നീതിന്യായ വ്യവസ്ഥയെ നിര്വീര്യമാക്കുന്ന നീക്കം
രാജ്യസഭയിലേക്ക് പന്ത്രണ്ടു പേരെ രാഷ്ട്രപതി നാമനിര്ദേശം ചെയ്യുന്ന പതിവുണ്ട്. സാധാരണ ഗതിയില് നമ്മിലധിക പേരും അതറിയാറില്ല; അത് വാര്ത്തയാകാറുമില്ല. പക്ഷേ ഇത്തവണത്തെ ഒരു നാമനിര്ദേശം വിവാദക്കൊടുങ്കാറ്റഴിച്ചുവിടുകയുണ്ടായി. ഔദ്യോഗിക പദവിയില്നിന്ന് വിരമിച്ചിട്ട് ആറു മാസം പോലും തികയാത്ത മുന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്ദേശം ചെയ്തു എന്നതു തന്നെയാണ് കാരണം. ജസ്റ്റിസ് ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ തീര്പ്പുകള്ക്ക് കടകവിരുദ്ധമായ ഒരു പ്രവൃത്തിയാണ് അദ്ദേഹത്തില്നിന്ന് ഉണ്ടായിരിക്കുന്നത്. ട്രിബ്യൂണല് അംഗങ്ങള്ക്ക് വിരമിച്ച ശേഷം പുനര്നിയമനത്തിന് സാധ്യതയുണ്ടെങ്കില് അത് അവരുടെ സ്വതന്ത്രമായ പ്രവര്ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആ വിധിയിലുള്ളത്. വിരമിക്കുന്നതിന് ദിവസങ്ങള്ക്കു മുമ്പാണ് ഗൊഗോയിയുടെ ആ വിധിയെന്നതും ശ്രദ്ധേയം. അസാധാരണവും രാജ്യത്തെ പരമോന്നത കോടതിയുടെ നിഷ്പക്ഷതയെ സംബന്ധിച്ച് ഒട്ടനവധി ചോദ്യങ്ങള് ഉയര്ത്തുന്നതുമായ ഈ തീരുമാനത്തിനെതിരെ അതുകൊണ്ടുതന്നെ നിയമവൃത്തങ്ങളില്നിന്ന് കടുത്ത വിമര്ശനമാണ് ഉയര്ന്നിരിക്കുന്നത്. സുപ്രീം കോടതിയുടെ പ്രവര്ത്തനങ്ങള്ക്കെതിരെയും അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെയും ജസ്റ്റിസ് ഗൊഗോയ് പരസ്യമായി പത്രസമ്മേളനം നടത്തിയപ്പോള് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജസ്റ്റിസ് മദന് ബി. ലോക്കൂര് പറഞ്ഞത്, നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും പരമാധികാരവും പുനര്നിര്വചിക്കുന്ന വിധത്തിലുള്ളതാണ് ഈ തീരുമാനം എന്നാണ്. മറ്റൊരു സഹപ്രവര്ത്തകനായ ജസ്റ്റിസ് കുര്യന് ജോസഫ്, സാധാരണക്കാരന് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ ഉലക്കുന്നതാണ് ഈ നീക്കമെന്ന് കുറ്റപ്പെടുത്തി.
ചീഫ് ജസ്റ്റിസായ ശേഷവും പരസ്യമായി പത്രസമ്മേളനം നടത്തിയപ്പോഴുള്ള ആര്ജവം കുറേയൊക്കെ അദ്ദേഹത്തില് കാണാമായിരുന്നു. അതിനിടക്കാണ് അദ്ദേഹത്തിനെതിരെ സ്ത്രീപീഡന കേസ് ഉയര്ന്നുവരുന്നത്. ഒരു ചീഫ് ജസ്റ്റിസിനെതിരെ ഇതുപോലൊരു ആരോപണം മുമ്പ് ഉണ്ടായിട്ടില്ല. ദിവസങ്ങള്ക്കകം ആ കേസ് കെട്ടടങ്ങുകയും ചെയ്തു. പിന്നീടുള്ള ഗൊഗോയിയുടെ വിധികള് ഭരണകക്ഷിക്കനുകൂലമാണെന്ന വിമര്ശനം ഉയരാന് തുടങ്ങി. ശബരിമല വിധി പുനഃപരിശോധനക്കയച്ചതിലും റഫേല് യുദ്ധ വിമാനക്കരാറിന്റെ കാര്യത്തില് പ്രധാനമന്ത്രിക്ക് ക്ലീന് ചീറ്റ് നല്കിയതിലും ഏറ്റവുമൊടുവില് ബാബരി വിധിയിലും തെളിഞ്ഞു കണ്ടത് അതായിരുന്നു എന്ന് ഇപ്പോള് എല്ലാവര്ക്കും ബോധ്യമായിട്ടുണ്ട്; അതിനൊക്കെയുള്ള ഉപകാര സ്മരണയാണ് വെച്ചു നീട്ടിയപ്പോള് രണ്ട് കൈയും നീട്ടി സ്വീകരിച്ച ഈ രാജ്യസഭാ സീറ്റ് എന്നും.
കംഗാരു കോടതി എന്നൊരു പ്രയോഗമുണ്ട്. കേസുകളില് ചട്ടപ്രകാരമുള്ള നിയമനടപടികളൊക്കെ നടക്കുമെങ്കിലും ഇത്തരം കോടതികളില് വിധി വരുമ്പോള് അത് ഗവണ്മെന്റിനോ തല്പരക്ഷികള്ക്കോ അനുകൂലമായിരിക്കും. ഇതിന്റെ ഏറ്റവും വികസിത രൂപം നമുക്ക് ഈജിപ്തില് കാണാം. അവിടെ ജഡ്ജിമാര്ക്ക് കേസ് പഠിക്കുകയോ തെളിവുകള് പരിശോധിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം പ്രോസിക്യൂഷന് ചെയ്തുകൊള്ളും. വിധിയാണെങ്കില് ഭരണകൂടം കേസ് കോടതിയിലെത്തുന്നതിനു മുമ്പുതന്നെ എഴുതിവെച്ചിട്ടുമുണ്ടാവും. അത് ഇടവും വലവും നോക്കാതെ ഉറക്കെ വായിക്കേണ്ട ചുമതല മാത്രമേ ജഡ്ജിമാര്ക്കുള്ളൂ. നീതിന്യായ സംവിധാനങ്ങളെ ഈ വിധത്തില് നോക്കുകുത്തികളാക്കാനാണ് ഫാഷിസ്റ്റ് ശക്തികള് ശ്രമിക്കുന്നത്. അതിലേക്കുള്ള ചുവടുവെപ്പായി മാത്രമേ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്ദേശം ചെയ്തതിനെ കാണാനാവൂ. സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമായ കോടതിയെ നിര്വീര്യമാക്കാനുള്ള ഇത്തരം നീക്കങ്ങള് എന്തു വില കൊടുത്തും തടഞ്ഞേ മതിയാകൂ.
Comments