Prabodhanm Weekly

Pages

Search

2019 ജൂണ്‍ 28

3107

1440 ശവ്വാല്‍ 24

ജ്ഞാനാന്വേഷണത്തില്‍ ദൃശ്യപ്പെടുന്ന ഇസ്‌ലാം

ശമീര്‍ബാബു കൊടുവള്ളി

മാനവതയുടെ സുഖകരമായ പ്രയാണത്തിന് ദൈവം ആവിഷ്‌കരിച്ച സന്മാര്‍ഗമാണ് ഇസ്‌ലാം. ജീവിതത്തിന്റെ ഭൗതികവും അധ്യാത്മികവുമായ അടരുകളിലേക്ക് വെളിച്ചം വീശുന്നു അത്. ദൈവം നിയോഗിച്ച പ്രവാചകന്മാരിലൂടെയാണ് ഇസ്‌ലാം മനുഷ്യന് വെളിപ്പെടുന്നത്. ആദ്യത്തെ പ്രവാചകന്‍ ആദമായിരുന്നു. അവസാനത്തെ പ്രവാചകന്‍ മുഹമ്മദും. ആദമിനും മുഹമ്മദിനും ഇടയില്‍ അനേകം പ്രവാചകന്മാര്‍ ആഗതരായിട്ടുണ്ട്. പ്രവാചകന്മാര്‍ക്ക് ദൈവം വേദഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തി നല്‍കും. നിശ്ചിത വേദഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ജീവിതത്തെ ക്രമീകരിച്ചിരുന്നത്. വേദഗ്രന്ഥവും പ്രവാചകജീവിതവും ഉള്‍ക്കൊള്ളുന്ന പാഠങ്ങളും വ്യവഹാരവുമാണ് അതതു കാലത്തെ ഇസ്‌ലാം. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഉള്‍ക്കൊള്ളുന്ന പാഠങ്ങളും വ്യവഹാരവുമാണ് ഇന്നത്തെ ഇസ്‌ലാം.
സമഗ്രവും സമ്പൂര്‍ണവും സന്തുലിതവുമായ സന്മാര്‍ഗമാണ് ഇസ്‌ലാം.  പ്രപഞ്ചത്തിന്റെയും മനുഷ്യനുള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും നൈസര്‍ഗികമായ തത്ത്വമാണത്. ഓരോ പ്രവാചകനും മാനവതക്ക് പകര്‍ന്നുകൊടുത്തത് പ്രസ്തുത തത്ത്വമായിരുന്നു. അക്കാര്യം പ്രവാചകന്‍ വ്യക്തമാക്കുന്നു: ''പിതാവൊത്ത പ്രവാചകകുടുംബമാണ് ഞങ്ങള്‍. ഞങ്ങളുടെ ജീവിതതത്ത്വം (ദീന്‍) ഒന്നായിരുന്നു''(ബുഖാരി, മുസ്‌ലിം). വിശുദ്ധവേദവും അക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്: ''നിശ്ചയം, ദൈവത്തിന്റെ അരികില്‍ മാര്‍ഗദര്‍ശനം ഇസ്‌ലാമാകുന്നു''(ആലുഇംറാന്‍: 19), ''ഇസ്‌ലാമല്ലാത്ത മാര്‍ഗദര്‍ശനം ആര്‍ ആഗ്രഹിക്കുന്നുവോ അവനില്‍ നിന്നത് സ്വീകരിക്കുകയില്ല. പരലോകത്തോ അവന്‍ പരാജിതരിലുമായിരിക്കും'' (ആലുഇംറാന്‍: 85).
വിശുദ്ധ വേദത്തിന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തില്‍ മുസ്‌ലിം ദൈവത്തോട് സ്വീകരിക്കുന്ന ശരിയായ ജീവിതരീതിയാണ് ഇസ്‌ലാം. സ, ല, മ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്ന ധാതുവില്‍നിന്നുായ പദമാണ് ഇസ്‌ലാം. നാല് തത്ത്വങ്ങളാണ് ഇസ്‌ലാമിന്റെ ഉള്‍സാരമായി വര്‍ത്തിക്കുന്നത്: ഒന്ന്, സമര്‍പ്പണം. സമര്‍പ്പണമെന്നാല്‍ ദൈവത്തോടുള്ള സമര്‍പ്പണം. ഇസ്‌ലാമിന്റെ തനിമയും മുസ്‌ലിമിന്റെ പരമലക്ഷ്യവുമാണത്. കീഴ്‌വണങ്ങി, അനുസരിച്ചു എന്നൊക്കെയാണ് 'അസ്‌ല'മയെന്ന അറബിപദത്തിന്റെ അര്‍ഥം. ദൈവത്തോടുള്ള നിരുപാധികമായ കീഴ്‌വണക്കമെന്നാണ് ഇസ്‌ലാമിന്റെ നിര്‍വചനം. അഥവാ 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന ആദര്‍ശത്തിനൊത്ത് ജീവിതം ക്രമീകരിക്കലാണ് ഇസ്‌ലാം. ദൈവത്തെയും ദൂതനെയും അനുസരിക്കണമെന്ന് വിശുദ്ധ വേദം കല്‍പിക്കുന്നുണ്ട്: ''നിങ്ങള്‍ ദൈവത്തെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യകാരുണ്യം ലഭിച്ചേക്കാം''(ആലുഇംറാന്‍: 132). ദൈവത്തിനുള്ള ആത്മസമര്‍പ്പണം(ഇസ്‌ലാം) വിശുദ്ധ വേദപ്രകാരം മനുഷ്യബോധത്തിന്റെ പുലരിതൊട്ടേ ഉണ്ടായിരുന്ന സഹജ വാഞ്ഛയാണെന്ന് മുഹമ്മദ് അസദ് നിരീക്ഷിക്കുന്നുണ്ട്. 
പ്രകൃതിപരമായ സമര്‍പ്പണം, ധാര്‍മികപരമായ സമര്‍പ്പണം എന്നിങ്ങനെ സമര്‍പ്പണം രണ്ട് രൂപത്തിലുണ്ട്. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും പ്രകൃതിപരമായ സമര്‍പ്പണത്തിന്റെ പാതയിലാണ്. ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ദൈവത്തിനു വിധേയപ്പെട്ടുകൊണ്ടാണ് ചലിച്ചുകൊണ്ടിരിക്കുന്നത്: ''താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു''(അര്‍റഹ്മാന്‍: 6). പക്ഷേ, മനുഷ്യന്‍ അവയൊന്നും തിരിച്ചറിയുന്നില്ലെന്നു മാത്രം. മനുഷ്യപ്രകൃതവും പ്രകൃതിപരമായ സമര്‍പ്പണത്തില്‍നിന്ന് മുക്തമല്ല. എവിടെ, എപ്പോള്‍, ആരുടെ സന്തതിയായി ജനിക്കണം?, എവിടെ, എപ്പോള്‍, എങ്ങനെ മരണപ്പെടണം? ശാരീരികാവയവങ്ങളുടെ ധര്‍മമെന്തായിരിക്കണം? ഇങ്ങനെ മനുഷ്യസ്വാതന്ത്ര്യത്തിന് പുറത്തുള്ള പ്രകൃതിപരമായ ധാരാളം കാര്യങ്ങളുണ്ട്. അവ ദൈവത്തിന്റെ ഇംഗിതപ്രകാരമാണ് നടക്കുന്നത്. ധാര്‍മികപരമായ സമര്‍പ്പണം മനുഷ്യന്റെ ബോധപൂര്‍വമുള്ള തെരഞ്ഞെടുപ്പാണ്. ഇസ്‌ലാമിന്റെ ധര്‍മശാസ്ത്രം മനസ്സാവാചാകര്‍മണാ അംഗീകരിക്കലാണ് ധര്‍മപരമായ സമര്‍പ്പണം. പ്രകൃതിപരമായ സമര്‍പ്പണത്തെയും ധര്‍മപരമായ സമര്‍പ്പണത്തെയും തിരിച്ചറിയുകയും ധര്‍മപരമായ സമര്‍പ്പണത്തെ ജീവിതത്തിന്റെ തത്ത്വമായി അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യനില്‍ സമര്‍പ്പണം പൂര്‍ണമാകുന്നത്. വിശുദ്ധ വേദം പറയുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി സമര്‍പ്പണത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്''(അല്‍ബഖറ: 208).
രണ്ട്, സമാധാനം. ദൈവത്തിനും ദൂതന്നും സ്വന്തത്തെ സമര്‍പ്പിക്കുമ്പോള്‍ സ്വാഭാവികമായും വന്നുചേരുന്ന അവസ്ഥയാണിത്. ഒരുതരം അപരിചിതത്വം ഓരോ മനുഷ്യനും അനുഭവിക്കുന്നുണ്ട്. അസ്തിത്വത്തെ സംബന്ധിച്ചുള്ളതാണ് പ്രസ്തുത അപരിചിതത്വം. ഞാനെന്ന ഉണ്മയുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് കൃത്യമായ വിജ്ഞാനം ലഭിച്ചില്ലെങ്കില്‍ വിഷാദപൂരിതമായ ജീവിതമായിരിക്കും ഉണ്ടാവുക. അസ്തിത്വപ്രതിസന്ധിക്ക് പരിഹാരം ലഭിച്ച വ്യക്തിയും നിരവധി ആത്മസംഘര്‍ഷങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. മനുഷ്യന്റെ അസ്തിത്വപരമായ അപരിചിതത്വത്തിനും ആത്മസംഘര്‍ഷങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഇസ്‌ലാം. ജീവിതത്തെ ശുഭപ്രതീക്ഷയോടെയും സ്ഥൈര്യത്തോടെയും അഭിമുഖീകരിക്കാന്‍ മുസ്‌ലിമിനെ പ്രാപ്തനാക്കുന്നു ഇസ്‌ലാം. വിശുദ്ധ വേദം പറയുന്നു: ''ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല''(അല്‍മാഇദ: 69).
മൂന്ന്, വിമോചനം. ഇസ്‌ലാമിനെ സ്വാംശീകരിക്കുമ്പോള്‍ ഭൗതികവും അഭൗതികവുമായ വിപത്തുകളില്‍നിന്നും തെറ്റായ വിശ്വാസങ്ങളില്‍നിന്നും  മനുഷ്യന് മോചനം ലഭിക്കും. മാനവതയുടെ ഭൗതികവും അധ്യാത്മികവുമായ വിമോചനമായിരുന്നു പ്രവാചകനിയോഗത്തിന്റെ ലക്ഷ്യം. വിശുദ്ധ വേദം പറയുന്നു: ''തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ, അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമവസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ അവരാണ് വിജയം വരിച്ചവര്‍''(അല്‍അഅ്‌റാഫ്: 157). ദൈവത്തോടും ദൂതനോടുമുള്ള അനുസരണത്തിന്റെ ഫലമാണ് അധീശത്വവ്യവസ്ഥകളില്‍നിന്നുള്ള വിമോചനം. ഒരു പ്രണാമം ആയിരം പ്രണാമങ്ങളില്‍നിന്ന് മനുഷ്യനെ രക്ഷിക്കുന്നുവെന്ന് അല്ലാമാ ഇഖ്ബാല്‍ പറഞ്ഞിട്ടുണ്ട്. 
നാല്, അനുരഞ്ജനം. പ്രപഞ്ചത്തിലെ ജൈവികവും അജൈവികവുമായ സത്തകള്‍ക്കിടയില്‍ അനുരഞ്ജനം രൂപപ്പെടുത്തുന്നു ഇസ്‌ലാം. അനുരഞ്ജനമുണ്ടാവുമ്പോഴാണ് സംഘര്‍ഷങ്ങളും വൈരുധ്യങ്ങളുമില്ലാത്ത അന്തരീക്ഷം സംജാതമാവുക. ദൈവം, മനുഷ്യന്‍, പ്രപഞ്ചം എന്നീ സത്തകളുടെ പാരസ്പര്യം മാത്രം പരിശോധിച്ചാല്‍ അനുരഞ്ജനമെന്ന തത്ത്വം എങ്ങനെയാണ് അവയില്‍ പ്രതിപ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യമാവും. ദൈവത്തിനും മനുഷ്യന്നുമിടയിലും  ദൈവത്തിനും പ്രപഞ്ചത്തിനുമിടയിലും മനുഷ്യനും മനുഷ്യനുമിടയിലും മനുഷ്യനും പ്രപഞ്ചത്തിനുമിടയിലും ഇസ്‌ലാം അനുരഞ്ജനം രൂപപ്പെടുത്തുന്നു. ഈ സത്തകള്‍ക്ക് മധ്യേ സംഘര്‍ഷമോ വൈരുധ്യമോ ഇസ്‌ലാം ഉണ്ടാക്കുന്നില്ല. ഓരോ സത്തയുടെയും യാഥാര്‍ഥ്യം അതുതന്നെയാണ്. വിശുദ്ധ വേദം പറയുന്നു: ''ചന്ദ്രനെ പ്രാപിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനും സാധ്യമല്ല. എല്ലാം നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്'' (യാസീന്‍: 40). ഇസ്‌ലാം സമര്‍പ്പിക്കുന്ന അനുരഞ്ജനമെന്ന തത്ത്വത്തെ ലംഘിക്കുമ്പോഴാണ് മനുഷ്യന്റെയും പ്രകൃതിയുടെയും സന്തുലിതാവസ്ഥ തകരാറിലാവുന്നത്. 
കേവലമായ സന്മാര്‍ഗം മാത്രമല്ല, ജ്ഞാനതത്ത്വം കൂടിയാണ് ഇസ്‌ലാം. ഇസ്‌ലാമും അതിന്റെ ഓരോ പാഠവും ജ്ഞാനത്താല്‍ ദൃഢീകൃതമാണ്. ഇസ്‌ലാമിന്റെ താഴ്‌വേര് മുതല്‍ ശിഖരംവരെ വിജ്ഞാനമാണ്. ഇസ്‌ലാമെന്നാല്‍ വിജ്ഞാനവും വിജ്ഞാനമെന്നാല്‍ ഇസ്‌ലാമുമാണ്. 'വിജ്ഞാനമില്ലാത്ത ഒരു കാര്യത്തില്‍ നീ നിലപാട് കൈക്കൊള്ളരുത്' (അല്‍ഇസ്‌റാഅ്: 36) എന്ന വിശുദ്ധ വേദവചനമാണ് ഇസ്‌ലാമിന്റെ വൈജ്ഞാനിക പിന്‍ബലത്തിന്റെ നിദാനം. വിജ്ഞാനം സ്വായത്തമാക്കല്‍ മതപരവും വ്യക്തിപരവുമായ ബാധ്യതയാണ്. വിജ്ഞാനാന്വേഷണം മുസ്‌ലിം സ്ത്രീപുരുഷന്മാരുടെ ചുമതലയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. വിജ്ഞാനം, അത് നേടാനാവശ്യമായ മാര്‍ഗങ്ങളും ഉപകരണങ്ങളുമായ വായന, പേന, കടലാസ്, മഷി തുടങ്ങിയവ വിശുദ്ധ വേദത്തിലും തിരുചര്യയിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. വിജ്ഞാനത്തെ അടയാളപ്പെടുത്തുന്ന 'ഇല്‍മ്' എന്ന പദം നൂറ്റിയഞ്ച് പ്രാവശ്യം വിശുദ്ധ വേദത്തില്‍ വന്നിട്ടുണ്ട്. ഇല്‍മില്‍നിന്ന് നിഷ്പന്നമായ അതിന്റെ ഇതര രൂപങ്ങള്‍ അതിലേറെ വരും. ദൈവത്തെ കുറിക്കുന്ന അല്ലാഹുവെന്ന പദത്തിനു ശേഷം കൂടുതല്‍ തവണ വന്ന പദം ഒരുപക്ഷേ, ഇല്‍മായിരിക്കും. 'നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക' (അല്‍അലഖ്: 1) എന്ന ആഹ്വാനത്തോടെയാണ് വിശുദ്ധ വേദത്തിന്റെ അവതരണം. പേനയെയും എഴുത്തിനെയും പരാമര്‍ശിച്ചുകൊണ്ടാണ് അല്‍ഖലം അധ്യായം തുടങ്ങുന്നത്. 
ചിന്ത, അന്വേഷണം, ഗവേഷണം എന്നിവയെ കുറിക്കുന്ന പദങ്ങളായ അഖ്ല്‍(ബുദ്ധി), ഫഹ്മ്(ഗ്രാഹ്യം), ഫിഖ്ഹ്(അവഗാഹം), ഫിക്ര്‍(ചിന്ത), തദബ്ബുര്‍ (പര്യാലോചന), തദക്കുര്‍ (പ്രബുദ്ധത), നുഹ (ബുദ്ധി), ലുബ്ബ് (അകക്കാമ്പ്), ഹിജ്ര്‍ (ബുദ്ധി), ഹിക്മത്ത് (തത്ത്വജ്ഞാനം), ബസ്വീറത്ത് (ഉള്‍ക്കാഴ്ച),  ബയ്യിനത്ത് (പ്രമാണം), ഫുര്‍ഖാന്‍ (ധര്‍മാധര്‍മബോധം), റുജ്ഹാന്‍ (തെളിവ്), ബുര്‍ഹാന്‍ (പ്രമാണം), റുശ്ദ് (വിവേകം), ഇജ്തിഹാദ് (ഗവേഷണം) തുടങ്ങിയ പദങ്ങള്‍ വിശുദ്ധ വേദത്തിലും തിരുചര്യയിലും വന്നിട്ടുണ്ട്. വിജ്ഞാനവുമായി ബന്ധപ്പെട്ട് ധാരാളം പ്രവാചകവചനങ്ങള്‍ ഇമാം അബൂഹാമിദ് അല്‍ഗസാലി ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആരാധന അനുഷ്ഠിക്കുന്നവനേക്കാള്‍ ജ്ഞാനിയുടെ ശ്രേഷ്ഠത പൗര്‍ണമിരാവില്‍ ചന്ദ്രന് നക്ഷത്രങ്ങളെ അപേക്ഷിച്ചുള്ള ശ്രേഷ്ഠതപോലെയാണെന്ന പ്രവാചകവചനം അവയിലൊന്നാണ്.
ദൈവം ആദമിന് വിജ്ഞാനം പകര്‍ന്നുനല്‍കി ആദരിച്ച ചരിത്രം വിശുദ്ധ വേദം പ്രതിപാദിക്കുന്നുണ്ട്. വ്യക്തിയെന്ന നിലക്കും മനുഷ്യവര്‍ഗത്തിന്റെ പ്രതിനിധിയെന്ന നിലക്കുമുള്ള ബഹുമതിയായിരുന്നു വിജ്ഞാനം കൊണ്ടുള്ള പ്രസ്തുത ആദരവ്. വസ്തുവിന്റെയും വസ്തുതയുടെയും നാമങ്ങളാണ് ദൈവം ആദമിനെ പഠിപ്പിച്ചത്. നാമങ്ങളുടെ ഉപരിപ്ലവമായ വായന വിജ്ഞാനമായി മാറുകയില്ല. മറിച്ച്, അവയുടെ ആഴങ്ങളെപ്പറ്റി ചിന്തിക്കുമ്പോഴും അവയുടെ ഉള്‍സാരം അനുഭവിക്കുമ്പോഴുമാണ് നാമങ്ങള്‍ വിജ്ഞാനമായി രൂപാന്തരപ്പെടുന്നത്. നാമങ്ങള്‍, അവയുടെ സ്വഭാവങ്ങളും അവയുടെ സവിശേഷതകളും പ്രവര്‍ത്തനങ്ങളും ഗ്രഹിക്കാനുള്ള സിദ്ധിയും നൈപുണ്യവുമാണ് ദൈവം ആദമിന് നല്‍കിയത്. പ്രകൃത്യാ വിജ്ഞാനത്തോട് ഉന്മുഖനാണ് മനുഷ്യനെന്ന് അരിസ്റ്റോട്ടില്‍ പറയുന്നത് അവനില്‍ ദൈവം നിക്ഷേപിച്ച വൈജ്ഞാനികസിദ്ധി കൊണ്ടാവാം. 
വിജ്ഞാനമെന്ന സൂചികയെ വിഭിന്നതലങ്ങളില്‍ വിശകലനംചെയ്ത് അപഗ്രഥിക്കുന്ന ശാസ്ത്രശാഖയാണ് ജ്ഞാനശാസ്ത്രം (എപ്പിസ്റ്റമോളജി). എപ്പിസ്റ്റീം, ലോഗോസ് എന്നീ ഗ്രീക്ക് പദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് എപ്പിസ്റ്റിമോളജി. എപ്പിസ്റ്റീമെന്നാല്‍ വിജ്ഞാനമെന്നും ലോഗോസെന്നാല്‍ യുക്തിപരമായ വ്യവഹാരമെന്നുമാണ് അര്‍ഥം. വിജ്ഞാനത്തിന്റെ തത്ത്വം, പ്രകൃതം, ന്യായം, യുക്തി എന്നിവയെ സംബന്ധിച്ച പഠനശാഖയാണ് വിജ്ഞാനശാസ്ത്രം  (എപ്പിസ്റ്റമോളജി). എന്താണ് വിജ്ഞാനം? അതിന്റെ നിര്‍വചനമെന്താണ്? വിജ്ഞാനം ഉണ്ടാവുന്നതെങ്ങനെയാണ്? അതിന്റെ സ്രോതസ്സുകള്‍ എന്തൊക്കെയാണ്? അവ വഴി ലഭിക്കുന്ന വിജ്ഞാനം സത്യമാണോ? വിജ്ഞാനം സത്യമാണെന്ന് ഗ്രഹിക്കുന്നത് എങ്ങനെയാണ്? വിജ്ഞാനം വിജ്ഞാനമാവുന്നതിന്റെ ന്യായവും യുക്തിയും എന്തൊക്കയാണ്? എന്നിങ്ങനെ ജ്ഞാനശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിജ്ഞാനത്തെ പ്രശ്‌നവല്‍ക്കരിക്കാനാവും. 
ഓരോ ചിന്താധാരക്കും അതിന്റേതായ വിജ്ഞാനശാസ്ത്രമുണ്ട്. ഇസ്‌ലാമിനും ഒരു തനത് വിജ്ഞാനശാസ്ത്രമുണ്ട്. ഇസ്‌ലാമിന്റെ വൈജ്ഞാനികമായ പരിപ്രേക്ഷ്യത്തെ ബോധപൂര്‍വം അദൃശ്യമാക്കുന്ന,  ഇസ്‌ലാമിന് ഒട്ടും നിരക്കാത്ത വാദങ്ങള്‍ അതിനുമേല്‍ കെട്ടിവെക്കുന്ന പ്രവണതയാണ് കാണാറുള്ളത്. ഓറിയന്റ്‌ലിസ്റ്റുകളും ലിബറല്‍ ബുദ്ധിജീവികളുമാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍, നിഷ്പക്ഷബുദ്ധിജീവികള്‍ ഇസ്‌ലാമിന്റെ ജ്ഞാനശാസ്ത്രത്തെ അറിയാന്‍ ശ്രമിച്ചിട്ടുണ്ട്. ഇല്‍മെന്നാണ് വിജ്ഞാനത്തിന് ഇസ്‌ലാം പ്രയോഗിക്കുന്ന സാങ്കേതികശബ്ദം. ഇബ്‌നുമന്‍ളൂര്‍ തന്റെ ലിസാനുല്‍ അറബില്‍ ഇല്‍മിന് നല്‍കുന്ന ഭാഷാപരമായ അര്‍ഥം, 'അജ്ഞത(ജഹ്ല്‍)ക്കെതിരായ ആശയം' എന്നാണ്. ഒരു കാര്യത്തെ അറിഞ്ഞെന്നാല്‍ അതിനെപ്പറ്റി ബോധ്യമായി, നിപുണമായി എന്നൊക്കെയാണ് അര്‍ഥങ്ങള്‍. ഒരു സംഗതിയുടെ യാഥാര്‍ഥ്യത്തോടെയുള്ള ഗ്രാഹ്യം (ഇദ്‌റാക്), ദൃഢബോധം (യഖീന്‍), തിരിച്ചറിവ് (മഅ്‌രിഫത്ത്) തുടങ്ങിയവയായിട്ടാണ് വിജ്ഞാനം അല്‍മുഅ്ജമുല്‍ വസീത്വില്‍ നിര്‍വചിക്കപ്പെടുന്നത്.      
ദാര്‍ശനികര്‍ വിജ്ഞാനത്തെ വിശകലനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. വസ്തുക്കളുടെ പൊരുള്‍ ഗ്രഹിക്കലാണ് ജീവിതത്തിന്റെ പരമലക്ഷ്യമെന്ന് ഇമാം ഗസാലി നിരീക്ഷിക്കുന്നു. അതുതന്നെയാണല്ലോ വിജ്ഞാനം. വിജ്ഞാനസമ്പാദനത്തിനുള്ള  മാര്‍ഗമായാണ് കര്‍മത്തെ അദ്ദേഹം കാണുന്നുത്. വിജ്ഞാനം ഒഴികെയുള്ള കാര്യങ്ങളില്‍ പരമമായ നന്മ ദര്‍ശിക്കുന്നില്ല ഇമാം ഗസാലി. ആരാധന, ധര്‍മശാസ്ത്രം, സാമൂഹികജീവിതം എന്നിവ വിജ്ഞാനസമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. 'മീസാനുല്‍ അമലി'ലാണ് ഈ വീക്ഷണം ഗസാലി അവതരിപ്പിക്കുന്നത്. വിജ്ഞാനത്തെ സംബന്ധിച്ച് ജൈമിനിയുടെ വീക്ഷണം ഇപ്രകാരമാണ്: ''വിജ്ഞാനം സ്വയംതന്നെ പ്രമാണമാണ്. അതിനെ നിരാകരിക്കാന്‍ സാധിക്കില്ല. വിപരീത വിജ്ഞാനം കൊണ്ട് തെളിയുന്നതുവരെ ഓരോ വിജ്ഞാനവും സത്യമാണ്.'' എന്നാല്‍, ന്യായ-വൈശേഷികദര്‍ശനങ്ങളില്‍ വിജ്ഞാനസംബന്ധിയായ വീക്ഷണം മറ്റൊന്നാണ്. ഇതര തെളിവുകള്‍കൊണ്ട് സ്ഥാപിതമാകുംവരെ ഒരു വിജ്ഞാനവും സത്യമല്ലെന്നാണ് പ്രസ്തുത ദര്‍ശനങ്ങള്‍ രേഖപ്പെടുത്തുന്നത്. വിജ്ഞാനത്തെ ആപേക്ഷികമായാണ് ജൈനമതം കാണുന്നത്. ഒരു വസ്തുവിന്റെ അസ്തിത്വവും നാസ്തിത്വവും സാധ്യമാവുന്നത് ദ്രഷ്ടാവിന്റെ വീക്ഷണത്തെ ആസ്പദിച്ചായിരിക്കുമെന്ന് ജൈനമതം പറയുന്നു. മനുഷ്യന്റെ അധികാരം വര്‍ധിപ്പിക്കുന്ന ആശയമായാണ് യൂറോകേന്ദ്രീകൃത ശാസ്ത്രത്തിന്റെ പിതാവായ ഫ്രാന്‍സിസ് ബേക്കണ്‍ വിജ്ഞാനത്തെ നിര്‍വചിക്കുന്നത്. ശാസ്ത്രത്തിന്റെ പ്രയോജനപരമായ വശത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് ബേക്കന്റെ നിര്‍വചനം. യുക്തിഭദ്രമായി ചിന്തിക്കുന്ന ഒരാള്‍ക്ക് സംശയിക്കാന്‍ കഴിയാത്തവിധം സുനിശ്ചിതമായ വല്ല വിജ്ഞാനവും ലോകത്തുണ്ടോയെന്ന ചോദ്യമാണ് യഥാര്‍ഥത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യമെന്ന് ബര്‍ട്രന്റ് റസ്സല്‍ പറയുന്നു. 
യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുന്ന വിധത്തിലാണ് വിശുദ്ധ വേദവും തിരുചര്യയും സമര്‍പ്പിക്കുന്ന വിജ്ഞാനം. അതുതന്നെയാണ് ഇസ്‌ലാംവിജ്ഞാനീയങ്ങളുടെ സവിശേഷതയും. കേവലമായ വിജ്ഞാനം ഇസ്‌ലാമിലില്ല. സമര്‍പ്പണം (ഇസ്‌ലാം), വിജ്ഞാനം (ഇല്‍മ്), ദൃഢബോധം (യഖീന്‍) എന്നിവ പരസ്പരം സഹവര്‍ത്തിക്കുന്നു. ദൃഢബോധത്തിന്റെ ആധാരത്തിലുള്ള വിജ്ഞാന(ഇല്‍മുല്‍ യഖീന്‍)ത്തിലൂടെയാണ് മുസ്‌ലിം ദൈവത്തോടുള്ള ആത്മാര്‍ഥമായ സമര്‍പ്പണം സാക്ഷാല്‍ക്കരിക്കുന്നത്. വിജ്ഞാനത്തിന്റെ പ്രഥമഘട്ടവും ദൈവികമായ സത്യത്തിന്റെ പ്രാഥമികമായ സ്വീകരണവുമാണിത്. യുക്തിപരമായ നിഗമനത്തിലൂടെയാണ് പ്രസ്തുത ഘട്ടം സാധ്യമാവുന്നത്. ദൈവത്തോടുള്ള സമര്‍പ്പണം വര്‍ധിക്കുന്നതിനനുസരിച്ച് ദൃഢവിജ്ഞാനം വിജ്ഞാനത്തിന്റെ രണ്ടാംഘട്ടമായ ദൃഢദര്‍ശന(ഐനുല്‍ യഖീന്‍)ത്തിലേക്ക് പ്രവേശിക്കുന്നു. വിശുദ്ധ വേദവും തിരുചര്യയും സമര്‍പ്പിക്കുന്ന വിജ്ഞാനങ്ങളുടെ ദാര്‍ശനികമായ അനുഭവമാണിത്. ദര്‍ശനപരമായ ഉള്‍ക്കാഴ്ചയിലൂടെയാണ് രണ്ടാംഘട്ടം സാധ്യമാവുന്നത്. ഈ ഘട്ടത്തിലാണ് വിജ്ഞാനത്തിന്റെ പൊരുള്‍ അനാവൃതമാവുന്നത്. തുടര്‍ന്ന് വിജ്ഞാനത്തിന്റെ മൂന്നാം ഘട്ടമായ ദൃഢസത്യ(ഹഖുല്‍ യഖീന്‍)ത്തിലേക്ക് പ്രവേശിക്കുന്നു. ദൃഢബോധ്യത്തിലൂടെ ദാര്‍ശനികമായി അനുഭവിച്ച വിജ്ഞാനം സത്യവും യഥാര്‍ഥവുമാണെന്ന് ഒരാളില്‍ രൂഢമൂലമാകുന്ന അവസ്ഥയാണിത്. 
ഓരോ വിജ്ഞാനത്തെയും മുസ്‌ലിമിന്റെ സ്വത്വം ഈ മൂന്നു ഘട്ടങ്ങളിലൂടെ സ്വാംശീകരിക്കുന്നു. അതായത് ഇസ്‌ലാമും അതിന്റെ ഓരോ പാഠവും ഒരേസമയം ദൃഢബോധത്തിന്റെ ആധാരത്തില്‍ നങ്കൂരമിട്ട വിജ്ഞാനവും ദര്‍ശനവും സത്യവുമാണ്. ഇബ്‌നുല്‍ഖയ്യിംവിജ്ഞാനത്തിന്റെ മൂന്നു ഘട്ടങ്ങളെ തന്റെ 'മിദ്‌റാജുസ്സാലികീനി'ല്‍ ഒരു ഉപമയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഒരു വ്യക്തി തന്റെ കൈവശം തേനുണ്ടെന്ന് നിങ്ങളോട് പറയുന്നു. നിങ്ങള്‍ അതിലൊട്ടും സംശയം പ്രകടിപ്പിക്കുന്നുമില്ല. പിന്നീട് തേന്‍ നിങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നു. അപ്പോള്‍ തേനില്‍ ഒന്നുകൂടി വിശ്വാസം വര്‍ധിക്കുന്നു. പിന്നെ നിങ്ങള്‍ തേന്‍ രുചിച്ചുനോക്കുന്നു. ശേഷം ഇബ്‌നുല്‍ഖയ്യിം പറയുന്നു: തേന്‍ ഇന്ന വ്യക്തിയുടെ കൈവശമുണ്ടെന്ന ജ്ഞാനം വിജ്ഞാനത്തിന്റെ പ്രഥമ ഘട്ടവും (ഇല്‍മുല്‍ യഖീന്‍) തേന്‍ ദര്‍ശിക്കുമ്പോള്‍ ഉണ്ടാവുന്നജ്ഞാനം വിജ്ഞാനത്തിന്റെ ദ്വിതീയ ഘട്ടവും (ഐനുല്‍ യഖീന്‍) തേന്‍ രുചിക്കുമ്പോള്‍ അതു തേന്‍ തന്നെയാണെന്ന് യാഥാര്‍ഥ്യമായി അനുഭവപ്പെടുന്ന ജ്ഞാനം വിജ്ഞാനത്തിന്റെ തൃതീയ ഘട്ടവും (ഹഖുല്‍ യഖീന്‍)ആണ്. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (12-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

നന്ദിയുള്ള അടിമയാവുക
പി.വൈ സൈഫുദ്ദീന്‍