Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

മരിച്ചവരുടെ സുഹൃത്ത്

റസാഖ് പള്ളിക്കര

ജീവിച്ചിരിക്കുന്നവര്‍ക്ക് വിരുന്നൊരുക്കാന്‍, മരുഭൂമിയില്‍ പൊരിഞ്ഞു തീരുന്ന ഒരായിരങ്ങള്‍ക്കിടയിലാണ്, മരിച്ചവര്‍ക്ക് വേണ്ടി മാത്രം ഒരാള്‍ അഹോരാത്രം പാടുപെടുന്നത്. പ്രശസ്തിയോ പ്രശംസകളോ ഒട്ടും ആഗ്രഹിക്കാത്ത ഇദ്ദേഹം ദൈവത്തിന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലുമാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. യു.എ.ഇയിലെ പ്രവാസികള്‍ക്കിടയില്‍ സര്‍വാദരണീയനായ താമരശേരി അശ്‌റഫ് എന്ന ഈ മനുഷ്യ സ്‌നേഹിയെയാണ് 'പരേതര്‍ക്കൊരാള്‍' എന്ന പുസ്തകത്തിലൂടെ ബഷീര്‍ തിക്കോടി പരിചയപ്പെടുത്തുന്നത്.

ഒരു സാധാരണ ദരിദ്ര കുടുംബത്തിന്റെ നിറഞ്ഞ പ്രതീക്ഷകളുമായാണ് അശ്‌റഫും യു.എ.ഇയിലെത്തുന്നത്. പക്ഷേ, ജോലി കഴിഞ്ഞുള്ള ഒഴിവു വേളകള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ആരും കയറിച്ചെല്ലാന്‍ മടിക്കുന്ന തികച്ചും വ്യത്യസ്തമായൊരു സേവന രംഗത്താണ്; മരിച്ചവരുടെ സുഹൃത്തായി അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ക്കൊരു തുണയായി. മൃതദേഹം നാട്ടിലെത്തിച്ചാലേ അദ്ദേഹത്തിന് സമാധാനമാവൂ. അതിനു വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങി രേഖകള്‍ എല്ലാം ശരിയാക്കിയാല്‍ മാത്രമേ ഉറക്കമുള്ളൂ.

ഷാര്‍ജയിലെ കുവൈത്ത് ഹോസ്പിറ്റലിന്റെ വരാന്തയില്‍ സഹായിക്കാനാരുമില്ലാതെ സ്വന്തം പിതാവിന്റെ മൃതദേഹത്തിനരികില്‍ അലമുറയിട്ടു കരയുന്ന ബന്ധുക്കളുടെ കണ്ണീരില്‍ മനസ്സ് നൊന്തായിരുന്നു അശ്‌റഫിന്റെ തുടക്കം. പിന്നീടുള്ള രാപ്പകലുകളില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ശബ്ദിച്ചിരുന്നത് മരിച്ചവര്‍ക്ക് വേണ്ടിയുള്ള സഹായത്തിനായിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ മുപ്പത്തിയെട്ട് രാജ്യക്കാരുടെ മൃതദേഹങ്ങളാണ് ഈ കാലയളവില്‍ അശ്‌റഫ് നാട്ടിലെത്തിക്കാന്‍ പ്രയത്‌നിച്ചിട്ടുള്ളത്. യാതൊരുവിധ ജാതി-മത വേര്‍തിരിവുകളും ഈ സേവന മേഖലയില്‍ അദ്ദേഹം പരിഗണിച്ചിരുന്നില്ല. അശ്‌റഫ് ചോദിക്കുന്നതുപോലെ മരിച്ചവര്‍ക്കെന്തിനാണൊരു ജാതിക്കുപ്പായം!

തന്റെ ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ സഹായിക്കാനാരുമില്ലാതെ ദുഃഖിച്ചിരുന്ന ബ്രിട്ടീഷുകാരിക്ക് തുണയായപ്പോള്‍ അവര്‍ അശ്‌റഫിനെ വിശേഷിപ്പിച്ചത് 'ദൈവം നിയോഗിച്ച മാലാഖ' എന്നാണത്രെ. 

ഒമാനില്‍നിന്ന് ദുബൈ കാണാന്‍ വന്ന പാനൂര്‍ സ്വദേശികളായ ദമ്പതിമാരുടെ അനുഭവവും ഹൃദയഭേദകമാണ്. വാഹനാപകടത്തില്‍ ഭാര്യ തല്‍ക്ഷണം മരിക്കുന്നു. റെഡ് സിഗ്‌നല്‍ മറികടന്നതിന് ഭര്‍ത്താവ് ജയിലിലും. ഇവരുടെ രക്ഷക്കെത്തിയത് അശ്‌റഫ്. അവസാനമായി ഭാര്യയുടെ മൃതശരീരം ഒരു നോക്ക് കാണാന്‍ ആമം വെച്ച കൈയുമായി ഭര്‍ത്താവ് വരുന്ന ആ രംഗം കണ്ണീരോടെയാണ് അശ്‌റഫ് പറഞ്ഞുനിര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഒരുപാട് ദുഃഖസാന്ദ്രമായ രംഗങ്ങളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

മുവാറ്റുപുഴ സ്വദേശി ശ്യാമളയുടെ അനുഭവം ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. അവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാര്‍ജയില്‍ ഒരപകടത്തില്‍ മരിക്കുന്നു. കാര്യങ്ങള്‍ അന്വേഷിക്കാന്‍ സ്വന്തക്കാരില്ലാത്തതിനാല്‍ അയാളുടെ കമ്പനി പോലും തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് ശ്യാമള തന്റെ മക്കളെ പോറ്റിയത് നാട്ടില്‍ കൂലിപ്പണി ചെയ്തായിരുന്നു. അങ്ങനെയാണ് ഒരു ചാനലിലൂടെ അവര്‍ അശ്‌റഫിനെക്കുറിച്ച് അറിയാന്‍ ഇടയായത്.

ഒടുക്കം ബന്ധപ്പെട്ടപ്പോള്‍ അശ്‌റഫ് മറുപടി പറഞ്ഞത്; 'ഇങ്ങള് പടച്ചോനോട് പ്രാര്‍ഥിക്കീന്‍... കമ്പനിയുമായി ബന്ധപ്പെട്ടു നോക്കട്ടെ...' 

പിന്നീട് ശ്യാമളയും അത് മറന്നുതുടങ്ങിയിരുന്നു. പക്ഷേ, അശ്‌റഫ് കോടതിയിലും മറ്റും നിരന്തരം കയറിയിറങ്ങി അവര്‍ക്ക് അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുകയായ 13 ലക്ഷത്തോളം രൂപ വാങ്ങിച്ചുകൊടുത്തു. ശ്യാമള എത്ര നിര്‍ബന്ധിച്ചിട്ടും അശ്‌റഫ് ഒരു ചില്ലിക്കാശ് പോലും പ്രതിഫലമായി വാങ്ങിയില്ല.

ആരും തിരിഞ്ഞുനോക്കാനില്ലാതെ വിധിയെ മാത്രം ശപിച്ചുകഴിഞ്ഞിരുന്ന ഈ സഹോദരിയെ സഹായിച്ചതിന് ശ്യാമളയും മക്കളും അദ്ദേഹത്തിനോടുള്ള കടപ്പാട് തീര്‍ത്തത്, അശ്‌റഫ് പ്രതീക്ഷയര്‍പ്പിക്കാന്‍ പറഞ്ഞിരുന്ന പടച്ചോനില്‍ മാത്രം വിശ്വാസമര്‍പ്പിച്ചുകൊണ്ടായിരുന്നു.

അശ്‌റഫിനെ അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ അറബിക്കും വലിയ ഇഷ്ടമായിരുന്നു. എ.ടി.എം കാര്‍ഡ് പോലും അറബി അശ്‌റഫിനെയാണ് ഏല്‍പിച്ചിരുന്നത്.

ഒരുപാട് പേരുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയ അശ്‌റഫിനെ ഗ്രന്ഥകര്‍ത്താവ് ഉപമിക്കുന്നത് ദര്‍വിശിന്റെയും റില്‍ക്കേയുടെയും കനിവാര്‍ന്ന കാവ്യബിംബങ്ങളോടാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍