Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

കോവിഡ് കാലത്ത് വിശ്വാസിയുടെ ജീവിതം

ഇല്‍യാസ് മൗലവി

ലോകത്തെയാകമാനം ഭീതിയിലാഴ്ത്തിയ മഹാമാരി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഒരു സത്യവിശ്വാസിയെ ഈ പ്രതിസന്ധി നേരിടാന്‍ പ്രാപ്തനാക്കേണ്ടതുണ്ട്. ഇവിടെ നിസ്സഹായനായി കൈമലര്‍ത്തലോ, മുന്‍കരുതലുകളെടുക്കാതിരിക്കലോ, ആരോഗ്യ സുരക്ഷാ നിയമങ്ങളും നിര്‍ദേശങ്ങളും അവഗണിച്ച് തവക്കുല്‍ എന്ന് പറഞ്ഞു നടക്കലോ, ലോകത്തും ചുറ്റുവട്ടത്തും നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് അശ്രദ്ധനായി കഴിയലോ ഒന്നും ഒരു സത്യവിശ്വാസിക്ക് ഭൂഷണമല്ല. താന്‍ കാരണം ഒരു മനുഷ്യജീവന്‍ ഹനിക്കപ്പെടുന്നത് മാനവരാശിയെ ഒന്നടങ്കം ഉന്മൂലനം ചെയ്യുന്നതുപോലെയും, ഒരു മനുഷ്യജീവനെ രക്ഷപ്പെടുത്തുന്നത് മാനവരാശിയെ ഒന്നടങ്കം ജീവിപ്പിക്കുന്നതു പോലെയുമാണ് (അല്‍മാഇദ 32) എന്ന ഖുര്‍ആന്‍ വാക്യം സദാ ഓര്‍മയിലുണ്ടണ്ടാവണം.

അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക

ആദ്യമായി, അല്ലാഹു വിധിച്ചതേ സംഭവിക്കൂ എന്ന വിശ്വാസം ദൃഢമാക്കേണ്ടതുണ്ട്. എല്ലാം അല്ലാഹുവിന്റെ നിശ്ചയപ്രകാരം മാത്രം സംഭവിക്കുന്നതാണ്. നമുക്കാര്‍ക്കും അറിയാത്ത അപാരമായ യുക്തി ഇതിന്റെയൊക്കെ പിന്നില്‍ ഉണ്ടാവും. അതിനാല്‍ സാധ്യമാകുന്ന എല്ലാ മുന്‍കരുതലുകളുമെടുത്ത്, പിന്നെയൊക്കെ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക, അവന്റെ വിധിയില്‍ ക്ഷമയവലംബിക്കുക. പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടുത്താനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു: ''ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ  ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമത് സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു വിധിപ്രമാണത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന ഒന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ ഇതൊക്കെയും''  (അല്‍ഹദീദ് 22-23).
ഭൂമിയിലുണ്ടാകുന്ന, അല്ലെങ്കില്‍ മനുഷ്യരെ ബാധിക്കുന്ന രോഗം, ക്ഷാമം തുടങ്ങിയ ഏതൊരു ബാധയും അത് രൂപംകൊള്ളുന്നതിനു മുമ്പുതന്നെ അല്ലാഹുവിന്റെ രേഖയില്‍ ഉള്ള കാര്യമാണ്. നിങ്ങള്‍ക്കണയുന്ന ഏതാപത്തും നിങ്ങളുടെ റബ്ബിന്റെ അജ്ഞത കൊണ്ടോ അശ്രദ്ധ കൊണ്ടോ -മആദല്ലാഹ്- സംഭവിക്കുന്നതല്ല. എന്തുണ്ടായാലും അതെല്ലാം അല്ലാഹുവിന്റെ വിധിപ്രമാണത്തില്‍ നേരത്തേതന്നെ എഴുതിവെച്ചിട്ടുള്ള സുനിശ്ചിതമായ പദ്ധതി അനുസരിച്ചാണുണ്ടാകുന്നത്. ഇതാണ് ഈ വചനത്തിന്റെ പൊരുള്‍. 'ഏതൊരു ബാധയും' (مِن مُصِيبَةٍ) എന്ന വാക്കില്‍ ചെറുതോ വലുതോ പൊതുവായതോ പ്രത്യേകമായതോ ആയ എല്ലാതരം ബാധകളും ഉള്‍പ്പെടുന്നു. എല്ലാം അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വരുമ്പോള്‍, ഓരോന്നും സംഭവിക്കുന്നതിനു മുമ്പുതന്നെ  അത് ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്ന്  അല്ലാഹു ശരിക്കും അറിഞ്ഞിരിക്കുമെന്നും നിര്‍ണയിച്ചിരിക്കുമെന്നും വ്യക്തമാണ്. ഇസ്‌ലാമിലെ മൗലികപ്രധാനമായ വിശ്വാസ സിദ്ധാന്തങ്ങളില്‍ ഒന്നത്രെ ഇത്. ഇതിനെക്കുറിച്ചാണ് അല്ലാഹുവിന്റെ 'ഖളാ ഖദ്‌റി'ലുള്ള (വിധിവ്യവസ്ഥയിലുള്ള) വിശ്വാസം എന്ന് പറയുന്നത്. 
ഇങ്ങനെ മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനു വേണ്ടിയാണ്? അല്ലെങ്കില്‍ ഈ വസ്തുത ജനങ്ങളെ അറിയിച്ചത് എന്തിനു വേണ്ടിയാണ്? അതിനുള്ള മറുപടിയാണ് അല്ലാഹു തുടര്‍ന്നു പറഞ്ഞത്: ''നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയതിന്റെ  പേരില്‍ നിങ്ങള്‍ സങ്കടപ്പെടാതിരിക്കാനും, നിങ്ങള്‍ക്കവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അമിതാഹ്ലാദം കൊള്ളാതിരിക്കാനും വേണ്ടി.''
അതേ, എല്ലാം അല്ലാഹു കണക്കാക്കിയതാണെന്നറിഞ്ഞാല്‍, നഷ്ടം ബാധിക്കുന്നതിന്റെ പേരില്‍ സങ്കടത്തിനും നിരാശക്കും വഴിയില്ല. നേട്ടമുണ്ടായാല്‍ അമിതാഹ്ലാദമോ അഹങ്കാരമോ പാടില്ല. നഷ്ടത്തില്‍ ക്ഷമിക്കുകയും നേട്ടത്തില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്യുക. തിന്മ ബാധിക്കുമ്പോള്‍ നിരാശയും, നന്മ ബാധിക്കുമ്പോള്‍ അഹങ്കാരവും മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ്. അല്ലാഹുവിന്റെ വിധി വ്യവസ്ഥയിലുള്ള ദൃഢവിശ്വാസം കൊണ്ടേ ഈ സ്വഭാവത്തില്‍നിന്ന് മനുഷ്യന് രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ. 
വിശ്വാസം പോലെത്തന്നെ അല്ലാഹുവിലുള്ള പ്രതീക്ഷയും കൈവിടാന്‍ പാടില്ല. അല്ലാഹു ഒരു രോഗം ഇറക്കിയിട്ടുണ്ടെങ്കില്‍ ഒപ്പം തന്നെ അതിനുള്ള പ്രതിവിധിയും ഇറക്കിയിട്ടുണ്ടാവും എന്നാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത് (തിര്‍മിദി: 2172, ഇബ്‌നുഹിബ്ബാന്‍: 6062).
ഇതിലൂടെ ഭഗ്നാശനാവാതിരിക്കാനും തന്റെ രോഗത്തിന് പ്രതിവിധിയുണ്ട് എന്ന ആത്മവിശ്വാസം വെച്ചുപുലര്‍ത്താനും രോഗിക്ക് കഴിയുന്നു. ഈ ആത്മവിശ്വാസം മരുന്ന് ഫലിക്കാന്‍ ഏറെ ഗുണം ചെയ്യുന്നു. ഇത് ഡോക്ടര്‍മാര്‍ക്ക് പ്രതിവിധി കണ്ടുപിടിക്കാനുള്ള പ്രചോദനവും ആവേശവും നല്‍കുന്നു എന്ന് ഇമാം ഇബ്‌നുല്‍ ഖയ്യിം ചൂണ്ടിക്കാട്ടിയിട്ടുണ്ട് (സാദുല്‍ മആദ് 4/17).
ഇസ്ലാം പഠിപ്പിച്ച വൃത്തിയുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കേണ്ടത് ഏറ്റവും അനിവാര്യമായ സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. വിശിഷ്യാ, അംഗശുദ്ധി അഥവാ വുദൂ. ഏതു സമയത്തും വുദൂ  ഉണ്ടായിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുക. എല്ലാ അവയവങ്ങളും എപ്പോഴും ശുദ്ധിയോടെ സൂക്ഷിക്കുക. ഒരു മുഅ്മിന്‍ സദാ വുദൂ ഉള്ളവനായിരിക്കുമെന്നും അതയാളുടെ സവിശേഷതയാണെന്നും റസൂല്‍ (സ) പഠിപ്പിച്ചിരിക്കുന്നു.

പള്ളികളില്‍നിന്ന് വുദൂവെടുക്കുന്നത് പരമാവധി ഒഴിവാക്കുക

മറ്റൊരു അവഗണിക്കപ്പെട്ട സുന്നത്താണ് വീട്ടില്‍ വെച്ചു തന്നെ വുദൂവെടുക്കുക എന്നുള്ളത്. മിക്കയാളുകളും അംഗശുദ്ധി വരുത്താന്‍ പള്ളികളെയാണ് ആശ്രയിക്കാറുള്ളത്. ഈ പ്രവണതയും ഒഴിവാക്കാന്‍ ശ്രമിക്കണം. 'നമസ്‌കാരത്തിനുവേണ്ടിയുള്ള നടത്തത്തിന്റെ ശ്രേഷ്ഠത' എന്ന അധ്യായത്തില്‍ ഇമാം മുസ്ലിം ഉദ്ധരിക്കുന്നു.
അബൂ ഹുറയ്‌റയില്‍നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: ''വല്ലവനും തന്റെ വീട്ടില്‍നിന്ന് വുദൂ എടുത്ത് ശുദ്ധിവരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഒരു ഭവനത്തിലേക്ക്, അല്ലാഹു നിര്‍ബന്ധമാക്കിയ ബാധ്യതകളില്‍ ഒരു ബാധ്യത നിര്‍വഹിക്കാനായി നടന്നുപോകുമ്പോള്‍ അവന്റെ കാല്‍വെപ്പുകളില്‍ ഒന്ന് കുറ്റങ്ങളെ മായ്ച്ചുകളയുകയും, മറ്റേത് പദവിയെ ഉയര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കും'' (മുസ്ലിം 1553).

നിരീക്ഷണത്തിലുള്ളവര്‍ ജുമുഅക്ക് പങ്കെടുക്കരുത്

കോവിഡ് -19 ബാധിച്ചിട്ടുണ്ടോ ഇല്ലേ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടി നിരീക്ഷണത്തിലുള്ളവരും, വൈറസ് ബാധയേറ്റു എന്ന് സംശയിക്കുന്നവരുമൊന്നും ജുമുഅക്കോ ജമാഅത്തുകള്‍ക്കോ പങ്കെടുക്കാന്‍ പാടില്ല. അങ്ങനെയുള്ളവര്‍ പങ്കെടുക്കുന്നത് ബന്ധപ്പെട്ടവര്‍ വിലക്കേണ്ടതാണ്.  അത്തരക്കാര്‍ക്ക് ജുമുഅയോ ജമാഅത്തോ നിര്‍ബന്ധമില്ലെന്ന് മാത്രമല്ല അവരുടെ അലംഭാവം കൊണ്ടും അശ്രദ്ധ കൊണ്ടും ആര്‍ക്കെങ്കിലും രോഗം പകരുകയും അവരുടെ ജീവന്‍ അപായത്തിലാവുകയും ചെയ്താല്‍ ഈ ലോകത്ത് മാത്രമല്ല, നാളെ അല്ലാഹുവിന്റെ കോടതിയിലും ഉത്തരം പറയേണ്ടിവരും. 'വെളുത്തുള്ളി തിന്നുകൊണ്ട് ആരും നമ്മുടെ പള്ളിയിലേക്ക് വരേണ്ടതില്ല, കാരണം മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതെല്ലാം മലക്കുകള്‍ക്കും ഉപദ്രവമുണ്ടാക്കും' എന്ന പ്രവാചകവചനത്തിന്റെ (മുസ്‌ലിം 1288) അടിസ്ഥാനത്തില്‍ പകര്‍ച്ചവ്യാധികളും മാരക രോഗങ്ങളും പിടിപെട്ടവര്‍ പള്ളിയില്‍ വരുന്നത് തടയേണ്ടതു തന്നെയാണെന്ന് ഇമാമുകള്‍ പഠിപ്പിച്ചിട്ടുണ്ട്. 
വെളുത്തുള്ളിയുടെ കാര്യത്തില്‍ നബി (സ)  ഇങ്ങനെ പറഞ്ഞെങ്കില്‍ ഇത്തരം മഹാമാരികളുടെയും പകര്‍ച്ചവ്യാധികളുടെയും കാര്യം കൂടുതല്‍ ഗൗരവമുള്ളതാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവിടെയും നില്‍ക്കാതെ, അവര്‍ ജനങ്ങളുമായി ഇടപഴകുന്നത് തടയണമെന്നും, അവര്‍ക്ക് ചെലവിനും ചികിത്സക്കുമെല്ലാം വേണ്ടി പൊതുഖജനാവില്‍നിന്ന് പണം ചെലവഴിക്കേണ്ടതാണെന്നും കൂടി അവര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ശാഫിഈ മദ്ഹബിലെ ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി പറയുന്നു: ''അത്തരക്കാര്‍ അവരവരുടെ താമസസ്ഥലത്തു വെച്ച് നമസ്‌കരിക്കുകയാണ് വേണ്ടത്.'' ശാഫിഈ പണ്ഡിതന്‍ ഇമാം ഇബ്‌നു ഹജര്‍ ഹൈതമി പറയുന്നു: ''അപകടം സംഭവിക്കാതെയും നാശം വരാതെയും മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ടതും സൂക്ഷ്മത പുലര്‍ത്തേണ്ടതും ഒരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണ്.'' 
അല്ലാഹു പറയുന്നു: ''സ്വകരങ്ങളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍. നന്മ കൈക്കൊള്ളുവിന്‍. നന്മ ചെയ്യുന്നവരെയല്ലോ അല്ലാഹു ഇഷ്ടപ്പെടുന്നത്''  (അല്‍ബഖറ 195).
ഈ ഖുര്‍ആന്‍ സൂക്തം സത്യവിശ്വാസികള്‍ വളരെ ഗൗരവപൂര്‍വം മനസ്സിരുത്തേണ്ടുന്ന ഒരു വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡ്-19 പോലുള്ള മഹാമാരികളുടെ കാര്യത്തില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ നാശം പടരാനും നിങ്ങളുടെ ഭാവി അപകടപ്പെടാനും കാരണമായേക്കും; അതുകൊണ്ട് അതിന് ഇടവരുത്തരുത് എന്ന താക്കീതായി ഇതിനെ നമുക്ക് വായിക്കാനാവും. 
ആരോഗ്യ സുരക്ഷാ നിയമങ്ങളും ചിട്ടകളും പാലിക്കാതിരിക്കുന്നത് നിങ്ങളുടെ നാശത്തിന് ഹേതുവായേക്കുമെന്നും അത് സൂക്ഷിക്കണമെന്നും മാത്രമല്ല, അതുമൂലം നിങ്ങള്‍ക്ക് ആപത്ത് പിണയാന്‍ ഇടയുണ്ടെന്നും, അതിന് ഇടവരുത്തരുതെന്നു കൂടി ആ വാക്യത്തില്‍ സൂചനയുണ്ട്. 'ആപത്തില്‍ കൈയിടരുത്' എന്നും 'കഷ്ടകാലം കടംകൊള്ളരുത്' എന്നും പറയാറുള്ളതുപോലെ ഒരു അലങ്കാര പ്രയോഗമാണ് 'നാശത്തിലേക്ക് നിങ്ങളുടെ കൈ ഇടരുത്' എന്നുള്ള ഈ പ്രയോഗവും.
പ്രവാചകന്റെ കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവരുന്ന വ്യക്തി അവിടുത്തെ കൈ പിടിച്ച് ബൈഅത്ത് (പ്രതിജ്ഞ) ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ സഖീഫ് ഗോത്രത്തില്‍നിന്നുള്ള ഒരു സംഘം നബിയുമായി കൂടിക്കാഴ്ച നടത്താനായി വന്നു. ആ കൂട്ടത്തില്‍ ഒരു കുഷ്ഠരോഗിയുമുണ്ടായിരുന്നു.  നബി (സ) അദ്ദേഹത്തിന്റെ അടുത്തേക്ക് ഇങ്ങനെ പറയാനായി ഒരാളെ വിട്ടു: 'നാം താങ്കളുടെ ബൈഅത്ത് സ്വീകരിച്ചിരിക്കുന്നു. താങ്കള്‍ തിരിച്ചുപോയിക്കൊള്ളുക' (മുസ്‌ലിം 5958).
ഇതിന്റെ ചുവടെ ഇമാം നവവി ഇങ്ങനെ കുറിച്ചു: 'ഖാളി ഇയാദ് പറഞ്ഞു: പള്ളിയില്‍ വരുന്നതില്‍നിന്നും, ജനങ്ങളുമായി കൂടിക്കലരുന്നതില്‍നിന്നും കുഷ്ഠരോഗികള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടതാണ്' (ശറഹു മുസ്‌ലിം 5958). ജുമുഅയില്‍നിന്ന് അവരെ തടയേണ്ടതില്ല എന്ന അഭിപ്രായം തുടര്‍ന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ യുക്തി നമുക്ക് പിടികിട്ടുന്നില്ല. ഏതായാലും കുഷ്ഠരോഗത്തിന്റെ കാര്യത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് അവര്‍ പറഞ്ഞെങ്കില്‍, കോവിഡ് -19 പോലുള്ള വളരെ അപകടകാരിയായ സാംക്രമിക രോഗമായിരുന്നെങ്കില്‍ ഇതിനേക്കാള്‍ കടുപ്പത്തില്‍ അവര്‍ പറയുമായിരുന്നു എന്ന് തന്നെ മനസ്സിലാക്കാം.
തുടര്‍ന്ന് പറയുന്നതാണ് കൂടുതല്‍ പ്രസക്തം: ''ഗ്രാമവാസികള്‍ക്ക് വെള്ളമെടുക്കേണ്ടിവരുമ്പോള്‍ അവരുടെ കൂട്ടത്തിലുള്ള കുഷ്ഠരോഗികളുമായി കൂടിക്കലരേണ്ടിവന്നാല്‍,  ദോഷമേല്‍ക്കാത്തവിധം വെള്ളമെടുക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ തന്നെ ചെയ്യാം. എന്നാല്‍ അത് ദോഷം ചെയ്യുമെങ്കില്‍ മറ്റുള്ളവര്‍ അവര്‍ക്ക് വെള്ളം എടുത്ത് കൊടുക്കുകയാണ് വേണ്ടത്. അവര്‍ക്ക് വെള്ളം കൊടുക്കാനായി ആളെ ഏര്‍പ്പാട് ചെയ്യുകയും വേണം. അല്ലാത്ത പക്ഷം അവരെ തടയാന്‍ പാടില്ല' (ശറഹു മുസ്‌ലിം 4138).
നോക്കൂ, എത്ര മാത്രം മാനുഷികമായ സമീപനമാണ് ഈ മഹത്തുക്കള്‍ ഇവിടെ പ്രകടിപ്പിച്ചിട്ടുള്ളത്! രോഗമില്ലാത്തവര്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെ പറ്റി ഗൗരവത്തില്‍ പറഞ്ഞപ്പോള്‍ രോഗികള്‍ അവഗണിക്കപ്പെട്ടുപോകുമോ എന്ന് ആശങ്കിച്ച് അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും, അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ക്ക് ഏര്‍പ്പാട് ചെയ്യണമെന്നും പ്രത്യേകം ഉണര്‍ത്തുന്നു.

ബാങ്ക് പോലും വ്യത്യസ്തം (നമസ്‌കാരം വീട്ടില്‍വെച്ച്)

മഴയുള്ള ഒരു ദിവസം ഇബ്‌നു അബ്ബാസ് (റ) മുഅദ്ദിനോട് പറഞ്ഞു: ''അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന് പറഞ്ഞു കഴിഞ്ഞതിനു ശേഷം നീ 'ഹയ്യ അലസ്സലാ' എന്ന് പറയേണ്ടതില്ല; പകരം 'സ്വല്ലൂ ഫീ ബുയൂത്തിക്കും' (നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ വെച്ചു നമസ്‌കരിച്ചുകൊള്ളുവിന്‍!) എന്ന് പറയുക!'' ഇതു കേട്ട ജനങ്ങള്‍ നീരസം രേഖപ്പെടുത്തി. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ''നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുവല്ലേ? എന്നാല്‍ എന്നേക്കാള്‍ ഉത്തമനായവന്‍ -നബി (സ)- ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്'' (ബുഖാരി 901, മുസ്‌ലിം 1637).
നാഫിഇല്‍നിന്ന് നിവേദനം: ''തണുപ്പുള്ള ഒരു രാത്രി ഇബ്‌നു ഉമര്‍ (റ) ബാങ്ക് കൊടുത്തു. ബാങ്കിനു ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു: 'നിങ്ങളുടെ രിഹാലില്‍ (യാത്രക്കാരന്റെ താല്‍ക്കാലിക താമസസ്ഥലം) വെച്ച് നമസ്‌കരിക്കുക!' പിന്നീട് അദ്ദേഹം ഞങ്ങളോട് പറഞ്ഞു: തണുപ്പോ മഴയോ ഉള്ള സന്ദര്‍ഭങ്ങളില്‍ നബി (സ) തന്റെ മുഅദ്ദിനോട് ഇങ്ങനെ കല്‍പിക്കാറുണ്ടായിരുന്നു'' (മുസ്‌ലിം 1632,1633).
ലോകം മൊത്തം ഇന്ന് അഭിമുഖീകരിക്കുന്ന കോവിഡ്-19  പോലുള്ള, അതിശീഘ്രം പകരുന്ന മഹാമാരിയെങ്ങാനുമായിരുന്നു അവര്‍ അഭിമുഖീകരിച്ചിരുന്നതെങ്കില്‍ ഇതിനേക്കാള്‍ ശക്തമായ ശൈലിയിലായിരിക്കും, നിങ്ങള്‍ പള്ളികളില്‍ വെച്ച് നമസ്‌കാരം നിര്‍ത്തിവെക്കുക  എന്ന നിര്‍ദേശം അവര്‍ നല്‍കുക എന്ന കാര്യം ഉറപ്പാണ്. ബാങ്കില്‍തന്നെ അക്കാര്യം പഠിപ്പിച്ചതില്‍ ധാരാളം ചിന്തിക്കാനുണ്ട്. ഭാവി തലമുറക്ക് എന്നെന്നും പാഠമാകാന്‍ കൂടിയായിരിക്കണം അങ്ങനെ ചെയ്തിട്ടുണ്ടായിരിക്കുക. അന്നും ജനങ്ങള്‍ നീരസം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, പണ്ഡിത സ്വഹാബിമാരായ ഇബ്‌നു അബ്ബാസും ഇബ്‌നു ഉമറുമൊന്നും അത് ഗൗനിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ജീവന്റെ സംരക്ഷണത്തിന് നല്‍കപ്പെട്ട അധ്യാപനങ്ങള്‍ അവഗണിച്ച് ആളുകളുടെ ജീവന്‍ അപായപ്പെടുന്ന തരത്തില്‍ ധാര്‍ഷ്ട്യം കാണിച്ചാല്‍ പൊലിയുന്ന ഓരോ ജീവന്നും നാളെ അല്ലാഹുവിനോട് മറുപടി പറയേണ്ടിവരും. പള്ളികളില്‍ ഒരുമിച്ചു ചേരുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുന്ന കാര്യം ചിന്തിക്കണമെന്നതിനര്‍ഥം മറ്റിടങ്ങളില്‍ കൂടിച്ചേരാം എന്നല്ല. എല്ലായിടങ്ങളിലും ഇതു ബാധകമാണ്. നമസ്‌കാരം ഇത്തരം സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ചുമാകാമെന്നിരിക്കെ ആ ഇളവ് ഉപയോഗപ്പെടുത്തണമെന്ന് മാത്രമാണ് പറയുന്നത്. നമുക്ക് ചെയ്യാന്‍ പറ്റുന്നതേ നമ്മുടെ ബാധ്യതയായിട്ടുള്ളൂ. നമ്മുടെ നിയന്ത്രണത്തിലില്ലാത്തതിന്റെ ഉത്തരവാദിത്തം നമുക്കില്ല.

രോഗം ബാധിച്ചവര്‍ നിരാശരാവേണ്ടതില്ല

രോഗം ബാധിച്ചവര്‍ ഒരിക്കലും നിരാശരാവേണ്ടതുമില്ല (അല്ലാഹു കാക്കട്ടെ). അവര്‍, സാധ്യമായ ചികിത്സ തേടുകയും രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ താന്‍ കാരണക്കാരനായിക്കൂടാ എന്ന് തീരുമാനിച്ചുറപ്പിച്ച് പരമാവധി ക്ഷമിക്കുകയും ചെയ്യുക. അഥവാ മരിക്കേണ്ടിവന്നാല്‍ സ്വര്‍ഗം ഉറപ്പായ ശുഹദാക്കളുടെ കൂട്ടത്തിലായിരിക്കും അവര്‍ എന്നാണ് റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്. അവിടുന്ന് പറയുന്നത് കാണുക: അനസ് (റ) നിവേദനം. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ''ത്വാഊന്‍ (മഹാമാരി) ഓരോ മുസ്‌ലിമിനും രക്തസാക്ഷിത്വമാണ്'' (അഹ്മദ്: 13305).

 

 

ജുമുഅയും സംഘടിത നമസ്‌കാരങ്ങളും നിര്‍ത്തിവെക്കുക: ആഗോള മുസ്‌ലിം പണ്ഡിത സമിതി

ലോകാരോഗ്യ സംഘടന മഹാമാരിയായി വിശേഷിപ്പിച്ച കോവിഡ്- 19 - കൊറോണ വൈറസിന്റെ വ്യാപനം ലോകം ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ഈ മഹാവ്യാധി പടര്‍ന്നുപിടിക്കുന്നത് വളരെ വേഗത്തിലാണ്. വ്യക്തികളുടെ  പരസ്പര്‍ശവും ഒത്തുചേരലുകളുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണം. ഈ സവിശേഷ സാഹചര്യം മുന്‍നിര്‍ത്തി ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ നിന്നുള്ള നിരവധി മുസ്‌ലിം സഹോദരങ്ങള്‍ കൊറോണ ബാധിച്ച പ്രദേശങ്ങളിലെ മസ്ജിദുകളില്‍ വെച്ചുള്ള തങ്ങളുടെ സംഘടിത നമസ്‌കാരങ്ങളുടെ നിര്‍വഹണത്തെക്കുറിച്ച അന്വേഷണങ്ങള്‍ പണ്ഡിത സമിതിയോട് ഉന്നയിച്ചിരിക്കുന്നു.
പ്രസ്തുത അന്വേഷണങ്ങള്‍ക്കുള്ള പണ്ഡിതസമിതിയുടെ സംക്ഷിപ്ത മറുപടിയാണ് ചുവടെ നല്‍കുന്നത്:
1. 'അല്ലാഹു പറയുന്നു: ''സ്വന്തം കരങ്ങളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍. നന്മ കൈക്കൊള്ളുവിന്‍. നന്മ ചെയ്യുന്നവരെയല്ലോ അല്ലാഹു ഇഷ്ടപ്പെടുന്നത്'' (അല്‍ബഖറ 195). യാതൊരുവിധ അനിവാര്യ സാഹചര്യങ്ങളുമില്ലാതെ സ്വശരീരത്തെ നാശത്തില്‍ ചാടിക്കുന്നതിനെ ഈ സൂക്തം വിലക്കുന്നു. എന്നു മാത്രമല്ല, നാശത്തിന്റെ വിപരീതമായ 'ഇഹ്‌സാന്‍' വെച്ചു പുലര്‍ത്താന്‍ കല്‍പിക്കുകയും ചെയ്യുന്നു. അല്ലാഹു  തന്റെ അടിമകളില്‍ ഏറ്റവും അധികം കാംക്ഷിക്കുന്ന ഗുണമാണ് ഇഹ്‌സാന്‍.
2. ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'ഉപദ്രവിക്കാനോ ഉപദ്രവത്തിന് വിധേയമാവാനോ പാടുള്ളതല്ല.' സ്വദേഹത്തിലും മറ്റുള്ളവരിലും ഉപദ്രവകാരണമാവുന്ന എല്ലാറ്റിനെയും പൊതുവായി വിലക്കുന്നതാണ് ഈ തിരുവചനം.
3. ഇബ്‌നു ഉമറി(റ)ല്‍നിന്നു നിവേദനം: നബി (സ) പറഞ്ഞു: 'ഈ ചെടിയുടെ കായ (വെളുത്തുള്ളി) ഭക്ഷിച്ചവന്‍ നമ്മുടെ മസ്ജിദിനെ സമീപിക്കരുത്.'    
നടേ സൂചിപ്പിച്ച അപകട സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ജുമുഅ ഉള്‍പ്പെടെയുള്ള സംഘടിത നമസ്‌കാരങ്ങള്‍ ശര്‍ഇയായി നിര്‍ബന്ധമോ അനുവദനീയമോ അല്ലായെന്ന് മുകളിലുദ്ധരിച്ച പ്രമാണങ്ങളും സമാനമായവയും വ്യക്തമായി ദ്യോതിപ്പിക്കുന്നു. തന്റെ കൂടെ നമസ്‌കരിക്കുന്നവരെ ദുര്‍ഗന്ധം മൂലം പ്രയാസപ്പെടുത്തുന്നതു പോലും വിലക്കുന്നതാണ് അവസാനം സൂചിപ്പിച്ച തിരുവചനം എന്നിരിക്കെ, രോഗകാരണമോ, ഒരുവേള മരണത്തിനു തന്നെയോ നിമിത്തമാവുന്ന ഒരു കാര്യം എങ്ങനെ അനുവദനീയമാവും?
സംഘടിത നമസ്‌കാരത്തില്‍ നമസ്‌കരിക്കുന്നവര്‍ തോളോടു തോള്‍  ചേര്‍ന്നും വരിതെറ്റാതെയും നില്‍ക്കാനാണല്ലോ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ളത്. സ്വാഭാവികമായും മുഖങ്ങള്‍ പരസ്പരം ചേര്‍ന്നുവരികയും ശ്വാസോഛ്വാസങ്ങള്‍ പോലും ഇടകലരുകയും ചെയ്യും. തന്നെയുമല്ല,  നമസ്‌കരിക്കുന്നവന്‍ ഏതു നിമിഷവും ചുമക്കാനോ തുമ്മാനോ ഉള്ള സാധ്യത നിലനില്‍ക്കുന്നു. ഇതാകട്ടെ രോഗകാരിയായ വൈറസ് പകരാനുള്ള പൂര്‍ണമായ സാധ്യത വര്‍ധിപ്പിക്കും.
തദടിസ്ഥാനത്തില്‍, മുകളിലുദ്ധരിച്ച പ്രമാണങ്ങളുടെയും 'നിങ്ങള്‍ നന്മയിലും തഖ്‌വയിലും പരസ്പരം സഹകരിക്കുക' (അല്‍മാഇദ 2) എന്ന സൂക്തത്തിന്റെയും വെളിച്ചത്തില്‍ ഈ മഹാവ്യാധി പടര്‍ന്നുകൊണ്ടിരിക്കുന്ന  പ്രദേശങ്ങളില്‍ ജുമുഅ ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങള്‍ നിര്‍ത്തിവെക്കാന്‍  ആഗോള മുസ്‌ലിം പണ്ഡിത സമിതി ആവശ്യപ്പെടുന്നു. ഏറെ ഭീതിജനകമാണ് ഈ രോഗവ്യാപനമെന്ന വിശ്വസനീയമായ വൈദ്യശാസ്ത്ര റിപ്പോര്‍ട്ടുകളുടെ പിന്‍ബലവും ഈ ഫത്‌വക്കുണ്ട്. രോഗം നിയന്ത്രണാധീനമാവുകയും വ്യാപന ഭീഷണി മറികടക്കുകയും ചെയ്തുവെന്ന് ഉത്തരവാദപ്പെട്ട വൈദ്യശാസ്ത്ര കേന്ദ്രങ്ങള്‍ ഉറപ്പുവരുത്തുന്നതു വരെ ഈ നിര്‍ത്തിവെക്കല്‍ തുടരേണ്ടതാണ്.
ഡോ. അഹ്മദ് അബ്ദുസ്സലാം റൈസൂനി
(പ്രസിഡന്റ്)
ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ ഖറദാഗി
(ജ. സെക്രട്ടറി)
ആഗോള മുസ്‌ലിം പണ്ഡിത സഭ
(അല്‍ ഇത്തിഹാദുല്‍ ആലമീ ലി ഉലമാഇല്‍ മുസ്‌ലിമീന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌