ദല്‍ഹി മുസ്‌ലിം വംശഹത്യ; നീതി തേടുന്ന ജനതക്ക് കൈത്താങ്ങായി വിഷന്‍ - 2026
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ സംഘ്പരിവാര്‍ നടപ്പാക്കിയ ആസൂത്രിത മുസ്ലിം വംശഹത്യ ആയിരക്കണക്കിന് ആളുകളെയാണ് നേരിട്ടും പരോക്ഷമായും ബാധിച്ചത്. ഇല്ലായ്മകളില്‍നിന്ന് കരകയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നവരുടെ വര്‍ഷങ്ങളുടെ ത്യാഗവും അധ്വാനവുമാണ് വിദ്വേഷാഗ്നിയില്‍ ചുട്ടെരിച്ചത്. ഇനി എല്ലാം ഒന്നില്‍നിന്നു തന്നെ തുടങ്ങണം. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 മാര്‍ച്ച് 13 വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 53. 450-ലധികം പേര്‍ക്ക് പരിക്കേറ്റു, നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടു. കള്ളക്കേസുകളില്‍പെട്ട് ജയിലറകളില്‍ കഴിയുന്നവരും കാണാതാക്കപ്പെട്ടവരും അനവധി. തീപ്പിടിത്തം, കൊള്ള, നശീകരണം എന്നിവയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഈ ആഘാതങ്ങളില്‍നിന്നെല്ലാം ആളുകള്‍ മോചിതരാകാന്‍ വര്‍ഷങ്ങളെടുക്കും.
ദുരിതബാധിതര്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനായി വിവിധ ഏജന്‍സികളും സംഘങ്ങളും തുടക്കം മുതല്‍ സംയോജിത ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. വിഷന്‍ 2026-ന്റെ നേതൃത്വത്തില്‍ സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി, അശ്ശിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍.... കൂടാതെ എസ്.ഐ.ഒ, സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മറ്റ് സമാന സംഘടനകള്‍ എന്നിവയുടെ സംയുക്ത ശ്രമങ്ങളും ദുരന്തനാള്‍ മുതല്‍ സജീവമായി നടന്നുവരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ആദ്യം നടന്ന സുപ്രധാന ഇടപെടലായിരുന്നു വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ മെഡിക്കല്‍ സഹായങ്ങള്‍. അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് അശ്ശിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റിയുടെ സഞ്ചരിക്കുന്ന ഹോസ്പിറ്റല്‍ സംവിധാനങ്ങളും, എം.എസ്.എസ്, എസ്.ബി.എഫ് വളന്റിയര്‍മാരും അടിയന്തര ആരോഗ്യ പരിരക്ഷ നല്‍കുന്നതിനാണ് ശ്രമിച്ചത്. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ആദ്യമായി എത്തിയ മൊബൈല്‍ മെഡിക്കല്‍ വാനും ആംബുലന്‍സ് സംവിധാനങ്ങളും വലിയ സേവനങ്ങളാണ് നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ 37 പേര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ക്ക് ഇതുവരെ വൈദ്യസഹായം നല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ആളുകള്‍ക്ക് അശ്ശിഫ ഹോസ്പിറ്റല്‍ സൗജന്യ പരിരക്ഷ ലഭ്യമാക്കുന്നുണ്ട്. മെഡിക്കല്‍ സേവനങ്ങള്‍ തടയുന്നതിന് ദല്‍ഹി പോലീസ് നടത്തിയ ഇടപെടലുകളെ മറികടന്നു കൊാണ് ആംബുലന്‍സ് സഹായങ്ങള്‍ ലഭ്യമാക്കിയത്. ദുരിതമേഖലകളില്‍നിന്ന് ഓടിപ്പോയ നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ വീടുകളിക്ക് തിരിച്ചുവരുന്നതിനടക്കം ഈ മെഡിക്കല്‍ സേവനങ്ങള്‍ വലിയ സഹായകമായിട്ടുണ്ട്.
അടിയന്തര സഹായമെന്ന നിലക്ക്, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ വളന്റിയര്‍മാര്‍ ദുരിതബാധിതര്‍ക്ക് 'ഫുഡ് കിറ്റുകള്‍' വിതരണം ചെയ്യുകയുണ്ടായി. ഇതുവരെ, ഏഴായിരത്തോളം പേര്‍ക്ക് എസ്.ബി.എഫ് റേഷന്‍ കിറ്റുകള്‍ നല്‍കി. മുസ്തഫാബാദ് ഈദ്ഗാഹില്‍ തുടരുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കട്ടില്‍, പുതപ്പ്, ബെഡ് ഷീറ്റുകള്‍, തലയിണ എന്നിവയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വസ്ത്രങ്ങളും എസ്.ബി.എഫ് വളന്റിയര്‍മാരിലൂടെ നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടൊപ്പം ദീര്‍ഘകാലത്തേക്കുള്ള പുനരധിവാസത്തിനായി ദുരിത മേഖലയില്‍ കൃത്യമായ സര്‍വേ അത്യാവശ്യമായിരുന്നു. 470-ഓളം കുടുംബങ്ങളെ ഉള്‍പ്പെടുത്തി സര്‍വേ നടത്തിയ എസ്.ബി.എഫ് വളന്റിയര്‍മാര്‍ നഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. നിരന്തര സന്ദര്‍ശനങ്ങള്‍ നടത്തി ഇരകള്‍ക്ക് ആത്മവിശ്വാസം പകരാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പരാതികള്‍ തയാറാക്കുക, എഫ്.ഐ.ആര്‍ രേഖപ്പെടുത്തുക, നഷ്ടപരിഹാര അപേക്ഷാ ഫോം സമര്‍പ്പിക്കുക, ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം ഇരകള്‍ക്ക് ലഭിക്കുന്നതിനാവശ്യമായ സാേങ്കതികവും നിയമപരവുമായ സഹായം നല്‍കുക തുടങ്ങിയവ വിഷന്‍ 2026-നു കീഴില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സിന്റെയും മറ്റും നേതൃത്വത്തില്‍ നടക്കുന്നു.
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഇതിനകം പൂര്‍ത്തിയാക്കിയ പ്രാഥമിക സര്‍വേയുടെ അടിസ്ഥാനത്തില്‍ പത്ത് കോടിയുടെ ബൃഹദ് പദ്ധതിക്ക് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് രൂപം നല്‍കിയിട്ടുന്നെ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി പറയുകയുണ്ടായി.
50 ഭവനങ്ങളുെട നിര്‍മാണം, 150 ഭവനങ്ങളുടെ പുനരുദ്ധാരണം, പൂര്‍ണമായും ചാമ്പലാക്കുകയോ തകര്‍ക്കുകയോ ചെയ്ത 50 വാണിജ്യസ്ഥാപനങ്ങളുടെ പുനഃസ്ഥാപനം, ഭാഗികമായി തകര്‍ക്കപ്പെട്ട 100 കടകളുടെ പുനരുദ്ധാരണം, കൊള്ളയടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്ത 150 ഷോപ്പുകളുടെയും ഷോറൂമുകളുടെയും സ്റ്റോക്ക് ഒരുക്കല്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. അക്രമികള്‍ കത്തിച്ച മുസ്തഫാബാദിലെ അരുണ്‍ പബ്ലിക് സ്‌കൂളിന്റെ പുനരുദ്ധാരണവും ജമാഅത്ത് ഏറ്റെടുത്തു. ഇതുകൂടാതെ ജീവിതായോധന മാര്‍ഗമെന്ന നിലയില്‍ 50 കുടുംബങ്ങള്‍ക്ക് ഓേട്ടാറിക്ഷകളും 100 കുടുംബങ്ങള്‍ക്ക് ഇലക്‌ട്രോണിക് റിക്ഷകളും 100 കുടുംബങ്ങള്‍ക്ക് സൈക്കിള്‍ റിക്ഷകളും 100 കുടുംബങ്ങള്‍ക്ക് ഉന്തുവണ്ടികളും 50 കുടുംബങ്ങള്‍ക്ക് പെട്ടിക്കടകളും നല്‍കും. 20 കുടുംബങ്ങള്‍ക്ക് കമേഴ്‌സ്യല്‍ വാഹനങ്ങള്‍, 10 കുടുംബങ്ങള്‍ക്ക് ചെറിയ ചരക്കുവണ്ടികള്‍, അഞ്ച് കുടുംബങ്ങള്‍ക്ക് ഇടത്തരം ചരക്കുവണ്ടികള്‍ എന്നിവയും നല്‍കും. 50 വിധവകള്‍ക്ക് ബത്തയും 100 അനാഥകള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും.
തകര്‍ക്കപ്പെട്ട പള്ളികളുടെ പുനരുദ്ധാരണത്തിനും ഭവനങ്ങളുടെ പുനര്‍നിര്‍മാണത്തിനുമുള്ള പദ്ധതികള്‍ വഖ്ഫ് ബോര്‍ഡിന്റെയും ദല്‍ഹി സര്‍ക്കാറിന്റെയും സഹകരണം ഉറപ്പുവരുത്തിയായിരിക്കും നടപ്പാക്കുക.
Comments