Prabodhanm Weekly

Pages

Search

2018 ജൂണ്‍ 08

3055

1439 റമദാന്‍ 23

ബദ്ധ വൈരികളായി ഹവാ

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-58

അറേബ്യയിലെ മറ്റിടങ്ങളിലെപ്പോലെ തന്നെ ത്വാഇഫിലെ ജനത ഏകവംശീയമായിരുന്നില്ല. പ്രധാന വിഭാഗം ഹവാസിന്‍ (സഖീഫ്) തന്നെ. പിന്നെ സഖ്യത്തിലേര്‍പ്പെട്ട വിദേശികള്‍ (അവരെ ചരിത്ര കൃതികളില്‍ 'അഹ്‌ലാഫ്' എന്നാണ് പരാമര്‍ശിക്കാറുള്ളത്). ഈ രണ്ട് പ്രധാന വിഭാഗങ്ങള്‍ക്ക് പുറമെ ത്വാഇഫില്‍ മക്കക്കാരും ജൂതന്മാരും മറ്റു ഗോത്രങ്ങളുടെ ആശ്രിതരായി കഴിയുന്ന വലിയൊരു വിഭാഗവും ഉണ്ടായിരുന്നു. പൊതുവെ പറഞ്ഞാല്‍ ഇവിടത്തെ അറബികള്‍ വിഗ്രഹാരാധകരായിരുന്നു. ത്വാഇഫിലെ ഒരു പാറപ്പുറത്താണ് ലാത്ത് ദേവതയുടെ പ്രശസ്തമായ ക്ഷേത്രമുണ്ടായിരുന്നത്. ഈ ദേവാലയത്തിന്റെ മതിലുകളില്‍ വിരികള്‍ തൂക്കിയിരുന്നു. ഇതിലേക്കുള്ള കവാടങ്ങള്‍ അടക്കുന്നതും തുറക്കുന്നതും പുരോഹിതന്മാരാണ്. അവര്‍ക്ക് ഈ അവകാശം പാരമ്പര്യമായി കൈമാറിക്കിട്ടുന്നതാണ്. ദേവാലയത്തിന്റെ ചുറ്റുമുള്ള പ്രദേശം എല്ലാ അര്‍ഥത്തിലും സംരക്ഷിക്കപ്പെട്ടിരിക്കും. ഇവിടെ വെച്ച് ഒരാളെയും കൈയേറ്റം ചെയ്യാന്‍ പാടില്ല; അയാള്‍ കൊലപാതകിയായിരുന്നാല്‍ പോലും. മൃഗവേട്ടയും പൂര്‍ണമായി നിരോധിച്ചിരുന്നു. തൊട്ടടുത്ത താഴ്‌വരയിലെ കാട്ടുമരങ്ങള്‍ പോലും മുറിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ദേവാലയത്തിലെ പൂജാദികര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നത് സഖീഫ് ഗോത്രത്തിലെ യസാറു ബ്‌നു മാലിക് കുടുംബത്തില്‍ പെടുന്ന ആല്‍ അബുല്‍ ആസ്വ് താവിയായിരുന്നു.1 ഈ വിഗ്രഹത്തിനും ജിഹാര്‍ എന്ന വിഗ്രഹത്തിനും തീര്‍ഥാടകര്‍ നടത്തി വന്നിരുന്ന പൂജകള്‍ എന്തൊക്കെയായിരുന്നു എന്നു വരെ നമ്മുടെ ചരിത്ര കൃതികളില്‍ വിശദീകരിക്കുന്നുണ്ട്. ളിഹാര്‍ വിഗ്രഹവും ഹവാസിന്‍ ഗോത്രത്തിന്റേതായിരുന്നു. ഉക്കാളിലാണ് അത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ബനൂ നസ്വ്ര്‍ കുടുംബത്തിലെ അല്‍ ഔഫ് താവഴിയില്‍നിന്നാണ് അതിന്റെ പുരോഹിതന്മാരെ നിശ്ചയിച്ചിരുന്നത്. മുഹാരിബ് താവഴിയും ഇതില്‍ പങ്കാളികളായിരുന്നു. അവരുടെ വിഗ്രഹം കാണപ്പെട്ടിരുന്നത് അഥല്‍ കുന്നിന്റെ താഴ്ഭാഗത്തായിരുന്നു (ഈ വിവരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ ഉക്കാള് എവിടെയായിരുന്നു എന്ന് ഏകദേശം നിര്‍ണയിക്കാന്‍ കഴിയും).

ചരിത്ര കൃതികളില്‍ പരാമര്‍ശിക്കപ്പെട്ട നിസ്സാരമെന്ന് തോന്നുന്ന ഒരു സംഭവമുണ്ട്. കഅ്ബ പൊളിക്കാന്‍ യമനില്‍നിന്ന് അബ്‌റഹത്ത് ഇറങ്ങിപ്പുറപ്പെട്ട സന്ദര്‍ഭം. വഴിയില്‍ വെച്ച് അയാള്‍ തന്റെ നീക്കങ്ങളെ ചെറുക്കുന്ന അറബ് ഗോത്രങ്ങളെ കണ്ടുമുട്ടുന്നുണ്ട്. ചില ഗോത്രങ്ങള്‍ യമനില്‍ തന്നെ ഉള്ളതായിരുന്നു. പിന്നെ ചെറുത്തുനില്‍പ്പുണ്ടായത് ഖഥ്അം ഗോത്രത്തിന്റെ ആവാസ ഭൂമിയില്‍ വെച്ച്. ഈ ചെറുത്തുനില്‍പ്പിനെയും അബ്‌റഹത്ത് തകര്‍ത്തു. ഖഥ്അം പടനായകന്‍ നൗഫലിനെ പിടികൂടുകയും ചെയ്തു. താന്‍ അബ്‌റഹത്തിന് മക്കയിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞാണ് നൗഫല്‍ ഈ ബന്ധനത്തില്‍നിന്ന് മുക്തി നേടിയത്. ഈ അക്രമി സംഘം ത്വാഇഫില്‍ എത്തിയപ്പോള്‍ സഖീഫക്കാരനായ മസ്ഊദു ബ്‌നു മുഅത്തിബ് എന്നൊരാള്‍ അബ്‌റഹത്തിനെ കാണാന്‍ ചെന്നു. അബ്‌റഹത്തിന് തന്റെ ജനത എല്ലാവിധ പിന്തുണയും നല്‍കുമെന്നും വേണമെങ്കില്‍ മക്കയിലേക്ക് വഴി കാണിക്കാമെന്നും മസ്ഊദ് വാഗ്ദാനം നല്‍കി. ത്വാഇഫിലെ ലാത്ത് വിഗ്രഹം അബ്‌റഹത്ത് തകര്‍ക്കരുതെന്ന് മാത്രം. വ്യവസ്ഥ അബ്‌റഹത്ത് അംഗീകരിച്ചു. വഴികാട്ടാനായി മസ്ഊദ് കൂടെ അയച്ചത് അബൂറിഗാല്‍ എന്നൊരാളെയാണ്.2 ഈ അബൂറിഗാലിനെക്കുറിച്ച് അറേബ്യന്‍ പൗരാണിക ഇതിഹാസങ്ങളില്‍ പല കഥകളുമുണ്ട്. അബ്‌റഹത്തിന്റെ സൈന്യം മക്കയുടെ പ്രാന്തമായ അല്‍മുഗമ്മസില്‍ എത്തിയപ്പോള്‍ അബൂറിഗാല്‍ പെട്ടെന്ന് മരണപ്പെട്ടുവത്രെ. അവിടെത്തന്നെ മറമാടുകയും ചെയ്തു. അബൂറിഗാലിന്റെ കൊടിയ വഞ്ചന മക്കക്കാരെ വല്ലാതെ ശുണ്ഠി പിടിപ്പിച്ചു. അവര്‍ വന്ന് ആക്ഷേപശകാരങ്ങള്‍ ഉതിര്‍ത്ത് അബൂറിഗാലിന്റെ കുഴിമാടത്തെ കല്ലെറിയാന്‍ തുടങ്ങി. ഈ കുഴിമാടത്തില്‍ 'സ്വര്‍ണ വൃക്ഷത്തിന്റെ രണ്ട് കൊമ്പുകള്‍' (യുദ്ധമുതലായി കിട്ടിയതാവുമോ ഇത്?) ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട് പ്രവാചകന്റെ നിര്‍ദേശപ്രകാരം ഈ കുഴിമാടം തകര്‍ക്കുകയും കുഴിച്ചിട്ട നിധിശേഖരങ്ങള്‍ പുറത്തെടുക്കുകയും ചെയ്തുവത്രെ.3

ത്വാഇഫുകാരുടെ ബൗദ്ധിക നിലവാരം പൊതുവെ അവരുടെ അയല്‍ക്കാരേക്കാള്‍ ഉയര്‍ന്നതായിരുന്നു. പ്രവാചകന്റെ ജനനം നടക്കുന്ന കാലത്തോടടുപ്പിച്ച് ത്വാഇഫില്‍ അസാധാരണമാംവിധം ഉല്‍ക്കകള്‍ വര്‍ഷിച്ച ഒരു സംഭവമുണ്ടായിട്ടുണ്ട്. ഈ ഭയാനകമായ പ്രതിഭാസത്തെ എങ്ങനെ നേരിടണം എന്ന് അറിയുന്നതിനായി ത്വാഇഫുകാര്‍ ചെല്ലുന്നത് ഇല്ലാജി ഗോത്രക്കാരനായ അംറുബ്‌നു ഉമയ്യ -നേരത്തേ നാം പരിചയപ്പെടുത്തിയ നബിയുടെ കാലത്തെ പ്രമുഖ നയതന്ത്രജ്ഞന്‍ ളംരി ഗോത്രക്കാരനായ അംറുബ്‌നു ഉമയ്യ അല്ല ഇത്- എന്ന ആളുടെ അടുത്തേക്കാണ്. അയാളുടെ മറുപടി ഇപ്രകാരമായിരുന്നു: ''കരയിലും കടലിലും നമുക്ക് വഴികാട്ടുന്ന, കാലാവസ്ഥാ വചനങ്ങള്‍ക്ക് നമ്മെ സഹായിക്കുന്ന നക്ഷത്രങ്ങളാണ് ഈ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നതെങ്കില്‍ കരുതിയിരിക്കണം, ലോകാവസാനമായി എന്നാണതിന്റെ അര്‍ഥം. ഇനി അറിയപ്പെടാത്ത മറ്റേതോ നക്ഷത്രങ്ങളാണ് വീഴുന്നതെങ്കില്‍ പ്രശ്‌നമാക്കേണ്ട. ദൈവം എന്തൊക്കെയോ നിങ്ങള്‍ക്കു വേണ്ടി ഉദ്ദേശിക്കുന്നുണ്ട് എന്ന് കരുതിയാല്‍ മതി. അതത്ര ഗുരുതരമല്ല.''4

ത്വാഇഫിന്റെ പരിസരത്തുനിന്ന് മൃഗരൂപങ്ങളും മറ്റുമായി ചരിത്രാതീത കാലത്തെ പല ചുവര്‍ ചിത്രങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ജനസമൂഹത്തിന് വളരെ പിറകിലേക്ക് പോകുന്ന ഒരു ചരിത്രമുണ്ട് എന്നാണിതിനര്‍ഥം. ഈ പ്രകരണത്തില്‍ അതത്ര പ്രസക്തമല്ല എന്നു മാത്രം.5

പ്രവാചക ചരിത്രത്തില്‍ വളരെ മുമ്പേ കടന്നുവരുന്ന ഒരു വിഭാഗമാണ് ഹവാസിന്‍. ത്വാഇഫിലെ അബ്ദ് യാലീല്‍ കുടുംബത്തില്‍നിന്നുള്ളവരാണ് പ്രവാചകന്റെ മാതൃ താവഴിയിലുള്ള അമ്മാവന്മാര്‍.6 മക്കയിലെ ധനാഢ്യര്‍ ത്വാഇഫുകാര്‍ക്ക് പണം കടംകൊടുക്കാറുമുണ്ടായിരുന്നു.7 അവരിലൊരു ധനാഢ്യനാണ് പ്രവാചകന്റെ പിതൃസഹോദരന്മാരിലൊരാളായ അബ്ബാസ്. തന്റെ ഹജ്ജത്തുല്‍ വിദാഅ് പ്രഭാഷണത്തില്‍ അബ്ബാസിന് കിട്ടാനുളള എല്ലാ പലിശയും താന്‍ റദ്ദാക്കിയതായി പ്രവാചകന്‍ പ്രഖ്യാപിക്കുന്നുണ്ടല്ലോ.8

പ്രവാചകന്റെ മറ്റു രണ്ട് പിതൃസഹോദരന്മാര്‍ തങ്ങളുടെ പെണ്‍മക്കളെ ഹവാസിന്‍ ഗോത്രത്തിലെ സഖീഫുകാര്‍ക്കോ മറ്റു ഉപഗോത്രത്തിലുള്ളവര്‍ക്കോ വിവാഹം ചെയ്തുകൊടുത്തിട്ടുമുണ്ട്.9 കുട്ടിക്കാലത്ത് പ്രവാചകന്റെ പോറ്റുമ്മയായി നിശ്ചയിക്കപ്പെടുന്നത് ഒരു ഹവാസിന്‍ ഗോത്രക്കാരിയാണ്- ഹലീമ അസ്സഅ്ദിയ്യ. ബാല്യത്തില്‍ ഏതാനും വര്‍ഷങ്ങള്‍ ഇവരോടൊപ്പമാണ് പ്രവാചകന്‍ കഴിച്ചുകൂട്ടിയത്. തന്റെ പോറ്റുമ്മയോടൊപ്പം ബാല്യകാലത്ത് അദ്ദേഹം ഉക്കാള് ചന്തയില്‍ ചിലപ്പോഴൊക്കെ വരാറുണ്ടായിരുന്നു. തന്റെ പോറ്റുമ്മയോടും അവരുടെ കുടുംബത്തോടും വളരെയേറെ സ്‌നേഹവും അടുപ്പവും പുലര്‍ത്തിയിരുന്നു പ്രവാചകന്‍, തന്റെ ജീവിത കാലത്തുടനീളം. ഖദീജയുമായുള്ള വിവാഹം കഴിഞ്ഞ ശേഷവും ഹലീമ ഇടക്കിടെ പ്രവാചകനെ കാണാനായി മക്കയില്‍ വരാറുണ്ടായിരുന്നു. ചില ചരിത്രകൃതികള്‍ പ്രകാരം, വളരെ പ്രായം ചെന്ന ശേഷം ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്താണ് ഹലീമ ഇഹലോകവാസം വെടിയുന്നത്10 (ഇവരുടെ ഖബ്ര്‍ മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ അതിന്റെ വടക്കു-കിഴക്ക് മൂലയിലായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്). മറ്റു ചില ചരിത്രകാരന്മാരുടെ വീക്ഷണത്തില്‍, ഹി. എട്ടാം വര്‍ഷത്തിന് മുമ്പേ അവര്‍ മരണപ്പെടുന്നുണ്ട്. വിവരമറിഞ്ഞപ്പോള്‍ പ്രവാചകന്‍ വിതുമ്പി. ഒരു ഒട്ടകത്തിനൊപ്പം കുറച്ച് വസ്ത്രങ്ങളും 200 ദിര്‍ഹമും ഹലീമയുടെ ഒരു സ്ത്രീബന്ധുവിന് അവിടുന്ന് അയച്ചുകൊടുക്കുകയും ചെയ്തു.11

പ്രവാചകത്വത്തിന്റെ ആദ്യ പത്തു വര്‍ഷങ്ങളില്‍ ത്വാഇഫിനെക്കുറിച്ചോ ഹവാസിനെക്കുറിച്ചോ കാര്യമായ പരാമര്‍ശമൊന്നുമില്ല. തനിക്ക് താങ്ങും തണലുമായി നിന്ന ഭാര്യ ഖദീജയും പിതൃസഹോദരന്‍ അബൂത്വാലിബും മരണപ്പെടുകയും, സ്വന്തം നാട്ടുകാരായ മക്കക്കാര്‍ ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങേണ്ടിവരികയും, അബൂത്വാലിബിനു ശേഷം ഹാശിം കുടുംബത്തിന്റെ സാരഥ്യമേറ്റ അബൂലഹബ് ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ പ്രവാചകന്‍ അഭയം തേടിച്ചെന്നത് ത്വാഇഫിലേക്കായിരുന്നു. അവിടത്തെ അബ്ദ് യാലീല്‍ കുടുംബം പ്രവാചകന്റെ മാതൃസഹോദരന്മാരുടെ പിന്മുറക്കാരാണ്. പക്ഷേ, ഈ കുടുംബം പ്രവാചകസന്ദേശത്തിന് ചെവി കൊടുത്തില്ല. പ്രവാചകനെ സംരക്ഷിക്കാനും അവര്‍ തയാറായില്ല. എന്നല്ല, അവര്‍ പ്രവാചകനെ കൂക്കിവിളിച്ചു, അപഹസിച്ചു, തെരുവ് പിള്ളേരെ പ്രവാചകനെതിരെ ഇളക്കിവിട്ടു. അവര്‍ പ്രവാചകനെ കല്ലെറിഞ്ഞു. തലയിലും കാല്‍പാദങ്ങളിലും പ്രവാചകന് കാര്യമായ പരിക്കു പറ്റി.12 ഒരു മക്കക്കാരന്റെ ഉടമസ്ഥതയിലുള്ള തോട്ടം കണ്ടപ്പോള്‍ പ്രവാചകന്‍ അവിടെ അഭയം തേടി. അവിടെ വെച്ച് അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിച്ചു. ദയ തോന്നിയ തോട്ടമുടമ, നിനിവക്കാരനായ ക്രൈസ്തവനും തന്റെ ജോലിക്കാരനുമായ അദ്ദാസിനെ ഏതാനും കുല മുന്തിരികളുമായി പ്രവാചകന്റെ അടുത്തേക്ക് പറഞ്ഞയച്ചു. മുന്തിരി തിന്നുന്നതിനു മുമ്പ് പ്രവാചകന്‍ 'ബിസ്മി' ചൊല്ലിയതു കേട്ട് വിസ്മയം പൂണ്ട അദ്ദാസ് തന്റെ അതിഥി ആരാണെന്ന് അന്വേഷിച്ചു. താന്‍ ദൈവദൂതനാണെന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. അദ്ദാസിന്റെ നാട്ടുകാരനായ യൂനുസ് (ഖീിമ)െ പ്രവാചകനെപ്പോലെ തന്നെ. ത്വാഇഫുകാരില്‍ ഒരു പ്രതീക്ഷയുമില്ലെന്നു കണ്ട് പ്രവാചകന്‍ മക്കയിലേക്ക് തിരിച്ചുപോരുകയാണുണ്ടായത്.

മക്കയും ത്വാഇഫും തമ്മില്‍ പരസ്പര പോരിന് ഒരു കുറവുമുണ്ടായിരുന്നില്ലെങ്കിലും, ഇസ്‌ലാമിനെതിരെ അവര്‍ ഒന്നിക്കുന്നതാണ് പിന്നീട് കാണുന്നത്. ഹി. മൂന്നാം വര്‍ഷം ഉഹുദ് യുദ്ധം കഴിഞ്ഞ് മക്കക്കാരനായ അബ്ദുല്ലാഹിബ്‌നു അബീ ഉമയ്യബ്‌നു അല്‍മുഗീറ നേരെ പോകുന്നത് ത്വാഇഫിലേക്കാണ്; ഉഹുദ് യുദ്ധ വിശേഷങ്ങള്‍ അറിയിക്കാന്‍.13 ഖന്‍ദഖ് യുദ്ധത്തില്‍ (ഹി. 5-ാം വര്‍ഷം) സഖീഫുകാര്‍ മക്കക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.14 പക്ഷേ, പിറ്റേ വര്‍ഷം (ഹി. 6) സഖീഫുകാരെ നാം പ്രവാചകനോടൊപ്പം കാണുന്നുണ്ട്. സഖീഫുകാരനായ മുഗീറതു ബ്‌നു ശുഅ്ബയാണ്, പ്രവാചകന്‍ ഹുദൈബിയയില്‍ വെച്ച് മക്കന്‍ പ്രതിനിധികളെ സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനായി ഉണ്ടായിരുന്നത്.15 ഹുദൈബിയയില്‍ വെച്ച് മുസ്‌ലിം പാളയത്തില്‍ അഭയം തേടിയ അബൂ ബുസൈ്വര്‍, സഖീഫ് വംശജന്‍ കൂടിയാണ്. സമാധാന ധാരണകളെപ്പറ്റി സംസാരിക്കാന്‍ മക്കക്കാര്‍ മദീനയിലേക്കയച്ച ഒരു പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് ഉര്‍വതു ബ്‌നു മസ്ഊദായിരുന്നു. മുഗീറതുബ്‌നു ശുഅ്ബയുടെ അമ്മാവനാണ് ഇദ്ദേഹം. വളരെയേറെ യാത്ര ചെയ്യാറുള്ള ആളാണ് ഉര്‍വ. ബൈസാന്റിയം, ടെസിഫണ്‍ (ഇലേശെുവീി), അബ്‌സീനിയ പോലുള്ള സാമ്രാജ്യ തലസ്ഥാനങ്ങളില്‍ അദ്ദേഹം രാജകീയമായി വരവേല്‍ക്കപ്പെടാറുണ്ട്. മക്കയില്‍ തിരിച്ചെത്തിയ അദ്ദേഹം ഖുറൈശികളെ ഉപദേശിച്ചത്, മിതത്വമുള്ള നിലപാട് കൈക്കൊള്ളാനാണ്.16 മക്കക്കാരെപ്പോലെ തന്നെ ത്വാഇഫുകാരുടെയും വടക്കോട്ടുള്ള കച്ചവടപ്പാതകള്‍ തടസ്സപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഹുദൈബിയാ സന്ധിയില്‍ ത്വാഇഫിനെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതിങ്ങനെ: 'ആര്‍ മക്കയിലേക്ക് ഹജ്ജിനോ ഉംറക്കോ പോവുകയോ, യമനിലെക്കോ ത്വാഇഫിലേക്കോ യാത്രപോവുകയോ ചെയ്യുന്ന പക്ഷം അയാള്‍ സുരക്ഷിതനായിരിക്കും.'17

പക്ഷേ, ഹവാസിന്‍ ഗോത്രത്തിലെ ബദു വിഭാഗം സന്ധിവ്യവസ്ഥകള്‍ പാലിക്കാന്‍ കൂട്ടാക്കിയില്ല. ഹുദൈബിയ സന്ധി കഴിഞ്ഞ് പതിനൊന്ന് മാസങ്ങള്‍ക്കു ശേഷം ഇത്തരക്കാരെ ശിക്ഷിക്കാനായി ഉമറിന്റെ നേതൃത്വത്തില്‍ പ്രവാചകന്‍ ഒരു സംഘത്തെ മക്കയുടെ തെക്കുള്ള തുറബയിലേക്ക് അയച്ചു. നാല് ദിവസത്തെ വഴിദൂരമുണ്ട് അങ്ങോട്ട്. അപ്പോഴേക്കും ഹവാസിന്‍ ബദുക്കള്‍ ആ പ്രദേശം വിട്ടുപോയിരുന്നു. ശത്രുക്കളെ കാണാതെ ഉമറും സംഘവും തിരിച്ചുപോരുകയാണുണ്ടായത്.18 അതേമാസം, നജ്ദ് മേഖലയിലെ ളരീയയില്‍ പാര്‍ക്കുന്ന ബനൂകിലാബുകാരെ (ഇവര്‍ ആമിറു ബ്‌നു സ്വഅ്‌സ്വാഇന്റെ ഒരു ശാഖ, മൂല ഗോത്രം ഹവാസിന്‍) നേരിടാന്‍ അബൂബക്ര്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ വേറൊരു സംഘത്തെ പ്രവാചകന്‍ അയച്ചു. രാത്രി നടന്ന ആക്രമണത്തില്‍ ശത്രുക്കളില്‍ ചിലര്‍ക്ക് ജീവഹാനി നേരിട്ടു. ഒരു യുവതി തടവുകാരിയായി പിടിക്കപ്പെട്ടു. മക്കയിലെ ഏതാനും മുസ്‌ലിം തടവുകാര്‍ക്ക് പകരമായി പ്രവാചകന്‍ ആ യുവതിയെ മോചിപ്പിക്കുകയാണുണ്ടായത്.19

തുറബ, ളരീയ എന്നീ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന ഹവാസിന്‍ വിഭാഗക്കാരെ നേരിടാന്‍ പ്രവാചകന്‍ ഒരേ സമയത്തു തന്നെ രണ്ട് സൈനിക ദളങ്ങളെ നിയോഗിച്ചത് നമ്മുടെ ജിജ്ഞാസ ഉണര്‍ത്തുന്നുണ്ട്. മദീനക്കെതിരെ ക്രമേണയായെങ്കിലും രൂപപ്പെട്ടുവരുന്ന വിശാല മുന്നണിയെ ശിഥിലമാക്കുക എന്ന ലക്ഷ്യം അതിനു പിന്നില്‍ ഉണ്ടാവാം. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് (ഹി. 8, റബീഉല്‍ അവ്വല്‍) പ്രവാചകന്‍ 24 പേരടങ്ങുന്ന ഒരു സംഘത്തെ ശുജഅതു ബ്‌നു വഹബിന്റെ നേതൃത്വത്തില്‍ ആമിറു ബ്‌നു സ്വഅ്‌സ്വഅയെ നേരിടുന്നതിനായി ഖനിമേഖലക്ക് അപ്പുറമുള്ള സീ എന്ന സ്ഥലത്തേക്ക് അയക്കുന്നു. റുക്ബക്ക് സമീപമാണിത്. ഈ പടയോട്ടത്തില്‍ ധാരാളം പേരെ തടവുകാരാക്കി. വന്നുപോയ തെറ്റില്‍ മാപ്പു ചോദിച്ചും ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചും ഈ ഉപഗോത്രത്തിലെ പ്രതിനിധി സംഘം മദീനയിലെത്തിയപ്പോള്‍ ആ തടവുകാരെ പ്രവാചകന്‍ വെറുതെ വിട്ടു.20 ഇതു സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതിനാല്‍തന്നെ, ഏതാനും മാസങ്ങള്‍ക്കു ശേഷം ഹവാസിന്‍കാര്‍ ഒത്തുകൂടി ഹുനൈനില്‍ വലിയൊരു പോരിന് വന്നതില്‍ അത്ഭുതമേതുമില്ല.

ഇവിടെ നമുക്ക് മറ്റൊരു സംഭവം ഓര്‍ക്കാം. മക്ക കീഴടക്കാനായി പ്രവാചകന്‍ രഹസ്യമുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ അടുത്ത സുഹൃത്തായ അബൂബക്‌റിനോടു പോലും അതു സംബന്ധമായി ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതിനാല്‍ നബിപത്‌നിയും തന്റെ മകളുമായ ആഇശയോട് അബൂബക്ര്‍ ചോദിച്ചു: 'ഈ മുന്നൊരുക്കങ്ങളൊക്കെ എങ്ങോട്ട് വേണ്ടിയാണ്?' അതിന് ആഇശയുടെ ഒഴിഞ്ഞുമാറിക്കൊണ്ടുള്ള മറുപടി ഇങ്ങനെ: 'എനിക്കറിയില്ല. ഒരുപക്ഷേ, സുലൈമുകാര്‍ക്കെതിരെയാവാം; അല്ലെങ്കില്‍ ഹവാസിനിനോ സഖീഫിനോ എതിരില്‍.'21 അല്‍ മഖ്‌രീസി (ക, 366) പറയുന്നു: 'മക്കയില്‍നിന്ന് അറജിലേക്ക് പ്രവാചകന്‍ അയച്ച ഏതാനും കുതിരപ്പടയാളികള്‍ ഒരു ഹവാസിന്‍ ചാരനെ പിടികൂടുകയുണ്ടായി. ഹവാസിന്‍കാര്‍ വലിയ തോതില്‍ പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അയാള്‍ വെളിപ്പെടുത്തി. അവരുടെ നേതാവ് മാലികു ബ്‌നു ഔഫ്. എന്നാല്‍ ബനൂ ആമിറിലെ കഅ്ബ്, കിലാബ് ഉപവിഭാഗങ്ങള്‍ ഇതില്‍ പങ്കുകൊള്ളാന്‍ വിസമ്മതിച്ചതായും അയാള്‍ പറഞ്ഞു. ഈ ചാരനെ മക്ക പടയോട്ടം കഴിയുംവരെ തടഞ്ഞുവെക്കാന്‍ ഖാലിദു ബ്‌നുല്‍ വലീദിനെ പ്രവാചകന്‍ ചുമതലപ്പെടുത്തി. അയാളാകട്ടെ മുസ്‌ലിംകളുടെ സ്വഭാവ ഗുണങ്ങളില്‍ ആകൃഷ്ടനായി ഉടന്‍ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.'

മക്കാ വിജയം കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്കു ശേഷം (ഹി. 8, റമദാന്‍) വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതിനായി പ്രവാചകന്‍ ചിലരെ നിയോഗിച്ചിരുന്നു. മക്കയുടെയും ത്വാഇഫിന്റെയും ഇടയിലുള്ള നഖ്‌ലയിലെ ഉസ്സ വിഗ്രഹം തകര്‍ത്തത് ഖാലിദു ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.22 ഇത് ത്വാഇഫുകാരെ സ്വാഭാവികമായും ജാഗ്രത കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവണം. അടുത്ത ഉന്നം ലാത്ത് വിഗ്രഹമായിരിക്കുമെന്ന് അവര്‍ ഭയന്നിരിക്കണം. ഹവാസിന്‍ അപ്പോഴേക്കും പടക്കിറങ്ങിക്കഴിഞ്ഞിരുന്നു. വിവരങ്ങളൊക്കെ ഔത്വാസിലുള്ള പ്രവാചകന്റെ പ്രത്യേക ഏജന്റ് അദ്ദേഹത്തെ അറിയിച്ചുകൊണ്ടിരുന്നു. മക്കയില്‍നിന്ന് പ്രവാചകന്‍ അയച്ച ഒരു സംഘം കൂടുതല്‍ കൃത്യതയുള്ള വിവരങ്ങളുമായി തിരിച്ചെത്തുകയും ചെയ്തു.23 പിന്നീടാണ് ശത്രുവിനെ നേരിടാനായി പ്രവാചകന്‍ മക്ക വിടുന്നത്.24 ഈ പടപ്പുറപ്പാടിനിടയിലാണ് പുലര്‍വേളയില്‍ ഹുനൈനില്‍ വെച്ച് മുസ്‌ലിം സൈന്യം പൊടുന്നനെ ആക്രമിക്കപ്പെടുന്നത്.25

 

 

കുറിപ്പുകള്‍

1. മുഹബ്ബര്‍, പേ: 124, 312-5

2. ഇബ്‌നു ഹിശാം: 32-33, ഇബ്‌നു കസീര്‍ - തഫ്‌സീര്‍ Ii, 229 (7:78 ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനം).

3. സുഹൈലി I, 43

4. ഇബ്‌നു ഹിശാം: 130

5. Bruce Howe: Two Groups of Rock Engravings from the Hijas (Journal of Eastern Studies, Jan 1950)

6. ഇബ്‌നു ഖുതൈ്വബ മആരിഫ്, പേ: 43 അബൂനുഅ്മാന്‍ - ദലാഇലുന്നുബുവ്വ, അധ്യായം 20

7. ഇബ്‌നു ഹിശാം, പേ: 273

8. അതേ പുസ്തകം, പേ: 968

9. മുഹബ്ബര്‍ പേ: 64-5

10. ഇബ്‌നു സഅ്ദ് I/I, പേ: 71-2

11. മഖ്‌രീസി I, 397

12. സുഹൈലി I, 260, മഖ്‌രീസി I, 27

13. മഖ്‌രീസി I, 160

14. ബലാദുരി I, No: 730

15. ഇബ്‌നു ഹിശാം, പേ: 744

16. അതേ പുസ്തകം പേ: 744-5

17. അബൂ ഉബൈദ് - അംവാല്‍ No: 441

18. ഇബ്‌നു സഅ്ദ് 2/I, പേ: 85, ഇബ്‌നു ഹിശാം, പേ: 973

19. ഇബ്‌നു സഅ്ദ് 2/I, പേ: 85

20. മഖ്‌രീസി I, 344

21. മഖ്‌രീസി I, 361

22. ഇബ്‌നു സഅ്ദ് 2/I, പേ: 105

23. ഇബ്‌നു ഹിശാം, പേ: 842. കത്താനി (I, 363) ഔത്വാസില്‍ നടന്ന രഹസ്യ കത്തിടപാടിനെപ്പറ്റിയും പറയുന്നുണ്ട്.

24. ഇബ്‌നു സഅ്ദ് (2/I, പേ: 105) പറയുന്നത്, പ്രവാചകന്‍ ഹവാസിന്‍-ത്വാഇഫ് പടയോട്ടത്തിനായി പുറപ്പെട്ടപ്പോള്‍ മക്കയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് സഖീഫുകാരനായ ഹുബൈറബ്‌നു ശിബ്ല്‍ എന്നൊരാളെയായിരുന്നു. പ്രവാചകന്‍ മദീനയിലേക്ക് തിരിച്ചു പോയശേഷമാണ് അത്താബ് മക്ക ഗവര്‍ണറായി നിയമിതനാകുന്നത്.

25. എന്റെ 'ആമേേഹലളശലഹറ.െ...', ഖണ്ഡികകള്‍: 178-187

Comments