Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

ശാഹ് വലിയ്യുല്ലായും മൗലാനാ മൗദൂദിയും

ഡോ. ടി. തന്‍വീര്‍

ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയും(1703-1762) മൗലാനാ മൗദൂദിയും (1903-1979) രണ്ട് വ്യത്യസ്ത കാലങ്ങളില്‍ ഇന്ത്യയില്‍ ജീവിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകരുമാണ്. ഔറംഗസീബിനു(മ. 1707) ശേഷം ശിഥിലമായിക്കൊണ്ടിരുന്ന മുസ്‌ലിംഭരണത്തിനു കീഴിലായിരുന്നു ശാഹ് വലിയ്യുല്ലായുടെ  ജീവിതകാലം. ആഗോളതലത്തില്‍ ഖിലാഫത്തിന്റെയും ദേശീയതലത്തില്‍ മുഗള്‍ഭരണത്തിന്റെയും തകര്‍ച്ചക്കുശേഷം രൂപപ്പെട്ട ദേശീയതയുടെയും തുടര്‍ന്ന് വികസിച്ചുവന്ന വ്യത്യസ്ത രാഷ്ട്രനിര്‍മാണസങ്കല്‍പ്പങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു മൗദൂദിയുടെ ജീവിതകാലം. ഇരുവരുടെയും ചിന്തകളും നവോത്ഥാന പരിശ്രമങ്ങളും  ഒട്ടനവധി സമാനതകള്‍ പുലര്‍ത്തുന്നുണ്ട്. മാത്രമല്ല, ഇന്ത്യയില്‍ ഇസ്‌ലാമിക രാഷ്ട്രമീമാംസയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരാണ് ഇരുവരും. 
മൗലാനാ മൗദൂദിയെ അധികരിച്ച് പുറത്തിറങ്ങുന്ന പുസ്തകങ്ങളിലും പഠനങ്ങളിലും അദ്ദേഹത്തിന്റെ ചിന്തകളും നവോത്ഥാന ശ്രമങ്ങളും അവലോകനവിധേയമാകാറുണ്ട്. എന്നാല്‍, ശാഹ് വലിയ്യുല്ലായെ കുറിച്ചുള്ള രചനകളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ എടുത്തുദ്ധരിക്കുന്നതിനപ്പുറം കാര്യപ്രസക്തമായ അവലോകനങ്ങളിലേക്ക് കടക്കാറില്ല. ഉത്തരേന്ത്യന്‍ മദ്‌റസകളില്‍നിന്ന് പുറത്തിറങ്ങുന്ന ബിരുദധാരികളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കാറുള്ളതെന്നതാണ് അതിന്റെ കാരണം. ദൈവത്തിന്റെ വലിയ്യായി ശാഹ് വലിയ്യുല്ലായെ അവര്‍ കരുതുന്നതിനാല്‍ അദ്ദേഹത്തിന്റെ ചിന്തകളെ വല്ലാതെയൊന്നും നിരൂപണം നടത്താറില്ല. പകരം തങ്ങളുടെ കാഴ്ചപ്പാടുകളും ചിന്താധാരകളും അദ്ദേഹത്തിന്റെ ചിന്തകളുടെ തുടര്‍ച്ചയാണെന്ന് സ്ഥാപിക്കാനായിരിക്കും അവരുടെ ശ്രദ്ധ. വലിയ്യുല്ലായുടെ സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ പഠനം നടത്തിയ മുഹമ്മദുല്‍ ഗസ്സാലി, ജെ.എന്‍ ജല്‍ബാനി, സയ്യിദ് അത്തര്‍ അബ്ബാസ് റിസ്‌വി പോലുള്ളവര്‍ പോലും ഇസ്‌ലാമിന്റെ സാമൂഹികവും രാഷ്ട്രീയവുമായ  വീക്ഷണങ്ങള്‍ എടുത്തുദ്ധരിക്കുന്നതിനപ്പുറം അവയെ നിരൂപണം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല.
ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയെയും മൗലാനാ മൗദൂദിയെയും ഇതര പണ്ഡിതന്മാരില്‍നിന്ന് വ്യതിരിക്തമാക്കുന്നത് കാലഘട്ടത്തിന്റെ തേട്ടമനുസരിച്ച് ഇസ്‌ലാമികപ്രമാണങ്ങളെ അവര്‍ പുനര്‍വായനക്ക് വിധേയമാക്കി എന്നതാണ്. പക്ഷേ, ആധുനിക ഇസ്‌ലാമികചിന്തയുടെ പ്രമുഖ വക്താവായി മൗദൂദിയെ പരിഗണിക്കുന്നവര്‍ ശാഹ് വലിയ്യുല്ലായുടെ സംഭാവനകളെ പൊതുവെ അവഗണിക്കാറാണ് പതിവ്. എങ്കിലും, ആന്റണി ബ്ലാക്കിനെ പോലുള്ള പാശ്ചാത്യ ചിന്തകര്‍ ഇസ്‌ലാമികചിന്തയുടെ ആധുനികവല്‍ക്കരണം ആരംഭിക്കുന്നത് വലിയ്യുല്ലായില്‍നിന്നാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് (Antony Black, The History of Islamic Political Thought from the Prophet to the Present, Edinburg, 2011, p. 254). മൗദൂദി ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ തങ്ങളുടെ കാലത്തെ ജീര്‍ണതകള്‍ക്കെതിരെ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചവരാണ്. എന്നാല്‍, ശാഹ് വലിയ്യുല്ലാഹ് വ്യതിരിക്തനാവുന്നത് അഭിപ്രായവ്യത്യാസങ്ങളെ സമന്വയിപ്പിച്ച് വ്യത്യസ്തതകളെ അനുനയിപ്പിച്ച് മുന്നോട്ടുപോകാനുള്ള പ്രാവീണ്യംകൊണ്ടാണ്. വഹ്ദത്തുല്‍ വുജൂദ്, വഹ്ദത്തുശ്ശുഹൂദ് എന്നീ ആശയങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ത്വരീഖത്തുകള്‍ക്കിടയില്‍ ഉണ്ടാക്കിയ സമവായം കാരണമാണ് പില്‍ക്കാലത്ത് എല്ലാ ത്വരീഖത്തുകളും അദ്ദേഹത്തിന്റെ പിന്മുറ അവകാശപ്പെടാന്‍ ഇടയാക്കിയത്.
ശാഹ് വലിയ്യുല്ലായുടെ ജീവിതകാലത്ത് മുഗള്‍ഭരണം ദൈന്യാവസ്ഥയിലായിരുന്നു.  ധാര്‍മികച്യുതി, ഭരണരംഗത്തെ ഛിദ്രത, സാമൂഹിക അരാജകത്വം, സാമ്പത്തിക അസമത്വം, വംശീയ വടംവലി എന്നിവ സര്‍വസാധാരണമായിരുന്നു.  മുസ്‌ലിംകളുടെ അനൈക്യത്തിനും ഛിദ്രതക്കും കാരണം മതകീയാശയങ്ങളിലും ആചാരങ്ങളിലുമുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്നും അതിന്റെ കാരണക്കാര്‍ ലക്ഷ്യബോധവും ഉത്തരവാദിത്തബോധവും നഷ്ടപ്പെട്ട പണ്ഡിതനേതൃത്വമാണെന്നും ശാഹ് വലിയ്യുല്ലാ തിരിച്ചറിഞ്ഞു. അതിനാല്‍, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വാര്‍ത്തെടുക്കപ്പെട്ട ഒരു ആദര്‍ശ സമൂഹത്തിന്റെ പുനഃസൃഷ്ടിപ്പിലൂടെ  മാത്രമേ പ്രതിസന്ധികള്‍ തരണം ചെയ്യാനാവുകയുള്ളൂവെന്ന് അദ്ദേഹം സമര്‍ഥിച്ചു. 
അതിരുകവിഞ്ഞ ആത്മീയതയിലും അന്ധവിശ്വാസങ്ങളിലും വിഹരിച്ച മുസ്‌ലിംസമൂഹം ഖുര്‍ആനിനെ ഇതര ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നത് കൊടിയ പാപമായി  കണ്ടിരുന്ന കാലമായിരുന്നു. ഖുര്‍ആനിലധിഷ്ഠിതമായ ചര്‍ച്ചകളുടെ സ്ഥാനം സൂഫീ കവിതകള്‍ കൈയടക്കിയിരുന്നു. ശാഹ് വലിയ്യുല്ലായെ ഇത് ഏറെ അസ്വസ്ഥനാക്കി. ഇസ്‌ലാമിക പ്രബോധകര്‍ക്ക് പൊതുജനങ്ങളുടെ ഭാഷ(ലിസാനുല്‍ ഖൗം) അന്യമായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ചില അടിക്കുറിപ്പുകളോടെ ശാഹ് വലിയുല്ലാ 'ഫത്ഹു റഹ്മാന്‍ ഫീ തര്‍ജുമാനില്‍ ഖുര്‍ആന്‍' എന്ന പേരില്‍ അന്നത്തെ ഔദ്യോഗിക ഭാഷയായ പേര്‍ഷ്യനിലേക്ക് വിശുദ്ധ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നത്. മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനിലെ പല വിശദീകരണങ്ങളും അതിനോട് സമാനത പുലര്‍ത്തുന്നുണ്ട്. നിലനില്‍ക്കുന്ന ഇസ്‌ലാമിക ഭരണസംവിധാനം തകരാതെ നിലനിര്‍ത്തലോ അത് നിലവിലില്ലാത്തിടത്ത് പുതുതായി സ്ഥാപിക്കലോ ആണ് ഇഖാമത്തുദ്ദീന്‍ എന്ന സാങ്കേതികശബ്ദത്തിന്റെ വിവക്ഷയെന്ന് ശാഹ് വലിയ്യുല്ലാഹ് വിശദീകരിക്കുന്നുണ്ട്. പില്‍ക്കാലത്ത് മൗലാനാ മൗദൂദി അവതരിപ്പിച്ച ഇഖാമത്തുദ്ദീനും സമാന രീതിയിലായിരുന്നു. 
സൂഫികളുടെ ആഖ്യാനരീതിക്ക് സമാനമാണ് ശാഹ് വലിയ്യുല്ലായുടെ അവതരണശൈലി. പാശ്ചാത്യ(Eurocentric) വിജ്ഞാനങ്ങള്‍ ലോകത്ത് പ്രചരിക്കുന്നതിനുമുമ്പ് ഉത്തരേന്ത്യയില്‍ നിലനിന്ന പരമ്പരാഗത ശൈലിയാണത്. പാശ്ചാത്യവിജ്ഞാനങ്ങള്‍ ഏറെ പ്രചരിച്ച ഇരുപതാം നൂറ്റാണ്ടില്‍ മൗലാന മൗദൂദി ആധുനിക സാങ്കേതിക ശബ്ദങ്ങള്‍(Modern Terminologies) ഉപയോഗപ്പെടുത്തി ഇസ്‌ലാമിക പ്രമാണങ്ങള്‍ പുനര്‍വായിച്ചതിന് തത്തുല്യമായിട്ടാണ് വലിയ്യുല്ലായുടെ അവതരണശൈലിയെ കാണേണ്ടത്. മാത്രമല്ല, ഇര്‍തിഫാഖാത്ത് (ജൈവികസൃഷ്ടിയില്‍നിന്ന് സമഗ്രവ്യക്തിത്വത്തിലേക്കുള്ള മനുഷ്യന്റെ പരിണാമപ്രക്രിയ) പോലുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം ഖുര്‍ആന്‍ സൂക്തവും സുന്നത്തും ഉദ്ധരിക്കാതെ കേവലയുക്തിയെ മാത്രമാണ് ആശ്രയിക്കുന്നത്. ഈ ശൈലി അക്കാലത്ത് അചിന്തനീയമായിരുന്നു. 
ഇസ്‌ലാം സമ്പൂര്‍ണമാണെന്ന മൗദൂദിയുടെ പരാമര്‍ശം ശാഹ് വലിയ്യുല്ലായുടെ രചനകളില്‍ കാണാനാവില്ല. കാരണം, ഇസ്‌ലാമിനെ സംബന്ധിച്ച മതപരം, രാഷ്ട്രീയം എന്നീ വേര്‍തിരിവുകള്‍ അന്നുണ്ടായിരുന്നില്ല. വലിയ്യുല്ലായുടെ ചിന്തകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളെയും അനാവരണം ചെയ്യുന്നതാണ്. ഇര്‍തിഫാഖാത്ത് എന്ന കാഴ്ചപ്പാടിലൂടെ മനുഷ്യവളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അനുധാവനം ചെയ്യേണ്ട ഉദാത്തമായ മൂല്യങ്ങളെ മതാധ്യാപനങ്ങള്‍ ഉദ്ധരിക്കാതെ തന്നെ ശാഹ് വലിയ്യുല്ല അവതരിപ്പിക്കുന്നു. ഖിലാഫത്തിനെ മനുഷ്യനാഗരികതയുടെ സ്വാഭാവിക പ്രക്രിയയായാണ് അദ്ദേഹം കരുതുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മനുഷ്യന്റെ രാഷ്ട്രീയവളര്‍ച്ചയുടെ പ്രഥമഘട്ടം ഒരു നേതൃത്വത്തിനു(രാജാവ് അല്ലെങ്കില്‍ അമീര്‍) കീഴിലെ സംഘടിതജീവിതമാണ്. അങ്ങനെയുള്ള ഒന്നിലധികം പ്രദേശങ്ങള്‍ (മദീന) ഉണ്ടാകുമ്പോള്‍ രൂപപ്പെടുന്ന സംഘര്‍ഷങ്ങളും പകയും വിദ്വേഷവും മനുഷ്യന്റെ നാഗരികവളര്‍ച്ചക്ക് ഹാനികരമാണ്. അതിനാല്‍ ആ പ്രദേശങ്ങളെ സമന്വയിപ്പിക്കുന്ന പൊതുനേതൃത്വം (ഖലീഫ) സ്വാഭാവികമായും ഉണ്ടാവും. സ്വാഭാവിക പ്രക്രിയകള്‍ ഇസ്‌ലാമികമാകണമെന്നില്ല. അവയെ ഇസ്‌ലാമികമാക്കാനുള്ള ശ്രമം മുസ്‌ലിം സമൂഹത്തിന്റെ നിര്‍ബന്ധിത ബാധ്യതയാണ് (ഫര്‍ദ് കിഫായ). 
പില്‍ക്കാലത്ത് അല്ലാമാ ഇഖ്ബാലിന്റെയും മൗദൂദിയുടെയും ചിന്തകളില്‍ ഉരുത്തിരിഞ്ഞ ഫെഡറല്‍ സ്റ്റേറ്റ് എന്ന കാഴ്ചപ്പാട് ശാഹ് വലിയ്യുല്ലാ ചിന്തയുടെ ആധുനികരൂപമാണ്. മൗദൂദി പറയുന്നു: 'നാം ആഗ്രഹിക്കുന്നത് പാസ്സ്‌പോര്‍ട്ടും വിസയുമൊന്നുമില്ലാതെ അറ്റ്‌ലാന്റിക് സമുദ്രം മുതല്‍ പസിഫിക്‌വരെ യാത്ര ചെയ്യാന്‍ കഴിയുന്ന ആധുനിക ഇബ്‌നു ബത്തൂത്തമാര്‍ ഉണ്ടാകണമെന്നാണ്. ലോകത്തിന്റെ ഏതു കോണിലും ആര്‍ക്കും തൊഴിലവസരവും ജീവിത സൗകര്യങ്ങളുമുള്ള ഒരു സാമൂഹികാന്തരീക്ഷമായിരിക്കും അത് പ്രദാനം ചെയ്യുന്നത്' (The Message). പൊതുജനങ്ങളുടെ മുമ്പില്‍ പുത്തന്‍ വീക്ഷണങ്ങള്‍ തുറന്നിടുന്ന, ലോകത്തിന്റെ ഏതു ഭാഗത്തും ആര്‍ക്കും സഞ്ചരിക്കാനാവുന്ന, ഭരണാധികാരിയും മന്ത്രിയും മജിസ്‌ട്രേറ്റും എവിടെയും ആകാവുന്ന വിശാലമായ സാധ്യതകളുടെ വാതായനങ്ങളാണ് ഈ കാഴ്ചപ്പാട്. 
ശാഹ് വലിയ്യുല്ലാഹ് ഇര്‍തിഫാഖാത്തിനോടൊപ്പം ചേര്‍ത്തു പറയുന്ന ഇഖ്തിറാബാത്തിന്റെ ഉള്ളടക്കം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രത്യേകതയായി മൗദൂദി അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും അഭിപ്രായത്തില്‍ ഭരണാധികാരിയുടെയും ഉദ്യോഗസ്ഥരുടെയും  ഇസ്‌ലാമികമൂല്യങ്ങളുടെ അനുധാവനമാണ് രാഷ്ട്രീയമേഖലയുടെ ഇസ്‌ലാമികവല്‍ക്കരണത്തിന്റെ സുപ്രധാന ചുവടുവെപ്പ്. ദൈവഭയവും ഉത്തരവാദിത്തബോധവുമുള്ള ഭരണവര്‍ഗത്തിന്റെ സൃഷ്ടിപ്പിലൂടെ മാത്രമേ ഇസ്‌ലാമിക ഭരണം സാധ്യമാവുകയുള്ളൂ. ഇസ്‌ലാമിക രാഷ്ട്രനിര്‍മാണത്തിന്റെ പ്രാധാന്യം സൂചിപ്പിക്കാന്‍ ശാഹ് വലിയ്യുല്ലാഹ് അവതരിപ്പിക്കുന്ന തെളിവുകള്‍ മൗലാനാ മൗദൂദിയുടേതില്‍നിന്നും വ്യത്യസ്തമാണെങ്കിലും, ഇരുവരും  രാഷ്ട്രനിര്‍മാണം മുസ്‌ലിംസമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യതയായാണ് കാണുന്നത്. ശാഹ് വലിയ്യുല്ലായുടെ അഭിപ്രായത്തില്‍ പ്രവാചകനെ മൂന്നു രീതിയിലാണ് മുസ്‌ലിം സമുദായം പിന്തുടരാറുള്ളത്. ഇസ്‌ലാമിക പ്രബോധനം (തബ്‌ലീഗ്), മതാധ്യാപനം (തഅ്‌ലീം), മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണം (തസ്‌കിയ) തുടങ്ങിയ മേഖലകളില്‍ പ്രവാചകനെ പിന്‍പറ്റുന്നവര്‍ അദ്ദേഹത്തിന്റെ ആത്മീയ പിന്‍ഗാമികളും (Spiritual Successors/Khilafah Batinah) ഭരണരംഗം ഇസ്‌ലാമികമാക്കാന്‍ പരിശ്രമിക്കുകയോ നിലവിലുള്ള ഇസ്‌ലാമികഭരണം ശരീഅത്തനുസരിച്ച് കൊണ്ടുപോകാന്‍ പരിശ്രമിക്കുകയോ ചെയ്യുന്നവര്‍ ഐഹിക പിന്‍ഗാമികളുമാണ് (Temporal Successors/Khilafah al-Zahirah). ഇരു മേഖലകളെയും സന്തുലിതമായി സമന്വയിപ്പിച്ചു  മുന്നോട്ടു കൊണ്ടുപോകുന്നവര്‍ മാത്രമാണ് പ്രവാചകന്റെ യഥാര്‍ഥ പിന്‍ഗാമികള്‍(Absolute Successors/Khilafah al-Mutlaqah). അതിനാല്‍, ജീവിതത്തെ സമ്പൂര്‍ണമായി പ്രവാചകപാഠങ്ങള്‍ക്കു വിധേയമാക്കി ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മൗദൂദി പ്രവാചകനെ സമ്പൂര്‍ണമായി പിന്തുടരുന്നതിന്റെ ആവശ്യകത ആവര്‍ത്തിച്ച് ഉണര്‍ത്തുന്നുണ്ടെങ്കിലും, സമാന രീതിയില്‍ ഖിലാഫത്തിനെ വേര്‍തിരിക്കുന്നത് കാണാന്‍ സാധിക്കുന്നില്ല. മതചിന്തകളെ ആധുനികത വിഴുങ്ങിക്കൊണ്ടിരുന്ന കാലത്ത് സമഗ്രമായ ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ വക്താവായതുകൊണ്ടാകാം അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്.
ശാഹ് വലിയ്യുല്ലായെയും മൗലാനാ മൗദൂദിയെയും നിരന്തരം അലട്ടിയിരുന്ന ഒരു പ്രധാന ചിന്ത, അതത് കാലത്ത് ഇസ്‌ലാമിനെ എങ്ങനെ ശക്തിപ്പെടുത്താം എന്നതായിരുന്നു. നിലവിലെ മുസ്‌ലിം ഭരണത്തെ തകര്‍ത്തുകൊണ്ട് ഇസ്‌ലാമികഭരണം അപ്രായോഗികമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് മറാത്തകള്‍, സിഖുകള്‍, രജപുത്രര്‍, ജാട്ടുകള്‍ എന്നിവരില്‍നിന്ന് മുഗള്‍സാമ്രാജ്യം നിരന്തരം നേരിട്ട വെല്ലുവിളികളെ നേരിടാന്‍ ആവശ്യപ്പെട്ട് അഫ്ഗാനിസ്താനിലെ അഹ്മദ് ശാഹ് അബ്ദാലി, ഹൈദറാബാദിലെ നൈസാമുല്‍ മുല്‍ക്, റോഹിങ്ക്യന്‍ തലവന്‍ നജീബുദ്ദൗല തുടങ്ങിയ പ്രമുഖര്‍ക്ക് ശാഹ് വലിയ്യുല്ല നിരന്തരം കത്തുകളയച്ചത്. 'ശാഹ് വലിയ്യുല്ലാ കി സിയാസി മക്തൂബാത്ത്' എന്ന പേരില്‍ ക്രോഡീകരിക്കപ്പെട്ട ആ കത്തുകള്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അവസ്ഥകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഈ എഴുത്തുകളാണ് മറാത്താസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിച്ച 1961-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിന് കാരണമായതും മുഗള്‍ഭരണം ഒരു നൂറ്റാണ്ട്കൂടി ഇന്ത്യയില്‍ തുടര്‍ന്നതും. യുദ്ധത്തിന്റെ യഥാര്‍ഥ ഫലം ഉപയോഗപ്പെടുത്തിയത് ബ്രിട്ടീഷുകാരാണെന്നു മാത്രം. ഇങ്ങനെ, മുഗള്‍ സാമ്രാജ്യത്തെ അനിസ്‌ലാമിക ശക്തികളുടെ സമ്മര്‍ദങ്ങളില്‍നിന്ന് മുക്തമാക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ നടത്തുന്നതോടൊപ്പം അക്കാലത്തെ ഭരണകര്‍ത്താക്കള്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും പണ്ഡിതനേതൃത്വങ്ങള്‍ക്കും കത്തുകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും കൃത്യമായ ഇസ്‌ലാമികബോധം പകര്‍ന്നുനല്‍കാന്‍ ശാഹ് വലിയ്യുല്ല നിരന്തരം പരിശ്രമിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ മൗലാനാ മൗദൂദി ഹൈദറാബാദിലെ നൈസാമുമാരോടും പിന്നീട് പാകിസ്താനിലെ ഭരണാധികാരികളോടും സ്വീകരിച്ച നിലപാടുകള്‍ ഇസ്‌ലാമിനെ എങ്ങനെ ശക്തിപ്പെടുത്താമെന്ന ചിന്തയില്‍നിന്ന് ഉരുത്തിരിഞ്ഞതായിരുന്നു.
ശാഹ് വലിയ്യുല്ലായും മൗലാനാ മൗദൂദിയും ലോകത്തിന് മാതൃകയായി അവതരിപ്പിക്കുന്നത് ഖുലഫാഉര്‍റാശിദുകളുടെ ഭരണസംവിധാനമാണ്. എന്നാല്‍, മൗലാനാ മൗദൂദിയെപ്പോലെ ശാഹ് വലിയ്യുല്ലാ ശൂറാസംവിധാനത്തിന് വല്ലാതെ ഊന്നല്‍ നല്‍കുന്നില്ല. എങ്കിലും, പണ്ഡിതന്മാരോടും ഉന്നതോദ്യോഗസ്ഥരോടും ഭരണാധികാരിയെ ഉപദേശിക്കാന്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. മൗദൂദി അവതരിപ്പിക്കുന്ന ശൂറാ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം അവശ്യസന്ദര്‍ഭങ്ങളില്‍ ഭരണാധികാരിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കലും കൂടിയാലോചനകളില്‍ പങ്കാളിയാകലുമാണ്. അവസാന തീരുമാനം ഭരണാധികാരിയുടേതാണെന്നതിനാല്‍ ശൂറായുടെ തീരുമാനത്തിന് വിരുദ്ധമായി ഖലീഫ അബൂബക്ര്‍ സിദ്ദീഖ് (റ) സ്വീകരിച്ച രണ്ട് തീരുമാനങ്ങള്‍ 'ഇസ്‌ലാമീ രിയാസത്' എന്ന ഗ്രന്ഥത്തില്‍ മൗദൂദി ചൂണ്ടിക്കാണിക്കുന്നുണ്ട്. 
ഇസ്‌ലാമിക അധ്യാപനങ്ങളിലധിഷ്ഠിതമായി ജീവിതത്തിന്റെ സര്‍വ മേഖലകളുടെയും പുനര്‍നിര്‍മാണമാണ് ശാഹ് വലിയ്യുല്ലായും മൗദൂദിയും ഇസ്‌ലാമിക ഭരണസംവിധാനത്തിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാമികരാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്മാരുമായി ബന്ധപ്പെട്ട് സമഗ്രമായ ചിന്തകള്‍ മൗലാനാ മൗദൂദി അവതരിപ്പിക്കുമ്പോള്‍, ശാഹ് വലിയ്യുല്ലായുടെ ചിന്തകള്‍ ജിസ്‌യയുമായി ബന്ധപ്പെട്ട പരമ്പരാഗത ചര്‍ച്ചകള്‍ക്കപ്പുറം കടന്നിട്ടില്ല. അതിനു കാരണം, ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരുപതാം നൂറ്റാണ്ടിലേതു പോലെ പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്നില്ല എന്നതാണ്. 
കാലദേശഭേദങ്ങള്‍ക്കതീതമായി ലോകം അംഗീകരിക്കുന്ന സ്വാതന്ത്ര്യം, വിവേകം, പൗരുഷം, ധീരത തുടങ്ങിയ ഗുണങ്ങളാണ് ഖലീഫയുടെ യോഗ്യതയായി ശാഹ് വലിയ്യുല്ലായും മൗദൂദിയും കാണുന്നത്. പക്ഷേ, ഭരണാധികാരം ആഗ്രഹിക്കുന്നവര്‍ അതിന് യോഗ്യരല്ലെന്ന മൗദൂദിയുടെ നിലപാടിന് വിരുദ്ധമാണ് ശാഹ് വലിയ്യുല്ലായുടെ കാഴ്ചപ്പാട്. മുആവിയയുടെ സ്ഥാനാരോഹണരീതി മൗദൂദി നിരാകരിക്കുമ്പോള്‍ ശാഹ് വലിയ്യുല്ല അംഗീകരിക്കുന്നു. അതിന്റെ കാരണം മുഗള്‍കാലത്ത് അത്തരം സ്ഥാനാരോഹണങ്ങള്‍ സര്‍വസാധാരണമായിരുന്നു എന്നതും അവയെ എതിര്‍ക്കുന്നത് മുസ്‌ലിം ഭരണത്തിന്റെ തകര്‍ച്ചക്ക് കാരണമാകും എന്നതുമാണ്. മുന്‍കാല പണ്ഡിതരെപ്പോലെ ശാഹ് വലിയ്യുല്ലായും ഭരണാധികാരി ഖുറൈശികളില്‍പെട്ട ആളായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നുണ്ട്. എന്നാല്‍, മൗലാനാ മൗദൂദി കുടുംബ പാരമ്പര്യത്തിനും തറവാടിത്തത്തിനും ഒരു പരിഗണനയും നല്‍കുന്നില്ല. സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനോട് ഇരുവരും യോജിക്കുന്നില്ലെങ്കിലും, മൗലാനാ മൗദൂദി 1965-ലെ തെരഞ്ഞെടുപ്പില്‍ ഫാത്വിമ ജിന്നയെ പിന്തുണച്ചതിനെ, പ്രായോഗിക രാഷ്ട്രീയത്തില്‍ അവശ്യമെങ്കില്‍ ചില വിട്ടുവീഴ്ചകളാകാമെന്ന സന്ദേശമാണ് നല്‍കുന്നത്.
ശാഹ് വലിയ്യുല്ലായുടെയും മൗലാനാ മൗദൂദിയുടെയും ചിന്തകള്‍ ഇസ്‌ലാമിന്റെ പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടതിനാല്‍ ധാരാളം സമാനതകള്‍ പുലര്‍ത്തുന്നുണ്ട്. എങ്കിലും, കാലഘട്ടത്തിന്റെ തേട്ടമനുസരിച്ച് അവരുടെ അവതരണരീതികളും പ്രവര്‍ത്തനശൈലികളും വ്യത്യസ്തമാണ്. സമഗ്രവും സമ്പൂര്‍ണവുമായ ഒരു ഇസ്‌ലാമിനെ പരമ്പരാഗത പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ശാഹ് വലിയ്യുല്ലാ വിശദീകരിച്ചപ്പോള്‍ യൂറോപ്പില്‍ രൂപപ്പെട്ടുവന്ന ആധുനിക സാങ്കേതികശബ്ദങ്ങളെ ഇസ്‌ലാമികവല്‍ക്കരിക്കാനാണ് മൗദൂദി ശ്രമിച്ചത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌