മയ്യിത്ത്
കാണാനെത്ര പേരുണ്ടാകും?!
പ്രതീക്ഷ നിരാശപ്പെടുത്തിയില്ല,
നല്ല ജനം!
അവസാന നോക്കല്ലേ...
പുടവ പൊക്കി
സസൂക്ഷ്മം നോക്കി
മാറിനില്‍ക്കുന്ന
ഏവരുടെയും
ഭാവം ഒന്നു മാത്രം
ശോകം!
ഓടിയെത്തുമെന്ന്
കരുതിയവരെ കണ്ടില്ല.
ഇന്നലെ വരെ തിരഞ്ഞുനോക്കാത്ത
പലരുമുണ്ടായിരുന്നു.
കണ്ണുതുറിച്ച് മാത്രം നോക്കിയവര്‍
മൂക്കൊലിപ്പിച്ച് നില്‍ക്കുന്നു.
'അങ്ങനെ ഇവനും'
'ഇത്രയേ ഉള്ളൂ'
'എന്തൊക്കെയായിരുന്നു'
'നമുക്കവിടന്നു കാണാം'
'അയ്യോ, പാവം'
'എന്റെ ദൈവമേ'
'ഞാനുമൊരു നാള്‍'
'അസ്വാഭാവികത വല്ലതും'
'ശാന്തമോ... അതോ..'
ആ ഉഴിഞ്ഞുനോട്ടങ്ങളില്‍
പലതും വായിക്കാനായി.
ജീവിതത്തേക്കാള്‍ ദൈര്‍ഘ്യം തോന്നി
ആ കിടത്തത്തിന്!
ഒന്നൊഴിഞ്ഞുകിട്ടുവാനെനിക്കും
ഒഴിവാക്കാനവര്‍ക്കും
ഒരുപോലെ തിടുക്കം!
അടക്കം പറച്ചിലുകള്‍
അമര്‍ന്ന തേങ്ങലുകള്‍
നിശ്ശബ്ദ പ്രാര്‍ഥനകള്‍
എന്നെ കാത്ത് തിളച്ചുമറിയുന്ന
വെള്ളത്തിന്റെ ഇളക്കങ്ങള്‍...
എല്ലാം ഞാന്‍ കേട്ടു,
ഇനി ഒന്നും കേള്‍ക്കേണ്ട
എന്ന് ചൊല്ലി തിരുകിക്കേറ്റിയ
പഞ്ഞിപ്പഴുതിലൂടെ!
ഞാനിവിടെ തീര്‍ന്നു
നാളെ ഓര്‍മ
പിന്നെ
കാലത്തിന്റെ ഒരു ചീള്.
ഇനി വിശ്രമിക്കാം
ജീവിത വഴിയിലെ
ഓരോ നിമിഷാര്‍ധര്‍ഥവും
നൂറ്റാണ്ടുകളോളം
അയവിറച്ചുംകൊണ്ട്,
വീണ്ടും വീണ്ടും
ജനിക്കാം!
മരിക്കാം!
അനീതി കാട്ടാത്ത
ദൈവത്തിന്റെ
വിളിയും കാത്ത്
മണ്ണിനോടു ചേരാം.
Comments