Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 01

3091

1440 ജമാദുല്‍ ആഖിര്‍ 0223

ബ്ലാക്ക് ചരിതം ഓര്‍മിക്കപ്പെടുന്ന ഫെബ്രുവരി

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ആഫ്രിക്കന്‍- അമേരിക്കന്‍ വംശജരുടെ നേട്ടങ്ങള്‍ ഓര്‍മിക്കപ്പെടുന്ന മാസമാണ് ഫെബ്രുവരി. ബ്ലാക്ക് വംശജരുടെ സംഭാവനകള്‍ ചരിത്ര രചനകളും ടെക്സ്റ്റ് പുസ്തകങ്ങളും അവഗണിക്കുന്നതായി മനസ്സിലാക്കിയ കാര്‍ട്ടര്‍ ജി. വുഡ്സണ്‍ എന്ന ചരിത്രകാരനാണ് 1926-ല്‍ 'നീഗ്രോ ഹിസ്റ്ററി വീക്ക് ' എന്ന പേരില്‍ എബ്രഹാം ലിങ്കണ്‍, ഫ്രഡറിക് ഡഗ്ലസ് എന്നിവരുടെ ജന്മമാസമായ  ഫെബ്രുവരിയില്‍  പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ അതിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. മാസം മുഴുവന്‍ ശ്രദ്ധേയമായ പരിപാടികള്‍ അവര്‍ സംഘടിപ്പിക്കുകയും ചെയ്തു. 1976-ല്‍ പ്രസിഡന്റ് ജറാള്‍ഡ് ഫോര്‍ഡ് ഫെബ്രുവരിയെ ബ്ലാക്ക് ഹിസ്റ്ററി മാസമായി ഓദ്യോഗികമായി പ്രഖ്യാപിച്ചു.  ആഫ്രോ-അമേരിക്കന്‍ മുസ്‌ലിംകളും ഫെബ്രുവരിയില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ആഫ്രോ- അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയ മഹദ്് വ്യക്തിത്വങ്ങളുടെ ജീവിതവും സംഭാവനകളും ഈ പരിപാടികളിലെ  പ്രധാന വിഷയങ്ങളാണ്. ഇസ്‌ലാം വ്യാപനത്തിലും ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിലും ബ്ലാക്ക് മുസ്ലിംകളും അതുല്യമായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്.

പ്രമുഖ ഇംഗ്ലീഷ് വെബ് പോര്‍ട്ടലായ 'ദ മുസ്ലിം വെബ്' വിഖ്യാതരായ അഞ്ചു ബ്ലാക്ക് മുസ്ലിംകളുടെ ജീവിതം പുരസ്‌കരിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. നബി(സ)യുടെ പ്രമുഖ അനുചരരില്‍ ഒരാളായ ബിലാല്‍ അല്‍ ഹബശി(റ) ആണ് ഒന്നാമത്തെ മഹദ്് വ്യക്തി. അറേബ്യന്‍ സമൂഹത്തില്‍ രൂഢമൂലമായിരുന്ന വര്‍ണവിവേചനം അനുഭവിച്ചറിഞ്ഞ ബിലാലി(റ)ന്റെ ഇസ്‌ലാമാശ്ലേഷവും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതവും ഇസ്‌ലാമിന്റെ സമഭാവനയുടെ മികച്ച ഉദാഹരണമാണ്. ദൈവ തത്ത്വശാസ്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവുമായ അബു ഉസ്മാന്‍ അംറ് എന്ന അല്‍ ജാഹിള് (ക്രി. 776-868) ആണ് രണ്ടാമത്തെ വ്യക്തി. വിവിധ വിഷയങ്ങളില്‍ 200-ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്. ആഫ്രിക്കക്കാരുടെ ജീവിതവും സ്വഭാവരീതികളും അദ്ദേഹം വിസ്തരിച്ചെഴുതിയിരുന്നു. നൈജീരിയയിലെ സോകോതോ ഖിലാഫത്തിന്റെ സ്ഥാപകനായ ശൈഖ് ഉസ്മാന്‍ ദാന്‍ ഫോദിയോയുടെ പുത്രിയായ നാനാ അസ്മാഅ് (1793-1864) ആണ് മൂന്നാമത്തെ വ്യക്തി. കവിത, അധ്യാപനം, ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരം എന്നീ മേഖലകളില്‍ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച നാനാ അസ്മാഇനെയാണ് സ്ത്രീ വിദ്യാഭ്യാസത്തിന് മാതൃകയായി നൈജീരിയന്‍ ജനത കാണുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ ബ്ലാക്ക് പൗരാവകാശ സമരങ്ങളിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന മാല്‍കം എക്‌സ് (1925-1965) ആണ് നാലാമത്തെ വ്യക്തി. ബ്ലാക്ക് മുസ്ലിംകളുടെ സംഘടനയായ 'നേഷന്‍ ഓഫ് ഇസ്‌ലാ'മിന്റെ വക്താവായിരുന്നു തുടക്കത്തില്‍ അദ്ദേഹം. ഹജ്ജ് കര്‍മത്തിനു ശേഷം യഥാര്‍ഥ ഇസ്‌ലാമിന്റെ അന്തസ്സത്ത കത്തെുകയും അക്കാരണത്താല്‍തന്നെ രക്തസാക്ഷിയാകേണ്ടി വരികയും ചെയ്ത മലിക് ഷഹബാസ് എന്ന  മാല്‍കം എക്‌സ് അമേരിക്കന്‍  മുസ്ലിം ചരിത്രത്തിന്റെ സുപ്രധാന ഏടാണ്. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി (1942-2016) ആണ് അഞ്ചാമത്തെ മഹദ് വ്യക്തിത്വം. 1961-ല്‍ ഇസ്‌ലാമാശ്ലേഷിച്ച കാഷ്യസ് ക്ലേയാണ് മുഹമ്മദ് അലി എന്ന നാമം സ്വീകരിച്ചത്. 1980-നു ശേഷം ബോക്‌സിംഗില്‍നിന്ന് വിരമിച്ച മുഹമ്മദ് അലി ഇസ്‌ലാമിക-സന്നദ്ധ - സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 

 

 

ആ മരണത്തിന് നൂറ് വര്‍ഷം തികയുമ്പോള്‍

ആധുനിക ഇസ്‌ലാമിക ലോകം  കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി ഉസ്മാനി ഖലീഫ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ വിയോഗത്തിന്റെ  നൂറാം വാര്‍ഷികം ഫെബ്രുവരിയിലാണ്. 1918 ഫെബ്രുവരി 10-ന് ആണ് ഖലീഫ ഇഹലോകവാസം വെടിഞ്ഞത്. 1876 ആഗസ്റ്റ് 31-നാണ് ഉസ്മാനീ ഖിലാഫത്തിന്റെ 34-ാം ഭരണാധികാരിയായി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ അധികാരത്തിലേറിയത്. വിവിധ മേഖലകളില്‍ വികസനപ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. ബഗ്ദാദ് റെയില്‍വേ,  ഹിജാസ് റെയില്‍വേ എന്നിവയുടെ നിര്‍മാണം ഖിലാഫത്തിന്റെ വിദൂര പ്രദേശങ്ങളുമായുള്ള ബന്ധം സുഗമമാക്കി. വിദ്യാഭ്യാസമേഖലയില്‍ അതുല്യമായ സംഭാവനകളാണ് അദ്ദേഹമര്‍പ്പിച്ചത്. ബ്രിട്ടീഷ് ഭരണകൂടം പുറത്താക്കിയ കേരള മുസ്ലിംകളുടെ അനിഷേധ്യ നേതാവ് മമ്പുറം തങ്ങളുടെ വൈജ്ഞാനിക മികവ്  ഖിലാഫത്തിനായി ഉപയോഗപ്പെടുത്താനും തന്റെ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുക്കാനും അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തയാറായി. സയണിസ്റ്റ് കുതന്ത്രങ്ങള്‍ക്ക് ഒരിക്കലും വഴങ്ങാതിരുന്ന ഖലീഫ, ഫലസ്ത്വീന്‍ ഭൂമിയുടെ പവിത്രത സംരക്ഷിച്ചു. 1909 ഏപ്രില്‍ 27-ന്  യുവ തുര്‍ക്കികളാല്‍ സുല്‍ത്താന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതില്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തിലുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഒരു പ്രധാന കാരണമായിരുന്നു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ പുത്രി ആഇശ ഉസ്മാനോഗ്ലു 'മൈ ഫാദര്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ്' എന്ന കൃതിയില്‍ ഖലീഫയുടെ  ജീവിതം രേഖപ്പെടുത്തുന്നു.  

 

 

2034 വരെ ഞാന്‍ തന്നെ!

ഈജിപ്ഷ്യന്‍ ഏകാധിപതി അബ്ദുല്‍ ഫത്താഹ് അല്‍ സീസി തനിക്ക് പ്രസിഡന്റായി തുടരാന്‍ പറ്റുന്ന തരത്തില്‍ ഭരണഘടന മാറ്റിയെഴുതിയിരിക്കുന്നു. ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് ഈ ഭേദഗതി ഭൂരിപക്ഷത്തോടെ പാസ്സാക്കുകയും ചെയ്തുവത്രെ. 596 അംഗങ്ങളില്‍ 485 പേരും ഇതിനെ പിന്തുണച്ചു.  മെയ് മാസത്തില്‍ നടക്കുന്ന ദേശീയ ഹിതപരിശോധനയില്‍ ഈ ഭരണഘടനാ ഭേദഗതി അന്തിമമായി വിലയിരുത്തപ്പെടുമെന്നാണ് കരുതുന്നതെങ്കിലും സീസിയുടെ ഏകാധിപത്യത്തിനു കോട്ടം തട്ടുന്ന തരത്തില്‍ ഒന്നും സംഭവിക്കാനിടയില്ല. 2018 ഡിസംബറില്‍ ഒരുകൂട്ടം സീസി അനുഭാവികളാണ്  ഭരണഘടനയിലെ 140-ാം ആര്‍ട്ടിക്ക്ള്‍ ഭേദഗതി ആവശ്യപ്പെട്ടു പെറ്റീഷന്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ ഭരണഘടനാ ഭേദഗതികള്‍ അസാധുവാണെന്നാണ് മുന്‍ ഇന്റര്‍നാഷ്‌നല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി ഡയറക്ടര്‍ ജനറലും ഈജിപ്ഷ്യന്‍ നേതാവുമായ  മുഹമ്മദ് അല്‍  ബറാദഇ അഭിപ്രായപ്പെട്ടത്. വംശീയ വിവേചനം, അടിമത്തം പോലുള്ള വിഷയങ്ങളില്‍ ഹിതപരിശോധന നടത്തുന്നതുപോലെയാണ് ഇതെന്നും അദ്ദേഹം പ്രസ്താവിച്ചു. പാര്‍ലമെന്റംഗം ഹൈതം അല്‍ ഹരീരി ഈ ഭരണഘടനാ ഭേദഗതികള്‍ മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിനെ താഴെയിറക്കിയ വിപ്ലവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് എതിരാണെന്ന് അഭിപ്രായപ്പെട്ടു. അറബ് ലീഗിന്റെ മുന്‍ സെക്രട്ടറി ജനറല്‍ അംറ് മൂസയും സീസിയുടെ ഈ നീക്കത്തെ വിമര്‍ശിച്ചു രംഗത്തു വന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധം രൂപപ്പെടുന്നുണ്ടെങ്കിലും അറസ്റ്റും പീഡനവും ഭയന്ന് പലരും സമൂഹ മധ്യത്തിലേക്ക് വരുന്നില്ല. പ്രധാന പ്രതിപക്ഷമായ  മുസ്ലിം ബ്രദര്‍ഹുഡിന്റെ  നേതൃനിരയും നിരവധി പ്രവര്‍ത്തകരും തടവറയിലാണെന്നതും സീസിയുടെ രാഷ്ട്രീയാഗ്രഹങ്ങള്‍ എളുപ്പമാക്കും. അന്താരാഷ്ട്ര തലത്തില്‍ സീസിക്കു ലഭിക്കുന്ന സ്വീകാര്യതയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ആഫ്രിക്കന്‍ യൂനിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഈജിപ്ഷ്യന്‍ ഏകാധിപതിയുടെ മര്‍ദക നടപടികള്‍ക്ക് നിയമസാധുത ലഭിക്കുന്നത് ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തെ കൂടുതല്‍ ഇരുളടഞ്ഞതാക്കും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (01-05)
എ.വൈ.ആര്‍

ഹദീസ്‌

നനവുള്ളതാകട്ടെ ഓരോ ഹൃദയവും
അനീസ് റഹ്മാന്‍ പത്തനാപുരം