Prabodhanm Weekly

Pages

Search

2018 ജൂണ്‍ 08

3055

1439 റമദാന്‍ 23

കാലത്തിന്റെ വിളി കേള്‍ക്കണം കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങള്‍

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാലയുടെ കവാടത്തിനു ചുറ്റും ഒരിക്കല്‍ അസാധാരണമായ ഒരു ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടു. 'ഞങ്ങളുടെ പ്രഫസര്‍മാര്‍ക്ക് വാര്‍ധക്യം ബാധിച്ചിരിക്കുന്നു. പുറത്തുപോവുക.'

സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ഥികളോട് പലവുരു അഭ്യര്‍ഥിച്ചെങ്കിലും ചുവരെഴുത്ത് മായ്ച്ചുകളയാന്‍ അവര്‍ തയാറായില്ല.

'സര്‍വകലാശാലയുടെ അകത്തേക്കു കടക്കുന്ന ഓരോ പ്രഫസറും ഈ ചുവരെഴുത്തു വായിക്കട്ടെ. അവര്‍ ഞങ്ങളെയെങ്കിലും വൃദ്ധന്മാരാക്കാതിരിക്കട്ടെ' എന്ന ശാഠ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു.1

സോര്‍ബോണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍മാരില്‍ പ്രായം ചെന്നവരുടെ എണ്ണം വളരെ കുറവായിരുന്നിട്ടും വിദ്യാര്‍ഥികള്‍ 'വാര്‍ധക്യം' ഉയര്‍ത്തിപ്പിടിച്ച് ചുവരെഴുത്തു നടത്തിയതെന്തിനായിരുന്നു എന്നന്വേഷിക്കുമ്പോള്‍ മനസ്സിലാവും പ്രായമായിരുന്നില്ല, അധ്യാപകരുടെ സമീപനവും മനോഭാവവും രീതിശാസ്ത്രവും നിലപാടുകളുമാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചതെന്ന്. മാറുന്ന കാലത്തിന്റെ പ്രത്യേകതകളെയും പ്രവണതകളെയും തിരിച്ചറിയാത്തവര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരായി വരുമ്പോള്‍ പുതിയ തലമുറയുടെ അഭിരുചികളോടും താല്‍പര്യങ്ങളോടും സംഘര്‍ഷപ്പെടേണ്ടിവരിക സ്വാഭാവികമാണ്. അനുഭവസമ്പത്തോ വൈജ്ഞാനിക മികവോ യോഗ്യതാ ബാഹുല്യമോ ഒന്നും ഇവിടെ സഹായകമായി വര്‍ത്തിച്ചുകൊള്ളണമെന്നില്ല. ലോകത്തിന്റെ ഗതിവിഗതികള്‍ വിലയിരുത്താന്‍ പോന്ന നിരീക്ഷണ പാടവവും വിശകലന ശേഷിയുമുള്ള യുവാക്കളാണ് ഉന്നത കലാലയങ്ങളിലും സര്‍വകലാശാലകളിലും വിദ്യാര്‍ഥികളായി എത്തുന്നത്. വിദ്യാഭ്യാസത്തോട് താല്‍പര്യമുണര്‍ത്തുന്ന നയനിലപാടുകളും വിദ്യാലയങ്ങളോട് മതിപ്പു വളര്‍ത്തുന്ന സമീപനവും പഠനത്തോട് അഭിനിവേശം വര്‍ധിപ്പിക്കുന്ന ബോധന രീതിശാസ്ത്രവും ഇവരുടെ കാര്യത്തില്‍ സ്വീകരിക്കേണ്ടിവരും.

കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ഇസ്‌ലാമിക നവജാഗരണത്തിന്റെ സദ്ഫലങ്ങളാണ് ഇവിടെ ഉയര്‍ന്നുവന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും. സച്ചരിതരായ പൂര്‍വികരുടെ ഉദാരമനസ്‌കതയും ദീര്‍ഘദര്‍ശനവും ഉയര്‍ന്ന ചിന്തയും ഉദ്ദേശ്യശുദ്ധിയും സാമൂഹിക പ്രതിബദ്ധതയുമെല്ലാം ഈ സ്ഥാപനങ്ങളുടെ പിറവിക്കും വളര്‍ച്ചക്കും കാരണമായി. അവയില്‍ ഒട്ടുമിക്കതും പ്രശസ്തിയാര്‍ജിച്ചു. നിരവധി പ്രതിഭാശാലികള്‍ക്കു ജന്മം നല്‍കി. സമുദായത്തെ സാമൂഹികമായും സാംസ്‌കാരികമായും സമുദ്ധരിക്കുന്നതിനു സഹായകമായ ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ചു. നാടിനു ഗുണകരമായ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി.

നിരവധി പ്രതിബന്ധങ്ങളും പരിമിതികളും അതിജീവിച്ചുകൊണ്ടാണ് കേരളത്തില്‍ ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നതും വളര്‍ന്നു വികസിച്ചതും. തുടക്കത്തില്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി മുന്നോട്ടുപോയ ചില സ്ഥാപനങ്ങള്‍ പിന്നീട് സാമൂഹികാവശ്യങ്ങളും വിദ്യാര്‍ഥികളുടെ ഭാവിയും മുന്നില്‍ കണ്ട് ഭൗതിക വിദ്യാഭ്യാസത്തെക്കൂടി സമന്വയിപ്പിക്കാന്‍ ശ്രമം നടത്തി. മറ്റു ചിലത് സാമ്പ്രദായിക മാതൃക മുറുകെപ്പിടിച്ചു തന്നെ മുന്നോട്ടു പോയി. നിയതമായ ഉദ്ദേശ്യലക്ഷ്യങ്ങളോ കാര്യമായ ദിശാബോധമോ അവശ്യം ലഭിക്കേണ്ട സാമൂഹിക പിന്തുണയോ ഒന്നും കിട്ടാതെ പോയതിനാല്‍ പ്രവര്‍ത്തനം നിലച്ചുപോയ വിദ്യാലയങ്ങളും കുറവല്ല.

നൂറുകണക്കിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭിന്നലക്ഷ്യങ്ങളോടെ വ്യത്യസ്തതകള്‍ ഉയര്‍ത്തിപ്പിടിച്ച് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ വേറിട്ട അസ്തിത്വവുമായി ഇസ്‌ലാമിക കലാലയങ്ങള്‍ എന്തിനു പ്രവര്‍ത്തിക്കുന്നു എന്ന അന്വേഷണം ഇത്തരുണത്തില്‍ പ്രസക്തമാണ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആധികാരിക ഉറവിടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് സമകാലിക അക്കാദമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം വിദ്യാര്‍ഥികളുടെ ജന്മദത്തവും നൈസര്‍ഗികവുമായ ക്ഷമതാ ചോദനകളെ സ്വത്വാവിഷ്‌കാരത്തിന് പ്രാപ്തമാക്കുംവിധം സഹായിക്കുകയും ചെയ്യുക എന്ന മൗലികമായ ഒരു കാഴ്ചപ്പാട് ഏതാണ്ടെല്ലാ ഇസ്‌ലാമിക കലാലയങ്ങള്‍ക്കുമുണ്ട് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. വിദ്യാലയങ്ങള്‍ക്കകത്ത് മൂല്യാധിഷ്ഠിതമായ ഒരു പഠനപരിസരം സൃഷ്ടിച്ച് തദ്വാരാ അനുഭവാധിഷ്ഠിത വിദ്യാഭ്യാസം നല്‍കി സമര്‍ഥരായ പണ്ഡിതന്മാരെ സൃഷ്ടിക്കുക വഴി ആശയ പ്രചാരണവും വിജ്ഞാന പ്രസരണവും സുസാധ്യാക്കുക എന്ന ഒരു ദര്‍ശനവും കൂട്ടത്തിലുണ്ട്. ഇസ്‌ലാമിന്റെ വിശ്വാസദര്‍ശനം, കര്‍മസംഹിത, നിയമശാസ്ത്രം, രാഷ്ട്ര സങ്കല്‍പം, ശരീഅത്തിന്റെ മൂലസ്രോതസ്സുകള്‍, അറബി ഭാഷ-സാഹിത്യം തുടങ്ങിയവയില്‍ ഗഹനമായ പഠനവും ഗവേഷണവും ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ തുറന്നുകൊടുക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് എന്ന അര്‍ഥത്തില്‍ ഇസ്‌ലാമിക കലാലയങ്ങള്‍ സ്വയം അവകാശപ്പെടുന്നുമുണ്ട്. ഇപ്പറഞ്ഞതെല്ലാമാണ് തങ്ങളുടെ വിദ്യാഭ്യാസ ദര്‍ശനം എന്ന് സ്ഥാപന നടത്തിപ്പുകാര്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ സ്വയം വിമര്‍ശനത്തിന്റെയും ആത്മവിചാരണയുടെയും തലത്തില്‍ നിന്നുകൊണ്ടും പുതിയ നൂറ്റാണ്ടിനെ മുന്നില്‍ കണ്ടും ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു:

* തങ്ങളുടേതായ കാഴ്ചപ്പാടിനും വിദ്യാഭ്യാസ ദര്‍ശനത്തിനുമനുസൃതമായി സമകാലികമായ ഒരു പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കുന്നതിലും നടപ്പില്‍ വരുത്തുന്നതിലും ഉന്നത ഇസ്‌ലാമിക കലാലയങ്ങള്‍ക്ക് ഇക്കാലയളവില്‍ എത്രത്തോളം വിജയിക്കാന്‍ കഴിഞ്ഞു?

* സംയോജിത വിദ്യാഭ്യാസത്തിന്റെയും ഉദ്ഗ്രഥിത പഠനത്തിന്റെയും കാലമാണിത്. വിജ്ഞാനത്തിന്റെ ശാഖീകരണവും ഉപശാഖീകരണവും ത്വരിതഗതിയില്‍ നടന്നുവരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രക്രിയക്കകത്ത് ഉദ്ഗ്രഥിതവും വിഷയാന്തരബന്ധിതവുമായ ഒരു സമീപനം സ്വീകരിക്കാന്‍ ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഇസ്‌ലാമിനെ സംബന്ധിച്ച് ഭിന്ന വിഷയങ്ങളും സമസ്യകളും സമഗ്രമായും സൃഷ്ട്യുന്മുഖമായും വിമര്‍ശനാത്മകമായും പഠിക്കാനും വിശകലനം ചെയ്യാനും എത്രമാത്രം അവസരങ്ങളാണ് വിദ്യാര്‍ഥികള്‍ക്കു കൊടുക്കാന്‍ കഴിയുന്നത്?

* ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഗഹനവും ആധികാരികവുമായ ഗവേഷണം നടത്തുന്നവരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കാന്‍ പറ്റുന്ന തന്ത്രങ്ങളും സംവിധാനവും എത്രത്തോളമാണ് പ്രയോജനപ്പെടുത്താനാവുന്നത്?

* വിദ്യാര്‍ഥികള്‍ സ്വതന്ത്ര പഠിതാക്കളും സ്വയം പഠിതാക്കളുമായി വളര്‍ന്ന് വിജ്ഞാനത്തിന്റെ സ്രഷ്ടാക്കളായി മാറാന്‍ ഉപകരിക്കും വിധത്തില്‍ സമ്പന്നമായ അക്കാദമിക വിഭവശേഷി ആര്‍ജിക്കാന്‍ എത്ര ഇസ്‌ലാമിക കലാലയങ്ങള്‍ക്ക് സാധിക്കുന്നുണ്ട്?

* സമൂഹത്തിന്റെ നേതൃത്വമേറ്റെടുക്കല്‍, തൊഴില്‍ സമ്പാദനം, ഉപരിപഠന പ്രവേശനം എന്നിങ്ങനെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അറിവും ശേഷിയും സ്വായത്തമാക്കിക്കൊടുക്കുന്നതില്‍ എത്രത്തോളമാണ് നമുക്ക് വിജയിക്കാനാവുന്നത്?

ഇന്ത്യയിലെ കലാലയങ്ങളെയും സര്‍വകലാശാലകളെയും അവയുടെ അക്കാദമികവും അക്കാദമികേതരവുമായ നിര്‍വഹണ നിലവാരം മുന്നില്‍ വെച്ച് റാങ്ക് ചെയ്യുന്ന സംവിധാനം രാജ്യത്ത് നിലവിലുണ്ട്. വേരോ പൈതൃകമോ കാലപ്പഴക്കമോ ഒന്നുമല്ല, ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ നിയോഗം ഏറ്റെടുക്കുന്നുണ്ടോ എന്നതാണ് അടിസ്ഥാന പ്രശ്‌നം. നിയോഗം ഏറ്റെടുക്കാനും പിടിച്ചുനില്‍ക്കാനുമാകണമെങ്കില്‍ പല ഘടകങ്ങള്‍ ഒത്തൊരുമിക്കേണ്ടതുണ്ട്. ഭദ്രമായ രൂപഘടന, ഭൗതിക സൗകര്യങ്ങള്‍, കെട്ടിടസംവിധാനം, അക്കാദമിക വിഭവ ശേഷി, വിദ്യാര്‍ഥികളിലെ വ്യക്തിവൈജാത്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ക്ഷമത, സാമൂഹികാംഗീകാരം, ഉല്‍പാദന ക്ഷമത, ഗവേഷണ പടുക്കളെ വാര്‍ത്തെടുക്കാനുള്ള സ്വയംപര്യാപ്തി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. കേരളത്തിലെ ഉന്നത ഇസ്‌ലാമിക കലാലയങ്ങളെ ഇവ്വിധം ശ്രേണീകരിക്കാന്‍ ശ്രമിച്ചാല്‍ എത്രകണ്ട് നമുക്ക് തൃപ്തരാകാന്‍ കഴിയും? ജനപ്രീതിയും ആദരവും അംഗീകാരവും നേടിയെടുക്കുക എന്നത് ഇസ്‌ലാമിക കലാലയങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇത്തരമൊരു വെല്ലുവിളിയുണ്ടാക്കിത്തീര്‍ത്ത സാഹചര്യം വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായത്തിനകത്തുള്ള സമ്പന്നര്‍, നേതാക്കള്‍, അഭ്യസ്തവിദ്യര്‍, ബുദ്ധിജീവികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവരില്‍ അധികപേരുടെയും ഉന്നത ഇസ്‌ലാമിക കലാലയങ്ങളെ സംബന്ധിച്ച കാഴ്ചപ്പാട് പോലും മുന്‍വിധികളില്‍ അധിഷ്ഠിതമാണ്. ഗുണമേന്മയുടെ അഭാവം, ദുര്‍ബല മാനേജ്‌മെന്റ്, വിദ്യാര്‍ഥികളുടെ നിലവാരക്കുറവ്, സാമ്പത്തിക പരാധീനത എന്നിങ്ങനെ ഒരു കൂട്ടം ഋണാത്മക മുദ്രകള്‍ ഇസ്‌ലാമിക കലാലയങ്ങള്‍ക്ക് ഇതിനകം ചാര്‍ത്തപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അപകര്‍ഷ ബോധത്താല്‍ പിന്‍വാങ്ങുന്നതിനു പകരം ആര്‍ജവത്തോടെ ഈ വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്. എവിടെയൊക്കെയാണ് തങ്ങള്‍ക്കു മെച്ചപ്പെടാനുള്ളത്, ഏതെല്ലാം പരിമിതികളാണ് തങ്ങള്‍ക്ക് മറികടക്കാനുള്ളത്, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി പൊതുസമൂഹത്തിന്റെ പ്രീതിയും ആദരവും എങ്ങനെ നേടിയെടുക്കാം, കാലാനുസൃതമായി എങ്ങനെയൊരു വികസനരേഖ രൂപപ്പെടുത്താം, എങ്ങനെ രക്ഷാകര്‍ത്താക്കളുമായി സുദൃഢവും സുതാര്യവുമായ ബന്ധം സ്ഥാപിക്കാം, സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുംവിധം രൂപഘടന, ഭൗതിക പരിസരം, പഠന പദ്ധതി ഉള്ളടക്കം, മാനേജ്‌മെന്റ് സംവിധാനം എന്നിവയില്‍ വരുത്തേണ്ട മൗലികമായ മാറ്റങ്ങള്‍ എന്തൊക്കെയാണ്, പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം കിട്ടാന്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് തുടങ്ങിയവ ഓരോ സ്ഥാപനത്തിന്റെയും മേധാവികള്‍ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇപ്പോഴും തനതായ ഒരു നിയോഗദര്‍ശനം മുന്നോട്ടു വെക്കുന്നതില്‍ പരാജയപ്പെട്ട സ്ഥാപനങ്ങള്‍ നമുക്കിടയിലുണ്ട്. മറ്റു സ്ഥാപനങ്ങളില്‍നിന്ന് സ്വന്തം സ്ഥാപനത്തെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം നിയതമായ ഒരു ദര്‍ശനവും അതിലൂന്നിക്കൊണ്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങളും അവ സാക്ഷാല്‍ക്കരിക്കാനായി പിന്തുടരുന്ന കര്‍മപദ്ധതിയുമാണ്. ദര്‍ശനവും ഉദ്ദേശ്യലക്ഷ്യങ്ങളും കര്‍മപദ്ധതിയും കാലോചിതമായി ചിലപ്പോള്‍ പുനഃപരിശോധിക്കേണ്ടി വന്നേക്കാം. പൊളിച്ചെഴുത്തിനു വിധേയമാക്കേണ്ട സന്ദര്‍ഭങ്ങളും വന്നേക്കും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് സമൂഹത്തിന് എന്താണ് നല്‍കാനുള്ളത്, സമൂഹം ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിവേണം നിയോഗദര്‍ശനവും (Vision) ഉദ്ദേശ്യലക്ഷ്യങ്ങളും (Objectives) കര്‍മപദ്ധതിയും (Mission) വികസിപ്പിക്കാന്‍. സ്ഥാപനങ്ങളില്‍നിന്ന് സമൂഹം പലതും പ്രതീക്ഷിച്ചേക്കാം. എല്ലാ പ്രതീക്ഷകളും അന്വര്‍ഥമാക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ സങ്കല്‍പങ്ങള്‍ക്ക് മുന്‍ഗണനാക്രമം നല്‍കി പരിഗണനയിലെടുക്കുകയും അവ സാക്ഷാല്‍ക്കരിക്കുന്നതിനു നടപടികളെടുക്കുകയും ചെയ്യുമ്പോഴാണ് ഏതൊരു സ്ഥാപനവും വിശ്വസനീയമാകുന്നത്. സ്ഥാപനങ്ങള്‍ക്കു വേണ്ടിയാകരുതല്ലോ സ്ഥാപനങ്ങള്‍. സാമൂഹികാവശ്യങ്ങളോടും യാഥാര്‍ഥ്യങ്ങളോടും താദാത്മ്യപ്പെടാന്‍ കഴിയുമ്പോഴാണ് ഏതൊരു സ്ഥാപനവും നിലനില്‍ക്കാനുള്ള അര്‍ഹത നേടുന്നത്. അതുപോലെ നിയോഗദര്‍ശനം മാറ്റിക്കൊണ്ടിരിക്കുന്നതും ഉദ്ദേശ്യലക്ഷ്യങ്ങളില്‍ മായം ചേര്‍ക്കുന്നതും സ്ഥാപനത്തെ സംബന്ധിച്ച വിശ്വാസത്തിനു മങ്ങലേല്‍പ്പിക്കുകയും അപഖ്യാതി വരുത്തിവെക്കുകയും ചെയ്യും.

ഇസ്‌ലാമിക വിദ്യാഭ്യാസം എന്നാല്‍ സൗജന്യവിദ്യാഭ്യാസം എന്നു കരുതുന്നവരാണ് സമൂഹത്തില്‍ കൂടുതലും. താമസസൗകര്യം, ഭക്ഷണം എന്നിവയൊടൊപ്പം സൗജന്യ വിദ്യാഭ്യാസം കൂടി നല്‍കുന്ന സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തില്‍ ഒട്ടേറെയുണ്ട്. നിര്‍ധനരായ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക മുതല്‍മുടക്കില്ലാതെ ഉപരിപഠനം നടത്താന്‍ ഈ സ്ഥാപനങ്ങള്‍ അവസരമൊരുക്കുന്നു എന്നത് ഏറെ ശ്ലാഘനീയമായ കാര്യമാണ്. മുസ്‌ലിം സംഘടനകളും ധര്‍മസംരംഭങ്ങളും നടത്തുന്ന ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും വലിയൊരളവുവരെ ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള പരശ്ശതം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉപരിപഠനത്തിനുള്ള അഭയകേന്ദ്രങ്ങളാണ് എന്നു പറഞ്ഞാലും തെറ്റാവില്ല. ഉദാരമതികളില്‍നിന്ന് കിട്ടുന്ന പിന്തുണയിലും സഹായത്തിലുമാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ടു പോകുന്നത്.

സൗജന്യ വിദ്യാഭ്യാസത്തിന്റെ നന്മകള്‍ പറയുമ്പോള്‍ തന്നെ അതിന്റെ മറുവശം കൂടി കാണേണ്ടതുണ്ട്. ചുരുക്കം ചില സ്ഥാപനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സൗജന്യവിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ഉന്നത ഇസ്‌ലാമിക കലാലയങ്ങള്‍ കൂടുതലും ഒട്ടനേകം അപര്യാപ്തതകള്‍ പേറി ഞെരുങ്ങുകയാണ്. വേണ്ടത്ര ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാനോ പഠനസൗകര്യങ്ങള്‍ ക്രമീകരിക്കാനോ കഴിവും പ്രാപ്തിയും യോഗ്യതയുമുള്ള അധ്യാപകരെ നിയമിക്കാനോ, ഭരണ നൈപുണിയുള്ളവരെ ഓഫീസ് പ്രവര്‍ത്തനമേല്‍പിക്കാനോ ഒന്നും സാധിക്കാതെ നിന്നേടത്തു നിന്ന് കിതക്കുന്ന സ്ഥാപനങ്ങളില്‍ ഗുണമേന്മാ വിദ്യാഭ്യാസം എങ്ങനെയാണ് ഉറപ്പാക്കാന്‍ കഴിയുക? അനാകര്‍ഷകമായ കെട്ടിടം, പ്രാകൃതമായ ക്ലാസ്മുറികള്‍, വൈരസ്യമുണര്‍ത്തുന്ന പഠനപരിസരം, വിദ്യാര്‍ഥിസൗഹൃദമല്ലാത്ത ചിട്ടകളും വ്യവസ്ഥകളും- എല്ലാം കൂടി ചേരുമ്പോള്‍ ഒരു തലമുറയില്‍ രൂപപ്പെടുന്നത് പഠനാഭിമുഖ്യമാണോ പഠനമുരടിപ്പാണോ എന്നു പലവട്ടം നാമാലോചിക്കണം.

ഉയര്‍ന്ന പാണ്ഡിത്യവും ആശയവിനിമയ ശേഷിയും നേതൃഗുണവുമുള്ള പണ്ഡിതന്മാര്‍ സമുദായത്തില്‍ താനേ വളര്‍ന്നുവരുമെന്നു കരുതുന്നത് അബദ്ധമാണ്. പഠനസന്നദ്ധതയും പഠനാഭിമുഖ്യവും പഠനശേഷിയുമുള്ളവര്‍ കലാലയങ്ങൡലക്ക് കടന്നു വരുന്നതിലൂടെയല്ലാതെ ഒരു സ്ഥാപനത്തില്‍നിന്നും മികച്ച പണ്ഡിതന്മാര്‍ പുറത്തുവരില്ല. അത്തരക്കാര്‍ കടന്നുവരണമെങ്കില്‍ തന്നെ അവരുടെ അഭിരുചികളോടും താല്‍പര്യങ്ങളോടും താദാത്മ്യപ്പെടുന്നതും സാമൂഹികാവശ്യങ്ങളോട് സമരസപ്പെടുന്നതും തൊഴില്‍ സാധ്യതകള്‍ തുറന്നുകൊടുക്കുന്നതുമായ പഠനപദ്ധതികള്‍ ദീര്‍ഘദൃഷ്ടിയോടെ രൂപപ്പെടുത്തേണ്ടിവരും. നിത്യജീവിതം അടിമുടി ആധുനികവല്‍ക്കരിക്കപ്പെടുകയും പഠനപ്രക്രിയ അപ്പാടെ സാങ്കേതിക വിദ്യക്ക് വിധേയമാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാഭ്യാസ ഉള്ളടക്കം പഴയതു തന്നെ മതിയെന്നും വാശിപിടിക്കേണ്ടതുണ്ടോ?

സാമ്പത്തിക ശേഷിയുള്ള കുട്ടികളെ ആകര്‍ഷിക്കാനും നിര്‍ധനരായ കുട്ടികളെ ഉള്‍ക്കൊള്ളാനും ഇസ്‌ലാമിക കലാലയങ്ങള്‍ക്കു കഴിയണമെന്നാണ് പറഞ്ഞുവന്നത്. സാമ്പത്തിക മേഖലയെ അവഗണിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാവില്ല. അതുകൊണ്ട് ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമ്പത്തിക സ്വയംപര്യാപ്തി കൈവരിക്കേണ്ടതുണ്ട്. എങ്കിലേ പുതിയ അവസരങ്ങള്‍ തുറക്കാനും പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമാവൂ. ഉദാരമതികളില്‍നിന്ന് വഖ്ഫായും ദാനമായും സാധ്യമായത്ര സമ്പത്ത് ശേഖരിച്ച് സ്ഥായിയായ ഒരു വരുമാന സ്രോതസ്സുണ്ടാക്കി സ്ഥാപനത്തെ സ്വാശ്രയമാക്കുന്നതാണ്, നിത്യേന ഉദാരമതികളെത്തേടി പ്രയാസപ്പെടുന്നതിലും ഭേദം. വരും കാലത്തേക്കു വേണ്ടി ഒട്ടേറെ ഹോംവര്‍ക്ക് ചെയ്യേണ്ടവരുടെ ഊര്‍ജവും മനുഷ്യവിഭവശേഷിയുമാണ് സംഭാവന സ്വീകരിക്കാന്‍ ഓടിനടക്കുന്നതിലൂടെ പ്രയോജനപ്പെടാതെ പോകുന്നത്.

സന്മനസ്സും സേവന സന്നദ്ധതയും സാമൂഹിക പ്രതിബദ്ധതയുമുള്ള നേതൃത്വം ഉന്നത ഇസ്‌ലാമിക കലാലയങ്ങള്‍ക്കുണ്ട് എന്നത് അഭിമാനകരമാണ്. പരിവര്‍ത്തനങ്ങളുടെ വിസ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ഭൂമികയില്‍ പക്ഷേ, പ്രഫഷനല്‍ പശ്ചാത്തലമുള്ള നേതൃത്വം കുറവാണ് എന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. പുതിയ നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ പ്രവണതകള്‍, വിദ്യാര്‍ഥികളുടെ അഭിരുചികള്‍, രക്ഷിതാക്കളുടെ കാഴ്ചപ്പാട് എന്നിവ വിശകലനം ചെയ്ത് കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാനും, മാനേജമെന്റ് വൈദഗ്ധ്യം ഉപയോഗപ്പെടുത്തി സ്ഥാപനങ്ങളെ മുന്നോട്ടു നയിക്കാനും പ്രഫഷനലിസം ഇല്ലെങ്കില്‍ ഇനിയുള്ള കാലത്ത് വിജയിക്കാന്‍ കഴിയില്ല. സ്ഥാപനങ്ങള്‍ പലതും സംഘാടന മുരടിപ്പ് നേരിടുന്നതിന്റെയും പിന്നാക്കം പോകുന്നതിന്റെയും കാരണങ്ങളിലൊന്ന് നേതൃനിരയില്‍ യുവപ്രാതിനിധ്യം കുറയുന്നതാണ് എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പുതിയ പ്രതിഭകള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരാന്‍ അവസരമില്ലാത്തതുകൊണ്ട് നിലവിലുള്ള നേതൃത്വം കടുത്ത അധ്വാനഭാരം പേറേണ്ടിവരുന്ന ദുര്‍ഘടാവസ്ഥയുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക ആസൂത്രണം, ഭരണനിര്‍വഹണം എന്നിവയില്‍ കാലോചിതവും സമര്‍ഥവുമായ പരിശീലനം ബന്ധപ്പെട്ടവര്‍ക്ക് കിട്ടാതെ പോവുന്നതിന്റെ ദോഷഫലങ്ങളും കാണാതെ പോകരുത്.

ഭൂമിക്കു മുകളിലെ ഏറ്റവും ശക്തവും ദീപ്തവുമായ ഇടം ക്ലാസ്മുറികളാണ് എന്നും ആസൂത്രണവൈദഗ്ധ്യവും വിനിമയ പാടവവും ഇല്ലാത്ത അധ്യാപകരെ അനുഭവിക്കേണ്ടിവരുന്ന ക്ലാസ്മുറികളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കു യാതൊന്നും നേടാനാകില്ലെന്നുള്ള നിരീക്ഷണം2 മുന്നില്‍വെച്ച് പരിശോധിക്കുമ്പോള്‍ ഉന്നത ഇസ്‌ലാമിക കലാലയങ്ങളിലെ പഠന-ബോധന രീതിശാസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിവരും. ഉയര്‍ന്ന പാണ്ഡിത്യവും ഉന്നത യോഗ്യതകളുമുള്ള അധ്യാപകരാല്‍ ഇസ്‌ലാമിക കലാലയങ്ങള്‍ ഒരു പരിധി വരെ ഇന്ന് സമ്പന്നമാണ്. പാഠ്യപദ്ധതി വിനിമയത്തിന്റെ നൂതന തന്ത്രങ്ങളും അധുനാതന രീതിശാസ്ത്രങ്ങളും പക്ഷേ, ഈ അധ്യാപകരില്‍ വളരെ പേര്‍ക്കും അപ്രാപ്യമാണ്. മുതിര്‍ന്ന വിദ്യാര്‍ഥികളുടെ പഠനപ്രക്രിയ കൂടുതല്‍ സക്രിയവും എളുപ്പവുമാക്കുന്ന ബോധന ശാസ്ത്ര (Andragogy)ത്തിലൂന്നിയ വിദഗ്ധപരിശീലനം അധ്യാപകരെ സംബന്ധിച്ചേടത്തോളം പുതിയകാലം ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്. സാമ്പ്രദായിക വാര്‍പ്പുമാതൃകകള്‍ക്ക് ഇനി ക്ലാസ്മുറികളെ സജീവമാക്കാന്‍ കഴിയില്ല. പൊതുപരിശീലനത്തിനു പുറമെ വിഷയാധിഷ്ഠിത ശാക്തീകരണവും അധ്യാപകര്‍ക്കു നല്‍കേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ മികവ് ആശ്രയിച്ചു നില്‍ക്കുന്നത് അധ്യാപകരുടെ മികവിലാണ് എന്നതിനാല്‍ ഓരോ അധ്യാപകന്റെയും ഉള്ളടക്ക ജ്ഞാനവും രീതിശാസ്ത്ര ജ്ഞാനവും ഒരേപോലെ മെച്ചപ്പെടേണ്ടതുണ്ട്. നിരന്തര ശാക്തീകരണത്തിലൂടെ തൊഴില്‍പരമായ നൈപുണി വികസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഒഴുക്കു നിലച്ചതിനാല്‍ കെട്ടിക്കിടന്ന് നാശമായിപ്പോകുന്ന വെള്ളം പോലെയാവും അധ്യാപകരെന്ന് നാമോര്‍ക്കണം.

പരിവര്‍ത്തനോന്മുഖത ജ്വലിച്ചുനില്‍ക്കുന്ന ഇക്കാലത്ത് ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൃത്യമായ ദിശാബോധവും നേതൃത്വവും നല്‍കാന്‍ കെല്‍പുള്ള ഒരുന്നതാധികാര സമിതിയുടെ പ്രസക്തി ഇവിടെ പ്രത്യേകം പറയേണ്ടതില്ല. സ്ഥാപനങ്ങളുടെ മികവുകളും പരിമിതികളും തിരിച്ചറിഞ്ഞ് യുക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, അക്കാദമിക നിലവാരം പരിശോധിച്ച് സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുക, പഠന-ബോധന പ്രക്രിയ നിരീക്ഷിച്ച് ആവശ്യമായ പിന്തുണ നല്‍കുക, അധ്യാപകരെ ശാക്തീകരിക്കുക, നടന്നുവരുന്ന പഠനപ്രോഗ്രാമുകളും കോഴ്‌സുകളും സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി കാലാനുസൃതമായി പരിഷ്‌കരിക്കുക, ഇടക്കാല സന്ദര്‍ശനങ്ങള്‍ നടത്തി സ്ഥാപനങ്ങളെ മോണിറ്റര്‍ ചെയ്യുക, പാഠ്യപദ്ധതി നവീകരണം, അക്കാദമിക ഗവേഷണം, അധ്യാപക പരിശീലനം എന്നിവക്ക് നേതൃത്വം നല്‍കുക, ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലേക്ക് സ്ഥാപനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായകമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഉന്നതാധികാര സമിതിക്ക് ചെയ്യാന്‍ കഴിയും.

അനുകരിക്കാന്‍ മത്സരിക്കുന്നതിലല്ല, അനന്യവും നൂതനവും സൃഷ്ട്യുന്മുഖവുമായ പ്രവര്‍ത്തന മാതൃകകള്‍ കണ്ടെത്തുന്നതിലും നടപ്പാക്കുന്നതിലും മാത്രമേ ഇനിയങ്ങോട്ട് ഉന്നത ഇസ്‌ലാമിക കലാലയങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനാവൂ. ചക്രങ്ങള്‍ ഇടക്കിടക്ക് മാറ്റിയതുകൊണ്ടു മാത്രം വാഹനം മുന്നോട്ടു പോകണമെന്നില്ല, ചിലപ്പോള്‍ എഞ്ചിന്‍ തന്നെ മാറ്റേണ്ടിവരും. കൂട്ടിച്ചേര്‍ക്കലുകളായിട്ടല്ല, ബദലുകളായിട്ടാണ് ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്രവും സവിശേഷവുമായ ഘടനയും ഉള്ളടക്കവും അവക്ക് അനിവാര്യമാണ്. ഒപ്പം മികവുകളും മാതൃകകളും പങ്കുവെക്കാന്‍ അവസരം കിട്ടുന്നതിനായി സ്ഥാപനങ്ങള്‍ക്കിടയില്‍ പാരസ്പര്യവും വര്‍ധിക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സാധ്യമായേടത്തോളം വിശ്വാസവും പ്രീതിയും പിന്തുണയുമാര്‍ജിച്ച് സ്വയംപര്യാപ്തി നേടി സ്വന്തം കാലില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്നാണോ കഴിയുന്നത് അന്നു മാത്രമേ, പ്രതീക്ഷയോടെ രൂപകല്‍പന ചെയ്തുവെച്ചിട്ടുള്ള നിയോഗദര്‍ശനവും ഉദ്ദേശ്യലക്ഷ്യങ്ങളും അന്വര്‍ഥമാക്കാന്‍ അവക്കു കഴിയൂ. 

 

കുറിപ്പുകള്‍

1. Revolution in Education By Osho

2. Ten Winning Strategies for Leaders in the Classroom By Bramwell Osula Renal Idebaen

Comments