Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

അടച്ചിട്ട വാതില്‍

സ്വാലിഹ് നിസാമി പുതുപൊന്നാനി

സ്വാലിഹ് മുഹമ്മദ് രചനയും യഹ്യ  ഫാഇഖ് നിര്‍മാണവും നിര്‍വഹിച്ച ചലച്ചിത്രമാണ് 'അല്‍ബാബുല്‍ മുഅസ്സ്വദ്'- 'അടച്ചിട്ട വാതില്‍'. ലുത്ഫീ അബ്ദുല്‍ ഹമീദ്, മര്‍യം അസ്സ്വാലിഹ്, ജാസിം അന്നബ്ഹാന്‍, അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്‍ മജിദ് എന്നിവര്‍ അഭിനയിച്ച ഈ ചിത്രം പുറത്തിറങ്ങിയിട്ട് അമ്പത്തഞ്ചു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. എങ്കിലും,  കൊറോണ വൈറസിന്റെ സംക്രമണ 'ചങ്ങല പൊട്ടിക്കാ'ന്‍ മനുഷ്യര്‍ 'ലോക പരിത്യാഗം' ചെയ്ത് സ്വന്തം വീടുകളില്‍ ധ്യാനനിരതരായി വിശ്രമിക്കുന്ന പുതിയ പശ്ചാത്തലത്തില്‍, ഈ ചിത്രം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 
ജീവിത സൗകര്യങ്ങളും സാങ്കേതിക വളര്‍ച്ചയുടെ സാന്നിധ്യവും വളരെ കുറഞ്ഞ കാലത്ത്, കോളറ പടര്‍ന്നുപിടിച്ച നാളുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലെങ്ങും ആളുകള്‍ ഞെട്ടറ്റു വീണുകൊണ്ടിരിക്കുന്ന ഭീതിദാന്തരീക്ഷത്തില്‍, എല്ലാ സാമൂഹിക ബന്ധങ്ങളും അവസാനിപ്പിച്ച് വാതിലടച്ചിരിക്കാന്‍ തീരുമാനിച്ച ഒരു കുടുംബത്തിന്റെ സുധീരമായ നിലപാടാണ് 'അടച്ചിട്ട വാതില്‍' എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ന് നാമതിനെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്ന് വിളിക്കുന്നു.
വികസനം എത്തിനോക്കാത്ത പഴയ കുവൈത്തിലാണ് കുടുംബം ജീവിക്കുന്നത്. ഒരു കാപ്പിക്കടയിലെത്തിയ അജ്ഞാതനായ വ്യക്തിയില്‍നിന്നാണ് കോളറ പരക്കുന്നത്.  തങ്ങളുടെ ഗ്രാമത്തില്‍ മാത്രമല്ല, രാജ്യത്തുടനീളം തന്നെ ആളുകള്‍  കോളറ ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ അറുപത് ശതമാനം മനുഷ്യരും അന്ന് കോളറയുടെ ഇരകളായിത്തീര്‍ന്നു.  ഒരാളും അവശേഷിക്കാതെ കുടുംബങ്ങള്‍ ഒന്നടങ്കം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഓരോ കുടുംബത്തിലും അവശേഷിച്ച ഭാഗ്യവാന്മാര്‍ പ്രാണ രക്ഷാര്‍ഥം ശുവൈഖിലെ അശീശില്‍ അഭയം കണ്ടെത്തുന്നു. ഇന്ത്യയിലേക്ക് കച്ചവടാവശ്യാര്‍ഥം നാടുവിട്ട ഏതാനും കുവൈത്തികള്‍ രക്ഷപ്പെട്ടവരില്‍ പെടും. തിരിച്ചെത്തിയ അവര്‍ ഭാര്യയും മക്കളും ബന്ധുക്കളും മരിച്ചു കിടക്കുന്ന ഭീകര രംഗമാണ് കാണുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മൃതശരീരങ്ങള്‍ എടുത്തുനീക്കാന്‍ നില്‍ക്കുന്നതിലെ പ്രയാസം കാരണം, ഒരു വ്യാപാരി തന്റെ വീടിനു തീ കൊടുക്കുന്നു, എല്ലാം കത്തിയമരുന്നു. 
കിഴക്കേ കുവൈത്തിലെ ഒരു ഗ്രാമത്തില്‍ ഒരു കുടുംബം മാത്രം അത്ഭുതകരമാംവിധം രക്ഷപ്പെട്ടിരിക്കുന്നു. ഫാത്വിമയുടെയും ഇബ്‌റാഹീമിന്റെയും കുടുംബമായിരുന്നു അത്. മഹാമാരിയുടെ ഭീകര താണ്ഡവം നടക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍, എല്ലാ സമ്പര്‍ക്കങ്ങളും അവസാനിപ്പിക്കാന്‍ വീടിന്റെ വാതില്‍ അടച്ചിടാന്‍ തീരുമാനമെടുത്ത കുടുംബമായിരുന്നു അത്.
മഹാമാരി നാടുവിടുവോളം വാതില്‍ തുറക്കില്ലെന്ന് ഫാത്വിമയും ഇബ്‌റാഹീമും ഉറപ്പിച്ചു.  മരണപ്പെട്ട ബന്ധുവിനെ കാണാന്‍ പുറത്തുപോകണമെന്ന് മകന്റെ ഭാര്യക്ക് നിര്‍ബന്ധം. അവര്‍ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല. നിവൃത്തിയില്ലെന്നു വന്നപ്പോള്‍ വീടിനു പുറത്ത് കയര്‍ കെട്ടി അതിലൂടെ അവളെ പുറത്തെത്തിക്കുകയായിരുന്നു. അവള്‍ മരണവീട്ടില്‍ പോയി മിനിറ്റുകള്‍ക്കകം തിരിച്ചെത്തിയെങ്കിലും, വീടിനു മുന്നില്‍ എത്തുമ്പോഴേക്കും മരണപ്പെട്ടു. മഹാമാരി നാടു നീങ്ങിയ സന്തോഷ വാര്‍ത്ത കേട്ട് വാതില്‍ തുറന്ന അവര്‍ കാണുന്നത് ചരല്‍ക്കല്ലുകള്‍ പാകിയ റോഡുകളില്‍ പരക്കെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതാണ്.
ഹിജ്‌റ പതിനേഴാം വര്‍ഷത്തില്‍, രണ്ടാം ഖലീഫ ഉമറിന്റെ ഭരണ കാലത്ത് സിറിയയില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചു. പ്ലേഗിന്റെ വ്യാപനം അറിഞ്ഞപ്പോള്‍ തന്നെ ഖലീഫ, 'താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ആളുകളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍' ഉത്തരവിട്ടിരുന്നു. നടപടികള്‍ക്കിടയില്‍ ഗവര്‍ണര്‍ അബൂ ഉബൈദ പ്ലേഗ് ബാധിച്ച് മരിച്ചു. പകരം സ്ഥാനമേറ്റ മുആദും കുടുംബവും താമസിയാതെ മരണത്തിനു കീഴടങ്ങി. പരിഭ്രാന്തരായ ജനങ്ങളെ സമാധാനിപ്പിക്കാന്‍ ശാമിലേക്ക് പുറപ്പെട്ട ഖലീഫ വഴിമധ്യേ സ്ഥിതിഗതികളുടെ ഭീകരാവസ്ഥ അറിഞ്ഞപ്പോള്‍, അംറുബ്‌നുല്‍ ആസ്വിനെ ഗവര്‍ണര്‍ പദവിയില്‍ നിയോഗിക്കുകയും ഉടനടി സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്ത് തിരിച്ചുപോന്നു. പുതിയ ഗവര്‍ണര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു: 'ജനങ്ങളേ, ഈ മാരക രോഗം തുടങ്ങിക്കഴിഞ്ഞാല്‍, തീ പടരുന്നപോലെയാണ് കത്തിപ്പടരുക. അതിനാല്‍, നിങ്ങള്‍ മലമ്പ്രദേശങ്ങളിലേക്ക് ഉടനെ മാറിപ്പാര്‍ക്കുക. കൂട്ടം ചേര്‍ന്നല്ല, ഛിന്നഭിന്നമായി'. രോഗത്തെ എങ്ങനെ സമീപിക്കണമെന്ന് മനസ്സിലാക്കാത്ത അന്നാട്ടിലെ ജനങ്ങളെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു: 'നോക്കൂ, ഇത് മലവെള്ളപ്പാച്ചില്‍ പോലെയാണ്; തീ പടരുന്ന പോലെയാണ്; വഴിമാറിക്കൊടുത്താല്‍ അതങ്ങ് പൊയ്‌ക്കൊള്ളും. അവിടെത്തന്നെ നിന്നാല്‍ തീയില്‍ അകപ്പെടും'. ചങ്ങല പൊട്ടിക്കാനോ കണ്ണിയാകാതെ മാറിനില്‍ക്കാനോ ആയിരുന്നു പ്രമുഖ പ്രവാചക ശിഷ്യന്‍ അബൂമൂസല്‍ അശ്അരിയും ജനങ്ങളെ ഉപദേശിച്ചത്. കൂഫയില്‍ തന്റെ വീട്ടില്‍ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കി കഴിഞ്ഞിരുന്ന അദ്ദേഹത്തെ ചെന്നു കണ്ട് ഉപദേശം തേടാന്‍ പോയവരോട് അദ്ദേഹം പറഞ്ഞു: 'നാട്ടില്‍ പ്ലേഗ് പരന്നിരിക്കുന്നു. ആളുകള്‍ തിങ്ങിത്താമസിക്കുന്ന ഈ ഗ്രാമം വിട്ട്, മഹാമാരി പോകുന്നത്രയും കാലം വിശാലമായ മരുഭൂമിയിലേക്ക് നിങ്ങള്‍ക്ക് താമസം മാറ്റാം.'
പകര്‍ച്ചവ്യാധി പടരുമ്പോള്‍ ഇത്തരത്തിലുള്ള പ്രതിരോധനടപടികള്‍ മുസ്ലിം ലോകത്ത് പതിവായിരുന്നു. ആളുകളില്‍നിന്നും ഒഴിഞ്ഞു കഴിയുന്നവരാണ് പകര്‍ച്ചവ്യാധി സമയത്ത് രക്ഷപ്പെടുന്നവരില്‍ ഭൂരിപക്ഷവുമെന്ന സംഗതി മുസ്ലിം ജ്ഞാനികള്‍, വിശിഷ്യാ വൈദ്യശാസ്ത്ര മേഖലയില്‍ സംഭാവനകള്‍ അര്‍പ്പിച്ചവര്‍ മനസ്സിലാക്കിയിരുന്നു. തടവില്‍ കഴിയുന്നവരും പര്‍ണശാലകളില്‍ 'ലോകപരിത്യാഗം' അനുഷ്ഠിക്കുന്ന സ്വൂഫികളും പകര്‍ച്ചവ്യാധികള്‍ക്ക് പിടികൊടുക്കാത്തവര്‍ ആയിരുന്നു എന്ന വസ്തുത, എപ്പിഡമോളജി മേഖലയില്‍ വിലപ്പെട്ട  ധാരാളം ഗ്രന്ഥങ്ങള്‍ എഴുതിയ മുസ്ലിം ജ്ഞാനികള്‍ എടുത്തുപറയുന്നുണ്ട്. ആഫ്രിക്കയുടെ തീരപ്രദേശങ്ങളില്‍ മഹാമാരി പടര്‍ന്നപ്പോള്‍ പ്രസിദ്ധ സ്വൂഫിഗുരു അബൂ മദ് യന്‍ തന്റെ കുടുംബാംഗങ്ങളെല്ലാവരെയും വീട്ടില്‍ വരുത്തി അവിടെ താമസിപ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആ കെടുതിയില്‍ നഗരം മൊത്തം നാമാവശേഷമായപ്പോള്‍, ഇദ്ദേഹത്തിന്റെ വീട്ടിലെ ഒരാള്‍ക്ക് പോലും അപകടം പറ്റിയില്ല. പകര്‍ച്ചവ്യാധിയുള്ള സ്ഥലത്തേക്ക് പ്രായ പക്വത ഇല്ലാത്ത ഒരു കുട്ടിയെ കൊണ്ടുപോകുകയും രോഗം ബാധിച്ച് കുട്ടി മരിക്കാന്‍ ഇടയാകുകയും ചെയ്താല്‍ കൊണ്ടുപോയ വ്യക്തിയില്‍നിന്നും രക്തമൂല്യം ഈടാക്കണമെന്ന് ഇമാം മാലിക് പ്രസ്താവിച്ച കാര്യം സുവിദിതമാണ്. മാലികീ മദ്ഹബിലെ പ്രമുഖനായ  ഇബ്‌നു അറഫ തുനീഷ്യയിലായിരുന്നു താമസം. അധ്യാപനം നടത്തിയിരുന്ന മദ്‌റസ വീട്ടില്‍നിന്നും കുറച്ചകലെയായിരുന്നു. മദ്‌റസ നില്‍ക്കുന്ന പ്രദേശത്ത് പ്ലേഗ് ഉള്ളതായി അറിഞ്ഞപ്പോള്‍ അദ്ദേഹം പിന്നെ ആ വഴിക്ക് പോയില്ല. കാര്യം അന്വേഷിച്ചവരോട് 'പകര്‍ച്ചവ്യാധി ഉള്ള സ്ഥലത്തേക്ക് കടന്നുചെല്ലുന്നത് വിലക്കപ്പെട്ടിരിക്കുന്നു' എന്നത്രെ അദ്ദേഹം മറുപടി നല്‍കിയത്. ഒരു ഗ്രാമത്തില്‍/ ഒരു വാര്‍ഡില്‍/വീട്ടില്‍ രോഗം ഉള്ളതായി അറിഞ്ഞാല്‍ മറ്റു ഗ്രാമവാസികള്‍/വീട്ടുകാര്‍ അങ്ങോട്ട് പോകരുതെന്നാണ് നിയമം. പാസ്പോര്‍ട്ട് ആവശ്യമുള്ള രാജ്യങ്ങള്‍ക്കിടയിലെ യാത്ര മാത്രമല്ല നിരോധിക്കപ്പെട്ടത്. രോഗ പരിചരണത്തിനും മരണ ശുശ്രൂഷ ഏറ്റെടുക്കാനും നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍ക്ക് മാത്രമാണ് അനിവാര്യമായ ഇടപെടല്‍ അനുവദിക്കുന്നുള്ളൂ. അതിലേറെ, അവരെയും അവിടെ കാണരുത് എന്നാണ് നിയമം.
രോഗപ്രതിരോധ ജാഗ്രതയില്‍ അതിശയകരമായ മാതൃക സുല്‍ത്വാന്‍ അബുല്‍ അബ്ബാസ് അല്‍മന്‍സ്വൂറിന്റെ (1578-1603) നടപടിയില്‍ കാണാം. സൂസിലും മറാക്കിശിലും  പ്ലേഗ് വ്യാപിച്ച സമയത്ത്, തന്റെ ഖലീഫയായി മറാക്കിശ് ഭരിച്ചിരുന്ന സ്വപുത്രന്‍ അബൂഫാരിസിന്, സുല്‍ത്വാന്‍ എഴുതിയ കത്തിലിങ്ങനെ വായിക്കാം: 'നിങ്ങള്‍ പൊടുന്നനെ ചെയ്യേണ്ട കാര്യം ആദ്യം പറയാം: നാട്ടില്‍ പ്ലേഗിന്റെ എന്തെങ്കിലും സൂചന കാണാനിടയായാല്‍, അതൊരാളിലാണെങ്കില്‍ പോലും, നിങ്ങള്‍ ഉടനെ അവിടം വിടണം. നമ്മുടെ ഭൃത്യന്‍ മസ്ഊദിനെയും സൈന്യാധിപന്‍ മുഹമ്മദു ബ്‌നു മൂസയെയും വിശ്വസ്തരായ നൂറ് അമ്പെയ്ത്തുകാരെയും പോര്‍ട്ടിക്കോ സംരക്ഷണ ചാര്‍ജുള്ള പോലീസുകാരെയും കൊട്ടാരത്തില്‍ നിര്‍ത്തി, അല്ലാഹുവില്‍ തവക്കുലാക്കി സുരക്ഷിതത്വം തേടി നിങ്ങള്‍ നഗരം വിടുക. ശേഷം മണല്‍പ്പരപ്പില്‍ ചുറ്റിത്തിരിയാതെ സമാധാനത്തോടെ ഇവിടേക്ക് എത്തിപ്പെടുക. ഇന്‍ശാ അല്ലാഹ്, നമുക്കിവിടെവെച്ച് കണ്ടുമുട്ടാം. പ്രതിരോധ ഔഷധം ഉപയോഗിക്കാന്‍ അശ്രദ്ധ കാണിക്കരുത്. അത് വിടാതെ പതിവാക്കണം. ശരീരത്തില്‍ ചൂട് അനുഭവപ്പെടുകയോ പനിക്കുമെന്ന് ഭയക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഔഷധം നിര്‍ദിഷ്ട മാത്രയില്‍ കഴിച്ചുകൊണ്ടിരിക്കണം; അശ്രദ്ധ പാടില്ല. നിന്റെ മകന്‍ ചെറുപ്പമാണ്, പ്രതിരോധ ഔഷധം പ്രയോഗിക്കാന്‍ ഈ അവസ്ഥയില്‍ പാടില്ല. അതിനാല്‍, രോഗ പ്രതിരോധത്തിന് ഫലപ്രദമായ പാനീയങ്ങള്‍ അവനെ കുടിപ്പിക്കണം. മറ്റു ചെറിയ മക്കള്‍ക്കും. വയറ്റില്‍ ചൂട് കുറഞ്ഞതായി കണ്ടാല്‍ അവര്‍ക്ക് ഒന്നോ രണ്ടോ തവണ ഔഷധം നല്‍കാം... പിന്നെ, മുഹമ്മദിയ്യയിലെ (സ്ഥലനാമം) ഹംവുബ്‌നു മുഹമ്മദ് നാടുവിടാന്‍ നിന്നോട് അനുവാദം തേടിയാല്‍, അന്നാട്ടില്‍ രോഗസ്ഥിതി ഗുരുതരമായിട്ടുണ്ടെങ്കില്‍ അനുവാദം നല്‍കരുത്. കൊട്ടാരത്തില്‍ സ്‌പെയിന്‍കാരായ സൈന്യത്തെയും അവരുടെ ക്യാപ്റ്റനെയും നിര്‍ത്തി, അദ്ദേഹം നാട്ടുകാരെക്കൂട്ടി വിജനമായ പ്രദേശത്തേക്ക് നീങ്ങട്ടെ. സൂസിലെ ഔദ്യോഗിക കേന്ദ്രമോ നിന്റെ അമ്മാവന്മാരുടെ മക്കളോ മറ്റുള്ളവരോ നിനക്കയക്കുന്ന സാധാരണ കത്തോ കുറിപ്പോ ചീട്ടോ വാങ്ങി വായിക്കുകയോ അവ വസതിയില്‍ കടത്തുകയോ ചെയ്യരുത്. എഴുത്തുകുത്തുകള്‍ കൈകാര്യം ചെയ്യാനും അവ വായിച്ച് ഉള്ളടക്കം നിന്നെ കേള്‍പ്പിക്കാനും ചുമതലപ്പെടുത്തിയ ക്ലാര്‍ക്കിനെ അവ ഏല്‍പിക്കട്ടെ. നിന്റെ സദസ്സില്‍ കടന്നുവരികയും നീ ഇരിക്കുന്നിടത്തേക്ക് വരികയും ചെയ്യേണ്ട ആവശ്യം ഉള്ളപ്പോള്‍ 'സഖീഫ് നിര്‍മിത 'വിനാഗിരി'യില്‍ മുക്കി ഉണങ്ങിയ ശേഷം മാത്രമേ കത്ത് തുറന്നു വായിക്കാവൂ. സൂസില്‍നിന്നും വന്നിട്ടുള്ളതല്ലെങ്കില്‍ പോലും, രഹസ്യ സ്വഭാവമുള്ള കത്തുകള്‍ അല്ലെങ്കില്‍ ക്ലാര്‍ക്ക് തന്നെ അത് വായിച്ചു കേള്‍പ്പിക്കട്ടെ'' (പ്ലേഗ് ബാധിച്ചാണ് സുല്‍ത്വാന്‍ മരണപ്പെട്ടത്).
അള്‍ജീരിയയില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന നടപ്പുദീനങ്ങള്‍ക്കിടയില്‍ അമ്പത് വര്‍ഷം ജീവിച്ച അനുഭവമുള്ള ഖോജ ഹംദാന്‍ അല്‍ജസാഇരി, 'അകലം പാലിക്കലി'ന്റെ രീതിയും ഗുണഫലവും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രി.വ. 1846-1847 കാലഘട്ടത്തില്‍ അദ്ദേഹം എഴുതിവെച്ചിരിക്കുന്നത് ഇങ്ങനെ: 'ക്വാറന്റൈന്‍ നടപടികള്‍ നടപ്പില്‍ വരാത്ത നാടുകളില്‍ ജീവിക്കുന്ന മുസ്ലിംകള്‍ സാംക്രമിക രോഗങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുകയും വീടുകളില്‍ ഒതുങ്ങിക്കൂടുകയും ചെയ്യാറാണ് പതിവ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് വ്യാധി പിടിപെടാറില്ല. ഇത് പലതവണ സ്ഥിരീകരിക്കപ്പെട്ടതും ഈ നടപടിയിലൂടെ സുരക്ഷ സാധ്യമായ കാര്യം പ്രചുരപ്രചാരം നേടിയതുമാണ്. അള്‍ജീരിയയില്‍ അമ്പതോളം വര്‍ഷത്തിനിടക്ക് ഇരുപത് തവണ വിവിധ മഹാമാരികള്‍ക്കിടയില്‍ ജീവിച്ച ഒരു സാധുവാണ് ഞാന്‍. യൂറോപ്യര്‍ സ്വീകരിക്കാറുള്ള സുരക്ഷാ നടപടികളില്‍ വളരെക്കുറച്ച് മാത്രമേ ഞാന്‍ ശ്രദ്ധിച്ചിരുന്നുള്ളൂ. ജുമുഅ നമസ്‌കരിക്കും, അടുത്ത കൂട്ടുകാരുടെ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കും. അത്രമാത്രം. എന്നാല്‍, ജനങ്ങളുടെ ഇടയിലേക്ക് അശ്രദ്ധയോടെ കടന്നുചെല്ലാറില്ല; ഒരാളെയും ഞാന്‍ തൊടാറുമില്ല. ചപ്പു ചവറുകളും വൃത്തിഹീനമായ വസ്തുക്കളും സ്പര്‍ശിക്കില്ല. വീട്ടില്‍ തിരിച്ചെത്തിയാല്‍ സ്റ്റീം ബാത്ത് നടത്തും. അക്കാരണത്താല്‍, എന്നെയും എന്റെ കൂടെയുള്ള എല്ലാവരെയും അല്ലാഹു കാത്തു''.
ഫര്‍വത്തു ബ്‌നു മസീക് നബി (സ) യോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളുടെ അടുത്ത പ്രദേശത്ത് അബീന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ഗ്രാമമുണ്ട്, (യമനിനോട് ചേര്‍ന്ന് സമുദ്രതീരത്താണ് ഈ ഗ്രാമം). ഞങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും ഈത്തപ്പനകളും അവിടെയാണ് കൃഷിചെയ്യുന്നത്, അവിടെനിന്നാണ് ഞങ്ങളുടെ നാട്ടിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നത്. പക്ഷേ, അവിടെ ഇടക്കിടെ ശക്തമായ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാറുണ്ട്.' അപ്പോള്‍ നബി (സ) പറഞ്ഞു: 'ആ നാടുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. കാരണം രോഗബാധിത പ്രദേശങ്ങളുമായോ വ്യക്തികളുമായോ സമ്പര്‍ക്കം പുലര്‍ത്തുക മൂലം ജീവനാശം വരെ സംഭവിക്കും'' (അബൂദാവൂദ്). 'പ്രവാചകവൈദ്യം' എന്ന കൃതിയില്‍ അബൂ നുഐം രേഖപ്പെടുത്തിയ ഹദീസില്‍, തന്റെ പത്‌നിമാരില്‍ ആര്‍ക്കെങ്കിലും ചെങ്കണ്ണ് ഉണ്ടായാല്‍ അത് സുഖപ്പെടുന്നതുവരെയും നബി (സ) അവരുമായി ശാരീരിക സമ്പര്‍ക്കം ഒഴിവാക്കിയിരുന്നു എന്ന് കാണാം. ഇതും മുന്നേ പറഞ്ഞ രോഗികളോടുള്ള സമ്പര്‍ക്കവര്‍ജനത്തിന്റെ പ്രവാചക മാതൃകയാണ്.
'അപകടമേഖലയില്‍ നിന്നും അകലം പാലിക്കുക' (സൂറ: മുസ്സമ്മില്‍) എന്ന പാഠം വിശുദ്ധ ഖുര്‍ആന്‍ ആദ്യകാലങ്ങളിലേ നല്‍കിയിട്ടുണ്ട്. 'നാശത്തിലേക്ക് നിങ്ങള്‍ കൈയിടരുത്' എന്നും 'ജാഗ്രത പാലിക്കുക' എന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ശാരീരികവും ധാര്‍മികവും വിശ്വാസപരവുമായ കാര്യങ്ങള്‍ക്കെല്ലാം ഇതു ബാധകമാണ്. 'ആരാണ് ഉത്തമ ജനം' എന്ന ചോദ്യത്തിന് നബി ഉത്തരം നല്‍കിയത്, 'അല്ലാഹുവിനെ സൂക്ഷിക്കുകയും താനുണ്ടാക്കുന്ന അപകടം ഏല്‍ക്കാതിരിക്കാന്‍ ജനങ്ങളില്‍നിന്നും അകന്നുനില്‍ക്കുകയും ചെയ്യുന്നവന്‍' എന്നായിരുന്നു (ബുഖാരി). 'വീട്ടില്‍ ഇരിക്കുകയും അതുവഴി ജനങ്ങള്‍ തന്നില്‍നിന്നും താന്‍ ജനങ്ങളില്‍നിന്നും സുരക്ഷിതനാവുകയും ചെയ്യുന്നത് ആരാണോ അവന് സ്വര്‍ഗമുണ്ട്' (തര്‍ഗീബ്) എന്ന നബിവചനവും ശ്രദ്ധേയമാണ്. അധര്‍മം ധര്‍മപരിവേഷത്തില്‍ നാടു ഭരിക്കുന്ന സമയത്ത് അനുഷ്ഠിക്കേണ്ട 'പരിത്യാഗമുറ' മാത്രമായി ഈ അരുളപ്പാടുകളെ കാണേണ്ടതില്ല; പൂര്‍വസൂരികള്‍ കാണിച്ചുതന്ന മാതൃകയില്‍, സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാനും 'ദൂരപ്പെടുക' എന്ന നിര്‍ദേശം പാലിച്ചു വാതിലടക്കാം.

Comments