വംശീയ ദേശീയതയും സ്വേഛാധിപത്യവും
രണ്ടായിരത്തിപ്പതിനൊന്ന് ജനുവരി 25-ന് ആരംഭിച്ച് ഫെബ്രുവരി 11 വരെ നീണ്ടു നിന്ന പോരാട്ടമായിരുന്നു ഈജിപ്തിലെ തഹ്‌രീര്‍ വിപ്ലവമായി അറിയപ്പെട്ടത്. തൊട്ടു മുന്നേ തുനീഷ്യയില്‍ നടന്ന, മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെട്ട പ്രക്ഷോഭവുമായി ചേര്‍ത്ത് അറബ് വസന്തം എന്നും അത് വ്യവഹരിക്കപ്പെട്ടു.
അതേ വര്‍ഷം സെപ്റ്റംബറില്‍ തഹ്‌രീര്‍ സമരം വിഷയമാക്കി പുറത്തിറങ്ങിയ സിനിമയാണ് Tahrir 2011: The Good, the Bad and the Politician. മൂന്ന് ഡോക്യുമെന്ററി സിനിമകളുടെ ഒരു ആന്തോളജിയാണ് ഇത്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് തഹ്‌രീര്‍. ദി ഗുഡ് എന്ന ഭാഗം തഅ്മീര്‍ ഇസ്സത്തും ദി ബാഡ് എന്ന ഭാഗം അയ്‌തെന്‍ അമീനും സംവിധാനം ചെയ്തിരിക്കുന്നു.
ആഭ്യന്തര ശത്രുവിനെക്കുറിച്ച തത്ത്വശാസ്ത്രം
മൂന്നാമത്തെ ഭാഗം ദ് പൊളിറ്റീഷ്യന്‍ സംവിധാനിച്ചത് അസ്മ, ശൈഖ് ജാക്‌സന്‍ തുടങ്ങിയ ലോകപ്രശസ്ത ചലച്ചിത്രങ്ങളുടെ സാക്ഷാത്കാരകനായ, ഈജിപ്ഷ്യന്‍ ഫിലിം മേക്കര്‍ അംറ് സലാമയാണ്. രസകരമായ ഒരു സറ്റയറിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്ന 'പൊളിറ്റീഷ്യനി'ല്‍ ഒരു സ്വേഛാധിപതിയെ നിര്‍മിക്കുന്ന പത്ത് ഘടകങ്ങള്‍ വിവരിക്കുന്നുണ്ട്. ഹെയര്‍ ഡൈയിലാണ് അത് തുടങ്ങുന്നത്. മുപ്പത് കൊല്ലത്തോളം ഈജിപ്ത് അടക്കിഭരിച്ച ഹുസ്‌നി മുബാറക് അവസാനകാലം വരെ ചെറുപ്പമായിരുന്നു. മുടി കറുപ്പിക്കുന്നതിന് അധികാരത്തിലുള്ള പങ്കിനെ സരസമായി അവതരിപ്പിക്കുമ്പോള്‍ സ്വന്തം ന്യൂനതകള്‍ മറച്ചുവെക്കാനും തനിക്കില്ലാത്ത ഗുണങ്ങള്‍ അവകാശപ്പെട്ട് മേല്‍ക്കോയ്മ നേടാനുമുള്ള ഒരു സ്വേഛാധികാരിയുടെ ത്വരയാണ് ആന്തരികമായി അതില്‍ അടയാളപ്പെടുന്നത്. തുടര്‍ന്ന് ഛായാചിത്രങ്ങളും അപദാന ഗീതങ്ങളും തെരുവുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തന്റെയും പിതാമഹന്മാരുടെയും പേരുകള്‍ നല്‍കലും ഒക്കെയായി Ten rules to being a good dictator മുന്നോട്ടു പോകുന്നു.
അവസാനം പറയുന്ന മൂന്ന് കാര്യങ്ങള്‍ സാര്‍വകാലിക പ്രസക്തിയുള്ളതാണ്. മാധ്യമങ്ങളെ അധീനപ്പെടുത്തല്‍(Cowing Media), ഒരു സങ്കല്‍പ ഭീകര ശത്രുവിന്റെ ഭൂതരൂപത്തെ നിര്‍മിക്കലും വളര്‍ത്തലും (Raising the spectre of a phantom enemy), ഒരു പാരമ്പര്യ വാഴ്ചാക്രമത്തെ ശാശ്വതീകരിക്കല്‍ (Perpetuating a dynasty) എന്നിവയാണവ. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെയും അധികാരവ്യവസ്ഥയെയും കുറിച്ച ചര്‍ച്ചയിലും പ്രസക്തമായ കാര്യങ്ങള്‍.
മുബാറക്കിന് വംശീയ ദേശീയതയുടെ പശ്ചാത്തലം വല്ലാതെയൊന്നുമില്ലായിരുന്നു. അതിനാല്‍തന്നെ അവസാനം പറഞ്ഞ മൂന്നില്‍, രണ്ടാമത്തെ നിയമം അവിടെ ഒരു വംശീയതയുടെ മാനമാര്‍ജിച്ചതുമില്ല. എന്നാല്‍ ഒരു ജനാധിപത്യക്രമത്തിലൂടെ അധികാരത്തിലേറി കടുത്ത സ്വേഛാധിപത്യ പ്രവണതകള്‍ കാണിച്ച, സ്വേഛാധിപത്യത്തിന്റെ മാതൃകകളായി അംഗീകരിക്കപ്പെട്ട പലരും വംശീയവാദത്തിനു മേലാണ് സിംഹാസനങ്ങള്‍ സ്ഥാപിച്ചു നിര്‍ത്തിയത്.
ആന്തരിക ശത്രുക്കള്‍ എന്ന സങ്കല്‍പം സംഘ് പരിവാര്‍ ഫാഷിസത്തിന്റെ വേദപുസ്തകമായ 'വിചാരധാര'യിലെ ഏറ്റവും പ്രധാന ഭാഗമായിത്തീര്‍ന്നതിന്റെ പശ്ചാത്തലവും ഇതാണ്. സാധാരണ ഏകാധിപതികള്‍ തങ്ങള്‍ക്ക് അനഭിമതരായ വ്യക്തികളെയും സംഘടനകളെയുമാണ് ഭീകരവല്‍ക്കരിക്കുന്നതെങ്കില്‍ വംശീയവാദികളായ ഏകാധിപതികള്‍ ഒരു സമൂഹത്തെത്തന്നെയാണ് ഭീകരമുദ്ര ചുമത്തി അപരവല്‍ക്കരിക്കുക.
ദേശീയതയെ പ്രധാനപ്പെട്ട ഒരു പോയിന്റായി അംറ് സലാമ ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും വംശീയ ഫാഷിസത്തിന്റെ ആധാരത്തില്‍ സ്വേഛാധിപത്യത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ Raising the spectre of a phantom enemy എന്ന നിയമത്തില്‍ അതുകൂടി ഉള്‍ച്ചേരുന്നുണ്ട്. National Socialism എന്ന തത്ത്വമാണ് ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും മുന്നോട്ടു വെച്ചിരുന്നത്. ഇതിലാകട്ടെ, ഏകമുഖമായ ദേശീയതയുടെ ഒരു സംസ്‌കാരം രൂപപ്പെടുകയും ആ സംസ്‌കാരത്തിന്റെ ശത്രുക്കളായി യൂദ ജനത അടയാളപ്പെടുകയും ചെയ്തു. മനുഷ്യന്‍ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും മാരകവും മനുഷ്യവിരുദ്ധവും എന്ന് രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച ദേശീയതയോടുള്ള ഭ്രാന്തന്‍ ആഭിമുഖ്യം വളര്‍ത്തിക്കൊണ്ടാണ് നാസി ജര്‍മനിയില്‍ യൂദന്മാര്‍ക്കെതിരായ നിഷ്ഠുരവംശഹത്യ അരങ്ങേറ്റിയത്.
പവിത്രമായ സംസ്‌കാരം എന്ന ആശയത്തിന് കുറേക്കൂടി തെളിച്ചം നല്‍കുന്ന സ്വഭാവത്തിലാണ് സംഘപരിവാരം അവരുടെ വംശീയ രാഷ്ട്രീയത്തെ ഈഹൗേൃമഹ ചമശേീിമഹശാെ (സാംസ്‌കാരിക ദേശീയതാവാദം) എന്ന് വിളിച്ചത്. ഇതിലും കുറേക്കൂടി വ്യക്തവും മൂര്‍ത്തവുമായ ജവമിീോ ലിലാ്യ പ്രത്യക്ഷപ്പെട്ടു. ഒരുപക്ഷേ ഒന്നിലധികം ഭൂതങ്ങള്‍. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമായി മൂന്ന് അധ്യായങ്ങളാണ് ഗോള്‍വാള്‍ക്കര്‍ മാറ്റിവെച്ചിരുന്നതെങ്കിലും കുറേക്കൂടി പ്രാധാന്യവും മൂര്‍ഛയുമുള്ളത് മുസ്‌ലിം എന്ന ആന്തരിക ദൗര്‍ബല്യത്തിനെതിരായ വാദങ്ങള്‍ക്കായിരുന്നു. തീര്‍ത്തും വൈകാരികമായി പ്രചരിപ്പിക്കപ്പെട്ട ഒന്നായിരുന്നു അത്.
ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങളെ പൂര്‍ണമായും ധ്രുവീകരിക്കുന്ന പ്രവണതകള്‍ ആരംഭിച്ചതവിടെയാണ്. ചരിത്രപരമായി പറഞ്ഞാല്‍ 'വിചാരധാര'ക്കും മുന്നേ ബങ്കിം ചന്ദ്രയിലും സവര്‍ക്കറിലും തുടങ്ങിയ വിഭജനമാണത്. ഇന്ത്യാ വിഭജനം എന്ന് നാം വിളിക്കുന്ന സംഭവം തൊട്ട് ഏറ്റവുമിന്നത്തെ (ങീേെ ാീറലൃി) ഇന്ത്യയിലെ ജനതയില്‍ സംഭവിച്ചിരിക്കുന്ന ആപല്‍ക്കരമായ മാനസിക വിഭജനം വരെ എത്തിനില്‍ക്കുന്ന ചരിത്രത്തിന്റെ ആരംഭം.
വംശീയ സ്വേഛാധിപത്യത്തിന്റെ ലക്ഷണങ്ങള്‍
കുറേക്കൂടി വ്യക്തമായി ഒരു വംശീയ സ്വേഛാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ ഖുര്‍ആനില്‍ വരച്ചുകാട്ടുന്നതും മാതൃകയായെടുക്കാം. തഹ്‌രീറില്‍ പരാമര്‍ശിച്ചതുപോലെ ഇവിടെയും ദേശപശ്ചാത്തലം ഈജിപ്താണ് എന്നത് രസകരമാണ്.
ഈ ലക്ഷണങ്ങള്‍ തികഞ്ഞ സര്‍വാധിപതിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഫറോവയെയാണ്. പൗരാണിക ഈജിപ്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേരാണല്ലോ ഫറോവ. പരാമൃഷ്ട വ്യക്തി ഏത് ഫറോവയാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നില്ല. ഫിര്‍ഔന്‍ എന്നേ പറയുന്നുള്ളൂ. മൂസാ നബിയുടെ ചരിത്രവുമായി ബന്ധപ്പെടുന്ന ഫറോവ എന്നു മാത്രം മനസ്സിലാക്കാം.
അവിടെയും ഒരു പ്രശ്‌നമുള്ളത്, ചരിത്രപരമായി പരിശോധിക്കുമ്പോള്‍ ഫിര്‍ഔന്‍ എന്ന പേരില്‍ വേദഗ്രന്ഥത്തില്‍ വരുന്ന അധികാരരൂപം *രണ്ടു പേരാവാനാണ് സാധ്യത. മൂസാ നബി മദ്‌യനിലേക്ക് പോകുന്നതു വരെയുള്ള കാലം പരാമര്‍ശിക്കപ്പെടുന്നേടത്ത് ഒരാള്‍. മദ്‌യനില്‍നിന്ന് പ്രവാചകനായി ഈജിപ്തില്‍ തിരിച്ചെത്തിയപ്പോഴുള്ള ഫറോവ (ആദ്യത്തെയാളിന്റെ മകന്‍) രണ്ടാമന്‍.
എന്നാല്‍ ചരിത്രത്തിന്റെ ഈ സൂക്ഷ്മതലങ്ങളിലേക്കൊന്നും ഖുര്‍ആന്‍ പോകുന്നില്ല. ഒന്നായാലും രണ്ടായാലും ഫിര്‍ഔന്‍ എന്ന ഒറ്റപ്പേരില്‍തന്നെ അത് ചരിത്രം വിശദീകരിക്കുന്നു.
ലോകത്തുള്ള ഏതൊരു സ്വേഛാധിപതിയെയും ഒറ്റപ്പേരില്‍തന്നെ വിളിക്കാം എന്നതാണ് അതിലുള്ള തത്ത്വം. ദുരധികാരത്തിന്റെ മാതൃകയായി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു വ്യക്തിയുടെ, ഇബ്‌റാഹീം നബിയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട അധികാര ബിംബത്തിന്റെ പേരോ സൂചനയോ ഒന്നും പറയുന്നേയില്ല എന്നതും ശ്രദ്ധേയമാണ്.
ഇനി ഖുര്‍ആനികാഖ്യാനത്തില്‍നിന്ന് നമുക്ക് ക്രോഡീകരിക്കാവുന്ന, ഫാഷിസ്റ്റ് ഏകാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ ഇപ്രകാരം വിവരിക്കാം:
ഒന്ന്) അമാനുഷികമായ, ചിലപ്പോള്‍ അതിഭൗതികം തന്നെയായ അവകാശവാദങ്ങള്‍. ചിലരുടെ കാര്യത്തില്‍ ഇത്തരം അവകാശവാദങ്ങള്‍ നേര്‍ക്കുനേരെ ഉന്നയിക്കപ്പെടുന്നതാണെങ്കില്‍ മറ്റു ചിലരില്‍ അമാനുഷികത സ്ഥാപിക്കപ്പെടുന്ന വിധത്തില്‍ പരോക്ഷമായ സ്വാധീനങ്ങളുണ്ടാക്കുകയാണ് ചെയ്യുക.
സൂറഃ അന്നാസിആത്ത് ഇരുപത്തിനാലാം വചനത്തില്‍ ഇങ്ങനെ പറയുന്നു: ''അങ്ങനെയവന്‍ (ഫറോവ) ജനങ്ങളെ ഒരുമിച്ചുകൂട്ടി. എന്നിട്ടിപ്രകാരം വിളംബരം ചെയ്തു; ഞാനാണ് നിങ്ങളുടെ അദ്വിതീയനായ പരമാധികാരി.'' വേറൊരു വചനത്തില്‍ ഫറോവയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിച്ചതു കാണാം: ''അല്ലയോ പൗരമുഖ്യരേ, ഞാനല്ലാതെ മറ്റൊരീശ്വരന്‍ നിങ്ങള്‍ക്കുള്ളതായി ഞാനറിയില്ല'' (അല്‍ ഖസ്വസ്വ് 38). ഇതിനനുബന്ധമായി വിഭവങ്ങളുടെ മേല്‍ അധികാരം വാദിക്കുകയും ചെയ്തു ഫറോവ: ''എന്റെ ജനമേ, ഈ മിസ്‌റിന്റെ (മിസ്രയീം, ഈജിപ്ത്) ആധിപത്യം എനിക്കല്ലേ? എന്റെ കാല്‍ക്കീഴിലല്ലേ ഈയാറുകളൊക്കെയുമൊഴുകുന്നത്?'' (അസ്സുഖ്‌റുഫ് 51).
ഒരു ജനായത്തക്രമത്തില്‍ വിഭവങ്ങള്‍ക്കു മേല്‍ ജനങ്ങള്‍ക്കാണ് അധികാരം. ഈ അധികാരത്തെ ഒരു അമാനത്തായി അംഗീകരിച്ചുകൊണ്ട് ഇസ്‌ലാം, അതിനും മേല്‍ അല്ലാഹുവിന്റെ പരമാധികാരത്തെ സ്ഥാപിക്കുന്നു എന്നേയുള്ളൂ. അതു പക്ഷേ, ഭൂമിയില്‍ ഏതെങ്കിലും ഒരാള്‍ക്കോ വിഭാഗത്തിനോ ഉള്ള പ്രത്യേകാവകാശത്തെ കുറിക്കുന്നതല്ല.
ജനതയുടെ തുല്യ പങ്കാളിത്തം എന്ന മൂല്യത്തെ നിരാകരിച്ചുകൊണ്ടോ അവഗണിച്ചുകൊണ്ടോ ഭരണാധികാരിയോ ഭരണനേതൃത്വമോ വിഭവങ്ങളുടെ വിനിയോഗത്തില്‍ സ്വേഛ പ്രയോഗിച്ചു തുടങ്ങുകയാണെങ്കില്‍, പുറമേക്ക് എന്തു പേരില്‍ വിളിച്ചാലും ആ സമ്പ്രദായം സ്വേഛാധിപത്യപരമായിത്തീരും.
രണ്ട്) സ്വജനതയെ ഭിന്നിപ്പിക്കലും തട്ടുകളാക്കി തിരിക്കലും. ഖുര്‍ആന്‍ അതിപ്രകാരം വിവരിക്കുന്നു: ''ഫറോവ, നിശ്ചയമായും നാട്ടിലവന്‍ ഞെളിഞ്ഞു നടന്നിരുന്നു. സ്വദേശവാസികളെ തട്ടുകളാക്കിത്തിരിച്ചു. എന്നിട്ടവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കുകയും ചെയ്തു'' (അല്‍ ഖസ്വസ്വ് 4).
യസ്തദ്ഇഫു ത്വാഇഫതന്‍ മിന്‍ഹും (അവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കി) എന്നാണ് ഖുര്‍ആന്റെ പ്രയോഗം. സ്വതവേ ബലവാന്മാരായ ആളുകളെ അധികാരശക്തി ഉപയോഗിച്ചോ സമ്മര്‍ദ്ദം ചെലുത്തിയോ അടിച്ചമര്‍ത്തി ദുര്‍ബലരാക്കുന്നതിനാണ് ഇങ്ങനെ പ്രയോഗിക്കുക.
മൂന്ന്) പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും വിശുദ്ധിയെയും മേന്മയെയും കുറിച്ച അവകാശവാദങ്ങള്‍, ഇവയുടെ രക്ഷകന്‍ എന്ന നാട്യം, പിന്നെ വംശീയ ദേശീയവാദവും.
മൂസാ നബിയെ തോല്‍പിക്കാന്‍ നിയുക്തരായ ചില ജാലവിദ്യക്കാര്‍ അദ്ദേഹത്തിന്റെ സംസാരം കേട്ട് ആദ്യം അന്ധാളിച്ചിരുന്നു. മാനസികമായി സത്യത്തോട് പ്രതിബദ്ധതയുണ്ടായിരുന്ന അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായി. അവര്‍ തമ്മില്‍ കൂടിയാലോചിക്കാന്‍ തുടങ്ങി.
അന്നേരം ഇടപെട്ട, ഫറോവയുടെ ഔദ്യോഗികമാധ്യമങ്ങള്‍, ജാലവിദ്യക്കാരെ ഉണര്‍ത്താന്‍ ശ്രമിച്ചത് ഈ 'വിശുദ്ധ'പാരമ്പര്യത്തിന്റെ പേരു പറഞ്ഞാണ്. ''അവര്‍ പറഞ്ഞു, ആഭിചാരകന്മാരാണിവരിരുവരും (മൂസായും സഹോദരനും). ആഭിചാരപ്രയോഗങ്ങളിലൂടെ നിങ്ങളുടെ സ്വന്തം മണ്ണില്‍നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ ആചാരങ്ങളെയും ക്രമബദ്ധവും മഹത്തരവുമായ സംസ്‌കാരത്തെയും നശിപ്പിക്കാനുമത്രെ ഇവര്‍ ഉദ്ദേശിക്കുന്നത്'' (ത്വാഹാ 63).
നിങ്ങളുടെ മണ്ണ്, നിങ്ങളുടെ പാരമ്പര്യം എന്നീ പ്രയോഗങ്ങള്‍ (അര്‍ദുകും, ത്വരീഖത്തുകും) ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ ആക്രാമക വംശീയസിദ്ധാന്തങ്ങളുടെയും അടിസ്ഥാനമാണ് ഇതുമായി ബന്ധപ്പെട്ട ആശയങ്ങള്‍. മണ്ണിന്റെ മക്കള്‍ സിദ്ധാന്തമൊക്കെ ഇതിന്റെ ഭാഗമാണ്. ഒഴിപ്പിക്കപ്പെടേണ്ടതോ അടിച്ചമര്‍ത്തപ്പെടേണ്ടതോ ആയ ആളുകളായി ഇവര്‍ തങ്ങളല്ലാത്ത മനുഷ്യവിഭാഗങ്ങളെ കാണുന്നു. മണ്ണിന്റെ അവകാശികള്‍ തങ്ങളാണ്, തങ്ങള്‍ മാത്രമാണ് എന്ന വിചാരമാണത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളോ നാശകാരികളോ ആയി മറ്റുള്ളവരെ മുദ്രകുത്തുകയും ചെയ്യുന്നു. മറ്റൊരു വചനത്തില്‍ ഖുര്‍ആന്‍ ഫറോവയെ ഇപ്രകാരം ഉദ്ധരിക്കുന്നത് കാണാം: ''മൂസായെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്. എന്നെയതിന് വിട്ടേക്കുക. അവന്‍ അവന്റെ ദൈവത്തോട് പ്രാര്‍ഥിക്കട്ടെ. നിങ്ങളുടെ ആചാരങ്ങളെയും സംസ്‌കാരത്തെയും അവന്‍ അട്ടിമറിക്കുകയും നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയും ചെയ്‌തേക്കുമവനെന്ന് ഞാന്‍ കരുതുന്നു'' (അല്‍ഗാഫിര്‍ 26).
നാല്) അപരത്വം സൃഷ്ടിക്കുക, അപരന്മാരായി മുദ്രകുത്തപ്പെടുന്നവരെ പീഡിപ്പിക്കുക, വംശഹത്യ നടത്തുക മുതലായവ.
ജനതയെ തട്ടുകളാക്കിത്തിരിച്ചതിനെപ്പറ്റി മുകളില്‍ ഉദ്ധരിച്ച വചനത്തില്‍, അവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കിയതായി പറയുന്നുണ്ടല്ലോ. ധിക്കാരികളായ അധികാരികളുടെ പ്രവൃത്തികളായി വംശഹത്യയെയും സംസ്‌കാരഹത്യയെയും (Genocide and Ethnocide)പൊതുവില്‍തന്നെ ഖുര്‍ആന്‍ എണ്ണുന്നുമുണ്ട്. സൂറഃ അല്‍ബഖറ 204-206 വചനങ്ങള്‍ നമുക്ക് ഇങ്ങനെ വായിക്കാം: 'മനുഷ്യരില്‍ ചിലരിങ്ങനെയുമുണ്ട്. ഈ ലോകജീവിതത്തെക്കുറിച്ച അവരുടെ വാദങ്ങള്‍ നിങ്ങള്‍ക്ക് കൗതുകകരമായിതോന്നിയേക്കും. തങ്ങളുടെ മനസ്സിലുള്ളതിനെ സത്യപ്പെടുത്താനവര്‍ ദൈവത്തെപ്പിടിച്ചാണയിടും. എന്നാലോ, ഏറെ വക്രതയുള്ള (മനുഷ്യ)ശത്രുക്കളാണവര്‍. ഭൂമിയില്‍ മേല്‍ക്കോയ്മ കിട്ടിയാലോ, അവരതില്‍ നാശമുണ്ടാക്കാന്‍ ശ്രമിക്കുന്നു. വിളവുകളും മനുഷ്യകുലത്തെയും നശിപ്പിക്കുകയും ചെയ്യുന്നു. നശീകരണം ഇഷ്ടപ്പെടുന്നവനല്ല അല്ലാഹു. ദൈവബോധമുള്‍ക്കൊള്ളുക എന്നാരെങ്കിലും അത്തരമൊരാളോട് പറഞ്ഞാലോ, സ്വഗര്‍വ് അവനെ അതിനനുവദിക്കുകയുമില്ല. നരകം തന്നെയാണവര്‍ക്ക് മതിയായത്. എത്ര ചീത്തയായ വാസസ്ഥാനമായിരിക്കുമത്.''
അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിലെ ആണ്‍തരികളെ കൊന്നൊടുക്കാനും പെണ്ണുങ്ങളെ ദാസിമാരാക്കാനും അയാള്‍ മുതിര്‍ന്നതായി ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു. മേല്‍ ഉദ്ധരിച്ച വചനത്തില്‍തന്നെ അക്കാര്യം വരുന്നുണ്ട്: ''നിശ്ചയമായും അവന്‍ നാട്ടില്‍ ഞെളിഞ്ഞു നടന്നിരുന്നു. സ്വദേശവാസികളെയവന്‍ തട്ടുകളാക്കിത്തിരിച്ചു. എന്നിട്ടവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു, പെണ്‍കുട്ടികളെ (അപമാനം പേറി) ജീവിക്കാന്‍ വിടുകയും. നിശ്ചയം, അവന്‍ അക്രമകാരികളില്‍പെട്ടവന്‍ തന്നെയാകുന്നു'' (അല്‍ ഖസ്വസ്വ് 4).
അഞ്ച്) സ്വജനതയെ നിന്ദ്യരും വിഡ്ഢികളും അതുവഴി ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അടിമകളുമാക്കി മാറ്റുക. ''തന്റെ ജനതയെ അവന്‍ നിസ്സാരരായി ഗണിച്ചു. അങ്ങനെയവര്‍ അവനെ പൂര്‍ണമായി അനുസരിക്കുകയും ചെയ്തു. സത്യത്തില്‍ അധര്‍മചാരികളായ ജനതയായിരുന്നവര്‍'' (അസ്സുഖ്‌റുഫ് 54).
ഇസ്തഖഫ്ഫ എന്ന പദത്തിനാണ് 'നിസ്സാരരായി ഗണിച്ചു' എന്ന് അര്‍ഥം നല്‍കിയത്. നിന്ദ്യരാക്കി, വിഡ്ഢികളാക്കി എന്നൊക്കെ അര്‍ഥമുള്ള പദമാണത്. എപ്രകാരമാണ് വംശീയ ദേശീയതയെയും പാരമ്പര്യത്തെയും ഇളക്കിവിട്ട് അധികാരമുറപ്പിക്കുന്ന സ്വേഛാധികാരികള്‍ തങ്ങളുടെ നാട്ടുകാരെ പൂര്‍ണമായും അനുസരണമുള്ളവരാക്കി മാറ്റുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ സൂക്തം.
എന്തായാലും ദേശീയമായ വ്യാജബോധങ്ങളും വംശീയതയും സ്വേഛാധിപതികളുടെ എക്കാലത്തെയും ഉപകരണങ്ങളായിരുന്നു എന്നത് വ്യക്തമാണ്. അതിഭീകരമായ കൂട്ടക്കൊലകളുടെയും വംശഹത്യകളുടെയും സിദ്ധാന്തങ്ങളാണ് വംശീയ ദേശീയവാദങ്ങള്‍.
നീത്ഷ്‌ചേ, നാസി
**സെറ്റ്‌ലര്‍ കൊളോണിയലിസത്തിന്റെ പ്രതലത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഇംപീരിയല്‍ ജര്‍മനിയില്‍ ആവിഷ്‌കരിക്കപ്പെട്ട ഒരു സിദ്ധാന്തമാണ് ലെയ്ബന്‍സ്‌റോം (Lebensraum). 1914-ലെ ***September Programm അനുസരിച്ച് തങ്ങളുടെ അധീനപ്രദേശത്തെ വിപുലമാക്കുന്നതിനുള്ള ഒരു ജിയോപൊളിറ്റിക്കല്‍ അജണ്ട, ഇംപീരിയല്‍ ജര്‍മനിക്ക് ഒന്നാം ലോകയുദ്ധത്തില്‍ ഉണ്ടായിരുന്നു.
ഒന്നാം ലോകയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് ജര്‍മനിയിലുണ്ടായ ദേശീയമായ അസംതൃപ്തികളെ ഇന്ധനമാക്കിക്കൊണ്ടാണ് അഡോള്‍ഫ് ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും ശക്തി പ്രാപിക്കുന്നത്. ലെയ്ബന്‍സ്‌റോം എന്ന സിദ്ധാന്തം നാസി പാര്‍ട്ടിയുടെയും പ്രധാന തത്ത്വശാസ്ത്രമായി മാറി.
പത്തൊമ്പതാം നൂറ്റാണ്ടില്‍, ചാള്‍സ് ഡാര്‍വിന്റെ 'ദ് ഒറിജിന്‍ ഒഫ് സ്പീഷീസി'ന് ജര്‍മന്‍ ബയോളജിസ്റ്റായ ഓസ്‌കര്‍ പെസ്‌കല്‍ എഴുതിയ നിരൂപണത്തില്‍ ജീവിവര്‍ഗങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ട സിദ്ധാന്തം വിവരിക്കുന്നതിനു വേണ്ടി lebensraum എന്ന പദം ഉപയോഗിച്ചു. ദേശീയ സാംസ്‌കാരിക തലത്തിലേക്ക് ഇതിന്റെ പ്രയോഗം വികസിപ്പിച്ചതാകട്ടെ, ജര്‍മന്‍ ഭൂശാസ്ത്രജ്ഞനും (Geographer) വംശീയ സംസ്‌കാര ശാസ്ത്രജ്ഞനുമായ (Ethnographer) ഫ്രീദ്രിച് റാറ്റ്‌സെലാണ്. രാഷ്ട്രീയ ഭൂമിശാസ്ത്രത്തെ സംബന്ധിച്ച തന്റെ പഠനത്തില്‍, ഭൂപരമായ സവിശേഷതകള്‍ സമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള മനുഷ്യപരിശ്രമങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുന്ന തീസീസിന്റെ ശീര്‍ഷകമായാണ് റാറ്റ്‌സെല്‍, ലെയ്‌ബെന്‍സ്‌റോം ഉപയോഗിച്ചത്.
raum എന്ന ജര്‍മന്‍ പദത്തിന് room, space എന്നൊക്കെയാണ് അര്‍ഥം. lebensraum എന്നാല്‍ living space എന്നും. ലെയ്‌ബെന്‍സ്‌റോം തത്ത്വശാസ്ത്രത്തിലെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ നാസി ജനറല്‍ പ്ലാന്‍ ഓസ്റ്റ് പോളിസിയില്‍, ജര്‍മന്‍ ടെറിട്ടറിയുടെ വികാസത്തിനായി മധ്യയൂറോപ്പിലെയും പൗരസ്ത്യയൂറോപ്പിലെയും അനാര്യന്മാരായ സ്ലാവിക് ജനതയെ അവരുടെ പ്രദേശത്തു നിന്നും എന്നെന്നേക്കുമായി ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നുണ്ട്. ജര്‍മനിക്കകത്താണെങ്കില്‍ യൂദര്‍ ഉള്‍പ്പെടെയുള്ള അനാര്യന്മാര്‍ക്കെതിരെ വംശഹത്യ (Genocide), വംശീയ ശുദ്ധീകരണം (Ethnic cleansing) തുടങ്ങിയവ നടപ്പിലാക്കാനും നാസികള്‍ തീരുമാനിച്ചു. ലെയ്ബന്‍സ്‌റോമിന്റെ യൂജനിക്‌സ് (Eugenics/ ബീജഗുണോല്‍ക്കര്‍ഷ സിദ്ധാന്തം) പ്രകാരം ജര്‍മന്‍ ആര്യന്മാര്‍ ആയിരുന്നു ലോകത്തിലെ ഏറ്റവും ഉന്നതമായ നരവര്‍ഗം. സ്വന്തം ലെയ്ബന്‍സ്‌റോമിന്റെ (own living space) പേരില്‍ ഇതര ജനതകളെ അവരുടെ ദേശങ്ങളില്‍നിന്ന് ഉന്മൂലനം ചെയ്യുക എന്നത് തങ്ങളുടെ അവകാശമായാണ് അവര്‍ പരിഗണിച്ചത്. അതിജീവനത്തിനുള്ള അര്‍ഹതയെക്കുറിച്ച സോഷ്യല്‍ ഡാര്‍വിനിസ്റ്റ് സിദ്ധാന്തവും കരുത്തിന്റെ മൂല്യവിചാരവുമായി ബന്ധപ്പെട്ട നീത്ഷ്‌ചേവിയന്‍ തത്ത്വചിന്തയുമൊക്കെയായിരുന്നു ഹിറ്റ്‌ലറുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.
സദാചാരത്തെക്കുറിച്ച സ്വന്തം കാഴ്ചപ്പാടുകളാണ് ഫ്രീദ്‌റിച് നീത്ഷ്‌ചേയില്‍ മതത്തോടുള്ള, പ്രത്യേകിച്ച് ക്രിസ്തുമതത്തോടുള്ള കഠിനശത്രുതയായി വികസിക്കുന്നത്. വിട്ടുവീഴ്ചയിലും ദയയിലും അധിഷ്ഠിതമായ സദാചാര സംഹിതകളെ വിധേയത്വത്തിന്റെ സിദ്ധാന്തങ്ങളായാണ് അദ്ദേഹം പരിഗണിക്കുന്നത്. രണ്ടു തരം സദാചാരങ്ങളാണ് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഉള്ളത്. മതത്തിന്റെത് അടി മസദാചാരമാണ് (Slave morality). എന്നാല്‍ മനുഷ്യചരിത്രത്തിന്റെ ആരംഭത്തിലുള്ളതും പ്രാഥമികവുമായ സദാചാരം ഉടമ സദാചാരമാണ് (Master morality). നീത്ഷ്‌ചേയുടെ അഭിപ്രായത്തില്‍ ഉടമ സദാചാരമാണ് ക്രിയാത്മകവും സര്‍ഗാത്മകവും. ഉടമ സദാചാരത്തില്‍ മൂല്യങ്ങള്‍ ഉത്ഭവിക്കുന്നത് നല്ലതും ചീത്തയും(good and bad‑) തമ്മിലുള്ള വൈരുധ്യത്തില്‍നിന്നാണ്. ഈ ദ്വന്ദ്വങ്ങളെ യൂദ, ക്രൈസ്തവ മതങ്ങള്‍ നന്മ-തിന്മ ദ്വന്ദ്വങ്ങളായി (good and evil) അട്ടിമറിച്ചു. ഉടമ സദാചാരത്തില്‍ അധികാരം, സമ്പത്ത്, ആരോഗ്യം, കരുത്ത് എന്നിവയാണ് ഗുഡ് എന്ന് വിശേഷിപ്പിക്കപ്പെടുക. ബെര്‍ബേറിയന്‍ കാലം മുതല്‍ ഹോമറിന്റെ ഇതിഹാസങ്ങളില്‍ ചിത്രണം ചെയ്യപ്പെടുന്ന ഗ്രീസിലെ വ്യവസ്ഥ വരെയുള്ള വീരനായകന്മാരുടെ ഗുണങ്ങളായിരുന്നു ഇവ. അടിമത്തപരമായ പതിത്വം, ദാരിദ്ര്യം, രോഗം, ദൗര്‍ബല്യം തുടങ്ങിയവ ബാഡ് ആണ്.
എന്നാല്‍ മതപരമായ വ്യാമോഹങ്ങള്‍ സൃഷ്ടിച്ച അടിമ സദാചാരത്തിലെ നന്മ-തിന്മ വൈരുധ്യത്തിലെ മൂല്യവിചാരത്തില്‍ കരുണ, ഭക്തി, ഇന്ദ്രിയ നിഗ്രഹം, വിനയം, വിധേയത്വം തുടങ്ങിയവയാണ് ഗുഡ്. നിഷേധാത്മകമാണ് ഈ സദാചാര സംഹിത എന്നതിനാല്‍ നീത്ഷ്‌ചേ ഇതിനെ naysaying morality എന്നു വിളിച്ചു. ഉടമ സദാചാരമാകട്ടെ, ക്രിയാത്മകമാകയാല്‍ അത് yeasaying morality ആണ്. മാസ്റ്റര്‍ മൊറാലിറ്റിയില്‍ കരുത്തന്മാര്‍ കരുത്തുറ്റ മൂല്യങ്ങളെ നിര്‍മിക്കുന്നു. സ്ലേവ് മൊറാലിറ്റിയാകട്ടെ, ആരംഭിക്കുന്നതു തന്നെ വിധേയത്വബോധത്തിലാണ്. ഈ സദാചാരകുതന്ത്രം തിരിച്ചറിഞ്ഞ് കരുത്തന്മാര്‍ ദയയെ അതിജയിച്ച് ഉയര്‍ന്നു നില്‍ക്കണം എന്നാണ് നീത്ഷ്‌ചേയുടെ ആഹ്വാനം.
ഇപ്രകാരം ഉയര്‍ന്നു നില്‍ക്കുന്ന, കരുത്തു കൊണ്ട് ലോകം കീഴടക്കുന്ന മനുഷ്യനെ നീത്ഷ്‌ചെ, യൂബര്‍മെന്‍ഷ് (Ubermensch) എന്ന് വിളിച്ചു. അതീതമനുഷ്യന്‍ എന്നോ അതിമാനുഷന്‍ എന്നോ (Overman or Superman) ഇതിനെ വിവര്‍ത്തനം ചെയ്യാം.
ആധുനികതയിലെ കൊളോണിയല്‍, വംശീയ സങ്കല്‍പങ്ങളുടെ ആധാരം നീത്ഷ്‌ചേവിയന്‍ ചിന്തകളാണെങ്കില്‍ മറുപുറത്ത് ആധുനികതയെയും അതിന്റെ അധികാരപ്രയോഗങ്ങളെയും നിരാകരിക്കുന്ന, എന്നാല്‍ അധീശത്വപരവും (Supremacist) പാരമ്പര്യാധിഷ്ഠിതവും സ്വത്വാധികാരപരവുമായ തത്ത്വചിന്തകള്‍ മുന്നോട്ടു വെക്കുന്ന ഉത്തരാധുനിക വിചാരലോകത്തിനും ആവേശം പകര്‍ന്നത് നീത്ഷ്‌ചേ തന്നെയാണ്. നീത്ഷ്‌ചേയെ വായിച്ചതുകൊണ്ടാണ് താന്‍ ഉണര്‍ന്നതെന്ന് മിഷേല്‍ ഫൂക്കോ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അഡോള്‍ഫ് ഹിറ്റ്‌ലറുടെയും ബെനിറ്റോ മുസ്സോളിനിയുടെയും തത്ത്വശാസ്ത്രത്തില്‍ നീത്ഷ്‌ചേക്കും 'യൂബര്‍മെന്‍ഷിനും' വലിയ സ്വാധീനമുണ്ട്. ദയയെയും സമാധാനത്തെയും കുറിച്ച എല്ലാ സിദ്ധാന്തങ്ങളും ഫാഷിസത്തിന് ശത്രുതാപരമാണെന്ന് മുസ്സോളിനി The Doctrine of Fascism എന്ന പ്രബന്ധത്തില്‍ രേഖപ്പെടുത്തുന്നു. പുരുഷന്മാര്‍ക്ക് മുസ്സോളിനി കല്‍പിച്ചു നല്‍കുന്ന ദൗത്യം യുദ്ധമാണ്. സ്ത്രീകള്‍ക്കാകട്ടെ, യുദ്ധം ചെയ്യാന്‍ വേണ്ടി വീരന്മാരെ പ്രസവിക്കുക എന്നതും. ഫാഷിസ്റ്റ് സ്വഭാവമുള്ള ഏതൊരു വംശീയ സിദ്ധാന്തത്തിലും സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വത്വവും വ്യക്തിത്വവും വീരമാതാവ് എന്നതു മാത്രമാകുന്നു.
കൊലമുറികളും ചോരപ്പാടങ്ങളും
എന്തായാലും സോഷ്യല്‍ ഡാര്‍വിനിസത്തിലെയും നീത്ഷ്‌ചേവിയന്‍ തത്ത്വചിന്തയിലെയും അതിജയസിദ്ധാന്തം (Survival of the fittest) ഹിറ്റ്‌ലറുടെ lebensraum-നെ (Living space) ഒരു ീേtodesraum (Space for death) ആക്കി മാറ്റി. 'ടോഡെസ്' എന്നാല്‍ മരണമെന്നര്‍ഥം. 'ടോഡെസ്‌റോമി'ന് കൊലയറ എന്ന് ലളിതമായി വിവര്‍ത്തനം നല്‍കാം.
എന്തെന്നാല്‍, സജീവത (Living) എന്നത് അതിജയത്തിന് അര്‍ഹതയുള്ളവര്‍ക്ക് മാത്രം വിധിക്കപ്പെട്ടതാകുന്നു. മറ്റുള്ളവരെല്ലാം നശിക്കുക എന്നതാണ് വംശീയതയില്‍ നീതി. ഉയര്‍ത്തപ്പെടുന്ന എല്ലാ നല്ല മുദ്രാവാക്യങ്ങളും നൈതികാശയങ്ങളും അതിജീവനത്തിന് ശേഷിയുള്ളവരുടേതു മാത്രമത്രെ.
വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട തത്ത്വദര്‍ശനങ്ങളെപ്പോലും വംശീയ ദേശീയത ചോരച്ചൊരിച്ചിലിനുള്ള ന്യായങ്ങളാക്കി മാറ്റിയിട്ടുണ്ട്. കംബോഡിയയുടെ ചരിത്രം അതിലെ ഏറ്റവും കുപ്രസിദ്ധമായ അധ്യായമാണ്. കംബോഡിയയിലെ ഖമര്‍ റൂഷ് (Khmer Rouge) ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനമായാണ് സ്വയം അടയാളപ്പെടുത്തിയത്. മൂന്ന് ചിന്തകളായിരുന്നു ഖമര്‍ റൂഷിന്റെ അടിസ്ഥാനം. അഗ്രേറിയന്‍ സോഷ്യലിസം, കമ്യൂണിസം, ഖമര്‍ ദേശീയത എന്നിവയാണവ. ഭൂമിക്ക് മേലുള്ള തുല്യാവകാശ സിദ്ധാന്തത്തെയാണ് അഗ്രേറിയനിസം (Agrarianism) എന്ന് പറയുക. പക്ഷേ, ആദ്യം പറഞ്ഞ രണ്ട് സമത്വ സിദ്ധാന്തങ്ങളും മൂന്നാമത്തെ ഖമര്‍ ദേശീയതക്കു കീഴിലായിരുന്നു. അതായത്, തുല്യാവകാശവും കമ്യൂണിസവുമൊക്കെ നടപ്പിലാക്കേണ്ടത് ഖമറുകള്‍ക്കിടയില്‍ മാത്രമായിരുന്നു. ഖമറുകള്‍ക്കിടയില്‍ കമ്യൂണിസം നടപ്പിലാകണമെങ്കില്‍ മറ്റ് എത്‌നിക്കുകള്‍ തുടച്ചുനീക്കപ്പെടണം.
ചരിത്രത്തില്‍ തുല്യതയില്ലാത്ത മനുഷ്യവേട്ടകള്‍ അങ്ങനെ അരങ്ങേറിത്തുടങ്ങി. ഖമര്‍ റൂഷിന്റെ കൊലനിലങ്ങളില്‍ (Khmer Rouge Killing Fields) ശോണിത സമുദ്രങ്ങള്‍ തന്നെയൊഴുകി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ എന്ന പേരില്‍ ഹിറ്റ്‌ലര്‍ ഒരുക്കിയത് കൊലയറകളായിരുന്നെങ്കില്‍ ഖമര്‍ റൂഷിന്റേത് കൊലക്കളങ്ങള്‍ തന്നെയായിരുന്നുവെന്നര്‍ഥം. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങള്‍ വെറും അസ്ഥിക്കൂമ്പാരങ്ങളായിത്തീര്‍ന്നു.
പോള്‍ പോട്ട് ആയിരുന്നു അന്ന് കംബോഡിയന്‍ (കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ കംപൂച്ചിയ) പ്രധാനമന്ത്രി. ഒപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് കംപൂച്ചിയയുടെ ജനറല്‍ സെക്രട്ടറിയും ഖമര്‍ റൂഷ് രക്തരക്ഷസ്സുകളുടെ നേതാവും അയാള്‍ തന്നെയായിരുന്നു. ഒന്നര മുതല്‍ രണ്ടു വരെ മില്യന്‍ കംബോഡിയന്മാര്‍ പോള്‍ പോട്ടിന്റെ കാലത്ത് ഖമര്‍ റൂഷിന്റെ ആക്രമണത്തിനിരയായും പട്ടിണി കിടന്നും അടിമപ്പണി കാരണവും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
യഥാര്‍ഥത്തില്‍ ലെയ്ബന്‍സ്‌റോമിന് രണ്ട് മുഖങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നുന്ന രണ്ട് മുഖങ്ങള്‍. ബാഹ്യജനതയുടെ അധികാരത്തെയാണ് (Exogenous Domination) സെറ്റ്‌ലേര്‍സ് കൊളോണിയലിസം ലക്ഷ്യമാക്കുന്നതെങ്കില്‍, മണ്ണിന്റെ മക്കള്‍ വാദം (Sons of Soil/ SOS) എന്നറിയപ്പെടുന്ന, ഇതിന്റെ മറുമുഖം ഉന്നയിക്കുന്നത് ആന്തരികജനതയുടെ (Indigenous) ആധിപത്യത്തെയാണ്. അതായത്, വംശീയബോധമുള്ള ജനത ആഭ്യന്തരമായി മണ്ണിന്റെ മക്കള്‍ വാദമുന്നയിക്കുന്നുണ്ടെങ്കില്‍ അന്തര്‍ദേശപരമായി ഇതിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നു. യഥാര്‍ഥത്തില്‍ ഇന്‍ഡിജെനസ്, മണ്ണിന്റെ മക്കള്‍ തുടങ്ങിയ സങ്കല്‍പങ്ങള്‍ തന്നെ ചരിത്രപരമായി തനി അസംബന്ധങ്ങളാണ് എന്നത് വേറെ കാര്യം.
ലോകത്തുള്ള ഒരു ജനതയും എപ്പോഴെങ്കിലും എവിടെയെങ്കിലും മുളച്ചുപൊങ്ങിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു നിലക്കും പറ്റില്ല. വംശീയ ശുദ്ധിവാദം ഉന്നയിച്ചാലും ഇല്ലെങ്കിലും ഏതെങ്കിലും വര്‍ഗമോ ഗോത്രമോ അതിന്റെ രക്തവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ട് എന്ന് കരുതുന്നതും അസംബന്ധമാണ്. മെഹര്‍ഗഢിലെ ആസ്ത്രലോയ്ഡ്, നീഗ്രോയ്ഡ് വര്‍ഗങ്ങളുടെ ഗ്രാമസംസ്‌കാരത്തില്‍നിന്ന് തുടങ്ങുന്നതാണ് അറിയപ്പെടുന്ന ഇന്ത്യന്‍ ചരിത്രം. അതുതൊട്ട്, സൈന്ധവ തീരങ്ങളില്‍ വേരുറപ്പിച്ച ദ്രാവിഡ ജനതയും അതിനു ശേഷം ഗംഗാതടം കേന്ദ്രീകരിച്ച് വികസിച്ച ഇന്‍ഡോ-ആര്യന്‍ ജനതയുമെല്ലാം കടന്നുവന്നവരാണ്. അതിനു ശേഷവും ഒട്ടേറെ ജനവിഭാഗങ്ങള്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. അവരെല്ലാം ഇവിടത്തെ ജനതയായി മാറുകയും ചെയ്തു.
ഈ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രത്തേക്കാള്‍ പ്രാധാന്യമുള്ളത്, ഇവരെല്ലാം ചേര്‍ന്നും സമന്വയിച്ചുമാണ് പിന്നീടുള്ള ഇന്ത്യന്‍ ചരിത്രം മുന്നോട്ടു പോയത് എന്നതിനാണ്. ഈ സമന്വയമാകട്ടെ, സാംസ്‌കാരികം മാത്രമല്ല, ജൈവികം കൂടിയായിരുന്നു എന്നതത്രെ യാഥാര്‍ഥ്യം.
ഈ യാഥാര്‍ഥ്യത്തെ നിരാകരിച്ച് ഭൂപരമോ രക്തപരമോ ആയ അവകാശവാദങ്ങളുന്നയിക്കുന്നവരാണ് ലോകത്തെ ആക്രാമക വംശീയവാദികള്‍ മുഴുവനും. യൂദ സയണിസം മുതല്‍ ഇന്ത്യന്‍ ആര്യവാദവും ഹിന്ദുത്വയും വരെയുള്ള ആശയങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത് ഇത്തരം അവകാശവാദങ്ങള്‍ക്കു മേലാണ്. കൃത്രിമമായി ഉയര്‍ത്തിവിട്ട ഈ വികാരങ്ങള്‍ക്കു മേലാണ് നിങ്ങളുടെ മണ്ണ്, നിങ്ങളുടെ സംസ്‌കാരം (അര്‍ദുകും, ത്വരീഖത്തുകും) തുടങ്ങിയ ആശയങ്ങള്‍ പ്രാചീനരും അര്‍വാചീനരുമായ എല്ലാ ഫറോവമാരും ഉയര്‍ത്തിപ്പിടിച്ചത്. ഇത് സ്ഥാപിക്കാന്‍ വേണ്ടി ചരിത്രത്തെയും ശാസ്ത്രത്തെയുമൊക്കെ വികലമാക്കുന്ന പ്രവണതയും കാണാം. ചരിത്രത്തെ പല കോണിലും വായിക്കാമെങ്കിലും വ്യാജങ്ങളും മിത്തുകളും ചരിത്രസംഭവങ്ങളായി മാറുന്ന പ്രവണത മോസ്റ്റ് മോഡേണ്‍ ഇന്ത്യയില്‍ വ്യാപകമാണ്. വേദഗണിതം, വേദശാസ്ത്രം തുടങ്ങിയ അക്കാദമികാഭാസങ്ങളും ജ്യോതിഷം പോലുള്ള അസംബന്ധങ്ങളുടെ ശാസ്ത്രപരിണാമവുമൊക്കെ ഇന്ത്യന്‍ അക്കാദമിക രംഗത്തെ കാഴ്ചകളാണിന്ന്!
ഫാഷിസ്റ്റ് പ്രകൃതം പ്രകടിപ്പിക്കുന്ന വംശീയ ദേശീയതയുടെയും വലതുപക്ഷ റാഡിക്കലിസത്തിന്റെയുമൊക്കെ സ്വാധീനം അതിന്റെ എല്ലാ ഭീകരതയും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ദശയിലൂടെയാണ് ഇന്ത്യയുടെ പല അയല്‍ദേശങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ശ്രീലങ്കയിലെ സിംഹള ദേശീയതയും മ്യാന്‍മറിലെ ബര്‍മീസ് ദേശീയതയും രണ്ടിടത്തെയും ബുദ്ധ റാഡിക്കലിസവും ഉദാഹരണം. തഹ്‌രീകെ താലിബാന്‍ പോലുള്ള, പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും മുസ്‌ലിം റാഡിക്കലിസത്തെയും ചേര്‍ത്തുവെക്കേണ്ടത് ഇതിനോടു തന്നെയാണ്.
ഇതേ വലതുപക്ഷബോധം പങ്കുവെക്കുന്നതാണ് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും. വൈവിധ്യങ്ങളുടെ ചരിത്രത്തിന്റെ നിരാകരണമാണത്. ഒരു വംശീയ ശുദ്ധീകരണത്തിനു വേണ്ടിയുള്ള ആസൂത്രിതമായ പ്രവര്‍ത്തനമായിരുന്നു 2002-ലെ ഗുജറാത്ത് വംശഹത്യ. ഇപ്പോഴും തുടരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇതിന്റെ തുടര്‍ച്ചയത്രെ. സംഘ് രാഷ്ട്രീയം മേല്‍ക്കൈ നേടിയതും ഇത്തരം വികാരങ്ങള്‍ ഇളക്കിവിട്ടുകൊണ്ടാണ്.
അതേസമയം മാനുഷിക മൂല്യങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ട് വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ജനാധിപത്യബോധത്തെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രതിരോധം ഇന്ത്യയില്‍ ഇനിയും സാധ്യവും അനിവാര്യവുമാണ്.
കുറിപ്പുകള്‍
* മൂസായുടെ കാലത്തെ രണ്ട് ഫറോവമാരില്‍ ഒന്നാമത്തെയാള്‍ റാമോശ് (റംസേസ്) രണ്ടാമനും രണ്ടാമത്തെയാള്‍ മിറിന്‍ പതഹും (മെര്‍നെപ്റ്റാ) ആണെന്നാണ് പ്രബലമായ വീക്ഷണം. ഒന്നാമത്തെയാള്‍ സേതി ഒന്നാമനും രണ്ടാമത്തെയാള്‍ റാമോശ് രണ്ടാമനും ആണെന്നും പക്ഷമുണ്ട്.
** സെറ്റ്‌ലര്‍ കൊളോണിയലിസം അഥവാ കുടിയേറ്റ കൊളോണിയലിസം (Settler Colonialism): തദ്ദേശവാസികള്‍ക്കു മേല്‍ കടന്നാക്രമണം നടത്തി കുടിയേറ്റക്കാരുടെ രാഷ്ട്രീയാധീശത്വം നടപ്പിലാക്കുന്ന കൊളോണിയല്‍ നയം.
*** സെപ്റ്റംബര്‍ പ്രോഗ്രാം: 1914 സെപ്റ്റംബറില്‍ ചാന്‍സലര്‍ തിയോബാള്‍ഡ് ഫോന്‍ ബേത്മാന്‍ ഹോള്‍വെഗിന് വേണ്ടി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ജര്‍മന്‍ ഡിപ്ലോമാറ്റുമായ കര്‍ട് റീസ്‌ലര്‍ തയാറാക്കിയ Territorial Expansion പദ്ധതിയാണ് സെപ്റ്റംബര്‍ പ്രോഗ്രാം.
Comments