വൈവിധ്യതയെ പരിപാലിക്കുന്ന സംവാദം
ആശയങ്ങളുടെ ആകാശ സഞ്ചാരമാണ് സംവാദം. മനസ്സ് തുറന്നു വെക്കുകയും ആശയങ്ങള്‍ ആദാന പ്രദാന സ്വഭാവത്തില്‍ തെളിയിച്ചു കാണിക്കുകയും ചെയ്യുന്ന വാചികമോ രേഖീയമോ ആയ പ്രവര്‍ത്തനങ്ങളെ സംവാദം എന്നു വിളിക്കാം. ചിന്തകളും നിലപാടുകളും വിശ്വാസങ്ങളും വാദങ്ങളും പരസ്പരം വിനിമയം ചെയ്യപ്പെടുന്ന തുറന്ന ഇടങ്ങളാണ് സംവാദത്തിന്റെ ഭൂമിക. മനുഷ്യരുടെ മുഖങ്ങളല്ല അവിടെ അഭിമുഖം നില്‍ക്കുന്നത്, അതിനപ്പുറത്തെ മനസും ബുദ്ധിയും അതിലെ ആശയങ്ങളുമാണ്. വായു സഞ്ചാരം പോലെ ആശയ സഞ്ചാരത്തിന് സ്വാതന്ത്ര്യമുണ്ടാകുമ്പോഴാണ് സൗന്ദര്യമുള്ള സംവാദങ്ങള്‍ സംഭവിക്കുന്നത്. മനുഷ്യമനസ്സ് മൈതാനങ്ങളാകുമ്പോള്‍ ആശയങ്ങള്‍ ആകാശത്തോളം വളരുന്നു. മൈതാനങ്ങളുടെ പ്രത്യേകതകള്‍ രണ്ടാണ്; വിശാലതയും ബഹുത്വവും. ഒരുപാട് കവാടങ്ങളിലൂടെ ആഗമന നിര്‍ഗമനം എളുപ്പത്തില്‍ സാധിക്കുന്ന വിശാലതയും തുറവിയും, വ്യത്യസ്ത മനുഷ്യര്‍ ഒന്നിച്ചു ചേരുന്ന പോലെ ആശയവൈവിധ്യതയുടെ ആഘോഷവും, മൈതാനങ്ങളെപ്പോലെ സംവാദങ്ങളെയും സൗന്ദര്യ ദീപ്തമാക്കുന്നു.
സംവാദങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍, ചിന്തകളും ആശയങ്ങളും അനുവാചകര്‍ക്ക് മുമ്പില്‍ കൂടുതല്‍ മിഴിവോടെ തെളിഞ്ഞു വരികയാണ് ചെയ്യുക. അവതാരകര്‍ ഏതെങ്കിലുമൊരു വിഷയം അനുവാചകര്‍ക്ക് മുമ്പില്‍ കൃത്രിമമായി വാദിച്ച് സമര്‍ഥിക്കേണ്ടതോ, താര്‍ക്കിക ബുദ്ധിയോടെ സ്ഥാപിച്ചെടുക്കേണ്ടതോ, സമ്മര്‍ദത്തിലൂടെ അംഗീകരിപ്പിക്കേണ്ടതോ ഇല്ല. ആശയങ്ങള്‍ മികവേറിയതും കരുത്തുറ്റതുമാണെങ്കില്‍, വ്യക്തവും കൃത്യവുമായ അവതരണത്തിലൂടെ അനുവാചക മനസ്സ് അതിലേക്ക് ആകര്‍ഷിതമാകും എന്നതാണ് സംവാദത്തിന്റെ സവിശേഷത. ഉലയില്‍ വെച്ച ഇരുമ്പ് പോലെ, തട്ടാന്റെ തീക്കനലിലെ സ്വര്‍ണം പോലെ, ആശയങ്ങളെയും അഭിപ്രായങ്ങളെയും ചിന്താ- ചര്‍ച്ചകളുടെ ഉലയിലിട്ട് ഉരുക്കിയും ശുദ്ധീകരിച്ചും പാകപ്പെടുത്തിയെടുക്കുന്ന പ്രക്രിയയാണ് സംവാദം. ഉദയചന്ദ്രന്‍ പതിയെപ്പതിയെ തെളിഞ്ഞ്, പൂര്‍ണത പ്രാപിച്ച് പ്രകാശം ചൊരിയുന്നതു പോലെയാണ് ആശയങ്ങള്‍ സംവാദങ്ങളിലുടെ പൂര്‍ണതയിലേക്ക് വളരുന്നത്. എത്ര സംവാദങ്ങള്‍ കഴിഞ്ഞാലും പൂര്‍ണതക്കായി പിന്നെയും ആശയങ്ങള്‍ വരുംസംവാദങ്ങളെ കാത്തു കിടക്കും. പൂര്‍ണത പ്രാപിച്ച ആശയങ്ങള്‍ എല്ലാ അര്‍ഥത്തിലും വാദിച്ച് സമര്‍ഥിക്കുക എന്നതല്ല, ആശയങ്ങളെ കാലാനുസൃതമായ പൂര്‍ണതയിലേക്ക് നയിക്കുക എന്നതും സംവാദത്തിന്റെ ദൗത്യമാണ്. യഥാര്‍ഥത്തില്‍, ഏതെങ്കിലുമൊരു ആശയം ഒരു ഘട്ടത്തില്‍ പരിപൂര്‍ണമാകുന്നുണ്ടോ? ഇല്ല എന്നതല്ലേ സത്യം! സമ്പൂര്‍ണമെന്ന് പ്രഖ്യാപിച്ച വേദ മൊഴികള്‍ പരിശോധിച്ചാലറിയാം, അത് ദൈവത്തില്‍ നിന്നുള്ള അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ചു മാത്രമാണ്. മൂല സിദ്ധാന്തങ്ങള്‍ കൊണ്ടു മാത്രം ഒരു ആശയസംഹിത ഉണ്ടാകില്ല. മൂലതത്ത്വങ്ങള്‍ കാലാകാലങ്ങളില്‍ വികസിച്ച് വരേണ്ടതുണ്ട്. ഒരു കാലത്തെ പൂര്‍ണതയിലേക്കുള്ള വികാസം, അടുത്ത കാലഘട്ടത്തില്‍ അപൂര്‍ണതയായിത്തീരാം. അവിടെ വീണ്ടും പൂര്‍ണതക്കായി നടത്തുന്ന അന്വേഷണത്തില്‍, ഗവേഷണത്തോടൊപ്പം സ്ഥാനം സംവാദത്തിനുമുണ്ട്. കാരണം ഗവേഷണത്തിലൂടെ രൂപപ്പെട്ട പുതിയ വായനകളെ കറകളെഞ്ഞടുക്കുന്ന ഉലയായി വര്‍ത്തിക്കുന്നത് സംവാദമാണ്.
നനവും കരുത്തുമുള്ള വ്യക്തിയും, വൈവിധ്യതയെ പരിപാലിക്കുന്ന ആരോഗ്യമുള്ള നാഗരികതയും പിറക്കുന്നത് സംവാദങ്ങള്‍ക്ക് വാതിലുകള്‍ തുറന്നിട്ട സംസ്‌കാരങ്ങളില്‍ മാത്രമാണ്. കെട്ടുപോയ നാഗരികതകളുടെ ചരിത്രം പരിശോധിച്ചാല്‍, ആശയ വൈവിധ്യതക്ക് വിലക്കേര്‍പ്പെടുത്തിയ, വാതിലുകള്‍ കൊട്ടിയടച്ച് സംവാദ സാധ്യതകളെ ഇല്ലായ്മ ചെയ്ത സംസ്‌കാരങ്ങള്‍ക്കാണ് ഏറെയും ച്യുതി സംഭവിച്ചിട്ടുള്ളതെന്ന് കാണാം. അയവില്ലാത്ത പ്രകൃതം രൂപപ്പെടുത്തിയ ആന്തരിക സമ്മര്‍ദത്തെ അതിജീവിക്കാനോ, ബാഹ്യ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനോ സാധിക്കാതെ തകര്‍ന്നുപോയ വ്യക്തികളും സംഘങ്ങളും വിശ്വാസ-ആചാര സംഹിതകളുമൊക്കെ തെളിയിച്ചുകാട്ടുന്നത് സംവാദാത്മകതയെ നിരാകരിക്കുന്നതിന്റെ തിക്തഫലങ്ങളാണ്. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രവും വര്‍ത്തമാനവും തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. പ്രവാചകന്മാരുടെ മുഴുവന്‍ ചരിത്രമെടുത്താലും മുഹമ്മദ് നബി മുതല്‍ക്കിങ്ങോട്ടുള്ള പതിനാല് നൂറ്റാണ്ട് പരിശോധിച്ചാലും ഇത് സുതരാം വ്യക്തമാകും. മക്കയിലെ, മദീനയിലെ, എത്യോപ്യയിലെ..... നിഷേധികളോട്, ബഹുദൈവക്കാരോട്, വേദപണ്ഡിതരോട് മുഹമ്മദ് നബി തുറന്ന സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് കവികളും സാഹിത്യ പടുക്കളും, മറുഭാഗത്ത് അബ്‌സീനിയയിലേതുള്‍പ്പെടെയുള്ള ക്രൈസ്തവ വേദജ്ഞാനികളും ഈ സംവാദത്തില്‍ പങ്കുകൊണ്ടു. നാഗരിക വികാസത്തിന്റെ തുടര്‍ നാളുകളില്‍ ഗ്രീക്ക്, റോമന്‍ തത്ത്വചിന്തകരുള്‍പ്പെടെയുള്ളവരുമായി നടന്ന ശക്തവും തുറന്നതുമായ സംവാദങ്ങള്‍, ഇസ്‌ലാമിക ദര്‍ശനത്തെ കൂടുതല്‍ ഉയരത്തിലെത്തിക്കുകയായിരുന്നു. അവയൊന്നും ഏകപക്ഷീയമായിരുന്നില്ല. കൊണ്ടും കൊടുത്തും മുന്നോട്ടു പോയ ആ സംവാദങ്ങള്‍, ശരിയായ പലതും മറ്റുള്ളവരില്‍നിന്ന് സ്വീകരിച്ചു കൊണ്ടു തന്നെ, ഇസ്‌ലാമിക ചിന്തയുടെ വികാസത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. സൈനികമായ അധിനിവേശങ്ങളെ, സൈദ്ധാന്തിക സംവാദങ്ങളിലൂടെ അതിജയിച്ച ചരിത്രവും ഇസ്‌ലാമിന് സ്വന്തമാണ്. ശാരീരിക ഹത്യകളും എടുപ്പുകളുടെ നശീകരണവും സമ്പത്തിന്റെ അപഹരണവും നടത്തിയ മുസ്‌ലിം ലോകത്തെ സാമാജ്യത്വ അധിനിവേശങ്ങള്‍ക്ക് ശേഷവും, ഇസ്‌ലാം ലോകത്തിന് മേല്‍ ആശയപരമായ മേല്‍ക്കൈ നേടി ഉയര്‍ന്നു നില്‍ക്കുന്നത് അതുകൊണ്ടാണ്. 'നാഗരികതകളുടെ സംഘര്‍ഷത്തെ'ക്കുറിച്ച് സാമുവല്‍ പി. ഹണ്ടിംഗ്ട്ടനിലുടെ സാമ്രാജ്യത്വം ഭീഷണി മുഴക്കിയപ്പോള്‍, 'നാഗരികതകളുടെ സംവാദ'ത്തിനായി മുസ്‌ലിം ധിഷണ ആര്‍ജവത്തോടെ എഴുന്നേറ്റ് നിന്നത്, ചരിത്രപരമായ തുടര്‍ച്ചയുള്ള ഈ സംവാദ ശേഷികൊണ്ടാണ്.
ബഹുസ്വരത പുതിയ മാനങ്ങള്‍ കൈവരിക്കുകയും സംവാദത്തിന്റെ നിരവധി പുതിയ മുഖങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്ന ഉത്തരാധുനിക കാലത്ത് താത്ത്വികവ്യവഹാരങ്ങളേക്കാള്‍, അതിജീവനത്തിന്റ ജീവല്‍പ്രയോഗമായി സംവാദം മാറിയിട്ടുണ്ട്. ആശയങ്ങള്‍ തമ്മില്‍ വാചികമോ രേഖീയമോ ആയി സ്റ്റേജിലും പേജിലും ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിനപ്പുറം, മനുഷ്യര്‍ക്കിടയില്‍ മണ്ണിലൂന്നിയ പാരസ്പര്യത്തിലേക്ക് സംവാദങ്ങള്‍ വളര്‍ന്നു കഴിഞ്ഞു. ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും ഒരു വശത്തും പ്രവാസവും കുടിയേറ്റവും മറ്റൊരു വശത്തും സംവാദത്തിന്റ പുതിയ ആകാശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഭിന്നവിരുദ്ധ ആശയങ്ങളുള്ളവര്‍ ഒരുമിച്ച് വസിക്കാന്‍ സംവാദാത്മക മനസ്സും അതുവഴി പരസ്പരം അടുത്തറിയാനുള്ള അവസരവും അറിഞ്ഞവരെ ഉള്‍ക്കൊള്ളാനുള്ള വിശാലതയും ആര്‍ജിച്ചെടുക്കുകയാണ് പ്രധാനം.
ഉദാഹരണമായി, ചില പ്രദേശങ്ങളിലും സമൂഹങ്ങളിലും 'മറ്റുള്ളവര്‍ക്ക്' വസിക്കാന്‍ വലിയ പ്രയാസമാണ്. അവര്‍ക്ക് അന്യതാബോധം അനുഭവപ്പെടുന്ന 'പുറംതള്ളല്‍' സാമൂഹികാവസ്ഥയായിരിക്കും അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകുക. എന്നാല്‍ മറ്റു ചിലയിടങ്ങളില്‍ 'മറ്റുള്ളവരും, അന്യതാ ബോധവും' ഉണ്ടാവുകയില്ല. അവിടെ വസിക്കുക പ്രയാസകരമല്ലാത്ത വിധം ഒരു വിശാലത അനുഭവപ്പെടും. നാം, നമ്മള്‍ എന്ന തോന്നല്‍ അനുഭവത്തിലൂടെ പകര്‍ന്നു നല്‍കുന്നതുകൊണ്ടാണിത്. 'ഉള്‍ക്കൊള്ളല്‍' സാമൂഹികാവസ്ഥയാണ് അവിടെ പ്രവര്‍ത്തിക്കുന്നുണ്ടാവുക. സംവാദാത്മക സമൂഹങ്ങളാണ് ഈ ഗുണാവസ്ഥയാല്‍ ധന്യമാകുന്നത്. എതിര്‍ വീക്ഷണഗതിക്കാര്‍ക്ക് പോലും അന്യതാബോധം അനുഭവപ്പെടാത്ത ഒരു ചേര്‍ത്തു പിടിക്കല്‍, ആശയങ്ങളില്‍ വിയോജിക്കുമ്പോള്‍ പോലും അനുഭവത്തില്‍ അവിടെ നിറഞ്ഞ് നില്‍ക്കും. വ്യക്തികളും സമൂഹങ്ങളും സംഘടനകളുമെല്ലാം സര്‍ഗാത്മകമാകുന്നത് അവ സംവാദാത്മകമാകുമ്പോള്‍ മാത്രമാണ്. ഇത് ധീരതയുടെയും ആശയ ഗരിമയുടെയും അടയാളങ്ങളത്രെ. അതുകൊണ്ടാണ് ഭീരുക്കള്‍ക്ക് സംവാദം സാധ്യമാകാതെ പോകുന്നത്.
പദപ്രയോഗങ്ങള്‍
സംവാദം, തര്‍ക്കം, വാഗ്വാദം, വാദപ്രതിവാദം, ഖന്ധനമണ്ഡനം, ചോദ്യോത്തരം എന്നിങ്ങനെ ഈ ഗണത്തില്‍ പദാവലികള്‍ പലതുണ്ട്. പരസ്പര ബന്ധമുള്ളതെങ്കിലും സൂക്ഷ്മാര്‍ഥത്തില്‍ വ്യത്യസ്ത ആശയങ്ങള്‍ ദ്യോതിപ്പിക്കുന്നവയാണ് ഈ പദങ്ങള്‍. ഇതേ ആശയങ്ങളെ കുറിക്കുന്ന ഇംഗ്ലീഷ് - അറബി പ്രയോഗങ്ങളും തഥാ. സംവാദം എന്ന് പിരിച്ചെഴുതാവുന്ന മലയാള പദം പരിശോധിക്കുക. വാദ എന്ന സംസ്‌കൃത പദമാണ് അടിസ്ഥാനം. സം എന്നാല്‍ തുല്യമായി, കൂടെ, ഒരുമിച്ച്, സുദൃഢമായി എന്നെല്ലാം അര്‍ഥമുണ്ട്. ഒത്തുചേര്‍ന്നുള്ള ഭാഷണം, ചര്‍ച്ച, നിര്‍ദേശം, വ്യവസ്ഥ ചെയ്യല്‍, സമ്മതം, യോജിപ്പ്, പൊരുത്തപ്പെടല്‍, സാധര്‍മ്യം, വാര്‍ത്ത എന്നിത്യാദി ആശയങ്ങളെല്ലാം 'സംവാദ'ത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇത് ഭാഷാര്‍ഥങ്ങളെ മാത്രമല്ല, സംവാദത്തിന്റെ മൂല്യങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട്. സംവാദത്തെ കുറിക്കുന്ന dialogue എന്ന ഇംഗ്ലീഷ് വാക്ക്, dia (through- മുഖേന, വഴി), logos (speech -സംസാരം, പ്രസംഗം) എന്നീ ഗ്രീക്ക് മൂലപദങ്ങളില്‍ നിന്ന് രൂപപ്പെട്ടിട്ടുള്ളതാണ്. സംഭാഷണം, സംസാരം, ആശയ വിനിമയം, കൈമാറ്റം, വ്യവഹാരം, വാദം എന്നൊക്കെയാണ് ഡയലോഗ് ഉള്‍ക്കൊള്ളുന്ന ആശയം. പ്ലാറ്റോയാണ്, തര്‍ക്കശാസ്ത്ര സംബന്ധിയായ തന്റെ രചനയില്‍ ആദ്യമായി ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിച്ചത്.
dialogue-ല്‍നിന്ന് വ്യത്യസ്തമാണ് റലയമലേ. വിരോധഭാവമാണ് ഡിബേറ്റിനുള്ളത്. എതിരിട്ടു നില്‍ക്കുന്ന രണ്ടു പക്ഷവും മറുപക്ഷം തെറ്റാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതാണ് പൊതുവെ ഡിബേറ്റ്. എന്നാല്‍, മനസ്സിലാക്കാനും ആശയങ്ങള്‍ രുപീകരിക്കാനും പൊതു ഇടം കണ്ടെത്താനും വേണ്ടി മറ്റുള്ളവരെ കേള്‍ക്കലാണ് ഡയലോഗില്‍ സംഭവിക്കുന്നത്. വ്യത്യാസം അടയാളപ്പെടുത്താനും മറുവാദം നിരത്താനും വേണ്ടി പിഴവുകള്‍ പരതുകയാണ് ഡിബേറ്റില്‍ ചെയ്യുന്നത്. 'പങ്കാളികള്‍ ഈഗോ മാറ്റി വെച്ച്, തുറന്ന മനസ്സോടെ കേള്‍ക്കാന്‍ തയാറാവുക എന്നതാണ് ഡയലോഗിലെ ഏറ്റവും പ്രയാസമുള്ള വെല്ലുവിളി. ഇത്തരമൊരു സ്വീകാര്യശേഷിയില്‍ നിന്നാണ് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ചോദ്യങ്ങള്‍ രൂപപ്പെടുന്നത്' എന്ന് ഡോ. ആന്‍ മഗീ കൂപ്പര്‍ നിരീക്ഷിക്കുന്നുണ്ട് (The Power of understading - Dr. Ann McGee Cooper). ഡിബേറ്റിനെ 'വാചിക ശണ്ഠ' (verbal fight) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്; 'ഡിബേറ്റിന് വിപരീതമാണ് ഡയലോഗ്, അതൊരു വാചിക ശണ്ഠയാണ്, എതിരാളിയെ പ്രഹരിച്ചു തോല്‍പ്പിച്ച് വിജയിക്കലാണത്. വ്യത്യസ്തമായ വീക്ഷണങ്ങളോ പുതിയ ആശയങ്ങളോ മറ്റൊരാളില്‍ നിന്ന് മനസ്സിലാക്കാനല്ല, 'എതിരാളി'യുടെ പിഴവുകള്‍ ചൂണ്ടി തനിക്ക് വിജയിക്കാനാണ് ഡിബേറ്റ്. ഇത്തരമൊരു വിജയ - പരാജയ വാഗ്വാദത്തിന്റെ കേന്ദ്രബിന്ദു ഈഗോയാണ്!' (അതേ ലേഖനം).
സംവാദത്തില്‍ നിന്ന് വ്യത്യസ്തമായ തര്‍ക്കം ഡിബേറ്റിന്റെ ആശയത്തെയാണ് കുറിക്കുന്നത്. പൊതുവില്‍ നിഷേധാത്മക പ്രയോഗമാണ് തര്‍ക്കം. 'വ്യവഹാരത്തില്‍ കക്ഷികളോ അവരുടെ പ്രതിനിധികളോ തെളിവുകളെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചു നടത്തുന്ന വാദം' എന്ന നിര്‍വചനത്തില്‍ തന്നെ തര്‍ക്കത്തിന്റെ നിഷേധാത്മക വശം സൂചിതമാണ്. തര്‍ക്കത്തിന് അറബിയില്‍ മിറാഅ് എന്നാണ് പറയുക. 'ഒരാളുടെ സംസാരത്തിലെ തെറ്റ് കണ്ടെത്തി, അയാളെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കുക, അയാളെ തോല്‍പ്പിച്ച് താന്‍ ജയിക്കുകയാണ് ലക്ഷ്യം' - മിറാഇന്റെ നിര്‍വചനമാണിത്. മനസ്സിലേക്ക് ആശയങ്ങള്‍ കടത്തിവിടുകയും ശരി അന്വേഷിച്ച് അംഗീകരിക്കുകയും ചെയ്യുന്നതിനപ്പുറം, നാവുകൊണ്ട് വാദിച്ച് ജയിക്കാനും തെറ്റാണെങ്കിലും തന്റെ വാദം ശരിയാണെന്ന് സ്ഥാപിക്കാനുമാണ് താര്‍ക്കികബുദ്ധി മിക്കപ്പോഴും ശ്രമിക്കുക. യോജിപ്പുകള്‍ കണ്ടെത്തുന്നതിലേറെ, വിയോജിപ്പുകള്‍ അരക്കിട്ടുറപ്പിക്കുന്നതായിരിക്കും അതിന്റെ രീതി. സ്‌നേഹിച്ചും സമരസപ്പെട്ടും സഹവസിക്കുന്നതിനേക്കാള്‍, 'അടിച്ചു പിരിയുന്ന' പര്യവസാനം തര്‍ക്കത്തില്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. മത സംഘടനകള്‍ക്കിടയില്‍ സംവാദം എന്നു പേരിട്ട് പലപ്പോഴും സംഭവിക്കാറുള്ളത് വാചിക ശണ്ഠകളായ തര്‍ക്കങ്ങളാണ്. ഇതാകട്ടെ അപകടകരമായൊരു രോഗമാണ്, വിലക്കപ്പെട്ട സംഭാഷണരീതിയും.
'അന്ത്യനാളിന്റെ സംഭവ്യതയില്‍ തര്‍ക്കിക്കുന്നവര്‍ പിഴച്ച വഴിയില്‍ ബഹുദൂരം അകന്ന് പോയിരിക്കുന്നു' എന്ന് പറയുമ്പോള്‍ ഖുര്‍ആന്‍ (അശ്ശൂറാ - 18 ) തര്‍ക്കമെന്ന രോഗത്തെ സൂചിപ്പിക്കുന്നുണ്ട്. 'പണ്ഡിതന്മാരോട് മത്സരിക്കാനും പാമരന്മാരോട് തര്‍ക്കിക്കാനും ജനശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാനുമായി അറിവ് നേടുന്നവനെ അല്ലാഹു നരകത്തില്‍ പ്രവേശിപ്പിക്കും' എന്നാണ് നബി പഠിപ്പിച്ചത് (കഅ്ബുബ്‌നു മാലികില്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിച്ചത്). 'സത്യം തന്റ പക്ഷത്തായിരിക്കെത്തന്നെ തര്‍ക്കം ഉപേക്ഷിച്ചാല്‍ മാത്രമേ ഈമാന്‍ പൂര്‍ണത പ്രാപിക്കൂ' എന്നാണ് പ്രവാചക പാഠം (ഇമാം അഹ്മദ് നിവേദനം ചെയ്തത്). അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുന്നു; 'തര്‍ക്കം ഉപേക്ഷിക്കുക, അതിന്റെ യുക്തി മനസ്സിലാക്കാന്‍ കഴിയില്ല, അതുണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ച് നിര്‍ഭയനാകാനും സാധിക്കില്ല'. മുസ്‌ലിമുബ്‌നു യസാറിന്റെ വചനം ഇങ്ങനെയാണ്; 'തര്‍ക്കത്തെ സൂക്ഷിക്കുക. പണ്ഡിതന്‍ അജ്ഞനായിത്തീരുന്ന സന്ദര്‍ഭമാണത്. പിശാച് പണ്ഡിതന്റെ പിഴവ് കൊതിക്കുന്നത് തര്‍ക്കം വഴിയാണ്' (സുനനു ദാരിമി/120). 'ദീനീ വിഷയങ്ങളിലെ തര്‍ക്കം ഹ്യദയങ്ങളെ കടുപ്പിക്കും, പകയും വിദ്വേഷവും ബാക്കിയാക്കും' ഇമാം ശാഫിഈയുടെ ഈ താക്കീത് (നുസ്ഹത്തുല്‍ ഫുളലാഅ2/734).
തര്‍ക്കത്തിന്റെ തിക്തഫലങ്ങളെക്കുറിച്ച് താക്കീത് നല്‍കുന്ന നബിവചനങളും പണ്ഡിതോപദേശങ്ങളും അനുഭവ പാഠങ്ങളും നിരവധിയാണ്. എന്നിട്ടും, ഒരു വിഭാഗം പ്രഭാഷകരും മത നേതാക്കളും അനുയായികളും ചില പൊതുപ്രവര്‍ത്തകരുമൊക്കെ തര്‍ക്കവിതര്‍ക്കങ്ങളില്‍ അഭിരമിക്കുന്നത് എന്തുകൊണ്ടാണ്!? സമയ നഷ്ടവും ഊര്‍ജ ദുര്‍വ്യയവും സാമൂഹിക സംഘര്‍ഷങ്ങളുമൊക്കെ ബാക്കിയാക്കുന്ന തര്‍ക്കങ്ങള്‍ വ്യക്തികളുടെ വിലയിടിക്കുന്നതു കൂടിയാണ്. താര്‍ക്കികന് താനൊരു സംഭവമാണെന്ന് സ്വയം തോന്നാമെങ്കിലും സമൂഹമധ്യേ അവനൊരു ദുരന്തമായാണ് പരിഗണിക്കപ്പെടുക.
ഹിവാര്‍, മുജാദല
സംവാദത്തെക്കുറിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള പദങ്ങളാണ് ഹിവാര്‍, ജിദാല്‍ എന്നിവ. സംസാരം, സംഭാഷണം എന്നീ അര്‍ഥങ്ങള്‍ പ്രധാനമായ ഹിവാര്‍, ക്രിയാത്മകമായ സംവാദത്തെ കുറിക്കുന്നു. ഡയലോഗിനെ സൂചിപ്പിക്കാന്‍ അറബിയില്‍ പൊതുവെ ഉപയോഗിക്കുന്നതും ഹിവാര്‍ തന്നെ. ആവര്‍ത്തനം എന്നാണ് ഹിവാറിന്റെ അടിസ്ഥാന അര്‍ഥം. ആശയങ്ങളും വിഷയങ്ങളും നാനാവിധത്തില്‍ ചര്‍ച്ച ചെയ്യലാണ് ഹിവാര്‍. ആവര്‍ത്തനവും ആഴം തേടലും അതില്‍ സംഭവിക്കാം. സംവാദം, തര്‍ക്കം എന്നീ രണ്ട് ആശയങ്ങളെയും കുറിക്കുന്നതാണ് ജിദാല്‍. വിവാദം, കുതര്‍ക്കം, വാഗ്വാദം, വഴക്ക്, വാദപ്രതിവാദം, വാഗ്മാത്സര്യം, കലഹം എന്നെല്ലാം ജിദാലിന് ഭാഷാര്‍ഥമുണ്ട്. സന്ദര്‍ഭവും സ്വഭാവവും അനുസരിച്ച് ജിദാല്‍ നിര്‍മാണാത്മകമോ നിഷേധാത്മകമോ ആകാം.
ഖുര്‍ആന്‍ ഈ രണ്ട് പദങ്ങളും ഒരേ സുക്തത്തില്‍ ഒരുമിച്ച് ഉപയോഗിച്ചത് ഗുണാത്മകമായ അര്‍ഥത്തിലാണ്. ഭര്‍ത്താവ് തന്നെ തെറ്റായ രീതിയില്‍ വിവാഹമോചനം ചെയ്തതുമായി ബന്ധപ്പെട്ട് ഖൗല ബിന്‍ത് സഅലബ പ്രവാചകനോട് സംസാരിക്കുന്നതാണ് സംഭവം. 'സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും (തുജാദിലുക) അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്ന ആ വനിതയുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അല്ലാഹു നിങ്ങളുടെ സംഭാഷണം (തഹാവുര്‍) കേട്ടുകൊണ്ടിരിക്കുന്നുണ്ട്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമല്ലോ' (അല്‍ മുജാദല 1). ഭര്‍ത്താവിന്റെ അന്യായത്തിനെതിരായ ഖൗലയുടെ സംസാരം നീതിക്ക് വേണ്ടി ന്യായവാദങ്ങള്‍ നിരത്തുന്നതായിരുന്നു. അതു കൊണ്ടാണ് അവിടെ ജിദാല്‍ ഉപയോഗിച്ചത്. തന്റെ വാദം ആവര്‍ത്തിച്ച് അവതരിപ്പിക്കുന്ന ഒരു സ്വഭാവം അതിനുണ്ടായിരുന്നു. എന്നാല്‍, പരിഹാരം ആവശ്യപ്പെട്ട് നബിയോട് നടത്തുന്ന സംസാരം, താര്‍ക്കിക സ്വഭാവം ഇല്ലാത്ത സംവാദത്തിന്റെ രീതിയിലായിരുന്നു. അതു കൊണ്ട് അവിടെ ഹിവാര്‍ എന്ന പദം പ്രയോഗിച്ചു. ഭര്‍ത്താവിന്റെ വിഷയത്തിലായതുകൊണ്ട് ജിദാല്‍ ഉപയോഗിച്ചിരിക്കെത്തന്നെ, പ്രവാചകനോട് നടത്തുന്നതായതു കൊണ്ട്, അത് സംവാദത്തിന്റെ മാന്യത ഉള്‍ക്കൊള്ളുന്നതായിരുന്നു, കേവല താര്‍ക്കികതയുടെ (മിറാഅ്) ദോഷങ്ങളില്‍ നിന്ന് മുക്തവും. എന്നാല്‍, അവകാശപ്പോരാട്ടങ്ങളുടെ ഭാഷ, മാന്യതയുള്ള ന്യായവാദത്തിന്റേതും വിനയാന്വിതമായ ധീരതയുടേതും ആയിരിക്കണമെന്നാണ്, ആ മഹതിയുടെ ആദ്യ വര്‍ത്തമാനത്തിന് ജിദാല്‍ എന്ന് പ്രയോഗിച്ചതിലൂടെ ഖുര്‍ആന്‍ അര്‍ഥമാക്കുന്നത്. നിഷേധാത്മക തലം കൂടിയുള്ള ജിദാലിനെ, ഗുണാത്മക വശങ്ങള്‍ ഊന്നിയുറപ്പിച്ചു കൊണ്ടു വേണം ഇസ്‌ലാമിക ആശയ പ്രകാശന വേദിയില്‍ പ്രയോജനപ്പെടുത്താന്‍ എന്നാണ്, 'എറ്റവും ഉത്തമമായ രീതിയില്‍' (അഹ്‌സന്‍) എന്ന മൂല്യത്തിന്റെ ചിറകെട്ടി, ജിദാലിനെ വഴുക്കലില്‍ നിന്ന് സംരക്ഷിച്ചതിലൂടെ പഠിപ്പിക്കുന്നത്. 'ഏറ്റവും നല്ല രീതിയിലല്ലാതെ വേദക്കാരോട് സംവദിക്കരുത്' എന്ന ഉപദേശത്തിലൂടെ, ഇഹ്‌സാന്‍ ഇല്ലാത്ത സംവാദങ്ങളെക്കുറിച്ച് താക്കീത് നല്‍കുകയാണ് ഖുര്‍ആന്‍.
തര്‍ക്കത്തിന്റെ വിരോധ ഭാവമാണ് ജിദാലില്‍ കൂടുതലുള്ളതെന്ന് ഖുര്‍ആനില്‍ നിന്ന് വായിച്ചെടുക്കാനാകും. ഇരുപത്തിയൊമ്പത് തവണ ഖുര്‍ആന്‍ ജിദാല്‍ ഉപയോഗിച്ചതില്‍ അധികവും അനിഷ്ടകരമായ സ്വഭാവത്തിലാണ്. 'സത്യത്തെ നിഷേധിച്ചവരല്ലാതെ അല്ലാഹുവിന്റെ സൂക്തങ്ങളില്‍ തര്‍ക്കിക്കുന്നില്ല (ജിദാല്‍) ...... ഓരോ ജനവും അവരുടെ ദൈവദൂതനെ ആക്രമിക്കാനൊരുമ്പെട്ടിട്ടുണ്ട്. അവരൊക്കെയും മിഥ്യയുടെ തര്‍ക്കങ്ങള്‍ കൊണ്ട് സത്യത്തെ തോല്‍പിക്കാന്‍ ശ്രമിച്ചു' (ഗാഫിര്‍ 4,5), 'ജ്ഞാനമോ മാര്‍ഗദര്‍ശനമോ വെളിച്ചം നല്‍കുന്ന വേദമോ ഇല്ലാതെ, അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുന്ന ചിലയാളുകളുണ്ട്......' (അല്‍ ഹജ്ജ് - 8), 'ഹജ്ജുവേളയില്‍ സ്ത്രീസംസര്‍ഗവും പാപവൃത്തികളും വാക്കേറ്റങ്ങളും പാടില്ല' (അല്‍ബഖറ 197) തുടങ്ങിയ സൂക്തങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. അറിവും സത്യസന്ധതും വെളിച്ചവുമൊക്കെ മാറി നില്‍ക്കുകയോ, മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്യുന്നത് തര്‍ക്കത്തിന്റെ പൊതു സ്വഭാവമായിരിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കിയെടുക്കാനാകും.
മൂന്ന് തവണയാണ് ഖുര്‍ആന്‍ ഹിവാര്‍ ഉപയോഗിച്ചിട്ടുള്ളത്. നേരത്തേ സൂചിപ്പിച്ച ഗുണാത്മകമായ സംവാദത്തെ മൂന്നിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. സ്വന്തം നിലപാടുകള്‍ അവതരിപ്പിക്കുമ്പോഴും വിയോജിപ്പുകള്‍ പ്രകടിപ്പിക്കുമ്പോഴും ആദരവിന്റെയും സൗഹൃദത്തിന്റെയും ഭാഷയും ശൈലിയും നില നിര്‍ത്തിയത് ആ മൂന്ന് സംഭവങ്ങളിലും കാണാം. രണ്ട് എസ്റ്റേറ്റ് ഉടമകളായ സുഹൃത്തുക്കളുടെ സംഭവം വിവരിക്കവെയാണ് ആദ്യത്തേത് (അല്‍കഹ്ഫ്). വിരുദ്ധ ആശയങ്ങള്‍, ഭിന്ന നിലപാടുകള്‍ ഉള്ള രണ്ടു പേര്‍. പക്ഷേ, ഇരുവരും വാദമുഖങ്ങള്‍ നിരത്തുന്നത് സൗഹൃദം (സുഹ്ബത്ത്) നിലനിര്‍ത്തിക്കൊണ്ടാണ്. ഇതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഹിവാറിന്റ ശൈലി. നേരത്തെ സൂചിപ്പിച്ച, അല്‍മുജാദലയിലെ സംഭവമാണ് മറ്റൊന്ന്.
ഉള്ളടങ്ങേണ്ട മൂല്യങ്ങള്‍
സംവാദത്തിന്റെ ഭാഷാര്‍ഥങ്ങള്‍ തന്നെ അതിന്റെ ആശയ സ്വഭാവത്തെയും സാംസ്‌കാരിക ഔന്നത്യത്തെയും അടയാളപ്പെടുത്തുന്നതാണ്. സമ്മതം, യോജിപ്പ്, പൊരുത്തപ്പെടല്‍ എന്നീ അര്‍ഥങ്ങളെടുക്കുക. അവതരിപ്പിക്കപ്പെടുന്ന ആശയങ്ങള്‍ ശരിയാണെങ്കില്‍, തങ്ങള്‍ക്ക് എത്ര അനിഷ്ടകരമാണെങ്കിലും സമ്മതിക്കാനുള്ള ആര്‍ജവം സംവാദത്തില്‍ ഭാഗഭാക്കാകാനുള്ള അടിസ്ഥാന യോഗ്യതയാണ്. കാരണം ആശയങ്ങളോട്, മറു വീക്ഷണങ്ങളോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ. വിരുദ്ധാശയങ്ങളെ സമന്വയിപ്പിക്കും വിധം പരസ്പരം പൊരുത്തപ്പെടുന്നവര്‍ക്ക് മാത്രമേ ഒന്നിച്ച് പൊറുക്കാനാകു. വൈരുധ്യങ്ങളുടെ സമന്വയം സംവാദത്തിന്റെ വിഷയമല്ല, പ്രപഞ്ചത്തിന്റെ അകം പൊരുളാണ്. എത്രമേല്‍ വൈരുധ്യങ്ങള്‍ നിറഞ്ഞ ഘടകങ്ങള്‍ ചേര്‍ത്തു വെച്ചാണ് സൃഷ്ട്യത്ഭുതങ്ങള്‍ ജീവജാലങ്ങള്‍ക്ക് ഉപയുക്തമാകും വിധം സംവിധാനിച്ചിരിക്കുന്നത്! തീയും വെള്ളവും എന്ന വൈരുധ്യത്തെക്കുറിച്ച് ആലോചിക്കാം. വെള്ളമൊഴിച്ചാല്‍ തീ കെട്ടുപോകും. തീ കൊടുത്ത് വെള്ളം കത്തിക്കാനാകില്ല. എന്നാല്‍, തീ കത്തിച്ച്, ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിന് മുകളില്‍ വെച്ച് തിളപ്പിച്ചാലോ, അതു കൊണ്ട് പ്രയോജനകരമായ എന്തെല്ലാം പാകം ചെയ്യാം! മരത്തില്‍ തീര്‍ത്ത ജനല്‍ പാളികള്‍ നോക്കാം. ഒരു പാളിയുടെ ചട്ടക്കൂട് (frame) നാലു കഷ്ണങ്ങളായിരിക്കും. രണ്ടെണ്ണത്തിന്റെ തലയറ്റങ്ങള്‍ ചെത്തിക്കൂര്‍പ്പിച്ചിരിക്കും, രണ്ടെണ്ണത്തിന്റേത് തുളയിട്ടതും. ഇവ തമ്മില്‍ ചേര്‍ത്തു ഘടിപ്പിച്ച് ഉറപ്പിച്ച ജനല്‍ പാളിയുടെ സൗന്ദര്യവും സൗകര്യവും നമുക്കറിയാം. ഇതിനെയാണ് നാം വൈരുധ്യങ്ങളുടെ സമന്വയം എന്ന് പറയുന്നത്. എല്ലാ വൈരുധ്യങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയിലും 'യോജിപ്പിന്റെ' തലങ്ങള്‍ തേടിയുള്ള യാത്രയാണ് സംവാദം. കല്ലും മുള്ളും കയറ്റവും ഇറക്കവും ഇടുക്കവും കഷ്ടതയും എല്ലാം താണ്ടിയ ശേഷം നാമൊരു സമതല സൗന്ദര്യം ദര്‍ശിക്കുന്ന വൈജ്ഞാനിക യാത്രയെന്നോ, ആശയാന്വേഷണമെന്നോ ഒക്കെ സംവാദത്തെ വിശേഷിപ്പിക്കാം. പ്രയോഗത്തിന്റെ മറ്റൊരര്‍ഥം ദ്യോതിപ്പിക്കുന്നതു പ്രകാരം, 'ഒത്തുചേര്‍ന്നുള്ള ഭാഷണം' ആകണമെങ്കില്‍ ഒത്തുചേരാനുള്ള മനസ്സുണ്ടാകണം. ഒത്തുചേരാന്‍ മനസ്സ് വിശാലമായവരുടെ ഉള്ളിലെവിടെയോ ഒരുമയുടെ തോന്നലുകളെങ്കിലും ഉണ്ടാകും! തമ്മിലടിക്കാനും പിരിയാനും മനസ്സ് വെച്ചവര്‍ക്ക് അതുകൊണ്ട് തന്നെ, ഒത്തുചേരലിന്റെ സംവാദം ഒട്ടും ചേരില്ല. തമ്മിലടിക്കാനും പിരിയാനും വേണ്ടി നടത്തുന്ന കലഹ കോലാഹലങ്ങളെ അതുകൊണ്ടുതന്നെ സംവാദം എന്ന് വിളിക്കാന്‍ പറ്റില്ല. അത്തരം മുസ്‌ലിം സംഘടന - ഗ്രൂപ്പ് ആവിഷ്‌കാരങ്ങളെ പിന്നെ ഏതു കള്ളിയില്‍ ചേര്‍ക്കണമെന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളു.
നല്ല നാവും നല്ല ചെവിയും സംവാദത്തിന്റെ രണ്ടു കണ്ണുകളാണ്. നന്നായി സംസാരിക്കാന്‍ കഴിയുക സംവാദത്തില്‍ എത്രമേല്‍ പ്രധാനമാണോ, അത്രയോ അതിലേറെയോ പ്രധാനപ്പെട്ടതാണ് നന്നായി കേള്‍ക്കുക എന്നതും. വിയോജിക്കുന്നവരെ ധാരാളമായി കേള്‍ക്കുക എന്നത് സംവാദത്തിന്റെ അനിവാര്യ വശമാണ്. 'നാവ് മാത്രം ഉപയോഗിച്ചുകൊണ്ടിരിക്കുക, ചെവി അടച്ചു വെക്കുക, മറ്റുള്ളവരോട് സംസാരിച്ചുകൊണ്ടേയിരിക്കുക, അവരെ കേള്‍ക്കാന്‍ സമയം കൊടുക്കാതിരിക്കുക, അവര്‍ ചോദിച്ച് തുടങ്ങുമ്പോഴേ എനിക്കെല്ലാം അറിയാം എന്ന മട്ടില്‍ ഉത്തരം പറഞ്ഞു തുടങ്ങുക....' എങ്കില്‍ നിങ്ങള്‍ക്ക് പരാജയപ്പെട്ട വ്യക്തിയാകാം, ജനങ്ങളെ നിങ്ങളില്‍ നിന്ന് അകറ്റാം എന്ന് മനശ്ശാസ്ത്രജ്ഞര്‍ പറഞ്ഞുവെച്ചത് കാണാം. സംവാദത്തിന്റെ നിഷേധാത്മക പ്രതീകമാണ് റേഡിയോ. പറഞ്ഞു കൊണ്ടേയിരിക്കുക, നാവ് മാത്രമുണ്ടാകുക, കേള്‍ക്കാന്‍ ചെവിയില്ലാതിരിക്കുക ഇതാണ് ആ യന്ത്രത്തിന്റെ സാങ്കേതിക സ്വഭാവം. ഒരു മുഖം മാത്രമേയുള്ളൂ എന്ന റേഡിയോയുടെ ഈ പരിമിതി ചില മനുഷ്യരുടേതു കൂടിയാണ്. ഈ പരിമിതിയെ മറികടക്കാന്‍ സ്വയം വിലയിരുത്തലും തെറ്റ് തിരുത്തല്‍ ശേഷിയും ആര്‍ജിക്കുകയാണ് പോംവഴി. അറിവും ആത്മാര്‍ഥതയും വിനയവും ഗ്രാഹ്യശേഷിയും തെറ്റ് സമ്മതിക്കാനും തിരുത്താനുമുള്ള ആര്‍ജവവുമൊക്കെ സംവാദത്തെ ചൈതന്യവത്താക്കുന്ന മുല്യങ്ങളാണ്.
Comments