Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 01

3091

1440 ജമാദുല്‍ ആഖിര്‍ 0223

പുല്‍വാമ ഭീകരാക്രമണം ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

പി.പി അബ്ദുര്‍റസാഖ്

രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. ഇന്ത്യയിലെ ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് ഇനിയും ഇത് പഠിച്ചിട്ടില്ല എന്നതാണ് പുല്‍വാമ ഭീകരാക്രമണ ശേഷമുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നത്.  കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടിയാണ്. ഭരണപക്ഷത്തിന്റെ കൊള്ളരുതായ്മകളും പിടിപ്പുകേടുകളും പുറത്തുകൊണ്ടു വരേണ്ട ഉത്തരവാദിത്തം കൂടിയുണ്ട് പ്രതിപക്ഷത്തിന്, ജനാധിപത്യ വ്യവസ്ഥയില്‍. ഇങ്ങനെയുള്ള അര്‍ധ അവസരങ്ങളെ പോലും നന്നായി ഉപയോഗിക്കാനുള്ള ബിജെപിയുടെയും സംഘ് പരിവാറിന്റെയും മിടുക്ക് നമ്മള്‍ സമ്മതിച്ചുകൊടുക്കണം. ഇരുമ്പ് പഴുക്കുമ്പോള്‍ അടിക്കാന്‍ നന്നായി അറിയാമെന്നു മാത്രമല്ല, ഒട്ടും പഴുത്തിട്ടില്ലാത്ത ഇരുമ്പിനെ അടിച്ചു പഴുപ്പിക്കാനും അവര്‍ക്കറിയാം.  എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഈ കാര്യത്തില്‍ പരമ ദയനീയമാണ്. തങ്ങള്‍ക്കു ലഭിക്കുന്ന പഴുത്ത ഇരുമ്പിനെ ഫ്രീസറില്‍ വെച്ച് ഹിമക്കട്ടയാക്കുകയാണ് അവര്‍ പൊതുവെ ചെയ്യുന്നത്.  രാഷ്ട്രീയത്തില്‍ ബ്രൂട്ടസിന്റെ ഐഡിയലിസം കൊണ്ട് ഒരു കാര്യവുമില്ല. അത് രാഷ്ട്രീയ എതിരാളികള്‍ അവരുടെ ശത്രുക്കളെ വീഴ്ത്താന്‍ ഉദ്ദേശിക്കുന്ന ചതിക്കുഴിയാണ്.  കോണ്‍ഗ്രസ് സംഘ് പരിവാര്‍ കുഴിച്ച അങ്ങനെയുള്ളൊരു ചതിക്കുഴിയിലാണ് പുല്‍വാമ  ഭീകരാക്രമണത്തിനു ശേഷം വീണിരിക്കുന്നത്.  

രാജ്യസ്‌നേഹം ഭരണകൂടത്തോടുള്ള സ്‌നേഹമല്ല.  രാജ്യത്തെ എല്ലാവരും സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യും. ഭരണകൂടത്തെ അതിന്റെ കര്‍മങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍  സ്‌നേഹിക്കുന്നവരും വെറുക്കുന്നവരും, പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാവും. ഭരണകൂടം വരും, പോകും. അത് മാറും, അതിനെ മാറ്റും. രാജ്യം എന്നും ഒന്നായി നിലനില്‍ക്കും, നിലനില്‍ക്കണം. അത് മാറില്ല.  കോണ്‍ഗ്രസിനു പറ്റിയ തെറ്റ് പുല്‍വാമ വിഷയത്തില്‍ ബിജെപി ഭരണകൂടത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് രാജ്യ ദ്രോഹമായിരിക്കുമെന്ന സംഘ് പരിവാര്‍ ഭാഷ്യം സ്വീകരിച്ചതാണ്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം ഗുരുതരമായ വീഴ്ചകളെ ചൂണ്ടിക്കാണിച്ച് രാജ്യം കൂടുതല്‍ വലിയ അബദ്ധത്തില്‍ വീഴുന്നതില്‍നിന്നും രക്ഷപ്പെടുത്തലാണ് യഥാര്‍ഥ രാജ്യസ്‌നേഹം. ഈ വിഷയത്തില്‍ ഒരു പ്രധാന പ്രതിപക്ഷകക്ഷിയെന്ന നിലയില്‍ ഇതുവരെ  കോണ്‍ഗ്രസ് പൂര്‍ണ പരാജയമാണ്. അതാണ് സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതും. 

പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ ബിജെപി ഭരണകൂടം ഉത്തരം നല്‍കേണ്ട നിരവധി ചോദ്യങ്ങളുണ്ട്: 

1. ഒരു കശ്മീരീ ഭീകരനാണെല്ലോ ഇത്രയും വലിയ ആക്രമണം നടത്തിയത്. ആ അര്‍ഥത്തിലും ഉപയോഗിച്ച കാര്‍ ബോംബിംഗിന്റെ രീതിയിലും  ഇത് കശ്മീരില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ആദ്യത്തെ അനുഭവമാണ്.  ഈ കശ്മീരീ യുവാവ് ഭീകരനായത് എങ്ങനെ? എന്തുകൊണ്ട് അവന്‍ സി.ആര്‍.പി.എഫിനെ ലക്ഷ്യം വെച്ച് ആക്രമിച്ചു? അവന്റെ മാതാപിതാക്കള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ? അവര്‍ക്ക് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത്?  

2. ഈ ഭീകരന് ഇത്രയധികം ആര്‍.ഡി എക്‌സ് എവിടന്നു കിട്ടി?   എങ്ങനെ അത് സമാഹരിച്ചു? എങ്ങനെ അത് ട്രാന്‍സ്പോര്‍ട് ചെയ്തു? 

3. ഈ ആക്രമണം നടന്നത് അതിരാവിലെ നാഷ്‌നല്‍ ഹൈവേയിലായിരുന്നല്ലോ. ഇരുളിന്റെ മറവില്‍ വനാന്തരത്തിലോ മലമടക്കുകളിലോ ആയിരുന്നില്ല.  മിലിറ്ററി കോണ്‍വോയ് പോകുമ്പോള്‍ എങ്ങനെയാണ് ഈ ഭീകരന് അവന്റെ കാറുമായി നാഷ്‌നല്‍ ഹൈവേയില്‍  കോണ്‍വോയിയെ സമീപിക്കാന്‍ സാധിച്ചത്?  സാധാരണ ഗതിയില്‍ സമാധാനപൂര്‍ണമായ സ്ഥലത്ത് പോലും മിലിറ്ററി കോണ്‍വോയ് പോകുമ്പോള്‍ റോഡ് എല്ലാ വിധ ഭീഷണികളില്‍ നിന്നും മുക്തമായി എന്ന് ഉറപ്പു വരുത്തേണ്ടതാണെല്ലോ?   അതെന്തുകൊണ്ട് ഉണ്ടായില്ല? 

4. എന്തുകൊണ്ട് പുല്‍വാമ പോലുള്ള അപകടം പിടിച്ച മേഖലയിലൂടെ 2500 സി.ആര്‍.പി.എഫുകാരെ 78 വാഹനങ്ങളിലായി ഒന്നിച്ചു കൊണ്ടുപോയി?

5. എന്തുകൊണ്ട് ഒരു ബസ്സില്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (SOP) നു വിരുദ്ധമായി  45 സി.ആര്‍.പി.എഫുകാരെ കുത്തിനിറച്ചു?

6. എന്തുകൊണ്ടു SOP അനുസരിച്ച് വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പുലര്‍ത്തിയില്ല?

7. മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ഇന്റലിജന്‍സ് ഇങ്ങനെയൊരു ആക്രമണം ഉണ്ടാകാനുള്ള സാധ്യതയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നല്ലോ.  എന്നിട്ടും എന്തുകൊണ്ട് കരുതല്‍ നടപടിയെടുത്തില്ല?   വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  ജിങ്കോയിസ്റ്റ് വികാരം ആളിക്കത്തിച്ചു വിജയിക്കാന്‍ വേണ്ടി willful blindness-s‑â-b‑p‑w voluntary ignorance-ന്റെയും പോളിസി സ്വീകരിച്ചതാണോ? 

8. എങ്ങനെയാണ് ചാവേറായ ഭീകരന്‍ കോണ്‍വോയ് കടന്നുപോകുന്ന സമയവും വഴിയും മുന്‍കൂട്ടി അറിഞ്ഞത്? 

9. 2500 സി.ആര്‍.പി.എഫുകാരെ ഒന്നിച്ച് കോണ്‍വോയ് ആയി കൊണ്ടു പോകാനുള്ള പ്രയാസം കണക്കിലെടുത്ത് എയര്‍ലിഫ്റ്റിംഗിനു വേണ്ടിയുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം പരിഗണിക്കാതിരുന്നത് എന്തുകൊണ്ട്? 

10. കള്ളക്കണക്ക് പറഞ്ഞ് മോദി ഭരണകാലത്ത് ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവെന്ന് പാര്‍ലമെന്റില്‍ വരെ അവകാശപ്പെട്ട ഭരണകൂടം എന്തുകൊണ്ട് ഇത്തരമൊരു വന്‍ ഭീകരാക്രമണം നടന്നപ്പോള്‍ അത് ഉദ്യോഗസ്ഥരുടെ വീഴ്ച മാത്രമായി ന്യൂനീകരിക്കുന്നു?   

തീര്‍ച്ചയായും ഭീകരത കയറ്റിയയക്കുന്ന  പരാജിത രാജ്യമായ പാകിസ്താനും അവരുടെ ചാര ഏജന്‍സിയായ ഐ.എസ്.ഐയും അണിയറക്ക് പിന്നില്‍ കളിച്ചിട്ടുണ്ടാവും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷേ, അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ അതു സംബന്ധമായ തെളിവുകള്‍ നല്‍കുന്നതില്‍ മോദി ഭരണകൂടം  വേണ്ടത്ര വിജയിച്ചുവോ? ചാവേറായി പ്രവര്‍ത്തിച്ച ഭീകരന്റേത് എന്ന് പറയുന്ന വീഡിയോ  മാത്രം ഇതിന് മതിയായ തെളിവാകുമോ? ഇങ്ങനെ ചാവേര്‍ ഭീകരന് ആരുടെ പേരും പറയാമെന്നും അങ്ങനെയൊരു ക്രിമിനല്‍ ആരുടെയെങ്കിലും പേരു പറഞ്ഞതുകൊണ്ടു മാത്രം മറ്റു തെളിവുകളുടെ അഭാവത്തില്‍ ആരോപിതനോ ആരോപിത രാജ്യമോ ഈ കുറ്റത്തില്‍ പങ്കാളിയാണെന്നു  സമ്മതിക്കാന്‍ സാധിക്കില്ലെന്നുമുള്ള വാദത്തെ നാം അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ എങ്ങനെ ഖണ്ഡിക്കും?

അവകാശപ്പെട്ടതുപോലെ നമുക്ക് നയതന്ത്രപരമായി ഭീകരത കയറ്റിയയക്കുന്ന പാകിസ്താനെ ഒറ്റപ്പെടുത്താന്‍ സാധിച്ചുവോ?  ഇല്ലെങ്കില്‍ എന്തുകൊണ്ട്? താലിബാനുമായി ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ പ്രതിനിധി ഇസ്‌ലാമാബാദിലെത്തിയത് ഈ ഭീകരാക്രമണത്തിന് ശേഷമായിരുന്നല്ലോ. നമ്മുടെ എന്നത്തെയും മിത്രമായ റഷ്യയെ പോലും ഭീകര രാജ്യമായ  പാകിസ്താന് ആയുധം വില്‍ക്കുന്നതില്‍നിന്ന് നമ്മുക്ക് തടയാന്‍ സാധിച്ചിട്ടില്ല.  1999  ഡിസംബറില്‍ വാജ്പേയി സര്‍ക്കാര്‍ അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗിനോടൊപ്പം പണവും പത്രാസും നല്‍കി മോചിപ്പിച്ചു താലിബാന് കാണ്ഡഹാറില്‍ കൊണ്ടുപോയി കൊടുത്തേല്‍പിച്ച ആഗോള ഭീകരനും ജെയ്ശെ മുഹമ്മദിന്റെ തലവനുമായ  മസ്ഊദ് അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ചൈന ഇപ്പോഴും യു.എന്നില്‍ വീറ്റോ ചെയ്യുകയും പാകിസ്താന്റെ പിന്നില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ചൈനക്കെതിരെ അമേരിക്ക കഴിഞ്ഞാല്‍ ചൈനയുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ  നമ്മുടെ രാജ്യത്തിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല?  ചുരുക്കത്തില്‍, നയതന്ത്രപരമായി ഭീകര രാജ്യമായ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിലും ബി.ജെ.പി സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. 

 ഇപ്പോള്‍ തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യമായിരുന്ന കശ്മീര്‍ പ്രശ്‌നത്തെ പാകിസ്താന്റെ താല്‍പര്യത്തിനനുസരിച്ച് സംഘ് പരിവാര്‍ ഭരണകൂടം അന്താരാഷ്ട്രവത്കരിക്കുകയാണ് ഫലത്തില്‍ ചെയ്തത്.  കശ്മീരിനെക്കുറിച്ച് പാകിസ്താന്‍ നടത്തുന്ന പ്രചാരണങ്ങള്‍ ആഗോള സമൂഹം ശ്രദ്ധിക്കുന്ന സാഹചര്യം മോദി ഭരണകൂടത്തിന്റെ പിടിപ്പുകേട് സൃഷ്ടിച്ചുവെന്ന് വേണം കരുതാന്‍.  ഇതിനെല്ലാം പുറമെ സമാധാനം പ്രഘോഷിക്കുന്ന നമ്മുടെ മഹത്തായ രാജ്യം യുദ്ധക്കൊതി മൂത്തവരായും  ഭീകരത കയറ്റിയയക്കുന്ന പാകിസ്താന്‍ സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നവരായും ആഗോള സമൂഹത്തിനു മുമ്പില്‍ ചിത്രീകരിക്കപ്പെടാനാണ് മോദി ഭരണകൂടത്തിന്റെയും അതിന്റെ പശ്ചാത്തല ശക്തികളായ സംഘ് പരിവാറിന്റെയും ദേശീയ മാധ്യമങ്ങളുടെയും സമീപനം സഹായകമായത്. പിടിപ്പുകേടിനെ കൊള്ളരുതായ്മ കൊണ്ടു ശതഗുണീകരിച്ച ഈ  നയസമീപനം പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പരാജയം ഇതിലേറെ വലിയ ദുരന്തമാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (01-05)
എ.വൈ.ആര്‍

ഹദീസ്‌

നനവുള്ളതാകട്ടെ ഓരോ ഹൃദയവും
അനീസ് റഹ്മാന്‍ പത്തനാപുരം