Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

കൊറോണ ഒരു വൈറസ് മാത്രമല്ല

ഡോ. ആര്‍. യൂസുഫ്

ഒരുപക്ഷേ മാനവചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ പ്രതിസന്ധിയുടെ വക്കിലാണ് ഇന്ന് ലോകം. ഈ പ്രതിസന്ധി മറികടക്കാനാകുമോ എന്നു പോലും നിശ്ചയമില്ലാതെ ലോകമെങ്ങുമുള്ള ജനസഞ്ചയം  പരിഭ്രാന്തരായി പകച്ചുനില്‍ക്കുന്ന രംഗം അതിദയനീയം തന്നെയാണ്. 185 - ലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിച്ച (ഇതെഴുതുന്ന മാര്‍ച്ച് 25  വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം), പതിനാറായിരത്തിലധികം മനുഷ്യജീവന്‍ കവര്‍ന്നെടുത്ത കോവിഡ് -19 എന്ന മാരകരോഗം  എപ്പോഴാണ് തങ്ങളെയും ഉറ്റവരെയും പിടികൂടുക എന്ന ആശങ്കയിലാണ് ഏതാണ്ടെല്ലാവരും.  നാശകാരിയായ പകര്‍ച്ച രോഗത്തിന്റെ വ്യാപനം തടയാന്‍  മറ്റൊരു മാര്‍ഗവും ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഏതാണ്ടെല്ലാ രാജ്യങ്ങളും. തൊഴില്‍, പഠനം, പരീക്ഷ, വിവാഹം, ആഘോഷം, സഞ്ചാരം  എല്ലാം  റദ്ദായ സമ്പൂര്‍ണ നിശ്ചലാവസ്ഥ. രോഗം ബാധിച്ചവരെ പരിചരിക്കുന്ന വിഷയത്തിലാകട്ടെ  പൂര്‍ണ കീഴടങ്ങല്‍. മരണവെപ്രാളത്തോടെ ഹോസ്പിറ്റലുകളില്‍ ഓടിയെത്തുന്നവര്‍ക്ക് കിടക്കാന്‍ ഇടമില്ല, മരിച്ചു വീഴുന്നവരെ സംസ്‌കരിക്കാന്‍ സമയവും സ്ഥലവുമില്ല, മരണക്കിടക്കയില്‍ പിടയുന്ന സ്വന്തക്കാരനെ പരിചരിക്കാന്‍ ബന്ധുക്കള്‍ക്കാകുന്നില്ല, മരിച്ചുകഴിഞ്ഞാല്‍  മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും സ്‌നേഹജനങ്ങള്‍ക്ക് കഴിയുന്നില്ല. എന്താണ് മനുഷ്യനാഗരികതക്ക് സംഭവിച്ചത് എന്ന് ആരും നിലവിട്ട് ചോദിച്ചുപോകുന്ന ദയനീയ സാഹചര്യം. 
മനുഷ്യന്‍ തന്നെ കുറിച്ചും താന്‍ പടുത്തുയര്‍ത്തിയ ആധുനിക നാഗരികതയെ കുറിച്ചും വെച്ചുപുലര്‍ത്തിയ എല്ലാ ആത്മവിശാസങ്ങളും ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നു വീഴുന്നത്. ബുദ്ധിയും യുക്തിയും സമ്പത്തും സമൃദ്ധിയും കൊണ്ട് അനുഗൃഹീതരായ മനുഷ്യരില്‍ പലരും  ഇവ മാത്രം മതി ഭൂമിയില്‍  സന്തോഷവും ആനന്ദവും നിറഞ്ഞ ജീവിതം സംവിധാനിക്കാന്‍ എന്ന് കരുതിയവരാണ്.  മികവാര്‍ന്ന യുക്തിയും ബുദ്ധിയും ഉല്‍പാദിപ്പിക്കുന്ന അത്ഭുതകരമായ ശാസ്ത്ര - സാങ്കേതിക കണ്ടുപിടിത്തങ്ങളെ കുറിച്ച് അഹങ്കരിച്ചവര്‍ കൂടിയായിരുന്നു ആധുനിക മനുഷ്യര്‍. ഭൂമിയെ അടക്കി ഭരിക്കാന്‍ മാത്രമല്ല, പ്രപഞ്ചം ഒന്നടങ്കം   കീഴടക്കാന്‍ മാത്രം  ശക്തിയും കരുത്തുമുള്ളവനാണ് മനുഷ്യനെന്ന് കരുതിയവരും അക്കൂട്ടത്തലുണ്ട്.  അഭൂതപൂര്‍വമായ ശാസ്ത്ര - സാങ്കേതിക മുന്നേറ്റമാണ് ഇത്തരം ദുരഭിമാന ചിന്തകള്‍ മനുഷ്യരില്‍ സൃഷ്ടിച്ചത്. ഭൂഖണ്ഡങ്ങളില്‍നിന്ന് ഭൂഖണ്ഡങ്ങളിലേക്കുള്ള ആയാസരഹിതമായ സഞ്ചാരം, വിരല്‍തുമ്പിലൊതുങ്ങുന്ന ലോകം, ചന്ദ്രനിലും ചൊവ്വയിലും പര്യവേക്ഷണം,  ആകാശം നിറയെ   കൃത്രിമോപഗ്രഹങ്ങള്‍,രോഗമില്ലാത്ത ലോകമുണ്ടാക്കാന്‍ ജിനോം പ്രോജക്ടുകള്‍, മരണമില്ലാത്ത മനുഷ്യനെ സൃഷ്ടിക്കാന്‍ ക്‌ളോണിംഗ്, ചിന്തിക്കാതെ പണിയെടുക്കുന്ന തൊഴില്‍പടക്കു വേണ്ടി റോബോട്ടുകള്‍, മനുഷ്യഭാവനകള്‍ പരാജയപ്പെടുന്ന  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്... അപാരം തന്നെയായിരുന്നു ഈ നേട്ടങ്ങള്‍. ജ്ഞാനത്തിന്റെ കൊടുമുടിയില്‍ മനുഷ്യന്‍ എത്തിനില്‍ക്കുന്നതില്‍ ലോകം ഊറ്റം കൊണ്ടു. 'അവര്‍ക്ക് അല്‍പം മാത്രമേ അറിവ് ലഭിച്ചിട്ടുള്ളൂ' ( ഖുര്‍ആന്‍ 17 :75) എന്ന വേദപാഠങ്ങളൊന്നും അഹങ്കാരിയായ മനുഷ്യന് പ്രശ്‌നമായിരുന്നില്ല. തനിക്ക് താന്‍ പോന്നവന്‍ എന്നവന്‍ ഉറച്ചു വിശ്വസിക്കാന്‍ ഇതില്‍പരം എന്തു വേണം! 
ഒരര്‍ഥത്തില്‍ മനുഷ്യന്റെ അഹന്തക്കേറ്റ  മാരക പ്രഹരം  കൂടിയാണ് ഇതുപോലുള്ള സര്‍വ നശീകരണ രോഗങ്ങള്‍. അതാരെയും പിടികൂടും. സമ്പന്നനും ദരിദ്രനും കറുത്തവനും വെളുത്തവനും വിശ്വാസിയും നിഷേധിയും തുടങ്ങിയ വ്യത്യാസങ്ങളൊന്നും നശീകരണ രോഗങ്ങള്‍ക്ക് ബാധകമല്ല.  ആകാശവും ഭൂമിയും തന്റെ കാല്‍ക്കീഴിലെന്ന് അഹങ്കരിച്ച മനുഷ്യന്‍  നിസ്സഹായനായി കൈ മലര്‍ത്തി  വിനയപുരസ്സരം തലകുനിച്ചപോലെ, അതീവ  നിസ്സാരനായ   ഒരു സൃഷ്ടി മാത്രമാണ്  താനെന്ന്  സമ്മതിച്ച പോലെ... ഒരുകാലത്തും ഇത്തരമൊരു സമ്മതി  ആധുനിക മനുഷ്യരില്‍നിന്ന് പ്രതീക്ഷിച്ചതല്ല. സൗകര്യവും സമൃദ്ധിയും ഉണ്ടാവുമ്പോള്‍ ഇത്തരം സമ്മതികള്‍ സംഭവിക്കില്ല എന്നാണ് 'ധിക്കാരിയാക്കുന്ന ഐശ്വര്യ'ത്തെ കുറിച്ച നബിവചനം ഓര്‍മപ്പെടുത്തുന്നത്. എല്ലാം തന്റെ വിരല്‍തുമ്പിലാണെന്ന് ധരിക്കുന്ന മനുഷ്യരോട്  വിശുദ്ധ വേദവാക്യം പറയുന്നത് എത്ര അര്‍ഥപൂര്‍ണം: 'നീ ഭൂമിയില്‍ നിഗളിച്ച് നടക്കേണ്ട. പര്‍വതത്തോളം ഉയരാനോ  ഭൂമിയെ തുരക്കാനോ  നിനക്ക് സാധ്യമല്ല' (ഖുര്‍ആന്‍: 17:37) 
ശാസ്ത്രവും സാങ്കേതികവിദ്യയും ഒരുക്കിയ കണ്ണഞ്ചിക്കുന്ന ഈ ലോകകാഴ്ചയില്‍ ഭ്രമിച്ച്  രോഗത്തെയും മരണത്തെയും തോല്‍പ്പിച്ച്, ചന്ദ്രനെയും ചൊവ്വയെയും കീഴ്‌പ്പെടുത്തി ദൈവത്തോളം ഉയരാമെന്നു മനുഷ്യന്‍ ധരിച്ചുവോ? മനുഷ്യന് ഒട്ടനവധി സിദ്ധികളുണ്ട് എന്നത് ശരിയാണ്.  എന്നാല്‍ ഏതൊരു മനുഷ്യനിര്‍മിത സംവിധാനത്തിനും അത്രതന്നെ പരിമിതികള്‍ ഉണ്ടെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്.  മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ് ഒരുപാട് കാര്യങ്ങള്‍ എന്നത് വേറൊരു ശരിയാണ്. നാം ഒരുക്കിവെക്കുന്നത് മുഴുവന്‍ നമുക്ക് പ്രയോജനപ്പെടാതിരിക്കുന്ന ദയനീയാവസ്ഥയെ  കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്, പാരത്രിക ജീവിതത്തിലെ മനുഷ്യാവസ്ഥ വിശദീകരിക്കുമ്പോഴാണ്. നാം സ്വരുക്കൂട്ടിയ സമ്പത്തും അഭിമാനം കൊള്ളുന്ന മക്കളും കുടുംബവും എല്ലാം പാഴായിപ്പോകുന്ന, അവയൊന്നും ആപത്തില്‍നിന്ന് നമ്മെ രക്ഷിക്കാനാവാതെ പ്രയോജനരഹിതമാവുന്ന, ഭീതിപ്പെടുത്തുന്ന അവസ്ഥ വിവരിക്കുന്നുണ്ട് വിശുദ്ധ ഗ്രന്ഥം. സമ്പന്ന  രാജ്യങ്ങളുടെ അനുഭവം നോക്കൂ. ആരോഗ്യരക്ഷക്ക്  എന്തൊക്കെയാണവര്‍ കരുതിവെച്ചത്! സര്‍വ സജ്ജീകരണങ്ങളുമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ആതുരസേവനം എപ്പോഴും കിട്ടുമെന്ന് ഉറപ്പു നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്‌കീമുകള്‍, അതി വിദഗ്ധ പരിശീലനം ലഭിച്ച ഭിഷഗ്വരന്മാര്‍.... എന്നിട്ടും, ആയിരക്കണക്കിന്  രോഗികള്‍ ശ്വാസതടസ്സം നേരിട്ടും നെഞ്ച് പിടഞ്ഞും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍  എത്തിയപ്പോള്‍ കിടക്കാന്‍ ഇടമില്ല, ഓക്‌സിജന്‍ നല്‍കാന്‍ സംവിധാനങ്ങളില്ല, പരിചരിക്കാന്‍ നഴ്സുമാരില്ല. സമ്പന്ന രാജ്യങ്ങള്‍ ഒരുക്കൂട്ടിയ മുഴുവന്‍ സംവിധാനങ്ങളും തോറ്റുപോകുന്ന ഈ കാഴ്ച അതീവ ദയനീയമാണ്. ഒരിക്കലും ഒരു നഗരത്തില്‍ ഇത്രയധികം പേര് ഒന്നിച്ച് രോഗബാധിതരാവുന്നത് മുന്‍കൂട്ടി പ്രവചിച്ച് സംവിധാനങ്ങള്‍ ഒരുക്കാന്‍ മാത്രം കരുത്തൊന്നുമില്ല ആധുനിക ഭരണകൂടങ്ങള്‍ക്ക്. ഇതു തന്നെയാണ് മനുഷ്യന്റെ നിസ്സഹായാവസ്ഥ.
ഓരോ മനുഷ്യനും തന്റെ 'നഫ്‌സി'നെ കുറിച്ച് മാത്രം ആകുലനായി, ഉറ്റവരെയും ഉടയവരെയും  ഉപേക്ഷിച്ച് ഓടിപ്പോകുന്നതിനെ കുറിച്ച് ഖുര്‍ആന്‍ സംസാരിക്കുന്നത് അന്ത്യദിനത്തെ വിശദീകരിക്കുമ്പോഴാണ്. എന്നാല്‍ ഈ ഭയാനക ദിനവും ആഗതമായിരിക്കുന്നു എന്ന് തോന്നിപ്പോകും കൊറോണ ബാധിച്ച്   ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്ന നിസ്സഹായരായ  മനുഷ്യരെ കുറിച്ച വിവരണം  കാണുമ്പോള്‍.  സമ്പൂര്‍ണ ഒറ്റപ്പെടല്‍. കുടുംബാംഗങ്ങള്‍ക്ക് പോലും പ്രവേശനമില്ല,  ആര്‍ക്കും മറ്റുള്ളവരെ  ശ്രദ്ധിക്കാനാവില്ല; ഓരോരുത്തരും സ്വന്തം സുരക്ഷയെ ഓര്‍ത്ത് കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതര്‍. മരണവേളയില്‍ പോലും സാന്ത്വനമേകാന്‍ ഭാര്യയില്ല, ഭര്‍ത്താവില്ല, മാതാപിതാക്കളും മക്കളുമില്ല. ഖബ്‌റടക്കാന്‍ പോലും ആരുമില്ല, മൃതശരീരം എവിടെ അടക്കം ചെയ്തു എന്നാര്‍ക്കും  അറിയണമെന്നു പോലുമില്ല. എന്തിനാണ് ഇത്ര കടുത്ത പരീക്ഷണം എന്നാരും ചോദിച്ചു പോകും. മനുഷ്യചരിത്രത്തില്‍ ദൈവിക നടപടി എന്ന നിലയില്‍ പ്രത്യക്ഷപ്പെട്ട പരീക്ഷണങ്ങളെ കുറിച്ച് പറയുമ്പോള്‍, മനുഷ്യര്‍ വിനയവും താഴ്മയും പ്രകടിപ്പിച്ച് വിനീതരാകാന്‍ എന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്: 'ആ സമുദായങ്ങളെ നാം വിപത്തുകളിലും യാതനകളിലും അകപ്പെടുത്തിയിട്ടുമുണ്ട്. അവര്‍ താഴ്മയോടെ നമ്മുടെ മുന്നില്‍ തലകുനിക്കേണ്ടതിന്. അതിനാല്‍  യാതനകള്‍ ബാധിക്കുമ്പോള്‍ ഇക്കൂട്ടര്‍ കീഴ്‌വണക്കം കാണിക്കാത്തതെന്ത്?' (ഖുര്‍ആന്‍ 6:42 -43). അതേ, ഒരു ചിലന്തിവലയുടെ കരുത്ത് പോലും ഇല്ലാത്തതാണ് മനുഷ്യര്‍ പടുത്തുയര്‍ത്തിയ സാങ്കേതിക വിദ്യകള്‍ എന്ന് തിരിച്ചറിഞ്ഞ് അഹന്തയും ഗര്‍വും വെടിഞ്ഞ് വിനീതരാകാന്‍ മനുഷ്യരെ പ്രേരിപ്പിക്കണം ഇത്തരം മഹാ വിപത്തുകള്‍. 

സാമൂഹിക വ്യവസ്ഥയുടെ മനുഷ്യവിരുദ്ധ മുഖം

കോവിഡ്  മനുഷ്യശരീരത്തിന്റെയും  മനുഷ്യന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്ര - സാങ്കേതിക വിദ്യയുടെയും  നിസ്സഹായാവസ്ഥ മാത്രമല്ല, അവന്‍ സൃഷ്ടിച്ച സാമൂഹിക - രാഷ്ട്രീയ ക്രമത്തിന്റെ പരിമിതിയും  അതിന്റെ മാനവവിരുദ്ധ മുഖവും  കൂടി അനാവരണം ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍ ഈ വൈറസ് തന്നെ സ്വാഭാവികമായി പ്രത്യക്ഷപ്പെട്ടതാണോ, അതല്ല ബോധപൂര്‍വം സൃഷ്ടിച്ചതാണോ എന്ന തര്‍ക്കം വരെ നടക്കുന്നുണ്ട്. അടുത്ത കാലത്തൊന്നും തീര്‍പ്പിലെത്താന്‍ ഇടയില്ലാത്ത ആ തര്‍ക്കം തല്‍ക്കാലം മാറ്റിവെക്കാം. എങ്കിലും ആധുനികതയുടെ തെറ്റായ വികസന നയങ്ങളും ശാസ്ത്ര - സാങ്കേതിക വിദ്യയുടെ പ്രകൃതിവിരുദ്ധമായ ഉപയോഗവും ഭൂമിയില്‍ മനുഷ്യജീവിതം താളം തെറ്റിച്ചിട്ടുണ്ട് എന്ന വസ്തുത ആര്‍ക്കും നിരാകരിക്കാനാവില്ല. 
പട്ടിണിയും ദാരിദ്ര്യവും കാരണം ജനലക്ഷങ്ങള്‍ മരിക്കുമ്പോള്‍ തന്നെയാണ് ആണവസ്‌ഫോടനത്തിന്റെയും അണുവായുധ വ്യാപനത്തിന്റെയും മത്സരക്കളരിയില്‍ പല രാജ്യങ്ങളും തിമിര്‍ത്താടിയത്.  കൂട്ട നശീകരണത്തിനായി    രാസായുധങ്ങളും  ജൈവായുധങ്ങളും മറ്റും  വികസിപ്പിക്കാന്‍ യാതൊരു  തത്ത്വദീക്ഷയുമില്ലാതെ  ബില്യനുകള്‍ ഒഴു ക്കുന്നതും ഇതേ രാഷ്ട്രങ്ങള്‍ തന്നെയാണ്.  തങ്ങള്‍ അപരരാക്കി വര്‍ഗീകരിച്ച ജനവിഭാഗങ്ങള്‍ക്കു  നേരെ നടത്തുന്ന കൂട്ടക്കശാപ്പുകളെ സംസ്‌കാരങ്ങള്‍ തമ്മിലെ സ്വാഭാവിക സംഘട്ടനം എന്ന് വിളിച്ചു ന്യായീകരിക്കുന്നതും ഇവര്‍ തന്നെ. പോയ  രണ്ടു പതിറ്റാണ്ടിനിടയില്‍ ഇറാഖ്, അഫ്ഗാനിസ്താന്‍, യമന്‍, സിറിയ, ലിബിയ തുടങ്ങിയ  പല രാഷ്ട്രങ്ങളും ശവപ്പറമ്പായി. വര്‍ഷം തോറും  ഒരു ലക്ഷം പേരാണ് പശ്ചിമേഷ്യയില്‍   മാത്രം അമേരിക്കയും ഇതര സാമ്രാജ്യത്വ ശക്തികളും നടത്തുന്ന സൈനികാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്. 120 മില്യന്‍ ജനങ്ങളാണ് യുദ്ധവും വികസനത്തിനു വേണ്ടിയുള്ള കുടിയിറക്കലും കാരണം അഭയാര്‍ഥികളായി  ഇന്ന് ലോകത്തുള്ളത് . യൂനിസെഫ് കണക്ക് പ്രകാരം ഇരുപത്തിരണ്ടായിരം കുട്ടികളാണ് പോഷകാഹാര കുറവ് കാരണം ഓരോ ദിവസവും മരണപ്പെടുന്നത്. മലേറിയ കാരണം  ഒരു മില്യന്‍ പേരാണ് വര്‍ഷം തോറും മരിക്കുന്നത്. ഏകദേശം 1.8 മില്യന്‍ കുട്ടികളാണ് ഓരോ വര്‍ഷവും ഡയറിയ ബാധിച്ച് മാത്രം മരിക്കുന്നത് (കണക്കുകള്‍ക്ക് കടപ്പാട്: ഴഹീയമഹശൗൈല.െീൃഴ ). പട്ടിണി കാരണം മരിക്കുന്നവരുടെ എണ്ണം ഏകദേശം  ഒന്നര മില്യന്‍ വരും. അതേയവസരം  ഓരോ വര്‍ഷവും സമ്പന്ന  രാഷ്ട്രങ്ങള്‍ നശിപ്പിച്ചു കളയുകയോ ഉപയോഗിക്കാതിരിക്കുകയോ  ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ മൊത്തം ഉല്‍പാദനത്തിന്റെ മൂന്നില്‍ ഒന്ന് വരും! മനുഷ്യസഞ്ചയത്തില്‍ നല്ലൊരു ശതമാനത്തെ മരണത്തിന്റെ വായിലേക്ക് ഇപ്രകാരം എറിഞ്ഞു കൊടുക്കുന്ന  രാഷ്ട്രങ്ങള്‍ക്ക് ഈ കൊറോണ കാലത്ത് മാത്രം ഉണ്ടാവേണ്ടതാണോ മനുഷ്യസ്‌നേഹം?
മനുഷ്യസുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്ന ഇതേ രാഷ്ട്രങ്ങള്‍ തന്നെയാണ് യുദ്ധവും പ്രകൃതിദുരന്തങ്ങളും കാരണം ജീവനില്‍ കൊതി പൂണ്ട് പലായനം ചെയ്ത പതിനായിരങ്ങള്‍ക്ക് തങ്ങളുടെ അതിര്‍ത്തികള്‍ കൊട്ടിയടച്ച് പ്രവേശനം നിഷേധിക്കുന്നത്.  അങ്ങനെ തടഞ്ഞുവെക്കപ്പെടുകയും അപമാനിക്കപ്പെടുകയും ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്ത ലക്ഷക്കണക്കിന് ജനങ്ങളുടെ വേദനിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞുനില്‍ക്കുന്നതാണ് സമകാലിക ലോകം. ഏകപക്ഷീയമായ ഉപരോധം കാരണം തകര്‍ന്നടിഞ്ഞ രാഷ്ട്രങ്ങള്‍ക്ക് ഒരു കൈ സഹായവും അനുവദിക്കാതെ അവിടങ്ങളിലെ സാധാരണക്കാരെ മരണത്തിലേക്ക് തള്ളിയിട്ടവരും ഇവര്‍ തന്നെ. വൈറസിനേക്കാള്‍ മാരകമായ സങ്കുചിത ദേശീയതയുടെയും വംശീയതയുടെയും വിഷബീജങ്ങള്‍ വഹിക്കുന്ന അമേരിക്കയിലെയും യൂറോപ്പിലെയും ഇന്ത്യയിലെയും വലതു പക്ഷത്തിന്റെ വംശീയ മനസ്സ് കൊറോണ ആരംഭിച്ച ഘട്ടത്തില്‍ തന്നെ പ്രകടമായതാണ്. 
ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ വൈറസ് ആക്രമണം ആരംഭിച്ചപ്പോള്‍, ആയിരക്കണക്കിന് മൈലുകള്‍ ക്കിപ്പുറമുള്ള വാഷിംഗ്ടണും ന്യൂയോര്‍ക്കും ലണ്ടനും മാഡ്രിഡും റോമും മിലാനും പാരീസും തങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് വിശ്വസിച്ചിരിക്കാനാണ് സാധ്യത. 'ചൈനീസ് വൈറസ്' എന്നു പറഞ്ഞ് അതിനെ പരിഹസിക്കാന്‍ കിട്ടിയ ഒരു സന്ദര്‍ഭവും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നഷ്ടപ്പെടുത്തിയിട്ടില്ല. വൈറസിനെ നേരിടാന്‍ അടച്ചുപൂട്ടല്‍  ഉള്‍പ്പെടെയുള്ള നടപടികള്‍ ചൈന സ്വീകരിച്ചപ്പോള്‍ അതിനെ ആക്ഷേപിക്കാനും പരിഹസിക്കാനും ഇവര്‍ ധൃഷ്ടരായി.  എന്നാല്‍ അതേ വൈറസ് തന്നെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച്,  ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ,   ആനയിക്കാന്‍ പ്രത്യേകമായി ആരെയും ഏര്‍പ്പാട് ചെയ്യാതെ  യൂറോപ്പിന്റെയും അമേരിക്കയുടെയും  സ്വീകരണ മുറികളിലേക്ക് കയറിവന്നപ്പോള്‍ മാത്രമാണ് മനുഷ്യവംശത്തിന്റെ സുരക്ഷയെ കുറിച്ച് പലരും വാചാലരായത്. 
'ടെഹ്റാന്‍ ടൈംസി'ന്റെ ചീഫ് എഡിറ്റര്‍ മുഹമ്മദ് ഗദരി എഴുതിയ ഒരു ലേഖനത്തില്‍, കൊറോണ വൈറസിനെ അമേരിക്കയും പടിഞ്ഞാറന്‍ മാധ്യമങ്ങളും എപ്രകാരമാണ്  ഇതര ജനവിഭാഗങ്ങളെ വംശീയമായി അധിക്ഷേപിക്കാനും തങ്ങളുടെ മലിനമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും  ഉപയോഗപ്പെടുത്തിയതെന്ന് വിശദീകരിക്കുന്നുണ്ട്. ചൈനക്കു ശേഷം വൈറസിന്റെ ശക്തമായ ആക്രമണത്തില്‍ നടുങ്ങിപ്പോയ രാജ്യമാണ് ഇറാന്‍. പതിറ്റാണ്ടുകളായി അമേരിക്കയും കൂട്ടാളികളും അടിച്ചേല്‍പിച്ച മനുഷ്യത്വരഹിത ഉപരോധത്തിന്റെ എല്ലാ പ്രയാസങ്ങളും അനുഭവിക്കുന്ന രാഷ്ട്രം. ചൈനയില്‍നിന്നും ഇറാനിലേക്ക് വൈറസ് എത്തിയപ്പോഴേക്ക് ഇറാനിനെതിരെ ഒരു മനശ്ശാസ്ത്ര യുദ്ധം തന്നെ ആരംഭിച്ചു അവര്‍. വൈറസിനെ നിയന്ത്രിക്കാനാവാത്തത് ഇറാന്റെ ഭരണപരാജയം എന്നു പറഞ്ഞാക്ഷേപിച്ചു. ഇറാനിലെ ആരോഗ്യ സഹ മന്ത്രിക്ക് രോഗം ബാധിച്ചപ്പോഴേക്കും സ്വന്തം സുരക്ഷ പോലും  ഉറപ്പു വരുത്താനാവാത്തവരുടെ കൈയില്‍ എങ്ങനെ രാജ്യം സുരക്ഷിതമാവും എന്നായി പരിഹാസം. എന്നാല്‍ ഇതേ കൊറോണ ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്കും പത്തോളം ഫ്രഞ്ച് പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്കും ബാധിച്ചപ്പോള്‍ ഈ മാധ്യമങ്ങളെല്ലാം മൗനം പാലിച്ച് കൂറ് തെളിയിച്ചു. ഫെയ്സ് മാസ്‌കിന്റെ ലഭ്യതക്കുറവ് കാരണം പ്രതിസന്ധിയിലായ ഇറാനെ കണക്കിന് കുറ്റപ്പെടുത്തി ഈ മാധ്യമങ്ങള്‍. എന്നാല്‍ വൈറസ് എത്തുന്നതിനു മുമ്പു തന്നെ ഭീതി കാരണം മുഖാവരണങ്ങള്‍  അമേരിക്കയില്‍ തീര്‍ന്നുപോയ വിവരമൊന്നും വാര്‍ത്തയേ ആയില്ല.  അനാവശ്യ ഭീതി വിതക്കുകയാണെന്ന് പറഞ്ഞ് ഇറാനെ ആക്ഷേപിച്ചവര്‍ തന്നെ ഭീതി കാരണം ടോയ്ലറ്റ് ടിഷ്യൂകള്‍ വരെ യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ തീര്‍ന്നുപോയതിനെ കുറിച്ച് മിണ്ടിയില്ല. ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ അയല്‍രാഷ്ട്രങ്ങളുമായുള്ള എല്ലാ ബോര്‍ഡറുകളും ഇറാന്‍ കൊട്ടിയടക്കണം എന്ന് ഗൂഢാര്‍ഥത്തില്‍ പറഞ്ഞവര്‍ക്കു   തന്നെ ഏതാനും നാളുകള്‍ക്കകം അമേരിക്കയുടെയും യൂറോപ്യന്‍ നാടുകളുടെയും ബോര്‍ഡറുകള്‍ അടക്കേണ്ടി വന്ന ദുര്‍ഗതി ഗദരി ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യവംശം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കേണ്ട ഒരു പ്രശ്‌നത്തെ പോലും തങ്ങളുടെ വംശീയവും രാഷ്ട്രീയവുമായ താല്‍പര്യത്തിന് ദുരുപയോഗം ചെയ്യുന്ന വെള്ള വംശീയതയുടെ ഉദാഹരണമാണ് ഇതെല്ലാം. കടുത്ത പ്രതിസന്ധിയിലായ ഇറാന് ഈ ഭീതിയുടെ നാളുകളിലെങ്കിലും ഉപരോധത്തില്‍  ഇളവ് കൊടുക്കാന്‍ ആരും തയാറായില്ല. പകരം പുതിയ ഉപരോധ വ്യവസ്ഥകള്‍ അടിച്ചേല്‍പിക്കുകയാണ് അമേരിക്ക ചെയ്തത്. ഇങ്ങനെയെല്ലാം  ഒരു രാഷ്ട്രത്തെ ഞെരുക്കിയ ശേഷം  സൗജന്യ മെഡിക്കല്‍ സേവനത്തിന് സന്നദ്ധത അറിയിച്ച്  അമേരിക്ക ഇറാനെ ഒന്നുകൂടി പരിഹസിക്കാന്‍ മറന്നില്ല.  
എന്നാല്‍, ഈ വൈറസ് യൂറോപ്പിലെയും അമേരിക്കയിലെയും ഭരണ - സാമ്പത്തിക വ്യവസ്ഥ അത്യധികം പ്രധാനമായ  ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുന്നതില്‍ പരാജയപ്പെട്ടു എന്നാണ് തെളിയിച്ചത്. വാക്‌സിനേഷനുകള്‍, അത്യാധുനിക ആതുരാലയങ്ങള്‍, നിറപ്പകിട്ടാര്‍ന്ന തരാതരം ഭക്ഷ്യവിഭവങ്ങള്‍, സുരക്ഷാ സൈനികര്‍, നിരീക്ഷണ ക്യാമറകള്‍, എന്റര്‍ടെയിന്‍മെന്റ്  സംവിധാനങ്ങള്‍  ഇതെല്ലാം ചേര്‍ന്ന ജീവിതമാണ് സുരക്ഷിതവും സന്തോഷപ്രദവും എന്നത് ഒരാധുനിക അന്ധവിശ്വാസമാണ്.  ഈ ധാരണ വ്യാപിപ്പിച്ചുകൊണ്ടാണ് വംശീയ മുതലാളിത്തം അതിന്റെ ലോകക്രമം വികസിപ്പിച്ചത്. പക്ഷേ ആ സാമ്പത്തിക -സാമൂഹിക  ക്രമത്തിന് ഇറ്റലിയിലെയും സ്‌പെയിനിലെയും,  എന്തിനധികം അമേരിക്കയിലെ വരെ വിലപ്പെട്ട മനുഷ്യജീവനുകളെ സംരക്ഷിക്കാനാകുന്നില്ല. ഭീമമായ ചികിത്സാ ചെലവോര്‍ത്ത് പലരും വൈറസ് ടെസ്റ്റിന് സന്നദ്ധമാകാതിരുന്നതിനാലാണ് അമേരിക്കയില്‍ വൈറസ് ബാധ തുടക്കത്തില്‍ തിരിച്ചറിയപ്പെടാതിരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവസാനം ഗവണ്‍മെന്റിന് സൗജന്യ വൈറസ് പരിശോധന ഏര്‍പ്പെടുത്തേണ്ടി വന്നു. ഇന്‍ഷൂറന്‍സ് കമ്പനികളും ഹോസ്പിറ്റല്‍ ശൃംഖലകളും ചേര്‍ന്നൊരുക്കുന്ന 'മരണക്കുരുക്ക്' കാരണം ചികിത്സാ ചെലവ് പോലും അതിഭീകരമാണ് അമേരിക്കയില്‍. പല യൂറോപ്യന്‍ രാജ്യങ്ങളിലെയും അവസ്ഥയും ഇതു തന്നെ. ഇറ്റലിയിലെയും മറ്റും  തകര്‍ന്നുവീണ ചികിത്സാ സംവിധാനങ്ങള്‍ക്ക് കൈത്താങ്ങായി ക്യൂബയെയും തുര്‍ക്കിയെയും പോലുള്ള രാജ്യങ്ങള്‍ വേണ്ടി വരുന്നു എന്നത് ആധുനിക മുതലാളിത്ത സംസ്‌കൃതിയുടെ തെറ്റായ ഘടനാ പദ്ധതികള്‍ക്കെതിരെയുള്ള ശക്തമായ ചൂണ്ടുപലകയാണ്.
നിരന്തരം മനുഷ്യഹത്യക്കു നേതൃത്വം കൊടുത്ത  വംശീയവാദികളായ ട്രംപ്, നെതന്യാഹു, മോദി  തുടങ്ങിയവര്‍ മനുഷ്യജീവനെ കുറിച്ച് ആലോചിച്ചല്ല ഇപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുന്നത്. കൊറോണ വിതക്കുന്ന മരണത്തെ മറ്റു മരണങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത് അതിന് വംശീയവും സാമ്പത്തികവുമായ   ഭേദബോധം ഇല്ലെന്നതാണ്. ഏഷ്യന്‍ -  ആഫ്രിക്കന്‍ നാടുകളിലെ ദരിദ്രരെ മാത്രം ബാധിക്കുന്ന മലേറിയ പോലെയോ ഡയറിയ  പോലെയോ അല്ല കൊറോണ.  ഹെയ്ത്തിയിലെയും  ലൈബീരിയയിലെയും ദരിദ്രരെ മാത്രം ബാധിക്കുന്ന പട്ടിണി മരണം പോലെയല്ല അത്. ശുദ്ധ വെള്ളവും മതിയായ ശുചിത്വ സംവിധാനങ്ങളും ഇല്ലാത്തതു കാരണം ദരിദ്രരാജ്യങ്ങളില്‍  മാത്രം പടരുന്ന എണ്ണമറ്റ രോഗങ്ങളെ പോലെയുമല്ല അത്. പശ്ചിമേഷ്യയെ മാത്രം ബാധിക്കുന്ന നശീകരണ യുദ്ധവുമല്ല. മനുഷ്യ നാഗരികത സമ്മാനിച്ച കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ഇരകളാണ് ഈ ജനസമൂഹങ്ങളെല്ലാം. ഭൂമിയുടെ സംരക്ഷണവും രാജ്യനിവാസികളുടെ സുരക്ഷയും ഏറ്റെടുത്ത്  ഇപ്പോള്‍ സമ്പന്ന രാജ്യങ്ങളുടെ തലസ്ഥാന നഗരികളില്‍നിന്ന് കൊറോണക്കെതിരെ വാക്പയറ്റ് നടത്തുന്ന ഭരണാധികാരികളില്‍ പലരും തന്നെയാണ്  അസന്തുലിതമായ സാമ്പത്തിക ക്രമവും ചൂഷണവും അടിച്ചേല്‍പിച്ച്  ഈ ജനസഞ്ചയങ്ങളുടെ അവകാശം അപഹരിച്ചവര്‍. രോഗത്തെയും മരണത്തെയും തോല്‍പിക്കാന്‍ ബില്യനുകള്‍ ചെലവഴിക്കാന്‍ സന്നദ്ധമാകുന്ന ഇവരാരും ശുദ്ധ വെള്ളം ഒരുക്കാനും പോഷകാഹാരക്കുറവ് പരിഹരിക്കാനും ഒന്നും ചെയ്യാറില്ല.  
തെറ്റായ വികസനവും പ്രകൃതിചൂഷണവും കാരണം  സബ് സഹാറയിലെ ദരിദ്രര്‍ ദിവസവും  മരിച്ചൊടുങ്ങുമ്പോള്‍  ലോകക്രമം നിശ്ചയിക്കുന്ന ഒരു തലസ്ഥാന നഗരവും അധികാര കേന്ദ്രവും  ഉത്കണ്ഠപ്പെടാറില്ല . മരണം സമ്പന്നരെയും പ്രഫഷനലുകളെയും ബിസിനസ് എക്‌സിക്യൂട്ടീവുകളെയും ബ്യൂറോക്രാറ്റുകളെയും സൈന്യാധിപരെയും ഭരണാധികാരികളെയും തട്ടിയെടുക്കാന്‍ ആരംഭിച്ചപ്പോള്‍ മാത്രം ഉണ്ടാകുന്ന ഈ ഉത്കണ്ഠയാണ് മരണത്തേക്കാള്‍ ഭീകരം. കൊറോണയെ പ്രതിരോധിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളില്‍ ചെറിയൊരു ശതമാനമെങ്കിലും  ദക്ഷിണേഷ്യയിലും സഹാറന്‍ ആഫ്രിക്കയിലും ചെലവഴിച്ചിരുന്നുവെങ്കില്‍ പല കാരണങ്ങളാല്‍ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ട ലക്ഷങ്ങളെ രക്ഷിക്കാമായിരുന്നു.  

അതിര്‍ത്തി എന്ന മിഥ്യ

രാജ്യങ്ങള്‍ക്കിടയില്‍ മനുഷ്യര്‍   തീര്‍ത്ത അതിര്‍ത്തികള്‍ പരസ്പരം  തരംതിരിക്കാനും ശത്രുത വെച്ചു പുലര്‍ത്താനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് ഇന്ന്.  വംശീയ പ്രത്യയശാസ്ത്രത്തില്‍ അഭിരമിക്കുന്ന ഇന്ത്യ സ്വന്തം ജനതയെ പുറത്താക്കാന്‍ ഭീകരമായ പൗരത്വനിഷേധ നിയമം തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിനെ എതിര്‍ത്തവര്‍ക്കു നേരെ നടക്കുന്ന വംശഹത്യാ കലാപങ്ങളില്‍ നിരവധി പേര്‍ രക്തസാക്ഷികളായി. മറ്റൊരു വംശീയ രാഷ്ട്രമായ ഇസ്രയേല്‍ കഴിഞ്ഞ  ഏഴ് പതിറ്റാണ്ടായി തുടരുന്ന വംശീയ ഉന്മൂലനം  പൂര്‍വാധികം ശക്തമായി തുടരുന്നു. ഗസ്സ പൂര്‍ണമായും തുറന്ന തടവറയായിട്ട് വര്‍ഷങ്ങള്‍ അനവധി പിന്നിട്ടു, മെക്‌സിക്കോക്കാര്‍ അമേരിക്കയില്‍ കാലു കുത്തുന്നത് തടയാന്‍  വന്‍ മതിലാണ് ലോക ധിക്കാരിയായ  ട്രംപ് അമേരിക്കന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്നത്. സാമ്രാജ്യത്വം തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സമീപകാലത്ത് നടത്തിയ  നശീകരണ യുദ്ധങ്ങളില്‍ അഭയാര്‍ഥികളായെത്തിയവരെ   യൂറോപ്പില്‍നിന്ന് പുറത്താക്കണം എന്നാണ് വെള്ള വംശീയവാദികള്‍ (White Supermacists) ആക്രോശിക്കുന്നത്. ഇത്തരമൊരു പരിത:സ്ഥിതിയിലും വംശഹത്യകളെ യുദ്ധക്കുറ്റമാക്കുന്നതും വംശീയതയെ  ക്രിമിനിലൈസ് ചെയ്യുന്നതുമായ നിയമങ്ങള്‍  ലോകത്ത് നിലവിലില്ല. പെഹ്ലൂഖ് ഖാന്‍ മുതല്‍ അലന്‍ കുര്‍ദി വരെയുള്ളവരുടെ  മരണങ്ങള്‍ പത്ര കോളങ്ങളിലെ കേവല  വിലാപങ്ങളായി ഒതുങ്ങുന്നു. വംശഹത്യാവാദികളുടെയും  സങ്കുചിത ദേശീയ പക്ഷപാതികളുടെയും കുടിയേറ്റവിരുദ്ധരുടെയും,  അകത്തുള്ളവരെയും പുറത്തുള്ളവരെയും വേര്‍തിരിക്കണമെന്ന ആക്രോശങ്ങള്‍ക്കിടയില്‍ തന്നെയാണ് അകത്താര്, പുറത്താര്   എന്ന ചോദ്യം തന്നെ അപ്രസക്തമാക്കി  എല്ലാവരെയും ഒരുപോലെ അകത്തിരുത്തി കൊറോണോ വൈറസ് അതിര്‍ത്തികള്‍ ഭേദിച്ച് പടരുന്നത്. വൈറസിന് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ആരുടെയും അനുവാദത്തിന് കാത്തിരിക്കേണ്ടതില്ലല്ലോ. മനുഷ്യന്‍ വരച്ചുകളിക്കുന്ന അതിര്‍ത്തി എന്ന മിഥ്യക്ക് ഏറ്റ കനത്ത പ്രഹരം തന്നെയാണ് ഈ വൈറസ്. ബില്യനുകള്‍ ചെലവിട്ട് രാഷ്ട്രങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന അതിര്‍ത്തി സംരക്ഷണ സേനകളും  മിലിറ്ററിയും അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളും പ്രതിരോധ സംവിധാനങ്ങളും വ്യക്തിയെയോ സമൂഹത്തെയോ രാഷ്ട്രത്തയോ  സംരക്ഷിക്കില്ല എന്ന് തീര്‍ത്തു പറയുന്നുണ്ട് കൊറോണ. രാജ്യസുരക്ഷയുടെ പേരില്‍ പൗരന്റെ  സ്വകാര്യതക്കും  സഞ്ചാരത്തിനും വരെ പൂര്‍ണ നിയന്ത്രണങ്ങള്‍ തീര്‍ക്കുന്ന ദേശരാഷ്ട്രങ്ങള്‍ക്കൊന്നും ഈ സൂക്ഷ്മ പ്രതിഭാസത്തെ തടുത്തുനിര്‍ത്താനാവുന്നില്ല. 
ഈ വൈറസ്  ഒരര്‍ഥത്തില്‍  സ്വാതന്ത്ര്യത്തിന്റെ  വിലയെന്തെന്ന് പഠിപ്പിക്കുന്നുണ്ട് എല്ലാവരെയും.  വൈറസിനെ പ്രതിരോധിക്കാന്‍ വീടുകളെയും ഫ്ളാറ്റുകളെയും ജയിലുകളാക്കുകയാണ് ഓരോരുത്തരും. സ്വന്തം വീടുകളില്‍ ഓരോരുത്തരും അവരവരെ തളച്ചിട്ടുകഴിഞ്ഞു. സന്ദര്‍ശക പ്രവാഹം കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന അംബരചുംബികളായ കെട്ടിടങ്ങളില്‍ ആളനക്കമില്ല. മനുഷ്യ പുരോഗതിയുടെ അടയാളമെന്ന നിലയില്‍ പടുത്തുയര്‍ത്തപ്പെട്ട മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ശ്മശാന മൂകത. നിദ്രയില്ലാത്ത നിശാ നഗരങ്ങള്‍ പ്രേതഭൂമികളായിരിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നിശ്ചലം, റോഡുകള്‍ വിജനം. സഹിക്കാവുന്നതിലും അപ്പുറമാണ്  ഈ നിയന്ത്രണങ്ങള്‍ എന്ന് പരിതപിക്കുന്നവരുണ്ട്. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റയിന്‍ വേണമെന്നറിഞ്ഞിട്ടും അത് മറികടന്ന് ചിലര്‍ ചാടിപ്പോകുന്നത് സ്വയം ബന്ധനം  അത്ര മാത്രം അസഹനീയമായതിനാലാണ്.  ഒരു ചെറു നിയന്ത്രണം പോലും ജീവിതത്തെ പ്രതിസന്ധിലാക്കുന്നു എന്ന കാരണത്താല്‍  അസ്വസ്ഥരാവുന്ന മനുഷ്യരുടെ നേര്‍ചിത്രങ്ങളാണിത്.  കടകള്‍ അടക്കപ്പെടുകയും തെരുവുകള്‍ നിശ്ശബ്ദമാവുകയും വാഹനങ്ങള്‍ നിശ്ചലമാവുകയും വിമാനങ്ങള്‍ ചിറകൊതുക്കുകയും  ഓരോ മനുഷ്യനും സ്വന്തം വീടിന്റെ അകത്തളത്തില്‍  ഒറ്റപ്പെട്ടു കഴിയുകയും ചെയ്യുമ്പോള്‍  അനുഭവിക്കുന്ന ഭീതിയും ഏകാന്തതയും കാരണമാണ് ഈ അസ്വസ്ഥതകള്‍. ഒന്നോ രണ്ടോ ദിവസം അടഞ്ഞ വീട്ടില്‍ നിശ്ശബ്ദനായി പുറംലോകവുമായുള്ള ബന്ധം വിഛേദിച്ച്  ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന മനുഷ്യര്‍  അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ  വേവലാതികളാണ്  ഇതെല്ലാം.  
എന്നാല്‍, ഇത്തരം വേവലാതികളുടെ ആഴവും  ഐസൊലേഷന്‍  വാര്‍ഡുകളിലെ   ഏകാന്തതയുടെ വേദനകളും എന്നോ തിരിച്ചറിഞ്ഞ  പലരുമുണ്ട് ഇവിടെ.   തുറന്ന ജയിലിന് സമാനമായ നിലയില്‍ വര്‍ഷങ്ങളായി പരിപൂര്‍ണ അടച്ചുപൂട്ടലിന്  വിധേയമായ ഗസ്സയിലെ ജനപദങ്ങള്‍ക്ക് ഈ വേവലാതിയുടെ അര്‍ഥം പുതുതായി മനസ്സിലാക്കേണ്ടതില്ല.  വീടുകളിലേക്ക് പോകണം എന്ന കല്‍പന നടപ്പാക്കാന്‍ സ്വന്തമായി വീടുകള്‍ തന്നെ ഇല്ലാത്തവരാണ്  അവരില്‍ അധിക പേരും. തങ്ങളുടെ  വീടുകള്‍ സയണിസ്റ്റ് വംശീയ ഭ്രാന്തന്മാരുടെ ബുള്‍ഡോസറുകള്‍ തകര്‍ക്കുന്നതു കണ്ട് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നവരാണവര്‍. ദല്‍ഹിയിലും യു.പിയിലും വംശഹത്യയുടെ നാളുകളില്‍ ആട്ടിപ്പുറത്താക്കപ്പെട്ട സ്ത്രീകള്‍ക്ക്, കൊലചെയ്യപ്പെട്ട ബന്ധുജനങ്ങളെ കുറിച്ചോര്‍ത്ത് വാവിട്ടു വിലപിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, സര്‍വവും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക്, ഇവര്‍ക്കാര്‍ക്കും ഈ ഒറ്റപ്പെടലിന്റെ ആഴം ഈ കാലത്ത് മാത്രമായി തിരിച്ചറിയേണ്ടതായിട്ടില്ല. പതിറ്റാണ്ടുകളായി വിചാരണത്തടവുകാരായി ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന നിരപരാധികള്‍ക്ക് ഇതില്‍ വേവലാതി ഉണ്ടാവില്ല.  ആറു മാസത്തിലധികമായി പുറംലോകവുമായി ബന്ധമറ്റ കശ്മീരീ ജനതയും, ഈ ലോക്ക് ഡൗണിനെ  കുറിച്ച്  ന്യൂയോര്‍ക്കിലെയും റോമിലെയും ന്യു ദല്‍ഹിയിലെയും മാഡ്രിഡിലെയും രിയാദിലെയും ദുബൈയിലെയും ഹോങ്കോങിലെയും ജനങ്ങള്‍ പരിതപിക്കുന്നതു കാണുമ്പോള്‍ ഇതിലെന്തിരിക്കുന്നു എന്ന് ആയിരംവട്ടം അതിശയപ്പെട്ടിരിക്കും, തീര്‍ച്ച.  കാരണം, അവര്‍ക്കൊന്നും ഈ ഒറ്റപ്പെടല്‍ ഒരു വൈറസിനെ നേരിടാനുള്ള താത്കാലിക മുന്‍കരുതലല്ല, സ്വന്തം സുരക്ഷക്കായി എടുത്തണിയുന്ന രക്ഷാ കവചവുമല്ല; മര്‍ദക ഭരണകൂടങ്ങളുടെ നിര്‍ദയമായ  പീഡനത്തിന്റെ ഭീകര പ്രതീകങ്ങളാണത്.  ചോരപുരണ്ട സിംഹാസനങ്ങള്‍ക്ക് കാവലിരിക്കുന്ന മനുഷ്യ വൈറസുകള്‍ പകര്‍ന്ന വേദനയുടെയും നീതിനിഷേധത്തിന്റെയും നിത്യ സ്മാരകങ്ങള്‍. 

അനുഭവപാഠങ്ങള്‍

ആധുനികശാസ്ത്രത്തിന്റെ  ഉത്ഭവകാലമായി അറിയപ്പെടുന്ന പതിനാറാം നൂറ്റാണ്ടില്‍ ശാസ്ത്ര-സാങ്കേതിക വികാസത്തോടു കൂടി മതം അപ്രസക്തമാകുമെന്നും  മതമുക്തമായ ഒരു ശാസ്ത്രം രംഗപ്രവേശം ചെയ്യുമെന്നും അത്  ദാരിദ്ര്യവും പട്ടിണിയും ഇല്ലാത്ത, രോഗവും മരണവും ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കുമെന്നും  സ്വപ്‌നം കണ്ടവരുണ്ടായിരുന്നു. എംപരിസത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ഫ്രാന്‍സിസ് ബേക്കന്റെ ചിന്തകളില്‍  നമുക്കിത്  കാണാം.  മതത്തിന്റെ  പ്രസക്തിയെ പൂര്‍ണമായി നിരാകരിക്കുന്നില്ലെങ്കിലും  സെക്യുലര്‍ ശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടെ മനുഷ്യ നാഗരികത കൈവരിക്കാനിടയുള്ള  അത്ഭുതകരമായ ഒരു ലോകമാണ് ഫ്രാന്‍സിസ് ബേക്കന്‍ സ്വപ്‌നം കണ്ടത്.
ബേക്കനു  ശേഷം ഉദയം കൊണ്ട  യുക്തിചിന്തയുടെ കാലഘട്ടം എന്നറിയപ്പെടുന്ന പ്രബുദ്ധതാ കാലഘട്ടത്തിലെ സാമൂഹിക ചിന്തകന്മാര്‍ ഒന്നടങ്കം പറയാന്‍ ശ്രമിച്ചത് മതരഹിതമായ ഒരു സമൂഹത്തെ സൃഷ്ടിച്ചുകൊണ്ട്, യുക്തിക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ലോകം സംവിധാനിച്ചുകൊണ്ട്, യുദ്ധവും കലാപവും രോഗവും മരണവുമില്ലാത്ത ഒരു ഭാവി  യാഥാര്‍ഥ്യമാകുമെന്നു തന്നെയാണ്.  ആധുനികത എന്ന സംജ്ഞ അടയാളപ്പെടുത്തിയത് ,  പ്രബുദ്ധതാ കാലഘട്ടത്തെ കുറിച്ചുള്ള ഇത്തരം അതിരു കടന്ന ചിന്തകളായിരുന്നു.  എന്നാല്‍, മനുഷ്യന്റെ യുക്തിയെ കുറിച്ച ഈ അന്ധവിശ്വാസത്തിന് ഏറ്റ കനത്ത പ്രഹരമായിരുന്നു ഒന്നു  രണ്ടും ലോകയുദ്ധങ്ങള്‍. ശാസ്ത്രം പടുത്തുയര്‍ത്തുമെന്ന് പ്രബുദ്ധതാ ചിന്തകന്മാര്‍  സ്വപ്‌നം കണ്ട സുന്ദര ലോകത്തിനു പകരം കൂട്ടക്കശാപ്പിനും മാരക നശീകരണത്തിനും സാങ്കേതിക വിദ്യ സൗകര്യമൊരുക്കുന്നതു കണ്ട് അവര്‍ നടുങ്ങിയിരിക്കണം.  തെരുവുകളില്‍ കുമിഞ്ഞുകൂടിയ ജഡങ്ങളും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദീനരോദനങ്ങളും അനാഥ കുഞ്ഞുങ്ങളുടെ വിലാപവും കണ്ടവര്‍ സ്തബ്ധരായി. 
മനുഷ്യ യുക്തിയെ കുറിച്ചുള്ള തീര്‍പ്പുകള്‍ പുനരാലോചിക്കാനും ആധുനികതയെ കുറ്റവിചാരണ ചെയ്യുന്ന  വിമര്‍ശനപഠനങ്ങള്‍ ശക്തിപ്പെടാനും അങ്ങനെ ലോക യുദ്ധങ്ങള്‍ നിമിത്തമായി. ശാസ്ത്രത്തെ കുറിച്ച  അമിതമായ ആത്മവിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ പല പുതിയ ചിന്തകന്മാരും മുന്നോട്ടു വന്നു. മനുഷ്യന്‍ ശാസ്ത്രത്തെക്കുറിച്ച് നടത്തിയ ഇത്തരം പുനരാലോചനകളാണ് ആധുനികതാ  യുക്തിക്കെതിരെയുള്ള  ഏറ്റവും ശ്രദ്ധേയമായ  വിമര്‍ശന പഠനങ്ങളായി പില്‍ക്കാലത്ത് വികസിച്ചത്. 
എന്നാല്‍, ദാര്‍ശനിക തലത്തില്‍ സ്വീകാര്യത നേടിയെടുത്ത ഇത്തരം വിമര്‍ശനങ്ങളൊന്നും പ്രായോഗിക ലോകത്ത് നേരിയ  ചലനം പോലും സൃഷ്ടിച്ചില്ല. ഒന്നാം ലോകയുദ്ധാനന്തരം യൂറോപ്പിനെ വിഴുങ്ങിയ സ്പാനിഷ് ഫ്ളൂ  തന്നെ ഉദാഹരണം. ലോകത്തെ മൂന്നിലൊന്ന് പേരെയും ബാധിച്ച ആ പകര്‍ച്ചവ്യാധി കവര്‍ന്നെടുത്തത് 17 മില്യനിലധികം മനുഷ്യജീവനാണ്. ദുര്‍ബലനായ മനുഷ്യന്റെ നിസ്സഹായാവസ്ഥ വിളിച്ചോതിയ ഈ വിപത്ത് അല്‍പകാലത്തേക്ക് മനുഷ്യരെ  ആത്മപരിശോധനക്ക്  വിധേയരാക്കിയിരിക്കണം. പക്ഷേ  കൂട്ടനാശം വിതച്ച രണ്ടാം ലോകയുദ്ധത്തെ തടഞ്ഞുനിര്‍ത്താനൊന്നും ആ പകര്‍ച്ചപ്പനിക്ക് സാധിച്ചില്ല. രണ്ടാം ലോകയുദ്ധാനന്തരം ഉയര്‍ന്ന വിമര്‍ശന ചിന്തകളുടെയും  അവസ്ഥ ഇതു തന്നെയായിരുന്നു. ഹിരോഷിമയും നാഗസാക്കിയും ജര്‍മന്‍ തെരുവുകളിലെ രോദനവും കൂട്ടക്കരച്ചിലും ഉയര്‍ത്തിവിട്ട സാങ്കേതിക വിദ്യക്കെതിരെയുള്ള നിശിതമായ വിമര്‍ശങ്ങളും ആധുനികതക്കെതിരെയുള്ള ഉപന്യാസങ്ങളും പില്‍ക്കാല ചരിത്രത്തില്‍ ഒരു സ്വാധീനവും ചെലുത്തിയില്ല. ലോകയുദ്ധാനന്തരം രൂപം കൊണ്ട വെസ്റ്റ് ഫാലിയാന്‍ മോഡല്‍ ലോക ഘടന സഞ്ചരിച്ചത് ആധുനികതയുടെ ശാസ്ത്ര യുക്തിയിലൂടെ തന്നെയാണ്.  അങ്ങനെ അധികാരവും ധിക്കാരവും ചേര്‍ത്തുകെട്ടിയ പിടിച്ചുപറിയുടെ  ഒരു സംസ്‌കൃതി കൂട്ടക്കുരുതികള്‍ക്കു ശേഷവും ലോകത്ത് പിടിമുറുക്കി.  ശാസ്ത്രത്തെ കുറിച്ചുള്ള പുനരാലോചനകള്‍ക്കൊന്നും ആരും ചെവികൊടുത്തില്ല.   മികവാര്‍ന്ന ഒരു നാഗരികത സംവിധാനിക്കുന്നതിനെ കുറിച്ച ഗൗരവപ്പെട്ട ചിന്തകള്‍ക്കൊന്നും  രാഷ്ട്രീയ മേഖലയില്‍ ഇടം ലഭിച്ചില്ല. അമിതമായ ഭൗതിക വളര്‍ച്ചയിലും പ്രകൃതിചൂഷണത്തിലും വിശ്വസിക്കുന്ന ദുര മൂത്ത മുതലാളിത്ത സംസ്‌കൃതി ലോകത്ത് വ്യാപിച്ചു. ശീതയുദ്ധ കാലത്തെ ബദല്‍ അന്വേഷണങ്ങള്‍  പോലും വ്യത്യസ്തമായ ഒരു വികസന സങ്കല്‍പമോ നാഗരികക്രമമോ ലോകത്തിന് സമ്മാനിച്ചില്ല. സാമ്രാജ്യത്വ വികസനങ്ങളുടെയും വെട്ടിപ്പിടിക്കലിന്റെയും  പ്രകൃതിവിരുദ്ധ നിലപാടിനു തന്നെയാണ് ഈ കാലഘട്ടവും അടിത്തറയൊരുക്കിയത്.  
കൊറോണാ ദുരന്തം  മനുഷ്യനാഗരികതയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന്റെ ഉത്തരം മേല്‍ വിവരണത്തില്‍ ഉണ്ട്. മനുഷ്യന്‍ അങ്ങനെയാണ്. ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ 'പുനരാലോചിക്കണം നിലപാടുകള്‍' എന്ന് അവന്‍ തീര്‍ത്തു പറയും. ദുരന്തം കഴിഞ്ഞാലോ, പറഞ്ഞതൊക്കെയും മറക്കും. ദുരയും പിടിച്ചുപറിയും പ്രകൃതിചൂഷണവും തുടരും. മറ്റൊരു മഹാ ദുരന്തം, അഥവാ അന്തിമ ദുരന്തം സംഭവിക്കുന്നതു വരെ ഇതു തന്നെയായിരിക്കാം മനുഷ്യന്റെ അവസ്ഥ.
 

Comments