സഹജീവിതത്തിന്റെ ഇസ്‌ലാമിക പൈതൃകം
മുഹമ്മദ് നബിയുടെ പ്രബോധനം ആരംഭിച്ച അന്നുമുതലേ ഇസ്‌ലാമിന്റെ സന്ദേശം സാര്‍വലൗകികമായിരുന്നു. വ്യത്യസ്ത മതങ്ങളുടെയും ജനവിഭാഗങ്ങളുടെയും മിശ്രിത സമൂഹമായി പെട്ടെന്ന് മദീന രൂപാന്തരപ്പെട്ടു. മുസ്‌ലിംകളും ജൂതന്മാരും ബഹുദൈവ വിശ്വാസികളും കപടവിശ്വാസികളും ആ സമൂഹത്തിലുണ്ടായിരുന്നു. ഇമാം ബാജി (മരണം ഹി: 474) രേഖപ്പെടുത്തിയപോലെ അവരുടെ മതപരവും രാഷ്ട്രീയവുമായ നേതൃത്വം കൈവന്ന നബി(സ) മദീനാ ഭരണഘടനക്ക് രൂപം നല്‍കി. മതത്തിനും വംശീയതക്കും പകരം, പൗരത്വത്തെയായിരുന്നു മദീനാ രാഷ്ട്രം അടിസ്ഥാനമാക്കിയത്.
'മതത്തില്‍ ബലാല്‍ക്കാരമേയില്ല' എന്ന തത്ത്വത്തെ മുന്‍നിര്‍ത്തിയും വിശ്വാസപരവും സാമൂഹികവുമായ ഖുര്‍ആനിക വീക്ഷണങ്ങളിലൂന്നിയും പുതിയ രാഷ്ട്രം മുന്നോട്ടു പോയി. 'മതത്തിന്റെ കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നിങ്ങള്‍ പുണ്യം ചെയ്യുന്നതോ അവരോട് നിങ്ങള്‍ നീതിയില്‍ വര്‍ത്തിക്കുന്നതോ അല്ലാഹു നിങ്ങള്‍ക്ക് വിലക്കുന്നില്ല.' എന്ന ഖുര്‍ആനിക ആശയം മദീനാ സമൂഹത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചു. നബി(സ) രോഗികളായ യഹൂദന്മാരെ സന്ദര്‍ശിച്ചു, അവരുടെ മൃതദേഹങ്ങളോട് ബഹുമാനാദരവുകള്‍ പ്രകടിപ്പിച്ചു. അവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി (ബുഖാരി). ക്രൈസ്തവരായ അതിഥികള്‍ക്ക് നബിയുടെ പള്ളിയില്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ഇമാം ഇബ്‌നുല്‍ഖയ്യിം (മ: ഹി. 751) എഴുതുന്നു: 'ഹി. 9-ാം വര്‍ഷം പതിനാലു പുരുഷന്മാരടങ്ങുന്ന നജ്‌റാന്‍ ക്രൈസ്തവര്‍ക്ക് നബി(സ) തന്റെ പള്ളിയില്‍ ആതിഥ്യമരുളുകയും അവരുടെ പ്രാര്‍ഥനകള്‍ക്ക് പള്ളിയില്‍ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു എന്നത് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടാണ്. വേദവിശ്വാസികള്‍ക്ക് മുസ്‌ലിംകളുടെ പള്ളിയില്‍ പ്രവേശിക്കാമെന്ന് ഇതില്‍നിന്ന് വ്യക്തമായി.' നബി പ്രസ്താവിച്ചതായി ഇമാം ദഹബി (മ. ഹി. 749) ഇബ്‌നു ഉമറില്‍നിന്ന് ഉദ്ധരിക്കുന്നു: ''നിങ്ങള്‍ ജൂത-ക്രൈസ്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, 'അല്ലാഹു താങ്കളുടെ സമ്പത്തും സന്താനവും വര്‍ധിപ്പിച്ചുതരട്ടെ' എന്നു പറയുക.''
ഇസ്‌ലാമിക രാഷ്ട്രത്തിലെ മുസ്‌ലിംകള്‍ ഈ നിലപാടായിരുന്നു വിവിധ മതവിഭാഗങ്ങളോട് സ്വീകരിച്ചിരുന്നത്. മുസ്‌ലിം സമൂഹം രോഗാതുരമാവാതെ സാംസ്‌കാരിക സുഗന്ധം പ്രസരിപ്പിച്ചിരുന്ന കാലങ്ങളിലെല്ലാം ഇത് തുടര്‍ന്നുപോന്നു. ഇസ്‌ലാം കടന്നു ചെന്ന എല്ലാ രാജ്യങ്ങളിലും തദ്ദേശീയര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം നല്‍കുകയുണ്ടായി, സ്വത്തിന് സംരക്ഷണവും. ആരാധനാലയങ്ങള്‍ക്കും മതചിഹ്നങ്ങള്‍ക്കും പവിത്രത കല്‍പിച്ചു. താന്താങ്ങളുടെ ജീവിതത്തില്‍ ഇതര മതസ്ഥരുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടാവാതിരിക്കാന്‍ കണിശത പുലര്‍ത്തി. യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും പ്രത്യേക ന്യായാധിപന്മാര്‍ ഉണ്ടായിരുന്നു. 'അന്നാജിദ്' എന്ന സാങ്കേതിക നാമത്തിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
ഇമാം ഇബ്‌നു കസീര്‍ (മ. ഹി. 774) തന്റെ അല്‍ബിദായഃ വന്നിഹായഃയില്‍ എഴുതുന്നു: ''മുസ്‌ലിംകളും ക്രൈസ്തവരും ഏഴു ദശാബ്ദക്കാലം ദമസ്‌കസിലെ ഒരേയൊരു ആരാധനാലയത്തില്‍ വെച്ചായിരുന്നു ആരാധനകള്‍ നടത്തിയിരുന്നത്. ആരാധനാലയത്തിന്റെ പകുതി പള്ളിയും പകുതി ചര്‍ച്ചുമായിരുന്നു. ഒരേ വാതിലിലൂടെയായിരുന്നു ഇരുവിഭാഗവും അകത്ത് കടന്നിരുന്നത്. ക്രൈസ്തവര്‍ പടിഞ്ഞാറു ഭാഗം വഴി ചര്‍ച്ചിലേക്കും മുസ്‌ലിംകള്‍ വലതുവശം വഴി പള്ളിയിലേക്കും പോകും. പിന്നീട് ഇരുവിഭാഗവും ധാരണയിലെത്തിയതനുസരിച്ച്, ഹി. 86-ല്‍ അത് മുസ്‌ലിംകളുടെ പള്ളി മാത്രമാക്കാന്‍ തീരുമാനമായി. അത് ചരിത്രത്തില്‍ അറിയപ്പെടുന്നത് 'അല്‍ ജാമിഉല്‍ ഉമവി' (ഉമവി പള്ളി) എന്ന പേരിലാണ്.''
ഹി. രണ്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ നീതിയിലധിഷ്ഠിതമായ സാമൂഹിക ബന്ധങ്ങള്‍ക്ക് ഊനം തട്ടി. രാഷ്ട്രീയ കുഴപ്പങ്ങളും സാമൂഹിക പ്രതിസന്ധികളും അക്രമങ്ങള്‍ പടരാന്‍ ഇടയാക്കി. ആഭ്യന്തരൈക്യം ശിഥിലമായി. ബൈസാന്റിയന്‍ (റോം) ആക്രമണങ്ങളുടെയും കുരിശുസേനകളുടെ കടന്നുകയറ്റങ്ങളുടെയും ആന്തിലേഷ്യയിലെ ക്രൈസ്തവര്‍ നടത്തിയ യുദ്ധങ്ങളുടെയും ഫലമായി ഹി. നാലാം നൂറ്റാണ്ടില്‍ സാമൂഹിക ബന്ധങ്ങള്‍ അത്യന്തം വഷളായ നിലയിലെത്തി.
പരസ്പരം പങ്കുവെക്കുന്ന ശിഷ്യത്വം
മുസ്‌ലിംകളും ഇതര മതസ്ഥരും തമ്മിലുള്ള സഹജീവിതത്തിന്റെ ആദ്യ സൂചനകള്‍ വൈജ്ഞാനിക മേഖലകളിലെ ആദാനപ്രദാനങ്ങളിലാണ് നമുക്ക് കാണാനാവുക. തുടക്കകാലത്ത് ധാരാളം മുസ്‌ലിംകള്‍, ഇസ്‌ലാമികാധ്യാപനങ്ങളുമായി ഏറ്റുമുട്ടാത്ത വിജ്ഞാനീയങ്ങള്‍ യഹൂദ-ക്രൈസ്തവ പണ്ഡിതന്മാരില്‍നിന്ന് അഭ്യസിക്കുകയുണ്ടായി. ഉദാഹരണമായി, മുഖാതിലുബ്‌നു സുലൈനല്‍ ബല്‍ഖീ (മ. ഹി. 150) ഖുര്‍ആനുമായി യോജിക്കുന്ന വിവരങ്ങള്‍ യഹൂദ-ക്രൈസ്തവരില്‍നിന്ന് പഠിച്ചിരുന്നു. ഹി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച മുഹമ്മദുബ്‌നു ഇസ്ഹാഖ് (മ. ഹി. 150) യഹൂദ- ക്രൈസ്തവരില്‍നിന്ന് ഉദ്ധരിക്കുകയും അവരെ 'പ്രഥമവിജ്ഞാനത്തിന്റെ ആളുകള്‍' (അഹ്‌ലുല്‍ ഇല്‍മില്‍ അവ്വല്‍) എന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അബ്ബാസി ഖലീഫ മുതവക്കില്‍ (മ. ഹി. 247) ഹി. 235-ല്‍ അമുസ്‌ലിംകളുമായി ബന്ധപ്പെട്ട വിവേചനപരമായ നിയമങ്ങള്‍ കൊണ്ടുവരികയും വിദ്യാലയങ്ങളില്‍ മുസ്‌ലിം പഠിതാക്കളെ മുസ്‌ലിം അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതിയെന്ന് ഉത്തരവിടുകയും ചെയ്തു. അതുവരെ സഹവിദ്യാലയങ്ങളാണുണ്ടായിരുന്നത് എന്നതിന് ഇത് തെളിവാണ്.
പ്രസിദ്ധ ക്രൈസ്തവ ഭിഷഗ്വരന്‍ യഹ്‌യബ്‌നു ജസ്‌ലഃ (മ. ഹി. 493) മുഅ്തസിലീ പണ്ഡിതനായ അബൂ അലി ഇബ്‌നുല്‍ വലീദിന്റെ ശിഷ്യനായിരുന്നു. ശാഫിഈ പണ്ഡിതനായിരുന്ന അബൂ മുഹമ്മദ് അല്‍ ഗനവീ അന്നസ്വീബീ(മ. ഹി. 660)യുടെ വീട്ടില്‍ മുസ്‌ലിംകളും ജൂതന്മാരും ക്രൈസ്തവരും സാമിരി വിഭാഗങ്ങളും ഒരുപോലെ വിദ്യ തേടി എത്തിയിരുന്നു.
ശാഫിഈ പണ്ഡിതനായ ശംസുദ്ദീന്‍ മുഹമ്മദുബ്‌നു യൂസുഫ് അല്‍ ജസരീ (മ. ഹി. 711) മുസ്‌ലിംകളുടെ എന്ന പോലെ യഹൂദ-ക്രൈസ്തവ വിഭാഗങ്ങളുടെയും അധ്യാപകനായിരുന്നു. കൈറോയിലെ ത്വൂലൂനി ജുമാമസ്ജിദിലെ ഖത്വീബായിരുന്ന ഇദ്ദേഹം തഖിയ്യുദ്ദീന്‍ സുബ്കിയുടെ ഗുരുവായിരുന്നു. ജൂത മതനേതാവായിരുന്ന അബ്ദുസ്സയ്യിദു ബ്‌നു ഇസ്ഹാഖ് ഇസ്‌റാഈലി (മ. ഹി. 715) മുസ്‌ലിംകളെ കൂടുതല്‍ ഇഷ്ടപ്പെടുകയും ഹദീസ് പഠനവേദികളില്‍ വന്നു പഠിക്കുകയും ചെയ്തിരുന്നു. ഇമാം മിസ്സിയുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ഒടുവില്‍ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ചില ജൂതരും ക്രൈസ്തവരും സ്വൂഫി സദസ്സുകളില്‍ ശ്രോതാക്കളായി പങ്കെടുത്തിരുന്നു. ഹരീരിയ്യ സ്വൂഫീവിഭാഗത്തിന്റെ നേതാവ് അബുല്‍ ഹസന്‍ അല്‍ ഹരീരി (മ. ഹി. 645) ഇതര വിഭാഗങ്ങള്‍ക്കു മുന്നില്‍ വാതിലടക്കരുതെന്ന് വിലക്കിയിരുന്നതായി ഇമാം ദഹബി രേഖപ്പെടുത്തുന്നു.
പ്രതിസന്ധികളില്‍ ഐകമത്യം
പ്രജകള്‍ക്കെതിരെ, വിശിഷ്യാ മുസ്‌ലിമേതര പ്രജകള്‍ക്കെതിരെ ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടാവുന്ന അതിക്രമങ്ങളെ പണ്ഡിതന്മാരും ന്യായാധിപന്മാരും ഒറ്റക്കെട്ടായി ചെറുത്തത് സഹവര്‍ത്തിത്വത്തിന്റെ മഹത്തായ മാതൃകയാണ്. ഇപ്പോള്‍ ദഖ്ഹലിയ്യയില്‍ സ്ഥിതിചെയ്യുന്ന ബുശ്മൂര്‍ ഗ്രാമത്തിലെ കോപ്റ്റിക് വംശജര്‍, അബ്ബാസി ഖലീഫ മഅ്മൂനെതിരെ ഹി. 216-ല്‍ വിപ്ലവത്തിനിറങ്ങിയപ്പോള്‍, മുഖ്യ ന്യായാധിപനായിരുന്ന ഹാരിസുബ്‌നു മിസ്‌കീനിനോട് (മ. ഹി. 250) അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ മഅ്മൂന്‍ (മ. ഹി. 215) ഫത്‌വ ആവശ്യപ്പെടുകയുണ്ടായി. 'അവരോട് യുദ്ധം അനുവദനീയമല്ല' എന്നു പറഞ്ഞ് ഹാരിസ് ആവശ്യം നിരസിച്ചു. അധിക്ഷേപമായിരുന്നു, ഇതിന് മഅ്മൂനിന്റെ പ്രതികരണം. ഹി. 721-ല്‍ കൈറോയില്‍ കുഴപ്പങ്ങളുണ്ടായപ്പോള്‍ ചിലര്‍ ചര്‍ച്ചുകള്‍ ഉപരോധിച്ചു. അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരി ന്യായാധിപന്മാരോട് ആവശ്യപ്പെട്ടതായി ഇബ്‌നുല്‍ വര്‍ദി രേഖപ്പെടുത്തുന്നു.
വിവിധ ക്രൈസ്തവ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ മുസ്‌ലിം പോലീസുകാര്‍ ഇടപെട്ട് ശാന്തമാക്കിയിരുന്നതായി സ്വിസ് ഓറിയന്റലിസ്റ്റ് ആദം മെസ് (Adam Mez മ. ക്രി. 1917) പറയുന്നു. പത്തംഗങ്ങളുള്ള ക്രൈസ്തവ ഗ്രൂപ്പുകള്‍ക്കു പോലും ഖലീഫ മഅ്മൂന്‍ മതസ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ ക്രൈസ്തവ നേതൃത്വങ്ങള്‍ അതിനെതിരെ പ്രതിഷേധിക്കുകയുണ്ടായി. പല വന്‍ ഇസ്‌ലാമിക നഗരങ്ങളിലും ഭരണകൂട പീഡനങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതില്‍ എല്ലാ മതവിഭാഗങ്ങളും പങ്കെടുത്തുപോന്നു. അതത് വിഭാഗങ്ങള്‍ തങ്ങളുടെ വിശുദ്ധ ഗ്രന്ഥം കൈകളിലേന്തി ദമസ്‌കസില്‍ പ്രതിഷേധിക്കുകയും ഉമവി പള്ളിയുടെ അകത്തുവെച്ച് തങ്ങളുടേതായ പ്രാര്‍ഥനകള്‍ നടത്തുകപോലുമുണ്ടായി.
ഹി. 363-ല്‍ ഈജിപ്തിലെ ഫാത്വിമീ സേനയുടെ നായകനായ അബൂ മഹ്മൂദ് ഇബ്‌റാഹീമുബ്‌നു ജഅ്ഫര്‍ അല്‍ ബര്‍ബരി അല്‍ കത്താമി കലാപകലുഷിതമായ ദമസ്‌കസില്‍ സൈനിക നീക്കങ്ങള്‍ നടത്തുകയുണ്ടായി. തദവസരം സമാധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംകള്‍ മുസ്വ്ഹഫുകളും ക്രൈസ്തവര്‍ ഇഞ്ചീലും ജൂതന്മാര്‍ തൗറാത്തും തുറന്നുപിടിച്ച് പള്ളിയില്‍ സമ്മേളിക്കുകയും പ്രാര്‍ഥിക്കുകയും വേദഗ്രന്ഥങ്ങള്‍ തലക്കു മീതെ തുറന്നുപിടിച്ച് നഗരത്തില്‍ പ്രകടനം നടത്തുകയും ചെയ്തതായി ചരിത്രകാരനായ മഖ്‌രീസി (മ. ഹി. 845) രേഖപ്പെടുത്തിയിട്ടുണ്ട്.
ബുവൈഹി മന്ത്രിയായിരുന്ന അബുല്‍ ഫദ്ല്‍ അശ്ശീറാസി (ഇദ്ദേഹം മന്ത്രിപദത്തില്‍നിന്ന് ഹി. 362-ല്‍ നീക്കം ചെയ്യപ്പെടുകയും അതിന്റെ തൊട്ടുടനെ മരിക്കുകയും ചെയ്തു) ജനദ്രോഹ നടപടികള്‍ കൈക്കൊണ്ടപ്പോള്‍ പള്ളികളിലും ജൂത ദേവാലയങ്ങളിലും ക്രൈസ്തവ പള്ളികളിലും പ്രാര്‍ഥനകള്‍ നടന്നു. ഫാത്വിമീ ഖലീഫ ഹാകിം ബി അംരില്ലാഹ് (മ. ഹി. 411) ഹി. 395-ല്‍ ഈജിപ്തില്‍ പ്രജകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചപ്പോള്‍ കത്താമി വിഭാഗക്കാരും എഴുത്തുകാരും തൊഴിലാളികളും സൈന്യവും കച്ചവടക്കാരുമെല്ലാം സംഘടിച്ച് രംഗത്തിറങ്ങുകയുണ്ടായി. ഈ സംഭവം ഉദ്ധരിച്ച മഖ്‌രീസി, മുസ്‌ലിംകള്‍ക്കും യഹൂദികള്‍ക്കും ക്രൈസ്തവര്‍ക്കും പ്രത്യേകം പ്രത്യേകം മാപ്പുരേഖ കൈമാറിയതായും എഴുതുന്നു.
ഹി. 394-ല്‍ ഫാത്വിമീ രാഷ്ട്രത്തിലെ ഉത്തരവാദപ്പെട്ട ഒരു ക്രൈസ്തവ നേതാവ് ശാമിലെ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമനടപടികള്‍ നിര്‍ത്തി വെക്കാന്‍ ഫാത്വിമീ ഖലീഫയുടെ സഹോദരി സിത്തുല്‍ മലികുമായുള്ള തന്റെ സുദൃഢബന്ധം ഉപയോഗപ്പെടുത്തി, അവര്‍ക്ക് കത്തയക്കുകയുണ്ടായി. കത്തു കിട്ടിയ പടി ഖലീഫയുടെ സഹോദരി വിഷയം സഹോദരന്റെ ശ്രദ്ധയില്‍പെടുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ദുഃഖാചാരങ്ങള്‍
വ്യത്യസ്ത മതസമൂഹങ്ങള്‍ യുദ്ധാവസരങ്ങളിലും ദുഃഖവേളകളിലും ഐക്യബോധത്തോടെ സഹജീവിച്ചുപോന്നതിന്റെ ധാരാളം മാതൃകകള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. മരണാനന്തര ചടങ്ങുകളില്‍ ഇത് വളരെ പ്രകടമായിരുന്നു. യുദ്ധവേളകളില്‍ ആര്‍ത്തന്മാര്‍ക്ക് അഭയം നല്‍കാന്‍ എല്ലാവരും സഹകരിച്ചു. ഇവയില്‍ ഏറ്റവും പഴയതും ശ്രദ്ധേയവുമാണ് പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇബ്‌നു അബീശൈബ (മ. ഹി. 297) ഇമാം ശഅ്ബി(മ. ഹി. 106)യില്‍നിന്ന് ഉദ്ധരിക്കുന്ന സംഭവം. ഹാരിസുബ്‌നു അബ്ദില്ലാഹിബ്‌നി അബീ റബീഅല്‍ മഖ്‌സൂമിയുടെ ക്രൈസ്തവയായ മാതാവ് മരിച്ചപ്പോള്‍ മുസ്‌ലിംകള്‍ അവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയുണ്ടായി. മക്കയില്‍വെച്ച് മരിച്ച അവരുടെ പേര് സബ്ഹാഉല്‍ ഹബ്ശിയ്യഃ എന്നായിരുന്നു.
പ്രമുഖ പണ്ഡിതനും വൈരാഗിയുമായിരുന്ന മന്‍സ്വൂറുബ്‌നു സാദാന്‍ അല്‍ വാസിത്വി ഹി. 128-ല്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജനാസയില്‍ ജൂതന്മാരും ക്രൈസ്തവരും മജൂസികളും പങ്കെടുക്കുകയുണ്ടായി. അവരില്‍ പലരും കരയുന്നുണ്ടായിരുന്നു. ഇമാം ഔസാഈ(മ. ഹി. 157)യുടെ ജനാസയില്‍ ധാരാളം ജൂതന്മാരും ക്രൈസ്തവരും കോപ്റ്റിക് വംശജരും പങ്കെടുത്തതായി ഇബ്‌നു അസാകിര്‍ രേഖപ്പെടുത്തുന്നു. ഹി. രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായിരുന്ന ഇമാം ഫസാരി (മ. ഹി. 186) നിര്യാതനായപ്പോള്‍ ദുഃഖം കാരണം ജൂതരും ക്രൈസ്തവരും തലയില്‍ മണ്ണ് വാരിയിടുന്നത് കണ്ടതായും ഇബ്‌നു അസാകിര്‍ എഴുതിയിട്ടുണ്ട്. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (മ. ഹി. 241) പരലോകപ്രാപ്തനായപ്പോള്‍ മുസ്‌ലിംകളും ജൂതന്മാരും ക്രൈസ്തവരും അഗ്നിയാരാധക വിഭാഗങ്ങളും ദുഃഖഭാരത്താല്‍ കരഞ്ഞതായി ഖത്വീബുല്‍ ബഗ്ദാദി (മ. ഹി. 463) എഴുതുന്നു. ആന്തിലേഷ്യയിലെ മഹാ പണ്ഡിതനായിരുന്ന ഉബൈദുല്ലാഹിബ്‌നു യഹ്‌യ ബ്‌നു യഹ്‌യല്ലൈസില്‍ ഖുര്‍ത്വുബി (മ. ഹി. 298) നിര്യാതനായപ്പോള്‍ ജൂതരും ക്രൈസ്തവരം ഉള്‍പ്പെടെയുള്ളവര്‍ കരഞ്ഞതായി ആന്തിലേഷ്യന്‍ ചരിത്രകാരനായ ഇബ്‌നു ബശ്കുവാല്‍ (മ.ഹി. 578) രേഖപ്പെടുത്തിയത് ഇമാം ദഹബി (മ.ഹി. 749) ഉദ്ധരിക്കുന്നുണ്ട്. ഹി. 371-ല്‍ മരിച്ച പ്രമുഖ പേര്‍ഷ്യന്‍ പണ്ഡിതന്‍ മുഹമ്മദുബ്‌നു ഖഫീഫ് അദ്ദബ്ബിശ്ശീറാസിസ്സ്വൂഫീയുടെ ജനാസയിലും ഇതുതന്നെയായിരുന്നു അനുഭവമെന്ന് ഇബ്‌നു അസാകിര്‍ പറയുന്നു. 'അല്‍ അഫീഫ്' എന്ന അപരാഭിധാനത്തില്‍ അറിയപ്പെടുന്ന ഇബ്‌നു അബീ നസ്വ്ര്‍ എന്ന വൈരാഗി (മ. ഹി. 420) മരിച്ചപ്പോഴും ജൂത-ക്രൈസ്തവ വിഭാഗങ്ങളുടെ വലിയ പങ്കാളിത്തമുണ്ടായി.
യുദ്ധങ്ങളില്‍ പങ്കാളിത്തം
ചില മുസ്‌ലിം ഭരണാധികാരികള്‍ നടത്തിയ നീതിപരവും അനീതിപരവുമായ രണ്ടു തരം യുദ്ധങ്ങളിലും ക്രൈസ്തവര്‍ സഹകരിക്കുകയുണ്ടായി. ഹി. 644-ല്‍ നിര്യാതനായ സുല്‍ത്വാന്‍ ഗിയാസുദ്ദീന്‍ സല്‍ജൂഖിയുടെ ഭരണകാലത്ത്, ഹി. 638-ല്‍ കള്ള പ്രവാചകത്വം വാദിച്ച് രംഗത്തുവന്ന ബാവെ ത്തുര്‍കുമാനി 6000 പേരെ സംഘടിപ്പിച്ച് രംഗത്തിറങ്ങിയപ്പോള്‍, അയാള്‍ക്കെതിരില്‍ സുല്‍ത്താന്‍ ഫ്രഞ്ചുകാരുള്‍പ്പെടുന്ന സേനയെ അയക്കുകയുണ്ടായി. ബാവെത്തുര്‍കുമാനി അസാമാന്യ ധീരനാണെന്ന് ധരിച്ചുവശായി മുസ്‌ലിംകള്‍ അറച്ചുനിന്നപ്പോള്‍, ഫ്രഞ്ചുകാര്‍ മുസ്‌ലിംകളെ പിറകിലാക്കി പുത്തന്‍ പ്രവാചകനെയും അനുയായികളെയും നേരിടാന്‍ മുന്നോട്ടുവന്നു. ഫ്രഞ്ചുകാര്‍ അവരെ നിലംപരിശാക്കി.
ഇതുകഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുശേഷം ഹി. 642-ല്‍ ദമസ്‌കസിലെയും ഹിംസ്വിലെയും കര്‍കിലെയും അയ്യൂബി രാജാക്കന്മാര്‍ കുരിശുസേനയുമായി സഹകരിച്ച് തങ്ങളുടെ സഹോദരനും പിതൃവ്യ പുത്രനും ഈജിപ്തിലെ ഭരണാധികാരിയുമായ നജ്മുദ്ദീന്‍ അയ്യൂബു ബ്‌നു സുല്‍ത്വാന്‍ അല്‍കാമില്‍ അയ്യൂബി(മ.ഹി. 647)ക്കെതിരെ യുദ്ധം ചെയ്തതും ചരിത്രത്തിലുണ്ട്.
മുസ്‌ലിം രാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്മാരെ മുസ്‌ലിംകളോ അമുസ്‌ലിംകള്‍ തന്നെയോ ആയ ശത്രുക്കളില്‍നിന്ന് രക്ഷിക്കാനും തടവിലാണെങ്കില്‍ മോചിപ്പിക്കാനും ഇസ്‌ലാമിക ശരീഅത്ത് പ്രകാരം മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും മുസ്‌ലിംകള്‍ക്ക് ചുമതലയുണ്ട്. മുസ്‌ലിം ഭരണാധികാരികളോട് ചിന്താപരമായി വിയോജിപ്പുള്ള മുസ്‌ലിംകള്‍ തടവറയില്‍ കഴിയേണ്ടി വന്നപ്പോള്‍ മുസ്‌ലിം ഭരണത്തിലെ തടവില്‍ കഴിയേണ്ടിവന്ന അമുസ്‌ലിം പ്രജകള്‍ക്ക് മോചനം ലഭിക്കുകയുണ്ടായി. ഇമാം ത്വബരി (മ. ഹി. 310) ഹി. 231-ലെ സംഭവങ്ങള്‍ വിവരിക്കവെ, കോണ്‍സ്റ്റാന്റിനോപ്പിളില്‍ റോമക്കാരുടെ ബന്ദികളായിരുന്ന മുസ്‌ലിംകള്‍ മോചിപ്പിക്കപ്പെട്ടപ്പോള്‍, ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദമില്ലാത്ത മുസ്‌ലിംകളെ മോചിപ്പിക്കേണ്ടതില്ലെന്ന് അബ്ബാസീ ഖലീഫ വാഥിഖ് നിര്‍ദേശിച്ചതായി രേഖപ്പെടുത്തുന്നു.
മറ്റൊരു സംഭവം ഇങ്ങനെയാണ്: ഇമാദുല്‍ അസ്വ്ഫഹാനി (മ. ഹി. 597) എഴുതുന്നു: 'ഹി. 541-ല്‍ കുരിശുസേന റുഹാ നഗരം കീഴടക്കിയപ്പോള്‍ അവിടത്തെ മുസ്‌ലിംകളെയും യഹൂദികളെയും ക്രൈസ്തവരെയും പിടികൂടുകയുണ്ടായി. അതിനിടെ മുസ്‌ലിം സൈന്യങ്ങള്‍ കടന്നുവന്ന് മുസ്‌ലിമേതരര്‍ ഉള്‍പ്പെടെയുള്ള ബന്ദികളെ മോചിപ്പിച്ചു. കുരിശുസേന എല്ലാവരോടും അക്രമം ചെയ്‌പ്പോള്‍ മുസ്‌ലിംകള്‍ എല്ലാവരോടും നീതിചെയ്യാന്‍ ശ്രമിച്ചു.'
ഹി. 699-ല്‍ ദമസ്‌കസില്‍ കടന്നാക്രമണം നടത്തിയ താര്‍ത്താരികള്‍ ബന്ദികളാക്കിയ ജൂതന്മാരെയും ക്രൈസ്തവരെയും മോചിപ്പിക്കാന്‍ ഇബ്‌നുതൈമിയ്യ നടത്തിയ ശ്രമങ്ങള്‍ സ്മരണീയമാണ്. സൈപ്രസിലെ ക്രൈസ്തവനായ ചക്രവര്‍ത്തി സര്‍ജൂനിന് ഇബ്‌നുതൈമിയ്യ അയച്ച കത്തിലെ വാചകങ്ങള്‍ ഇങ്ങനെ: ''ബന്ദികളെ മോചിപ്പിക്കാന്‍ ഞാന്‍ താര്‍ത്താരികളോട് സംസാരിച്ച കാര്യം ക്രൈസ്തവര്‍ക്കറിയാം. താര്‍ത്താരി ചക്രവര്‍ത്തി ഗാസാന്‍ മുസ്‌ലിം ബന്ദികളെ വിട്ടയക്കാന്‍ സമ്മതിക്കുകയുണ്ടായി. ഗാസാന്‍ എന്നോട് പറഞ്ഞു: 'ഖുദ്‌സില്‍നിന്ന് ഞങ്ങള്‍ പിടികൂടിയ ക്രൈസ്തവരെ വിട്ടയക്കുകയില്ല.' അതിനു പ്രതികരണമായി ഞാന്‍ പറഞ്ഞു: ഞങ്ങളുടെ സംരക്ഷിത പ്രജകളായ ജൂതരെയും ക്രൈസ്തവരെയും മോചിപ്പിക്കണം. മുസ്‌ലിംകളിലോ അമുസ്‌ലിംകളിലോ പെട്ട ഒരാളെയും ബന്ദിയാക്കി നിലനിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ അവരെ മോചിപ്പിച്ചുകൊണ്ടുപോവുക തന്നെ ചെയ്യും.' അങ്ങനെ ഞങ്ങള്‍ കുറേ പേരെ മോചിപ്പിച്ചു. ഇതിന്റെ പ്രതിഫലം അല്ലാഹുവില്‍നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.''
അമുസ്‌ലിംകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ സംരക്ഷണം
അമുസ്‌ലിംകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ പലവിധമുള്ള സംരക്ഷണം ഇത്തരുണത്തില്‍ ഓര്‍ക്കാം. പ്രാദേശിക ഭരണാധികാരികളുടെ പീഡനങ്ങള്‍ ഭയന്ന ചില മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് അഭയം നല്‍കിയിരുന്നത് അമുസ്‌ലിംകളായിരുന്നു. 'കര്‍മയോഗിയായ പണ്ഡിതന്‍' എന്ന് ഇമാം ദഹബി വിശേഷിപ്പിച്ച ആന്തിലേഷ്യന്‍ പണ്ഡിതന്‍ ത്വാലൂതുബ്‌നു അബ്ദില്‍ ജബ്ബാര്‍ അല്‍മആഫീരി, ആന്തിലേഷ്യലെ ഒന്നാം ഉമവീ അമീറില്‍നിന്ന് രക്ഷപ്പെട്ട് ഒരു വര്‍ഷം ഒരു ജൂതന്റെ സംരക്ഷണയിലാണ് കഴിഞ്ഞത്. ശേഷം മന്ത്രി അബുല്‍ ബസ്സാമിന്റെ അടുത്ത് കഴിയാനായി പുറപ്പെട്ടുവെങ്കിലും അബുല്‍ അസ്സാം അദ്ദേഹത്തെ ഭരണാധികാരിക്ക് വിട്ടുകൊടുത്തു. ഇതു സംബന്ധമായി അമീര്‍ പിന്നീട് തന്റെ മന്ത്രിയോട് പറഞ്ഞത് ഇങ്ങനെയാണ്: 'ത്വാലൂതുബ്‌നു അബ്ദില്‍ ജബ്ബാറിനെ അദ്ദേഹത്തിന്റെ പാണ്ഡിത്യം പരിഗണിച്ച് ജൂതന്‍ സംരക്ഷിച്ചു. എന്നാല്‍, താങ്കള്‍ അദ്ദേഹത്തെ വഞ്ചിച്ചു, അദ്ദേഹത്തിന് അഭയം നല്‍കിയുമില്ല.' ഈ സംഭവത്തിനുശേഷം അമീര്‍ വഞ്ചകനായ മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി. ജൂതനെ പാരിതോഷികം നല്‍കി ആദരിച്ചു. ആദരിക്കപ്പെട്ടതില്‍ സംപ്രീതനായി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.
ഇമാം ദാറുഖുത്വ്‌നി(മ. ഹി. 385)യെ ഉദ്ധരിച്ച് തര്‍തീബുല്‍ മദാരികില്‍ ഖാദി ഇയാദും (മ. ഹി. 543), താരീഖു ബഗ്ദാദില്‍ ഖത്വീബുല്‍ ബഗ്ദാദിയും എഴുതുന്നു: 'ഇറാഖില്‍ മാലികീ മദ്ഹബ് പ്രചരിപ്പിച്ച ബഗ്ദാദിലെ ഖാദിയായിരുന്ന ഇസ്മാഈലുബ്‌നു ഇസ്ഹാഖ് (മ. ഹി. 282) ക്രൈസ്തവനായ മന്ത്രി അബ്ദുബ്‌നു സ്വാഇദ് വന്നപ്പോള്‍ സ്വാഗതം ചെയ്യാനായി എഴുന്നേറ്റു. ഇത് സദസ്യര്‍ക്ക് അത്ര രുചിച്ചില്ല. മന്ത്രി പോയപ്പോള്‍ ഖാദി പറഞ്ഞു: 'നിങ്ങളുടെ അപ്രിയം എനിക്ക് മനസ്സിലായി. 'നിങ്ങളോട് യുദ്ധം ചെയ്യാത്തവരോടും നിങ്ങളെ നിങ്ങളുടെ വീടുകളില്‍നിന്ന് പുറത്താക്കാത്തവരോടും നന്മയില്‍ വര്‍ത്തിക്കുന്നത് അല്ലാഹു നിങ്ങള്‍ക്ക് വിലക്കുന്നില്ല' എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇദ്ദേഹം മുസ്‌ലിംകളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. ഖലീഫ മുഅ്തദിദി(മ. ഹി. 289)ന്റെയും നമ്മുടെയും ഇടയിലെ സ്ഥാനപതിയാണദ്ദേഹം. ഞാന്‍ ചെയ്തത് ഖുര്‍ആന്‍ പറഞ്ഞ നന്മയും പുണ്യവുമാണ്.' ഇതുകേട്ടപ്പോള്‍ സദസ്സ് ഒന്നും മിണ്ടിയില്ല.''
കുരിശുസൈന്യങ്ങളുമായുള്ള യുദ്ധത്തില്‍ അക്കായിലെ മുസ്‌ലിംകള്‍ കടുത്ത ഉപരോധത്തിനു വിധേയരായ സന്ദര്‍ഭം. സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി (മ. ഹി. 586) അക്കാ നിവാസികള്‍ക്ക് ഒരു കപ്പലില്‍ ഭക്ഷണസാധനങ്ങള്‍ കൊടുത്തയക്കാന്‍ തീരുമാനിച്ചു. ഉപരോധം തകര്‍ക്കുന്നതില്‍ ബൈറൂത്തിലെ മുസ്‌ലിംകള്‍ക്കൊപ്പം ക്രൈസ്തവരും സഹകരിക്കുകയുണ്ടായി. കുരിശുസേനയുടെ അതിശക്തമായ പ്രതിരോധമുണ്ടായിട്ടും ദൗത്യം ലക്ഷ്യത്തിലെത്തി. താര്‍ത്താരികള്‍ ഹി. 656-ല്‍ അബ്ബാസിയാ ഖിലാഫത്തിന്റെ ആസ്ഥാനം തകര്‍ത്തപ്പോള്‍ യഹൂദരും ക്രൈസ്തവരും ഉള്‍പ്പെടെ പൗരസഞ്ചയങ്ങള്‍ പള്ളികളിലും സൈനിക കേന്ദ്രങ്ങൡലും അഭയം തേടേണ്ടിവന്നു.
1919-ല്‍ ഇംഗ്ലീഷ് അധിനിവേശത്തിന്നെതിരെ ഈജിപ്തില്‍ വിപ്ലവം അരങ്ങേറിയപ്പോള്‍ കോപ്റ്റിക് പുരോഹിതന്‍ സര്‍ജിയൂസ് അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ അഭയം തേടുകയായിരുന്നു. അസ്ഹര്‍ പള്ളിയിലെ മിമ്പറില്‍ കയറിയ പ്രഥമ ക്രൈസ്തവനായിരുന്നു അദ്ദേഹം. അസ്ഹറിലെ പള്ളിയിലും അഹ്മദു ബ്‌നു ത്വൂലൂന്‍ പള്ളിയിലും മുസ്‌ലിം പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം ധാരാളം രാഷ്ട്രീയ പ്രസംഗങ്ങള്‍ നിര്‍വഹിക്കുകയുണ്ടായി.
സന്തോഷാവസരങ്ങള്‍, വിവാഹസദ്യകള്‍
പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, സന്തോഷാവസരങ്ങളിലും മതാന്തര സൗഹൃദവും സഹകരണവും നിലനിന്നു. 'അല്‍മുസ്തന്‍സ്വിര്‍' (മ. ഹി. 660) എന്ന അപരാഭിധാനത്താല്‍ പ്രസിദ്ധനായ അബ്ബാസീ ഖലീഫക്ക് മംലൂകുകള്‍ ഈജിപ്തില്‍ നല്‍കിയ ചരിത്രപ്രധാനമായ സ്വീകരണം ഉദാഹരണം. മുസ്തന്‍സ്വിറും സംഘവും ഹി. 659 റജബ് 8-ന് ഈജിപ്തിലെത്തിയപ്പോള്‍ സുല്‍ത്വാന്‍ ളാഹിര്‍ ബൈബറസ് (മ. ഹി. 676) അദ്ദേഹത്തെ സ്വീകരിക്കാനായി പരിവാരസമേതം പുറപ്പെട്ടു. മന്ത്രിമാരും മുഖ്യന്യായാധിപനും നേതാക്കളും ഖുര്‍ആന്‍ പാരായകരും ബാങ്കു വിളിക്കുന്നവരും തൗറാത്തുമായി ജൂതന്മാരും ഇഞ്ചീലുമായി ക്രൈസ്തവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഹി. 690-ല്‍ അക്കാ നഗരം കുരിശ് അധിനിവേശ ശക്തികളില്‍നിന്ന് അടിമവംശ രാജാവായ അശ്‌റഫ് ഖലീലു ബ്‌നു ഖലാവൂന്‍ (മ. ഹി. 693) മോചിപ്പിക്കുകയും കുരിശുസൈന്യത്തിന്റെ ജൈത്രയാത്രക്ക് അന്ത്യം കുറിക്കുകയും ചെയ്തപ്പോള്‍ ആ വിജയാഹ്ലാദത്തില്‍ പണ്ഡിതന്മാരും ന്യായാധിപന്മാരും ജൂതരും ക്രൈസ്തവരും ഉള്‍പ്പെടെ ദമസ്‌കസിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്തു. സ്ത്രീകളുള്‍പ്പെടെ മുസ്‌ലിംകള്‍ അമുസ്‌ലിംകളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രവണത വര്‍ധിച്ചപ്പോള്‍ അന്തലുസിലെ പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ മുഹ്തസിബു ബ്‌നു അബ്ദുല്‍ അത്തുജൈബി (മ. ഹി. 527) അതിനെതിരെ ഫത്‌വ നല്‍കിയതായും കാണാം.
ബൈത്തുല്‍ മഖ്ദിസ് പ്രദേശത്ത് ജനിച്ചയാളും സഞ്ചാരിയും പണ്ഡിതനുമായ ബിശാരീ (മ. ഹി. 380) എഴുതുന്നു:
'ക്രൈസ്തവരുമായി ബന്ധപ്പെട്ട ചില വിശേഷാവസരങ്ങള്‍ മുസ്‌ലിംകള്‍ കാലഗണനക്ക് ഉപയോഗിച്ചിരുന്നു. കോപ്റ്റിക് ക്രിസ്ത്യന്‍ നവവത്സരദിനം, പെന്തക്കോസ്ത് പെരുന്നാള്‍, ശൈത്യകാലത്തും മഴക്കാലത്തും ആചരിച്ചിരുന്ന ദിനങ്ങള്‍ മുതലായവ ഉദാഹരണം.' വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ അവസരമുണ്ടായിരുന്നതായും അത് ഇതര വിഭാഗങ്ങളുടെ കാലനിര്‍ണയത്തെ സ്വാധീനിച്ചതായും മനസ്സിലാക്കാം. ഖത്വീബുല്‍ ബഗ്ദാദി പ്രമുഖ ഭാഷാപണ്ഡിതനും ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ ഗുരുവുമായ അബൂ അംറ് അശ്ശൈബാനിയുടെ നിര്യാണം സംബന്ധിച്ചെഴുതുന്നു: 'ഹി. 210-ല്‍ ക്രൈസ്തവരുടെ ആഘോഷദിനമായ സആനീന്‍ ദിവസമാണ് അദ്ദേഹം നിര്യാതനായത്.'
വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ച് പങ്കെടുക്കുന്ന വിവാഹസല്‍ക്കാരങ്ങളും പാരിതോഷിക കൈമാറ്റവും അന്നത്തെ പതിവുരീതികളായിരുന്നു. മുസ്‌ലിംകള്‍ക്കും ജൂതര്‍ക്കും ക്രൈസ്തവര്‍ക്കും അഗ്നിയാരാധക വിഭാഗങ്ങള്‍ക്കുമായി അഗ്നിയാരാധക വിഭാഗത്തിലെ ബഹ്‌റാം നടത്തിയ വിവാഹസദ്യയില്‍ ഇമാം അബ്ദുല്ലാഹിബ്‌നു മുബാറക് (മ. ഹി. 181) പങ്കെടുത്തത് ഉദാഹരണം. ശിഹാബുദ്ദീന്‍ ഹമവി (മ. ഹി. 1098) തന്റെ ഗംസു ഉയൂനില്‍ ബസ്വാഇര്‍ എന്ന കൃതിയില്‍ അബുല്‍ ഹസന്‍ അസ്സഅ്ദി അല്‍ ഹനഫി(മ. ഹി. 461)യെ ഉദ്ധരിച്ചെഴുതുന്നു: 'അതിസമ്പന്നനായ ഒരു അഗ്നിയാരാധകന്‍ മുസ്‌ലിം ദരിദ്രരെ പ്രത്യേകം ശ്രദ്ധിക്കുകയും അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മുസ്‌ലിം പള്ളികള്‍ക്ക് പണവും നല്‍കുകയും വിളക്കു കത്തിക്കാനാവശ്യമായ എണ്ണ എത്തിക്കുകയും മുസ്‌ലിംകള്‍ക്ക് വായ്പ നല്‍കുകയും ചെയ്തിരുന്നു. ഒരിക്കല്‍ അദ്ദേഹം മുസ്‌ലിംകളെ സദ്യക്ക് ക്ഷണിച്ചു. ധാരാളം മുസ്‌ലിംകള്‍ അതില്‍ പങ്കെടുത്തു. ചിലര്‍ ആതിഥേയന് പാരിതോഷികങ്ങള്‍ നല്‍കി.' സഞ്ചാരിയും പണ്ഡിതനുമായ അന്തലുസിലെ ഇബ്‌നു ജുബൈര്‍ (മ. ഹി. 614) ലബനാനിലെ സ്വൂര്‍ നഗരം സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ തുറമുഖത്തില്‍ വെച്ച് ഒരു ക്രൈസ്തവ നവവധുവിനെ കണ്ടതും മുസ്‌ലിംകളും ക്രൈസ്തവരും രണ്ടു നിരകളായി നിന്ന് അവരെ ആശീര്‍വദിച്ചതും വിവരിക്കുന്നുണ്ട്. 1919 ഫെബ്രുവരി 28-ന് അലപ്പോയില്‍ നടന്ന കലാപത്തിനു ശേഷം, അവിടത്തെ കവിയും ചരിത്രകാരനുമായ കാമിലുല്‍ ഗസ്സി (മ. 1933) ഇങ്ങനെ എഴുതുകയുണ്ടായി. 'മൂന്നു മതവിഭാഗങ്ങളിലെയും പൗരപ്രധാനികള്‍ വിവിധ മതവിശ്വാസികള്‍ തമ്മില്‍ സ്‌നേഹവും സൗഹാര്‍ദവും വളര്‍ത്താനായി ചില ശ്രമങ്ങള്‍ നടത്തി. ഇതിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു തവണ എന്ന ക്രമത്തില്‍ വീടുകള്‍ മാറിമാറി സ്‌നേഹസംഗമങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. സംഗമാനന്തരം സദ്യയൊരുക്കിയിരുന്നു.'
സ്വദഖകള്‍, വഖ്ഫുകള്‍
ഒരു മതവിഭാഗം ഇതര മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സ്വദഖകള്‍ സ്‌നേഹബന്ധം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കും. ഇസ്‌ലാമികരാഷ്ട്രത്തിലെ അമുസ്‌ലിം പ്രജകളില്‍നിന്ന് നബി(സ) സ്വദഖകള്‍ സ്വീകരിച്ചിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ഒന്നാമത്തെ വഖ്ഫ് മദീനയിലെ സമ്പന്നനായ മുഖൈരീഖ് എന്ന ജൂതന്റെ വകയായിരുന്നു. ഹി. 3-ല്‍ മദീനയെ പ്രതിരോധിക്കാനായി നടന്ന ഉഹുദ് യുദ്ധത്തില്‍ മുസ് ലിംകള്‍ക്കൊപ്പം പോരാടിയ അദ്ദേഹത്തിന്റെ ആഹ്വാനം 'യഹൂദ സമുദായമേ, ദൈവമാണ, മുഹമ്മദിനെ സഹായിക്കേണ്ടത് തീര്‍ച്ചയായും നിങ്ങളുടെ ബാധ്യതയാണ്' എന്നായിരുന്നു. ചരിത്രകാരനായ ഇബ്‌നു ഇസ്ഹാഖ് (മ. ഹി. 151) എഴുതുന്നു: ''മുസ്‌ലിംകള്‍ക്കൊപ്പം ഉഹുദില്‍ പങ്കെടുത്ത മുഖൈരീഖ് യുദ്ധം തുടങ്ങുന്നതിനു മുമ്പ് പറഞ്ഞത്, 'എനിക്ക് ആപത്ത് പിണഞ്ഞാല്‍ എന്റെ സ്വത്ത് മുഹമ്മദിനുള്ളതാണ്. അത് അദ്ദേഹം തന്റെ ഇഷ്ടം പോലെ കൈകാര്യം ചെയ്തുകൊള്ളട്ടെ' എന്നായിരുന്നു.'' നബി വഖ്ഫ് ചെയ്ത ഏഴ് തോട്ടങ്ങളും മുഖൈരീഖിന്റെ സ്വത്തില്‍ പെട്ടവയായിരുന്നു എന്ന് ഉമറുബ്‌നു അബ്ദില്‍ അസീസിനെ ഉദ്ധരിച്ച് ഇബ്‌നു സഅ്ദ് ത്വബഖാത്തില്‍ ഉദ്ധരിക്കുന്നു. മദീനയിലെ ഒന്നാമത്തെ വഖ്ഫായാണ് മുഖൈരീഖിന്റെ നടപടിയെ ഇബ്‌നു കസീര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം, മുഖൈരീഖ് ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെന്നു തന്നെയാണ് ഇസ്‌ലാമിക ചരിത്രകാരന്മാരുടെ അഭിപ്രായം. നബിയെ 'നബിയ്യുല്ലാഹ്' (അല്ലാഹുവിന്റെ പ്രവാചകന്‍), 'റസൂലുല്ലാഹ്' (അല്ലാഹുവിന്റെ ദൂതന്‍) എന്നേ മുസ്‌ലിംകള്‍ വിളിക്കാറുള്ളൂ. മുഖൈരീഖാവട്ടെ, 'മുഹമ്മദ്' എന്നാണ് വിളിച്ചത്. ഇത് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിട്ടില്ല എന്നതിന് തെളിവാണ്.
ശാം കുരിശുസേനയുടെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ അവിടം സന്ദര്‍ശിച്ച ഇബ്‌നു ജുൈബര്‍, ലബനാനിലെ മലനിരകളില്‍ താമസിച്ചുവന്ന ക്രൈസ്തവര്‍ ഇബാദത്തുകളില്‍ കഴിഞ്ഞുവന്ന മുസ്‌ലിംകളോട് സ്വീകരിച്ച സൗഹൃദപൂര്‍ണമായ നിലപാടിനെക്കുറിച്ച് എഴുതുന്നു: 'ലബനാനിലെ മലനിരകളില്‍ കഴിഞ്ഞിരുന്ന ക്രൈസ്തവര്‍ ഇബാദത്തുകളില്‍ മുഴുകി ജീവിക്കുന്ന മുസ്‌ലിംകള്‍ക്കായി ഭക്ഷണമെത്തിച്ചിരുന്നു. ദൈവാരാധനയില്‍ മുഴുകിയവര്‍ക്ക് സഹായമെത്തിക്കേണ്ടത് തങ്ങളുടെ ബാധ്യതയായി അവര്‍ കരുതി.' ക്രൈസ്തവര്‍ മുസ്‌ലിംകളോട് ഇങ്ങനെ പെരുമാറുമ്പോള്‍ മുസ്‌ലിം അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ തമ്മില്‍ എത്രമാത്രം സഹകരിച്ചു പ്രവര്‍ത്തിക്കണം എന്ന നിരീക്ഷണവും ഇബ്‌നു ജുബൈര്‍ നടത്തുന്നുണ്ട്.
ശാമിലെ പ്രമുഖ പണ്ഡിതന്‍ കുര്‍ദ് അലി (മ. 1953) ലബനാനിലെ പര്‍വത മേഖലയെക്കുറിച്ചെഴുതവെ രേഖപ്പെടുത്തുന്നു: 'ലബനാനിലെ ഏതോ ഒരു ഭരണാധികാരി പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു മസ്ജിദുണ്ട്. ഇപ്പോഴും അത് സംരക്ഷിക്കുന്നതില്‍ താല്‍പര്യമെടുക്കുന്നത് ക്രൈസ്തവരാണ്.'
ഇത്തരം സഹകരണാനുഭവങ്ങള്‍ ആരാധനാപരമായ മേഖലകളിലേക്കു കൂടി വ്യാപിച്ചിരുന്നു. ഹി. 288-ല്‍ ഈജിപ്തിലെ നൈല്‍ നദിയില്‍ കാര്‍ഷികാവശ്യത്തിനുള്ള ജലത്തിന്റെ അളവ് നന്നേ കുറഞ്ഞു. മുസ്‌ലിംകളും ക്രൈസ്തവരും ഒന്നിച്ച് ജലാര്‍ഥന പ്രാര്‍ഥന നടത്തി. ഹി. 633-ല്‍ നിര്യാതനായ ഈജിപ്തിലെ അംറുബ്‌നു ആസ്വ് പള്ളിയിലെ ഖത്വീബായ അബുത്ത്വാഹിറുല്‍ മഹല്ലി ക്രൈസ്തവര്‍ കൂടി പുണ്യപുരുഷനായി കണ്ടിരുന്ന ആളായിരുന്നു. ഈജിപ്തിലെയും അന്തലുസിലെയും ക്രൈസ്തവര്‍ പുരുഷ ചേലാകര്‍മം ആചാരമായി പാലിച്ചിരുന്നു. ഗ്രന്ഥങ്ങളുടെ തുടക്കത്തില്‍ ബിസ്മി എഴുതുക, മുസ്‌ലിം പണ്ഡിതന്മാരുടെ സ്ഥാനപ്പേരുകളെ അനുസ്മരിപ്പിക്കുംവിധം 'മുവഫ്ഫിഖുദ്ദീന്‍' 'ശംസുദ്ദീന്‍' മുതലായവ ക്രൈസ്തവ പണ്ഡിതന്മാരും ഉപയോഗിച്ചിരുന്നു.
ക്രി. 1702-ല്‍ നിര്യാതനായ ഫ്രഞ്ച് സഞ്ചാരി ലോറന്‍ ഡ്രാവ്യൂ തന്റെ യാത്രാനുഭവങ്ങളില്‍ എഴുതുന്നു: ''ഐന്‍താബ് എന്നിടത്ത് കഴിഞ്ഞുവരുന്ന അര്‍മീനിയക്കാര്‍ 'കീസ് കീസ്' എന്നാണറിയപ്പെടുന്നത്. 'പാതി, പാതി' എന്നര്‍ഥം. ഇസ്‌ലാമും ക്രൈസ്തവതയും ചേര്‍ന്നതാണവരുടെ മതം. അവര്‍ കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുകയും പള്ളികളില്‍ നമസ്‌കരിക്കുകയും ചെയ്യുന്നു. അതോടൊപ്പം അവര്‍ കുട്ടികളെ മാമോദീസ മുക്കുകയും കുരിശിനെ ബഹുമാനിക്കുകയും ക്രൈസ്തവാഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്നു.'' 'നമ്മുടേതു പോലെ അവര്‍ക്കും അവകാശമുണ്ട്. നമ്മുടേതു പോലെ അവര്‍ക്കും ബാധ്യതയുണ്ട്' എന്ന തത്ത്വത്തിലൂന്നിയ സാംസ്‌കാരിക വിനിമയങ്ങളാണ് ഇക്കണ്ടതത്രയും. എന്നാല്‍, ഇതിനുവിരുദ്ധമായി ചില രാഷ്ട്രീയ സാഹചര്യങ്ങളാലും ദൈനംദിന ജീവിതപ്രയാസങ്ങളാലും വൈദേശിക യുദ്ധകാരണങ്ങളാലും മറ്റും സമുദായാന്തര സൗഹൃദത്തിന് ചില സന്ദര്‍ഭങ്ങളില്‍ ഊനം തട്ടിയിട്ടുണ്ടെന്നതും ചേര്‍ത്തു വായിക്കണം.
മുസ്‌ലിംകളില്‍നിന്നോ അമുസ്‌ലിംകളില്‍നിന്നോ ഉണ്ടായിട്ടുള്ള അക്രമങ്ങളുടെ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത് ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളല്ല, എല്ലാവരുമാണെന്നതാണ് വസ്തുത. വൈദേശികാധിനിവേശ ശക്തികളുമായി മുസ്‌ലിംകളും അല്ലാത്തവരും സഖ്യത്തിലായ സംഭവങ്ങളും ഇതോട് ചേര്‍ത്തു വായിക്കണം.
വൈജ്ഞാനിക മേഖലയില്‍ അതിപ്രശസ്തരായ വ്യക്തിത്വങ്ങള്‍ സമുദായഭേദമമന്യേ പീഡിപ്പിക്കപ്പെട്ടതിന്റെ പല ഉദാഹരണങ്ങളും കാണാം. ഇബ്‌നു തഗ്‌രീബര്‍ദീ (മ. ഹി. 874) രേഖപ്പെടുത്തുന്നു: 'ഹി. 791-ല്‍ അമീര്‍ മിന്‍ത്വാശ് (ഹി. 795-ല്‍ വധിക്കപ്പെട്ടു) ക്രൈസ്തവരുടെ പാത്രിയാര്‍ക്കീസായ മത്തായിയെ അറസ്റ്റ് ചെയ്യുകയും സമ്പത്ത് ഒടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. യഹൂദ നേതാവിനെയും പിടികൂടി സമ്പത്ത് ഈടാക്കി.' മാലികീ മദ്ഹബുകാരനും ന്യായാധിപനുമായ ശൈഖ് ശംസുദ്ദീന്‍ മുഹമ്മദ് റക്‌റാകി(മ. ഹി. 793)യോട്, ചക്രവര്‍ത്തി ളാഹിര്‍ ബര്‍ഖൂഖി(മ. ഹി. 801)നെതിരില്‍ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്യാന്‍ ആവശ്യപ്പെടുകയുണ്ടായി. പക്ഷേ, ശൈഖ് ശംസുദ്ദീന്‍ അതിനു വിസമ്മതിച്ചു. ക്രുദ്ധനായ ളാഹിര്‍ ബര്‍ഖൂഖി ശൈഖിനെ നൂറ് തവണ പ്രഹരിക്കുകയും അദ്ദേഹത്തെ കുതിരാലയത്തില്‍ തളക്കുകയും ചെയ്തു.
ഇത്തരം ചില ദുരനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ടുതന്നെ, ചരിത്രത്തിലെ മതാന്തര സൗഹൃദത്തിന്റെ ധാരാളം നല്ല ഓര്‍മകള്‍ നമ്മുടെ സാമൂഹിക ജീവിതത്തെ സാര്‍ഥകമായി മുന്നോട്ടുകൊണ്ടു പോകാന്‍ സഹായിക്കും.
1931-ല്‍ നിര്യാതനായ ഗുസ്താവ് ലെ ബോണിന്റെ (ഏൗേെമ്‌ല ഘല ആീി) നിരീക്ഷണത്തോടെ അവസാനിപ്പിക്കാം: ''മുസ്‌ലിംകള്‍ എല്ലാ രാജ്യങ്ങളിലും തദ്ദേശീയരോട് ദയാപൂര്‍വമാണ് പെരുമാറിയിട്ടുള്ളത്. അവര്‍ ഇതര ജനവിഭാഗങ്ങള്‍ക്ക് പൂര്‍ണ മതാചാരാനുഷ്ഠാന സ്വാതന്ത്ര്യം വകവെച്ചുകൊടുത്തു. അറബികളെപ്പോലെ കാരുണ്യാവാന്മാരായ ഒരു സമൂഹവുമുണ്ടായിട്ടില്ല. ഇസ്‌ലാമിനെപ്പോലെ സഹിഷ്ണുതയുള്ള മറ്റൊരു മതവുമുണ്ടായിട്ടില്ല.''
വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി
Comments