പരിസ്ഥിതി പരിപാലനവും മാലിന്യ നിര്‍മാര്‍ജനവും
ബ്രസീലിലാണ് സംഭവം. വനനശീകരണത്തെ തുടര്‍ന്ന് തരിശായി മാറിയ 1750 ഏക്കര്‍ മൊട്ടക്കുന്നുകള്‍, പച്ചപിടിച്ച വനമാക്കി മാറ്റാന്‍ സെബാസ്റ്റ്യാ- ലെലാ ദമ്പതികള്‍ ചെലവഴിച്ചത് ഇരുപത് വര്‍ഷങ്ങളാണ്, 1998-2018 കാലം. മില്യന്‍ കണക്കിന് മരങ്ങളാണ് അവരവിടെ നട്ടുവളര്‍ത്തിയത്. 300 ഇനം മരങ്ങള്‍, 170 ഇനം പക്ഷികള്‍, 30 ഇനം സസ്തനികള്‍, 15 ഇനം ഉഭയജീവികള്‍ ഇപ്പോള്‍ ഹരിതാഭമായ ആ വനത്തിലുണ്ടത്രെ! കേള്‍ക്കുമ്പോള്‍ ഇതൊരത്ഭുതമാണ്. എന്നാല്‍, അത്ഭുതം കൂറുന്നതിനപ്പുറം ആലോചനാ വിഷയമാക്കേണ്ട പലതുമുണ്ട് ഇതില്‍. അവര്‍ നട്ടുവളര്‍ത്തിയത് കേവലം മരങ്ങളല്ല, നമ്മുടെ ജീവിതം തന്നെയാണ്, അനേകം ജീവജാലങ്ങളെ സംരക്ഷിച്ചു പോറ്റുന്ന പ്രകൃതിയുടെ ആവാസ വ്യവസ്ഥയാണ്. വനസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, ജലവിഭവ സൂക്ഷിപ്പ്, മണ്ണിന്റെ ജൈവികതയുടെ കരുതല്‍, പ്രകൃതി ദത്തമായ ഉല്‍പാദനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം പരിസ്ഥിതി പരിപാലനത്തിന്റെ അവിഭാജ്യ ഘടകങ്ങളും മനുഷ്യ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്റെ നിദാനങ്ങളുമാണ്. പരിസ്ഥിതി നശീകരണമാകട്ടെ, നമ്മുടെ ജീവിതത്തിന്റെ തന്നെ നശീകരണമാണ്.
പരിസ്ഥിതി പാഠങ്ങളറിയാന്‍ ദൂരെയൊന്നും പോകേണ്ടതില്ല, നമ്മുടെ കേരളം തന്നെ ധാരാളം. 2018-'19-ലെ വര്‍ഷകാലം പരിശോധിക്കുക. 2018 മഴ നേരത്തേയെത്തി, വൈകാതെ മഴ കനത്തു, ഉരുള്‍പൊട്ടലുകളുണ്ടായി, പ്രളയം വന്നു, നൂറ്റാണ്ടിന്റെ ദുരന്തം നാമനുഭവിച്ചു. പ്രളയ വെള്ളമിറങ്ങി ഏതാനും മാസങ്ങള്‍ക്കകം പല പ്രദേശങ്ങളും വരണ്ടുണങ്ങാന്‍ തുടങ്ങി! ഈ വൈരുധ്യത്തിനു മുമ്പില്‍ പലരും കണ്ണുമിഴിച്ചു. കൊടിയ ചൂടും കടുത്ത വരള്‍ച്ചയും ഈ വേനലില്‍ നാമനുഭവിച്ചു. പിന്നെ, 2019 ല്‍ വൈകിയെത്തിയ മഴ, രണ്ടു മൂന്നുനാള്‍ എത്തി നോക്കി തിരിച്ചുപോയ മട്ടാണ്! ജൂണിലും എന്തൊരു ചൂടെന്ന് പലരും വിലപിക്കുന്നു, ജലദൗര്‍ലഭ്യതയാല്‍ പലരും കഷ്ടപ്പെടുന്നു.
പരിസ്ഥിതിയോട് മനുഷ്യര്‍ ചെയ്ത ക്രൂരതകളുടെ കൂടി ഫലമല്ലേ ഈ കാലാവസ്ഥാ വ്യതിയാനവും ദുരന്തങ്ങളും? മനുഷ്യന്റെ ചെയ്തികളാലാണ് കരയിലും കടലിലും നാശം പൊട്ടിപ്പുറപ്പെടുന്നതെന്ന് ഖുര്‍ആന്‍ (അര്‍റൂം 41,42). ഇതിന് അര്‍ഥങ്ങള്‍ ഏറെയുണ്ട്. വനങ്ങള്‍ നശിപ്പിച്ചും മലകള്‍ ഇടിച്ചു നിരത്തിയും ജലസംഭരണികളായ വയലും തോടും പുഴയും മണ്ണിട്ടു നികത്തിയും മാലിന്യങ്ങള്‍ നിറച്ച് മണ്ണും വിണ്ണും വെള്ളവും വിഷമയമാക്കിയും അപകടകരമായ വളം - കീടനാശിനി പ്രയോഗങ്ങളാല്‍ ഭൂമിയുടെ ജൈവികത നശിപ്പിച്ചും പ്രകൃതിക്ക് വിരുദ്ധമായ നിര്‍മാണ രീതികള്‍ വര്‍ധിപ്പിച്ചും.... ഇങ്ങനെ ഏതെല്ലാം രീതിയിലാണ് മനുഷ്യന്‍ പരിസ്ഥിതിയോട് ക്രൂരത കാണിച്ചിട്ടുള്ളത്. ഭൂമിയെ സംസ്‌കരിച്ച് പ്രയോജനകരമാം വിധം സംവിധാനിച്ചതിനു ശേഷം അതിനെ നശിപ്പിക്കരുതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട് (അല്‍അഅ്‌റാഫ് 56).
പരിസ്ഥിതി പരിപാലിച്ചുകൊണ്ടു മാത്രമേ നമുക്ക് പച്ചപ്പുള്ള മണ്ണും ജീവിതവും തിരിച്ചുപിടിക്കാനാകൂ. ഇത് മുഴുവന്‍ മനുഷ്യരുടെയും ബാധ്യതയാണ്. മുസ്‌ലിം സമൂഹം പരിസ്ഥിതി പരിപാലനത്തില്‍ സമസൃഷ്ടികള്‍ക്ക് മാതൃകയായി മുന്നില്‍ നടക്കേണ്ടവരാണ്. പ്രകൃതി വിഭവങ്ങള്‍ ചൂഷണരഹിതമായി പ്രയോജനപ്പെടുത്തുക, മരങ്ങള്‍ നട്ടുവളര്‍ത്തുക, ജലസംഭരണികള്‍ പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കുക, കൃഷി ഭൂമികള്‍ സജീവമാക്കി നല്ല കൃഷി രീതികള്‍ നടപ്പിലാക്കുക, മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക, ശുചിത്വം ഉറപ്പുവരുത്തുക തുടങ്ങി പലതും ഒറ്റക്കും കൂട്ടായും നമുക്ക് ചെയ്യാനാകും. ഇതെല്ലാം ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ഉള്‍പ്പെട്ടവയാണ്, നബിചര്യയില്‍ (സുന്നത്ത് ) പരിസ്ഥിതി പാഠങ്ങള്‍ പലതുമുണ്ട്. ഇവ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഒറ്റപ്പെട്ട വ്യക്തികളും കൂട്ടായ്മകളും മുസ്‌ലിം സമൂഹത്തിലുണ്ട്. അതിനപ്പുറം, മുസ്‌ലിം സമൂഹത്തിന്റെയും മത സംഘടനകളുടെയും അജണ്ടകളില്‍ അര്‍ഹമായൊരു ഇടം ഈ വിഷയങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്.
മാലിന്യ നിര്‍മാര്‍ജനം മാത്രം ഉദാഹരണമായെടുക്കാം. മലിനീകരണത്തിനെതിരെയും ശുചിത്വം ഉറപ്പുവരുത്താനും ഇസ്‌ലാം പലവിധത്തില്‍ അനുശാസിച്ചിട്ടുണ്ട്. നാട്ടില്‍ പൊതുവിലും മഴക്കാലം മുന്‍നിര്‍ത്തി വിശേഷിച്ചും നടക്കുന്ന മാലിന്യ നിര്‍മാര്‍ജന - ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം സമൂഹം, സംഘടനകളും സ്ഥാപനങ്ങളുമൊക്കെ കാര്യമായ സംഭാവനകള്‍ അര്‍പ്പിക്കേണ്ടതുണ്ട്. ചില മുസ്‌ലിം വിദ്യാര്‍ഥി -യുവജന സംഘടനകളും ഒറ്റപ്പെട്ട മഹല്ല് സംവിധാനവുമൊക്കെ ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അഭിനന്ദനാര്‍ഹമാണ്. പള്ളികള്‍, മദ്‌റസകള്‍, ഉന്നത ഇസ്‌ലാമിക കലാലയങ്ങള്‍, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍, അവിടത്തെ തെരുവുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയൊക്കെ മാലിന്യ നിര്‍മാര്‍ജന - ശുചിത്വ വിഷയങ്ങളില്‍ സ്വയം മാതൃകയായി മാറാന്‍ ശ്രമിക്കണം. മുസ്‌ലിം വിദ്യാലയങ്ങളില്‍ ശുചിത്വബോധം ഒരു സംസ്‌കാരമായി വളര്‍ത്താന്‍ ജാഗ്രത കാണിച്ചാല്‍, 'ശുചിത്വം സത്യവിശ്വാസത്തിന്റെ പാതിയാണ്' (അത്ത്വഹൂറു ശത്വറുല്‍ ഈമാന്‍) തുടങ്ങിയ പ്രമാണപാഠങ്ങള്‍ പ്രയോഗ ശീലങ്ങളായി മാറുന്നത് നമുക്ക് അനുഭവിച്ചറിയാനാകും. ഇസ്‌ലാമിന്റെ നന്മകള്‍, പ്രസംഗവിഷയങ്ങളേക്കാള്‍ അനുഭവ സത്യങ്ങളാകുമ്പോഴാണല്ലോ സൗന്ദര്യവത്തായി മാറുന്നത്.
Comments