സ്വപ്‌ന കച്ചവടം കച്ചവട രാഷ്ട്രീയം
(വിപണി പിടിക്കുന്ന അന്ധവിശ്വാസങ്ങള്‍-2)
മുസ്ലിമിന്റെ വിശ്വാസങ്ങളും കര്‍മങ്ങളുമെല്ലാം കൃത്യവും വ്യക്തവുമായ പ്രമാണങ്ങളില്‍ അധിഷ്ഠിതമായിരിക്കണം. പ്രമാണരഹിതവും ഊഹത്തിലോ 'ഖാല-ഖീല'കളിലോ അധിഷ്ഠിതവുമായവ നിഷ്‌കരുണം തള്ളപ്പെടണം. എന്നാല്‍ മതത്തെ വില്‍പനച്ചരക്കാക്കിയവരുടെ വിശ്വാസാചാരങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ പലതും ആരുടെയൊക്കെയോ സ്വപ്‌നങ്ങളിലും ഊഹങ്ങളിലും വ്യാഖ്യാനങ്ങളിലും കെട്ടിപ്പടുത്തവയാണെന്നു കാണാം. വേദക്കാരുടെ മാര്‍ഗഭ്രംശം വിശദീകരിക്കവെ വിശുദ്ധ ഖുര്‍ആന്‍ ഇത്തരം ചെയ്തികളെ നേര്‍ക്കുനേരെ വിമര്‍ശിക്കുകയും അവക്കെതിരെ ശക്തമായ താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട്: ''അവരില്‍ ഒരു കൂട്ടര്‍ വേദപരിജ്ഞാനമില്ലാത്ത നിരക്ഷരന്മാരാകുന്നു. വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും വെറും ഊഹങ്ങളുടെ പിന്നാലെ നടക്കുകയുമാണവര്‍. തുഛമായ കാര്യലാഭങ്ങള്‍ക്കുവേണ്ടി സ്വകരങ്ങളാല്‍ ന്യായപ്രമാണങ്ങള്‍ ചമയ്ക്കുകയും എന്നിട്ട് ഇത് ദൈവത്തിങ്കല്‍നിന്നുള്ളതാണെന്നു ജല്‍പിക്കുകയും ചെയ്യുന്നവര്‍ക്കു നാശം! അവരുടെ കരങ്ങള്‍ എഴുതിയത് അവര്‍ക്ക് നാശനിമിത്തമാകുന്നു. അതുവഴി സമ്പാദിക്കുന്നതും അവര്‍ക്കു നാശംതന്നെ'' (അല്‍ബഖറ 78,79).
ദൈവവാക്യങ്ങളുടെ അര്‍ഥങ്ങളും ഉദ്ദേശ്യങ്ങളും തങ്ങളുടെ ദേഹേഛകള്‍ക്കൊത്ത് മാറ്റിമറിക്കുന്നവരാണല്ലോ മതപുരോഹിതന്മാര്‍. സ്വന്തം വ്യാഖ്യാനങ്ങളും ഊഹാനുമാനങ്ങളും സങ്കല്‍പ തത്ത്വശാസ്ത്രങ്ങളും കെട്ടുകഥകളും ദൈവിക ദീനിന്റെ ഭാഗമെന്നോണം അവതരിപ്പിച്ച് അവയില്‍ വിശ്വസിക്കലാണ് ചൊവ്വായ വഴിയെന്നും അവയുടെ നിഷേധം ദീനിന്റെ നിഷേധമാണെന്നും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുക അവരുടെ പതിവാണു താനും. അതില്‍ ആകൃഷ്ടരാകുന്ന പാമരരും സാധാരണക്കാരുമായവരോ, വിശേഷബുദ്ധി അല്‍പം പോലും ഉപയോഗിക്കാതെ, സ്വന്തം സങ്കല്‍പങ്ങളെയും ഇഛകളെയും നേതാക്കന്മാരുടെ ആഗ്രഹങ്ങളെയും ദീനായി അംഗീകരിച്ച് വ്യാജ പ്രതീക്ഷകളില്‍ ജീവിക്കുകയും ചെയ്യുന്നു. ഇരുവിഭാഗത്തിന്റെയും ചെയ്തി എത്ര ഗര്‍ഹണീയമാണെന്ന് ഓര്‍മിപ്പിക്കുകയും അവര്‍ക്ക് വരാനിരിക്കുന്ന മോശമായ പരിണതിയെ കുറിച്ച് താക്കീത് നല്‍കുകയുമാണ് ഉപരിസൂചിത ദൈവിക സൂക്തങ്ങള്‍.
സ്വപ്‌ന കഥകളെയും ഊഹങ്ങളെയും ദീനായി കൊണ്ടുനടക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. അല്ലാഹുവോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍ മരിച്ചുപോയ മഹാന്മാരോട് ചോദിക്കാന്‍ -ഇസ്തിഗാസ നടത്താന്‍- വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ തെളിവില്ലെന്നു കാണുമ്പോള്‍ പിന്നെ അതിന്റെ ആളുകള്‍ പ്രമാണമെന്നോണം കൊണ്ടുവരാറുള്ളത് ബിലാലുബ്‌നു ഹാരിസിലേക്കും സൈഫുബ്‌നു ഉമറിലേക്കും ഉത്ബിയിലേക്കും മറ്റും ചേര്‍ത്തുകൊണ്ടുള്ള സ്വപ്‌നകഥകളോ വ്യാജ റിപ്പോര്‍ട്ടുകളോ ആണല്ലോ. ഈ റിപ്പോര്‍ട്ടുകളുടെ സ്വീകാര്യതയുടെ കാര്യമിരിക്കട്ടെ, പ്രവാചകന്മാരുടേതൊഴികെ ഒരാളുടെയും സ്വപ്‌നം ഇസ്ലാമില്‍ പ്രമാണമല്ല എന്നതാണ് അഹ്‌ലുസ്സുന്നയുടെ നിലപാട് എന്ന ലളിതസത്യം പോലും അഹ്‌ലുസ്സുന്നത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്ന ഈ സ്വപ്‌നമതക്കാര്‍ ഓര്‍ക്കാറില്ല എന്നതാണ് വസ്തുത.
സ്വര്‍ഗീയ ലോകത്ത് നബി(സ)യോടൊത്തുള്ള സഹവാസം മാത്രമല്ല ഇഹലോകത്ത് സ്വപ്‌നത്തിലെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയുക എന്നതും സത്യവിശ്വാസികളുടെ ഉല്‍ക്കടമായ ആഗ്രഹങ്ങളിലൊന്നാണ്. എന്നാല്‍ ഈ ആഗ്രഹത്തെ പോലും കച്ചവടമാക്കുന്നവരാണ് പുരോഹിതന്മാര്‍! ജീവിതകാലത്ത് നബിതിരുമേനിയേ കണ്ടിട്ടില്ലാത്തവര്‍ക്ക് സ്വപ്‌നത്തില്‍ അദ്ദേഹത്തെ കാണാനൊക്കുമോ, അങ്ങനെ കണ്ടു എന്ന് ഒരാള്‍ അവകാശപ്പെട്ടാല്‍ അത് സ്വീകാര്യമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. നബി(സ)യെ നേര്‍ക്കുനേരെ കണ്ടിട്ടില്ലാത്ത, അവിടുത്തെ രൂപം എന്താണ് എന്നു അനുഭവിച്ചറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് സ്വപ്‌നദര്‍ശനം ഉണ്ടായി എന്നുവെച്ച് അത് നബി(സ)തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ കഴിയുക എന്നാണ് 'അസാധ്യം' എന്ന് പറയുന്ന പണ്ഡിതന്മാരുടെ ചോദ്യം. 'നിങ്ങളിലാരെങ്കിലും എന്നെ സ്വപ്‌നത്തില്‍ ദര്‍ശിച്ചാല്‍...' എന്ന ഹദീസ് നബി(സ)യെ നേര്‍ക്കുനേരെ കണ്ടിട്ടുള്ള സ്വഹാബികള്‍ക്ക് മാത്രം ബാധകമായ കാര്യമാണ്, അവരെ അഭിമുഖീകരിച്ചുകോണ്ടാണല്ലോ നബി(സ) ഇത് പറഞ്ഞിട്ടുള്ളത് എന്നും അവര്‍ വ്യാഖ്യാനിക്കുന്നു. എങ്കിലും നാം ഈ വീക്ഷണം തന്നെ സ്വീകരിക്കണം എന്നില്ല. നബി(സ)യെ സ്വപ്‌നത്തില്‍ ദര്‍ശിച്ചതായി, സ്വപ്‌നജീവികളും മതക്കച്ചവടക്കാരുമല്ലാത്ത വിശ്വസ്തരായ ചില പണ്ഡിതന്മാര്‍ തന്നെയും രേഖപ്പെടുത്തിയിട്ടുണ്ടു താനും. ഇതില്‍ ഏത് വീക്ഷണവും നമുക്ക് സ്വീകരിക്കാം. ഇവിടെ വിഷയമതല്ല, സ്വപ്‌നത്തിലെ ഈ നബിദര്‍ശനത്തെപ്പോലും ചില പുരോഹിതന്മാര്‍ പാവങ്ങളുടെ പണംപിടുങ്ങാനുള്ള മാര്‍ഗമാക്കുന്നു എന്നതാണ്. അതിനായി സ്വന്തമായി ആവിഷ്‌കരിച്ച നിശ്ചിത എണ്ണം ദുആകള്‍, ദിക്‌റുകള്‍, സ്വലാത്തുകള്‍, സ്വദഖകള്‍... അനേകം പുതുതലമുറ തട്ടിപ്പുകള്‍!
മതത്തെ വരുമാനമാര്‍ഗമാക്കിയവര്‍ക്കിത് സ്വപ്‌നങ്ങളുടെ കാലമാണ്. അറിയപ്പെടുന്ന ചില 'ഉസ്താദുമാരു'ടെ പ്രഭാഷണങ്ങള്‍ കേട്ടാല്‍ അതിനായി മാത്രം ജീവിക്കുന്നവരാണോ ഇവരെന്ന് ആരും സംശയിച്ചുപോകും. ഇത്തരക്കാരുടെ പ്രഭാഷണങ്ങള്‍ അത്യത്ഭുതകരവും അവിശ്വസനീയവുമായ സ്വപ്‌ന വിവരണങ്ങളാല്‍ സമ്പുഷ്ടമായിരിക്കും. സ്വന്തം ഫാന്‍സുകളെ പിടിച്ചിരുത്താന്‍ ഉപകാരപ്പെട്ടേക്കാമെങ്കിലും, അവ കേട്ടാല്‍ സഹോദര മതസ്ഥര്‍ മാത്രമല്ല ചിന്താശേഷിയുള്ള, ഇസ്‌ലാമിക ബോധമുള്ള ഏതൊരാളും മൂക്കത്ത് വിരല്‍വെച്ചുപോകും. ഇത്തരം സ്വപ്‌നജീവികളുടെ മിക്ക കിനാവുകളിലും നബി(സ)യോടൊപ്പം കടന്നുവരാറുള്ളത് സ്വഹാബത്തോ താബിഉകളോ താബിഉത്താബിഉകളോ മദ്ഹബിന്റെ ഇമാമുമാരോ അല്ല, കാന്തപുരത്തെ 'വലിയ ഉസ്താദാ'ണ് എന്നതാണ് അതീവ ആശ്ചര്യകരം! ഇവ്വിധം സ്വന്തം നേതാവിനെ അമാനുഷിക വ്യക്തിത്വമായും കറാമത്തുകളുടെ ഉടപ്പിറപ്പായും ചിത്രീകരിക്കുക വഴി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വന്‍ ബിസിനസ് ശൃംഖലക്കാണ് ഇത്തരക്കാര്‍ അടിത്തറയിടുന്നത്. 'ശഅ്‌റെ മുബാറക്' ലഭിച്ചതും സ്വപ്‌നത്തിലൂടെ അഹ്മദ് ഖസ്‌റജിക്ക് നബി(സ) അനുമതി നല്‍കിയതിനെ തുടര്‍ന്നാണത്രെ!. ഇത് കേള്‍ക്കുമ്പോഴേക്കും തക്ബീര്‍ മുഴക്കുന്ന അനുയായികള്‍ സ്വന്തമായുണ്ടെങ്കില്‍, ഞൊടിയിടയില്‍ പതിനായിരങ്ങളെ പറ്റിക്കാന്‍ മാത്രം മെയ്വഴക്കവും ജാലവിദ്യയും കൈവശമുള്ള 'ശൈഖുന'മാര്‍ക്ക്, പിന്നെ എന്തുമാവാം.
ഇത്തരം ചെയ്തികളിലൂടെ 'വലിയ ഉസ്താദി'ന്റെ പ്രീതി പിടിച്ചുപറ്റാനും സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കാനും അതുവഴി പോക്കറ്റ് നിറക്കാനും ശ്രമിക്കുന്ന ഈ പുരോഹിതന്മാര്‍ അതിലൂടെ തങ്ങളുടെ ഈമാനിനെ പോക്കറ്റടിക്കുകയാണ് എന്ന കാര്യം പക്ഷേ, നേതാക്കന്മാര്‍ എന്തു പറഞ്ഞാലും തക്ബീര്‍ മുഴക്കാന്‍ മാത്രമറിയുന്ന അനുയായികള്‍ തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ ഖേദകരം. മതപുരോഹിതന്മാരുടെ ആത്മീയ ബിസിനസിന്റെ വിജയ രഹസ്യവും അതുതന്നെ!
എന്നാല്‍, ഇത്തരക്കാരെ അമാനുഷവല്‍ക്കരിക്കാനായി അനുയായികള്‍ കെട്ടിപ്പൊക്കുന്ന വ്യാജോക്തികള്‍ പലപ്പോഴും ചില്ലുകൊട്ടാരം കണക്കെ തകര്‍ന്നടിയാറാണ് പതിവ്. ചില അവകാശവാദങ്ങളുടെ ആയുസ്സ് ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രമായിരിക്കും. മറ്റു ചിലതിന്റെ അന്തകരായി അവരില്‍നിന്നുതന്നെ ചിലര്‍ ഉദയം ചെയ്യും. ശഅ്‌റെ മുബാറകും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വിവരവും ഉദാഹരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. എന്‍. ശംസുദ്ദീനെ ജയിപ്പിക്കരുതെന്നായിരുന്നു 'ഉസ്താദി'ന്റെ ആഹ്വാനം. അതിനായി അനുയായികള്‍ അരയും തലയും മുറുക്കി പണിയെടുത്തു. മലക്കുകള്‍ വന്ന് വോട്ട് ചെയ്യുമെന്ന് തട്ടിവിട്ടു. ശംസുദ്ദീന്‍ തോല്‍ക്കുമെന്ന് കട്ടായം പറഞ്ഞു. പക്ഷേ റിസള്‍ട്ട് വന്നപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.
ഈയിടെ നടന്ന മലപ്പുറത്തെ മഅ്ദിന്‍ 20-ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെയും മക്തി തങ്ങളെയും ചാലിലകത്തിനെയും ഹലീമ ബീവിയെയും നവോത്ഥാന നായകരായി വാഴ്ത്തിയിരുന്നല്ലോ. ഇവരെയൊക്കെ അധിക്ഷേപിക്കാനും അപരവത്കരിക്കാനും കൊണ്ടുപിടിച്ച് ശ്രമിക്കുന്നവരായിരുന്നു വേദിയില്‍ മുഴുവന്‍. എന്നിട്ടും അവരുടെ വേദിയില്‍വെച്ചുതന്നെ കേരള മുഖ്യമന്ത്രിയുടെ വാക്കുകളാല്‍ ഈ മഹാന്മാര്‍ നവോത്ഥാന നായകരായി വാഴ്ത്തപ്പെട്ടു. അല്ലാഹു അപ്പപ്പോള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയിച്ചു കൊടുക്കുന്ന വലിയ്യുകള്‍ എന്ന് ശിഷ്യന്മാരാല്‍ നാഴികക്ക് നാല്‍പ്പതു വട്ടം പുകഴ്ത്തപ്പെടുന്നവര്‍ വേദിയിലുണ്ടായിട്ടും എന്തുകൊണ്ട് തങ്ങളുടെ ബദ്ധവൈരികള്‍ സ്വന്തം വേദിയില്‍ വാഴ്ത്തപ്പെടാന്‍ പോകുന്നു എന്ന കാര്യം കാലേക്കൂട്ടി അറിയാതെ പോയി എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതേ മഅ്ദിന്‍ അങ്കണത്തില്‍ വര്‍ഷം തോറും നടക്കാറുള്ള സ്വലാത്ത് വാര്‍ഷിക ദിവസം മഴ പെയ്യാതിരിക്കാനായി ഒരിക്കല്‍ മീകാഈലി(അ)ന്റെ പേരില്‍ യാസീന്‍ ഓതാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് നോട്ടീസിറങ്ങിയിരുന്നു. വിവാദമായതോടെ നോട്ടീസ് പിന്‍വലിച്ചു. അന്നാകട്ടെ തോരാത്ത മഴയും!
വിഡ്ഢികളുടെ അങ്ങാടിയില്‍ ബുദ്ധികൊണ്ട് കച്ചവടം നടത്തുകയും ദീനിനെ/ ആത്മീയതയെ വിറ്റ് കാശാക്കുകയും ചെയ്യുന്നവരുടെ ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനിയും അമാന്തിച്ചുനിന്നാല്‍ യഥാര്‍ഥ ആത്മീയതയാണിവിടെ ചോദ്യം ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുക.
ദുരൂഹ ബന്ധങ്ങള്‍
ഉത്തരേന്ത്യയിലെ തീവ്ര യാഥാസ്ഥിതിക വിഭാഗമായ സ്വയം കല്‍പിത സ്വൂഫി- ബറേല്‍വി മൗലാനമാരെയും അവരോടൊപ്പം നില്‍ക്കുന്ന കേരളത്തിലെ ഒരു സമസ്ത ഗ്രൂപ്പിനെയും ചാക്കിടാനുള്ള നരേന്ദ്ര മോദിയുടെ ശ്രമം സഫലമാവുന്ന ലക്ഷണങ്ങള്‍ നമ്മളൊക്കെ കതാണ്. ഓള്‍ ഇന്ത്യ മശാഇഖ് ബോര്‍ഡ്, അജ്മീര്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗകളുടെ മേല്‍നോട്ടക്കാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം ഗ്രൂപ്പ്), മുസ്‌ലിം വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികള്‍ എന്നിങ്ങനെ ഇന്ത്യയിലെ പ്രമുഖരായ 40 പേര്‍ കുറച്ചു മുമ്പ് മോദിയെ സന്ദര്‍ശിച്ച സാഹചര്യം നമുക്ക് മറക്കാനാകില്ല. അതിനു മുമ്പ് രണ്ടുതവണ വ്യത്യസ്ത മുസ്ലിം നേതാക്കള്‍ മോദിയെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മോദി ക്ഷണിച്ചുവരുത്തി നടത്തിയ ആദ്യത്തെ ചര്‍ച്ച എന്നതാണ് ഈ സന്ദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത്.
ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളും ചര്‍ച്ചക്കു ശേഷം 2015 ആഗസ്റ്റ് 30-ന് ആകാശവാണിയിലൂടെ മോദി നടത്തിയ 'മന്‍ കി ബാത്ത്' പ്രഭാഷണത്തിലെ തദ്‌സംബന്ധമായ പരാമര്‍ശങ്ങളും 'സ്വൂഫി ഇസ്ലാമി'ന് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന ആവശ്യവും ഇസ്ലാമിനെ യഥാവിധം ഉള്‍ക്കൊള്ളാനും പ്രബോധനം ചെയ്യാനും ശ്രമിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ഭീകരവാദത്തിന്റെ അടിസ്ഥാന കാരണം ഇസ്ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കമാണെന്ന തങ്ങളുടെ കുപ്രചാരണത്തെ പിന്തുണക്കുന്ന മുസ്ലിം വിഭാഗമുണ്ട് എന്ന പ്രചാരണത്തിന് ഇവരുടെ സഹായം മോദിക്ക് ഗുണം ചെയ്യും. അതുകൊണ്ടായിരിക്കാം ഇക്കൂട്ടര്‍ രഹസ്യമാക്കിവെച്ച സന്ദര്‍ശനം മോദി ട്വിറ്ററില്‍ ആഘോഷിച്ചതും. ന്യൂനപക്ഷങ്ങളെ, വിശേഷിച്ചും മുസ്ലിം ന്യൂനപക്ഷത്തെ വംശീയമായി ആക്രമിക്കുന്ന നയം സ്വീകരിക്കുന്ന മോദി സര്‍ക്കാറിന് തന്മൂലം നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ തങ്ങളെ പിന്തുണക്കുന്ന ഒരു വിഭാഗം മുസ്ലിംകള്‍ ഇന്ത്യയിലുണ്ട് എന്ന് വരുത്തിത്തീര്‍ക്കേണ്ടതുണ്ട്. അതിനാണ് നരേന്ദ്ര മോദി ഇവരെ ക്ഷണിച്ചുവരുത്തിയത്. അദ്ദേഹം അത് പ്രചാരണായുധമാക്കുകയും ചെയ്യുന്നു.
'രാജ്യത്തെ മുസ്ലിം സമുദായം പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുന്നത് ചില ശക്തികള്‍ എതിര്‍ക്കുന്നുണ്ട്. ഇത്രയും കാലം മുസ്ലിം സമുദായത്തിന് പ്രധാനമന്ത്രിമാരുമായി ബന്ധപ്പെടുന്നതിന് ചില ഇടനിലക്കാരുടെയും വോട്ടുബാങ്കുകാരുടെയും സഹായം ആവശ്യമായിരുന്നു. ഇനി അതു വേണ്ടിവരില്ലെന്ന് കരുതുന്നു' എന്ന് മോദിയോടുതന്നെ ഈ മശാഇഖുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട് എന്നറിയുമ്പോള്‍, മുസ്ലിം സമുദായത്തെ തന്നെ സംഘ് പരിവാറിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടാനുള്ള ശ്രമം ഇത്തരം കൂടിക്കാഴ്ചകള്‍ക്കും സമ്മേളനങ്ങള്‍ക്കും പിന്നിലില്ലേ എന്ന് ന്യായമായി സംശയിക്കണം. ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ല, മോദി ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല എന്ന മട്ടില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയിറക്കിയതും, ആര്‍.എസ്.എസ് പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പങ്കുകൊണ്ടതും ഇത്തരം സംശയങ്ങളും ആശങ്കകളും തിടംവെക്കാന്‍ കാരണമാണ്.
മുമ്പൊരിക്കല്‍ ചില ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഇക്കൂട്ടര്‍ കാരന്തൂര്‍ മര്‍കസിലേക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ഇസ്രയേല്‍ പാഠ്യപദ്ധതിയെ പറ്റി പഠിപ്പിക്കാനായിരുന്നു അവര്‍ വന്നതെന്നായിരുന്നു ജനങ്ങളറിഞ്ഞപ്പോഴുള്ള വിശദീകരണം. ഇതുപോലെ, അഞ്ചാറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ രഹസ്യമായി മര്‍കസ് സന്ദര്‍ശനം നടത്തിയത് മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇസ്രയേല്‍ നിര്‍മിത പാത്രം -അവരുടെ ദേശീയ ചിഹ്നം ആലേഖനം ചെയ്തത്- മുഹമ്മദ് നബി(സ) ഉപയോഗിച്ചിരുന്ന പാനപാത്രമാണെന്ന് വിളംബരം ചെയ്തു പ്രദര്‍ശിപ്പിച്ചതും എന്നാല്‍ അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും തട്ടിപ്പാണെന്ന് ആളുകള്‍ക്ക് ബോധ്യമാവുമെന്നു വരികയും ചെയ്തപ്പോള്‍ പിന്നീട് പ്രദര്‍ശനം ഉപേക്ഷിച്ച് മൂലക്കിടേണ്ടിവന്നതുമായ അനുഭവവും ഈ ടീമിനുണ്ടായിട്ടുണ്ട്.
ഇരട്ടത്താപ്പും അസത്യ പ്രസ്താവനകളും
സത്യം പറയേണ്ടവരും അതിനായി നിലകൊള്ളേണ്ടവരുമായ പണ്ഡിതന്മാരും നേതാക്കളും, ഇരട്ടത്താപ്പുകാരും പക്കാ രാഷ്ട്രീയക്കാരെപ്പോലും നാണിപ്പിക്കുംവിധം വാക്കിന് സ്ഥിരതയില്ലാത്തവരുമായാല്‍ എന്ത് ചെയ്യും! ശരീഅത്ത് വിവാദ കാലത്ത് ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ 'വഹാബി-മൗദൂദികളോടും അബുല്‍ ഹസന്‍ അലി നദ്‌വിയോടുമൊപ്പം വേദി പങ്കിട്ടു' എന്നു പറഞ്ഞ് സമസ്തയെ പിളര്‍ത്തിയ അതേ നേതാവ് കുവൈത്തില്‍ ചെന്ന് അതേ 'വഹാബി-മൗദൂദി നേതാക്കളുമായി' ഐക്യ കരാര്‍ ഉണ്ടാക്കിയതും നാട്ടില്‍ വന്ന് നിഷേധിച്ചതും കഴിഞ്ഞകാല ചരിത്രം. കേരളക്കരയില്‍ വന്ന് അബുല്‍ ഹസന്‍ അലി നദ്‌വിയെ പുത്തന്‍വാദിയായി ചാപ്പകുത്തവെ തന്നെ അദ്ദേഹത്തിന്റെ കത്തുമായി ഗള്‍ഫ് നാടുകളില്‍ പിരിവു നടത്തിയതും അനിഷേധ്യം. 'വഹാബി-മൗദൂദികള്‍' പുത്തന്‍വാദികളാണെന്നും അവരോട് സലാം പറയുകയോ വേദി പങ്കിടുകയോ തുടര്‍ന്ന് നമസ്‌കരിക്കുകയോ അരുതെന്നും വാദിക്കുന്നവര്‍ തന്നെ യഥാര്‍ഥ 'വഹാബി'കളായ മസ്ജിദുല്‍ ഹറാമിലെയും മസ്ജിദുന്നബവിയിലെയും ഖത്വീബുമാരെയും ഇമാമുമാരെയും തരംപോലെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും തുടര്‍ന്നു നമസ്‌കരിക്കുകയും ചെയ്ത സന്ദര്‍ഭങ്ങള്‍ അനവധി! സ്ത്രീ-പുരുഷന്മാര്‍ ഒരു സദസ്സില്‍, വിശിഷ്യാ സ്റ്റേജില്‍ ഒന്നിച്ചിരിക്കരുതെന്ന് പറയവെ തന്നെ 'മര്‍കസ് നോളജ് സിറ്റി'യില്‍ സ്ത്രീകളുമായി വേദി പങ്കിട്ടതും വിദേശ രാജ്യങ്ങളില്‍ പോയി സ്ത്രീകളില്‍നിന്ന് ഉപഹാരം സ്വീകരിച്ചതുമായ സചിത്ര വാര്‍ത്തകള്‍ നിരവധി!
സ്ത്രീകള്‍ക്ക് പള്ളി ഹറാം എന്ന ഫത്‌വയുമായി നടക്കുന്നവര്‍ തന്നെ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 'സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയിക്കൂടാ എന്ന വാദം ഇവിടെ ആര്‍ക്കുമില്ല' എന്ന് പ്രസംഗിച്ചത്, സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുന്ന വിദേശത്തെ പള്ളിയില്‍ ഖുത്വ്ബ പറയുകയും അത് വിവാദമായപ്പോള്‍ ആദ്യം നിഷേധിക്കുകയും ശേഷം മറ്റു ന്യായങ്ങള്‍ ചമയ്ക്കുകയും ചെയ്തത്, തറാവീഹ് എട്ട് റക്അത്ത് നമസ്‌കരിക്കുന്നത് ഇജ്മാഇനെതിരാണ് എന്ന് വാദിച്ചുകൊണ്ടുതന്നെ ഗള്‍ഫ് നാടുകളില്‍ ചെന്ന് എട്ട് മാത്രം നമസ്‌കരിക്കുന്നത്, ഇലക്ഷന്‍ സമയത്ത് ഒളിച്ചുകളിക്കുകയും റിസള്‍ട്ട് വന്നാല്‍ വിജയികളുടെ പക്ഷം ചേര്‍ന്ന് തങ്ങളുടെ വോട്ടുകൊണ്ടാണ് അവര്‍ വിജയിച്ചത് എന്ന അവകാശവാദമുന്നയിക്കുകയും ചെയ്യല്‍.... ഇങ്ങനെ നീളുന്നു കാര്യസാധ്യത്തിനു വേണ്ടിയുള്ള ഇരട്ടത്താപ്പുകളും വാക്കുമാറ്റലും. മതപ്രമാണങ്ങളെ പച്ചയായി ദുര്‍വ്യാഖ്യാനിക്കലും കട്ടുമുറിക്കലുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതൊക്കെ എത്ര നിസ്സാരം!
വേലി തന്നെ വിളതിന്നുമ്പോള്‍
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാര്‍ക്കറ്റ് ചെയ്യാന്‍ സാര്‍വത്രിക വിദ്യാഭ്യാസമൊന്നും ഒരു തടസ്സമേയല്ല എന്നതാണ് വര്‍ത്തമാനകാല കേരളം നല്‍കുന്ന പാഠം. വളരെ ലളിതമായി പൗരോഹിത്യത്തിന്റെ ഇടപെടലില്ലാതെ എല്ലാവര്‍ക്കും അനുഷ്ഠിക്കാന്‍ സാധിക്കുന്ന മഹിതമായ ദൈവിക മതത്തെയാണ് പുരോഹിതന്മാര്‍ ഈവിധം വരിഞ്ഞുമുറുക്കി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. തട്ടിപ്പുകളെല്ലാം മറനീക്കി പുറത്തു വന്നിട്ടും ബുദ്ധിജീവികളുള്‍പ്പെടെ ആള്‍ദൈവങ്ങളെ കാണാന്‍ ക്യൂ നില്‍ക്കുന്ന പ്രബുദ്ധ കേരളം! തട്ടിപ്പു കേന്ദ്രങ്ങളില്‍ ചിലരെ അറസ്റ്റ് ചെയ്യുമ്പോള്‍ മറുഭാഗത്ത് അതേപണി പുതിയ രൂപത്തിലും ഭാവത്തിലും മറ്റുപലരും ചെയ്യുന്നു. വേലി തന്നെ വിളവു തിന്നുന്നു. 'വ്യാജ ആത്മീയത സമുദായത്തെ ചൂഷണം ചെയ്യുന്നു'വെന്നും 'വ്യാജ ആത്മീയതയെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്' എന്നും പ്രസ്താവനയിറക്കുന്ന സംഘടനകള്‍ തന്നെയാണ് കേരളീയ മുസ്ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒട്ടുമിക്ക ഒറിജിനല്‍ അന്ധവിശ്വാസങ്ങള്‍ക്കും ചൂട്ടുപിടിക്കുന്നത് എന്നത് എന്തുമാത്രം വിരോധാഭാസമല്ല?!
നാട്ടിലെങ്ങും ആത്മീയ ചികിത്സകരുടെയും ദുര്‍മന്ത്രവാദികളുടെയും വിളയാട്ടമാണ്. കോഴിക്കോട് മുക്കത്ത് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ കഴിയില്ലെന്ന് പിതാവ് വാശിപിടിച്ചതായിരുന്നു കാരണം. കളന്‍തോടുള്ള ഒരു തങ്ങളുടെ നിര്‍ദേശപ്രകാരമായിരുന്നു പിതാവിന്റെ ഈ ചെയ്തി. മുലപ്പാല്‍ നല്‍കിയില്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും 'തങ്ങളുടെ' നിര്‍ദേശമുള്ളതു കാരണം പിതാവ് വഴങ്ങിയില്ല. സംഭവത്തില്‍ തങ്ങളെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആത്മീയ കച്ചവടത്തില്‍ പുരുഷന്മാരെ വെല്ലുന്ന മെയ്‌വഴക്കത്തോടെ സ്ത്രീകളും രംഗത്തുണ്ട്. കോഴിക്കോട് എടച്ചേരിയില്‍ തുവ്വാട്ട് പൊയില്‍ നജ്മ എന്ന മന്ത്രവാദിനിയുടെ ചികിത്സക്കിടെ കോഴിക്കോട് പുതിയകടവ് ലൈല മന്‍സിലിലെ ശമീന എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവം നടന്നിട്ട് കാലമേറെയായിട്ടില്ല. സമീപ ജില്ലകളില്‍നിന്നുപോലും ചികിത്സക്ക് ആളുകളെത്തുമാറ് അന്ധവിശ്വാസികള്‍ക്കിടയില്‍ പ്രസിദ്ധയായിരുന്നു നജ്മ. മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളുകളെയാണ് ഇവിടെ എത്തിച്ചിരുന്നത്. ഇരകളാകട്ടെ കൂടുതലും സ്ത്രീകളും. തനിക്ക് ജിന്ന്‌സേവയുള്ളതായി ആളുകളെ വിശ്വസിപ്പിച്ചായിരുന്നു നജ്മയുടെ ചികിത്സ!
ഈ സംഭവത്തിനു ശേഷമാണ് കൊല്ലം മൈനാഗപ്പള്ളിയില്‍ പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ മന്ത്രവാദിനിയായ റംസീല പലര്‍ക്കായി കാഴ്ചവെച്ചിരുന്നെന്ന് പിന്നീട് വ്യക്തമായി. തമിഴ്നാട്ടിലെ പള്ളിയില്‍ പ്രാര്‍ഥനക്കെന്ന പേരില്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പലര്‍ക്കായി കാഴ്ചവെക്കുകയായിരുന്നു. മന്ത്രവാദത്തിന്റെ പേരിലായിരുന്നു ഈ ക്രൂരകൃത്യങ്ങളെല്ലാം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് പലപ്പോഴും ആത്മീയ വാണിഭക്കാര്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാറുള്ളത്. ശാന്തിശുശ്രൂഷ, വചനപ്രഘോഷണം, ആത്മീയ സദസ്സ്, ജിന്നിറക്കല്‍, സിഹ്‌റിന്റെ കെട്ടഴിക്കല്‍, ദോഷബാധയകറ്റല്‍, ഖുര്‍ആന്‍ തെറാപ്പി, സ്വലാത്ത് വാര്‍ഷികം എന്നൊക്കെ പേരിട്ട് വ്യത്യസ്ത മതചിഹ്നങ്ങളുടെ മറപിടിച്ച് നടത്തുന്ന ആത്മീയ വ്യാപാരങ്ങള്‍ കേരളീയ സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്നേടത്തോളം വളര്‍ന്നിരിക്കുന്നു. കൂടോത്രം, ജപിച്ചുകെട്ടല്‍, പരിഹാര ക്രിയ, ഊത്ത്, വീശല്‍ എന്നിവക്കെല്ലാം മലയാളി സമൂഹത്തില്‍ കൂടുതല്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. പണ്ഡിതന്മാര്‍ പു
രോഹിതന്മാരുടെ പണിയെടുക്കുകയോ അവരുടെ ചൂഷണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്യുന്നതും, പണവും ചാരിത്ര്യവും കവരുന്ന ദുര്‍മന്ത്രവാദികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാത്തതുമാണ് അതിനു പ്രധാന കാരണങ്ങള്‍. കപട ആത്മീയ സദസ്സുകളില്‍ ഹിസ്റ്റീരിയ ബാധിച്ച് തുള്ളുന്ന മനുഷ്യരെ യഥാര്‍ഥ ആത്മീയതയിലേക്കും ദൈവ വിശ്വാസത്തിലേക്കും തിരിച്ചുവിളിക്കേണ്ട ദൗത്യം എല്ലാവര്‍ക്കുമുണ്ട്. ആത്മീയ വ്യാപാരത്തിനും ചൂഷണത്തിനുമെതിരെ ശക്തമായ മുന്നേറ്റത്തിന് പൊതുസമൂഹം ബോധപൂര്‍വം തയാറാവണമെന്നാണ് സമകാലിക സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇരുട്ട് ശക്തമാണ്, തുരങ്കം നീളമേറിയതും. എങ്കിലും അതിനൊടുവില്‍ വെളിച്ചമുണ്ട്. അതെത്തിപ്പിടിക്കാനാകട്ടെ നമ്മുടെ ശ്രമം.
(അവസാനിച്ചു)
Comments