Prabodhanm Weekly

Pages

Search

2018 ജൂണ്‍ 08

3055

1439 റമദാന്‍ 23

മറ്റുള്ളവര്‍ നമ്മെ ഇഷ്ടപ്പെടണമെങ്കില്‍

കെ.പി ഇസ്മാഈല്‍

ഒരു കമ്പനിയുടമസ്ഥന് വിശ്വസ്തനായ മാനേജറെ വേണം. അയാള്‍ ഒരു പരീക്ഷണം നടത്തി. കുറേ പേര്‍ക്ക് വിത്തുകള്‍ നല്‍കി. സമയമായപ്പോള്‍ ഒരാളൊഴികെ എല്ലാവരും വിരിഞ്ഞ പൂക്കളുള്ള ചെടികളുമായി വന്നു. പക്ഷേ, രാജന്റെ വിത്ത് മുളച്ചില്ല. ഭാര്യയുടെ നിര്‍ബന്ധം കാരണം അയാള്‍ വന്ന് തന്റെ വിത്ത് മുളച്ചില്ല എന്നറിയിച്ചു. എല്ലാവരുടെയും ചെടികള്‍ പരിശോധിച്ച ശേഷം ഉടമസ്ഥന്‍ പറഞ്ഞു: 'വിത്തു മുളക്കാത്ത ചട്ടിയുമായി വന്ന രാജനെ മാനേജറായി നിയമിക്കുന്നു. അയാള്‍ മാത്രമാണ് സത്യസന്ധത കാണിച്ചത്. ഞാന്‍ നിങ്ങള്‍ക്ക് തന്നത് പുഴുങ്ങിയ വിത്തായിരുന്നു.'

നല്ല മനുഷ്യനായി ജീവിക്കാന്‍ ഏറ്റവും ആവശ്യമായ ഗുണമെന്താണെന്നു ചോദിച്ചാല്‍ സംശയമില്ലാതെ പറയാനാകും - സത്യസന്ധത. നമ്മുടെ ഇടപാടുകളില്‍ എപ്പോഴും കാത്തു സൂക്ഷിക്കേണ്ട ഏറ്റവും ഉത്തമമായ ഗുണമാണ് സത്യസന്ധത. ഡോ. മുസ്ത്വഫസ്സിബാഈ എഴുതി: 'ഭീതിപ്പെടുത്തിയാലും പ്രീതിപ്പെടുത്തിയാലും കൊതിപ്പിച്ചാലും മടുപ്പിച്ചാലും വാക്കില്‍ ഉറച്ചുനില്‍ക്കുകയെന്നത് സത്യസന്ധതയുടെ ലക്ഷണമാണ്' (ജീവിതപാഠങ്ങള്‍).

സത്യസന്ധതയുടെ മൂശയില്‍ ഉരുവംകൊള്ളുന്ന ഉത്തമസൃഷ്ടിയാണ് മനുഷ്യന്‍. സാമൂഹിക ജീവിയായ മനുഷ്യന് സമൂഹത്തിന്റെ തണലിലേ ജീവിക്കാനാകൂ. വിതച്ചാലേ കൊയ്യാന്‍ പറ്റൂ. സ്‌നേഹം പുരട്ടിയ ബന്ധങ്ങള്‍ക്കേ മധുരമുണ്ടാകൂ. 'സ്‌നേഹം ചേര്‍ക്കാതെ ചുട്ട അപ്പം കയ്പുള്ളതായിരിക്കും. അത് വയറിന്റെ വിശപ്പ് അടക്കുമായിരിക്കും. പക്ഷേ, മനസ്സിന്റെ വിശപ്പ് അടക്കുകയില്ല' എന്ന് ഖലീല്‍ ജിബ്രാന്‍. എങ്ങനെയാണ് താങ്കള്‍ക്ക് ഇത്ര വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത് എന്ന് മദര്‍ തെരേസയോട് ചോദിച്ചു. മറുപടി ലളിതം: 'ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നില്ല. ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യുന്നു.'

പരസ്പരസ്‌നേഹത്തോടെ ജീവിക്കുന്ന സമൂഹത്തിനു മാത്രമേ സമാധാനവും സമൃദ്ധിയുമുണ്ടാകൂ. വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമാണെങ്കിലും നമ്മുടെ ജീവിതാവശ്യങ്ങള്‍ ഒന്നാണ്. ചിരിയും കണ്ണീരും ഒരുപോലെ. കലഹിച്ചും കലാപമുണ്ടാക്കിയും കൊന്നും നശിപ്പിക്കുന്നതിനേക്കാള്‍ സ്‌നേഹിച്ചും സഹകരിച്ചും വളരുന്നതല്ലേ നല്ലത്? മറ്റുള്ളവര്‍ നമ്മെ ഇഷ്ടപ്പെടണമെങ്കില്‍ മൂന്നു കാര്യങ്ങള്‍ ചെയ്യണമെന്ന് ഡോ. മുസ്ത്വഫസ്സിബാഈ പറയുന്നു: 'ആളുകള്‍ക്ക് താങ്കളുടെ അറിവ് പകരുക. സമ്പത്തില്‍ പങ്കുചേര്‍ക്കുക. സ്വഭാവംകൊണ്ട് വശീകരിക്കുക. അവര്‍ താങ്കളെ ഇഷ്ടപ്പെടും.'

അമ്മയുടെ പരിചരണത്തിലാണ് ഉത്തമസമൂഹം രൂപംകൊള്ളുന്നത്. മനുഷ്യനെ രൂപപ്പെടുത്തുന്നത് അവന്റെ അമ്മയാണ് എന്ന ചൊല്ല് ശ്രദ്ധേയമാണ്. നാം ഏറ്റവും സ്‌നേഹിക്കുകയും ആദരിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടത് മാതാവിനെയാണ് എന്ന് ഖുര്‍ആന്‍. മാതാവിനോളം ത്യാഗം മക്കള്‍ക്ക് മറ്റാരും നല്‍കുന്നില്ല. മാതൃത്വത്തിന്റെ സ്‌നേഹവും ലാളനയുമാണ് സമൂഹത്തിലെ നന്മകളുടെ കൃഷിയിടം. അമ്മ നല്‍കുന്ന സ്‌നേഹമാണ് മനുഷ്യന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിനോദങ്ങളില്‍ മുഴുകിപ്പോയ ഒരു അമ്മയുടെ കഥയുണ്ട്. മകന്‍ അമ്മയുടെ സ്‌നേഹത്തിനും ലാളനക്കും കൊതിച്ചു. പട്ടിയെ ഓമനിച്ച അമ്മക്ക് മകന് സ്‌നേഹം കൊടുക്കാന്‍ കഴിഞ്ഞില്ല. ഒരു ഇംഗ്ലീഷ് പത്രത്തില്‍ കൗമാരക്കാര്‍ക്ക് എഴുതാനുള്ള പംക്തിയില്‍ ആ പതിനാലു വയസ്സുകാരന്‍ എഴുതി: 'അടുത്ത ജന്മത്തില്‍ എന്റെ അമ്മയുടെ പ്രിയപ്പെട്ട പട്ടിയായി ജനിക്കാന്‍ കഴിഞ്ഞെങ്കില്‍! അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.' മക്കള്‍ക്ക് സ്‌നേഹത്തിന്റെ തേന്‍കണങ്ങള്‍ പകര്‍ന്നുനല്‍കാന്‍ സമയമില്ലാത്ത മാതാപിതാക്കള്‍ കുഞ്ഞുങ്ങളില്‍ പ്രതികാരത്തിന്റെ വിത്തുകള്‍ പാകുന്നു.

കാറ്റുവീശിയാല്‍ ഇലയനങ്ങും. ഏതു പ്രവര്‍ത്തനത്തിനും ഒരു മറു പ്രവര്‍ത്തനമുണ്ടാകും. മറ്റുള്ളവരെ പരിഗണിക്കുക എന്നത് വലിയ കാര്യമാണ്. ഒരു പുഞ്ചിരി ഹൃദ്യമായ പരിഗണനയാണ്. 'നിന്റെ സഹോദരനോട് പുഞ്ചിരിക്കൂ. അത് ഹൃദ്യമായ സമ്മാനമാണ്' എന്ന് നബി പറഞ്ഞിട്ടുണ്ട്. 'നമുക്ക് പരസ്പരം പുഞ്ചിരിച്ചുകൊണ്ട് ഇടപെടാം. കാരണം പുഞ്ചിരി സ്‌നേഹത്തിന്റെ തുടക്കമാണ്' എന്ന് മദര്‍ തെരേസ. പങ്കുവെക്കുക എന്നത് ഹൃദയവിശാലതയുടെ ഭാഗമാണ്. നമ്മുടെ സന്തോഷവും നേട്ടങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കണം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞു: 'സ്വന്തം കാര്യം മാത്രം നോക്കുകയും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വസ്ഥതയുണ്ടാവില്ല. അവര്‍ ജീവിക്കാന്‍ കൊള്ളാത്തവരുമാണ്.'

നാവ് ചെറിയൊരു മാംസക്കഷ്ണമാണെങ്കിലും ചിലപ്പോള്‍ അത് വരുത്തിവെക്കുന്ന അപകടങ്ങള്‍ക്ക് കണക്കില്ല. നാവുകൊണ്ട് വസന്തം വിരിയിക്കാനും ലഹളയുണ്ടാക്കാനും കഴിയും. ബുദ്ധന്‍ ശിഷ്യരുമൊത്ത് നടക്കുകയാണ്. എതിരെ വന്ന നാട്ടുപ്രമാണി ബുദ്ധനെ ഏറെനേരം ശകാരിച്ചു. ബുദ്ധന്‍ ഒന്നും പറഞ്ഞില്ല. പിന്നീട് ശിഷ്യന്മാര്‍ ചോദിച്ചു: 'ചുട്ട മറുപടി കൊടുക്കാമായിരുന്നില്ലേ?' ബുദ്ധന്‍ പറഞ്ഞു: 'നമുക്ക് ആരെങ്കിലും ഒരു സമ്മാനം തന്നാല്‍ നാമതു സ്വീകരിക്കുന്നുവെങ്കില്‍ അത് നമ്മുടെ കൈയിലിരിക്കും. നാട്ടുപ്രമാണി സമ്മാനം തരാന്‍ ശ്രമിച്ചു. നാമതു വാങ്ങിയില്ല. അത് ഇപ്പോഴും അയാളുടെ കൈയില്‍തന്നെയിരിക്കുന്നു.'

പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഉറുമ്പ് ഉത്തമ മാതൃകയാണ്. ഉറുമ്പ് മടിപിടിച്ച് വെറുതെയിരിക്കുന്നത് കാണുകയില്ല. ചെറിയ ധാന്യം ഒറ്റക്ക് വലിച്ചുകൊണ്ടുപോകും. വലിയ ധാന്യം കുറേ ഉറുമ്പുകള്‍ ചേര്‍ന്ന് വലിക്കും. ബൈബിള്‍ വാക്യം ഇങ്ങനെ: 'മടിയനായ മനുഷ്യാ, നീ ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിനെ സൂക്ഷിച്ചുപഠിക്കുക. അങ്ങനെ വിജയം നേടുക.'

മടി ഉറക്കമാണെങ്കില്‍ കാത്തിരിപ്പ് ഉണര്‍ച്ചയാണ്. എന്തിനും അവസരം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണം. നല്ല കാര്യങ്ങളില്‍ സഹകരിക്കാന്‍ പലര്‍ക്കും മടിയാണ്. ചീത്ത കാര്യങ്ങളില്‍ അവര്‍ ചാടിവീഴുകയും ചെയ്യും. ഒരു ചൈനീസ് പഴമൊഴി ഇങ്ങനെ: 'സ്വര്‍ഗത്തിലെത്താന്‍ വഴികളുണ്ട്. എന്നാല്‍ അതിലൂടെ ആരും സഞ്ചരിക്കുന്നില്ല. നരകത്തിലെത്താന്‍ വാതിലില്ല. പക്ഷേ, മനുഷ്യന്‍ കുഴിതോണ്ടി നരകത്തിലേക്ക് പാഞ്ഞുകയറുന്നു.'

അമിതമായ ആശയാണ് സമാധാനം കെടുത്തുന്നത്. കൗരവരോട് യുദ്ധം ചെയ്യുന്നതിന് പാണ്ഡവരെ പ്രേരിപ്പിക്കാന്‍ ശ്രീകൃഷ്ണന് അര്‍ജുനന്‍ നല്‍കിയ ഉപദേശമാണ് ഗീത. ആരാണ് നിന്റെ ശത്രു എന്ന് ചോദിക്കുന്നുണ്ട്. കൗരവര്‍ എന്നല്ല ഉത്തരം. ആശ എന്നാണ്. നമ്മുടെ ആശയാണ് നമ്മുടെ ശത്രു. എല്ലാം കിട്ടണമെന്ന ആശ നമ്മെ നശിപ്പിക്കുന്നു. ഡോ. മുസ്ത്വഫിസ്സിബാഈ എഴുതി: 'മൂന്നു കാര്യങ്ങള്‍ക്കു വേണ്ടിയുള്ള കൊതി മൂക്കുമ്പോഴാണ് സത്യം കൈവിട്ടുപോകുന്നത്. ഒന്ന്, പേരിനും പെരുമക്കുമുള്ള കൊതി. രണ്ട്, സമ്പത്തിനും സ്വാധീനത്തിനുമുള്ള കൊതി. മൂന്ന്, ആസ്വദിക്കാനും ആനന്ദിക്കാനുമുള്ള കൊതി.' (ജീവിതപാഠങ്ങള്‍).

'വായിക്കുക' എന്നത് നാലക്ഷരമുള്ള വെറുമൊരു വാക്കല്ല. മനുഷ്യരാശിക്ക് പ്രപഞ്ചനാഥന്‍ നല്‍കിയ വലിയ സമ്മാനമാണ്. ഖുര്‍ആനിലെ ആദ്യ സന്ദേശം 'നീ വായിക്കുക' എന്നാണ്. നബിയുടെയും സഖാക്കളുടെയും വായനയാണ് ചരിത്രത്തെ മാറ്റിപ്പണിതത്. പുസ്തകത്തിലൂടെ പ്രപഞ്ചത്തെ, ജീവിതത്തെ വായിക്കണം. വായന മനുഷ്യനെ മാറ്റുന്നു. നിരന്തരമായ വായന, ഹൃദ്യമായ പുഞ്ചിരി, ഒരു കൈ സഹായം - മാനുഷികത്വത്തിന്റെ ഈ ചേരുവ ജീവിതം ധന്യമാക്കും.

Comments