സംരക്ഷിക്കപ്പെടേണ്ട കുടുംബ മൂല്യങ്ങളെക്കുറിച്ച്
കുടുംബം മനുഷ്യവംശത്തോളം പഴക്കമുള്ള അടിത്തറയാണ്. കുടുംബമെന്ന ചിരപുരാതനവും പാവനവുമായ സംവിധാനത്തിന്റെ രണ്ട് സ്തംഭങ്ങളാണ് മാതാവും പിതാവും. പ്രാരംഭത്തില്‍ ഇവര്‍ ഇണതുണകളായി തുടങ്ങിയ ജീവിതം മാതാവ്, പിതാവ് എന്നീ അവസ്ഥയിലേക്ക് മാറി ത്യാഗപൂര്‍വം തുടരുന്നു. ഇവര്‍ മക്കളെയും പേരക്കുട്ടികളെയും (ഭാവി പൗരന്മാര്‍) സ്‌നേഹപൂര്‍വം വളര്‍ത്തുകയും വാര്‍ത്തെടുക്കുകയും ചെയ്യുന്നു.
'പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകുമോ?'
'വിത്തുഗുണം പത്തുഗുണം'
തുടങ്ങി പല ചൊല്ലുകളും മാതാവ്, പിതാവ് എന്നിവരുടെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിക്കുന്നു. സന്തതികളോടുള്ള വാത്സല്യം ജൈവികവും നൈസര്‍ഗികവുമായ മഹല്‍ഗുണമാണ്. അത് സ്വാഭാവികമായും പുലരുകയും സന്തതികള്‍ക്ക് അത് അങ്ങേയറ്റം ഉപകരിക്കുകയും ചെയ്യുന്നുണ്ടെന്നത് അനുഭവസത്യം മാത്രമാണ്.
എന്നാല്‍ മക്കള്‍ക്ക് മാതാപിതാക്കളോടുണ്ടായിരിക്കേണ്ട കടപ്പാട് പലപ്പോഴും മാതാപിതാക്കള്‍ മക്കളോട് കാണിക്കും പോലെ പുലരുന്നില്ല. അതുകൊണ്ടായിരിക്കാം ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ അതീവ പ്രാധാന്യത്തോടെ ഊന്നിപ്പറഞ്ഞത്. അല്ലാഹുവിനോടുള്ള കടപ്പാടിനു ശേഷം മാതാപിതാക്കളോടുള്ള ബാധ്യതയാണ് ഖുര്‍ആന്‍ പറഞ്ഞത് എന്ന വസ്തുത ഏറെ ചിന്തനീയമാണ് (31:14; 17:23; 2:83).
ഈ വസ്തുതകള്‍ ഹൃദയസ്പൃക്കായി വിവരിക്കുന്ന കൊച്ചുകൃതിയാണ് 'മാതാപിതാക്കള്‍ സ്വര്‍ഗവാതില്‍ക്കല്‍.' ഒറ്റ ഇരുപ്പിന് വായിച്ചുതീര്‍ക്കാവുന്ന പുസ്തകം.
ഖുര്‍ആനിലെയും നബിചര്യയിലെയും ശാസനകള്‍ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചിരിക്കുന്നു. ഏഴ് ചെറിയ അധ്യായങ്ങളില്‍, ഗുണപാഠപ്രധാനമായ ശൈലിയില്‍, അനുവാചകനില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുംവിധമാണ് വിഷയം അവതരിപ്പിച്ചിട്ടുള്ളത്.
വേദവാക്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍ഗാത്മക രചനകളില്‍നിന്നു ചേര്‍ത്ത ഉദ്ധരണികള്‍ ഹൃദ്യവും ഉചിതവുമാണ്. അനുഭവങ്ങളുടെ പുനരാവിഷ്‌കരണമാണല്ലോ യഥാര്‍ഥ സര്‍ഗാത്മക സാഹിത്യം. ജീവിതാനുഭവങ്ങളുടെ ഉപ്പുരസം ചാലിച്ചുകൊണ്ടുള്ള വിവരണമാണിതിലുള്ളത്. ഗ്രന്ഥകാരന്റെ ലളിതസുന്ദരമായ ആഖ്യാനം വായനക്ഷമത വര്‍ധിപ്പിക്കുന്നുണ്ട്.
Comments