Prabodhanm Weekly

Pages

Search

2018 ജൂണ്‍ 08

3055

1439 റമദാന്‍ 23

ബഹുസ്വരതയും മതനിരപേക്ഷ കേരളവും

ഒ.എം. രാമചന്ദ്രന്‍, കുട്ടമ്പൂര്‍

2018 ഏപ്രില്‍ 13-ലെ പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ച പി.ടി കുഞ്ഞാലിയുടെ 'മതത്തെ പുറമെ നിരാകരിക്കുമ്പോഴും ജാതിബോധത്തെ ആശ്ലേഷിച്ചു നില്‍ക്കുന്നവര്‍ നിര്‍മിക്കുന്ന കേരളം' എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം.

കേരളീയ ജീവിതാവസ്ഥയില്‍ മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ബഹുഭൂരിപക്ഷം ജനങ്ങളും ഇതനുസരിച്ച് ജീവിതം നയിക്കുന്നവരാണ്. എന്നാല്‍ അന്യമതാനുയായികളെ ബഹുമാനിക്കുകയും ആദരിക്കുകയും ആഘോഷങ്ങളിലും സന്തോഷത്തിലും ദുഃഖത്തിലും മറ്റും പങ്കുചേരുകയും ചെയ്യുന്ന ഒരു പ്രത്യേക മാനസികാവസ്ഥ രൂപപ്പെടുത്തിയെടുത്തവരാണ് ജാതിമത ഭേദമന്യേ ഓരോ മലയാളിയും. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇതുതന്നെയാണ് മതനിരപേക്ഷ കേരളത്തിന്റെ ശക്തിയും.

ഒരുകാലത്ത് കേരളം സാമൂഹിക പരിഷ്‌കര്‍ത്താക്കളാല്‍ സമ്പന്നമായിരുന്നു. വിവിധ ജാതിമത വിഭാഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളെ റോള്‍ മോഡലുകളായി സ്വീകരിച്ചവരായിരുന്നു അവര്‍. സാമൂഹിക മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരാരും തന്നെ ജാതിയോ മതമോ നോക്കിയായിരുന്നില്ല സാമൂഹിക മാറ്റത്തിന് നേതൃത്വം നല്‍കിയത്. അവരുടെ മനസ്സില്‍ തീവ്ര മതചിന്തകളോ ജാതിചിന്തകളോ സ്ഥാനം പിടിച്ചിരുന്നില്ല. തന്റെ മതം, വിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ മാത്രമാണ് ശരിയെന്ന ബോധം ലവലേശം അവരില്‍ ഉണ്ടായിരുന്നില്ല.

എല്ലാ മതങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത് സ്‌നേഹിക്കാനും ബഹുമാനിക്കാനും അന്യന്റെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരാനുമാണ്. അന്യമതസ്ഥനെ വെറുക്കാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല. കേരളീയര്‍ ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. എല്ലാ ജാതിമത വിഭാഗങ്ങളും ഏകോദര സഹോദരങ്ങളെപ്പോലെ കേരളത്തില്‍ ജീവിച്ചുവരുന്നു. സഹജീവി സ്‌നേഹവും കരുണയും കരുതലും നന്മയും എല്ലാം മനസ്സില്‍ നിറഞ്ഞ യഥാര്‍ഥ മതനിരപേക്ഷ കേരളം ലോകത്തിനുതന്നെ മാതൃകയാണ്. എന്നാല്‍ അടുത്ത കാലത്തായി മതനിരപേക്ഷ കേരളത്തിന്റെ യശസ്സ് കെടുത്തുന്ന രീതിയിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ ചില ഇടങ്ങളില്‍ ഉയര്‍ന്നുവരുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാസമ്പന്നരായവരുടെ അപക്വ മനസ്സില്‍ കുടിയേറിയ തീവ്ര ചിന്താഗതി മതഭ്രാന്തായി, ജാതിഭ്രാന്തായി മാറിയതാണ് കേരളത്തിലെ മത നിരപേക്ഷതക്ക് കോട്ടം തട്ടിച്ചത്. എന്നാല്‍ കേരളീയ സമൂഹം ഇത്തരം ചിന്താഗതികളെ തിരസ്‌കരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഇവിടെയാണ് മതസൗഹാര്‍ദത്തിന്റെ ആവശ്യകത തിരിച്ചറിയേണ്ടത്.

കേരളീയര്‍ ജാതിമതഭേദമന്യേ ഇവിടെ ജീവിച്ചുമരിക്കേണ്ടവരാണ്; എല്ലാവരുടെയും ആവശ്യങ്ങള്‍ ഒന്നുതന്നെയാണ് എന്ന ബോധം ഉണ്ടാകുമ്പോള്‍ തീവ്ര ജാതിമത ചിന്താഗതികളിലേക്ക് എടുത്തുചാടാന്‍ മനസ്സ് അനുവദിക്കുകയില്ല. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുക എന്നുള്ളതാണ് പ്രധാനം. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും ഇവിടെയുണ്ട്. അവ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് മാത്രം. കേരളീയന്റെ അത്യാഗ്രഹത്തിനുള്ളത് ഇവിടെ വേണ്ടത്രയില്ല എന്നുള്ളതും ചേര്‍ത്തുവായിക്കേണ്ടതാണ്.

മതനിരപേക്ഷതക്ക് ഏല്‍ക്കുന്ന ഏതൊരു ആഘാതവും അത് എത്രതന്നെ ചെറുതാണെങ്കിലും ശരി അത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമാകും. മതപരമായ, ജാതിപരമായ ഭിന്നിപ്പിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചവരാണ് നമ്മുടെ പൂര്‍വികര്‍. ഇനിയൊരിക്കലും ഇത്തരമൊരു അവസ്ഥ ഇവിടെ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചവരാണവര്‍. ഭയപ്പെടുത്തുന്ന ഇരുണ്ട ഭൂതകാലം നമ്മെ ഓര്‍മപ്പെടുത്തുന്നത് അതാണ്. മതനിരപേക്ഷതക്കെതിരായതെന്തും സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുക. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ജനങ്ങള്‍ മതനിരപേക്ഷതയെ മുറുകെ പിടിച്ച് മത-ജാതി ഭ്രാന്തിനെതിരെ അണിനിരക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ചിന്തിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ കേരളീയ ജീവിതാവസ്ഥക്ക് യോജിച്ചതല്ല എന്ന കാര്യം പഴയ തലമുറയോടൊപ്പം പുതിയ തലമുറയും അറിയേണ്ടതുണ്ട്. എല്ലാ മതക്കാരും അവരവരുടെ മതത്തില്‍ വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുകയും നല്ല വ്യക്തിത്വത്തിനുടമകളാവുകയും ചെയ്യുമ്പോള്‍തന്നെ മതവിശ്വാസികളല്ലാത്തവരും ആചാരാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടാതെ ജീവിതം നയിക്കുന്നവരും കൂടിച്ചേര്‍ന്നുള്ള ബഹുസ്വര സംസ്‌കാരം കേരളീയ ജീവിതാവസ്ഥയില്‍ സാധ്യമാക്കാന്‍ കഴിയേണ്ടതുണ്ട്. അപ്പോഴാണ് മതനിരപേക്ഷ കേരളം സാധ്യമാവുക.

 

 

 

ദുഃസ്വപ്നമല്ല ഫാഷിസം

വര്‍ഗീയ ഫാഷിസ്റ്റുകള്‍ മറ്റു പല മേഖലകളെയും പോലെ അക്കാദമിക-ഉദ്യോഗസ്ഥ മേഖലകള്‍ കൈയിലൊതുക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടത്തിക്കൊണ്ടിരിക്കുകയാണ്.

അക്കാദമിക് മേഖലയില്‍ കാവി ചിന്തയണിഞ്ഞവരെ തിരുകി കയറ്റാന്‍ മത്സരമാണ്. ജ്യോതിഷവും ഗോമൂത്രവും ചാണകവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. പ്ലാസ്റ്റിക്ക് സര്‍ജറി ഗണപതിയുടെ കാലം മുതലേ ഉണ്ടായിരുന്നുവെന്നും കുരുക്ഷേത്രയുദ്ധത്തില്‍ ഉപഗ്രഹ സങ്കേതിക വിദ്യ പരീക്ഷിച്ചിട്ടുണ്ടെന്നുമുള്ള യുക്തിരഹിതമായ വാദഗതികള്‍  പൊതുവിദ്യാഭ്യാസ സിലബസ്സില്‍ തിരുകി കയറ്റാനുള്ള വ്യഗ്രതയിലാണ് അധികാര കേന്ദ്രങ്ങള്‍. യു.ജി.സിയെ വരുതിയിലാക്കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏക ശിലാഘടനയാര്‍ന്ന സിലബസ്സ് ചുട്ടെടുക്കാനുള്ള ശ്രമവും നടക്കുന്നു. സര്‍വകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മേല്‍ ഭരണകൂടത്തിന്റെ അമിതമായ കൈകടത്തല്‍ ഇതിന്റെ ഭാഗമാണ്. ഏറക്കുറെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന യു.പി.എസ്.സിയെയും അവര്‍ നടത്തുന്ന എഴുത്ത് പരീക്ഷയെയും അഭിമുഖ പരീക്ഷയെയും നോക്കുകുത്തിയാക്കി സിവില്‍ സര്‍വീസ് കേഡര്‍ നിര്‍ണയത്തിലും നിയമനത്തിലും പരിശീലന കാലത്തെ ഫൗണ്ടേഷന്‍ കോഴ്‌സും പ്രബോഷണറന്‍മാരുടെ മികവുകള്‍ അടിസ്ഥാനമാക്കാനുള്ള നിര്‍ദേശവും മറ്റും പ്രാബല്യത്തില്‍ വരുത്തി അതിന്റെയടിസ്ഥാനത്തില്‍ തല്‍പ്പരകക്ഷികളെ കേഡര്‍ തസ്തികയില്‍ തിരുകി കയറ്റാനുള്ള കുത്സിത ശ്രമവും അണിയറയില്‍ നടക്കുകയാണ്. മറുവശത്ത് യൂനിവേഴ്‌സിറ്റികളില്‍ വര്‍ഗീയ അജണ്ടയുടെ ഭാഗമെന്നോണം ബൗദ്ധിക തലങ്ങളില്‍  ഇസ്‌ലാമിക് ഫോബിയ പ്രചരിപ്പിക്കാന്‍ ഇസ്‌ലാമിക ഭീകരത പാഠ്യ വിഷയമാക്കാനുള്ള അക്കാദമിക്ക് കൗണ്‍സിലിന്റെ തിരുമാനവും നാം ഞെട്ടലോടെ അറിയുന്നു. ചരിത്ര സ്മാരകങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും കച്ചവട തല്‍പര്യത്തിനും മറ്റും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. 1938 മുതലേ സ്ഥാപിക്കപ്പെട്ട ജിന്നയുടെ ഫോട്ടോയുടെ പേര് പറഞ്ഞ് അന്തര്‍ദേശീയ തലത്തില്‍ തന്നെ പേരെടുത്ത അലീഗഢ് മുസ്‌ലിം സര്‍വകലാശാലയെന്ന പ്രമുഖ ന്യൂനപക്ഷസ്ഥാപനത്തെ തകര്‍ക്കാനുള്ള കുത്സിത ശ്രമവും നടക്കുന്നു.

ഒരു വെടിക്ക് പല പക്ഷികളെയും വീഴ്ത്തുന്ന ഫാഷിസ്റ്റ് കാലത്ത് മതനിരപേക്ഷതയുടെയും ജനാധ്യപത്യത്തിന്റെയും നെഞ്ചിന്‍ കൂട് പിളര്‍ക്കപ്പെടാതെ സൂക്ഷിക്കാന്‍ തന്‍പോരിമയും ഗീര്‍വാണവും മാറ്റി വെച്ച് സര്‍വ കച്ചിത്തുരുമ്പും ഏച്ചു കൂട്ടി വിശാലാര്‍ഥത്തിലുള്ള ഒരു പ്രതിരോധ നിര കെട്ടിപ്പടുക്കാന്‍ സര്‍വരും മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓര്‍ക്കുക ഫാഷിസമെന്നത് യാഥാര്‍ഥ്യമായി തീര്‍ന്ന ഒരാശയമാണ്. അതൊരു ദുഃസ്വപ്‌നമല്ല.

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

 

 

 

മുസ്‌ലിം നേതൃത്വങ്ങളോട് വിനയപുരസ്സരം

ഇസ്‌ലാമിനെ മുഖ്യശത്രുവായി കാണുന്ന ഒരു വിഭാഗം താക്കോല്‍ സ്ഥാനങ്ങളില്‍ വിരാജിക്കുന്ന കാലത്ത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ മുഖം വല്ലാതെ വികൃതമായിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്.

പശുവിന്റെയും മറ്റുമൊക്കെ പേരിലുള്ള ആസൂത്രിത നരഹത്യകള്‍ പെരുകി അവസാനം പ്രാര്‍ഥനകള്‍ പോലും തടസ്സപ്പെടുത്തുന്ന തലത്തിലേക്ക് എത്തി യിരിക്കുന്നു. താരതമ്യേന വിശാലമായി ചിന്തിക്കുന്ന മലയാളി മനസ്സിനെ പിളര്‍ക്കാനുള്ള തന്ത്രങ്ങള്‍ പല തവണ പിടിക്കപ്പെട്ടിട്ടും വീണ്ടും വീണ്ടും പരീക്ഷിച്ച് കൊണ്ടേയിരിക്കുന്നു.

സംഘ് കുബുദ്ധിയില്‍ ഉയിരെടുത്ത ഹര്‍ത്താല്‍ ആഹ്വാനത്തില്‍ വീണുപോയ സമുദായ യുവതയെയും അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നേതൃത്വങ്ങളെയും ഇത്തരമൊരു അവസ്ഥയില്‍ ഗൗരവ വിചാരണക്ക് വിധേയമാക്കേണ്ടതുണ്ട്.

അയല്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഘ്പരിവാര്‍ ആസൂത്രിത നരവേട്ടകളോടുള്ള പ്രതിഷേധം ഉള്ളില്‍ ഒരു അഗ്നിയായി പേറി നടക്കുന്ന ചെറിയ ന്യൂനപക്ഷമെങ്കിലും കേരളക്കരയിലുണ്ടെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നതായിരുന്നു ചിലയിടങ്ങളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട സംഭവങ്ങള്‍.

പക്ഷേ, ഈ അതിവൈകാരികത ആത്യന്തികമായി സംഘ് പരിവാറിന് തന്നെയാണ് ഗുണം ചെയ്യുകയെന്ന് ഇവരെ പറഞ്ഞു മനസ്സിലാക്കാന്‍ നേതൃത്വങ്ങള്‍ തയാറാകേണ്ടതുണ്ട്. പരസ്പര തര്‍ക്കങ്ങളില്‍ ഊര്‍ജം പാഴാക്കിക്കളയുന്ന നേതാക്കന്മാര്‍ വിധ്വംസക ശക്തികളുടെ ചരിത്രവും അവരുടെ അജണ്ടകളും വസ്തുനിഷ്ഠമായി ചെറുപ്പക്കാര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാലമാണിത്.

മുഖ്യധാരാ രാഷ്ട്രീയ-സാംസ്‌കാരിക സംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഫാഷിസത്തിനെതിരായി ഒരു ബഹുജന മുന്നേറ്റത്തിന് മുസ്‌ലിം സമുദായ നേതൃത്വം തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. ഹര്‍ത്താലിന് വളരെ പെട്ടെന്ന് വര്‍ഗീയ നിറം നല്‍കുകയും ചില സംഘടനകളെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും താനൂരില്‍ തകര്‍ക്കപ്പെട്ട മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മറച്ചുവെക്കുകയും ചെയ്തുകൊണ്ടുള്ള ജുഗുപ്‌സാവഹമായ പ്രചാരണങ്ങളെയും ഗൗരവതരമായിത്തന്നെ കാണണം.

ഇസ്മാഈല്‍ പതിയാരക്കര ബഹ്‌റൈന്‍

Comments