Prabodhanm Weekly

Pages

Search

2019 ജൂണ്‍ 28

3107

1440 ശവ്വാല്‍ 24

സഹ്‌ല ബിന്‍ത് സുഹൈല്‍

സഈദ് മുത്തനൂര്‍

പ്രമുഖ സ്വഹാബിവനിതകളുടെ ഗണത്തില്‍ പെടുന്ന നാമമാണ് സഹ്‌ല ബിന്‍ത് സുഹൈലിന്റേത്. ഖുറൈശികളിലെ ബനൂ ആമിര്‍ കുടുംബാംഗം. സഹ്‌ല ബിന്‍ത് സുഹൈല്‍ ഇബ്‌നു അംറ് അല്‍ഖുറശിയ്യ അല്‍ ആമിരിയ്യ എന്നാണ് മുഴുവന്‍ പേര്. സഹ്‌ലയുടെ പിതാവ് സുഹൈലുബ്‌നു അംറ് ഖുറൈശി പ്രമുഖനാണ്. പ്രസംഗവൈഭവമുണ്ടായിരുന്ന സുഹൈല്‍ 'ഖത്വീബ് ഖുറൈശ്' (ഖുറൈശികളുടെ പ്രഭാഷകന്‍) എന്ന പേരില്‍ വിശ്രുതനായി. സംസാരത്തിലെ പ്രാസഭംഗി ജനഹൃദയങ്ങളെ ആകര്‍ഷിച്ചു. മക്കാ വിജയം വരെ ഈ കഴിവുകള്‍ അദ്ദേഹം ഇസ്‌ലാമിനെതിരെ പ്രയോഗിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മക്കളാകട്ടെ, ഇസ്‌ലാമിന്റെ ചേരിയിലും നിലയുറപ്പിച്ചു. സഹ്‌ല, ഉമ്മു കുല്‍സു, അബ്ദുല്ല, അബൂജന്ദല്‍ ആസ്വ് (റ) എന്നീ നാലു മക്കളും ഇസ്‌ലാമിക പക്ഷത്തായിരുന്നു. പ്രവാചക നിയോഗത്തിന്റെ ഏതാണ്ട് ആദ്യ നാളുകളില്‍ തന്നെ ഇവര്‍ ഇസ്‌ലാം സ്വീകരിച്ചു. സഹ്‌ലയുടെ മാതാവിന്റെ പേര് ഫാത്വിമ ബിന്‍ത് അബ്ദുല്‍ ഉസ്സ അല്‍ ആമിരിയ്യ എന്നായിരുന്നു.
ഖുറൈശി പ്രമുഖന്‍ അബൂഹുദൈഫ ഹൈശുമുമായി സഹ്‌ലയുടെ വിവാഹം നടന്നു. അബൂഹുദൈഫയും ആദ്യകാല മുസ്‌ലിംകളിലൊരാള്‍. ഇരുവരും ഖുറൈശി പ്രമുഖരായതിനാല്‍ സത്യനിഷേധികളായ ഖുറൈശി കൂട്ടത്തിന് അവരോട് കൂടിയ വിരോധമുണ്ടായിരുന്നു. പ്രവാചക നിയോഗത്തിന്റെ അഞ്ചാം വര്‍ഷം എത്യോപ്യയിലേക്ക് ഹിജ്‌റ പോകാന്‍ നബിയുടെ നിര്‍ദേശം വന്നു. അങ്ങനെ സഹ്‌ലയും അബൂഹുദൈഫയും അടക്കമുള്ളവര്‍ അബ്‌സീനിയ ലക്ഷ്യമാക്കി നീങ്ങി. കുറച്ചുകാലം കഴിഞ്ഞ് റസൂലും പ്രതിയോഗികളായ ഖുറൈശികളും തമ്മില്‍ സന്ധിസംഭാഷണം നടന്നതായ വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് എത്യോപ്യന്‍ അഭയാര്‍ഥികള്‍ തിരിച്ച് മക്കയിലേക്ക് മടങ്ങാന്‍ ഒരുങ്ങിയതായി ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്ത ശരിയല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ യാത്രക്കിറങ്ങിയ അബൂഹുദൈഫ-സഹ്‌ല ദമ്പതികളും മറ്റുള്ളവരും അബ്‌സീനിയയിലേക്കു തന്നെ തിരിച്ചുപോയെന്നും അവിടെ വെച്ച് ഈ ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിച്ചുവെന്നും ചരിത്രകാരനായ അബൂ ഇസ്ഹാഖ് പറയുന്നു. മുഹമ്മദു ബ്‌നു അബൂഹുദൈഫ എന്നായിരുന്നു മകന്റെ പേര്.
നബി(സ) മദീനയിലേക്ക് പലായനം നടത്തുന്നതിന് കുറച്ചു മുമ്പ് 33 പുരുഷന്മാരും എട്ട് വനിതകളുമടങ്ങുന്ന ഒരു സംഘം എത്യോപ്യയില്‍നിന്ന് മക്കയിലേക്ക് മടങ്ങി. ഈ സംഘത്തില്‍ സഹ്‌ലയും പ്രിയതമന്‍ അബൂഹുദൈഫയും മകന്‍ മുഹമ്മദുമുണ്ടായിരുന്നു. അവര്‍ മക്കയിലെത്തിയപ്പോഴേക്കും നബി മദീനയിലെത്തിച്ചേര്‍ന്നിരുന്നു. ഏതാനും നാളുകള്‍ക്കു ശേഷം നബിയുടെ മറ്റു അനുചരന്മാര്‍ക്കൊപ്പം ഈ കുടുംബവും അവരുടെ വിമോചിത അടിമ സാലിമിനോടൊപ്പം മദീനയിലേക്കുള്ള ഖാഫിലയില്‍ കണ്ണിചേര്‍ന്നു. പിന്നീട് ജീവിതാവസാനം വരെ അവര്‍ മദീനയില്‍ തന്നെ കഴിഞ്ഞുകൂടി. ഹസ്രത്ത് സാലിമിനെ കുറിച്ച് ഒന്നു രണ്ട് വാക്ക്: അബൂഹുദൈഫ മോചിപ്പിച്ച അടിമ എന്ന പേരില്‍ പ്രശസ്തനായ സാലിം ഈ കുടുംബത്തോടൊപ്പം ചെറുപ്പംതൊട്ടെ ഉണ്ടായിരുന്നു. അബൂഹുദൈഫയുടെ മറ്റൊരു പത്‌നിയായിരുന്ന സബിയ്യ ബിന്‍ത് അല്‍ അന്‍സാരിയ്യയുടെ അടിമയായിരുന്നു സാലിം (റ). അവര്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കി. ഹസ്രത്ത് അബുഹുദൈഫ അദ്ദേഹത്തെ തന്റെ വളര്‍ത്തു പുത്രനായി കൂടെ നിര്‍ത്തി. അങ്ങനെ അദ്ദേഹം നാട്ടുകാര്‍ക്ക് 'സാലിമു ബ്‌നു അബൂഹുദൈഫ' (അബൂഹുദൈഫയുടെ പുത്രന്‍ സാലിം) ആയി. എന്നാല്‍, 'നിങ്ങള്‍ അവരെ അവരുടെ പിതാക്കളിലേക്ക് ചേര്‍ത്തു വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ നീതിപൂര്‍വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ ദീനില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു' എന്ന ഖുര്‍ആന്‍ സൂക്തം (33:5) അവതരിച്ചതോടെ ആളുകള്‍ സാലിമിനെ (റ) സാലിം മൗലാ അബൂഹുദൈഫ (അബൂഹുദൈഫ മോചിപ്പിച്ച സാലിം) എന്ന് വിളിക്കാന്‍ തുടങ്ങി. ചില ഹദീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മേല്‍ സൂക്തം ഇറങ്ങിയതില്‍ പിന്നെ സാലിം തന്റെ വീട്ടില്‍ വരുന്നത് അബൂഹുദൈഫക്ക് ഇഷ്ടമല്ലാതായി. അപ്പോഴേക്കും സാലിം വളര്‍ന്നു വലുതായിരുന്നു.
നമ്മുടെ ചരിത്ര വനിത സഹ്‌ലക്ക് ഇത് വളരെ മനോവിഷമമുണ്ടാക്കി. സാലിം ചെറുപ്പത്തിലേ തങ്ങളോടൊപ്പം വളര്‍ന്നയാളാണല്ലോ. അവര്‍ ഇനി മുതല്‍ വീട്ടില്‍ വന്നുകൂടെന്ന അബൂഹുദൈഫയുടെ നിലപാട് അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. സഹ്‌ല ഉടനെ നബി(സ)യുടെ അടുക്കലെത്തി തന്റെ പ്രശ്‌നം അവതരിപ്പിച്ചു. അബൂഹുദൈഫയുടെ നിലപാട് തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും അവര്‍ നബി(സ)യോട് പരാതിപ്പെട്ടു. നബിയുടെ തീരുമാനം കൗതുകമുളവാക്കുന്നതായിരുന്നു: 'നീ അവന് മുലപ്പാല്‍ നല്‍കുക, അങ്ങനെ നീ മഹ്‌റം ആയിത്തീരും. അബൂഹുദൈഫയുടെ തെറ്റിദ്ധാരണ നീങ്ങുകയും ചെയ്യും.' അതോടെ സാലിം മുലകുടി ബന്ധത്തിലെ പുത്രനായി മാറി. ഹസ്രത്ത് ഉമ്മുസല്‍മ (റ) ഈ സംഭവത്തെ പറ്റി പറയുന്നത്, ഈ വിധി സാലിമിന്റെ കാര്യത്തില്‍ മാത്രമുള്ള അനുവാദമാണ് എന്നാണ്. അല്ലാതെ യുവാവായിരിക്കെ മുലകുടി ബന്ധം സ്ഥാപിക്കാവതല്ല. ഇമാം മുസ്‌ലിം മേല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അബൂഹുദൈഫയും സാലിം മൗലാ അബൂഹുദൈഫയും യമാമ യുദ്ധത്തില്‍ രക്തസാക്ഷികളാവുകയായിരുന്നു. അബൂഹുദൈഫയുടെ മരണത്തിനു ശേഷം സഹ്‌ലയെ വിവാഹം ചെയ്തത് അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് ആയിരുന്നു. അതിലൊരു മകന്‍ ജനിച്ചു. പേര് സാലിം തന്നെ.
സഹ്‌ല അധിക ദിവസങ്ങളിലും സുന്നത്ത് നോമ്പനുഷ്ഠിക്കുകയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ നമസ്‌കരിക്കുകയും പതിവായിരുന്നു. ദീനീ ചിട്ടകളെല്ലാം അവര്‍ ശരിക്കും മുറക്കും പാലിച്ചു. സഹ്‌ല ബിന്‍ത് സുഹൈലിനെ കുറിച്ച് തികഞ്ഞ സംതൃപ്തിയോടെയാണ് നബി (സ) മരണമടഞ്ഞതെന്ന് ഖാസിമുബ്‌നു മുഹമ്മദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഖിലാഫത്തിന്റെ തണലില്‍ കുറേകാലം ജീവിച്ച ശേഷമാണ് ചരിത്ര വനിതയുടെ മരണം.

അവലംബം: സ്വഹാബിയ്യതെ ത്വയ്യിബാത്ത്‌

Comments

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (12-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

നന്ദിയുള്ള അടിമയാവുക
പി.വൈ സൈഫുദ്ദീന്‍