നിങ്ങള്‍ക്ക് മാത്രമായ ഈ രാജ്യസ്‌നേഹഭാരം ഇനിയെങ്കിലും ഇറക്കിവെക്കുക
ആ ബാബരിഘട്ടം മുതല്‍ ഈ പൗരത്വ സമരകാലം വരെ ഇന്ത്യന്‍ മുസ്ലിംകളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്ന സമസ്യ, ഈ മണ്ണില്‍ തങ്ങളെ സ്ഥാനപ്പെടുത്തുന്ന ഏറ്റവും ഉചിതമായ വിശേഷണം എന്തെന്ന് കണ്ടെത്തലാണ്. സാമൂഹിക മാധ്യമങ്ങളില്‍ തരംഗം തീര്‍ത്ത കവി ഹുസൈന്‍ ഹൈദരി തന്നെ സ്വയം വിശേഷിപ്പിച്ചത് 'ഹിന്ദുസ്താനീ മുസല്‍മാന്‍' എന്നത്രെ. 1980-കളില്‍, നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന സയ്യിദ് ശഹാബുദ്ദീന്‍ മുസ്ലിം ഇന്ത്യ എന്ന ശീര്‍ഷകത്തില്‍ ഒരു ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നു; 'ഇന്ത്യന്‍ മുസ്ലിം' എന്ന് പേരു വെക്കാതിരുന്നതിന് അതിശക്തമായ രാഷ്ട്രീയ സമ്മര്‍ദമാണ് അന്നദ്ദേഹം നേരിട്ടത്. ഇന്നിതാ പൗരത്വ വിഷയത്തെക്കുറിച്ചും ദല്‍ഹി കലാപത്തെക്കുറിച്ചും അസദുദ്ദീന്‍ ഉവൈസിയും ആയിരക്കണക്കിന് മുസ്ലിം പ്രക്ഷോഭകരും ചര്‍ച്ചചെയ്യുന്നതും ഭരണഘടനയുടെ തൊങ്ങല് ചേര്‍ത്തുവെച്ചുകൊണ്ടാണ്. ഇന്ത്യന്‍ മുസ്ലിംകളുടെ വിശേഷണങ്ങളും (Adjectives) പ്രത്യയങ്ങളും (Prefixes) മാറുന്നുണ്ടാവാം; എന്നാല്‍ രാജ്യസ്‌നേഹം തെളിയിക്കേണ്ട ഭാരം ഈ ജനതയുടെ മുതുകില്‍നിന്നൊഴിയുന്നില്ല.
'ദയവു ചെയ്ത് ഞങ്ങളെ തീവ്രവാദികളാക്കി മാറ്റരുത്. ഐസിസില്‍ ചേരാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല, അവരോട് പോരടിക്കുന്നവരാണ് ഞങ്ങള്‍. തങ്ങള്‍ നെഞ്ചോടു ചേര്‍ത്തുവെക്കുന്ന ഈ രാജ്യത്തിന്റെ ഭരണഘടനക്കു വേണ്ടി ഇന്ത്യന്‍ മുസ്ലിംകള്‍ ജീവത്യാഗം ചെയ്യും. ഞങ്ങളുടെ ഖബ്‌റുകള്‍ ഈ മണ്ണില്‍ ഉയര്‍ന്നു പൊങ്ങിയാലും ഈ നരമേധം തുടരാന്‍ ഞങ്ങളനുവദിക്കില്ല'- ദല്‍ഹി കലാപത്തെ കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ അസദുദ്ദീന്‍ ഉവൈസി പറഞ്ഞ വാക്കുകള്‍.
അന്ന്, നാലു വര്‍ഷം മുമ്പ് മറ്റൊരു മുസ്ലിം, കവിയും ഗാനരചയിതാവുമായ ജാവേദ് അഖ്തര്‍ രാജ്യസഭയിലെ തന്റെ കാലാവധി കഴിയുന്ന വേളയില്‍ വിടവാങ്ങല്‍ പ്രസംഗത്തിനായി എഴുന്നേറ്റു നിന്നു. ഉവൈസിയുടെ മെക്കിട്ടുകയറി തന്റെ ദേശക്കൂറ് ആണയിടുന്നതിന് ഇതുതന്നെ പറ്റിയ സന്ദര്‍ഭം എന്നു കണ്ട് കവി പറഞ്ഞു തുടങ്ങി: ഏക് സാഹിബ് ഹേ ജിനേ ഖയാല്‍ ഹേ കീ വൊ നാഷ്‌നല്‍ ലീഡര്‍ ഹേ, ഹാലാ ഹീ ഹഖീഖത്ത് യെ ഹേ കീ വൊ ഹിന്ദുസ്താന്‍ കീ ഏക് സ്റ്റേറ്റ് ആന്ധ്ര കീ ഏക് ശെഹര്‍ ഹൈദറാബാദ് മെ ഏക് മൊഹല്ലെ കെ ലീഡര്‍ ഹേ. ഉനോനെ യെ കഹാ ഹേ കീ വൊ 'ഭാരത് മാതാ കീ ജയ്' നഹീ കഹേംഗേ (സ്വയം ദേശീയ നേതാവ് എന്നു കരുതുന്ന ഒരു മാന്യദേഹം ഇവിടെയുണ്ട്. എന്നാല്‍ ഇന്ത്യയിലെ ആന്ധ്രയെന്ന സംസ്ഥാനത്തെ ഹൈദറാബാദ് നഗരത്തിലെ ഒരു മൊഹല്ലയുടെ നേതാവ് മാത്രമാണിദ്ദേഹം. 'ഭാരത് മാതാ കീ ജയ്' വിളിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്). ജാവേദ് അഖ്തര്‍ അവിടം കൊണ്ടും നിര്‍ത്തിയില്ല. 'ഭാരത് മാതാ കീ ജയ്' വിളിക്കല്‍ തനിക്ക് കേവലം കടമയല്ലെന്നും അതൊരവകാശമാണെന്നും അദ്ദേഹം അവിടെ വെച്ച് പ്രഖ്യാപിച്ചുകളഞ്ഞു. ഡസ്‌കിലിടിച്ച്, മൂന്നു വട്ടം 'ഭാരത് മാതാ കീ ജയ്' മുഴക്കിയാണ് കവി പിന്നെ സീറ്റിലിരുന്നത്.
ഇതിനും മുമ്പ് 2008-ല്‍ വേറൊരു മുസ്ലിം നേതാവ്, കശ്മീരിലെ ഉമര്‍ അബ്ദുല്ല രാജ്യത്തോട് തനിക്കുള്ള കൂറ് തെളിയിക്കുന്ന യോഗ്യതാപത്രങ്ങള്‍ ഇന്ത്യക്കാര്‍ക്കു മുമ്പില്‍ നിരത്താന്‍ നിര്‍ബന്ധിതനായിരുന്നു. ഇന്ത്യാ - യു. എസ് ആണവകരാറിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ ഏറെ കൊണ്ടാടപ്പെട്ടിരുന്നു അന്ന്: 'ഞാനൊരു മുസ്ലിം. ഒരിന്ത്യക്കാരനുമാണ് ഞാന്‍. രണ്ടിനുമിടയില്‍ ഒരു വേര്‍തിരിവും ഞാന്‍ കാണുന്നില്ല. അമേരിക്കക്കാര്‍ ഇന്ത്യന്‍ മുസ്ലിംകളുടെ ശത്രുക്കളല്ലതന്നെ. ഇത്തരം കരാറുകളും ഇവിടത്തെ മുസ്ലിംകള്‍ക്ക് എതിരല്ല. ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ നേരിടുന്ന കുറേ ശത്രുക്കളുണ്ടല്ലോ, അതു തന്നെയാണ് ഇന്ത്യന്‍ മുസ്ലിംകളുടെയും പ്രതിയോഗി; പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസനരാഹിത്യം, പ്രാതിനിധ്യമില്ലായ്മ എന്നിവയാണവ.'
ഈ രാജ്യത്തെ മുസ്ലിംകളുടെ ദേശസ്‌നേഹം എവിടെയെന്ന് ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെ ഇവിടത്തെ സ്വയം പ്രഖ്യാപിത മതേതരവാദികള്‍ നിഷ്ഠാപൂര്‍വം ഉദീരണം ചെയ്യുന്ന അതിശയ വര്‍ത്തമാനങ്ങളാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യം എഴുപത്തിരണ്ടാണ്ട് പിന്നിടുന്ന ഈ കാലത്തും ഈ രാജ്യത്തെ മുസ്ലിംകളോട്; അവരിലെ പ്രശസ്തരെന്നോ അറിയപ്പെടാത്തവരെന്നോ ഇല്ല, സമ്പന്നരെന്നോ നിസ്വരെന്നോ ഇല്ല, വെള്ളിത്തിരയിലെ നായകരെന്നോ നിയമനിര്‍മാണ സഭകളിലെ അതികായരെന്നോ ഇല്ല, കവിത കൊണ്ട് ത്രസിപ്പിച്ചവരെന്നോ ഗദ്യം കൊണ്ട് ഭ്രമിപ്പിച്ചവരെന്നോ ഇല്ല, അവരോടൊന്നടങ്കം ഇടതടവില്ലാതെ ചോദിച്ചുകൊണ്ടിരിക്കുന്നു; എവിടെ ആ സാക്ഷ്യപത്രം, നിങ്ങളീ ദേശത്തിന്റെ/ദേശീയതയുടെ ഭാഗമാണെന്ന് തെളിയിക്കുന്ന യോഗ്യതാപത്രം?
പൗരത്വ ഭേദഗതി നിയമവും രാജ്യവ്യാപകമായി നടപ്പാക്കുമെന്നു പറയുന്ന ദേശീയ പൗരത്വ പട്ടികയും തല്‍ക്കാലം നമുക്ക് മറക്കാം. അതിനുമെത്രയോ മുമ്പുതന്നെ മോദി ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ് ഈ മണ്ണിലെ മുസ്ലികള്‍; എന്തിന് മോദി സര്‍ക്കാര്‍, നമ്മള്‍ ഈ രാജ്യത്തെ സാധാരണക്കാരായ സ്ത്രീപുരുഷന്മാര്‍ നമ്മുടേതായ ടെസ്റ്റുകളിലൂടെ ഇവിടത്തെ മുസ്ലിംകളുടെ രാജ്യസ്‌നേഹം പരിശോധിക്കുകയായിരുന്നുവല്ലോ. ഹര്‍ഷ് മന്ദര്‍ ചൂണ്ടിക്കാട്ടിയ ചരിത്രത്തിലെ ആ തെളിവാര്‍ന്ന വസ്തുത കണ്ടില്ലെന്നു നടിച്ചായിരുന്നു ഇതൊക്കെയും; ഇന്ത്യയിലെ മുസ്ലിംകള്‍ ഇന്ത്യക്കാരായത് അവരുടെ സ്വന്തം തെരഞ്ഞെടുപ്പിലൂടെയാണ് (By choice), എന്നാല്‍ ഹിന്ദുക്കളാകട്ടെ സന്ദര്‍ഭവശാലും (By chance) എന്ന നിഷേധിക്കാനാവാത്ത ആ ചരിത്ര യാഥാര്‍ഥ്യം.
വര്‍ഷങ്ങളായി 'നല്ല മുസ്ലിം', 'ചീത്ത മുസ്ലിം' എന്ന ദ്വന്ദ്വം, ബൈനറി കൂടി പടച്ചുണ്ടാക്കി കൊണ്ടുനടക്കുന്നുണ്ട് നമ്മള്‍. ഇവിടെ രണ്ടു തരം മുസ്ലിംകളുണ്ടെന്ന് എണ്ണമറ്റ ചലച്ചിത്രങ്ങളും പ്രൈം ടൈം ടി.വി ന്യൂസ് ഷോകളും എത്രയോ കാലമായി നമ്മെ ഉദ്‌ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയെ കഷ്ണം കഷ്ണമാക്കുക എന്ന പരമ ലക്ഷ്യത്തിനു വേണ്ടി ഭീകരാക്രമണങ്ങള്‍ നടത്തുകയും അതിന് സഹായസഹകരണങ്ങളൊരുക്കുകയും പ്രേരണയും പ്രോത്സാഹനവും നല്‍കുകയും ചെയ്യുന്നവരാണ് ഒന്നാമത്തെ ഇനം മുസ്ലിംകള്‍. ഇസ്ലാമില്‍ ഭയങ്കര വിശ്വാസമുള്ളവരാണ് ഈ കൂട്ടം. അതുകൊണ്ടുതന്നെ 'മോശം' മുസ്ലിംകള്‍. അപ്പോള്‍ അടുത്ത തരം മുസ്ലിംകളോ, ആ നല്ല മുസ്ലിംകള്‍ ഏറക്കുറെ ഹിന്ദുക്കളെപ്പോലെയിരിക്കും; മതം ആചരിക്കുന്നതില്‍, ഭക്ഷണം ആഹരിക്കുന്നതില്‍, ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ അങ്ങനെയങ്ങനെ... ഈ 'കൊള്ളാവുന്ന' മുസ്ലിംകള്‍ നേരത്തേ പറഞ്ഞ 'കൊള്ളരുതാത്ത' മുസ്ലിംകളില്‍നിന്ന് അകന്നുനിന്നേ പറ്റൂ. എന്നാല്‍ മറ്റൊരു മതത്തിലും ഇത്തരമൊരു വേര്‍തിരിവ് ഇല്ലതന്നെ.
ചുരുക്കത്തില്‍, രാഷ്ട്രവിഭജനം മുതലിങ്ങോട്ട് ഇന്ത്യന്‍ മുസ്ലിംകള്‍ മതപരമായ കാരണങ്ങളാല്‍, ഈ രാജ്യത്തോട് തങ്ങള്‍ക്ക് കൂറും സ്‌നേഹവും ഉണ്ടെന്ന് സ്വയമേവ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്. ബോളിവുഡ് സിനിമകളിലാകട്ടെ, സാഹിത്യലോകത്താകട്ടെ, പാര്‍ലമെന്റ് പ്രസംഗങ്ങളിലാകട്ടെ അതങ്ങനെയാണ്. നതാഷ ബദ്‌വാര്‍ നിരീക്ഷിക്കുന്നത്, ഇന്ത്യന്‍ തെരുവുകളെ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരുന്ന സി.എ.എ വിരുദ്ധ റാലികളിലും പ്രകടനങ്ങളിലും, മുഖ്യമായും മുസ്ലിം വനിതകളുടെ നേതൃത്വത്തില്‍ രാജ്യത്തങ്ങോളമിങ്ങോളം നടന്ന 400-ല്‍പരം കുത്തിയിരിപ്പു സമരങ്ങളിലും ദേശസ്‌നേഹം പ്രകടിപ്പിക്കേണ്ടിവരുന്ന / പ്രദര്‍ശിപ്പിക്കേണ്ടിവരുന്ന പ്രവണത (Performative Patriotism) കാണാന്‍ കഴിയും എന്നാണ്. ഏവരും അവിടെ ഭരണഘടന തൊട്ട് സത്യം ചെയ്യുന്നു, അഭിമാനത്തോടെ തന്നെ ദേശീയഗാനമാലപിക്കുന്നു.
'സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസി'(CSDS)ലെ ചരിത്രകാരന്‍ ഹിലാല്‍ അഹ്മദ് ചൂണ്ടിക്കാട്ടുന്നു: 'നല്ല മുസ്ലിം' എന്ന ചരക്ക് ഒരു ദൗത്യമെന്നോണം ആവേശത്തോടെ ഇവിടെ വിറ്റഴിച്ചത് സിനിമകളാണ്. 'മുഗളെ അഅ്‌സമി'(1960)ലെ 'മതേതര' അക്ബറും 'സഞ്ചീറി'(1973)ലെ 'എല്ലാം തികഞ്ഞ ഭക്ത മുസ്ലിം' ഖാന്‍ സാഹിബും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രനിര്‍മാണ പദ്ധതി കത്തിനിന്ന കാലത്തെ ഉഗ്രന്‍ നിര്‍മിതികളായിരുന്നു. ബി.ജെ.പിയുടെയും അവരുടെ 'നവഭാരത' പദ്ധതിയുടെയും കടന്നുവരവോടെ ഈ ഇടം 'നല്ല മുസ്ലിം, ചീത്ത മുസ്ലിം' ദ്വന്ദ്വം കൈയടക്കി. അതില്‍പിന്നെ, ബി.ജെ.പിയെ തെളിക്കുന്ന ഹിന്ദുത്വ ദേശീയതയുടെ ചുവടൊപ്പിച്ച് 'പദ്മാവതി'(2018)ലൂടെ 'അപരിഷ്‌കൃതനായ' അലാവുദ്ദീന്‍ ഖില്‍ജിയും, 'വാറി'(2019)ലൂടെ സ്വന്തം പിതാവിന്റെ 'കൊടും ചതി തുടച്ചുനീക്കാന്‍ തുറ്റുടുത്തു നില്‍ക്കുന്ന വീര ദേശീയവാദി റോ ഉദ്യോഗസ്ഥന്‍' ക്യാപ്റ്റന്‍ ഖാലിദ് റഹ്മാനിയും അരങ്ങത്തു വന്ന് അഭ്രപാളികളെ പ്രകമ്പനം കൊള്ളിക്കുന്നതാണ് കാണുന്നത്.
മുസ്ലിം സാന്നിധ്യത്തിന്റെ പരസ്പരവിരുദ്ധമായ ഈ ആശയസംഘര്‍ഷങ്ങളോട് മുസ്ലിം നേതാക്കള്‍ക്കും പൗരപ്രമുഖര്‍ക്കും സ്വയം ഒത്തുതീര്‍പ്പിലെത്തേണ്ടി വരുന്നു. രാജ്യസ്‌നേഹപ്രകടനത്തില്‍ അവര്‍ക്കിടയില്‍ കാര്യമായ ഭിന്നതകളുണ്ടാകുന്നതിന്റെ കാരണമിതാണ്- ഹിലാല്‍ അഹ്മദ് തുടരുന്നു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച 'നാനാത്വത്തില്‍ ഏകത്വം' എന്ന തത്ത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ തന്റെ ഇസ്ലാമിക സ്വത്വം വിളക്കിച്ചേര്‍ത്തുകൊണ്ടാണ് താനൊരു ദേശീയവാദിയെന്ന് മൗലാനാ അബുല്‍ കലാം ആസാദ് പ്രഖ്യാപിച്ചത്. അബുല്‍ കലാമിന്റെ നിലപാടിന്റെ തുടര്‍ച്ചയാണ് അസദുദ്ദീന്‍ ഉവൈസി. എന്നാല്‍ ആസാദില്‍നിന്ന് വ്യത്യസ്തമായി ഭരണഘടനയെയാണ് ഉവൈസി ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍, ഇതിനു തീര്‍ത്തും വിരുദ്ധമായാണ് തന്റെ 'പരിഷ്‌കരണ/ദേശീയവാദ ഇസ്ലാമിക സ്വത്വം' സ്ഥാപിക്കുന്നതിന് ആരിഫ് മുഹമ്മദ് ഖാന്‍ ബി.ജെ.പിയുടെ ഹിന്ദുത്വ ദേശീയതയെ ആലിംഗനം ചെയ്യുന്നത്. ഇതില്‍ കുറഞ്ഞ എന്തും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയല്‍ മനഃസ്ഥിതിക്കു മുമ്പിലുള്ള കീഴടങ്ങലാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
നിങ്ങള്‍ കാണുന്ന ഏതാണ്ടെല്ലാ മുസ്ലിംകളോടും ചോദിച്ചുനോക്കൂ; അവരൊക്കെയും പറയും, തങ്ങളുടെ കൂട്ടത്തിലെ രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ല ദേശക്കൂറ് നിരന്തരം തെളിയിക്കേണ്ടി വരുന്നതെന്ന്. ഓരോ ഇന്ത്യന്‍ മുസ്ലിമിന്റെയും ദൈനംദിന ജീവിതത്തിന്റെ മുഴുവന്‍ അടരുകളിലേക്കും ആ ചോദ്യമുന നീണ്ടു ചെല്ലുന്നു. ഗ്രന്ഥകാരനും അഭിഭാഷകനുമായ സൈഫ് മഹ്മൂദ് ചൂണ്ടിക്കാട്ടുന്നു: 'നമുക്കിഷ്ടം ഒരു പ്രത്യേക തരം ഇന്ത്യന്‍ മുസ്ലിമിനെയാണ്; ഗംഗാ - യമുനാ സംസ്‌കാരത്തില്‍ വിശ്വസിക്കുന്നുവെന്ന് പരസ്യമായി പറയുന്നയാള്‍. സ്വന്തം മതവുമായുള്ള എല്ലാ ബന്ധങ്ങളും അറുത്തുമാറ്റി തന്റെ ഇന്ത്യന്‍ സ്വത്വം സ്ഥാപിക്കുന്നയാള്‍. തങ്ങളുടെ മതപരമായ സ്വത്വവും അസ്തിത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ക്ക്, ഈ ക്ലാസിക്ക് 'ഹിന്ദുസ്താനീ മുസ്ലിം' പരികല്‍പനയില്‍ യാതൊരിടവുമില്ല. തെരുവുകളില്‍ ഇടതടവില്ലാതെ പാകിസ്താനോട് വിരക്തി പ്രകടിപ്പിക്കേണ്ടവനാണ്, രാഷ്ട്രഭക്തി പ്രദര്‍ശിപ്പിക്കാന്‍ എപ്പോഴുമെപ്പോഴും ഭീകരതക്കെതിരെ പെരുമ്പറ കൊട്ടേണ്ടവനാണ് ഇവിടെ സ്വീകാര്യനായ ഹിന്ദുസ്താനീ മുസല്‍മാന്‍. ഇവിടെയും തീരുന്നില്ല, താന്‍ ദീപാവലി ആഘോഷിക്കുന്നുവെന്ന്, ഹോളി കുളിക്കുന്നുവെന്ന്, മുസ്‌ലിമായ തന്റെ വിശ്വാസത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത ഹിന്ദു സഹോദരി തനിക്ക് രാഖി കെട്ടുന്നുവെന്ന് ഈ 'ഹിന്ദുസ്താനീ മുസല്‍മാന്‍' രാജ്യത്തെ തന്റെ സഹപൗരന്മാര്‍ക്കു മുന്നില്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. ഭൂരിപക്ഷ സംസ്‌കാരത്തോട് ഉദ്ഗ്രഥിക്കുന്നതിന് ശക്തമായ മുന്‍കൈ തന്റെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് തെളിയിക്കാന്‍ എല്ലാ ശ്രമങ്ങളും ഈ ഹിന്ദുസ്താനീ മുസല്‍മാന് നടത്തേണ്ടി വരുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിന് ഇതര വിഭാഗങ്ങളെ പ്രാഥമികമായി പോലും അറിയുകയോ മനസ്സിലാക്കുകയോ വേണ്ടതില്ല. ഓരോ ഈദ് കടന്നുവരുമ്പോഴും ഭൂരിപക്ഷ മതവിശ്വാസി മുസ്ലിമിനോട് ചോദിച്ചുകൊണ്ടിരുന്നു; 'ഇത് മീഠീ ഈദോ, അതോ ബഖ്‌രീ ഈദോ!' അനുഭവ് സിന്‍ഹയുടെ 'മുല്‍കി'ല്‍ രജത് കപൂര്‍ വേഷമിട്ട പോലീസ് ഓഫീസറെ പോലെ ഇന്ത്യന്‍ മുസ്ലിം എന്നും ഒരു നല്ല കുട്ടിയായിരിക്കണം, 'മോശം' മുസ്ലിമിനെ- അതായത് യുവ ഭീകരന്‍- കണ്ടേടത്തുവെച്ച് ആട്ടിയോടിക്കുന്ന സര്‍ക്കാരീ മുസല്‍മാന്‍.
ഇന്ത്യയിലെ മുസ്ലിം ജനതയുടെ സാമൂഹിക പ്രയാണത്തിന്റെ ഈ ചാക്രികഗതിക്ക് ഒരവസാനമില്ലെന്ന് തോന്നുന്നു. ഒരുപക്ഷേ എന്നെങ്കിലും ആരെങ്കിലും മുന്നോട്ടു വന്ന് ഈ ചക്രം പൊട്ടിച്ചേക്കാം. ഏറെ പ്രശസ്തമായ തന്റെ 'ഹിന്ദുസ്താനീ മുസല്‍മാന്‍' എന്ന കവിത ഹുസൈന്‍ ഹൈദരി എഴുതുന്നത് 2017-ലാണ്. ''ഇന്ത്യന്‍ മുസ്ലിം എന്ന എന്റെ സ്വത്വത്തെ കുറിച്ച് എന്നില്‍നിന്ന് ഉത്തരം തേടുന്നതിനു മുമ്പ്, ഇപ്പോഴെങ്കിലും ഇവിടത്തെ ഭൂരിപക്ഷ മതസമൂഹത്തിലെ എന്റെ സഹജീവികള്‍ മോദി ഭരണകൂടത്തില്‍നിന്നാണ് ആദ്യമായി ഈ ചോദ്യത്തിന് ഉത്തരം തേടേണ്ടത്. ഈ ചോദ്യത്തിന് എനിക്ക് വ്യക്തമായ ഉത്തരമുണ്ട്, പക്ഷേ ജനാധിപത്യാനുഭവങ്ങളുടെ ഏഴു പതിറ്റാണ്ടു പിന്നിട്ട ഒരു മതേതര രാഷ്ട്രത്തില്‍ ഇനിയും ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ എനിക്ക് മനസ്സില്ല'' - ഹൈദരി പൊട്ടിത്തെറിക്കുന്നു. അദ്ദേഹം തുടരുന്നു: ''എന്റെ സ്വന്തം രാജ്യത്ത് എനിക്കു കിട്ടേണ്ട നീതിക്കും സമത്വത്തിനും വേണ്ടി ഞാനെങ്ങനെ വാദിക്കണമെന്നത് ഇപ്പോഴും എന്നെ അങ്കലാപ്പിലാക്കുന്നു; ഒരു ഇന്ത്യക്കാരനെന്ന നിലക്കോ ഒരു മുസ്ലിമെന്ന നിലക്കോ? ഇക്കഴിഞ്ഞ മാസങ്ങളില്‍ - പൗരത്വ നിയമം, അതിനെതിരെയുള്ള സമരങ്ങള്‍, തുടര്‍ന്ന് അരങ്ങേറിയ 'വര്‍ഗീയ കലാപങ്ങള്‍', നരമേധങ്ങള്‍.... എല്ലാം കൊണ്ടും പ്രക്ഷുബ്ധമായ കാലം- ഭരണകൂടവും പ്രോപ്പഗണ്ടാ യന്ത്രങ്ങളും അതിന്റെ മുഴുവന്‍ സംവിധാനങ്ങളുമുപയോഗിച്ച് മുസ്‌ലിമെന്നും ഇന്ത്യക്കാരനെന്നുമുള്ള എന്റെ രണ്ടു സ്വത്വത്തെയും ഭീഷണമാംവിധം കൂട്ടിക്കുഴച്ച് കുഴമറിക്കാന്‍ ശ്രമിച്ചു. എന്‍.ആര്‍.സിയുമായി ഘടിപ്പിച്ച സി.എ.എ, ഇന്ത്യക്കാരന്‍ എന്ന നിലയിലെ എന്റെ സ്വത്വത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ചു, മുസ്ലിം എന്ന എന്റെ സ്വത്വത്തോടാകട്ടെ അത് വിവേചനം കാണിച്ചു. പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളിയ പ്രോപ്പഗണ്ടാ മെഷിനുകള്‍ ഞാനെന്ന ഇന്ത്യക്കാരനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, അതെന്നെ 'ജിഹാദി'യെന്ന് ചാപ്പകുത്തി. വെടിവെച്ചു കൊല്ലേണ്ട ഒറ്റുകാരനാണ് ഞാന്‍, ഒരിന്ത്യക്കാരനേ അല്ല. എന്നാല്‍, ഞാന്‍ മരിക്കുമ്പോള്‍ ബന്ധപ്പെട്ട മന്ത്രി ഒരു മുസ്ലിമെന്ന് എന്നെ വിളിക്കുന്നത് ഉടനടി നിര്‍ത്തുന്നു - എന്റെ മരണത്തിനുതന്നെ കാരണം ഇവര്‍ മായ്ച്ചുകളയുന്ന ഈ സ്വത്വം തന്നെയാണെന്നോര്‍ക്കുക. അപ്പോള്‍ മന്ത്രിയദ്ദേഹത്തിന് ഞാനൊരിന്ത്യക്കാരന്‍ മാത്രം...''
ഇതാണ് മോദി-ഷാ ഭരണകൂടവും ഈ നാട്ടിലെ ഭൂരിപക്ഷവും ഈ രാജ്യത്തെ മുസ്ലിംകളോട് ചെയ്തുകൊണ്ടിരിക്കുന്നത്; അവരുടെ അന്തസ്സും ആത്മാഭിമാനവും ഉരിഞ്ഞെറിയുന്നു, ആ ജനസമൂഹത്തെ അനിശ്ചിതത്വത്തിലേക്ക് എടുത്തെറിയുന്നു. അതേ, നമുക്ക് രേഖകള്‍ ചോദിച്ചുകൊണ്ടേയിരിക്കാം; സാക്ഷ്യപത്രങ്ങളുടെ തെളിവുകള്‍, മനോവികാരങ്ങളുടെ തെളിവുകള്‍... അങ്ങനെ നമ്മുടെ ഇഛക്കൊത്തുള്ള, ആരെയും ബോധിപ്പിക്കേണ്ടതില്ലാത്ത അദൃശ്യ മാനദണ്ഡങ്ങള്‍ വെച്ച് നമുക്കവരുടെ 'ഇന്ത്യത്വം' അളന്നുതൂക്കിയെടുക്കാം. ഇതുകൊണ്ടത്രെ ഹര്‍ഷ് മന്ദര്‍ ഇങ്ങനെ പറഞ്ഞത്; 'എനിക്ക് മുസ്ലിംകളോട് പറയാനുള്ളത്, നിങ്ങള്‍ എവിടെയാണെങ്കിലും ഈ രാജ്യത്തോടുള്ള നിങ്ങളുടെ സ്‌നേഹത്തയും കൂറിനെയും കുറിച്ച് മിണ്ടാനുള്ള അവകാശം ഒരുത്തനും നിങ്ങള്‍ വകവെച്ചുകൊടുക്കരുതെന്നാണ്.' ഇപ്പോഴെന്നല്ല, ഒരിക്കലും.
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഇന്ത്യാ ടുഡേ മുന്‍ എഡിറ്ററുമായ കാവേരി ബംസായ് ദ പ്രിന്റില്‍ എഴുതിയ ലേഖനം).
വിവ: മുഹമ്മദ് ഫിന്‍സര്‍
Comments