ബഹുസ്വരതയെ പ്രണയിച്ച് ഇന്തോനേഷ്യ
ഇന്തോനേഷ്യ എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആദ്യം മനസ്സില്‍ വരിക, ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാജ്യം എന്ന വിശേഷണമാകും. മനസ്സില്‍ ഇടം പിടിക്കത്തക്കവണ്ണം മറ്റേതെങ്കിലും വിശേഷണം ഈ രാജ്യത്തെക്കുറിച്ച് ഒരു ശരാശരി മലയാളിക്ക് ഉണ്ടാകാനിടയില്ല. ഇന്തോനേഷ്യ സന്ദര്‍ശിക്കുംവരെ എനിക്കും അങ്ങനെത്തന്നെയായിരുന്നു. മലേഷ്യയിലെ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ പഠനകാലം മുതല്‍ക്കേ ഇന്തോനേഷ്യക്കാരുമായി സൗഹൃദമുണ്ടെങ്കിലും, ഇന്തോനേഷ്യ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത് 2016 ഡിസംബറിലാണ്.
കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹാതീര്‍ ഗ്ലോബല്‍ പീസ് സ്‌കൂള്‍ (MGPS) എന്ന അന്താരാഷ്ട്ര കൂട്ടായ്മയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലഭിച്ച അവസരമാണ് ഇന്തോനേഷ്യ സന്ദര്‍ശിക്കാന്‍ വഴിയൊരുക്കിയത്. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍, യു എന്‍ സഹായത്തോടെ ലോക സമാധാനം ലക്ഷ്യമാക്കി, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണിത്. ഇന്തോനേഷ്യയുടെ സാംസ്‌കാരിക നഗരമായ യോഗ് യകാര്‍ത്തയില്‍ ആയിരുന്നു 10 ദിവസം നീളുന്ന, വിവിധ സെഷനുകളുള്ള സമ്മേളനം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍ അടക്കം തെരഞ്ഞെടുക്കപ്പെട്ട 40 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. വിവിധ രാഷ്ട്രങ്ങള്‍ക്കും മത-ഗോത്ര-സമൂഹങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും ആഭ്യന്തരയുദ്ധങ്ങളും വിദ്യാഭ്യാസ-നയതന്ത്രബന്ധങ്ങളിലൂടെ പരിഹരിച്ച് ലോകസാമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വര്‍ഷവും ഏതെങ്കിലുമൊരു കിഴക്കനേഷ്യന്‍ രാജ്യത്താണ് സമ്മേളനം സംഘടിപ്പിക്കപ്പെടുക.
എന്നെക്കൂടാതെ ഇന്ത്യയില്‍നിന്ന് സുഹൃത്തും ഐ.യു.എമ്മില്‍ തന്നെ ഗവേഷണവിദ്യാര്‍ഥിയുമായ സുഹൈല്‍ ഹിദായക്കും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ക്വലാലമ്പൂരില്‍നിന്ന് അതിരാവിലെ പുറപ്പെട്ട ഞങ്ങള്‍, രണ്ടര മണിക്കൂര്‍ നീണ്ട ആകാശയാത്രക്കു ശേഷം, ഇന്തോനേഷ്യന്‍ തലസ്ഥാനനഗരിയില്‍ വിമാനമിറങ്ങി. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരമെന്ന വിശേഷണത്തിനു പുറമെ, ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കും വായുമലിനീകരണവുമുള്ള നഗരം എന്ന കുപ്രസിദ്ധിയുമുണ്ട് ജകാര്‍ത്തക്ക്. സംസ്‌കൃതപദമായ ദേവനാഗിരിയില്‍നിന്നാണത്രെ 'ജയകര്‍ത' എന്ന വാക്കിന്റെ ഉത്ഭവം. 'ജയകര്‍ത' എന്നാല്‍ വിജയകര്‍മം എന്നാണര്‍ഥം. ജയകര്‍ത പന്നീട് ജകാര്‍ത്ത (വിജയനഗരം) ആയി മാറി. വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് പിന്നെയും കുറേദൂരം സഞ്ചരിക്കണം.
അല്‍പം ചരിത്രം
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഏറ്റവും പുതിയ കണക്കനുസരിച്ച് 225 മില്യന്‍ മുസ്‌ലിംകള്‍. ഇത് ജനസംഖ്യയുടെ 87 ശതമാനം വരും. ലോക മുസ്‌ലിം ജനസംഖ്യയുടെ 13 ശതമാനം. 7 ശതമാനം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും 3 ശതമാനം കത്തോലിക്കാ ക്രിസ്ത്യാനികളും രണ്ട് ശതമാനം ഹിന്ദുക്കളുമുണ്ട്. ബുദ്ധ, കണ്‍ഫ്യൂഷ്യസ് മതങ്ങള്‍ക്ക് ഭരണഘടനാപരമായ അംഗീകാരമു്. എന്നാല്‍ അവര്‍ എണ്ണത്തില്‍ കുറവാണ്. 1945-ല്‍ ഡച്ചുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്തോനേഷ്യ ഭരണഘടനപ്രകാരം ആധുനിക സെക്യുലര്‍ സ്റ്റേറ്റാണ്. മുസ്‌ലിംകളില്‍ ഭൂരിഭാഗം പേരും ശാഫിഈ മദ്ഹബുകാരാണ്. കുറഞ്ഞ അളവില്‍ ശീഈകളും, അഹ്മദികളും ഇന്തോനേഷ്യയിലുണ്ട്.
ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്‌ലാമെത്തിയത് ഇന്ത്യന്‍ കച്ചവടക്കാര്‍ വഴി പതിമൂന്നാം നൂറ്റാണ്ടിലാണ്. എട്ടാം നൂറ്റാണ്ടില്‍ തന്നെ ഇന്തോനേഷ്യയില്‍ ഇസ്‌ലാമെത്തിയെന്നും പറയപ്പെടുന്നു്. എന്നാല്‍ അതിന് ചരിത്രരേഖകളുടെ പിന്‍ബലമില്ല. ഗുജറാത്തില്‍നിന്നുള്ള മുസ്‌ലിം കച്ചവടക്കാരുടെ സ്വാധീനഫലമായി, വടക്കന്‍ സുമാത്ര ഭരിച്ചിരുന്ന സുല്‍ത്താന്‍ സുലൈമാന്‍ ലാംറെ(മ. 1211)യാണ് ഇന്തോനേഷ്യന്‍ ദ്വീപസമൂഹങ്ങളില്‍ ഇസ്‌ലാം സ്വീകരിച്ച ആദ്യ ഭരണാധികാരി. സുമാത്രയിലെ മറ്റു രാജാക്കന്മാരും, തുടര്‍ന്ന് പ്രജകളും ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു.
ഇസ്തിഖ്‌ലാലും ദേശീയസ്തൂപവും
ജകാര്‍ത്ത നഗരത്തില്‍ ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത് മസ്ജിദ് ഇസ്തിഖ്‌ലാലാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ പള്ളിയാണിത്. ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ പോന്ന ലോകത്തിലെ മൂന്നാമത്തെ പള്ളിയെന്ന ഖ്യാതിയും ഇതിനുണ്ട്. മനോഹരമായ പരവതാനികളും അലങ്കാരവിളക്കുകളും കൂറ്റന്‍ തൂണുകളുമുള്ള അകംപള്ളി പ്രൗഢഗംഭീരമാണ്. ഇടതുഭാഗത്തുള്ള പള്ളിയങ്കണം ആയിരങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുംവിധം വിശാലമാണ്. അറബ്-ഇന്തോനേഷ്യന്‍ വാസ്തുകലയാലും അറബ് കാലിഗ്രാഫികളാലും അലംകൃതമായ പള്ളിക്ക് രണ്ട് പ്രധാന കവാടങ്ങളുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മക്കാണ് പള്ളിക്ക് 'ഇസ്തിഖ്‌ലാല്‍' എന്ന പേരിട്ടത്.
ജകാര്‍ത്ത നഗരത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ് ഇന്തോനേഷ്യക്കാര്‍ 'മൊനാസ് നാസനല്‍' എന്നു വിളിക്കുന്ന നാഷ്‌നല്‍ മോണ്യുമെന്റ് (ദേശീയ ഗോപുരം). വിശാലമായ മെര്‍ദേക സ്‌ക്വയ(സ്വാതന്ത്ര്യ ചത്വരം)റിനു നടുവിലാണ് 132 മീറ്റര്‍ ഉയരമുള്ള ഗോപുരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചത്വരങ്ങളിലൊന്നുമാണത്. സ്തൂപത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്തു നിന്നുള്ള നഗരക്കാഴ്ചകള്‍ അതിമനോഹരം. സ്തൂപത്തിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ ഒരു ചരിത്ര മ്യൂസിയമാണ്. വലിയ ദേശസ്‌നേഹികളാണ് ഇന്തോനേഷ്യക്കാര്‍. ദേശസ്‌നേഹം ജനമനസ്സുകളില്‍ കത്തിനില്‍ക്കാന്‍ ഭരണകൂടം പലതും ചെയ്തുവെക്കുന്നുന്നെ് തോന്നി. തലസ്ഥാന നഗരിയിലും പുറത്തും സന്ദര്‍ശിച്ച മ്യൂസിയത്തിലും വിനോദകേന്ദ്രങ്ങളിലുമെല്ലാം ദേശസ്‌നേഹം വളര്‍ത്തുന്ന ധാരാളം ചിത്രങ്ങളും മോഡലുകളും കാണാം. വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഇന്തോനേഷ്യന്‍ ജനതയെ ഒറ്റ ജനതയായി നിലനിര്‍ത്തുന്നത് ഈ ദേശീയതയാകാം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകത്തുടനീളം, വിശിഷ്യാ കോളനിരാഷ്ട്രങ്ങളില്‍ ശക്തിപ്പെട്ട ഈ ദേശീയബോധമാണ് മൂന്ന് നൂറ്റാണ്ടുകാലം തങ്ങളെ ഭരിച്ച ഡച്ചുകാരില്‍നിന്ന് ഇന്തോനേഷ്യന്‍ ജനതക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. പതിനെട്ടായിരത്തിലധികം വരുന്ന ദ്വീപസമൂഹങ്ങളിലായി, എഴുനൂറില്‍പരം പ്രാദേശികഭാഷകളും മുന്നൂറോളം വംശീയഗ്രൂപ്പുകളുമുള്ള ഇന്തോനേഷ്യക്കാരെ ബന്ധിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്ന ബിന്ദുകൂടിയാണ് ദേശീയത.
മറ്റൊരു രാജ്യത്തെ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായിരുന്നിട്ടും, വിദ്യാര്‍ഥികള്‍ക്കുള്ള ഇളവോടെ ആ മനോഹര സ്തൂപത്തില്‍ കയറാന്‍ ഞങ്ങള്‍ക്കും പാസ് ലഭിച്ചു. ഞങ്ങളുടെ യൂനിവേഴ്‌സിറ്റി തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയേ വേണ്ടിയിരുന്നുള്ളൂ. തദ്ദേശീയരോടു സംസാരിക്കേണ്ടി വരുമ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ മനസ്സിലായിക്കൊണ്ടിരുന്നു. ഇന്തോനേഷ്യക്കാരില്‍ ഇംഗ്ലീഷറിയുന്നവര്‍ തുലോം കുറവാണ്. വിദേശസഞ്ചാരികളുമായി ആശയവിനിമയത്തിലേര്‍പ്പെടേണ്ടിവരുന്ന പോലീസുകാര്‍ക്കുപോലും അത്യാവശ്യത്തിന് ഇംഗ്ലീഷ് അറിയില്ല. മലേഷ്യയിലേതുപോലെ സഞ്ചാരികള്‍ ഈ രാജ്യം തെരഞ്ഞെടുക്കാന്‍ മടിക്കുന്നതിന്റെ ഒരു കാരണം അതാകാം.
യോഗ്യകാര്‍ത്ത (ജോഗ്ജകാര്‍ത്ത)
ജകാര്‍ത്തയില്‍നിന്ന് 500 കി.മീ ദൂരമുണ്ട് രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ യോഗ്യകാര്‍ത്തയിലേക്ക്. ഡച്ചുകാര്‍ വികസിപ്പിച്ച ഈ നഗരം ചരിത്രപൈതൃകങ്ങളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ്. ഇന്തോനേഷ്യയുടെ ഗ്രാമഭംഗിയും ഉള്‍ജീവിതവും അടുത്തറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് തലസ്ഥാനനഗരിയില്‍നിന്ന് ജോഗ്ജകാര്‍ത്തയിലേക്ക് ഞങ്ങള്‍ ട്രെയിന്‍ വഴി പോയത്. 125000 ഇന്തോനേഷ്യന്‍ രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യയേക്കാള്‍ വളരെയേറെ മൂല്യം കുറവാണ് ഇന്തോനേഷ്യന്‍ കറന്‍സിക്ക്. (1 ഇന്ത്യന്‍ രൂപക്ക് 206 ഇന്തോനേസ്യന്‍ റൂപിയാ). അതിനാല്‍ മില്യനും ബില്യനുമൊക്കെ ഇന്തോനേഷ്യക്കാര്‍ക്ക് പുല്ലുവില!
ഇന്തോനേഷ്യന്‍ ഭൂപ്രകൃതി മനസ്സിലാക്കാന്‍ തീവണ്ടിയാത്ര ഒട്ടൊക്കെ ഉപകാരപ്പെട്ടു. കേരളത്തിന് സമാനമാണ് ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലെ ഭൂപ്രകൃതി. നല്ല മഴ ലഭിക്കുന്ന പ്രദേശമായതിനാല്‍ ഹരിതാഭമാണ്. നോെക്കത്താ ദൂരത്തോളം നീണ്ടുനില്‍ക്കുന്ന നെല്‍പാടങ്ങള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ജനതയാണിവര്‍ എന്ന് ബോധ്യപ്പെടുത്തും. കുന്നിന്‍പ്രദേശങ്ങളില്‍ തട്ടുതട്ടുകളായി ക്രമീകരിച്ചിരിക്കുന്ന നെല്‍പാടങ്ങള്‍ കണ്ണിനു വിരുന്നേകുന്ന കാഴ്ചയാണ്. ആവശ്യത്തിനു മഴ ലഭിക്കുന്നതുകൊണ്ടാകാം, മലമുകളിലും നെല്‍കൃഷി ചെയ്യാന്‍ സാധിക്കുന്നത്. ആവശ്യാനുസരണം വെള്ളം താഴെയുള്ള തട്ടുകളിലേക്ക് ഒഴുക്കിവിടുകയും ചെയ്യാം. നെല്‍കൃഷിക്കു പുറമെ വാഴ, മരച്ചീനി തുടങ്ങിയവും ഇവിടെ വ്യാപകമായി കൃഷിചെയ്യുന്നു.
ഗ്രാമീണ മേഖലയില്‍ കണ്ണില്‍പെട്ട വീടുകളൊക്കെയും കുടിലുകളെന്നു തോന്നുംവിധം ചെലവു കുറഞ്ഞ രീതിയില്‍ പണികഴിപ്പിച്ചവയാണ്. കോണ്‍ക്രീറ്റ് വീടുകള്‍ അപൂര്‍വം. മരക്കഷ്ണങ്ങളും പട്ടികകളും യഥേഷ്ടം ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള വീടുകളാണധികവും. ഈ വീടുകളുടെ നിര്‍മാണത്തില്‍ കല്ലും സിമന്റും നന്നേ കുറവാണ്. ഇന്തോനേഷ്യ പൊതുവെ, ഭൂമികുലുക്കങ്ങളുടെയും അഗ്നിപര്‍വതങ്ങളുടെയും നാടാണ്. അതില്‍ ജോഗ്ജകാര്‍ത്ത വളരെ മുന്‍പന്തിയിലും. ജോഗ്ജകാര്‍ത്തയിലെ പ്രസിദ്ധ അഗ്നിപര്‍വതമായ മെറാപി സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍നിന്ന് ഏറെ അകലെയായതിനാല്‍ ആ ശ്രമമുപേക്ഷിച്ചു. ഇന്തോനേഷ്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒന്നു കൂടിയാണ് ജോഗ്ജകാര്‍ത്ത.
യൂനിവേഴ്‌സിറ്റി മുഹമ്മദിയ്യ
UMY എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന യൂനിവേഴ്‌സിറ്റി മുഹമ്മദിയ്യ ജോഗ്ജകാര്‍ത്ത ഇന്തോനേഷ്യയിലെ അറിയപ്പെടുന്ന സ്വകാര്യ യൂനിവേഴ്‌സിറ്റിയാണ്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്‌ലാമിക സംഘടനയായ മുഹമ്മദിയ്യക്കു കീഴില്‍ 1981-ല്‍ ആണ് സ്ഥാപിതമായത്. 1912-ല്‍ യോഗ്യകാര്‍ത്ത കേന്ദ്രമായി, അഹ്മദ് ദഹ്‌ലാന്‍ സ്ഥാപിച്ച ഇന്തോനേഷ്യയിലെ മുസ്‌ലിം നവോത്ഥാന-ചിന്താപ്രസ്ഥാനമാണ് മുഹമ്മദിയ്യ. സമകാലിക പ്രശ്‌നങ്ങളെ സക്രിയമായി അഭിമുഖീകരിക്കാന്‍ പുതിയ ഇജ്തിഹാദുകള്‍ ആവശ്യമാണെന്ന ആഹ്വാനത്തോടെയായിരുന്നു ഇന്തോനേഷ്യയില്‍ ഈ പ്രസ്ഥാനത്തിന്റെ രംഗപ്രവേശം. മത-ഭൗതിക വിദ്യാഭ്യാസത്തെ സംയോജിപ്പിച്ച് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് ഈ പ്രസ്ഥാനമാണ്. നമ്മുടെ നാട്ടിലെ ദര്‍സ് സമ്പ്രദായത്തിന് സമാനമായ മദ്‌റസാ സംവിധാനമാണ് ഇന്തോനേഷ്യയില്‍ മതപഠനത്തിന് ഏറെക്കാലങ്ങളായി ഉായിരുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് മുഹമ്മദിയ്യ പ്രസ്ഥാനം മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ചത്. ഇന്തോനേഷ്യന്‍ സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ഈ പ്രസ്ഥാനം രാഷ്ട്രീയത്തില്‍നിന്ന് അകലം പാലിക്കുന്നു. ആശുപത്രികള്‍ അടക്കമുള്ള വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഈ പ്രസ്ഥാനം ഏറ്റെടുത്ത് നടത്തുന്നു. മുഹമ്മദിയ്യ പ്രസ്ഥാനത്തിനു കീഴില്‍ രാജ്യത്ത് 128-ഓളം യൂനിവേഴ്‌സിറ്റികളും ഉന്നതകലാലയങ്ങളുമുണ്ട്. മുഹമ്മദിയ്യ യൂനിവേഴ്‌സിറ്റി പുറം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കുന്നുണ്ടെങ്കിലും, വിദേശ വിദ്യാര്‍ഥികള്‍ ഇവിടെ നന്നേ കുറവാണ്. ഒരു വെള്ളിയാഴ്ച യൂനിവേഴ്‌സിറ്റി മസ്ജിദില്‍ ജുമുഅ കൂടാന്‍ അവസരം ലഭിച്ചു. ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുന്ന ഇവിടെ ഇംഗ്ലീഷിലും ഇന്തോനേഷ്യന്‍ ഭാഷയിലുമായാണ് ഖുത്വ്ബ നിര്‍വഹിക്കുന്നത്. കേരളത്തിലെ ചില ശാഫിഈ പള്ളികളില്‍ കാണുംപോലെ, മിമ്പറിനു താഴെയും മിമ്പറിനു മുകളിലുമായി രണ്ട് 'ഖുത്വ്ബ'കള്‍ ഇല്ല. എല്ലാ ഖുത്വ്ബകളും മിമ്പറില്‍ നിന്നുകൊുതന്നെ. ഇവിടത്തെ പള്ളികളില്‍ സ്ത്രീകള്‍ക്ക് ഏതെങ്കിലും നിലക്കുള്ള വിലക്കുള്ളതായി അനുഭവപ്പെട്ടില്ല. പുരുഷന്മാരെപ്പോലെ അനേകം സ്ത്രീകളും പള്ളിയില്‍ നമസ്‌കാരത്തിനെത്തുന്നു.
ജോഗ്ജകാര്‍ത്ത നഗരക്കാഴ്ചകള്‍ കാണാന്‍ ഒരു രാത്രിയാണ് ഞങ്ങള്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് പുറപ്പെട്ടത്. പാകിസ്താനിയായ ഇംദാദ് ഹുസൈന്‍ ശെഹ്‌സാദും ഫിലിപ്പീനിയായ സാപ്പും ഇന്തോനേഷ്യന്‍ വിദ്യാര്‍ഥിനികളായ ദിമിത്രിയും മഹാറാണിയുമാണ് എനിക്കും സുഹൈലിനുമൊപ്പമുള്ളത്.
ജോഗ്ജകാര്‍ത്ത നഗരം രാത്രി ഉത്സവപ്രതീതിയിലാണ്. നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ മാള്‍ബറോ സ്ഥിതിചെയ്യുന്ന തെരുവിലാണ് ഏറ്റവും തിരക്ക്. നിരത്തുകളില്‍ വഴിവാണിഭക്കാരുടെ രാത്രിക്കച്ചവടം പൊടിപൊടിക്കുന്നു. തെരുവുകച്ചവടത്തില്‍ കൂടുതലും ഇന്തോനേഷ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ചെറുകിട റെസ്റ്റോറന്റുകളാണ്. കൂടെയുള്ള ഇന്തോനേഷ്യന്‍ സുഹൃത്തുക്കള്‍ നിര്‍ദേശിച്ച വിഭവങ്ങള്‍ ഞങ്ങളും വാങ്ങി രുചിച്ചുനോക്കി. ഇവിടത്തെ വിഭവങ്ങള്‍ പലതും കേരളവിഭവങ്ങള്‍ പോലെത്തന്നെ. നമ്മുടേതുപോലെ ഇന്തോനേഷ്യക്കാരുടെയും പ്രധാന ഭക്ഷണം അരിയാണ്. മൂന്ന് നേരവും ചോറ് കഴിക്കുന്ന അവര്‍ അരികൊണ്ടുണ്ടാക്കുന്ന മറ്റു വിഭവങ്ങളില്‍ അത്ര തല്‍പ്പരരല്ലെന്നു തോന്നുന്നു. ഒരു ചെറുചിരട്ടയില്‍ കൊള്ളുന്ന ചോറേ അവര്‍ കഴിക്കൂ. കൂടെ കോഴിയോ മീനോ ഉണ്ടാകും. ഇവിടത്തെ നാടന്‍ പച്ചക്കറി വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ ഉപ്പേരിക്ക് അതീവ രുചിയുണ്ട്. കേരളത്തിലേതുപോലെ തേങ്ങയുപയോഗിച്ചുള്ള വിഭവങ്ങള്‍ കുറേയധികം ഇന്തോനേഷ്യക്കാര്‍ക്കിടയിലുമുണ്ട്.
ചിന്താപരമായും സാംസ്‌കാരികമായും സെക്യുലരിസം കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത് മുസ്‌ലിം നാടുകളെയായിരുന്നുവെന്ന് മലേഷ്യയില്‍ വന്ന നാള്‍ മുതല്‍ തോന്നിയിരുന്നു. കഹെമാ മിറ ടലരൗഹമൃശാെ എന്ന സയ്യിദ് നഖീബ് അത്താസിന്റെ കൃതി വായിച്ചപ്പോള്‍ അത് ശരിക്കും ബോധ്യപ്പെട്ടു. അതിന് അടിവരയിടുന്നതാണ് ഇന്തോനേഷ്യന്‍ മുസ്‌ലിം ജീവിതവും. മത-ജാതി-ഗോത്ര വൈവിധ്യങ്ങള്‍ കൊണ്ട് ഇന്ത്യക്ക് സമാനമാണ് ഇന്തോനേഷ്യയെങ്കിലും സെക്യുലരിസം ഇവിടെ മതനിരപേക്ഷത എന്ന അര്‍ഥത്തിലല്ല, മതനിരാസം എന്ന നിലക്കാണ് കൂടുതല്‍ സ്വാധീനിച്ചിരിക്കുന്നത് എന്നു തോന്നുന്നു, വിശിഷ്യാ യുവാക്കള്‍ക്കിടയില്‍.
ബോറോബുദൂര്‍ ബുദ്ധക്ഷേത്രം
സമ്മേളനം കഴിഞ്ഞാണ് ഞങ്ങള്‍ ജോഗ്ജകാര്‍ത്തയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ശിക്കുന്ന ബോറോബുദൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണിത്. ഏറ്റവും വിശിഷ്ടമായ ബുദ്ധ സ്മാരകങ്ങളില്‍ ഒന്നായ ബോറോബുദൂര്‍ ഒമ്പതാം നൂറ്റാണ്ടില്‍ സൈലേന്ദ്ര രാജവംശം പണികഴിപ്പിച്ചതാണ്. വലിയ ഒരു കുന്നിന്‍മുകളില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന് വിശാലമായ ഒമ്പത് തട്ടുകളുണ്ട്. ഓരോ തട്ടിലും നിരവധി ബുദ്ധപ്രതിമകളും ഏറ്റവും മുകളിലായി വലിയ താഴികക്കുടവുമുണ്ട്. ബോറോബുദൂര്‍ ക്ഷേത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് സൂര്യോദയം കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെ രാത്രി മുതല്‍ തമ്പടിക്കുന്നത്. ഇതിന്റെ നിര്‍മിതിയില്‍ ഇന്ത്യന്‍ രാജവംശമായ ഗുപ്തന്മാരുടെ ശില്‍പ വൈദഗ്ധ്യം പ്രകടമാണ്. ജോഗ്ജകാര്‍ത്ത നഗരത്തില്‍നിന്ന് 40 കിലോമീറ്ററോളം സഞ്ചരിക്കണം ബോറോബുദൂറിലേക്ക്. പല വലിയ ക്ഷേത്രങ്ങളും കണ്ടുശീലിച്ച ഒരു ഇന്ത്യക്കാരനെ ബോറോബുദൂര്‍ അത്രകണ്ട് ആശ്ചര്യപ്പെടുത്തണമെന്നില്ല. എങ്കിലും ക്ഷേത്രപരിസരവും അന്തരീക്ഷവും നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ബുദ്ധമതചരിത്രത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും.
ജനത, സംസ്‌കാരം
പൊതുവെ സഹൃദയരും സൗമ്യശീലരുമാണ് ഇന്തോനേഷ്യക്കാര്‍. തുറന്ന പ്രകൃതമുള്ള അവര്‍ വളരെ വേഗം അടുക്കുകയും അവരില്‍ ഒരാളായി നമ്മെ പരിഗണിക്കുകയും ചെയ്യും. ഒരു ശരാശരി കേരള മുസ്‌ലിമിന്റെ മതജീവിതം അനുഷ്ഠാനപരതയില്‍ അധിഷ്ഠിതമാണെങ്കില്‍, ഇന്തോനേഷ്യന്‍ മുസ്‌ലിംജീവിതത്തില്‍ തെളിഞ്ഞുകാണുക, മാനുഷികമൂല്യങ്ങളും ഉന്നത സ്വഭാവമഹിമകളുമാണ്. കാഴ്ചയിലും സംസ്‌കാരത്തിലും ഭാഷയിലും ഇന്തോനേഷ്യക്കാര്‍ക്കും മലേഷ്യക്കാര്‍ക്കുമിടയില്‍ സമാനതകള്‍ ഏറെയുണ്ട്. കേരളീയരെപോലെ ഇന്തോനേഷ്യക്കാരും ആതിഥ്യമര്യാദയുള്ളവരാണ്.
ഭൂരിപക്ഷവും ഇസ്‌ലാം മതവിശ്വാസികളാണെങ്കിലും അവരുടെ ജീവിതരീതികളും സംസ്‌കാരവും ഭാഷയുമൊക്കെ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന പ്രയോഗം ഏറെ ചേരുന്നത് ഇന്തോനേഷ്യന്‍ ജനതക്കാണെന്നു തോന്നും. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം ഒരുകാലത്ത് ഏറ്റവും ശക്തിയായി ഉയര്‍ത്തിയ രാജ്യമായിരുന്നുവല്ലോ സ്വാതന്ത്ര്യാനന്തര ഇന്ത്യ. നെഹ്‌റുവിന്റെ കാലത്ത് ഈ ആശയം ലബ്ധപ്രതിഷ്ഠ നേടുകയും, അക്കാരണത്താല്‍ മറ്റു രാജ്യങ്ങളാല്‍ ഇന്ത്യ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിശേഷണത്തിന് ഇപ്പോള്‍ ഏറെ മങ്ങലേറ്റിട്ടുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന പ്രയോഗം ഇന്ന് കൂടുതല്‍ അനുയോജ്യം ഇന്തോനേഷ്യന്‍ സമൂഹത്തിനാണ്. കാരണം, വൈവിധ്യങ്ങളെ അംഗീകരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് ഭരണകൂടത്തിന്റെയും സാമൂഹികസ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ന്യൂനപക്ഷ മത-വംശ-ഗോത്ര സമൂഹങ്ങളെ പരമാവധി ശാക്തീകരിക്കാനുള്ള സഹായങ്ങളും വികസനപദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇന്തോനേഷ്യയില്‍ ന്യൂനപക്ഷമായ ബുദ്ധമതക്കാരുടെ ഒരു മതസ്ഥാപനവും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ന്യൂനപക്ഷങ്ങളുടെ സ്വത്വപരമായ നിലനില്‍പ്പിനും അഭിവൃദ്ധിക്കും ഭരണകൂടസംവിധാനങ്ങള്‍ ചെയ്തുകൊടുക്കുന്ന ആനുകൂല്യങ്ങള്‍ വളരെ കൂടുതലായി തോന്നി. ഇതുകൊണ്ടൊക്കെയാകാം, വര്‍ഗീയകലാപങ്ങളോ മതലഹളകളോ ഇന്തോനേഷ്യയില്‍ ഇല്ലെന്നുതന്നെ പറയാം. തദ്ദേശീയരും ചൈനീസ് വംശജരും തമ്മില്‍ ചില ഒറ്റപ്പെട്ട വംശീയസംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഇന്തോനേഷ്യന്‍ ജനതയുടെ അഖണ്ഡതയെ ബാധിക്കുന്നതായിരുന്നില്ല.
മിതവാദികളും കര്‍ശനമായി മതചിട്ട പാലിക്കുന്നവരും ഉദാരവാദികളും യാഥാസ്ഥിതികരും ആധുനികരുമായ പലതരം മുസ്‌ലിംകള്‍ ഇവിടെയുമുണ്ട്. പുരോഗമന-ഉദാരവാദികളുടെ സ്വാധീനം നഗരങ്ങളില്‍ വളരെ കൂടുതലാണ്. സമ്മളനത്തില്‍ പങ്കെടുത്ത ഇന്തോനേഷ്യന്‍ പ്രതിനിധികളിലും ഈ വൈവിധ്യം പ്രകടമായിരുന്നു. നാഷ്‌നലിസ്റ്റുകളായ സര്‍ക്കാര്‍-സൈനിക പ്രതിനിധികളുടെ സെഷനും സമ്മേളനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അവരുടെ നവോത്ഥാനശ്രമങ്ങളെയും തീവ്രവാദപ്രവര്‍ത്തനം മാത്രമായി കണ്ടുള്ള ഇന്തോനേഷ്യന്‍ സൈനിക ഓഫീസറുടെ സംസാരം, പാശ്ചാത്യ വലതുപക്ഷ മാധ്യമങ്ങളുടെ സ്വാധീനഫലമാണെന്നു തോന്നി.
നമ്മുടെ നാട്ടിലേതുപോലെ, മുസ്‌ലിംകള്‍ അറബ് പേരുകള്‍ സ്വീകരിച്ച്, പേരില്‍തന്നെ മതപരമായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്ന പതിവ് ഇന്തോനേഷ്യക്കാര്‍ക്കിടയില്‍ കുറവാണ്. തങ്ങളുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനുമിണങ്ങുന്ന ഇന്തോനേഷ്യന്‍ ഹൈന്ദവ നാമങ്ങളുള്ള നിരവധി മതഭക്തരായ മുസ്‌ലിംകളുണ്ടിവിടെ. ഇസ്‌ലാമില്‍ അറബ് പേരുകള്‍ മാത്രമേ സ്വീകാര്യമാകൂ എന്ന തരത്തില്‍ ഒരു അലിഖിത നിയമം നമ്മുടെ നാട്ടില്‍ രൂഢമൂലമായിട്ടുണ്ടല്ലോ. ഇസ്‌ലാം എത്തിപ്പെട്ട അറബിതരപ്രദേശങ്ങളിലധികവും എന്നാല്‍ അങ്ങനെയല്ല. പേര്‍ഷ്യ, തുര്‍ക്കി, ഇന്തോനേഷ്യ പോലുള്ള രാജ്യക്കാര്‍ തങ്ങളുടെ ഭാഷയിലേ പേരുകളാണ് ഇസ്‌ലാം സ്വീകരണത്തിനു ശേഷവും നിലനിര്‍ത്തിപ്പോന്നത്. ഞങ്ങള്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ സംബന്ധിച്ച ഇന്തോനേഷ്യക്കാരില്‍ കുറേ പേരെങ്കിലും, മുസ്‌ലിംകളായിരുന്നുവെന്ന് മനസ്സിലായത് അവര്‍ നമസ്‌കാരത്തിനു ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോഴാണ്. അവര്‍ക്കൊക്കെയും ഇന്തോനേഷ്യന്‍ ഹൈന്ദവ നാമങ്ങളായിരുന്നു.
സ്ത്രീ-പുരുഷ ബന്ധം
സ്ത്രീ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥ, കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ പൊതുസവിശേഷതയായി മുമ്പുതന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. എല്ലാ രംഗങ്ങളിലും സ്ത്രീ മേധാവിത്വം ഇന്തോനേഷ്യയിലും പ്രകടമാണ്. അക്കാര്യത്തില്‍ ഇവിടെ മതപരമായ വേര്‍തിരിവുകളില്ലെന്നും പറയാം. പുരുഷ കേന്ദ്രീകൃതമായ കേരളീയ പശ്ചാത്തലത്തില്‍നിന്ന് വരുന്നതിനാല്‍, സ്ത്രീകള്‍ക്കുള്ള സ്വാഭാവികമായ സ്വാതന്ത്ര്യവും സാമൂഹികരംഗത്തെ പദവികളും സ്ത്രീകേന്ദ്രീകൃതമാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചതുമാകാം. വിദ്യാഭ്യാസ -സാമൂഹിക-കച്ചവട രംഗങ്ങളിലും പഠന-ഉദ്യോഗ രംഗങ്ങളിലും സ്ത്രീകളാണ് ഭൂരിപക്ഷവും. ഒരുവേള ശോഭിക്കുന്നതും അവര്‍ തന്നെ. ജോഗ്ജകാര്‍ത്തയിലെ മുഹമ്മദിയ്യ യൂനിവേഴ്‌സിറ്റിയുടെ റെക്റ്ററും ഒരു സ്ത്രീയാണ്. ഡോ. ബാംബാംഗ് സിപ്ത. ഇസ്‌ലാമികചിട്ടയില്‍ ആകര്‍ഷകമായി വസ്ത്രം ധരിച്ച ഒരു യുവതി.
ഇന്തോനേഷ്യ മത-വര്‍ണ-വംശ-ഭാഷാ വൈവിധ്യങ്ങളുടെ നാടാണ്. അല്ലാഹു പറഞ്ഞതെത്ര സത്യം; ''ആകാശഭൂമികളുടെ നിര്‍മാണവും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാകുന്നു. തീര്‍ച്ചയായും ജ്ഞാനമുള്ളവര്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്'' (30:22).
Comments