പുനരാലോചനകളുടെ കാലം
'ഞാന് എല്ലാം അല്ലാഹുവിനോട് പറഞ്ഞുകൊടുക്കും' (സ ഉഖ്ബിറുല്ലാഹ ബി കുല്ലി ശൈഇന്) എന്ന് കണ്ണീര്വാര്ത്ത കുരുന്നും, ഫോട്ടോ ഗ്രാഫറുടെ ക്യാമറ കണ്ട് തോക്കെന്നു കരുതി കൈ രണ്ടുമുയര്ത്തിപ്പിടിച്ച കുഞ്ഞും നമ്മുടെ കണ്ണുകളില്നിന്ന് മാഞ്ഞുപോയിട്ടില്ല. അതിനു മുമ്പേ മനുഷ്യരാശി ലോക്ക് ഡൗണ് ചെയ്യപ്പെട്ടിരിക്കുന്നു! നിസ്സാരമായ സോപ്പു കുമിളകള് കൊണ്ട് നശിപ്പിക്കാവുന്ന, ഇലക്ട്രോ മൈക്രോസ്കോപ്പ് കൊണ്ട് മാത്രം ദര്ശിക്കാവുന്ന വൈറസുകള് ലോകത്തെ ബന്ദിയാക്കിയിരിക്കുന്നു.
സ്രഷ്ടാവായ നാഥന് ഈ ദുരിതത്തില്നിന്ന് നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.
കോവിഡ്-19 ഇതിനകം മുപ്പത്തിരണ്ടായിരത്തിലേറെ ജീവനുകളെടുത്തു കഴിഞ്ഞു. അതിനേക്കാള് എത്രയോ ഇരട്ടി രോഗബാധിതരായി ഉണ്ട്. രാജ്യാന്തര സഞ്ചാരങ്ങള് മുതല് അയല്വീടുകളിലേക്കുള്ള സൗഹൃദസന്ദര്ശനങ്ങള് വരെ തടയപ്പെട്ടിരിക്കുന്നു. സാങ്കേതിക മികവുകള്ക്ക് കാര്യമായൊന്നും ചെയ്യാനാകുന്നില്ല. കാര്യബോധത്തോടെയുള്ള സമൂഹത്തിന്റെ കരുതലിലാണ് പ്രതീക്ഷ. അതിനാല് രോഗത്തിന്റെ സാമൂഹിക വ്യാപനം തടയാന് നിര്ദേശിക്കപ്പെട്ട മുഴുവന് വഴികളും ഒന്നൊഴിയാതെ കണിശമായി പാലിക്കാന് നാം ഓരോരുത്തര്ക്കും ബാധ്യതയുണ്ട്. അതില് കാണിക്കുന്ന ഏത് അലംഭാവവും വലിയ ദുരന്തത്തിലേക്കാണ് നമ്മുടെ നാടിനെ എത്തിക്കുക. ഇറ്റലി നമ്മെ പഠിപ്പിക്കുന്നത് അതാണ്. പടച്ചവന് കാക്കട്ടെ.
ഇത് അല്ലാഹുവിന്റെ നിശ്ചയമാണ്. അതിന്റെ സ്ഥലകാലപരിധികളെ കുറിച്ച് നാം അജ്ഞരാണ്. പക്ഷേ, അതിന്റെ ധാര്മിക തലങ്ങളെയും അല്ലാഹുവിന്റെ അന്യൂനമായ നീതിവ്യവസ്ഥയെയും കുറിച്ച് ചില കാര്യങ്ങള് അവന് തന്നെ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.
ഇത്തരം അനുഭവങ്ങള് അല്ലാഹുവിന്റെ സവിശേഷ വിധിയായും സ്വഭാവിക നടപടിക്രമമായും പരീക്ഷണമായും നല്ല നാളെയെ രൂപപ്പെടുത്തിയെടുക്കാനുള്ള നടപടിക്രമമായുമൊക്കെ മനുഷ്യസമൂഹം അഭിമുഖീകരിക്കും. ചരിത്രം അത്തരം നിരവധി പാഠങ്ങള് നമുക്ക് തരുന്നുണ്ട്. ഏതര്ഥത്തിലും ദൈവത്തിലേക്ക് തിരിയാന് അവ നമ്മെ ഓര്മപ്പെടുത്തുന്നുണ്ട്.
അങ്ങനെയാലോചിക്കുമ്പോഴാണ്, മുകളില് പറഞ്ഞ രണ്ട് ചിത്രങ്ങളില് മനസ്സുടക്കുന്നത്. ചിന്തിച്ചുനോക്കൂ, മര്ദിതരുടെ പ്രാര്ഥനകളുയരാത്ത ഒരിഞ്ച് ഇടം ഈ ഭൂമിയിലുണ്ടോ? പതിറ്റാണ്ടുകളായി അക്രമികള് നാടുവാണപ്പോള്, രക്തപ്പുഴയൊഴുക്കിയപ്പോള്, സ്ത്രീകളുടെയും കുട്ടികളുടെയും ആര്ത്തനാദങ്ങളുയര്ന്നപ്പോള് ലോകത്തിന്റെ നിലപാടെന്തായിരുന്നു? മര്ദിതന്റെ പ്രാര്ഥനക്കും അല്ലാഹുവിനുമിടയില് മറകളില്ലെന്ന പ്രവാചക വചനം അനിവാര്യമായും നമ്മെ കിടിലം കൊള്ളിക്കേണ്ടതുണ്ട്.
കൊറോണയുടെ രാഷ്ട്രീയത്തെയും സാമ്പത്തിക ശാസ്ത്രത്തെയും സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളും ലോക രാഷ്ട്രങ്ങള്ക്കിടയില് നടക്കുന്നുണ്ട്.
ഈ കുടില കാലത്ത് അവയെ പൂര്ണമായി വിശ്വസിക്കാനോ അവഗണിക്കാനോ നമുക്കാവില്ല. സ്വാര്ഥതയെ വാരിപ്പുണര്ന്ന, പരസ്പരം അധികാരത്തിനും സമ്പത്തിനും വേണ്ടി മത്സരിക്കുന്ന ലോക വ്യവസ്ഥയില് അതിനപ്പുറവും സംഭവിക്കാവുന്നതേയുള്ളൂ. 'മനുഷ്യകരങ്ങള് പ്രവര്ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവായിരിക്കുന്നു, ജനം സ്വകര്മങ്ങളില് ചിലതിന്റെ രുചിയറിയേണ്ടതിന്- അവര് മടങ്ങിയെങ്കിലോ' (ഖുര്ആന്: 30:41).
അല്ലാഹു പരിപാലിക്കാനേല്പിച്ച ഭൂമിക്കു മുകളില് അവനെ വിസ്മരിച്ചും നിഗളിച്ചുമുള്ള വിഹാരം, നാഗരിക രൂപമാര്ജിച്ചതിനുള്ള തിരിച്ചടിയായിരിക്കുമോ ഇത് എന്നാ ലോചിക്കാനും വകയുണ്ട്. വിശുദ്ധ ഖുര്ആനില്, ഇസ്രായേല് സമൂഹത്തിന് നേരിടേണ്ടി വന്ന ദൈവിക നടപടിക്രമങ്ങളെക്കുറിച്ച് പരാമര്ശിക്കുന്നുണ്ട്. അയഥാര്ഥമെന്ന് തോന്നിയേക്കാവുന്ന ആ അനുഭവം എത്രമേല് വാസ്തവികമെന്ന് മനസ്സിലാക്കാന് നാം എത്തിനില്ക്കുന്ന ഈ പ്രതിസന്ധിഘട്ടം മാത്രം മതി. 'ഒടുവില് നാം അവരുടെ മേല് പ്രളയമയച്ചു; വെട്ടുകിളികളെ വിട്ടു. കീടങ്ങളെ വിതച്ചു. തവളകളെ പെരുപ്പിച്ചു. ചോര വര്ഷിക്കുകയും ചെയ്തു. ഈ ദൃഷ്ടാന്തങ്ങളത്രയും വെവ്വേറെത്തന്നെ കാണിച്ചുകൊടുത്തു. പക്ഷേ, അവര് ഗര്വിഷ്ഠരായി നടന്നു. മഹാ പാപികളായിരുന്നു അവര്' (ഖുര്ആന്:7:133).
അതിക്രമങ്ങള്ക്ക് ഈ ഭൂമിയില് വെച്ചു തന്നെ തിരിച്ചടികള് അനുഭവിക്കേണ്ടി വരുമെന്നതും അല്ലാഹുവിന്റെ നിശ്ചയമാണ്: 'ആ മഹാശിക്ഷക്കു മുമ്പ് ഈ ഐഹിക ലോകത്തുതന്നെ നാം അവരെ (ഏതെങ്കിലും തരത്തിലുള്ള) ലഘു ശിക്ഷകള് രുചിപ്പിച്ചുകൊണ്ടിരിക്കും- അവര് (ധിക്കാരത്തില്നിന്ന്) വിരമിച്ചെങ്കിലോ!' (ഖുര്ആന്: 32:21)
പകര്ച്ചവ്യാധികള് പോലുള്ള, സ്രഷ്ടാവിന്റെ അത്തരം നടപടികളാവട്ടെ കുറ്റവാളികളെ മാത്രമല്ല, കുറ്റവാളികളുടെ സമൂഹത്തില് സ്വസ്ഥമായി ജീവിക്കുന്നവരെയും നിരപരാധികളെയും ബാധിച്ചെന്നിരിക്കും: ''നിങ്ങളില് കുറ്റംചെയ്തവരെ മാത്രമായിട്ടല്ലാതെ സമൂഹത്തെ മുഴുവന് ബാധിക്കുന്ന ആപത്തുളവാക്കുന്ന അധര്മങ്ങളെ ഭയപ്പെടുവിന്. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് അറിഞ്ഞിരിക്കുവിന്''(ഖുര്ആന്: 8:25).
ഇത് ആര്ക്കെങ്കിലും ഉത്തരവാദിത്തത്തിനിന്ന് കൈകഴുകാനോ, ആര്ക്കെങ്കിലുമെതിരെ കൈ ചൂണ്ടാനോ ഉള്ള ന്യായമല്ല. മറിച്ച്, സമൂഹമനസ്സാക്ഷി ബലഹീനമാവുകയും ധാര്മികദൂഷ്യങ്ങള് നിയന്ത്രിക്കാനുള്ള ശക്തി ക്ഷയിക്കുകയും ചെയ്യുമ്പോള്, കൊള്ളരുതാത്തവരും നാണംകെട്ടവരും ദുര്നടപ്പുകാരും തങ്ങളിലെ വൃത്തികേടുകള് പരസ്യമായി പ്രദര്ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്, സജ്ജനങ്ങള് നിഷ്ക്രിയത്വം കൈക്കൊണ്ട് വ്യക്തിഗത നന്മകളില് സംതൃപ്തരായും സാമൂഹിക തിന്മകളെക്കുറിച്ച് മൗനം ദീക്ഷിച്ചും കഴിഞ്ഞുകൂടുമ്പോള് സമൂഹം സമഗ്രവും സാര്വത്രികവുമായ നാശത്തിനിരയായിത്തീരുന്നു. പാപികള് മാത്രമല്ല, പാപം ചെയ്യാത്തവരും ആ സാമൂഹിക വിപത്തില്പെട്ട് നാശമടയുന്നു.
അതുകൊണ്ട് നമ്മുടെ കാലത്തെ സാമൂഹിക, രാഷ്ട്രീയ, വികസന, നാഗരിക കാഴ്ചപ്പാടുകളും അവയോട് നമുക്കോരോരുത്തര്ക്കുമുള്ള സമീപനങ്ങളും കണിശമായ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്.
സര്വാധിനാഥന് അത്തരം ദുര്വിധികളില്നിന്ന് ഈ ലോകത്തെ കാത്തു രക്ഷിക്കുമാറാകട്ടെ.
അല്ലാഹു കാരുണ്യവാനും കരുണാവാരിധിയുമാണ്. തന്റെ അടിമകളോട് അലിവും ഗുണകാംക്ഷയുമുള്ളവനാണ്. ഒരുവേള, മികച്ച ഒരു ഭാവി മാനവികതക്ക് സമ്മാനിക്കാന് അവന് ഉദ്ദേശിച്ചിരിക്കാം. അതിനനിവാര്യമായ തിരിച്ചറിവുകളും തന്റേടവും നേടിയെടുക്കുന്നതിനുള്ള അസുലഭ സന്ദര്ഭമായും അവന്റെ ഈ നടപടിയെ നമുക്ക് സമീപിക്കാം. നന്മ വന്നു ചേരുമ്പോള് അവനോട് നന്ദി പ്രകാശിപ്പിച്ച് അതിന്റെ പ്രതിഫലം നേടിയെടുക്കുന്നവനും പ്രതിസന്ധികളുടെ മുന്നില് ക്ഷമയും സ്ഥൈര്യവും കൈക്കൊണ്ട് പ്രത്യാശയോടെ മുന്നോട്ടു പോയി ഗുണം നേടിയെടുക്കുന്നവനുമെന്ന് വിശ്വാസിയെ പ്രവാചകന് പരിചയപ്പെടുത്തുന്നുണ്ടല്ലോ.
പടച്ചവനേ, ഈ കാലത്തിന്റെ ദുരിതത്തിന്റെ തിന്മകളില്നിന്ന് ഞങ്ങളെ നീ കാക്കേണമേ, ഇതിന്റെ നന്മകള് ഞങ്ങള്ക്ക് നീ നല്കുകയും ചെയ്യേണമേ.
പ്രിയമുള്ള സഹോദരരേ, സഹപ്രവര്ത്തകരേ
വല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് നാമും നമ്മുടെ നാടും ലോകവും കടന്നുപോകുന്നത്. വല്ലാത്ത ഭീതിയിലാണ് പല രാജ്യങ്ങളും. സമാന സാഹചര്യം നമ്മുടെ ജീവിതത്തിലുണ്ടായിട്ടില്ല. ഈ അവസ്ഥയില്നിന്ന് മോചനം ലഭിക്കുന്നതിനായി രാപ്പകല്ഭേദമന്യേ നമ്മുടെ കൈകള് അല്ലാഹുവിലേക്കുയരണം. പൊതുഗതാഗതവും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ദിവസക്കൂലിക്ക് അധ്വാനിച്ച് കുടുംബം പോറ്റുന്നവര് നമ്മുടെ കൂട്ടത്തിലും അയല്പക്കങ്ങളിലുമുണ്ടാവും. അവരുടെ ദൈനംദിന ബജറ്റുകള് ഇതിനകം താളംതെറ്റിയിട്ടുണ്ടാവും. ആഴ്ചകളോളം തുടരുന്ന 'അടച്ചിടല്' എല്ലാവരെയും പ്രതിസന്ധിയിലാക്കും. പ്രയാസപ്പെടുന്നവരിലേക്ക് നമ്മുടെ സഹായങ്ങള് എത്തേണ്ടതുണ്ട്. അതിനാവശ്യമായ സാധ്യമായ നടപടികള് നാം ആസൂത്രണം ചെയ്തിട്ടുണ്ട്. അവരും നമ്മുടെ പ്രാര്ഥനകളില് കടന്നു വരണം.
പള്ളികളില് ജമാഅത്ത്, ജുമുഅ നമസ്കാരങ്ങള്ക്ക് പോകാനാവാത്ത സാഹചര്യം വേദനാജനകമാണ്. അത്രമേല് പള്ളിയുമായി ബന്ധപ്പെട്ടതാണ് ഓരോരുത്തരുടെയും ജീവിതം. വിശേഷിച്ചും പ്രായം ചെന്നവര്, അവരെ ഊര്ജസ്വലരും സക്രിയരും ഉന്മേഷവാന്മാരുമാക്കുന്നതില് പള്ളിയിലേക്കും തിരിച്ചുമുള്ള നടത്തവും കുശലാന്വേഷണങ്ങളും പള്ളിയിലെ കൂട്ടായ്മകളും പ്രാര്ഥനകളും ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. അവരുടെ സാന്നിധ്യവും പ്രാര്ഥനയും നമ്മുടെയും നാടിന്റെയും അനുഗ്രഹമാണ്. അവരും നമ്മുടെ പ്രാര്ഥനകളിലുണ്ടാവണം.
രോഗത്തിന്റെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി വന്ന നിയന്ത്രണം കാരണം ധാരാളം പൊതു സ്വഭാവത്തിലുള്ള പരിപാടികള് നമുക്ക് ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. എന്തിനധികം, നമ്മുടെ പ്രതിവാര യോഗങ്ങള് വരെ. പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ ഊര്ജപ്രസാരണകേന്ദ്രങ്ങളിലൊന്നാണത്. പ്രാദേശികമായ കാരണങ്ങളാല് ഒന്നോ രണ്ടോ യോഗങ്ങള് മാറ്റിവെച്ച അനുഭവങ്ങളേ നമുക്കുള്ളൂ. മൊത്തത്തില് വാരാന്ത യോഗങ്ങള് ഇല്ലാതാവുന്നത് ഇതാദ്യമാണ്. പക്ഷേ, നാം നിഷ്ക്രിയരാവുകയല്ല, കൂടുതല് സജീവമാവുകയാണ് വേണ്ടത്. സാമൂഹിക പ്രവര്ത്തനത്തിന്റെ എല്ലാ സാധ്യതകളും അടയുമ്പോഴും ഓരോ വ്യക്തിയും വിപ്ലവ പ്രവര്ത്തനത്തിന്റെ കെടാവിളക്കുകളായി പ്രകാശം പരത്തി പ്രശോഭിച്ചുനില്ക്കുമെന്നത് നമ്മുടെ ആദര്ശത്തിന്റെ ബാലപാഠമാണ്. അതു കൊണ്ട് ഈ സന്ദര്ഭത്തെയും നാം അങ്ങനെയാണ് അഭിമുഖീകരിക്കുക. പള്ളിയില് നമുക്ക് പോകാനാകുന്നില്ലെങ്കില് കുടുംബത്തോടൊപ്പം നാം മുസ്വല്ല വിരിച്ച് നമസ്കരിക്കും. പ്രവര്ത്തനത്തിന്റെയും ഉപജീവനമാര്ഗത്തിന്റെയും തിരക്കൊഴിഞ്ഞ ഈ സന്ദര്ഭത്തില് വിശുദ്ധ ഖുര്ആനിലൂടെ നാം നിരന്തര സഞ്ചാരം നടത്തും. ഹദീസുകള് പഠിക്കും. ഇസ്ലാമിക ഗ്രന്ഥങ്ങള് നമ്മുടെ കൂട്ടുകാരാവും. വാരാന്ത യോഗങ്ങള് നമുക്ക് നഷ്ടമാവുന്നെങ്കില് മികച്ച രീതിയില് നമ്മുടെ ഗൃഹയോഗങ്ങളെ നാം ആവിഷ്കരിക്കും. പ്രാസ്ഥാനികത എന്ന ഒന്നുണ്ടല്ലോ, കുടുംബത്തില് അത് കരുപ്പിടിപ്പിക്കാനുള്ള മികച്ച അവസരമാണിത്. കുടുംബത്തിന്റെയും കുട്ടികളുടെയും ഇസ്ലാമിക സംസ്കരണത്തിന് സമയം ലഭിക്കുന്നില്ലെന്ന പരാതിക്ക് അറുതിയാവും. അവരോടൊന്നിച്ച് നാം പഠിച്ചും പഠിപ്പിച്ചും ഉണ്ടും ഉറങ്ങിയും ഉണര്ന്നും നാം ഈ കാലത്തെ സാര്ഥകമാക്കണം. മോഹങ്ങളല്ല, ടൈംടേബ്ള് തയാറാക്കി അതനുസരിച്ച് ക്രമീകരിക്കണം. രാത്രികളില് എഴുന്നേറ്റ് ഒറ്റക്കും അവരോടൊപ്പവും നമസ്കരിക്കുകയും പ്രാര്ഥിക്കുകയും ചെയ്യും. തിരക്കുകള്ക്കിടയില് നമ്മുടെ നോട്ടമെത്താത്ത ജീവിതത്തിന്റെ അരികുകളും മൂലകളും നാം വൃത്തിയാക്കിയെടുക്കും.
അങ്ങനെ ഈ ദുരിതകാലം പെയ്തൊഴിയുമ്പോള് കൂടുതല് കരുത്തോടെ നാം മുന്നോട്ടു പോകും.
സ്രഷ്ടാവായ നാഥാ, ഞങ്ങള്ക്ക് വഹിക്കാനാകാത്ത ഭാരം നീ നല്കരുതേ, നിന്റെ കാരുണ്യം ഞങ്ങളുടെ മേല് ചൊരിയേണമേ നാഥാ.
Comments