വക്കം മൗലവിയുടെ പരിഭാഷയെക്കുറിച്ച്
അശ്കര്‍ കബീര്‍ എഴുതിയ 'ക്ലാസിക് ആയി മാറുന്ന ഖുര്‍ആന്‍ ബോധനം' എന്ന ലേഖനത്തില്‍ (2019 ഫെബ്രുവരി 15) വക്കം മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയെക്കുറിച്ചുള്ള തെറ്റായ പരാമര്‍ശങ്ങളാണ് ഈ ചെറിയ കുറിപ്പിന് ആധാരം.
''1918-ലായിരുന്നു 'സ്വദേശാഭിമാനി' സ്ഥാപകനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അമ്മ ജുസ്അ് പരിഭാഷ പുറത്തുവന്നത്. സ്വദേശാഭിമാനി പത്രത്തിന്റെ പ്രസ്സില്‍നിന്നായിരുന്നു പരിഭാഷ ഇറക്കിയത്.'' ലേഖനത്തിലെ ഈ പരാമര്‍ശം വസ്തുതാപരമായി തെറ്റാണ്. 1918-ല്‍ തന്റെ അല്‍ ഇസ്‌ലാം മാസികയിലാണ് വക്കം മൗലവി അല്‍ ഫാതിഹയുടെ പരിഭാഷയും വ്യാഖ്യാനവും എഴുതിയത്. അതിനു ശേഷം ജീവിത സായാഹ്നത്തില്‍ അദ്ദേഹം ഇറക്കിയിരുന്ന ദീപിക മാസികയിലാണ് (1931-'32) പിന്നീട് ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും തുടര്‍ന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ (1932 ഒക്‌ടോബര്‍ 31) ആ ശ്രമം അവസാനിച്ചു.
അമ്മ ജുസ്അ് പരിഭാഷപ്പെടുത്തിയത് വക്കം മൗലവിയുടെ സഹോദരീ പുത്രനും പ്രമുഖ ശിഷ്യനുമായിരുന്ന വക്കം പി. മുഹമ്മദ് മൈതീനും പി.കെ മൂസ മൗലവിയും ചേര്‍ന്നായിരുന്നു. 1910-ല്‍ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ്സുമായി 1918-ല്‍ തുടങ്ങിയ വക്കം മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ ചേര്‍ത്തുവെച്ചതു എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ചരിത്രപരമായ വസ്തുതകള്‍ പരാമര്‍ശിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു; തന്റെ ചിത്രം ഉള്‍പ്പെടെ പലതരം തമസ്‌കരണങ്ങള്‍ക്കും വക്രീകരണങ്ങള്‍ക്കും വിധേയനായ വക്കം മൗലവിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
നമ്മുടെ കാലത്തെ ക്ലാസ്സിക്
'ഖുര്‍ആനിക ദര്‍പ്പണത്തില്‍ ജീവിതത്തെ വായിക്കാനുള്ള ശ്രമം' എന്ന ലേഖനം (പ്രബോധനം, 2019 ഫെബ്രുവരി 8) വായിച്ചു. ഖുര്‍ആനിലെ വചനങ്ങള്‍ ആധുനിക മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതാണ്. ഓരോ വചനവും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്താല്‍ ഈ നാടും ലോകവും എത്ര സ്‌നേഹത്തിലും സൗഹൃദത്തിലും കഴിയുമായിരുന്നു എന്ന് ടി.കെ ഉബൈദ് എഴുതിയ ആ ലേഖനം വായിച്ചപ്പോള്‍ ഞാന്‍ ചിന്തിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്തു. നമ്മുടെ ജീവിതത്തെ സംബന്ധിച്ച ഓരോ ഖുര്‍ആന്‍ വചനവും വിലപ്പെട്ടതാണ്. പരമ സത്യങ്ങളാണ് അവ. ടി.കെ ഉബൈദിന്റെ തൂലികയിലൂടെ ഇനിയും ഖുര്‍ആന്‍ വിശദീകരണങ്ങളും ലേഖനങ്ങളും പ്രബോധനം വാരികയില്‍ നിറഞ്ഞുനില്‍ക്കട്ടെ. അഭിനന്ദനങ്ങള്‍.
കെ. കരുണാകരന്‍ S/O കല്ലളന്‍, ആദിവാസി ഊര് മൂപ്പന്‍ കരക്കക്കുണ്ട് ഊര്, ഹരിപുരം
സമസ്ത പ്രസിഡന്റിന്റേത് സ്വാഗതാര്‍ഹമായ സമീപനം
പുതിയ കാലസമൂഹം മതത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന കലകള്‍ ക്രിയാത്മകമായി പ്രയോഗിക്കണമെന്ന സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന (സുപ്രഭാതം 26.1.2019) ഏറെ സ്വാഗതാര്‍ഹമാണ്. ഇസ്‌ലാം കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ച മതമാണെന്നും ശരീഅത്ത് കല്‍പിക്കുന്ന അതിരുകള്‍ക്കകത്തു നിന്നുള്ള സര്‍വകലാവിഷ്‌കാരങ്ങളെയും പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് ഇസ്‌ലാമിന്റേതെന്നും ദാറുല്‍ഹുദാ ദേശീയ കലോത്സവം സിബാഖ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
നാടകം, സിനിമ, കഥ, കവിത, സംഗീതം, ചിത്രരചന തുടങ്ങി കലയുടെയും സാഹിത്യത്തിന്റെയും ഏതൊരു മേഖലയെയും ഹറാം എന്ന് മുദ്രകുത്തി പുറം തിരിഞ്ഞു നില്‍ക്കുന്നത് പരമാബദ്ധമായിരിക്കും. വഴിമാറി സഞ്ചരിക്കുന്ന കലാ-സാഹിതീ ധാരകളെ അപ്പടി വാരിപ്പുണരുന്നതിനു പകരം, അവയെ ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും വഴിത്താരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്നതാണ് നമ്മുടെ കടമ. ജീവിത വിശുദ്ധിക്കും ദൈവസ്മരണക്കും പ്രാമുഖ്യം നല്‍കുകയും സദ്‌വികാരങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന സര്‍വകലകളും സ്വീകാര്യം; മറിച്ചുള്ളതെല്ലാം തിരസ്‌കൃതം. മാധ്യമമല്ല, അതിന്റെ പ്രയോഗമാണ് പ്രതിസ്ഥാനത്ത് എന്ന തിരിച്ചറിവാണ് പ്രധാനം.
റഹ്മാന്‍ മധുരക്കുഴി
മിസ്‌റിന്റെ കാല്‍പ്പന്തു മാന്ത്രികന്‍!
'ഈ താരം വീക്ഷണ മാറ്റങ്ങള്‍ക്കു വഴിയൊരുക്കും' (മുദ്രകന്‍, എസ്. സൈഫുദ്ദീന്‍ കുഞ്ഞ്, ജനു. 4) വായിച്ചു. കാല്‍പ്പന്തുകളത്തിലെ സ്വലാഹിന്റെ മുദ്രകളും അനുകരണീയം! ഇസ്‌ലാംഭീതിക്കാര്‍ പുറത്തും, മറ്റരാസിമാര്‍ കളിക്കളങ്ങളിലും മേഞ്ഞു നടക്കുന്ന യൂറോപ്പിന്റെ ഹൃദയത്തില്‍ കാല്‍പ്പന്തുകൊണ്ടു കവിത രചിച്ച്, ഉയര്‍ന്നുവന്നതില്‍ സ്വലാഹിന്റെ വ്യക്തിപ്രഭാവങ്ങള്‍ക്കും പ്രധാന സ്ഥാനമുണ്ട്.
ഈജിപ്തിന്റെ 'മോഡസ്റ്റ് സൂപ്പര്‍സ്റ്റാര്‍' എന്നു ബി.ബി.സി ലേഖകന്‍ വിശേഷിപ്പിച്ച സ്വലാഹ്, ഇന്നു ഈജിപ്തിന്റെ മാത്രമല്ല, തുടര്‍ച്ചയായി രണ്ടാം തവണയും ആഫ്രിക്കന്‍ ഫുട്‌ബോള്‍ പുരസ്‌കാരം നേടുകവഴി ആഫ്രിക്കന്‍ വന്‍കരയുടെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടോപ് സ്‌കോറര്‍ പദവി നേടുകവഴി യൂറോപ്പിന്റെയും മോഡസ്റ്റ് സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ നേട്ടങ്ങളുടെയെല്ലാം അളവുകോല്‍ സ്വലാഹിന്റെ കളിമിടുക്കു മാത്രമല്ല; കളത്തിലെ മാന്യമായ, പക്വമായ ഇടപെടല്‍ കൂടിയാണ്. എതിര്‍ടീമിലെ കളിക്കാര്‍ക്കുപോലും സ്വലാഹ് പ്രിയങ്കരനാണ്. വിനയം, അതാണ് സ്വലാഹിന്റെ സ്‌നേഹമുദ്ര! വേള്‍ഡ് ഫുട്‌ബോളര്‍മാരായ മെസ്സി, റൊണാള്‍ഡോ എന്നിവരോടൊപ്പം പുരസ്‌കാര പട്ടികയില്‍ എന്റെ പേരും വന്നല്ലോ, അതുമാത്രം മതി എനിക്ക് -വിനയത്തോടെ സ്വലാഹ് പറഞ്ഞു.
കായികതാരങ്ങള്‍ കരിയറില്‍ സ്വലാഹിനെപ്പോലെ വീക്ഷണ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നവരായാല്‍ ഈ കാലഘട്ടത്തില്‍ അതായിരിക്കും അവരുടെ പ്രബോധനം.
അലവി വീരമംഗലം
വ്യാപാരവും മുസ്‌ലിം സമൂഹവും
വ്യാപാരയാത്രകളും അവക്ക് ഇസ്‌ലാമിന്റെ വ്യാപനവുമായുള്ള ബന്ധവും വിശദീകരിക്കുന്ന ലേഖനങ്ങള്‍ വായിച്ചു. ബഷീറിന്റെ 'ബാല്യകാലസഖി'യിലെ നായകന്‍ മജീദ്, തന്റെ പിതാവ് കച്ചവടത്തിലൂടെ പാപ്പരായിപ്പോയ കഥ പറയുന്നുണ്ട്. ഈ കൃതിയില്‍ മുസ്‌ലിംകളുടെ പാരമ്പര്യ ഉപജീവന മാര്‍ഗം കച്ചവടമാന്നെന്ന് പറയുന്നുണ്ടെങ്കിലും അതിനെ നോവലിസ്റ്റ് പ്രോത്സാഹിപ്പിക്കുന്നില്ല.
ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ധനിക കര്‍ഷകരും വ്യവസായികളും മുന്‍കാലങ്ങളിലും കേരള മുസ്‌ലിംകളില്‍ കുറച്ചാണെങ്കിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് പ്രവാസം സമ്പന്നരായ മുസ്‌ലിം വ്യാപാരികളെയും വ്യവസായികളെയും സൃഷ്ടിച്ചിരിക്കുന്നു. സൂനാമിയുണ്ടായപ്പോഴും ഏതാനും മാസങ്ങള്‍ക്കു മുമ്പുണ്ടായ മഹാ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റു ദുരിതാശ്വാസ - പുനരധിവാസ പദ്ധതികളിലേക്കും വന്‍തോതിലുള്ള സംഭാവനകളാണ് ഗള്‍ഫ് മുസ്‌ലിം വ്യാപാരി സമൂഹം നല്‍കിയത്. കേരളത്തിലെ മുഖ്യധാരാ സാംസ്‌കാരിക സമൂഹം ഇതിനെ അത്രയൊന്നും പ്രശംസിച്ചതായി കണ്ടില്ല.
വ്യാപാരത്തിലെ സത്യസന്ധതയെക്കുറിച്ച് പറയുമ്പോള്‍ ചില അനുഭവങ്ങള്‍ സൂചിപ്പിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ പലിശവിരുദ്ധ കാമ്പയിന്‍ കാലത്ത് വടകരയില്‍ നടന്ന സെമിനാറില്‍ സി.പി.എം നേതാവ് എളമരം കരീം, സമസ്തയുടെ നേതാവായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ വാഴക്കാട് അങ്ങാടിയിലെ തടിക്കച്ചവടത്തെ സൂചിപ്പിക്കുകയുണ്ടായി. മരത്തിനു വല്ല തകരാറും ഉണ്ടെങ്കില്‍ മുസ്‌ലിയാര്‍ അത് ഉപഭോക്താവിന് ചൂണ്ടിക്കാണിച്ചു കൊടുക്കും.
ഇസ്ലാമിക മൂല്യങ്ങള്‍ കച്ചവടത്തില്‍ പുലര്‍ത്തിയതിനാല്‍ നാട്ടുകാരുടെ വിശ്വസ്തനായി മാറിയ കച്ചവടക്കാരനായിരുന്നു വടകര ആയഞ്ചേരിയിലെ വാരര്‍കണ്ടി കുഞ്ഞി സൂപ്പി സാഹിബ്. മലഞ്ചരക്കുകള്‍ക്കു വില കൊടുക്കുമ്പോഴും തന്റെ വ്യാപാരത്തിന്റെ ഭാഗമായ തുണിത്തരങ്ങളും ഫര്‍ണിച്ചറുകളും വില്‍പന നടത്തുമ്പോഴും ഇടപാടുകാര്‍ അതീവ തൃപ്തരായിട്ടാണ് കട വിട്ടിറങ്ങുക. ആയഞ്ചേരിയിലെ നവോത്ഥാന പ്രസ്ഥാനമായ മുസ്‌ലിം യുവജന സംഘത്തിന്റെ ഖജാഞ്ചി, പ്രസിഡന്റ് സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിരുന്നു.
യത്തീമുകളുടെ സമ്പത്ത് സൂക്ഷിക്കുന്ന ആള്‍ വിശ്വസ്തന്‍ മാത്രം ആയാല്‍ പോരാ, പ്രാപ്തനുമാവണം എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. വ്യാപാരം നടത്തുന്നവര്‍ക്കും ഈ യോഗ്യത ഉണ്ടാവണം.
അബൂബക്കര്‍ മാടാശ്ശേരി
അത്ഭുത തേന്‍തുള്ളികള്‍
എന്തുകൊണ്ടും സവിശേഷതയര്‍ഹിക്കുന്നു (ലക്കം 35- 3087) സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ 'ഇസ്‌ലാമിന്റെ കൊടിനാട്ടിയ കച്ചവട യാത്രകള്‍.' ഇസ്‌ലാമിന്റെ ആദ്യകാലത്തുണ്ടായിരുന്ന അത്ഭുത തേന്‍തുള്ളികള്‍ ഒരിക്കല്‍കൂടി നുകരാന്‍ അവസരമുണ്ടായി. എന്തായാലും ലേഖകന്റെ കാഴ്ചപ്പാടുകള്‍ വരും തലമുറക്ക് മുതല്‍ക്കൂട്ടു തന്നെ.
സലാം കാളമുറി
Comments