Prabodhanm Weekly

Pages

Search

2018 ജൂണ്‍ 08

3055

1439 റമദാന്‍ 23

കൊള്ളയടിയുടെ വാണിജ്യ 'വേദാന്തം'

എ. റശീദുദ്ദീന്‍

വേദാന്തയുടെ സ്റ്റെര്‍ലിങ് പ്ലാന്റിനെതിരെ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന പ്രക്ഷോഭത്തെ തോക്കുകൊണ്ട് നേരിട്ടതിനു പിന്നില്‍ നരേന്ദ്ര മോദിയാണെന്നാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നത്. മോദി ഭരണത്തിന്റെ മൊത്തത്തിലുള്ള ഒരു രീതിയും നയസമീപനങ്ങളുടെ പൊതു നിലവാരവും വെച്ചായിരിക്കണം രാഹുല്‍ ഇങ്ങനെയൊരു ആരോപണമുന്നയിച്ചത്.  ഒരുപക്ഷേ 13 പേര്‍ കൊല്ലപ്പെട്ട ആ വെടിവെപ്പിനോടു മാത്രമായി അദ്ദേഹം നടത്തിയ പ്രതികരണമായിരിക്കാനും ഇടയുണ്ട്. പക്ഷേ അങ്ങെവിടെയോ റഷ്യയില്‍ വ്ളാദിമിര്‍ പുടിന്റെ കൂടെ 'വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന' തിരക്കിനിടയില്‍ തൂത്തുക്കുടിയിലെ പോലീസ് സ്റ്റേഷനിലേക്ക് ഇങ്ങനെയൊരു ഉത്തരവ് മോദി കൈമാറിയിട്ടുണ്ടെങ്കില്‍ തന്നെ അത് ചര്‍ച്ചക്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ യോഗ്യതയെന്ത്? കേവലമായ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച് 'ഇടിച്ചിട്ടോടുന്ന' രാഹുല്‍ ഗാന്ധിയുടെ പതിവുരീതി മാത്രമാവുകയാണിത്. വേദാന്ത വിഷയത്തില്‍ ഇടപെട്ടത് കോണ്‍ഗ്രസിന് വലിയ ഗുണമൊന്നും ചെയ്യാന്‍ പോകുന്നില്ലെന്നു മാത്രമല്ല അങ്ങേയറ്റത്തെ ആത്മവഞ്ചനയും പരവഞ്ചനയുമാണ് രാഹുലിന്റെ ഈ കുറ്റപ്പെടുത്തല്‍. ഭരണത്തിലിരുന്ന കാലത്ത് വേദാന്തയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും ചരിത്രം എങ്ങനെയായിരുന്നുവെന്ന ഒരുതരം സൗകര്യാധിഷ്ഠിതമായ മറവി രോഗം. ബിഹാറിലെ വെറുമൊരു കബാഡിവാലയായിരുന്ന അനില്‍ അഗര്‍വാളിന്റെ കമ്പനികള്‍ ഒഡീഷയിലെ നിയാംഗിരി, കാലഹാണ്ടി കുന്നുകളിലും തൂത്തുക്കുടിയിലും ഗോവയിലും മുംബൈയിലും ലണ്ടനിലുമൊക്കെ രൂപപ്പെട്ടതിന്റെയും തടിച്ചുകൊഴുത്തതിന്റെയുമൊക്കെ കണക്കെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസിനാണ് ബി.ജെ.പിയേക്കാളേറെ ഉത്തരം പറയാനുള്ളത്. 

ഘടികാരത്തെ നമുക്ക് ഒരല്‍പ്പം പുറകിലേക്ക് തിരിച്ചുവെക്കാം. തമിഴ്നാട്ടുകാരിയായ ഒരു മുന്‍ കേന്ദ്രമന്ത്രി ഉണ്ടായിരുന്നുവല്ലോ കോണ്‍ഗ്രസിന്. പാര്‍ട്ടിയുടെ സമാദരണീയനായ നേതാവും ആദ്യകാല മുഖ്യമന്ത്രിയുമായ എം. ഭക്തവത്സലത്തിന്റെ പേരക്കുട്ടിയും ഈ സംസ്ഥാനം ഭരിച്ച അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജി.കെ. മൂപ്പനാരുടെ മകളുമായിരുന്ന ജയന്തി നടരാജന്‍. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് കൃത്യം 100 ദിവസം മുമ്പെ അന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ജയന്തിയില്‍നിന്ന് പ്രധാനമന്ത്രി ഒരു മുന്നറിയിപ്പുമില്ലാതെ രാജി ചോദിച്ചു വാങ്ങി. വിളിച്ചു വരുത്തലും രാജിവെപ്പിക്കലുമൊക്കെ അര മണിക്കൂറിനകം കഴിഞ്ഞിരുന്നു. തനിക്ക് മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്നാണ് അസ്വസ്ഥമായ മുഖഭാവത്തോടെ മന്‍മോഹന്‍ സിംഗ് പറഞ്ഞതെന്ന് ജയന്തി പിന്നീട് വെളിപ്പെടുത്തി. ദല്‍ഹി രാഷ്ട്രീയത്തില്‍ അതുവരെ നിറഞ്ഞു നിന്ന ഈ വനിതാ നേതാവ് പൊടുന്നനെ അപ്രത്യക്ഷയാവുകയാണുണ്ടായത്. ഒരു മാസത്തിനു ശേഷം കോണ്‍ഗ്രസിന്റെ വക്താവ് സ്ഥാനത്തു നിന്നു കൂടി പാര്‍ട്ടി അവരെ നീക്കം ചെയ്തു. അപമാനിതയായ ജയന്തി 2015 ജനുവരിയില്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ രാജിവെച്ചൊഴിഞ്ഞു. അന്ന് അവര്‍ പാര്‍ട്ടിയുടെ അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച വിശദവും വികാരനിര്‍ഭരവുമായ ഒരു കത്തുണ്ട്. വേദാന്ത കമ്പനിയുടെ താല്‍പര്യത്തിനെതിരെ നിന്നതാണ് തന്നെ രാജിവെപ്പിക്കാന്‍ കാരണമായതെന്നാണ് ആ എഴുത്തിലെ ആരോപണം. പ്രധാനമന്ത്രി വിളിപ്പിച്ചതിന്റെ തൊട്ടു പിറ്റേ ദിവസം 'ഫിക്കി'യുടെ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തേണ്ടിയിരുന്ന ഒരു പ്രസംഗത്തിന്റെ അടിത്തറയിലേക്ക് തന്റെ രാജിയെ അവര്‍ ചേര്‍ത്തുവെക്കുകയും ചെയ്തു. ഈ യോഗത്തില്‍ രാഹുല്‍ ഗാന്ധി വ്യംഗ്യമായി കുറ്റപ്പെടുത്തിയ യു.പി.എ മന്ത്രിമാരിലൊരാള്‍ ജയന്തി നടരാജന്‍ ആയിരുന്നു. എന്നാല്‍ ജയന്തിയുടെ രാജിക്കത്തിന് നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രി അവരുടെ സേവനത്തെ പുകഴ്ത്തുകയാണ് ചെയ്തത്. പദ്ധതി ക്ലിയറന്‍സുകള്‍ ഇനി മുതല്‍ ദീര്‍ഘിപ്പിക്കില്ലെന്നും കോര്‍പറേറ്റ് ലോകം തികച്ചും വ്യത്യസ്തമായ മറ്റൊരു യു.പി.എ സര്‍ക്കാറിനെ ആണ് കാണാന്‍ പോകുന്നതെന്നും ഫിക്കിയില്‍ രാഹുല്‍ ഗാന്ധി ഉറപ്പുകൊടുക്കുകയും ചെയ്തു. ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു ആ അവസാന നൂറ് ദിവസങ്ങള്‍ മുന്നോട്ടു പോയതും. പരിസ്ഥിതി മേഖലയിലെ സകല നിയമങ്ങളും കാറ്റില്‍ പറത്തി വീരപ്പ മൊയ്ലിയുടെ നേതൃത്വത്തില്‍ വാരിക്കോരി ക്ലിയറന്‍സ് കൊടുക്കുന്ന യു.പി.എ സര്‍ക്കാറിനെയായിരുന്നു പിന്നീട് കണ്ടത്. 

ഈ ക്ലിയറന്‍സുകളിലെവിടെയോ വേദാന്ത എന്ന ബ്രിട്ടീഷ് കമ്പനിയും രാഹുല്‍ ഗാന്ധിയും അന്നത്തെ കേന്ദ്രമന്ത്രി പളനിയപ്പന്‍ ചിദംബരവും കോണ്‍ഗ്രസ് സര്‍ക്കാറുകളുമൊക്കെ കടന്നുവരുന്നുണ്ട്. 2004-ല്‍ വേദാന്തയുടെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചുകൊണ്ടായിരുന്നല്ലോ ചിദംബരം മന്ത്രിപ്പണിക്കിറങ്ങിയത്. അവിടന്നിങ്ങോട്ടുള്ള യു.പി.എ സര്‍ക്കാറുകള്‍ വേദാന്തയുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിച്ചുകൊണ്ടിരുന്നത്. ജയന്തി നടരാജന് മുമ്പുള്ള കാലത്ത് വകുപ്പ് ഭരിച്ച ജയറാം രമേഷിനെ എന്തിനായിരുന്നു നീക്കിയത്? ഇന്ദിരാ ഗാന്ധിയുടെ കാലംമുതല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച പരിസ്ഥിതി നിയമങ്ങളും ആദിവാസി അനുകൂല നിലപാടുകളുമൊക്കെ യു.പി.എ കാലത്ത് വീറോടെ ഉയര്‍ത്തിപ്പിടിച്ച കുറ്റത്തിനല്ലെങ്കില്‍, കോണ്‍ഗ്രസ് തന്നെ പറയണം പിന്നെ എന്തായിരുന്നു കാരണമെന്ന്. സോണിയക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പിനെ ജയന്തി തുറന്നു കാട്ടുന്നുണ്ട്. രാഹുല്‍ പറഞ്ഞതു കൊണ്ടുമാത്രമാണ് വേദാന്തയുടെ കാര്യത്തില്‍ നിയമം വിട്ട് താന്‍ ഒന്നും ചെയ്യാതിരുന്നത്. വേദാന്തയുടെ ബോക്സൈറ്റ് ഖനികള്‍ക്കു വേണ്ടി കുടിയൊഴിയേണ്ടി വരുന്ന ഡോംഗ്രിയാ ഗോണ്ടുകളെ നിയാംഗിരി കുന്നില്‍ സന്ദര്‍ശിച്ച കാലത്ത് ഞാന്‍ നിങ്ങളുടെ സിപായി ആയി പോരാടുമെന്ന് പ്രസംഗിച്ചയാളായിരുന്നു രാഹുല്‍. എന്നാല്‍ ഇതേ രാഹുല്‍ മറ്റാരുടെയോ ഉപദേശം കേട്ട് തനിക്കെതിരെ നീങ്ങിയെന്നാണ് എഴുത്തിലെ പരാമര്‍ശം. 

പോളിസി പക്ഷാഘാതമെന്ന് അക്കാലത്ത് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പാരിസ്ഥിതിക ക്ലിയറന്‍സുകളുടെ കാര്യത്തില്‍ കോര്‍പറേറ്റ് ലോബിക്കും കോണ്‍ഗ്രസിനകത്തെ കോര്‍പറേറ്റ് ഏജന്റുമാര്‍ക്കുമിടയില്‍ ഉരുണ്ടുകളിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പുറമേക്ക് ആദിവാസികളോടും പ്രകൃതിയോടും ഒപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ പാര്‍ട്ടിക്കകത്ത് അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. 30,000 കോടിയുടെ വികസനമാണ് പരിസ്ഥിതി-വനം മന്ത്രാലയം രാജ്യത്ത് തടഞ്ഞുവെച്ചിരിക്കുന്നതെന്നും മൊത്തവളര്‍ച്ചയില്‍ കൈവരിക്കേണ്ടിയിരുന്ന 10 ശതമാനം വളര്‍ച്ചാ നിരക്കാണ് തടസ്സപ്പെട്ടതെന്നും ഊതിപ്പെരുപ്പിച്ച കണക്കുകള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ അതിനെതിരെ ഫലപ്രദമായ ഒരു പ്രസ്താവന പോലും നടത്താനാവാതെ ഗവണ്‍മെന്റിനകത്ത് വെട്ടിനിരത്തല്‍ നടപ്പാക്കുകയാണ് രാഹുല്‍ ചെയ്തതെന്നാണ് ജയന്തി നടരാജന്റെ കത്ത് ചൂണ്ടിക്കാട്ടിയത്.  

 

വേദാന്തയും ചിദംബരവും 

വേദാന്ത എന്ന ബ്രിട്ടീഷ് കമ്പനിയുടെ വളര്‍ച്ച ഒരുപക്ഷേ രാജീവ് ഗാന്ധിയുടെ കാലം തൊട്ടാണ് ആരംഭിക്കുന്നത്. ഇക്കാലത്താണ് പറ്റ്ന വിട്ട് അനില്‍ അഗര്‍വാള്‍ മുംബൈയില്‍ ചുവടുറപ്പിക്കുന്നത്. ചിദംബരമായിരുന്നു പ്രധാന സഹായി. സര്‍ക്കാറില്‍ മന്ത്രിയും കോടതിയില്‍ വക്കീലുമായി ഇരട്ടറോളില്‍ രംഗത്തെത്തുന്ന പി. ചിദംബരത്തിന്റെ വളര്‍ച്ചയുടെ ചരിത്രം വേദാന്തയോടാണോ അതോ വേദാന്ത ചിദംബരത്തോടാണോ കടപ്പെട്ടു നില്‍ക്കുന്നതെന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാനാവാത്ത ചോദ്യമാണ്. 2004-ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറില്‍ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പെ വേദാന്തയുടെ ലണ്ടന്‍ ബോര്‍ഡിലെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ചിദംബരം. 2003-ല്‍ വേദാന്തയുടെ സഹോദര സ്ഥാപനമായ സ്റ്റര്‍ലിങ് ഇന്ത്യയുടെ, അതായത് ഇപ്പോള്‍ വെടിവെപ്പു നടന്ന തൂത്തുക്കുടി കമ്പനിയുടെ, നികുതി വെട്ടിപ്പു കേസില്‍ ചിദംബരമാണ് കോടതിയില്‍ ഹാജരായത്. 1993-ല്‍ വേദാന്തക്കെതിരെ പുറത്തുവന്ന 208 കോടിയുടെ കള്ളപ്പണ കേസിനെ തുടര്‍ന്നാണ് കമ്പനി പതുക്കെ ഇന്ത്യയില്‍നിന്ന് ലണ്ടനിലേക്ക് ആസ്ഥാനം പറിച്ചു നട്ടതും അനില്‍ അഗര്‍വാള്‍ വിദേശ ഇന്ത്യക്കാരുടെ പട്ടികയിലേക്ക് കൂറു മാറിയതും. കേസില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമായിരുന്നു അത്. ഏഴു വര്‍ഷം ഈ കേസ് മുട്ടാപ്പോക്കു ന്യായങ്ങള്‍ നിരത്തി കോടതിയില്‍ വലിച്ചിഴച്ചയാളാണ് ചിദംബരം. കേസിനൊടുവിലാണ് പ്രത്യുപകാരമെന്ന നിലയില്‍ അദ്ദേഹത്തെ ബ്രിട്ടനിലെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. സ്വന്തം സര്‍ക്കാറിനെതിരെ കേസു വാദിച്ചതിന് അദ്ദേഹത്തെ ഒരു ഘട്ടത്തില്‍ കോടതി 'ട്രോളുക' പോലുമുണ്ടായി. നരേന്ദ്ര മോദി പ്രസംഗിച്ചു നടന്നിരുന്ന കള്ളപ്പണ നിക്ഷേപങ്ങളില്‍ പെട്ട ഏറ്റവും വലിയ കേസുകളില്‍ ഒന്നായിരുന്നു സെന്റ് കിറ്റ്സ്, മൗറീഷ്യസ് ദ്വീപുകള്‍ കേന്ദ്രീകരിച്ച് വ്യാജ കമ്പനികളുണ്ടാക്കി അഗര്‍വാള്‍ അക്കാലത്ത് നടത്തിയ നിക്ഷേപങ്ങള്‍. 

2007-ല്‍ ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ് സെസാ ഗോവയുടെ അന്താരാഷ്ട്ര ബിസിനസ് പങ്കാളിയായിരുന്ന ജപ്പാനിലെ മിത്സൂയിയുടെ 51 ശതമാനം ഓഹരികള്‍ വേദാന്ത വാങ്ങുന്നത്. അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അക്കാര്യത്തില്‍ ചിദംബരത്തിന്റെ കള്ളക്കളികള്‍ മനസ്സിലാക്കാനാവും. ഓഹരി വില്‍ക്കാന്‍ മിത്സൂയി തീരുമാനിച്ചപ്പോള്‍ അക്കൊല്ലത്തെ ബജറ്റില്‍ ഇരുമ്പയിരിന്റെ കയറ്റുമതി ചുങ്കം ചിദംബരം കുത്തനെ കൂട്ടി. ഇതോടെ സെസാ ഗോവയുടെ ഓഹരിമൂല്യം താഴേക്കുവന്നു. 2007 ഫെബ്രുവരിയില്‍ ഷെയറൊന്നിന് 1928.70 രൂപ മൂല്യമുണ്ടായിരുന്നത് ബജറ്റിനു ശേഷം 20 ശതമാനം ഇടിഞ്ഞ് 1611.10-ലെത്തി. ലക്ഷ്മി മിത്തല്‍ ഉള്‍പ്പെടെ ഓഹരി ലേലത്തില്‍ ക്വട്ടേഷന്‍ നല്‍കിയ ആറ് പ്രമുഖര്‍ നേരത്തേ നല്‍കിയ തുകകളില്‍ മാറ്റം വരുത്തി പുതിയ ക്വട്ടേഷന്‍ നല്‍കിയപ്പോള്‍ കള്ളക്കളി അറിയാമായിരുന്ന വേദാന്ത മാത്രം 2036 രൂപയില്‍ ഉറച്ചു നിന്നു.  മിത്സൂയി സ്വാഭാവികമായും അവരുടെ ഷെയറുകള്‍ വേദാന്തക്കു വിറ്റു. പിന്നെയാണ് തട്ടിപ്പ് പുറത്തുവന്നത്. രണ്ട് മാസങ്ങള്‍ക്കു ശേഷം മെയ് ആദ്യവാരത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഫൈനാന്‍സ് ബില്ലിലൂടെ ഇരുമ്പയിരിന്റെ കയറ്റുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം ചിദംബരം പിന്‍വലിച്ചു. ടണ്ണിന് 300 രൂപ ഉണ്ടായിരുന്നത് വെറും 50 രൂപയാക്കി കുറച്ചു. അപ്പോള്‍ പോലും 62 ശതമാനത്തിലധികം ഇരുമ്പ് അടങ്ങിയ അയിരുകളുടെ തീരുവ പഴയതു പോലെ നിലനിര്‍ത്തുകയും ചെയ്തു. വേദാന്ത 62 ശതമാനത്തില്‍ താഴെയുള്ള അയിരുകളായിരുന്നു കയറ്റുമതി നടത്തിയിരുന്നത്. തന്റെ രണ്ട് തീരുമാനങ്ങള്‍ക്കും സാങ്കേതികമായ ന്യായങ്ങള്‍ ചിദംബരത്തിനു പറയാമായിരുന്നു. ആദ്യത്തേതിന് കാരണം മൈനിംഗ് മേഖലയില്‍ പാര്‍ലമെന്റ് നിയോഗിച്ച അന്‍വാറുല്‍ ഹുദാ സബ് കമ്മിറ്റിയുടെ ശിപാര്‍ശ. രണ്ടാമത്തേതിന് കയറ്റുമതി മേഖലയില്‍നിന്നും ഈ തീരുമാനത്തിനെതിരെ ലഭിച്ച നിവേദനങ്ങള്‍. വേദാന്തക്കു വേണ്ടിയാണ് ചിദംബരം ഇത് ചെയ്തതെന്ന് ഒരാള്‍ക്കും പറയാനാവില്ലായിരുന്നു. 

 

രണ്ടാം യു.പി.എ സര്‍ക്കാറും വേദാന്തയും

കോര്‍പറേറ്റ് ഖനനം എന്ന പ്രകൃതിവിരുദ്ധ ആശയത്തിനെതിരെ ആഗോളതലത്തില്‍ നീക്കങ്ങള്‍ സജീവമായത് 2000-ത്തിനു ശേഷമുള്ള കാലത്താണ്. സെസാ ഗോവയിലെ ഓഹരികള്‍ മിത്സൂയി വില്‍ക്കാനുള്ള കാരണം പോലും ഇതായിരുന്നു. ഈ കാലയളവിലെ ആഗോള നീക്കങ്ങളോട് വാജ്പേയി സര്‍ക്കാര്‍ പുറം തിരിഞ്ഞു നിന്നു എന്നു മാത്രമല്ല പൊതു മേഖലയിലെ മുഴുവന്‍ ഖനന സംരംഭങ്ങളെയും നക്കാപ്പിച്ച വിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. പിന്നീട് വന്ന മന്‍മോഹന്‍ സര്‍ക്കാറുകളുടെ കാലത്ത് ജയറാം രമേഷും ജയന്തി നടരാജനുമാണ് ഈ വിഷയത്തില്‍ പ്രകൃതിയുടെയും ഭാവിതലമുറകളുടെയും താല്‍പര്യങ്ങളുടെ പക്ഷത്തു നിന്നവര്‍. 2006-ലാണ് വനം മേഖലയിലെ ഖനന പദ്ധതികള്‍ക്ക് പ്രസ്തുത പ്രദേശങ്ങളിലെ പരമ്പരാഗത താമസക്കാരുടെ അനുവാദം വാങ്ങിയിരിക്കണമെന്ന നിയമം നടപ്പിലാകുന്നത്. വന സംരക്ഷണ മേഖലയില്‍ സ്വന്തമായ ഒരു കാഴ്ചപ്പാടു തന്നെ വളര്‍ത്തിയെടുത്ത മന്ത്രി ആയിരുന്നു ജയറാം രമേഷ്.  നരേഷ് സക്സേന അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ച് വേദാന്തയുടെ കാര്യത്തില്‍ വനം-പരിസ്ഥിതി നാശത്തിന്റെ തോത് എത്രത്തോളമെന്ന് വിലയിരുത്തിയതിനു ശേഷമാണ് കമ്പനിയുടെ അംഗീകാരം റദ്ദാക്കാന്‍ രമേഷ് തീരുമാനമെടുത്തത്. ഖനന മേഖലയില്‍ വരുന്ന ഗ്രാമസഭകള്‍ വേദാന്ത കമ്പനിക്കെതിരെ നേരത്തേ പ്രമേയം പാസാക്കിയിരുന്നു. അത് വളഞ്ഞ വഴിയിലൂടെ മറികടന്ന് ഇടക്കാലത്ത് വേദാന്ത യു.പി.എ സര്‍ക്കാറില്‍നിന്നും അംഗീകാരം നേടിയെടുത്ത് പണി തുടങ്ങിയിരുന്നു. പിന്നീടാണ് അംഗീകാരം റദ്ദാക്കിയത്. അതുകൊണ്ടുതന്നെ ഒഡീഷയിലെ വേദാന്ത കമ്പനിക്കു വേണ്ടി കോണ്‍ഗ്രസ് ഏറ്റവുമാദ്യം ബലികഴിച്ച മന്ത്രിയായിരുന്നു രമേഷ്. അദ്ദേഹമോ മറ്റാരെങ്കിലുമോ അക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും സൂചനകള്‍ വാചാലമായിരുന്നു. രമേഷിനെ പിണക്കാതെ കാബിനറ്റ് പദവിയിലേക്ക് പ്രൊമോഷന്‍ നല്‍കി വകുപ്പു മാറ്റുകയാണ് ചെയ്തതെങ്കില്‍ ജയന്തി നടരാജനെ വേദാന്തക്കു വേണ്ടി അപമാനകരമായ രീതിയില്‍ ചവിട്ടിപ്പുറത്താക്കുകയാണുണ്ടായത്. ഈ രണ്ട് സംഭവങ്ങളിലും രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന് കുറ്റകരമായ പങ്കുണ്ടായിരുന്നു. 

വനം-പരിസ്ഥിതി വകുപ്പ് എന്ന നാമമാത്ര മന്ത്രാലയത്തെ മുഴുവന്‍ ജനങ്ങളും പ്രതീക്ഷയോടെ ഉറ്റുനോക്കിയ വകുപ്പായി മാറ്റിയെടുത്തതില്‍ രണ്ടാം യു.പി.എ സര്‍ക്കാറിലെ സഹമന്ത്രി ആയിരുന്ന ജയറാം രമേഷിന്റെ കാലത്തെ സവിശേഷമായി തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്. രമേശിനു മുമ്പുള്ള കാലത്ത് ഖനി മുതലാളിമാര്‍ ചൂണ്ടിക്കാണിക്കുന്ന വനങ്ങളെ ഒതുക്കത്തില്‍ 'സൈസാക്കി' കൊടുക്കുന്ന പണി മാത്രമായിരുന്നു ഈ വകുപ്പിന്. വാജ്പേയി മന്ത്രിസഭയില്‍ ദീര്‍ഘമായ കാലം വകുപ്പ് ഭരിച്ച ഡി.എം.കെ നേതാവായിരുന്ന ടി.ആര്‍. ബാലുവിനെ ഓര്‍ക്കുക. ഏറ്റവുമധികം വനം തീറെഴുതിയ കാലഘട്ടം കൂടിയായിരുന്നു അത്. വികസനം എന്ന ഓമനപ്പേരിട്ട് മുതലാളിമാരെ കയറൂരി വിടുകയും പൊതുവിഭവങ്ങളെ സ്വകാര്യ വളര്‍ച്ചയുമായി കൂട്ടിക്കെട്ടി അതിനെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയോട് ചേര്‍ത്തു പറയുകയും ചെയ്യുന്ന എല്ലാതരം സിദ്ധാന്തങ്ങളെയും രമേശ് നിരുത്സാഹപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രശസ്തമായ 2011-ലെ ലോറന്‍സ് ഡാനാ പിന്‍ഹാം (Lawrence Dana Pinkham) പ്രഭാഷണം ഒരാവൃത്തി വായിച്ചാല്‍ ഇത് കാണാനാവും. അദ്ദേഹത്തെ വകുപ്പു മാറ്റിയതിലൂടെ ആരുടെ താല്‍പര്യമാണ്  കോണ്‍ഗ്രസ് സംരക്ഷിച്ചത്? 

 

നരേന്ദ്ര മോദിയുടെ കാലം

മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പു ജയിച്ചതു തന്നെ ഇതെല്ലാം ചര്‍ച്ചക്കു വെച്ചു കൊണ്ടായിരുന്നു. പക്ഷേ, കോര്‍പറേറ്റുകളുടെ വികസനമാണ് ഇന്ത്യയുടെ വികസനമെന്ന് അധികാരത്തിലേറിയ മോദി അടിവരയിട്ടു തെളിയിക്കുകയാണ് ചെയ്തത്. പാരിസ്ഥിതിക വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള ഗ്രാമസഭകളുടെ അവകാശം എടുത്തുകളയുന്നതാണ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ നരേന്ദ്ര മോദി ഒപ്പുവെച്ച വിവാദ ഉത്തരവുകളിലൊന്ന്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം നടത്തണമെങ്കില്‍ ഗ്രാമസഭയുടെ അനുവാദം ആവശ്യമില്ലെന്നാണ് ആദ്യഘട്ടത്തില്‍ മോദി കൊണ്ടുവന്ന ഭേദഗതി. പിന്നീട് ഈ വിഷയത്തില്‍ ഗ്രാമസഭകളുടെ അനുമതി വാങ്ങുന്ന സമ്പ്രദായം പൂര്‍ണമായും എടുത്തു കളയുന്ന രീതിയില്‍ നിയമം പരിഷ്‌കരിക്കാന്‍ മോദി പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഇതേതുടര്‍ന്ന് ആദിവാസി ക്ഷേമവകുപ്പിന് 2014 ഡിസംബര്‍ മുതല്‍ 2015 ജൂണ്‍ വരെ പരിസ്ഥിതി മന്ത്രാലയം തുടരെ തുടരെ കത്തുകളയച്ചു. വകുപ്പുകളും അവക്കകത്തെ കീഴ്വഴക്കമായിരുന്നില്ല മോദി കാലത്തെ നയരൂപീകരണത്തിന്റെ കാതല്‍. പ്രധാനമന്ത്രി കാര്യാലയം കണ്ണുരുട്ടിയതോടെ ട്രൈബല്‍ മന്ത്രാലയം എതിര്‍വാദങ്ങള്‍ വിഴുങ്ങി 'വികസന മന്ത്ര'ത്തിന് ജയജയ പാടി മിണ്ടാതിരുന്നു. 2015 ഡിസംബറില്‍ ഈ മാറ്റം പ്രാബല്യത്തില്‍ വന്നുവെങ്കിലും 2016-ല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഇടപെട്ട് അവ റദ്ദു ചെയ്തു. എന്നിട്ടും പില്‍ക്കാലത്ത് വിശദീകരണ കുറിപ്പിലൂടെ നിയമത്തില്‍ പുതിയ ചില പഴുതുകള്‍ സൃഷ്ടിച്ച് വേദാന്തക്ക് വിപുലീകരണ അനുമതി നല്‍കുകയാണ് തൂത്തുക്കുടിയില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.  

തൂത്തുക്കുടിയിലെ ഇപ്പോഴത്തെ കോപ്പര്‍ പ്ലാന്റ് 2006-ലെ ആദിവാസി അവകാശ നിയമം വരുന്നതിനു മുമ്പെ സ്ഥാപിക്കപ്പെട്ടതായിരുന്നു. അതേസമയം യു.പി.എ സര്‍ക്കാറാണ് ഈ പ്ലാന്റിന്റെ അനുമതി 2008-ല്‍ പുതുക്കി നല്‍കിയത്. പിന്നീട് 2013 മേയില്‍ കാലാവധി കഴിഞ്ഞപ്പോള്‍ നിയാംഗിരി സുരക്ഷാ സമിതി കോടതി കയറുകയും ഗ്രാമസഭകളുടെ അനുവാദം തേടാന്‍ സുപ്രീംകോടതി വേദാന്തയോട് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പെ ഗോണ്ടുകളെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഗ്രാമസഭകള്‍ വേദാന്തയുടെ ഖനന പദ്ധതി വോട്ടിനിട്ട് തള്ളി. അങ്ങനെയാണ് നിര്‍ബന്ധിത സാഹചര്യത്തില്‍ 2014 മെയ് മാസം യു.പി.എ സര്‍ക്കാര്‍ ഫയല്‍ മടക്കിയത്. 2016-ല്‍ ഒഡീഷ മൈനിംഗ് കോര്‍പറേഷന്‍ (ഒ.എം.സി) പുതിയൊരു ഹരജിയുമായി കോടതിയിലെത്തി. ഇപ്പോഴത്തെ സര്‍ക്കാറിന്റെ കാലത്ത് പാസാക്കിയ നിയമപ്രകാരം ഖനന പദ്ധതികള്‍ക്ക് ഗ്രാമസഭകളുടെ അനുവാദം ആവശ്യമില്ലെന്ന് ഹരജി ചൂണ്ടിക്കാട്ടി. ഗ്രാമസഭകളിലെ വൃദ്ധ അംഗങ്ങള്‍ പലരും മരിച്ചുപോയ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യമുള്ള പുതിയ സഭകള്‍ വന്നതിനാല്‍ അവരുടെ നേതൃത്വത്തില്‍ പുതിയ വോട്ടെടുപ്പിന് അനുവാദം നല്‍കണമെന്ന് ഒ.എം.സി കോടതിയോട് അഭ്യര്‍ഥിച്ചു.  

എതിര്‍കക്ഷികളെ കേസില്‍ കക്ഷി ചേര്‍ത്ത് പുതിയ ഹരജിയുമായി എത്താന്‍ കോടതി ആവശ്യപ്പെട്ടതോടെ സര്‍ക്കാറിന് ഗത്യന്തരമില്ലാതായി. വേദാന്തയുടെ പണവും ഗുണ്ടായിസവുമുപയോഗിച്ച് കൃത്രിമമായി ഖനനത്തിന് അനുകൂലമായ പുതിയ 'ജനഹിത'വുമായി ഒ.എം.സി ഒടുവില്‍ എന്‍.ഡി.എ സര്‍ക്കാറിനെ സമീപിച്ചു. മോദി സര്‍ക്കാര്‍ വേദാന്തയുടെ പ്രവര്‍ത്തന അനുമതി നീട്ടിക്കൊടുക്കുകയും ചെയ്തു. 2016-ല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ റദ്ദാക്കിയ വിവാദ ഉത്തരവിന്റെ സഹായത്തോടെയായിരുന്നു ഇത്. ഇങ്ങനെയൊരു അനുമതി മോദി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് തൂത്തുക്കുടി വിവാദത്തിനു ശേഷം സ്റ്റര്‍ലിങ് വേദാന്ത കോടതിയെ അറിയിച്ചത് ശ്രദ്ധിക്കുക. ഈ പഴുതുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി തന്നെയാണ് അന്തിമമെന്നും ജനങ്ങളുമായി ചര്‍ച്ച ചെയ്ത് ഗ്രാമ സഭകളുടെ അംഗീകാരം വാങ്ങിയതിനു ശേഷം മാത്രം വിപുലീകരണ നീക്കങ്ങളുമായി ഇനി മുന്നോട്ടു പോയാല്‍ മതിയെന്നും കോടതി വീണ്ടുമൊരിക്കല്‍ കൂടി വേദാന്തയോട് നിര്‍ദേശിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി മോദി സര്‍ക്കാറിന്റെ സൃഷ്ടിയാണെന്ന വാദം ശരിയാകുന്നത് ഈ അടിസ്ഥാനത്തില്‍ മാത്രമാണ്. 

വേദാന്തയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമൊക്കെ എക്കാലത്തും ഒറ്റക്കെട്ടാണ്. 2018-ലെ ധനവിനിയോഗ ബില്ലിന്റെ അവസാന ഭാഗത്ത് ഭാഗം XIX  ല്‍ തീര്‍ത്തും അപ്രധാനമെന്നു തോന്നുന്ന രീതിയില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി ഒരു ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ പൊതുകാര്യ പ്രസക്തമെന്നു തോന്നുന്ന ആ ഭേദഗതി ഇങ്ങനെയാണ്: '2016-ലെ ഫൈനാന്‍സ് നിയമത്തിന്റെ 236-ാം അനുഛേദത്തില്‍ ആദ്യത്തെ ഖണ്ഡികയില്‍ 2010 സെപ്റ്റംബര്‍ 26 എന്ന തീയതി 1976 ആഗസ്റ്റ് 5 എന്നാക്കി വായിക്കുക.' എന്തായിരുന്നു ഈ മാറ്റത്തിന്റെ പൊരുള്‍? വിദേശ കമ്പനികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കരുത് എന്ന് 1976-ല്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമമാണ് പ്രഥമദൃഷ്ട്യാ ഇതോടെ ഇല്ലാതായത്. ഇന്ദിരയുടെ രാഷ്ട്രീയ ഉദ്ദേശ്യം നല്ലതായിരുന്നാലും ചീത്തയായിരുന്നാലും ഈ നിയമത്തിന്റെ ഗുണഫലം രാജ്യത്തിന് ലഭിച്ചിരുന്നു. എന്നാല്‍ അതേ ഇന്ദിരയുടെ പാര്‍ട്ടിയും ബി.ജെ.പിയും വേദാന്തയില്‍നിന്നും 29.6 കോടി സംഭാവന സ്വകരിച്ചുവെന്ന് 2014-ല്‍ വിവരാവകാശ രേഖകള്‍ പുറത്തുവരികയും ഈ കേസ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന കോടതിയിലെത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന ദല്‍ഹി ഹൈക്കോടതിയുടെ ചോദ്യമുയര്‍ന്നു. അങ്ങനെയാണ് 2010 വരെ പരിമിതപ്പെടുത്തിയ പിന്‍ഗണന ്രപകാരം എഫ്.ഡി.ഐ നിക്ഷേപത്തോത് അനുസരിച്ച് വിദേശ കമ്പനികളില്‍നിന്നുള്ള സഹായം സ്വീകരിക്കാമെന്ന് മോദി സര്‍ക്കാര്‍ 2016-ല്‍ നിയമം കൊണ്ടുവന്നത്. വിദേശ കമ്പനി എന്ന നിര്‍വചനത്തിലും മാറ്റം കൊണ്ടുവന്നിരുന്നു. തികച്ചും നിശ്ശബ്ദമായി 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നിനെ കൊന്നു കുഴിച്ചു മൂടുകയാണ് ഈ ഭേദഗതിയിലൂടെ ജയ്റ്റ്ലി അന്ന് ചെയ്തത്. പക്ഷേ കോണ്‍്രഗസിന്റെയും ബി.ജെ.പിയുടെയും വേദാന്ത തലവേദന എന്നിട്ടും ബാക്കിയായപ്പോഴാണ് 2016-ലെ നിയമത്തെ പിന്നിലേക്കു വലിച്ച് ഇന്ദിരയുടെ കാലത്തെ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തെ തന്നെ  മുച്ചൂടും ഭേദഗതി ചെയ്ത് ഇല്ലാതാക്കിയത്. ഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചതു കൊണ്ട് എവിടെയും ഈ ഭേദഗതി ചര്‍ച്ചക്കു വെക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. രാജ്യസഭയിലോ ലോക്‌സഭയിലോ കോണ്‍ഗ്രസ് ഒരക്ഷരം പോലും ഇതിനെതിരെ ഉരിയാടിയില്ല എന്നതു ശ്രദ്ധിക്കുക. 

പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തവരില്‍ എല്ലാവരുമുണ്ട്. ലാന്‍ജിഗഡിലെയും സിജിമാലിയിലെയും കുന്നുകളില്‍ സ്റ്റര്‍ലിങ് വേദാന്ത ഖനനം തുടങ്ങിയിട്ട് 15 വര്‍ഷമെങ്കിലും പിന്നിട്ടു. അതില്‍ എത്ര കാലഘട്ടം നിയമവിധേയം, എത്ര നിയമവിരുദ്ധം എന്നൊക്കെ ചോദിച്ചാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും കുഴങ്ങുകയേ ഉള്ളൂ. നിയാംഗിരിയിലെ ദോംഗരിയാ കോണ്ടുകള്‍ എന്ന 8000-ത്തോളം വരുന്ന അപൂര്‍വ ആദിവാസി വിഭാഗം മാത്രമല്ല സമര മുഖത്തുള്ളത്. വേദാന്ത പോയിടത്തൊക്കെ മലിനമാക്കപ്പെടുന്ന സ്വന്തം കുടിവെള്ളവും വായുവും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള അതിജീവന പോരാട്ടങ്ങളിലാണ് ജനങ്ങള്‍. അതില്‍ ജനപക്ഷത്തു നില്‍ക്കുന്ന ഒരു സര്‍ക്കാറും ഇന്ത്യയിലില്ല.

Comments