Prabodhanm Weekly

Pages

Search

2019 ജൂണ്‍ 28

3107

1440 ശവ്വാല്‍ 24

യൂറോപ്യന്‍-അമേരിക്കന്‍ മുസ്‌ലിം പഠനങ്ങള്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

പാശ്ചാത്യനാടുകളിലെ മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന ഗൗരവതരമായ വിഷയങ്ങളില്‍ നിരവധി പഠനങ്ങള്‍ പ്രസിദ്ധീകൃതമാകുന്നുണ്ട്. ഇസ്‌ലാമിന്റെ ആഗമനം,  മുസ്ലിം കുടിയേറ്റം,  സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പങ്കാളിത്തവും സംഭാവനകളും തുടങ്ങിയ വിഷയങ്ങളിലാണ്  കൂടുതല്‍ ചര്‍ച്ചകള്‍. പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ ചരിത്രം ഇസ്‌ലാമിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍നിന്ന് അന്യമല്ല. ക്രി. 756 മുതല്‍ 1472 വരെ മുസ്ലിം ഭരണം നിലനിന്ന സ്‌പെയിനിന്റെ ചരിത്രവും ദേശത്തിന്റ  സാമൂഹിക-സാംസ്‌കാരിക -വൈജ്ഞാനിക വളര്‍ച്ചയില്‍ മുസ്ലിം ഭരണകര്‍ത്താക്കളും പണ്ഡിതരും ചെലുത്തിയ സ്വാധീനം അനിഷേധ്യമാണ്.  1500-കളില്‍ 'റീകൊങ്കിസ്റ്റ' എന്ന പേരില്‍ കുപ്രസിദ്ധമായ മുസ്ലിം വംശീയ ഉഛാടനം നടന്നതും നിര്‍ബന്ധിത മതപരിവര്‍ത്തനം,  കൂട്ടക്കൊല,  നിര്‍ബന്ധിത പലായനം തുടങ്ങിയ ക്രൂരതകള്‍ക്ക് മുസ്‌ലിംകള്‍ വിധേയരായതും ചരിത്രം. സ്പാനിഷ് ഭാഷയുടെ അറബി ഭാഷയില്‍ സ്വാധീനം പ്രകടമാണെങ്കിലും മറ്റു സാമൂഹിക മേഖലകളില്‍നിന്നും ഇസ്‌ലാമിന്റെ അടയാളങ്ങള്‍ ഏറക്കുറെ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്. നിലവില്‍ സ്പാനിഷ് ജനതയുടെ 4.24 ശതമാനം മാത്രമാണ് മുസ്ലിംകള്‍ സ്‌പെയിനില്‍ ഉള്ളൂ. പ്രധാനമായും നോര്‍ത്താഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നുള്ള മുസ്ലിംകളാണ് സ്‌പെയിനില്‍ ഉള്ളത്.  അതില്‍ ഭൂരിപക്ഷവും മൊറോക്കന്‍ വംശജരാണ്. അതുകൊണ്ടുതന്നെ  മധ്യകാല യൂറോപ്യന്‍ ചരിത്രരചനകളില്‍ മൂറിഷ് എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടത്. 
സ്‌പെയിനിന്റേതുപോലെ പോര്‍ച്ചുഗലിന്റെ രാഷ്ട്രീയ ചരിത്രവും അന്തുലൂസ് മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. പോര്‍ച്ചുഗീസ് കവിയും പണ്ഡിതനുമായ അദല്‍ബര്‍ത്തോ ആല്‍വേസ് സ്പാനിഷ്-പോര്‍ച്ചുഗീസ് മുസ്ലിം സംഭാവനകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 700 വര്‍ഷക്കാലത്തെ മുസ്ലിം ഭരണത്തില്‍ യഹൂദരും ക്രിസ്ത്യാനികളും സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞതിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ആല്‍വേസ് സ്‌പെയിനിന്റെ സാംസ്‌കാരിക സാമ്പത്തിക വളര്‍ച്ചക്ക് അതൊരു മുതല്‍ക്കൂട്ടായിരുന്നു എന്നു നിരീക്ഷിക്കുന്നു. 45 വര്‍ഷമായി  പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാഷ്ട്രങ്ങളിലെ അന്തുലൂസിയന്‍ പൈതൃകം അന്വേഷിക്കുന്ന ആല്‍വേസ് യൂറോപ്പിലെ ഇസ്‌ലാമിക പാരമ്പര്യം തദ്ദേശവാസികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള പരിശ്രമത്തിലാണ്. യൂറോപ്യന്‍ നവോത്ഥാനത്തിനു അടിത്തറ പാകിയ   അറബ് മുസ്ലിംകളുടെ ബൗദ്ധിക സാംസ്‌കാരിക സംഭാവനകള്‍ പടിഞ്ഞാറ് അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് അദല്‍ബെര്‍ത്തോ ആല്‍വേസ് അഭിപ്രായപ്പെടുന്നു. 2015-ല്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ നാടുകടത്തപ്പെട്ട യഹൂദരുടെ പിന്‍തലമുറക്ക് പൗരാവകാശം നല്‍കുന്ന നിയമം പാസ്സാക്കിയെങ്കിലും മുസ്ലിംകളെ അതില്‍ നിന്നൊഴിവാക്കിയത് സ്പാനിഷ് രാഷ്ട്രീയത്തില്‍ ഇനിയും നിലനില്‍ക്കുന്ന ഇസ്‌ലാംഭീതിയുടെ ബാക്കിപത്രമാണ്. ഇസ്‌ലാം -പടിഞ്ഞാറ് എന്ന ബൈനറി തന്നെ അടിസ്ഥാന രഹിതമാണ്.  അന്തുലൂസിയന്‍ ചരിത്രം ഈ വസ്തുത വ്യക്തമാക്കിത്തരുന്നുണ്ട്.  1300 മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ   ശക്തമായി നിലകൊണ്ട ഉസ്മാനി ഖിലാഫത്തിന്റെ അധികാരപരിധിയില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളും അകപ്പെട്ടിരുന്നു.  ഖിലാഫത്തിന്റെയും ഈ ദേശങ്ങളുടെയും സാമൂഹിക രാഷ്ട്രീയ ആദാന പ്രദാനങ്ങള്‍ അഗാധമായ സ്വാധീനം സൃഷ്ടിക്കാന്‍ സഹായകമായിട്ടുണ്ട്.  
ആധുനിക യൂറോപ്യന്‍ ചരിത്ര രചനകളിലും മറ്റും മുസ്ലിം എന്നതിന് തുര്‍ക്ക് എന്ന പര്യായപദമായി ഉപയോഗിക്കപ്പെട്ടുവന്നു. സ്‌പെയിന്‍,  ഉസ്മാനി ഖിലാഫത്ത് എന്നിവരുടെ പടിഞ്ഞാറുമായുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്കൊപ്പം കുരിശുയുദ്ധപരമ്പരകളും ഇസ്‌ലാം -മുസ്ലിം വാര്‍പ്പുമാതൃകകള്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളെയും വിശിഷ്യാ മുസ്ലിംകളെക്കുറിച്ചുള്ള പാശ്ചാത്യ വീക്ഷണം രൂപപ്പെടുത്തുന്നതില്‍ ഓറിയന്റലിസ്റ്റ് രചനകളും പോപ്പുലര്‍ കള്‍ച്ചര്‍ രംഗത്തെ  ഇടപെടലുകളും മറ്റൊരു കാരണമാണ്. ഓറിയന്റലിസ്റ്റ് ചിന്തകളെ വിമര്‍ശനാത്മകമായി സമീപിച്ച എഡ്വേഡ് സൈദ് നൂറ്റാണ്ടുകളായി മുസ്ലിംകളെ അപരവത്കരിക്കുന്ന പാശ്ചാത്യ ശൈലിയെ ഓറിയന്റലിസം: വെസ്റ്റേണ്‍ കോണ്‍സെപ്ഷന്‍സ് ഓഫ് ദി ഓറിയന്റ് എന്ന കൃതിയില്‍ അപഗ്രഥിക്കുന്നുണ്ട്. ഫ്രാന്‍സിസ് ഫുകുയാമ, സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍ എന്നിവരുടെ ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന 'നാഗരികതകളുടെ സംഘട്ടനം'  എന്ന തിയറി  1990-കള്‍ക്ക് ശേഷം അമേരിക്കന്‍ വിദേശ നയംമാറ്റത്തിന്റെ  ചാലക ശക്തിയായി വര്‍ത്തിക്കുകയും ചെയ്യുകയുണ്ടായി. പൗരസ്ത്യ മുസ്ലിം പണ്ഡിത ലോകത്തിലെ ഓക്‌സിഡെന്റലിസ്റ്റ് വായനയും പാശ്ചാത്യ ചിന്തകളോടും സാംസ്‌കാരിക പ്രതിനിധാനങ്ങളോടുമുള്ള മുന്‍വിധികളും ഇസ്‌ലാം - പാശ്ചാത്യം എന്ന ബൈനറിക്കു ആക്കം കൂട്ടി. ഇസ്‌ലാമിക ക്ലാസിക് ഫിഖ്ഹ് രചനകളിലെ  ദാറുല്‍ ഇസ്‌ലാം -ദാറുല്‍ ഹര്‍ബ് എന്ന വിഭജനത്തിനപ്പുറം ദാറുല്‍ അംന്, ദാറുല്‍ അഹ്ദ്, ദാറുശ്ശഹാദ എന്നീ  പദപ്രയോഗങ്ങളാണ് താരിഖ് റമദാന്‍, യൂസുഫുല്‍ ഖറദാവി പോലുള്ള സമകാലിക പണ്ഡിതര്‍ പാശ്ചാത്യ ദേശങ്ങളിലെ ഇസ്‌ലാമിക വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. അഭയാര്‍ഥി, വംശീയത,  ഇസ്‌ലാംഭീതി എന്നിവ അധികരിച്ചുവരുന്ന യൂറോപ്യന്‍ സാമൂഹിക രാഷ്ട്രീയത്തില്‍ ശരിയായ ഇസ്‌ലാമിക പ്രതിനിധാനം മറുമരുന്നാണെന്നാണ് ശൈഖ് ഖറദാവി ദാറുശ്ശഹാദ എന്ന ആശയം കൊണ്ടുദ്ദേശിക്കുന്നത്. 
ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹിന്റെ സാന്നിധ്യം കൊണ്ടു ലിവര്‍പൂളിലും സമീപപ്രദേശങ്ങളിലും മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വളരെയധികം കുറവ് വന്നിട്ടുണ്ട് എന്ന സര്‍വേ ഈ സമീപനത്തെ ശക്തിപ്പെടുത്തുന്നു. 2019-ല്‍ പ്രസിദ്ധീകൃതമായ അഡിസ് ദുദേരിജയും ഹലിം റാനെയും ചേര്‍ന്നെഴുതിയ ‑"Islam and Muslims in the West: Major Issues and Debates",  മിറ വേല European Identity and the Representation of Islam in the Mainstream Press എന്ന കൃതികള്‍  സമകാലിക പാശ്ചാത്യ മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബസ്സാം തീബി, താരിഖ് റമദാന്‍ എന്നിവരുടെ  വീക്ഷണങ്ങളും ശൈഖ് ഖറദാവി, ശൈഖ് താഹ അല്‍വാനി എന്നിവരുടെ ന്യൂനപക്ഷ ഫിഖ്ഹ് ചര്‍ച്ചയും ആഡിസ് ദുദേരിജയും ഹലിം റാനെയും  വിശകലനവിധേയമാക്കുന്നു. തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ പ്രവേശം,  അഭയാര്‍ഥി പ്രശ്‌നം, ഇസ്‌ലാമിസം തുടങ്ങിയ വിഷയങ്ങള്‍ വിശകലനം ചെയ്ത് യൂറോപ്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇസ്‌ലാംഭീതിയും അപരവല്‍ക്കരണവും പ്രചരിപ്പിക്കുന്നതെങ്ങനെയെന്നു സലോമി ബുകാല അവരുടെ കൃതിയില്‍ വിശദീകരിക്കുന്നുണ്ട്. അലിജാ ഇസ്സത്ത് ബെഗോവിച്ച്,  റജാ ഗരോഡി,  മുറാദ് ഹോഫ്മാന്‍,  ജഫ്രി ലാങ് എന്നിവരുടെ രചനകള്‍ പോലെ  സമകാലിക യൂറോപ്യന്‍ - അമേരിക്കന്‍ മുസ്ലിം സമൂഹത്തെക്കുറിച്ച ഗഹനമായ പഠനങ്ങള്‍ അനിവാര്യമാണ്. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (12-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

നന്ദിയുള്ള അടിമയാവുക
പി.വൈ സൈഫുദ്ദീന്‍