ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധിക്കേണ്ടത്
വിശുദ്ധ ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കേണ്ടതുണ്ടെന്ന് കേരളത്തിലെ മുസ്‌ലിംകള്‍ ഇന്ന് പൊതുവെ അംഗീകരിക്കുന്നുണ്ട്. ഖുര്‍ആന്‍ പരിഭാഷപ്പെടുത്തല്‍ തെറ്റാണെന്ന പഴയ വാദം ഇന്നാരും ഉന്നയിക്കുന്നത് കേള്‍ക്കാറില്ല. മാത്രമല്ല, അത്തരം വാദഗതികള്‍ ഉന്നയിച്ചിരുന്നവര്‍ പോലും ഇന്ന് ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. വ്യക്തിതലങ്ങളില്‍ അങ്ങിങ്ങ് ആരംഭിച്ചിരുന്ന ഖുര്‍ആന്‍ പഠന സംരംഭങ്ങള്‍ സംഘടനകള്‍ ഏറ്റെടുത്ത് വ്യവസ്ഥാപിതമായും വ്യാപകമായും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
എന്നാല്‍ സംഘടനകള്‍ അവരവരുടെ പാര്‍ട്ടി പരിപാടി എന്ന നിലക്ക് ഖുര്‍ആന്‍ പഠനം നടത്തുമ്പോള്‍ ആശങ്കയുണ്ടാക്കുന്ന മറുവശവും അവഗണിച്ചുകൂടാ. സംഘടനാ പക്ഷപാതിത്വം കാരണമായി ആരെങ്കിലും ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്‌തേക്കുമോ? അതിനാല്‍ എന്താണ് ഖുര്‍ആന്‍, എങ്ങനെ പഠിക്കണം ഇക്കാര്യങ്ങളിലൊക്കെ ആദ്യമേ വ്യക്തമായ ധാരണ വേണ്ടതുണ്ട്.
എന്താണ് ഖുര്‍ആന്‍? അല്ലാഹുവിന്റെ വചനം. അല്ലാഹുവിന്റെ വചനം മാത്രം. അതിന്റെ മുന്നില്‍ മറ്റു വചനങ്ങള്‍ അപ്രസക്തം. നമ്മുടെയോ സംഘടനയുടെയോ മഹോന്നത നേതാവിന്റെയോ വീക്ഷണങ്ങള്‍ക്ക് അതിന്റെ മുന്നില്‍ ഒരു പ്രസക്തിയുമില്ല. അക്കാര്യമിതാ അല്ലാഹു വ്യക്തമാക്കുന്നു: ''നിശ്ചയം ഇത് ശരിയായ സന്മാര്‍ഗമാണ്. നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങളെ പിന്തുടര്‍ന്നുകൂടാ'' (ഖുര്‍ആന്‍). അല്ലാഹു മനുഷ്യന് കനിഞ്ഞരുളിയ സന്മാര്‍ഗം. അത് സൂക്ഷ്മതയോടെ ഉള്‍ക്കൊള്ളണം. എന്റെയോ മറ്റൊരാളിന്റെയോ വീക്ഷണഗതികള്‍ക്ക് അതില്‍ ഒരു സ്ഥാനവുമില്ല. അതിനാലാണ് അന്ത്യനാള്‍ വരെ സന്മാര്‍ഗമായി, സന്മാര്‍ഗം കണ്ടെത്താനുള്ള മാര്‍ഗമായി ഖുര്‍ആനിനെ സുരക്ഷിതമാക്കി നിര്‍ത്തിയത്. മരണാനന്തരം അഭിമുഖീകരിക്കാനുള്ള പ്രഥമ ചോദ്യവും ഖുര്‍ആന്‍ പിന്‍പറ്റിയോ എന്നുതന്നെ.
അതിനാല്‍ ഏതു സംഘടനകള്‍ ഖുര്‍ആന്‍ ക്ലാസ് സംഘടിപ്പിച്ചാലും അടിസ്ഥാന ലക്ഷ്യം ഇതുതന്നെയായിരിക്കണം. അപ്പോള്‍ അര്‍ഥമറിയണം. ആശയമുള്‍ക്കൊള്ളണം. എന്നിട്ട് ആശയം മനനം ചെയ്ത് സ്വന്തം ജീവിതവും സമൂഹത്തിന്റെ ജീവിതവും ഖുര്‍ആനിനനുസൃതമാണോ എന്ന് പരിശോധിക്കണം. ഖുര്‍ആനിനനുസൃതമാക്കി മാറ്റണം വിശ്വാസവും കര്‍മവുമെല്ലാം. ഖുര്‍ആനിനനുസൃതമല്ല തന്റെ വിശ്വാസവും പ്രവര്‍ത്തനവുമെങ്കില്‍ അത് മാറ്റി ഖുര്‍ആനിനും സുന്നത്തിനുമനുസരിച്ചാക്കിത്തീര്‍ക്കണം.
ഇതുതന്നെ സംഘടനയും സമൂഹവുമെല്ലാം ചെയ്യണം. ഖുര്‍ആനിലുള്ളത് എന്താണെന്ന് പഠിച്ച് സംഘടനയെ അതിനനുസരിച്ച് മാറ്റുക എന്നല്ലാതെ, തങ്ങളുടെ സംഘടന മുമ്പേ തീരുമാനിച്ചതിനനുസൃതമായി ഖുര്‍ആനിനെ വ്യാഖ്യാനിക്കുക എന്ന കൊടും പാതകത്തിനാണ് ഖുര്‍ആന്‍ പഠനമെങ്കില്‍ അപകടകരമാണ്. പൂര്‍വിക ഗ്രന്ഥങ്ങളുടെ അനുയായികള്‍ വഴിതെറ്റിയതും ശപിക്കപ്പെട്ടതും അല്ലാഹുവിന്റെ ഗ്രന്ഥത്തോട് അവര്‍ ചെയ്ത ഈ കടുത്ത അക്രമം കാരണമാണല്ലോ.
നബിയും സ്വഹാബത്തുമാണല്ലോ നമ്മുടെ മാതൃക. അവരെ പിന്‍പറ്റുന്നവരാണെന്നാണല്ലോ വിശ്വാസികള്‍. അവര്‍ ഒരു മുന്‍ധാരണയുമില്ലാതെ ഖുര്‍ആനിനെ അങ്ങനെത്തന്നെ പിന്തുടരുകയായിരുന്നു. അവര്‍ സംഘടിച്ചതും തദടിസ്ഥാനത്തില്‍ തന്നെ.
അല്‍പം ചരിത്രം
നബി(സ)ക്ക് ഓരോ അവസരത്തിലും ഇറങ്ങിക്കൊണ്ടിരുന്ന ഖുര്‍ആനിലെ ഭാഗങ്ങള്‍ അപ്പപ്പോള്‍ സ്വഹാബത്തിനെ കേള്‍പ്പിക്കുന്നു. അവര്‍ എതിരാളികളടക്കമുള്ളവര്‍ക്കെത്തിക്കുന്നു. പ്രവാചകനും സ്വഹാബത്തും അത് നടപ്പാക്കുന്നു. അങ്ങനെ പ്രവാചകന്‍ നിര്‍ദേശിച്ചതനുസരിച്ച് പഠന സംരംഭങ്ങളുമുണ്ടാകുന്നു. ഖുര്‍ആനില്‍നിന്ന് പുതിയ നാഗരിക ക്രമങ്ങളും വിജ്ഞാന ശാസ്ത്രശാഖകളും ഉടലെടുക്കുന്നു. മുസ്‌ലിംകളുടെ കീഴില്‍ വരുന്ന നാടുകളില്‍ ഖുര്‍ആനും അതില്‍നിന്ന് ജന്മം കൊണ്ട വിജ്ഞാന ശാസ്ത്രങ്ങളും നാഗരിക വളര്‍ച്ചക്ക് പ്രചോദനമായി. യൂറോപ്പിന്റെ കവാടമായ സ്‌പെയിന്‍ ഇസ്‌ലാമിന് കീഴില്‍ വന്നപ്പോള്‍ ഇതിന്റെ മികച്ച മാതൃകകള്‍ കാഴ്ചവെക്കുകയുണ്ടായി.
ഖുര്‍ആന്‍പഠനം ഫിഖ്ഹിലേക്കും മറ്റും ഒതുങ്ങിയപ്പോള്‍ ഈ മഹത്തായ പൈതൃകത്തിന് മങ്ങലേറ്റു. കോളനിവാഴ്ചകളിലൂടെ കടന്നുപോയ മുസ്‌ലിം സമൂഹങ്ങള്‍ കേവല ആരാധനകളിലും വ്യക്തിനിയമങ്ങളിലുമായി ഇസ്‌ലാമിനെ ഒതുക്കി. ഖുര്‍ആന്‍ ആശയമറിയാതെ പുണ്യത്തിന് പാരായണം ചെയ്യുന്ന ഗ്രന്ഥമായി മാറി. ഓത്തുപള്ളികളിലെ വായനയിലൊതുങ്ങി ഖുര്‍ആന്‍ പഠനം.
കേരളത്തില്‍ ഓത്തുപള്ളികള്‍ക്ക് പുറമെ ചില സൂറത്തുകളുടെ തര്‍ജമ അറബി മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. യാസീന്‍, അല്‍വാഖിഅ തുടങ്ങിയ സൂറകളുടെ തര്‍ജമകള്‍ അങ്ങിങ്ങായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഉദ്‌ബോധനങ്ങളുടെ ഭാഗമെന്ന നിലയിലായിരുന്നു അത്. മാല മൗലിദുകളും ഖിസ്സ പാട്ടുകളും മുസ്‌ലിംകളില്‍ വ്യാപകമായിരുന്നു. ഖുര്‍ആനാണ് അടിസ്ഥാനമെന്നും അത് പഠിച്ചു പിന്‍പറ്റണമെന്നുമുള്ള ധാരണയേ ഉണ്ടായിരുന്നില്ല.
അറേബ്യന്‍ നാടുകളിലുദിച്ചുയര്‍ന്ന തൗഹീദ് പ്രസ്ഥാനത്തിന്റെ കിരണങ്ങള്‍ കേരളത്തിലെത്തിയതോടെയാണ് ഈ രംഗത്ത് പുതിയ ചലനം ദൃശ്യമായിത്തുടങ്ങിയത്. ഖുര്‍ആനും സുന്നത്തുമാണ് ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളെന്ന ചിന്ത വളര്‍ന്നു തുടങ്ങി. ഇസ്‌ലാഹീ പ്രസ്ഥാനം രൂപം കൊണ്ടത് മുതല്‍ വ്യാപകമായ പ്രചാരണമാരംഭിച്ചതോടെ ഖുര്‍ആനും സുന്നത്തുമാണ് പ്രമാണമെന്ന ധാരണ ശക്തിപ്പെട്ടു. ഖുര്‍ആന്‍ പരിഭാഷകളും പ്രസിദ്ധീകരിച്ചു തുടങ്ങി. ഖുര്‍ആന്‍ പഠനങ്ങള്‍ പ്രസിദ്ധീകരണങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇസ്‌ലാം കേവലം ആരാധനയിലൊതുങ്ങിയ മതമല്ലെന്നും ജീവിതത്തിന്റെ നാനാ തുറകളിലേക്കും വഴി കാണിക്കുന്ന സമ്പൂര്‍ണ ജീവിത പദ്ധതിയാണെന്നും തിരൂരങ്ങാടിയില്‍ ചേര്‍ന്ന നേതൃസമ്മേളനത്തില്‍ പ്രമേയം അംഗീകരിക്കുവോളം ഖുര്‍ആനിക ചിന്ത വളര്‍ന്നു. എന്നാലിത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ തളര്‍ച്ചക്കും ഇടവരുത്തുമെന്ന് ചിലര്‍ കണക്കുകൂട്ടി. അത് ഇസ്‌ലാഹീ പ്രസ്ഥാന വൃത്തങ്ങളിലെ ഖുര്‍ആന്‍ പഠനത്തെ ബാധിച്ചു. എന്നാലും ഖുര്‍ആന്‍ തഫ്‌സീറുകള്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായിക്കൊണ്ടിരുന്നു. അറബി കോളേജുകളിലെ സിലബസ്സിലും ഖുര്‍ആന്‍ പഠനത്തിന് സ്ഥാനം ലഭിച്ചു.
മറുപക്ഷത്ത് സമസ്ത വിഭാഗങ്ങള്‍ പൊതുവെ ഖുര്‍ആന്‍ പരിഭാഷ ചെയ്യുന്നതിനെ തന്നെ എതിര്‍ക്കുകയായിരുന്നു. ഖുര്‍ആന്‍ ഉന്നത ഗ്രന്ഥമാണെന്നും നല്ല അറിവും ഗ്രാഹ്യശക്തിയുമുള്ള ഇമാമുകള്‍ക്കേ അത് ശരിയായി മനസ്സിലാവൂ എന്നും അവര്‍ വാദിച്ചു. ഖുര്‍ആന്‍ ഗ്രഹിച്ച ഇമാമുകളെ പിന്‍പറ്റുകയാണ് സാധാരണക്കാര്‍ വേണ്ടതെന്നായിരുന്നു അവരുടെ പക്ഷം. മരണാനന്തരം ഖബ്‌റിടന്നടുത്ത് വെച്ച് 'നീ പിന്‍പറ്റിയത് ഏതാണെ'ന്ന് മലക്കുകള്‍ ചോദിച്ചാല്‍ 'ഖുര്‍ആനായിരുന്നു ഞാന്‍ പിന്‍പറ്റിയിരുന്നത്' എന്ന് പറയണമെന്ന് പറഞ്ഞുകൊടുക്കുകയല്ലാതെ, ജീവിതകാലത്ത് ഖുര്‍ആന്‍ പിന്തുടര്‍ന്നു ജീവിക്കണമെന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ല.
ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍
വ്യവസ്ഥാപിതമായ ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍ അടുത്ത കാലത്താണ് കേരളത്തില്‍ ആരംഭിക്കുന്നത്. ഒരു മുജാഹിദ് പണ്ഡിതനാണ് കോഴിക്കോട്ട് ഇതാരംഭിച്ചത്. സംഘടനാ തലത്തിലല്ല, വ്യക്തിപരമായി. വാക്കര്‍ഥവും വാചകാര്‍ഥവും പഠിപ്പിക്കുന്ന ബഹുജനങ്ങള്‍ക്കു വേണ്ടിയുള്ള ക്ലാസ് തന്നെയായിരുന്നു ഇത്. പിന്നീട് നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടനാ തലത്തില്‍ തന്നെ ക്ലാസ്സുകള്‍ ആരംഭിച്ചു. പലയിടത്തും വാക്കര്‍ഥവും മറ്റും പഠിപ്പിക്കുന്നില്ലെങ്കിലും ചിലയിടങ്ങളില്‍ വ്യവസ്ഥാപിത ക്ലാസ്സുകള്‍ തന്നെ നടക്കുന്നുണ്ട്. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയാണ് പൊതുവെ മുജാഹിദ് വിഭാഗങ്ങള്‍ ഖുര്‍ആന്‍ പഠനത്തിന് അവലംബിക്കുന്നത്.
ഇ.കെ വിഭാഗം സമസ്തയിലെ ഒരു പണ്ഡിതനാണ് 'ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍' തുടങ്ങിയത്. അത് സംഘടനാ തലത്തിലേക്ക് നീങ്ങുകയോ വ്യവസ്ഥാപിതമായ ഖുര്‍ആന്‍ പഠനം എന്ന സ്വഭാവം കൈക്കൊള്ളുകയോ ചെയ്തിട്ടില്ല. ഏതായാലും മുസ്‌ലിം സംഘടനകള്‍ നടത്തിവരുന്നതോ നടത്താനിരിക്കുന്നതോ ആയ ഇത്തരം ഖുര്‍ആന്‍ പഠന സംരംഭങ്ങള്‍ സംഘടനാ പക്ഷപാതിത്വങ്ങളില്ലാതെ ഖുര്‍ആന്‍ സ്വതന്ത്രമായി പഠിക്കാന്‍ ഉപകരിക്കുമെങ്കില്‍ തീര്‍ച്ചയായും അവ ആശാവഹവും പ്രതീക്ഷാനിര്‍ഭരവുമാണ്.
ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ രൂപംകൊണ്ട മുസ്‌ലിം സംഘടനകളില്‍പെട്ടതല്ലാത്തത് കൊണ്ടാണ് സംഘടനയുടെ ഖുര്‍ആന്‍ പഠന സംരംഭങ്ങളെ സംബന്ധിച്ച് പറയാതിരുന്നത്. അവിഭക്ത ഇന്ത്യയില്‍ രൂപം കൊണ്ടതാണത്. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉടലെടുത്ത ജമാഅത്തെ ഇസ്‌ലാമി എല്ലാ അര്‍ഥത്തിലും ഖുര്‍ആനിനെ പ്രതിനിധാനം ചെയ്യാനും ഉള്‍ക്കൊള്ളാനും ബാധ്യസ്ഥമാണ്. എന്തെങ്കിലും തരത്തില്‍ ഖുര്‍ആനില്‍നിന്നുള്ള പ്രസ്ഥാനത്തിന്റെ വ്യതിയാനം അതിന്റെ അടിസ്ഥാന വ്യതിചലനമായി മനസ്സിലാക്കപ്പെടും. ഖുര്‍ആന്‍ നല്‍കുന്ന ആദര്‍ശമേതോ അതുതന്നെയായിരിക്കും തങ്ങളുടെ ആദര്‍ശമെന്നും ഖുര്‍ആന്‍ നല്‍കുന്ന ലക്ഷ്യമേതോ അതായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും തങ്ങളുടെ പോളിസിയുടെയും പരിപാടിയുടെയും സ്രോതസ്സ് ഖുര്‍ആനും സുന്നത്തും മാത്രമായിരിക്കുമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച പ്രസ്ഥാനമാണ് ജമാഅത്ത്. പ്രഖ്യാപനം നടത്തുക മാത്രമല്ല, അതിന്റെ ഭരണഘടനക്ക് രൂപം നല്‍കിയതും ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും തന്നെ. ഓരോ പ്രവര്‍ത്തകനും ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിതത്തിന്റെ എല്ലാ രംഗവും ക്രമീകരിക്കാന്‍ ബാധ്യസ്ഥമാണെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നിരിക്കെ ഓരോ പ്രവര്‍ത്തകനും ഖുര്‍ആന്‍ പഠിക്കാന്‍ ബാധ്യസ്ഥനാകും, തീര്‍ച്ച.
ജമാഅത്തെ ഇസ്‌ലാമിയുടെ ഉത്ഭവം ഖുര്‍ആനില്‍നിന്നായത് യാദൃഛികമോ അസ്വാഭാവികമോ അല്ല. അത് ചരിത്രത്തിന്റെ നിയോഗം മാത്രമാണ്. സമാന പ്രസ്ഥാനങ്ങളുടേതും ഇതുതന്നെ. പ്രവാചകനും അനുയായികളും ചേര്‍ന്ന് പ്രയോഗവത്കരിച്ച ഖുര്‍ആനിന്റെ വ്യക്തിഗതവും സമഷ്ടിഗതവുമായ മാതൃകകളുടെ പുനഃസ്ഥാപനമാണ് അവ ലക്ഷ്യം വെക്കുന്നത്. അപ്പോഴത് ആദ്യ ഘട്ടത്തെ പോലെ തന്നെ ഖുര്‍ആനില്‍നിന്ന് മുളച്ചു പൊന്തേണ്ടതുണ്ടല്ലോ. ജമാഅത്തെ ഇസ്‌ലാമി സ്ഥാപക നേതാവും നവോത്ഥാന നായകനുമായ അബുല്‍ അഅ്‌ലാ മൗദൂദിയുടെ രംഗപ്രവേശം തന്നെ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' എന്ന ജിഹ്വയുമായി, ഖുര്‍ആനിലേക്ക് തിരിച്ചുവരാനുള്ള ആഹ്വാനവുമായിട്ടായിരുന്നു. ഖുര്‍ആനിനോടുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ ഈ വാചകം തന്നെ മതി: ''നിരവധി ചിന്തകന്മാരുടെയും ശാസ്ത്രജ്ഞരുടെയും ധാരാളം ഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സില്‍ ഒരു വന്‍ ലൈബ്രറി തന്നെ ഞാനിറക്കിവെച്ചു. എന്നാല്‍ ഖുര്‍ആന്‍ വായിച്ചു നോക്കിയപ്പോള്‍ അവരെല്ലാം കൊച്ചു കുട്ടികളായാണെന്നനിക്ക് തോന്നിയത്. ജീവിതകാലം മുഴുവന്‍ ചെലവഴിച്ചിട്ടും അവര്‍ക്ക് പ്രശ്‌നപരിഹാരം കണ്ടെത്താനാകാത്ത കാര്യങ്ങള്‍ ഖുര്‍ആന്‍ ഒന്നോ രണ്ടോ വാചകത്തില്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. എല്ലാ പൂട്ടുകളും തുറക്കാന്‍ കഴിയുന്ന 'മാസ്റ്റര്‍ കീ' ആയാണ് ഞാന്‍ ഖുര്‍ആനെ കാണുന്നത്.''
അദ്ദേഹത്തിന്റെ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' ആഴത്തില്‍ പഠനം നടത്തിയാലറിയാം അതിന്റെ മൂല്യവും സവിശേഷതയും അഗാധതയും ലാളിത്യവും മഹത്വവും. ഖുര്‍ആന്‍ അല്ലാത്ത അദ്ദേഹത്തിന്റെ രചനകള്‍ വിശകലനം ചെയ്താലും 'ഖുര്‍ആന്‍ മയം' ആണെന്ന് കാണാം. ഉദാഹരണത്തിന് അദ്ദേഹം രചിച്ച 'രിസാലെ ദീനിയ്യാത്ത്' (ഇസ്‌ലാം മതം). ഒരൊറ്റ ഖുര്‍ആന്‍ സൂക്തവും അതിലെടുത്തുദ്ധരിച്ചിട്ടില്ല. എന്നാല്‍ എല്ലാം ഖുര്‍ആന്‍ എന്നാണ് പുസ്തകത്തെ വിലയിരുത്തിയവര്‍ അത്ഭുതത്തോടെ പറഞ്ഞത്.
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകവും ഖുര്‍ആന്‍ പഠനവും
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം നിലവില്‍വന്ന് വൈകാതെ തന്നെ അതിന്റെ കീഴില്‍ 'പ്രബോധനം' പ്രസിദ്ധീകരണവും ആരംഭിച്ചു. മാസത്തില്‍ രണ്ടു പ്രാവശ്യം (പ്രതിപക്ഷ പത്രം) പ്രസിദ്ധീകരിക്കുന്ന ഘടനയിലായിരുന്നു അന്ന് പ്രബോധനം. ആരംഭം മുതലേ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങി. പ്രബോധനം വരുന്നതും കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകരും അനുഭാവികളും സാധാരണ ആദ്യമായി വായിക്കുക 'തഫ്ഹീമുല്‍ ഖുര്‍ആന്‍' ആയിരുന്നുവെന്ന് അമ്പത് വര്‍ഷം പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോളോര്‍ക്കുകയാണ്. വെറുതെ വായിച്ചു നോക്കുന്നതിലൊതുങ്ങിയിരുന്നില്ല അത്. ഖുര്‍ആന്‍ സൂക്തങ്ങളും തര്‍ജമയും വിശദീകരണവും ആവര്‍ത്തിച്ച് വായിക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. ഖുര്‍ആന്‍ പഠനത്തിന് അക്കാലത്ത് മറ്റു സൗകര്യങ്ങള്‍ പരിമിതമായിരുന്നു. 'ഖുതുബാത്തി'ലെ മൂന്നാം അധ്യായവും ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയും മറ്റും വായിച്ച അവര്‍ക്ക് തര്‍ബിയത്ത് പരിപാടികളിലെ ക്ലാസ്സുകള്‍ കൂടിയാകുമ്പോള്‍ ഖുര്‍ആന്‍ പഠനത്തിന് ഒന്നാം സ്ഥാനം നല്‍കാതിരിക്കാനാകുമായിരുന്നില്ല. ബീഡി തെറുപ്പുകാരും കര്‍ഷക തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമൊക്കെ ഖുര്‍ആന്‍ പഠിച്ചു ക്ലാസ്സെടുക്കാന്‍ കഴിവു നേടിയ എത്രയെത്ര അനുഭവങ്ങള്‍! പണ്ഡിതന്മാരടക്കം ആരെയും അഭിമുഖീകരിക്കാനും സംവദിക്കാനുമുള്ള ആത്മവിശ്വാസവും കഴിവും ഖുര്‍ആന്‍ പഠനത്തിലൂടെ അവര്‍ നേടിയിരുന്നു.
എന്നാല്‍, ഖേദകരമെന്ന് പറയട്ടെ, ഖുര്‍ആന്‍ പഠിക്കാന്‍ വ്യവസ്ഥാപിതവും ഔദ്യോഗികവുമായ സംവിധാനങ്ങള്‍ പിന്നീട് പ്രസ്ഥാനത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതിന്റെ ഫലമായി പോഷക സംഘടനകളിലെ അടുത്ത തലമുറകള്‍ക്ക് ഖുര്‍ആന്റെ യഥാര്‍ഥ സ്ഥാനം ഉള്‍ക്കൊണ്ട് ഉയര്‍ന്നുവരാനായില്ല. സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കതിന് സാധിക്കുമായിരുന്നു. സെക്കന്ററി തലത്തിലും ഡിഗ്രി തലത്തിലും ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കി, പ്രസ്തുത ഭാഷയില്‍ പഠനം നടത്തി ഉന്നത ബിരുദം നേടുന്ന അവര്‍ക്ക് ഖുര്‍ആന്‍ വായിക്കുമ്പോള്‍ നേരിട്ട് ആശയം ഗ്രഹിക്കാവുന്ന വിധമെങ്കിലും ഖുര്‍ആന്‍ പഠനം നടത്താന്‍ ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. വിവിധ ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന അവര്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഖുര്‍ആനിന്റെ യാഥാര്‍ഥ്യം കണ്ടെത്തി ആവേശത്തോടെ മുന്നോട്ടുവരുമായിരുന്നു. എന്നാല്‍ അവരെ ഖുര്‍ആനിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് കൊണ്ടു നടത്താന്‍ സാധ്യമായില്ല. പ്രസ്ഥാന പരിപാടികളിലെ ഖുര്‍ആന്‍ ക്ലാസ് പഠന സ്വഭാവമുദ്ദേശിച്ചല്ലാത്തതിനാല്‍ അത് പഠനത്തിനുപകരിച്ചതുമില്ല.
എന്നാല്‍, ഏവര്‍ക്കും ഖുര്‍ആന്‍ പഠിക്കാനുതകുന്ന വിധം ഖുര്‍ആന്‍ വിവരണങ്ങളും പരിഭാഷകളും സീഡികളും മറ്റു അനൗദ്യോഗിക സൗകര്യങ്ങളുമെല്ലാം പ്രസ്ഥാനം ഒരുക്കിയിട്ടുണ്ട്. ഐഛികമെന്ന നിലക്ക് പലരും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താറുമുണ്ട്.
റമദാനില്‍ ഖുര്‍ആന്‍ പഠനത്തിന് പ്രത്യേകമായി നിശ്ചയിക്കാറുള്ള പഠന സംരംഭവും 'തംഹീദുല്‍ മര്‍അ'യിലെ ഖുര്‍ആന്‍ പഠനവുമൊക്കെ പരീക്ഷാ കേന്ദ്രീകൃത പഠനമെന്ന നിലയില്‍ സജീവമാണെങ്കിലും ഉദ്ദിഷ്ട ലക്ഷ്യത്തിലെത്തുന്നുണ്ടോ? മുമ്പ് സൂചിപ്പിച്ചതുപോലുള്ള ശരിയായ അടിത്തറയിലും വീക്ഷണഗതിയിലും ആകുന്നില്ല എന്നതുകൊണ്ടാണ് ഉദ്ദിഷ്ട ലക്ഷ്യത്തിലെത്താന്‍ കഴിയാതെ പോകുന്നത്. അതിനാല്‍ നിലവിലുള്ള സംവിധാനത്തില്‍ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരും. ഖുര്‍ആന്‍ പഠനത്തിലെ മുന്‍ മാതൃകകള്‍ മുന്നില്‍ വെച്ചുകൊണ്ട് അതിന്റെ ചൈതന്യവും ആവേശവും തിരിച്ചുകൊണ്ടുവരാന്‍ കഴിയും.
Comments