Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

അധികാരക്കൊതിയാല്‍ മുറിവേല്‍ക്കുന്ന നീതി

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് രാജ്യസഭയിലേക്കുള്ള വല്‍വേല്‍പ്പ് 'ഉചിതമായ' രീതിയില്‍ തന്നെയാണ് മെമ്പര്‍മാര്‍ നല്‍കിയത്. ഇതുപോലെ, ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയില്‍ പിന്‍വാതിലിലൂടെ വന്ന്  നിയമവ്യവസ്ഥയുടെ നീതിബോധത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും പുഴുക്കുത്ത് ചാര്‍ത്തുന്ന സകലമാന അവസരവാദികള്‍ക്കും ഇത് പാഠമാകേണ്ടതാണ്. ബി.ജെ.പി സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ജൂഡീഷ്യറിയിലൂടെ നടത്തിക്കൊടുത്തതിന്റെ പ്രതിഫലമായിരുന്നു അദ്ദേഹത്തിന് ലഭിച്ച രാജ്യസഭാ അംഗത്വം. റാഫേല്‍, ബാബരി മസ്ജിദ്, 370  വകുപ്പ് റദ്ദാക്കല്‍, അലോക് വര്‍മ കേസ് തുടങ്ങിയ, സംശയത്തിന്റെ വാള്‍ത്തലപ്പില്‍ മുറിവേറ്റ് നിണം പറ്റി നിന്ന വിധിന്യായങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.
സര്‍വീസില്‍നിന്ന് വിരമിച്ചതിനു ശേഷം പദവികള്‍ ഏറ്റെടുക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കളങ്കമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഒരു വിധിയില്‍ നിരീക്ഷിച്ചിരുന്നു. അതേയാള്‍ തന്നെ ചീഫ് ജസ്റ്റിസായി വിരമിച്ച് നാല് മാസം തികയുമ്പോള്‍ രാജ്യസഭാംഗത്വം സ്വീകരിക്കുന്നതിലെ അധാര്‍മികത രാഷ്ട്രീയ - നിയമ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാണിച്ചതുമാണ്. അന്ന് ഒപ്പമുണ്ടായിരുന്ന സഹജഡ്ജിയായ മദന്‍ ബി. ലോക്കൂറാണ് ഏറ്റവും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സുപ്രീം കോടതിയിലെ മോശം പ്രവണതകള്‍ ചൂണ്ടിക്കാട്ടി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളാണ് ഗൊഗോയി എന്നു കൂടി മനസ്സിലാക്കണം. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു മുന്നില്‍ എല്ലാ മൂല്യങ്ങളും വീണുടഞ്ഞ് കളങ്കപ്പെടുന്ന ദാരുണ കാഴചയാണ് നാം കാണുന്നത്.
രാജ്യത്തിന്റെ പരമന്നോത നീതിപീഠത്തിന്റെ ഉത്തുംഗതയില്‍ വിരാജിച്ചിരുന്ന അദ്ദേഹം രാജ്യസഭയിലെത്തിയ ആദ്യദിനം തന്നെ തീര്‍ത്തും അപമാനിതനായി ഒറ്റപ്പെട്ടു. പി.ചിദംബരം അദ്ദേഹത്തെ കണ്ട ഭാവം നടിച്ചില്ല. തലയുയര്‍ത്തി നോക്കിയതു പോലുമില്ല. മറ്റ് അംഗങ്ങളെ നോക്കി ഗൊഗോയി കൈകൂപ്പാന്‍ ശ്രമിച്ചെങ്കിലും സര്‍വരാലും അവഗണിക്കപ്പെട്ടു. ഗോ ഗോ വിളികളും ഷെയിം വിളികളുമായിരുന്നു അദ്ദേഹത്തെ എതിരേറ്റത്. സത്യപ്രതിജ്ഞ തുടരാനാവാതെ നിസ്സഹായനായി, ദയനീയനായി പ്രതിപക്ഷത്തെ നോക്കി നില്‍ക്കേണ്ടിവന്നു രാജ്യത്തിന്റെ മുന്‍ മുഖ്യ ന്യായാധിപന്. പ്രതിപക്ഷാംഗങ്ങളായ ഹരിപ്രസാദും ഭട്ടാചാര്യയും വിപ്ലവ് ഠാകൂറും മറ്റും അദ്ദേഹത്തെ പരിഹാസവാക്കുകളാല്‍ പൊതിഞ്ഞു. അതു കേട്ട് സഭ കൂട്ടച്ചിരിയാല്‍ മുഖരിതമായി. കോണ്‍ഗ്രസ്സ്, ഇടതുപക്ഷ, ആര്‍.ജെ.ഡി, ഡി.എം.കെ, മുസ്ലിം ലീഗ് അംഗങ്ങള്‍ രാജ്യസഭയില്‍ മുട്ടുവിറക്കാതെ ഈ സ്ഥാനലബ്ധിയെ ചോദ്യം ചെയ്തു, സഭയില്‍നിന്ന് ഇറങ്ങിപ്പോയി. മുന്‍ ചീഫ് ജസ്റ്റിസായ ഗൊഗോയിയെ രാജ്യസഭാംഗമാക്കിയത് നീത്യന്യായ വ്യവസ്ഥക്ക് അപമാനകരമാണെന്നും അനുവദിക്കരുതെന്നും ആനന്ദ് ശര്‍മ സഭയില്‍ വിളിച്ചു പറഞ്ഞു. സത്യപ്രതിജ്ഞ കഴിഞ്ഞ് സഭാതളത്തിലേക്ക് ഇറങ്ങി വന്ന അദ്ദേഹത്തെ എതിരേറ്റത് ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളായിരുന്നു. ലൈംഗിക പീഡന കേസില്‍ ആരോപണവിധേയനായ ഗൊഗോയിയെ രാജ്യസഭയില്‍ കൊണ്ടു വന്ന് ഇരുത്തിയതിനെ പ്രമുഖ നര്‍ത്തകി സോണാല്‍ മാന്‍സിങ് ചോദ്യം ചെയ്തു. അടുത്തിരുത്തിയ അദ്ദേഹവുമായി സോണാല്‍ അകന്നിരുന്ന് പ്രതിഷേധിച്ചു. പ്രമുഖ നടി ജയാ ബച്ചന്‍, 'ഉന്നത ഓഫീസുകളിലുള്ളവക്കെതിരെ പീഡന കേസുകളുണ്ടാകുമ്പോള്‍ അവരെ രക്ഷിച്ച് കൊണ്ടു വന്നിരുത്താനുള്ള സ്ഥലമാണോ പാര്‍ലമെന്റ്' എന്ന് ചോദിച്ച് ഗൊഗോയിക്കെതിരെ പൊട്ടിത്തെറിച്ചു. ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി എന്ന നിലയില്‍ അവിടെ ഹാജരായ ഭാര്യയുടെ കണ്‍മുമ്പില്‍ വെച്ച് ഇത്രയും അപമാനകരായ സ്വീകരണം രാജ്യസഭാങ്കണത്തില്‍ ഒരു ഉന്നത വ്യക്തിക്ക് നേരിടേണ്ടി വന്നത് ആദ്യമായിരിക്കാം.
ഭരണഘടനയുടെ അനുഛേദം 80 (3) പ്രകാരം സാഹിത്യം, കല, ശാസ്ത്രം, സാമൂഹിക സേവനം എന്നീ നാല് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ മാത്രമേ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പാടുള്ളൂ. ഇതിലൊന്നും പെടാത്ത ഗൊഗോയിയെ രാജ്യസഭയിലെടുത്തത് നിലവിലെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരാണെന്ന അഭിപ്രായവും ഉയര്‍ന്നിരിക്കെ, പൗരന്മാരുടെ അവസാന കച്ചിത്തുരുമ്പായ നീതിന്യായ വ്യവസ്ഥ കുത്തഴിഞ്ഞ് തകരാതിരിക്കാന്‍, ഇത്തരം അവിഹിത നിയമനത്തിനെതിരെ കോടതിയില്‍ തന്നെ ചോദ്യം ചെയ്യേണ്ടതാണ്. നീതി വ്യവസ്ഥ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന  വ്യക്തികളും പാര്‍ട്ടികളും നിയമവ്യവഹാര സ്ഥാപനങ്ങളും ഇതിന് മുന്നോട്ടു വരേണ്ടതുണ്ട്. ജാഗ്രത്തായ നിലപാടും പ്രതിരോധവുമില്ലെങ്കില്‍  രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ പ്രഛന്നവേഷമണിഞ്ഞ സംഘ് പരിവാര്‍  വൈറസുകളാല്‍  മരണപ്പെടും. പ്രതീക്ഷയുടെ അവസാനത്തെ കോട്ടയും തകരാന്‍ നാം അനുവദിക്കരുത്. 


അന്നത്തെ ജീവിതമാണ് നല്ലത്

'നടന്നു തീരാത്ത വഴികളില്‍, ഓര്‍മകള്‍ അവസാനിക്കുന്നില്ല'  പരമ്പരയിലെ ടി.കെയുടെ 'ജീവിതം അന്നോ ഇന്നോ?' എന്ന ലേഖനം വായിച്ചു. അദ്ദേഹം എഴുതിയ അന്നത്തെ ജീവിതവും ഇന്നത്തെ ജീവിതവും തമ്മിലുള്ള വ്യത്യാസം വളരെ ശരിയാണ്. പണ്ട് നമ്മള്‍ ചെയ്തിരുന്ന എല്ലാ ജോലികളും ഇന്ന് യന്ത്രങ്ങളാണ് ചെയ്യുന്നത്. എന്നിട്ടും ഇന്ന് നമുക്ക് ഒന്നിനും സമയമില്ല. മുമ്പ് നമ്മള്‍ തന്നെ അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണവും ധാരാളം നടത്തവുമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് നല്ല ആരോഗ്യവും ഉണ്ടായിരുന്നു. പക്ഷേ, ഇന്നത്തെ ഫാസ്റ്റ് ഫുഡും മലിനീകരണവും വ്യായാമമില്ലായ്മയും മറ്റും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്.
അന്നത്തെ ജീവിതമാണ് ഒരര്‍ഥത്തില്‍ നല്ലത്. പഴയ കൂട്ടുകുടുംബത്തിലായിരുന്നു സ്‌നേഹവും സമാധാനവും സന്തോഷവുമൊക്കെ ഇന്നത്തേതിനേക്കാള്‍  ഉണ്ടായിരുന്നത്. ഇന്ന് എല്ലാവരും പെട്ടെന്ന് സ്വന്തം വീടെടുക്കുകയും സ്വന്തത്തിലേക്ക് ചുരുങ്ങുകയുമാണ്. ഇന്ന് ഓരോ കുടുംബവും വാട്ട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി സ്‌നേഹവും സന്തോഷവും ഒക്കെ അതിലൂടെയാണ് ഒഴുക്കുന്നത്. 
സ്വന്തം വീടുകളില്‍ പോലും മാതാപിതാക്കളും മക്കളും വാട്ട്‌സ്ആപ്പിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. പഴയ തലമുറയിലെ സന്തോഷകരമായ ജീവിതം ഏതായാലും പുതിയ തലമുറയില്‍ കാണാന്‍ കഴിയുന്നില്ല എന്നാണ് എന്റെ അഭിപ്രായം. 

ശബീനാ ഇഖ്ബാല്‍, പള്ളൂര്‍, മാഹി


ആ ധിഷണയെ അറിയാന്‍ വൈകി

പ്രബോധനത്തില്‍  (ലക്കം 3144 ) വന്ന  വി.എ കബീറിന്റെയും പി.കെ ജമാലിന്റെയും ലേഖനങ്ങളിലൂടെയാണ് ഡോ. മുഹമ്മദ് ഇമാറയെ പരിചയപ്പെടുന്നത്. ഇത്ര വലിയ ഒരു ധിഷണയെ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാശിച്ചുപോവുകയാണ്. ഇസ്ലാമിക ധാരയിലെത്തിയ ഇടത് ധിഷണയാവുമ്പോള്‍ വിശേഷിച്ചും. കേരളത്തിലെ ഇസ് ലാമിക പ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനവും  ഊര്‍ജസ്വലതയും പകര്‍ന്നു നല്‍കാന്‍ ഇത്തരം സിദ്ധിയും സാധനയുമുള്ളവരെ പരിചയപ്പെടുത്തുന്നത് പ്രയോജനപ്രദമാണെന്ന് പറയേണ്ടതില്ലല്ലോ. എണ്‍പത്തിയൊമ്പതാം വയസ്സില്‍ ഈ ലോകത്തോട് വിടവാങ്ങിയ ഡോ. ഇമാറയുടെ പതിനേഴാമത്തെ വയസ്സിലാണ് ആദ്യ കൃതി പ്രസിദ്ധീകരിച്ചതെന്നറിയുമ്പോള്‍ പിന്നീടുള്ള 72 വര്‍ഷവും അടര്‍ക്കളത്തില്‍ വിശ്രമമില്ലാതെ പോരാടുകയായിരുന്നുവല്ലോ ആ പ്രതിഭ. ഇക്കാലമത്രയും ഇദ്ദേഹം നമ്മുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നാണെനിക്ക് തോന്നുന്നത്. അല്ലാഹു  അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. പ്രബോധനത്തിനും വി.എ കബീര്‍, പി.കെ ജമാല്‍ എന്നീ ലേഖകര്‍ക്കും അഭിനന്ദനങ്ങള്‍. 

വി.ടി. സൂപ്പി മാസ്റ്റര്‍, നിടുവാല്‍


കലാപങ്ങളുടെ ബാക്കിപത്രങ്ങള്‍

രാജ്യ തലസ്ഥാനത്തു നടന്ന അതിനിഷ്ഠുരമായ മനുഷ്യവേട്ടയെക്കുറിച്ചുള്ള ലേഖന(ലക്കം 3142)ങ്ങളാണ് ഈ കുറിപ്പിനാധാരം. വംശീയ ലക്ഷ്യങ്ങള്‍ക്കായി മനുഷ്യരക്തത്തെ വളമാക്കുന്ന ഭയാനകമായ സ്ഥിതിവിശേഷം മനസ്സാക്ഷിയെ മരവിപ്പിക്കുന്നു. മറ്റൊരു വശത്ത്, ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെയാണ് ഇത്തരം ആസൂത്രിതമായ ലഹളകളിലൂടെ തകര്‍ന്നുപോകുന്നത്. ഉദാഹരണത്തിന് 2002-ലെ രാജ്യം ഞെട്ടിവിറച്ച ഗുജറാത്ത് കലാപത്തിനു ശേഷം പുറത്തുവന്ന കണക്കുകള്‍ ശ്രദ്ധിക്കുക. 10204 വീടുകളും 10429 കടകളും പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. 1360 കോടിയുടെ സമ്പത്തും 20000 തൊഴിലാളികളുടെ ജീവിത മാര്‍ഗവും ഒപ്പം തന്നെ 20000 ഇരുചക്ര വാഹനങ്ങളും 4000 കാറുകളും തകര്‍ക്കപ്പെട്ടു. സൂറത്തിലെ തുണി മില്ലുകളുടെ നഷ്ടം മാത്രം 1000 കോടി വരും. 
കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ചിടേണ്ടിവന്നത് മൂലമുണ്ടായ നഷ്ടം 3000 കോടിയുടേതാണെന്ന് ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കണക്കുകള്‍ പറയുന്നു.  ഇത് കേവലം ഒരു കലാപത്തിന്റെ പ്രത്യാഘാതമാണെങ്കില്‍ സ്വാതന്ത്ര്യാനന്തരം ചെറുതും വലുതുമായ ആയിരക്കണക്കിന് വംശഹത്യകളാണ് ഇന്നോളം ഭാരതത്തില്‍ അരങ്ങേറിയിട്ടുള്ളത്. ഇതില്‍ കൊല്ലപ്പെട്ട ഹതഭാഗ്യരായ മനുഷ്യരെ വേദനയോടെ ഓര്‍ക്കുന്നതോടൊപ്പം നമ്മുടെ നാടിന്റെ ശതകോടികളാണ് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിയുമ്പോഴാണ് ഓരോ കലാപവും എത്രമാത്രം ബീഭത്സമായാണ് നമ്മുടെ സമ്പദ് ഘടനക്കു മേല്‍ ആഞ്ഞു പതിച്ചതെന്നു നാം ചിന്തിക്കേണ്ടതുണ്ട്. വര്‍ഗീയ കലാപങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ക്കൂട്ടങ്ങളാണ് യഥാര്‍ഥ രാജ്യദ്രോഹികളെന്ന് ഉറക്കെ  വിളിച്ചു പറയേണ്ടതുണ്ട്. 

ഇസ്മാഈല്‍ പതിയാരക്കര


ഒരു വിശദീകരണം

'ഇസ്ലാമിനെ ദീപ്തമാക്കിയ ജീവിതം' എന്ന ശീര്‍ഷകത്തില്‍, 'ഖദീജ ബീവി: തിരുനബിയുടെ പ്രഭാവലയത്തില്‍'  എന്ന കൃതിയെ കുറിച്ച  നിരൂപണ ലേഖനം വായിച്ചു. ലേഖനത്തില്‍ 'പുത്രവിയോഗം' എന്ന് ആവര്‍ത്തിച്ച് പ്രയോഗിക്കുന്നതിനാല്‍ മുഹമ്മദ് നബി - ഖദീജ ദമ്പതികളുടെ ഒരു പുത്രന്‍ മാത്രമേ ശൈശവ ദശയില്‍ വിയോഗം പ്രാപിച്ചുള്ളൂ എന്ന് വായനക്കാര്‍ക്ക് തോന്നാം. ആ ദാമ്പത്യത്തില്‍ ചുരുങ്ങിയ പക്ഷം, ആറു സന്താനങ്ങള്‍ ജനിച്ചു; രണ്ട് ആണും നാല് പെണ്ണും. ആണ്‍കുട്ടികള്‍ രണ്ടില്‍ കൂടുതല്‍ ജനിച്ചിരുന്നു എന്നും കാണാം. ഏതായാലും പുത്രന്മാര്‍ എല്ലാവരും ശൈശവകാലേ മരിക്കുകയായിരുന്നു. 

വി.കെ ജലീല്‍


കാമ്പസ് കോളം അനിവാര്യം

നമ്മുടെ നാടിനും നാട്ടാര്‍ക്കുമൊക്കെ ഒരു അകക്കണ്ണിന്റെ ആവശ്യം നേരിട്ട നേരത്ത് തന്നെയാണ് എ.ആറിന്റെ പംക്തി ആരംഭിക്കുന്നത്. നമ്മുടെ കാമ്പസ് പ്രതിഭകള്‍ ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഈ നേരത്ത് അവര്‍ക്ക് ഒരു കാമ്പസ് പംക്തിക്കും പ്രബോധനം തുടക്കം കുറിക്കണം.
ഇന്ത്യാ മഹാ രാജ്യത്തിന്റെ തന്നെ ധീരപോരാളികളായ ആഇശ റെന്ന, റാനിയ സുലൈഖ, നബീദ സഖ്‌ലൂന്‍ മുതല്‍ പേര്‍ക്ക് അവരുടെ മനസ്സിലെ നുറുങ്ങുകള്‍ക്ക് ഒരിടം പ്രബോധനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 

മമ്മൂട്ടി കവിയൂര്‍
 

Comments