്ങളിലേക്ക് ഉണര്‍ന്നിരുന്നു എന്ന സത്യമാണ് ഈ പ്രതിസന്ധിക്കു നടുവിലും പ്രതീക്ഷ നല്‍കുന്നത്. പ്ലേഗ് അഥവാ ബ്ലാക്ക് ഡെത്ത് ലോകത്ത് ദശലക്ഷക്കണക്കില്‍ ആളുകളുടെ ജീവനാണെടുത്തത്. പല കാലഘട്ടങ്ങളിലും പ്ലേഗ് പടര്‍ന്നുപിടിച്ചിരുന്നു. മനുഷ്യചരിത്രത്തില്‍ ഏറ്റവും നാശകാരിയായ രോഗമായാണ് പ്ലേഗ് അറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലെ മൂന്നിലൊന്ന് മനുഷ്യരെ പ്ലേഗ് കൊന്നൊടുക്കി. ചര്‍മത്തില്‍ കറുത്ത പാടുകളുമായി കടന്നുകയറുന്ന ഈ രോഗത്തിന് 'ബ്ലാക്ക് ഡെത്ത്' എന്ന് വിളിപ്പേരുണ്ട്. 1347- നും 1351- നും ഇടക്ക് യൂറോപ്പിന്റെ പല ഭാഗങ്ങളിലായി 100 മില്യന്‍ മനുഷ്യരെ ഈ രോഗം കൊന്നു. സ്പെയിനിലെ ഇശ്ബിലിയയില്‍ (സെവില്ല) 1647-നും 1652-നുമിടയില്‍ 76000 ആളുകളുടെ ജീവനെടുത്തു. അന്‍ദുലൂസ് നിവാസികളില്‍ നാലിലൊന്ന് അങ്ങനെ മരിച്ചൊടുങ്ങി. 1665-1666 കാലത്തുണ്ടായ പ്ലേഗില്‍ ലണ്ടന്‍ നിവാസികളില്‍ ഇരുപത് ശതമാനവും മരിച്ചു. 
വി.എച്ച്.എഫ് വൈറസ് ഉണ്ടാക്കുന്ന ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവ 1545-1548-ല്‍ മെക്സിക്കോയില്‍ 5 മില്യനും 15 മില്യനും ഇടയില്‍ ജനങ്ങളെയാണ് തട്ടിയെടുത്ത്. ഇീഹീഹശ്വശേഹശ എന്ന മഹാമാരിയായാണ് ഇത് അറിയപ്പെട്ടത്. മെക്സിക്കന്‍ മണ്ണിലെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും വന്ന സ്പാനിഷ് അധിനിവേശ ശക്തികളാണ് അവിടേക്ക് വസൂരിയും ചിക്കുന്‍ ഗുനിയയും കൊണ്ടുവന്നത്.
1917-1824 വര്‍ഷങ്ങളില്‍ ഏഷ്യയിലും യൂറോപ്പിലും കോളറ എന്ന മഹാവ്യാധി പതിനായിരക്കണക്കില്‍ ആളുകളെയാണ് കൊന്നു തള്ളിയത്. ജപ്പാന്‍, മോസ്‌കോ, ബര്‍ലിന്‍, പാരീസ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ കോളറ വന്‍തോതില്‍ മരണം വിതച്ചു. പ്രതിവര്‍ഷം 40 ലക്ഷം ആളുകളെയെങ്കിലും കോളറ കൊല്ലുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ചരിത്രത്തില്‍ മഹാമാരി മൂലം മരണമടഞ്ഞവരില്‍ മുപ്പതു ശതമാനവും വസൂരി രോഗം കൊണ്ടായിരുന്നു. 1980-ല്‍ വസൂരി രോഗം ലോകത്തു നിന്ന് നിര്‍മാര്‍ജനം ചെയ്തെന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. കൊടിയ പട്ടിണി മൂലം കനഡയിലേക്ക് ഓടിപ്പോയ അയര്‍ലന്റ് അഭയാര്‍ഥികളില്‍ ഇരുപതിനായിരം പേരെ കൊന്നത് 'ടൈഫസ്' പകര്‍ച്ചപ്പനിയായിരുന്നു. ഒന്നാം ലോക യുദ്ധകാലത്ത് ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ സൈനികരില്‍ ഈ രോഗം പടര്‍ന്നു പിടിച്ചു. യുഗോസ്ലാവ്യയില്‍ മാത്രം ഒന്നര ലക്ഷം ആളുകള്‍ മരിച്ചൊടുങ്ങി. റഷ്യന്‍ ആഭ്യന്തര യുദ്ധകാലത്ത് മുപ്പത് ലക്ഷം ആളുകളെങ്കിലും 'ടൈഫസ്' ബാധിച്ച് മരിച്ചതായാണ് കണക്ക്. 1922-ല്‍ ഉണ്ടായ ഈ പകര്‍ച്ചവ്യാധിയാണ് സോവിയറ്റ് മണ്ണിന്റെ ചരിത്രത്തിലെ കൊടിയ ദുരന്തം.
1918-1920 കാലത്ത്, 18 മാസങ്ങള്‍ കൊണ്ട് 50-100 മില്യന്‍ ഇടയില്‍ ജനങ്ങളെ കൊന്നൊടുക്കിയ എച്ച്1 എന്‍1 വൈറസ് ഹേതുവായ മാരക സ്പാനിഷ് ഫ്ളൂ ആണ് സമീപകാലത്ത് ഏറ്റവും നാശം വിതച്ച  മഹാമാരി. ഒന്നാംലോക യുദ്ധത്തിന്റെ ഒടുവിലെ മാസങ്ങളില്‍ 500 മില്യന്‍ ആളുകളെ ഈ രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് യുദ്ധം പെട്ടെന്ന് കെട്ടടങ്ങിയത് എന്നൊരു നിരീക്ഷണമുണ്ട്.
ഈ നൂറ്റാണ്ടിലെ കൊടിയ രോഗമായ എയ്ഡ്സാണ് മറ്റൊന്ന്. 1981 മുതല്‍ എച്ച്.ഐ.വി ബാധിതരില്‍ 35 മില്യന്‍ ആളുകള്‍ മരണമടഞ്ഞു. 2014-ല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്തൊട്ടുക്കുമായി 37 മില്യന്‍ ആളുകള്‍ എച്ച്.ഐ.വി ബാധിതരുണ്ട്. ഇതിനൊക്കെ പുറമെയാണ് സാര്‍സ്, പന്നിപ്പനി, എബോള, പക്ഷിപ്പനി, കുരങ്ങുപനി തുടങ്ങിയവ മൂലം ലോകത്ത് മരിച്ചൊടുങ്ങിയ ദശലക്ഷക്കണക്കിനാളുകള്‍. ഇവയില്‍ ഒടുവിലത്തേതാണ് കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് 19 പകര്‍ച്ചവ്യാധി.
കോടിക്കണക്കില്‍ മനുഷ്യരെ മരണത്തിലേക്ക് തള്ളാന്‍ നിമിത്തമായ പകര്‍ച്ചവ്യാധികളെ കീഴ്പ്പെടുത്തുന്നതില്‍ വൈദ്യശാസ്ത്രം ഒരളവു വരെ വിജയം വരിച്ചിട്ടുണ്ടെങ്കിലും, മരണഭയം ഉയര്‍ത്തി പുതിയ വൈറസുകള്‍ പിന്നെയും പ്രത്യക്ഷപ്പെടുന്നതായാണ് അനുഭവം. ചൈനയിലും തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട കൊറോണ കോവിഡ്- 19 ഉദാഹരണം. പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത വൈറസുകളെ ചെറുക്കാന്‍ മുന്‍കരുതല്‍ തന്നെ പ്രധാനം.

അതിജീവന മാര്‍ഗങ്ങള്‍ 

മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ നബി (സ) കര്‍ശന നിര്‍ദേശം നല്‍കിയതായി കാണാം. ശാം പര്യടനത്തിന് പുറപ്പെട്ട ഖലീഫ ഉമറുബ്നുല്‍ ഖത്ത്വാബ് സുഊദി അറേബ്യ, ജോര്‍ദാന്‍ അതിര്‍ത്തിയിലെ 'സര്‍ഗ' പ്രദേശത്തെത്തിയപ്പോള്‍, ശാമില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചതായി അബൂ ഉബൈദത്തുബ്നുല്‍ ജര്‍റാഹിന്റെ സൈനിക മേധാവികള്‍ അറിയിച്ചു. അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ) ഉമറിനെ, ഇതു സംബന്ധിച്ച് ഒരു നബിവചനം ഉണര്‍ത്തി. അദ്ദേഹം വിശദീകരിച്ചു: 'ഒരു രാജ്യത്ത് പകര്‍ച്ചവ്യാധി പടര്‍ന്നിട്ടുണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ അങ്ങോട്ട് പോകരുത്. നിങ്ങള്‍ വസിക്കുന്ന രാജ്യത്ത് പകര്‍ച്ചവ്യാധി പിടിപെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അവിടം വിട്ട് പോകാനും പാടില്ല.'' പ്രശ്നത്തില്‍ ഖണ്ഡിതമായ തീരുമാനം അറിഞ്ഞ ഉമര്‍ അല്ലാഹുവിനെ സ്തുതിച്ച് തിരിച്ചുപോന്നു. സാംക്രമിക രോഗം പിടിപെട്ട വ്യക്തിയുമായുള്ള കൂടിക്കാഴ്ച നബി (സ) ഇഷ്ടപ്പെട്ടില്ല. ശരിദ് റിപ്പോര്‍ട്ട് ചെയ്യുന്നു: 'സഖീഫ് പ്രതിനിധി സംഘാംഗങ്ങളില്‍ ഒരു കുഷ്ഠരോഗിയും ഉണ്ടായിരുന്നു. അയാള്‍ക്ക് പക്ഷേ, നബി (സ) നേരില്‍ കാണാതെ ഒരു സന്ദേശം കൈമാറുകയായിരുന്നു; നാം നിങ്ങളുമായി ബൈഅത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. താങ്കള്‍ തിരിച്ചുപോയ്ക്കൊള്ളുക.' രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്.
ഒരുകാലത്ത് യൂറോപ്പിനെ പിടിച്ചുലച്ച മാറാവ്യാധികള്‍  മുസ്ലിം രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ചു കടക്കാതിരുന്നത് അന്ന് സ്വീകരിച്ച കര്‍ശന മുന്‍കരുതല്‍ നടപടികള്‍ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 'രോഗബാധിതര്‍, ആരോഗ്യത്തോടെ കഴിയുന്നവരുടെ അടുത്തേക്ക് കടന്നു ചെല്ലരുത്' എന്ന് പഠിപ്പിച്ച നബി (സ), 'സിംഹത്തെ കണ്ട് ഓടുന്നതു പോലെ വേണം കുഷ്ഠരോഗിയില്‍നിന്ന് അകന്നു മാറേണ്ടത്' എന്നും ഉണര്‍ത്തി. സാംക്രമിക രോഗങ്ങളുടെ അപകടം സ്വയം ക്ഷണിച്ചുവരുത്തരുത്.  'സ്വന്തം കരങ്ങളാല്‍ തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍' (അല്‍ബഖറ 195) എന്നത് ദൈവിക നിര്‍ദേശമാണ്.
'സ്വയം ഉപദ്രവമേല്‍ക്കരുത്, മറ്റുള്ളവരെ ഉപദ്രവിക്കുകയുമരുത്' എന്ന പ്രവാചക നിര്‍ദേശം ഇസ്ലാമിക ജീവിത ശാസ്ത്രത്തിലെ അടിസ്ഥാന നിയമമാണ്.
"Can this power of prayer alone stop a pandemic like the corona virus? Even the prophet Muhammed thought otherwise' എന്ന തലക്കെട്ടില്‍ അമേരിക്കയിലെ 'ന്യൂസ് വീക്ക്'  മാഗസിനില്‍ ക്രാഗ് കോണ്‍സിലൈന്‍ എഴുതിയ ലേഖനത്തില്‍ (1703-2020) 'ഐസൊലേഷന്‍', 'ക്വാറന്റൈന്‍' എന്നീ ആശയങ്ങള്‍ മുന്‍കരുതലിന്റെയും ജാഗ്രതയുടെയും ഭാഗമായി മുഹമ്മദ് നബി (സ)  പഠിപ്പിച്ചതാണെന്ന് സമര്‍ഥിക്കുന്നുണ്ട്. ഡോ. ആന്റണി ഫ്യൂചിയെ പോലുള്ള ഇമ്യൂണോളജിസ്റ്റുകള്‍ വ്യക്തിഗത ശുചിത്വത്തിന്റെ പ്രധാന്യം ഊന്നിപ്പറയുന്നു. ആധുനിക ക്വാറന്റൈന്‍  സിദ്ധാന്തം നബി(സ)യുടെ അധ്യാപനത്തില്‍ അധിഷ്ഠിതമാണെന്ന് സൂചിപ്പിക്കുന്നു ന്യൂസ് വീക്ക് ലേഖനം. 'പകര്‍ച്ചവ്യാധി ബാധിച്ചവരെ അതില്ലാത്തവരില്‍നിന്ന് അകറ്റിനിര്‍ത്തണം' എന്ന നബിവചനവും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. 'ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണ്, ഉണര്‍ന്നാല്‍ നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില്‍ അവ എവിടെയായിരുന്നു എന്ന് നിനക്കറിയില്ല', 'ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകുന്നതിലാണ് ആഹരിക്കുന്നതിലെ ഐശ്വര്യം' തുടങ്ങിയ പ്രവാചക വചനങ്ങളും ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 
ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ആദ്യ അധ്യായം തന്നെ 'കിതാബുത്ത്വഹാറത്ത്' (ശുദ്ധിയെക്കുറിച്ച അധ്യായം) ആണെന്നത് ഓര്‍ക്കുക. ഇസ്ലാമിക ജീവിതരീതിയില്‍ 'ശുദ്ധി'ക്കുള്ള പ്രാധാന്യത്തിന് ഖുര്‍ആനും സുന്നത്തും ഹദീസ് ഗ്രന്ഥങ്ങളും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും സാക്ഷി. ഈ ശുദ്ധി ജീവിത വ്രതമാക്കുകയാണ് വൈറസുകളില്‍നിന്ന് മുക്തി നേടാനുള്ള മാര്‍ഗമെന്ന് ലോകം മുഴുവന്‍ ഇപ്പോള്‍ ഘോഷിച്ചുകൊണ്ടിരിക്കുന്നു. നമസ്‌കാരവേളയിലെ അംഗശുദ്ധിയെക്കുറിച്ച് വിശദ പ്രതിപാദനം നടത്തുന്ന ഖുര്‍ആന്‍ ഈ സത്യത്തിന് അടിവരയിടുന്നു. 
അനാരോഗ്യകരമായ സാഹചര്യങ്ങളില്‍നിന്നും ജനനിബിഡമായ ചുറ്റുപാടില്‍നിന്നും തെരുവിന്റെ തിരക്കില്‍നിന്നും ഒഴിഞ്ഞ് 'വീട്ടില്‍ കഴിയുക' (ടമ്യേ ഒീാല ടമ്യേ ടമളല) എന്നത്  പുതിയ കാലത്തിന്റെ അതിജീവന മന്ത്രമായിരിക്കുന്നു.
സുലൈമാന്‍ നബി(അ)യുടെ ചരിത്രം പറയുമ്പോള്‍, അദ്ദേഹവും സൈന്യവും ഉറുമ്പുകളുടെ താഴ്‌വരയിലെത്തിയ സംഭവം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ആത്മരക്ഷക്ക് സ്വന്തം വസതികളില്‍ കഴിയുകയാണ് ഉത്തമമെന്ന സന്ദേശം ഉറുമ്പ് സഹജീവികളെ ഉണര്‍ത്തുന്നു: ''അവര്‍ ഉറുമ്പുകളുടെ താഴ്‌വരയില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: അല്ലയോ ഉറുമ്പുകളേ, സ്വന്തം മാളങ്ങളില്‍, പാര്‍പ്പിടങ്ങളില്‍ പോയി ഒളിച്ചുകൊള്ളുവിന്‍. സുലൈമാനും സൈന്യവും നിങ്ങളെ അറിയാതെ ചവിട്ടിയരക്കാതിരിക്കട്ടെ'' (അന്നംല് 19). 'ഉദ്ഖുലൂ മസാകിനകും' - വീടുകളില്‍ കഴിയുക എന്നതാണ് ഇന്ന് വൈറസിനെതിരില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അധികൃതര്‍ നല്‍കുന്ന മുഖ്യ നിര്‍ദേശം.

ധാര്‍മിക പാഠങ്ങള്‍

കോവിഡ് 19-ഉം മറ്റു മഹാമാരികളും നല്‍കുന്ന മാനവികവും ധാര്‍മികവുമായ ചില പാഠങ്ങളുണ്ട്. രാജ്യാതിര്‍ത്തികളിലെ വേലികളും മതിലുകളും ഭേദിച്ചുകൊണ്ടാണ് മഹാമാരിയുടെ വൈറസുകള്‍ ദേശരാഷ്ട്രങ്ങളില്‍ കടന്നുകയറുന്നത്. അതിര്‍ത്തി കാക്കുന്ന ഭടന്മാര്‍ വൈറസുകളുടെ പൗരത്വ രേഖകളും യാത്രാ പ്രമാണങ്ങളും പരിശോധിച്ച് കയറ്റിവിട്ടതായി അറിവില്ല. തങ്ങള്‍ക്കുള്ളത് വിശ്വപൗരത്വമാണ് എന്ന് വൈറസുകള്‍ തെളിയിച്ചു. ദേശ, ഭാഷാ, മത, വര്‍ഗ മതില്‍കെട്ടുകള്‍ക്കതീതമായി നിലകൊള്ളുന്ന വിശ്വ മാനവികതയുടെ മഹിത സന്ദേശം ഉള്‍ക്കൊള്ളുകയാണ് മനുഷ്യരാശിക്ക് കരണീയമായിട്ടുള്ളതെന്ന സത്യം വൈറസുകളുടെ സാര്‍വത്രിക വ്യാപനം വിളിച്ചു പറയുന്നു.
വൈറസുകളോടുള്ള യുദ്ധത്തില്‍ ലോകരാജ്യങ്ങളെല്ലാം ഒന്നിച്ചാണല്ലോ. ജാഗ്രതയും കരുതലും സുരക്ഷാ നടപടികളും വേണ്ട അളവില്‍ കൈക്കൊള്ളുന്നതോടൊപ്പം തന്നെ, മനുഷ്യരാശിയെ സംബന്ധിച്ചേടത്തോളം പരീക്ഷണപര്‍വമാണ് ഇതെന്ന തിരിച്ചറിവ് വേണം. 

'നിസ്സഹായന്മാര്‍ 

വെറും പുഴുക്കള്‍ മര്‍ത്യന്മാര്‍ നാം
നിസ്സഹായതോടെ മല്ലിടാനശക്തന്മാര്‍.
നാമൊന്ന് നിരൂപിക്കും മറ്റൊന്നായിത്തീരും ഫലം
നാമത് കണ്ടാര്‍ത്തരായി നിഷ്ഫലം വിലപിക്കും' (ചങ്ങമ്പുഴ).
ഒരു വൈറസിന് ലോകത്തെ ആശങ്കയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്നു എന്നോര്‍ക്കണം. 'ഞങ്ങള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ല, കാര്യം ഞങ്ങളുടെ കൈ വിട്ടിരിക്കുന്നു, ഇനി നിങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിച്ചുകൊള്ളൂ, അതു മാത്രമാണ് രക്ഷാ മാര്‍ഗം' എന്ന് ഇറ്റലിയുടെ ഭരണാധികാരിക്ക് കേണുപറയേണ്ടി വന്നു. ഇതുതന്നെയാണ് ഖുര്‍ആന്‍ പറഞ്ഞത്: ''അല്ലാഹു നിനക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനം അണയ്ക്കുകയാണെങ്കില്‍, ആ പീഡനത്തില്‍നിന്ന് മോചിപ്പിക്കാന്‍ അവനല്ലാതെ ആരുമില്ല. അവന്‍ നിനക്ക് നന്മയില്‍ സൗഖ്യം അരുളുകയാണെങ്കിലോ, അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനാകുന്നു. തന്റെ ദാസന്മാരുടെ മേല്‍ അവന് സമ്പൂര്‍ണമായ അധികാരമുണ്ട്. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമാകുന്നു'' (അല്‍അന്‍ആം 18).
ജനങ്ങള്‍ ദുഷിക്കുകയും വിപത്തുകള്‍ പെരുകുകയും അജ്ഞത കൊടികുത്തി വാഴുകയും ദൈവവിസ്മൃതി അഴിഞ്ഞാട്ടം നടത്തുകയും അക്രമികളും സ്വേഛാധിപതികളുമായ 'അഭിനവ ഫറവോ'ന്മാരുടെ കൈകളില്‍ ലോക ഭരണത്തിന്റെ കടിഞ്ഞാണ്‍ അമരുകയും അധാര്‍മികതയും അശ്ലീലതയും  അരങ്ങു തകര്‍ക്കുകയും ചെയ്യുമ്പോള്‍, പ്രപഞ്ചനാഥന്റെ തട്ടിയുണര്‍ത്തലാണ് മഹാമാരികളുടെയും രോഗാണുക്കളുടെയും വൈറസുകളുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ''നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുന്നില്ല. ഈ പ്രസ്താവം, ജനം അതുവഴി ഉദ്ബുദ്ധരാകുന്നതിനു വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല'' (അല്‍ മുദ്ദസ്സിര്‍ 31). മനുഷ്യന്റെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ ഇതിന് എത്രത്തോളം കാരണമായിട്ടുണ്ടെന്നും പരിശോധിക്കേണ്ടതാണ്. ''നിങ്ങളെ ബാധിച്ച വിപത്തുകളെന്തും സ്വന്തം കൈകള്‍ കൊണ്ട് നേടിയതാകുന്നു. വളരെ തെറ്റുകള്‍ അവന്‍ സദയം വിട്ടുകളയുന്നു. ഭൂമിയില്‍ നിങ്ങള്‍ അവനെ തോല്‍പിക്കുന്നവര്‍ അല്ലതന്നെ'' (അശ്ശൂറാ 30,31).
ലോകമെങ്ങും സംഭവിക്കുന്ന മഹാമാരികള്‍ മൂലമുള്ള മരണത്തക്കെുറിച്ച് നിരവധി പ്രവചനങ്ങള്‍ നബി(സ)യുടേതായി ഉണ്ട്. ഔഫുബ്നു മാലിക് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''തബൂക് യുദ്ധവേളയില്‍ തോലു കൊണ്ട് നിര്‍മിച്ച തമ്പില്‍ ഇരുന്ന് നബി (സ) പറഞ്ഞു: അന്ത്യനാളിന്റെ മുന്നോടിയായി എണ്ണിക്കൊള്ളുക, ആറ് കാര്യങ്ങള്‍ സംഭവിക്കും; എന്റെ മരണം, ബൈത്തുല്‍ മഖ്ദിസിന്റെ വിജയം, മൂക്കില്‍നിന്നൊലിക്കുന്ന സ്രവങ്ങള്‍ മൂലം  ആളുകള്‍ ചത്തൊടുങ്ങുന്നത് പോലെ മനുഷ്യരുടെ കൂട്ട മരണം, പണത്തിന്റെ കുത്തൊഴുക്ക്- എന്നു വെച്ചാല്‍ ആര്‍ക്കെങ്കിലും നൂറ് ദീനാര്‍ വെച്ചു നീട്ടിയാല്‍ അവന്‍ ക്രുദ്ധനാവും, അറബികളുടെ ഓരോ ഗ്രാമത്തിലും വന്നെത്തുന്ന വിപത്തുകള്‍. പിന്നെ നിങ്ങള്‍ക്കും റോമക്കാര്‍ക്കും ഇടയില്‍ ഉണ്ടാകുന്ന സമാധാന സന്ധി, പക്ഷേ അവര്‍ വഞ്ചിക്കും. എണ്‍പത് നാഷന്നു കീഴില്‍ അവര്‍ നിങ്ങളെ തേടിവരും. ഓരോ നാഷന്റെയും പതാകക്കു കീഴില്‍ പന്ത്രണ്ടായിരം ആളുകള്‍ അണിനിരന്നിട്ടുണ്ടാവും'' (ബുഖാരി).

'അന്‍ഫുല്‍ അന്‍സ'യും ഇന്‍ഫ്ളുവന്‍സയും

മഹാമാരികള്‍ മുഖേന മനുഷ്യര്‍ മരിച്ചൊടുങ്ങുന്ന വിപത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നബി (സ) സൂചിപ്പിച്ചത് 'ആടുകളുടെ മൂക്കില്‍നിന്നൊലിച്ചിറങ്ങുന്ന സ്രവം കാരണം അവ ചത്തൊടുങ്ങുന്നതു പോലെ' എന്നാണ്. ഭാഷാ ശാസ്ത്രകാരന്മാര്‍ 'അന്‍ഫുല്‍ അന്‍സ' (ആടിന്റെ മൂക്ക്) എന്നാണ് വ്യവഹരിച്ചിട്ടുള്ളത്. 'അന്‍ഫുല്‍ അന്‍സ' എന്ന പദമാണ് പിന്നീട് ലോപിച്ച് ലാറ്റിനില്‍ 'ഇന്‍ഫഌവന്‍സ' ആയിത്തീര്‍ന്നതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. പതലരം ഫ്ളൂകള്‍ ഉണ്ടാക്കിയ വൈറസുകളെ കുറിച്ച് നമുക്കറിയാമല്ലോ. പക്ഷിപ്പനി, കുരങ്ങുപനി, പന്നിപ്പനി, ഡെങ്കിപ്പനി എന്നിങ്ങനെ നൂറുകൂട്ടം ഇന്‍ഫഌവന്‍സകള്‍. അവയെല്ലാം നേരത്തേ പറഞ്ഞ ഹദീസിലെ, 'ആടിന്റെ മൂക്കിലെ സ്രവം' പോലെയുള്ള സ്രവങ്ങളുമായി ബന്ധപ്പെട്ടവ തന്നെ. സ്രവങ്ങള്‍ ഒലിച്ചിറങ്ങുന്നതോടെ ആടുകള്‍ കൂട്ടത്തോടെ ചത്തു മലക്കും. ഇതുപോലെയാണ് 'മരണഭൂമി'കള്‍ ഉണ്ടാകുന്നത് എന്നു സാരം.
നബി (സ) പ്രവചിച്ചതു പോലെയുള്ള പ്ലേഗ് മഹാമാരിയാണ് ഉമറിന്റെ കാലത്ത് ശാമിലെ അംവാസില്‍ ഉണ്ടായത്. 'ത്വാഊനു അംവാസ്' എന്ന പേരിലാണ് അത് അറിയപ്പെട്ടത്. നബി(സ)യുടെ അനുചരന്മാരില്‍ പലരും മരിച്ച പ്ലേഗായിരുന്നു അത്. മുആദുബ്നു ജബല്‍, അബൂ ഉബൈദത്തുബ്നുല്‍ ജര്‍റാഹ്, ശുറഹ്ബീലു ബ്നു ഹസന, ഫദ്‌ലു ബ്നു അബ്ബാസ് തുടങ്ങിയ പ്രമുഖ സ്വഹാബിമാര്‍ 'അംവാസ് പ്ലേഗി'ലാണ് മരണമടഞ്ഞത്. 25000 - ത്തില്‍ പരം ആളുകള്‍ ആ പ്ലേഗില്‍ മരണമടഞ്ഞു.
നബി (സ) സൂചിപ്പിച്ച 'മരണത്തിന്റെ ആധിക്യം' പല വിധത്തിലാവാം, പല കാരണങ്ങളാവാം. പട്ടിണി, പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍, കൊലപാതകങ്ങള്‍, വംശഹത്യകള്‍, മഹാമാരികള്‍ തുടങ്ങി പലതും. മഹാമാരികള്‍ ഉണ്ടാക്കുന്ന വൈറസുകള്‍ പെരുകുന്നത് പരിസ്ഥിതിനാശത്താല്‍ അവിശുദ്ധമാകുന്ന അന്തരീക്ഷത്തിലാണ്.
മ്ലേഛതകളും കുറ്റകൃത്യങ്ങളും അത്യാചാരങ്ങളും അക്രമ പ്രവര്‍ത്തനങ്ങളും ചില പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നബി (സ) പഞ്ഞു: 'അശ്ലീലതയും മ്ലേഛവൃത്തികളും ഒരു സമൂഹത്തില്‍ ഒളിമറയില്ലാത്തവിധം പരസ്യമായി നടന്നാല്‍ പ്ലേഗ് പോലുള്ള മഹാമാരികള്‍ മൂലവും പൂര്‍വികര്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത വിവിധതരം രോഗങ്ങളാലും അല്ലാഹു അവരെ പിടികൂടും'. ഉയ്ഗൂറും മ്യാന്മറും അതുപോലുള്ള മറ്റു സംഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. നിസ്സഹായരായ ആ അഭയാര്‍ഥികളുടെ കണ്ണീര്‍ നമ്മെ ചുട്ട് പൊള്ളിക്കാതിരിക്കുന്നത് എങ്ങനെ?
കൊറോണാ വൈറസ് ലോകത്തെ നിശ്ചലമാക്കിയ പശ്ചാത്തലത്തില്‍ മിക്ക രാഷ്ട്രങ്ങളിലെയും  ജനജീവിതം സ്തംഭിച്ചു. ആറു വര്‍ഷം മുമ്പ് സിറിയന്‍ പട്ടാളത്തിന്റെ വേട്ടക്കിരയായി മരിച്ചുവീണ കൊച്ചു ബാലന്‍ അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് പറഞ്ഞ ഒരു വാക്കുണ്ട്;  'സ ഉഖ്ബിറുല്ലാഹ ബി കുല്ലി ശൈഇന്‍'- 'ഞാന്‍ അവിടെ ചെന്ന് അല്ലാഹുവിനോട് എല്ലാ വിവരവും പറഞ്ഞുകൊടുക്കും.' സ്രഷ്ടാവിന്റെ സന്നിധിയിലേക്ക് കണ്ണീരൊലിപ്പിച്ച് കടന്നു ചെന്ന ആ ബാലന്റെ അന്ത്യവിലാപം, മതിലുകളായി നിലകൊണ്ട രാഷ്ട്രങ്ങള്‍ക്കും ഭരണാധികാരികള്‍ക്കുമെതിരില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ശബ്ദമായിരുന്നു. അതേ, അവന്‍ അല്ലാഹുവിനോട് എല്ലാം പറഞ്ഞുകാണും. അവന്‍ ഒരു വാക്കു കൂടി പറഞ്ഞിരുന്നുവല്ലോ; 'സ അശ്കൂകും ഇലല്ലാഹി' - 'ഞാന്‍ അല്ലാഹുവിനോട് നിങ്ങളെക്കുറിച്ച് ആവലാതി പറയും.' അവന്‍ ആവലാതി പറഞ്ഞു കാണും. 
തുര്‍ക്കി വംശജരായ ഇരകള്‍ ട്വിറ്ററില്‍ കുറിച്ചു:  മനുഷ്യന്റെ അക്രമപ്രവര്‍ത്തനങ്ങളെ പ്രതിക്രിയാപരമായ ദൈവിക നടപടികള്‍ പിന്തുടരും. 'മര്‍ദിതന്റെ പ്രാര്‍ഥനക്കും അല്ലാഹുവിനുമിടയില്‍ മറയില്ല. അതിനാല്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രാര്‍ഥന ഭയക്കണം' എന്ന് നബി (സ) പറഞ്ഞിട്ടുണ്ടല്ലോ. ആ പ്രാര്‍ഥന മേഘങ്ങള്‍ക്കപ്പുറം തടഞ്ഞുനിര്‍ത്തി അല്ലാഹു പറയും: 'അജയ്യ പ്രതാപിയായ ഞാനാണ് സത്യം. തീര്‍ച്ചയായും നിന്നെ ഞാന്‍ സഹായിക്കുക തന്നെ ചെയ്യും. അല്‍പം കഴിഞ്ഞായാലും' (ത്വബറാനി).
1934-ല്‍ നേപ്പാളും ബിഹാറും ഭൂമികുലുക്കത്തിനിരയായി നിരവധി മരണങ്ങളും നാശനഷ്ടങ്ങളും നേരിട്ടപ്പോള്‍ മഹാത്മാ ഗാന്ധി ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു: 'അധ:സ്ഥിതരായ മനുഷ്യരോട് ചെയ്തിട്ടുള്ള കൊടും പാപങ്ങള്‍ക്ക് ദൈവത്തിന്റെ പ്രതിക്രിയാ നടപടിയാണിവയെല്ലാം.' അധഃസ്ഥിത വിഭാഗത്തോട് കാണിക്കുന്ന അസ്പൃശ്യതക്കും അയിത്താചരണത്തിനുമുള്ള ദൈവശിക്ഷയാണ് ബിഹാറിലെ കൊടും വരള്‍ച്ചയെന്നും ഗാന്ധിജി പറയുകയുണ്ടായി. മര്‍ദിതന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും കണ്ണീരില്‍ കുതിര്‍ന്ന രോദനത്തിന് ദൈവത്തിന്റെ ഇടപെടല്‍ പല വിധത്തിലാവാം.
 

Comments