Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 01

3091

1440 ജമാദുല്‍ ആഖിര്‍ 0223

സമര്‍പ്പണത്തിന്റെ ഇസ്മാഈലീ ജീവിതം

പി.ടി കുഞ്ഞാലി

മനുഷ്യജീവിതത്തിന്റെ ആഴവും അഴകും ഗണിക്കുന്നതില്‍ ആയുസ്സിന്റെ ദീര്‍ഘത്തിന് ഒരു പങ്കുമില്ല. അതീവ ഹ്രസ്വമായൊരു ജീവിതംകൊണ്ട് തന്നെ നൂറ്റാണ്ടിലേക്ക് നീളുന്ന  ആയുര്‍ദൈര്‍ഘ്യത്തെ  ആര്‍ദ്രമായി മുറിച്ചുകടക്കാനാവും. ഇത് സാധ്യമാകണമെങ്കില്‍  പരലോകമോക്ഷമെന്ന ഒറ്റ ഉപാധിയില്‍  ആത്മത്തെ അപരോന്മുഖത്വത്തിലേക്ക് പടര്‍ത്താന്‍ സാധിക്കണം. അങ്ങനെ സാധിതമാകുന്ന ഒരു ഭൂജീവിതത്തിനാണ് സ്രഷ്ടാവിന്റെ സ്വര്‍ഗലോകം ബദലാകുന്നത്. ഇത്തരത്തില്‍ മാത്രം ജീവിതം  ക്രമബദ്ധമാക്കുന്നവരുണ്ട്. അവര്‍ സ്വര്‍ഗം കിനാവ് കാണുന്നവര്‍.  ഇതിലൊരാളായിരുന്നു ചേന്ദമംഗല്ലൂരിലെ  വളച്ചുകെട്ടിയില്‍ ഖാദര്‍ കുട്ടിയുടെയും ആഇശയുടെയും മകന്‍ കെ.വി ഇസ്മാഈല്‍. 

നാല്‍പ്പതുകളില്‍തന്നെ  കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  കേന്ദ്രങ്ങളിലൊന്നാണ് ചേന്ദമംഗല്ലൂര്‍. അപ്പോള്‍തന്നെ  ആഹ്ലാദപൂര്‍വം പ്രസ്ഥാനത്തിലേക്ക്  തന്നെ സമര്‍പ്പിച്ച അന്നത്തെ യൗവനമായിരുന്നു  വളച്ചുകെട്ടിയില്‍ ഖാദര്‍ കുട്ടി. ഇന്ന് തന്റെ തൊണ്ണൂറ്റി രണ്ടാം വയസ്സിലും അദ്ദേഹം  പ്രവര്‍ത്തന മണ്ഡലത്തില്‍ സജീവമാകുന്നു. അദ്ദേഹത്തിന്റെ പിതൃശിക്ഷണത്തില്‍ വളര്‍ന്ന  ഇസ്മാഈല്‍ തന്റെ വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ പ്രസ്ഥാനജീവിതം തന്റെ നിയോഗമായി കണ്ടെത്തി. അത്യന്തം ദരിദ്രമായ ബാല്യകൗമാരമായിരുന്നു  ഇസ്മാഈലിന്റേത്. ഒപ്പം പഠനവും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംഘാടനവും. സ്വന്തം ഗ്രാമത്തില്‍നിന്ന് പത്താംതരം കഴിഞ്ഞ ഇസ്മാഈല്‍ ചെന്നുചേര്‍ന്നത്  വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍.  വാടാനപ്പള്ളിയിലെ പഠനകാലം ഈ വിദ്യാര്‍ഥിയിലുണ്ടാക്കിയ  ജ്ഞാനയോഗം അത്ഭുതാവഹമായിരുന്നു.    വിശ്വാസത്തിലെ ദാര്‍ഢ്യം കര്‍മകാണ്ഡത്തിലെ  വിശുദ്ധിയായി അന്നേ അയാള്‍ ഊട്ടിയെടുത്തു. ഇതിനിടയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഒരു സര്‍വകലാശാലാ ബിരുദവും. പിന്നീട് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയില്‍  കെ.സി അബ്ദുല്ല മൗലവിയുടെ നേര്‍ശിക്ഷണത്തില്‍  രണ്ടു വര്‍ഷത്തെ ദഅ്‌വാ കോഴ്‌സ്. ഒപ്പം കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും. 

തന്റെ ദരിദ്രമായ കുടുംബ പശ്ചാത്തലമാണ് പ്രവാസജീവിതത്തിന് അദ്ദേഹത്തെ നിര്‍ബന്ധിച്ചത്. കാല്‍ നൂറ്റാണ്ടിലേക്കെത്തിയ പ്രവാസജീവിതത്തില്‍ ഒരുതരം ഭൗതികാമനകളും അദ്ദേഹത്തെ  ചതിച്ചുപിടിച്ചില്ല. സമ്പാദ്യങ്ങളെയൊന്നും തടഞ്ഞുനിര്‍ത്താതെ  എല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി തുറന്നുവിട്ടു. ഇത്തിരി മണ്ണും ഒരു കുഞ്ഞുവീടും സ്വന്തമായപ്പോള്‍ ആഹ്ലാദത്തോടെ പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി.  

തിരിച്ചെത്തിയ ഇസ്മാഈലിന് നിരവധി ജോലികള്‍ തേടിവന്നെങ്കിലും തനിക്കേറ്റവും പ്രിയപ്പെട്ട ഖുര്‍ആന്‍ പഠനകേന്ദ്രത്തിലെ ചെറിയൊരു നിയോഗമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അങ്ങനെ ഖുര്‍ആന്‍ പഠിച്ചും പഠിപ്പിച്ചും  ധന്യതയാര്‍ന്നൊരു സുകൃതജീവിതം. ഇതിനിടയിലും പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണമായും  സമര്‍പ്പിതനായി. സാമൂഹിക സേവന മണ്ഡലമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടമേഖല. വിശ്വാസപ്രേരിതനായി മാത്രം ഇസ്മാഈല്‍ അപരത്വത്തോട് കാണിച്ച ഈ കരുണയും കരുതലും അദ്ദേഹത്തെ ഒരിക്കലും വിശ്രമിക്കാന്‍ സമ്മതിച്ചില്ല. ഇക്കഴിഞ്ഞ പ്രളയകാലത്ത് മാസങ്ങളോളം ഇസ്മാഈല്‍ തെക്കന്‍ കേരളത്തില്‍ തന്നെയായിരുന്നു.

അവസാനം ഫെബ്രുവരി 6-ന്  വ്യാഴാഴ്ച ഇസ്മാഈല്‍ ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ സമിതിയില്‍ പങ്കെടുക്കാന്‍ വീട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് യാത്രയായി.  രാത്രി പതിനൊന്നു മണിയോടെ ജില്ലാ സമിതിയും പിരിഞ്ഞ് നാട്ടിലേക്കുള്ള യാത്രാമധ്യത്തിലാണ് തന്റെ സ്ഥാപനത്തിലെ ഒരു പഠിതാവ് അസുഖബാധിതനായി  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉണ്ടെന്നറിയുന്നത്. ഉടന്‍ ഇസ്മാഈല്‍ മെഡിക്കല്‍ കോളേജിലേക്കു തിരിച്ചു. പുലരുംവരെ രോഗീപരിചരണത്തില്‍ മുഴുകി കാലത്ത് സുഹൃത്തും സഹപ്രവര്‍ത്തകനുമായ  താജുദ്ദീനോടൊപ്പം  നാട്ടിലേക്ക് തിരികെ വരുമ്പോഴാണ്  ഒരപകടം അന്ത്യനിമിത്തമാകുന്നത്. അതോടെ കര്‍മലോകം വിട്ട് പ്രതിഫലലോകത്തേക്ക് ദീപ്തമായൊരു സഞ്ചാരം. എന്നും അപരോന്മുഖമായിരുന്ന വിശ്രമമില്ലാത്ത ആ ജീവിതം അവസാനിക്കുന്നത് നെറ്റിത്തടത്തില്‍ വിയര്‍പ്പുതുള്ളികളുമായി  തന്നെയാണ്. താന്‍ രണ്ടാമതാവുകയും മറ്റുള്ളവര്‍ ഒന്നാമതാവുകയും ചെയ്യുക. ഇതിന് അഗാധ ദാര്‍ഢ്യമായ വിശ്വാസം നിര്‍ബന്ധമാണ്.  ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വത്തിനായുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ആറ് വയസ്സുള്ള ഹാഫിസ് അടക്കം  ഏഴു മക്കളും മാതാപിതാക്കളും ചേരുന്ന വലിയൊരു കുടുംബത്തെ തന്റെ  ചെറിയ വരുമാനം കൊണ്ട് ഇസ്മാഈല്‍ എന്നും സന്തോഷത്തോടെ പരിപാലിച്ചുപോന്നു. ഭാര്യ സാജിദ.

 

 

താജു എന്ന നന്മ മരം

താജുദ്ദീന്‍ എന്ന ഞങ്ങളുടെ താജു ഒരു ചെറിയ മനുഷ്യനായിരുന്നു. ആരെയും നോവിക്കാതെ, ആര്‍ക്കും ഭാരമാകാതെ, പതിയെ മാത്രം സംസാരിച്ച്, നിഷ്‌കളങ്കമായാണ് അവന്‍ നടന്നു നീങ്ങിയത്. ചെറുതാണ് ചേതോഹരം എന്ന് കേള്‍ക്കുമ്പോള്‍ താജുദ്ദീനെ ഓര്‍ത്തുപോകാറുണ്ട്. പണ്ഡിതനോ നേതാവോ വലിയ അക്കാദമിക വിജയങ്ങളുടെ ഉടമയോ ഒന്നുമായിരുന്നില്ല. എന്നാല്‍ തനിക്കു ചുറ്റുമുളള മനുഷ്യരുടെ പ്രയാസം ശ്രദ്ധയില്‍ പെട്ടാല്‍ അവന്‍ ഇടപെടും. ആരുമറിയാതെ കാര്യം അന്വേഷിക്കും. തന്റെ തിരക്കും ജീവിതാശങ്കകളും മറന്ന് അവരെ സഹായിക്കും. ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ എത്രയോ പേര്‍ക്ക് താജുവിന്റെ ഇടനിലയില്‍ സഹായങ്ങള്‍ ലഭിച്ചു. കൊടുക്കുന്നവനും വാങ്ങുന്നവനും പരസ്പരം അറിഞ്ഞില്ല. ചുറ്റുമുളളവരുടെ ദുഃഖങ്ങള്‍ അവനെ അത്രമേല്‍ അസ്വസ്ഥനാക്കിയിരിക്കണം. അങ്ങനെ നന്മ മരമായി തെളിനീരുപോലെ ഒരു ജീവിതം കാണിച്ചാണ് അവന്‍ നടന്നകന്നത്. ഫെബ്രുവരി 7-ന് കോഴിക്കോട് ചാത്തമംഗലത്തുണ്ടായ അപകടത്തില്‍ ഇഹലോക വാസം വെടിഞ്ഞ അവസാന യാത്രയും തന്റെ വിദ്യാര്‍ഥികളിലൊരാള്‍ക്ക് സഹായം ചെയ്യാനായിരുന്നു.

അവസാന ആഴ്ചകളില്‍ അടുത്ത ബന്ധുക്കളെ സന്ദര്‍ശിച്ചും ഭാര്യയും നാലു മാസം പ്രായമുളള കുഞ്ഞും അടങ്ങുന്ന കുടുംബത്തോടൊപ്പം കൂടുതല്‍ ചെലവഴിച്ചും അന്ത്യയാത്രക്ക് ഒരുങ്ങിയതായിരിക്കണം. അധ്യാപകനായി ജോലി ചെയ്യുന്ന ചേന്ദമംഗല്ലൂര്‍ കെ.സി ഫൗണ്ടേഷനിലെ സാരഥികള്‍ക്കും കുട്ടികള്‍ക്കും താജു മാഷെ കുറിച്ച് നല്ലതല്ലാത്ത ഓര്‍മകളില്ല. സഹപാഠികള്‍ക്കും കൂട്ടുകാര്‍ക്കും താജുദ്ദീന്റെ വിയോഗം പെട്ടെന്നൊരു നിമിഷം തണല്‍ നഷ്ടപ്പെട്ട് വെയിലിലേക്ക് മാറ്റിനിര്‍ത്തിയതു പോലെയായിരുന്നു. താജുവിന്റെ അടുത്ത സുഹൃത്തായ ഇഹ്ജാസ് മരണദിവസം പങ്കുവെച്ചത് ദിവസങ്ങള്‍ക്കു മുമ്പ് പ്രതിസന്ധിയുടെ ഘട്ടത്തില്‍ അവനെ വിളിച്ചപ്പോള്‍ തഹജ്ജുദ് നമസ്‌കാരത്തിന് നിര്‍ദേശിച്ച കാര്യമായിരുന്നു. വാട്ട്സ്ആപ്പില്‍ ഈ കുറിപ്പുകാരനോട് അവസാനമായി പറഞ്ഞത് ഒരു വ്യക്തിയെ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനെ കുറിച്ചായിരുന്നു. തീര്‍ച്ചയായും താജു തന്റെ അവസാന നിമിഷങ്ങളിലും ആര്‍ക്കോ ഒരാള്‍ക്ക് നന്മ ചെയ്യുന്നതിനെ കുറിച്ചായിരിക്കണം ചിന്തിച്ചിട്ടുണ്ടാവുക.

പേരാമ്പ്ര സ്വദേശിയായ താജു ഡിഗ്രി പഠനത്തിന് തെരഞ്ഞെടുത്തത് മടപ്പളളി ഗവണ്‍മെന്റ് കോളേജായിരുന്നു. ബി.എസ്.സി കെമിസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ എസ്.ഐ.ഒവിന്റെ നോട്ടീസ് വിതരണം ചെയ്തതിന്റെ പേരില്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദനത്തിന് ഇരയായിരുന്നു. അവിടെ പഠനം വിഷമകരമായതോടെ രണ്ടാം വര്‍ഷം ഫാറൂഖ് കോളേജിലേക്ക് മാറി. ഫാറൂഖ് കോളേജിലും താജു എസ്.ഐ.ഒവിന്റെ സജീവ പ്രവര്‍ത്തകനായി. ഒരു തെരഞ്ഞെടുപ്പ് കാലത്ത് എസ്.ഐ.ഒ കാമ്പസില്‍ ഉജ്ജ്വല വിജയം നേടിയതിനെ തുടര്‍ന്ന് ആഹ്ലാദ പ്രകടനത്തിനിടെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടു. പലരും മര്‍ദനത്തിരയായ കൂട്ടത്തില്‍ താജുവിനെയും മര്‍ദിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ താജുവിന് മര്‍ദിച്ച ആളെ കുറിച്ച് പറയാന്‍ നല്ലതു മാത്രം!. ഇരുവരും സുഹുത്തുക്കളായിരുന്നു. ഇത്തരത്തില്‍ ഫാറൂഖ് കോളേജ് കാമ്പസിലെ രണ്ടു വര്‍ഷം അവനൊപ്പം കഴിഞ്ഞവര്‍ക്കെല്ലാം പറയാനുണ്ടായത് ഒരു നൂറ് നന്മയുടെ ഓര്‍മകള്‍. 

അവസാനമായി താജുവിനെ ഒരു നോക്ക് കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാത്തുനില്‍ക്കുമ്പോള്‍ പുഞ്ചിരിയോടെയാണ് ആ മുഖമുളളതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മയ്യിത്ത് കുളിപ്പിച്ച ശേഷമാണ് എനിക്ക് കാണാനായത്. അപ്പോഴും ആ പുഞ്ചിരി നേരിയ പ്രകാശശോഭയോടെ അവിടെയുണ്ടായിരുന്നു. അല്‍ ഹംദു ലില്ലാഹ്. പുഞ്ചിരിയോടെ, സംതൃപ്തിയോടെ മരിക്കുന്നതിനേക്കാള്‍ വലിയ സൗഭാഗ്യമുണ്ടോ? തീര്‍ച്ചയായും മാതൃകാപൂര്‍ണമായ,  അത്ര നിഷ്പ്രയാസം സാധ്യമാകാത്ത ജീവിതമായിരുന്നു താജുവിന്റേത്. പടച്ചവന്‍ ആ ജീവിതത്തെ മുഴുവന്‍ നന്മയായി സ്വീകരിക്കട്ടെ. വീഴ്ചകള്‍ പൊറുത്ത് മാപ്പാക്കട്ടെ. ഉപ്പ, ഉമ്മ, ഭാര്യ, പിഞ്ചുകുഞ്ഞ്, മൂന്ന് സഹോദരങ്ങള്‍ എന്നിവരടങ്ങുന്ന കുടുംബത്തിന് ക്ഷമയും സഹനവും നല്‍കുമാറാകട്ടെ.

സ്വാലിഹ് കോട്ടപ്പള്ളി

 

 

അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (01-05)
എ.വൈ.ആര്‍

ഹദീസ്‌

നനവുള്ളതാകട്ടെ ഓരോ ഹൃദയവും
അനീസ് റഹ്മാന്‍ പത്തനാപുരം