Prabodhanm Weekly

Pages

Search

2018 ജൂണ്‍ 08

3055

1439 റമദാന്‍ 23

എം.കെ ഹംസ മൗലവി

കെ.കെ ഹമീദ് മനക്കൊടി തൃശൂര്‍

ഖുര്‍ആനിനുവേണ്ടി സമര്‍പ്പിച്ച ജീവിതത്തിന്റെ ഉടമയായിരുന്നു ഹംസ മൗലവി, തൃശൂര്‍. പാലക്കാട് മേപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി തലശ്ശേരിയിലാണ് ഉണ്ടായിരുന്നത്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും സ്ഥിരമായും അല്ലാതെയും ഖുര്‍ആന്‍ ക്ലാസുകള്‍ നടത്തി. അവസാനകാലത്ത് അസുഖങ്ങള്‍ ക്ഷീണിപ്പിച്ചെങ്കിലും തന്റെ ദൗത്യത്തില്‍നിന്ന് ഒട്ടും പുറകോട്ട് പോയില്ല. ആകര്‍ഷകവും വൈജ്ഞാനികവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകള്‍.

തൃശൂരിലെ പല പ്രമുഖ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ഇസ്‌ലാമിക പ്രസ്ഥാനവുമായി അടുപ്പിക്കുന്നതില്‍ മൗലവി വഹിച്ച പങ്ക് വലുതായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെയായിരുന്നു അതിന് അദ്ദേഹത്തിന്റെ വഴികാട്ടി.

മൗലവി പ്രസംഗിക്കുകയോ ജുമുഅ ഖുത്വ്ബ നടത്തുകയോ ചെയ്തിരുന്നില്ല. പക്ഷേ, പല ഖത്വീബുമാരുടെയും അവലംബമായിരുന്നു മൗലവി. പ്രഭാഷകരുടെയും ഖത്വീബുമാരുടെയും ഖുര്‍ആനികമായ പിഴവുകള്‍ രഹസ്യമായി തിരുത്തിക്കൊടുക്കുന്നതില്‍ അദ്ദേഹം ഒട്ടും മടികാണിക്കാറില്ല. രസകരമായും ചിരിച്ചും വ്യക്തിഹത്യ നടത്താതെയുമാണ്  അദ്ദേഹം നിരൂപണം നടത്താറ്.

ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പൂര്‍വവിദ്യാര്‍ഥിയായിരുന്ന മൗലവി മൂവാറ്റുപുഴ ബനാത്ത്, ആലുവ ചാലക്കല്‍ അസ്ഹര്‍, മാള ഐ.എസ്.ടി, നൂറുല്‍ ഇസ്‌ലാം മദ്‌റസ കരുവന്നൂര്‍, വലിയപറമ്പ് പട്ടേപ്പാടം എന്നീ മദ്‌റസകളിലും നിരവധി ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖുര്‍ആനായിരുന്നു മൗലവിയുടെ മുഖ്യവിഷയം. അറബി-ഇംഗ്ലീഷ് വ്യാകരണത്തിലും ആദ്യകാല മലയാള പദ്യഗദ്യ സാഹിത്യത്തിലും അദ്ദേഹത്തിന് നല്ല പരിജ്ഞാനമുണ്ടായിരുന്നു.

മൗലവിയുടെ ആദ്യകാല ജീവിതം വളരെ പ്രയാസകരമായിരുന്നു. ഇരുപത്തിമൂന്ന് വര്‍ഷം മുമ്പാണ് അദ്ദേഹം തൃശൂരിനടുത്ത് ഊരകത്ത് സ്ഥിരതാമസമാക്കിയത്. അവിടെ ഇസ്‌ലാമിക പ്രാസ്ഥാനിക ചലനമുണ്ടാക്കാനും പള്ളിയും മദ്‌റസയും ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ സ്ഥാപിക്കാനും മൗലവി വഴി സാധ്യമായി.

ഐ.പി.എച്ച് സാഹിത്യങ്ങളുള്‍പ്പെടെ പുസ്തകങ്ങളും ഖുര്‍ആന്‍ പരിഭാഷകളും വിതരണം ചെയ്തിരുന്ന ഒരു ഗ്രന്ഥശാല കൂടിയായിരുന്നു അദ്ദേഹം. പുസ്തകങ്ങള്‍ വാങ്ങിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്യും. അതിലധികവും ഖുര്‍ആനുമായി ബന്ധപ്പെട്ട ചരിത്രങ്ങളും കഥകളും തഫ്‌സീറുകളുമായിരുന്നു.

ഭാര്യ: ഫാത്വിമ. മക്കള്‍: സുമയ്യ, സമീര്‍, മുഹ്‌സിന്‍.

 

 

 

 

എം. ഷംസുദ്ദീന്‍ ഹാജി

നിഷ്പക്ഷവും സ്വതന്ത്രവും കണിശവുമായ നിലപാടുകൊണ്ട് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കുളത്തൂപ്പുഴയിലെ ഹാജി എം. ഷംസുദ്ദീന്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഘടനയിലില്ലാതെ തന്നെ പ്രസ്ഥാനത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന തലമുറയിലെ കണ്ണിയായിരുന്നു അദ്ദേഹം. 1967 മുതല്‍ പ്രസ്ഥാന പ്രവര്‍ത്തനം നടക്കുന്ന പ്രദേശമാണ് കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോര പഞ്ചായത്തായ കുളത്തൂപ്പുഴ. തുടക്കം മുതല്‍ കുളത്തൂപ്പുഴ മഹല്ലും പ്രസിഡന്റ് സി. മീരാസാഹിബ് റാവുത്തറും ഷംസുദ്ദീന്‍ ഹാജിയും പൗരപ്രമുഖരില്‍ ചിലരും പ്രസ്ഥാനത്തോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. അടിയന്തരാവസ്ഥയില്‍ പ്രദേശത്തെ പ്രസ്ഥാന പ്രവര്‍ത്തകന്‍ ബി.എ ഹകീം സാഹിബ് പോലീസ് നടപടികള്‍ക്ക് വിധേയനായപ്പോള്‍ സഹായ ഹസ്തവുമായി എത്തിയവരില്‍ ഷംസുദ്ദീന്‍ സാഹിബുമുണ്ടായിരുന്നു.

കുളത്തൂപ്പുഴയില്‍ ഫിത്വ്ര്‍ സകാത്തിന്റെ സംഘടിത സംഭരണവും വിതരണവും ആരംഭിച്ചപ്പോള്‍ ശാഫിഈ മദ്ഹബുകാരനായ ഷംസുദ്ദീന്‍ ഹാജി അതിനോട് സഹകരിക്കുകയുണ്ടായി. 33 വര്‍ഷം മഹല്ലിലെ മുഴുവന്‍ ഫിത്വ്ര്‍ സകാത്ത് പ്രവര്‍ത്തനങ്ങളും പ്രസ്ഥാന നേതൃത്വത്തിലാണ് നടന്നിരുന്നത്.

1998-ല്‍ കുളത്തൂപ്പുഴയില്‍ സംഘടിത സകാത്ത് പ്രവര്‍ത്തനം ആരംഭിച്ചപ്പോഴും അദ്ദേഹം അതിനോട് കാര്യമായി സഹകരിക്കുകയുണ്ടായി. മഹല്ലിന്റെ നേതൃത്വത്തില്‍ സകാത്ത് കമ്മിറ്റി ഉണ്ടാക്കാന്‍ മുന്‍കൈ എടുക്കുകയും പ്രസ്തുത കമ്മിറ്റിയില്‍ പ്രസ്ഥാനത്തിന്റെ സകാത്ത് കമ്മിറ്റിയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തുകയും ചെയ്തു. മഹല്ലിലെ സകാത്ത് കമ്മിറ്റിയുടെ ആദ്യത്തെ ചെയര്‍മാനായി അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. സകാത്ത് ബോധവത്കരണത്തിന് പ്രസ്ഥാന പണ്ഡിതന്മാരെ കൊണ്ടുവരാനും അദ്ദേഹം മുന്‍കൈയെടുത്തു. ഈ മഹല്ലില്‍ സംഘടിത സകാത്ത് സംവിധാനം നടപ്പിലാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.

പ്രസ്ഥാന സാഹിത്യങ്ങളോട് വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 1990 കാലഘട്ടത്തില്‍ ഉണ്ടായ വര്‍ഗീയ അസ്വാസ്ഥ്യം ഫലപ്രദമായി ചെറുക്കുന്നതില്‍ അദ്ദേഹവും മഹല്ല് പ്രസിഡന്റും സ്തുത്യര്‍ഹമായ ഇടപെടലുകളാണ് നടത്തിയത്.

കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം 1982-87 കാലയളവില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഡി.സി.സി പ്രസിഡന്റ് പദവി ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഹജ്ജിനു ശേഷം സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുകയും മഹല്ല്, സകാത്ത് കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു. മരണപ്പെടുമ്പോള്‍ 89 വയസ്സായിരുന്നു.

എം.എം ഇല്യാസ്, കുളത്തൂപ്പുഴ

 

 

ഷാജിത

തൃശൂര്‍ ഒരുമനയൂര്‍ വില്യംസില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ ഭാര്യയും, ചൊവ്വല്ലൂര്‍ രായംമരക്കാര്‍ വീട്ടില്‍ അബു ഹാജിയുടെ മകളുമായിരുന്നു ഇസ്‌ലാമിക പ്രവര്‍ത്തകയായ സഹോദരി ഷാജിത. വര്‍ഷങ്ങളോളം അടുത്ത ഫ്‌ളാറ്റില്‍ താമസിച്ചതിനാല്‍ അവരുടെ സ്വഭാവ മഹിമയും നന്മയും നേരിട്ടനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. വ്യക്തിപരമായി എന്നെ സംബന്ധിച്ചേടത്തോളം  ഒരു ജ്യേഷ്ഠത്തിയുടെ സ്ഥാനത്തായിരുന്നു അവര്‍. പ്രസ്ഥാന പ്രവര്‍ത്തകനായ ഭര്‍ത്താവ് മുഹമ്മദ് ബഷീര്‍  സാഹിബിന്റെ സഹധര്‍മിണിയായതോടെ  ഭര്‍ത്താവിന്റെ വിശ്വാസ, ആദര്‍ശ പ്രതലത്തോട് ചേര്‍ന്നുനിന്ന് താന്‍ ഒപ്പം കൂട്ടിയ ഇസ്‌ലാമിക പ്രസ്ഥാനത്തെ  ആത്മഹര്‍ഷത്തോടെ അവര്‍  പുണര്‍ന്നു. സൗമ്യയും സ്‌നേഹനിധിയുമായ പ്രവര്‍ത്തകയായിരുന്നു അവര്‍.  ഷാജിത കുറേക്കാലം ഖത്തറിലെ ദുഖാനിലും ശേഷം മദീന ഖലീഫ സൗത്ത്, കുലൈബ് എന്നീ യൂനിറ്റിലും പ്രവര്‍ത്തിച്ചിരുന്നു. പ്രസ്ഥാനരംഗത്ത് സജീവമായിരുന്ന അവര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി. ആസ്വാദ്യകരമായ ഭക്ഷണം പാകം ചെയ്ത് അയല്‍ക്കാരെയും സുഹൃത്തുക്കളെയും കുടുംബക്കാരെയും ആവോളം വിരുന്നൂട്ടി. എളിമയോടെയുള്ള പെരുമാറ്റം എല്ലാവര്‍ക്കും ഇത്തയെ പ്രിയങ്കരിയാക്കി. വ്യക്തി ബന്ധങ്ങള്‍ അറ്റുപോവാതെ കാത്തുസൂക്ഷിച്ചു. ദീനീകാര്യങ്ങളിലെ കൃത്യത, നമസ്‌കാരനിഷ്ഠ എന്നിവ അവരുടെ പ്രത്യേകതകളായിരുന്നു. മക്കളെ ഇസ്‌ലാമിക ശിക്ഷണത്തില്‍ വളര്‍ത്തി. ഖത്തറില്‍ ജോലിചെയ്യുന്ന മകന്‍ മുഹമ്മദ് ഷസ്മിയും ഷീബിന, ശബീബ എന്നീ 2 പെണ്‍മക്കളുമാണുള്ളത്. 

ജില്‍സാന ഹാരിസ്, ബാലുശ്ശേരി

 

 

എം.പി സലാഹുദ്ദീന്‍

ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ പൂര്‍വ വിദ്യാര്‍ഥിയും ആരാമ്പ്രം മസ്ജിദുല്‍ ഫാറൂഖ് ഇമാം കെ.പി അബ്ദുല്ല മൗലവിയുടെ മകനുമായിരുന്നു എം.പി സലാഹുദ്ദീന്‍ (35).

പത്തു വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ ബെന്റാള്‍ സര്‍ജറിക്കു വിധേയനായ സലാഹുദ്ദീന്‍ തുടര്‍ന്നുള്ള പത്തുവര്‍ഷക്കാലം ആരോഗ്യ പ്രശ്‌നങ്ങളെല്ലാം അവഗണിച്ച് പ്രദേശത്തെ ദീനീ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രഭാഷണങ്ങളേക്കാള്‍ സ്വന്തം കര്‍മംകൊണ്ട് മറ്റുള്ളവര്‍ക്കു മാതൃകയായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന് ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നെങ്കിലും സ്വപ്രയത്‌നത്താലും പരന്ന വായനയിലൂടെയും തന്റെ സഹപാഠികളും ഗുരുനാഥന്മാരുമായുള്ള നിരന്തര ബന്ധങ്ങളിലൂടെയും ദീനീ വിഷയങ്ങളില്‍ അവഗാഹം നേടിയ സലാഹുദ്ദീന്‍ പ്രദേശത്തെ വിവിധ പള്ളികളില്‍ ഖത്വീബായും സേവനമനുഷ്ഠിച്ചു.

ലാളിത്യവും സൗഹൃദവും പുഞ്ചിരിയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആളുകളുടെ വലിപ്പച്ചെറുപ്പവും ജാതി മത രാഷ്ട്രീയ അതിര്‍വരമ്പുകളും ഒന്നും തന്നെ സൗഹൃദം സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിനു തടസ്സമായില്ല.

ഭൗതിക ജീവിതത്തിലെ ആര്‍ഭാടങ്ങളോട് തികച്ചും വിരക്തി പുലര്‍ത്തിയ സലാഹുദ്ദീന്‍, ഇസ്‌ലാമിക പ്രബോധനം ജീവിതത്തിന്റെ മുഖ്യ അജണ്ടയാക്കി. ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിലും അത് മറ്റുള്ളവരിലേക്ക് പകരുന്നതിലും സാമ്പത്തിക കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തുന്നതിലും ജാഗ്രതയുണ്ടായിരുന്നു.

പരേതയായ ഖദീജ മാതാവും സലീന കരുവമ്പൊയില്‍ ഭാര്യയും അയ്മന്‍ അബ്ദുല്ല ഏക മകനുമാണ്.

കെ.പി നൗഷാദ് മാസ്റ്റര്‍ ആരാമ്പ്രം

Comments