പ്രമുഖരുടെയെല്ലാം റഫറന്‍സായിരുന്നു പ്രബോധനം
പ്രബോധനം ഏഴു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഞാന്‍ എട്ടു പതിറ്റാണ്ടിലെത്തിനില്‍ക്കുന്നു. പള്ളിക്കൂടം വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ ഞാന്‍ പ്രബോധനത്തിന്റെ വായനക്കാരനാണ്. അതിലെ ഓരോ പംക്തിയും എന്നെ ഹഠാദാകര്‍ഷിച്ചിരുന്നു.
പത്രപ്രവര്‍ത്തകനായി അറുപതുകളുടെ അവസാനത്തില്‍ കോഴിക്കോട് സ്ഥിരതാമസമാക്കിയതു മുതല്‍, ഇരുട്ടിനെപ്പറ്റി ജാഗ്രത സൃഷ്ടിച്ച പ്രകാശധാരയായി പ്രബോധനത്തെ വിശേഷിപ്പിച്ചവരായിരുന്നു ചുറ്റും. ചന്ദ്രികയുടെ മുഖ്യ പത്രാധിപര്‍ സി.എച്ച് മുഹമ്മദ് കോയ, അസിസ്റ്റന്റ് എഡിറ്റര്‍ യു.എ ബീരാന്‍, ന്യൂസ് എഡിറ്റര്‍ പി.എം അബൂബക്കര്‍, വാരിക പത്രാധിപര്‍ പി.എ മുഹമ്മദ് കോയ, ലീഡര്‍ റൈറ്റര്‍ കെ. അബ്ദു സാഹിബ് എന്നിവരൊക്കെ റഫറന്‍സിന് പ്രബോധനം ഉപയോഗപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്.
യു.എ ബീരാന്റെ സഹമുറിയനായി കഴിയുമ്പോള്‍ എല്ലാ പത്രമാസികകളും വായിക്കാന്‍ സൗകര്യപ്പെട്ടു. അന്‍സാരി, ന്യൂ അന്‍സാരി, ചിന്തകന്‍, അല്‍മനാര്‍, ഭാരതഭൂമി, അല്‍മുര്‍ശിദ്, മലബാരി, അല്‍ ഹിലാല്‍, മിനാര്‍, അല്‍ബയാന്‍ തുടങ്ങിയവയുടെ ഇടയില്‍നിന്ന് പ്രബോധനം എടുത്തുവെച്ച് അതിലെ അവതരണ രീതിയെക്കുറിച്ചും ശൈലിയെ സംബന്ധിച്ചും രചനാ വൈഭവത്തെപ്പറ്റിയും ബീരാന്‍ സാഹിബ് വാചാലനാവും. ആശയപരമായി എത്രതന്നെ വിയോജിപ്പുണ്ടായാലും അവതരണത്തിലെ ലാവണ്യം മറക്കാനാവില്ല. സമകാലിക സമസ്യകളെപ്പറ്റി ഗൗരവത്തിലുള്ള വിശകലനം യുവജന-വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമായിരുന്നു. വിവേക സംക്രമണത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന തീവ്രമായ വായനാനുഭവം പ്രബോധനത്തിലൂടെ ഉണ്ടായി. ചരിത്ര വിശകലനങ്ങള്‍, സംശയ നിവാരണം, ഉദ്‌ബോധനം, അനുസ്മരണം എന്നിവക്ക് പുറമെ പെരുന്നാള്‍, നബിദിനം, മുഹര്‍റം, ലൈലത്തുല്‍ ഖദ്ര്‍ എന്നിങ്ങനെ ആഘോഷത്തിന്റെ നാനാര്‍ഥങ്ങള്‍ പ്രബോധനം വിളംബരം ചെയ്തു. വിശേഷാല്‍ പതിപ്പുകള്‍ അതിന്റെ തനിമ നിലനിര്‍ത്തി.
അനുഭവക്കുറിപ്പുകളിലെ സത്യസാക്ഷ്യം മനസ്സില്‍ ഓടിയെത്തുന്നു. അതിലെ സ്ഖലിതങ്ങള്‍ ഞാന്‍ തിരുത്തിയിട്ടുണ്ട്. പ്രബോധനത്തില്‍ എന്റെ കുറിപ്പോ ലേഖനമോ പ്രസിദ്ധീകരിച്ചാല്‍ എത്തുന്ന ഫോണ്‍ കോളുകളും കത്തുകളും പഠിപ്പിച്ചത് ഈ പ്രസിദ്ധീകരണത്തിന്റെ പ്രചാരണമാണ്. പ്രസ്ഥാന ബന്ധുക്കള്‍ ഈ പ്രസിദ്ധീകരണത്തെ നിലനിര്‍ത്തുന്നു, പ്രചരിപ്പിക്കുന്നു. എന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇല്ലാതെ പോയത് ഇതാണല്ലോ എന്നോര്‍ത്ത് സങ്കടപ്പെടാറുണ്ട്.
ഇന്നും ഞാന്‍ പ്രബോധനം വായിക്കുന്നു. അവതരണ ശൈലിയെ, പ്രതിപക്ഷ ബഹുമാനത്തെ ആദരിക്കുന്നു. അത് വായിക്കാതെ പ്രചരിപ്പിക്കുന്നവരോട് ഒന്നും പറയാനില്ല. വിലപ്പെട്ട കനി കണികണ്ടുകൊണ്ടാണല്ലോ മനുഷ്യരിവിടെ ജീവിതമാരംഭിച്ചതുതന്നെ.
Comments