Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

ജിന്നും മനുഷ്യനും: ബാധയും പേടിയും

ഇല്‍യാസ് മൗലവി

അദൃശ്യസൃഷ്ടികളായ ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ച് അവരുടെ ബുദ്ധിയെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുമെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും ഈ അന്ധവിശ്വാസം ജനകീയവത്കരിക്കാനും ശ്രമം നടക്കുന്നുണ്ട്. ജിന്നും മനുഷ്യനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നതിനിടയില്‍ ഊഹാപോഹങ്ങളിലും കെട്ടുകഥകളിലും ചിലര്‍ വീണുപോയിരിക്കുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെയും ചിന്തയെയും കര്‍മശേഷിയെയും ജിന്ന് അവതാളത്തിലാക്കുമെന്ന് ഇവര്‍ ജല്‍പിക്കുന്നു. ജിന്ന് മനുഷ്യരെ വിവാഹം കഴിക്കുമെന്നു വരെ പ്രചരിപ്പിക്കുന്നു!

ഖുര്‍ആനിലും സുന്നത്തിലും ജിന്ന്, അതിന്റെ ബഹുവചനമായ ജാന്ന് എന്നീ പദങ്ങള്‍ ഒന്നിലധികം അര്‍ഥങ്ങളില്‍ വന്നിട്ടുണ്ട്. 'ജിന്ന്' എന്നോ 'ജാന്ന്' എന്നോ കേള്‍ക്കുമ്പോഴേക്ക് അദൃശ്യ സൃഷ്ടികളായ ജിന്നിനെപ്പറ്റിയാണ് അതൊക്കെ  എന്ന് തെറ്റിദ്ധരിക്കേതില്ല.

ഉദാഹരണമായി: മൂസാ നബിയോടുള്ള അല്ലാഹുവിന്റെ കല്‍പന ഉദ്ധരിക്കുന്ന സൂക്തം കാണുക: ''നിന്റെ വടി താഴെയിടുക. താഴെയിട്ടപ്പോള്‍ ആ വടി പാമ്പിനെ(ജാന്ന്)പ്പോലെ പുളയുന്നതുകണ്ട് മൂസാ പുറംതിരിഞ്ഞ് ഓടിക്കളഞ്ഞു. തിരിഞ്ഞു നോക്കിയതേയില്ല. (കല്‍പനയുണ്ടായി:) മൂസാ, തിരിച്ചുവരിക. ഭയപ്പെടേണ്ട. നീ തികച്ചും സുരക്ഷിതനാകുന്നു'' (28:31).

ഇവിടെ 'ജാന്ന്' എന്ന പദത്താല്‍ വ്യവഹരിക്കപ്പെട്ടിരിക്കുന്ന പാമ്പിന് സൂറ അല്‍അഅ്റാഫിലും അശ്ശുഅറാഇലും 'സുഅ്ബാന്‍' എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ചെറിയ പാമ്പുകള്‍ക്കാണ് ഈ പദം പറയാറുള്ളത്. അതിന്റെ കാരണമിതാണ്: വലിപ്പംകൊണ്ട് അതൊരു വന്‍ സര്‍പ്പമായിരുന്നു. പക്ഷേ, അതിന്റെ ചലനവേഗം ഒരു കൊച്ചു പാമ്പിന്റേതായിരുന്നു (തഫ്ഹീമുല്‍ ഖുര്‍ആന്‍, സൂറ: അന്നംല് വ്യാഖ്യാനം).

പാമ്പിന് ജിന്ന്/ജാന്ന് എന്ന് പറയുന്നത് ആലങ്കാരികമായിട്ടോ ജിന്ന് പാമ്പായതുകൊണ്ടോ അല്ലെന്നും, സാക്ഷാല്‍ ഭാഷാര്‍ഥത്തില്‍ തന്നെയാണെന്നും ഇതില്‍നിന്ന് വ്യക്തം. 'ജന്ന' എന്ന വാക്കിന് മറഞ്ഞു, അപ്രത്യക്ഷമായി എന്നാണ് അര്‍ഥം.  അറബി ഭാഷയിലെ 'ജ,ന,ന' എന്ന മൂന്ന് അടിസ്ഥാന അക്ഷരങ്ങളുള്ള പദങ്ങളാണ് ജിന്ന്, ജന്നത്ത്, ജുന്നത്ത്, മജ്‌നൂന്‍ തുടങ്ങിയവയെല്ലാം. ഇവയിലൊക്കെ ഒരു മറയലോ, മറയ്ക്കലോ ഉണ്ടാകും. ജിന്ന് എന്നാല്‍ മറഞ്ഞിരിക്കുന്നത്, അഥവാ ദൃഷ്ടിഗോചരമല്ലാത്തത്, ജുന്നത്ത് എന്നാല്‍ പരിച (വെട്ട് മറക്കുന്നത്, തടുക്കുന്നത്), ജന്നത്  എന്നാല്‍ തോട്ടം-ഭൂമിയെ സൂര്യപ്രകാശത്തില്‍നിന്ന് മറയ്ക്കുന്നത്, മജ്‌നൂന്‍ എന്നാല്‍ ഭ്രാന്തന്‍ അഥവാ ബുദ്ധി മറഞ്ഞുപോയ ആള്‍.

'ജിന്ന്' എന്നത് ഇബ്‌ലീസ് വര്‍ഗത്തില്‍പെട്ട ഒരു സൃഷ്ടിക്ക് പറയുന്ന സത്താനാമം മാത്രമല്ല എന്നര്‍ഥം. ആ പേര് ലഭിച്ചതുതന്നെ മനുഷ്യദൃഷ്ടിയില്‍ മറഞ്ഞിരിക്കുന്ന സൃഷ്ടി എന്ന നിലക്കാണ്. പാമ്പിന് ജാന്ന് എന്ന് പ്രയോഗിച്ചത് പകല്‍ സമയത്ത് മനുഷ്യദൃഷ്ടിയില്‍നിന്ന് മറഞ്ഞിരിക്കുന്നതുകൊണ്ടാണ്. സൂക്ഷ്മജീവികളെയും ഫംഗസിനെയും ജിന്ന് എന്ന് അറബി ഭാഷയില്‍ വിളിക്കാവുന്നതാണ്. എല്ലുകള്‍ ജിന്നുകളുടെ ഭക്ഷണമാണ് എന്ന് കുറിക്കുന്ന ഹദീസില്‍ പറയപ്പെടുന്ന ജിന്ന് സൂക്ഷ്മജീവികളെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ല. അതുതന്നെയാണല്ലോ സ്വാഭാവികവും, നാം കണ്ടുകൊണ്ടിരിക്കുന്നതും.

 

ജിന്നിന്റെ സൃഷ്ടിപ്പ് തീയില്‍നിന്ന്

''അല്ലാഹു ചോദിച്ചു: ഞാന്‍ നിന്നോട് ആജ്ഞാപിച്ചപ്പോള്‍ പ്രണാമം ചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്? ഇബ്‌ലീസ് പറഞ്ഞു: ഞാന്‍ അവനേക്കാള്‍ ശ്രേഷ്ഠനാകുന്നു. നീ എന്നെ അഗ്‌നിയില്‍നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്; അവനെ മണ്ണില്‍നിന്നും'' (ഖുര്‍ആന്‍ 7:12). ''മനുഷ്യനെ നാം വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിന്ന് സൃഷ്ടിച്ചു. അതിനുമുമ്പ് ജിന്നുകളെ നാം തീജ്ജ്വാലയില്‍നിന്ന് സൃഷ്ടിച്ചിട്ടുണ്ടായിരുന്നു''(15:27).  

മനുഷ്യന്‍ മണ്ണില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുമ്പോള്‍ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം നമുക്ക് അനുഭവവേദ്യമാണ്. ആരും വിശദീകരിച്ചു തരേണ്ടതില്ല. അഥവാ മണ്ണിലെ മൂലകങ്ങള്‍ തന്നെയാണ് മനുഷ്യശരീരത്തിലും അടിസ്ഥാനപരമായി ഉള്ളത്. എന്നാല്‍ ഇത്തരം പദാര്‍ഥങ്ങള്‍കൊണ്ടല്ല ജിന്നുകളെ സൃഷ്ടിച്ചിട്ടുള്ളതെന്നും, തീയിലെ ഘടകങ്ങളെ ഉപയോഗിച്ചാണെന്നുമാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. തീയിലെ ഒന്നോ ഒന്നില്‍ കൂടുതലോ ഘടകങ്ങള്‍ ജിന്നുകളുടെ സൃഷ്ടിപ്പിന് ഉപയോഗിച്ചിട്ടുാവാം. ആ ഘടകങ്ങള്‍ ഏതൊക്കെ എന്ന് നമുക്കറിയില്ല, നാം അന്വേഷിച്ചു തലപുകക്കേണ്ടതുമില്ല. കാരണം  അത് നമ്മെ ഒരു വിധത്തിലും ബാധിക്കുന്നില്ല.

സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹു രൂപമാറ്റം വരുത്തുന്നതിലൂടെയല്ലാതെ ജിന്നുകള്‍ക്ക് സ്വന്തം നിലക്ക് യഥേഷ്ടം രൂപം മാറാനുള്ള കഴിവുണ്ട് എന്നതിന് ഒരു തെളിവും കാണാന്‍ കഴിഞ്ഞിട്ടില്ല. ജിന്നുകള്‍ മനുഷ്യനില്‍ പ്രവേശിക്കുമെന്നും, അവരും മനുഷ്യരും തമ്മില്‍ ലൈംഗികബന്ധത്തില്‍വരെ ഏര്‍പ്പെടുമെന്നും, അവരില്‍ ചിലര്‍ കള്ളന്മാരായി വന്ന് വസ്തുക്കള്‍ മോഷ്ടിക്കുമെന്നും, അവര്‍ സൗകര്യാനുസരണം പാമ്പും നായയുമായി രൂപാന്തരപ്പെടുമെന്നുമെല്ലാമുളള വിശ്വാസം ഗുരുതരമായ പ്രത്യാഘാതങ്ങളുളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശാന്തിയും സമാധാനവും സുരക്ഷയും നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍, എന്തിനധികം, അവിഹിത ഗര്‍ഭം ധരിച്ചാല്‍ പോലും ജിന്നാണ് കാരണമെന്നു പറഞ്ഞ് ശിക്ഷയില്‍നിന്ന് ഊരിച്ചാടാമല്ലോ. അതേസമയം ജിന്നുകള്‍ ഇത്തരം വേലകള്‍ ഒപ്പിക്കുമെന്ന് വാദിക്കുന്നവര്‍ അത് ഖണ്ഡിതമായി തെളിയിക്കുന്ന ഒരു തെളിവും സമര്‍പ്പിച്ചിട്ടില്ല. എല്ലാം നിഗമനങ്ങളോ ഊഹാപോഹങ്ങളോ മാത്രമാണ്.

ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന് ഇതു സംബന്ധമായി പഠനത്തിലേര്‍പ്പെട്ടവര്‍ നല്‍കുന്ന തെളിവുകള്‍ ഒട്ടും പര്യാപ്തമല്ല എന്നതാണ് വസ്തുത.  ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന് ഖണ്ഡിതമായ ഒരു തെളിവും ലഭിച്ചിട്ടില്ല. മാത്രമല്ല അപ്രകാരം പ്രവേശിക്കുന്നതായി നിത്യജീവിതത്തില്‍ കാണുന്നുമില്ല. അതിനാല്‍ ജിന്നിന് മനുഷ്യശരീരത്തില്‍ പ്രവേശിക്കാനാവില്ല എന്നാണ്  ബോധ്യമാകുന്നത്.

 

എന്തുകൊണ്ട് വിശ്വസിക്കുന്നില്ല?

ജിന്ന് എന്ന സൃഷ്ടി മനുഷ്യന് അദൃശ്യമാണ്. ജിന്നിന്റെ സൃഷ്ടിപ്പിലുള്ള സവിശേഷത മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ അത് എവിടെയൊക്കെ പ്രവേശിക്കും, പ്രവേശിക്കില്ല എന്ന ചര്‍ച്ചക്ക് തന്നെ പ്രസക്തിയില്ല. അടച്ചുവെച്ച പാത്രത്തില്‍ പ്രവേശിക്കില്ലെന്നും തുറന്നുവെച്ച പാത്രത്തില്‍ പ്രവേശിക്കുമെന്നും പറയാന്‍ എന്താണ് തെളിവ്? ശൈത്വാന്‍ അടച്ചിട്ട പാത്രത്തില്‍ പ്രവേശിക്കുകയില്ല എന്ന് ഹദീസിലുണ്ട്. അതു പക്ഷേ ജിന്നാണ് എന്ന് ഉറപ്പിക്കാന്‍ തെളിവൊന്നുമില്ല. പ്രവേശിക്കുമോ ഇല്ലേ എന്നതിലുപരി, ജിന്നിന്റെ കഴിവും സ്വാധീനവും എത്രത്തോളമുണ്ട് എന്ന കാര്യത്തിലാണ് പ്രധാനമായും തീര്‍പ്പിലെത്തേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ഖുര്‍ആനും സുന്നത്തും ഇവിടെ കൃത്യമായ വെളിച്ചം നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു:

''കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദത്തം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്'' (ഇബ്റാഹീം 22).

ഇതേകാര്യം നബി(സ) പറയുന്നത് കാണുക: ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം. സ്വഹാബിമാര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ക്ക് ചിലത് മനസ്സില്‍ തോന്നും.  അത് പുറത്തുപറയുന്നതിനേക്കാള്‍ കരിക്കട്ടയായിത്തീരുന്നതാണ് ഞങ്ങള്‍ക്ക് ഭേദം (ഹദീസ് നിവേദകനായ ഇമാം ശുഅബഃ പറയുന്നു: എന്റെ ഗുരുനാഥന്മാര്‍ രണ്ട് രീതിയില്‍ നബി (സ) യുടെ വാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ ഒരാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരം). അന്നേരം നബി പറഞ്ഞു: അല്‍ഹംദുലില്ലാഹ്, കേവലം വസ്‌വാസുണ്ടാക്കുക എന്നതല്ലാതെ മറ്റൊന്നും തന്നെ ചെയ്യാന്‍ പറ്റാത്തവണ്ണം അവനെ അശക്തനാക്കിയ അല്ലാഹുവിന് സര്‍വ സ്തുതിയും.  (മറ്റെയാള്‍ പറഞ്ഞത് പ്രകാരം) നബി (സ) പറഞ്ഞത്, 'അവന്റെ കുതന്ത്രം വസ്‌വാസില്‍ ഒതുക്കിയ അല്ലാഹുവിന് സര്‍വസ്തുതിയും' എന്നാണ് (അഹ്മദ്: 361, അബൂദാവൂദ്: 2704).

പിശാചിന് ആദം സന്തതികളോടുള്ള ശത്രുത, ദുര്‍ബോധനത്തിന്റെയും വഞ്ചനയുടെയും അപ്പുറത്തേക്കു കടക്കുന്നില്ല എന്നതാണ് ഖുര്‍ആന്റെ വിശദീകരണം. ഈ ഖുര്‍ആന്‍ വചനം അതിലേക്ക് വിരല്‍ ചൂണ്ടുന്നു: ''അവരില്‍നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്തുകൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും അവര്‍ക്ക് നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു'' (അല്‍ ഇസ്രാഅ് 64).

പിശാചിന്റെ കഴിവ് കേവലം വസ്‌വാസില്‍, ദുര്‍ബോധനത്തില്‍ ഒതുങ്ങുന്നു എന്ന് റസൂലും വ്യക്തമായി പഠിപ്പിക്കുന്നു. അതാണ് ഈ ഹദീസിലും  നാം കണ്ടത്.

പ്രത്യക്ഷത്തില്‍ പിശാച് മനുഷ്യനോട് എന്തെങ്കിലും അക്രമം ചെയ്യുമെന്നല്ല ഇതിന്റെ അര്‍ഥം; അശ്രദ്ധരായി ജീവിക്കുന്നവരുടെ ചിന്തയെ കീഴ്പ്പെടുത്താന്‍ പിശാചിനു കഴിയും എന്നാണ്. മനുഷ്യനെ ശാരീരികമായി കീഴ്പ്പെടുത്താന്‍ പിശാചിനാകില്ലെന്ന സത്യം മറ്റു ചില വചനങ്ങളില്‍നിന്നും വ്യക്തമാണ്: ''തീര്‍ച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്‌ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ. അവന് (ഇബ്‌ലീസിന്) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല'' (സബഅ് 20,21).

പിശാചിന്റെ അധികാരം മനുഷ്യഹൃദയങ്ങളില്‍ ദുര്‍ബോധനം ചെയ്യുന്നതിലും അങ്ങനെ വഞ്ചനയിലകപ്പെടുത്തുന്നതിലും പരിമിതമാണെന്ന് ഈ വചനങ്ങളെല്ലാം ബോധ്യപ്പെടുത്തുന്നു. പള്ളിയിലേക്കു പടികയറുന്നവനെ പിറകില്‍നിന്ന് ശാരീരികമായി പിടിച്ചുവലിക്കാന്‍ പിശാചിനാവില്ല. ഒരാളെ ഏതെങ്കിലും മദ്യ ഷോപ്പില്‍ പിടിച്ചുകൊുപോയി മദ്യം കുടിപ്പിക്കാനും പിശാച് അശക്തനാണ്. മാനസികമായ ദുര്‍ബോധനമാണ് മനുഷ്യനെ വശീകരിക്കാനുള്ള പിശാചിന്റെ ആയുധം. അതിലപ്പുറം ജിന്നുവര്‍ഗത്തില്‍പെട്ട പിശാചിന് യാതൊരു കഴിവുമില്ല. അതുകൊണ്ടണ്ടാണ് പിശാചില്‍നിന്ന് രക്ഷതേടി അല്ലാഹുവോട് പ്രാര്‍ഥിക്കണം എന്ന് പഠിപ്പിച്ചിട്ടുള്ളത്.

ശൈഖ് മുഹമ്മദുല്‍ ഗസ്സാലി(റ) ചോദിക്കുന്നു: മുസ്‌ലിംകളുടെ ശരീരങ്ങളില്‍ മാത്രം പ്രവേശിക്കുന്നതാണോ ഈ ജിന്നെന്ന് പറയുന്നത്? ജപ്പാന്‍കാര്‍ക്കും ജര്‍മന്‍കാര്‍ക്കും ജിന്ന് ശരീരത്തില്‍ കേറുമെന്ന സംശയം പോലും ഇല്ലാതിരിക്കുന്നത് എന്തുകൊണ്ടാണ്? പിശാച് മനുഷ്യനെ കീഴ്പ്പെടുത്തുമെന്ന ചിന്ത മതവിശ്വാസികള്‍ക്ക് മാത്രമല്ല അപകീര്‍ത്തിയുണ്ടാക്കുക. ഭൗതികശാസ്ത്രം അതിപുരോഗതി കൈവരിച്ച ഇക്കാലത്ത് മതത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാനും വിശ്വാസികളുടെ ഈമാന്‍ അപായപ്പെടുത്താനും ഇത്തരം കെട്ടുകഥകള്‍ ഇടവരുത്തും.

 

തെളിവുകള്‍ ഒരു പോസ്റ്റ്‌മോര്‍ട്ടം

ഇനി മനുഷ്യശരീരത്തില്‍ ജിന്ന് അധിനിവേശം നടത്തുമെന്ന് വാദിക്കുന്നവര്‍ സാധാരണ അവലംബമാക്കാറുള്ള ഏതാനും തെളിവുകള്‍ നോക്കാം. ആദ്യമായി ഒരു ഖുര്‍ആന്‍ സൂക്തം: ''പലിശ തിന്നുന്നവന്‍ പിശാചുബാധ നിമിത്തം മറിഞ്ഞു വീഴുന്നവന്‍ എഴുന്നേല്‍ക്കുന്നതു പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല.'' 

ഈ ഭാഗം മാത്രം മുറിച്ചെടുത്ത് വായിച്ചാല്‍ ഇതിന്റെ യഥാര്‍ഥ ഉദ്ദേശ്യം ഗ്രഹിക്കാനാവില്ല. അതിനാല്‍ ശേഷമുള്ള ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് വായിക്കാം.

''രാവും പകലും പരസ്യമായും പരോക്ഷമായും ധനം ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് അവരുടെ നാഥങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടുന്നതിനോ ദുഃഖിക്കുന്നതിനോ സംഗതിയാകുന്നതല്ലതന്നെ. പലിശ തിന്നുന്നവര്‍ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്ക്കുന്നതുപോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്കു തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (അല്‍ബഖറ 275).

പലിശ തിന്നുന്നവരെ അല്ലാഹു ഉപമിച്ചതാണിവിടെ. ഇവിടെ അതിന്റെ അക്ഷരങ്ങളിലെടുത്താല്‍ പോലും ജിന്ന് മനുഷ്യനില്‍ പ്രവേശിക്കും എന്ന അര്‍ഥം ലഭിക്കില്ല. പിശാചുബാധ ഏല്‍ക്കും എന്നേ വരൂ. പലിശ തിന്ന ആരെങ്കിലും  ജിന്ന് ബാധിച്ച രൂപത്തില്‍ പെരുമാറാറുണ്ടോ? ഇനി പരലോകത്താണ് ഇങ്ങനെ വരുന്നതെങ്കില്‍ അപ്പോഴും അത് ആലങ്കാരികമാണ് എന്ന് വരുന്നു. കാരണം അന്ത്യദിനത്തില്‍ ഹാജറാകുമ്പോള്‍ കുറേ ആളുകളെ ജിന്ന് ബാധിക്കും എന്ന് ആര്‍ക്കും വാദമില്ലല്ലോ!  

ഈ ആയത്തിന് മൗലാനാ മൗദൂദി നല്‍കിയ വ്യാഖ്യാനം ഇങ്ങനെ വായിക്കാം: ''ഭ്രാന്ത് ബാധിച്ചവന് മജ്‌നൂന്‍(പിശാചുബാധയേറ്റവന്‍) എന്ന വാക്കാണ് അറബികള്‍ ഉപയോഗിച്ചിരുന്നത്. ഒരാള്‍ക്ക് ഭ്രാന്ത് പിടിപെട്ടുവെന്നു പറയേണ്ടിവരുമ്പോള്‍ 'അവനെ പിശാച് ബാധിച്ചു' എന്നവര്‍ പറഞ്ഞിരുന്നു. ഈ പ്രയോഗംകൊണ്ട്, വിശുദ്ധ ഖുര്‍ആന്‍ പലിശ വാങ്ങുന്നവനെ ബുദ്ധി ഭ്രമിച്ചവനോട് ഉപമിക്കുകയാണ്. അതായത്, ഒരു ഭ്രാന്തന്‍ വിശേഷബുദ്ധി നഷ്ടപ്പെട്ടതുകാരണം സമനില തെറ്റി പ്രവര്‍ത്തിക്കുന്നതുപോലെ പലിശക്കാരനും പണത്തിന്റെ പിന്നാലെ ഭ്രാന്തുപിടിച്ചോടുന്നു. തന്റെ പലിശവ്യാപാരം കാരണം മാനുഷിക സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദീനാനുകമ്പയുടെയും അടിവേര് എത്രമാത്രം മുറിഞ്ഞുപോവുന്നുണ്ട്, സാമൂഹികനന്മക്ക് എത്ര വലിയ വിനാശമേല്‍ക്കുന്നുണ്ട്, ആരുടെയൊക്കെ ദുഃസ്ഥിതിയില്‍നിന്നാണ് തന്റെ സുസ്ഥിതിക്കുള്ള ഉപകരണങ്ങള്‍ ചൂഷണം ചെയ്തുണ്ടാക്കുന്നത് എന്നിവക്കൊന്നും, സ്വാര്‍ഥമാകുന്ന ഭ്രാന്തില്‍ പെട്ടതുകാരണം അവന്‍ തീരെ വില കല്‍പിക്കുകയില്ല. ഇത് ഈ ലോകത്ത് തന്നെയുണ്ടാകുന്ന അവന്റെ ഭ്രാന്തിന്റെ അവസ്ഥയാണ്; പരലോകത്തില്‍ മനുഷ്യന്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നത്, ഇഹലോകത്ത് അവര്‍ ജീവിതമവസാനിപ്പിച്ച അതേ അവസ്ഥയിലായിരിക്കും. അതിനാല്‍, പേ പിടിച്ച് ബുദ്ധി ഭ്രമിച്ച ഒരു മനുഷ്യന്റെ രൂപത്തിലായിരിക്കും അന്ത്യനാളില്‍ പലിശക്കാരന്‍ എഴുന്നേല്‍ക്കുക.'' 

ഈ വ്യഖ്യാനത്തെ ബലപ്പെടുത്തുന്ന ഒരു ഹദീസ് ഇങ്ങനെ: ഔഫു ബ്‌നു മാലികില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: 'പൊറുക്കപ്പെടാത്ത പാപങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കണം. വെട്ടിപ്പും വഞ്ചനയും നടത്തുന്നവര്‍ അതുമായി അന്ത്യദിനത്തില്‍ ഹാജരാകും, അതുപോലെ പലിശ ഭുജിക്കുന്നവനും. ആരെങ്കിലും പലിശ ഭുജിച്ചാല്‍ ഭ്രാന്തനായി തട്ടിമുട്ടി തപ്പിത്തടയുന്നവനായിട്ടായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക. തുടര്‍ന്ന് അവിടുന്ന് പാരായണം ചെയ്തു; 'പലിശ തിന്നുന്നവര്‍ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല' (ത്വബറാനി: 14537). ഈ ഹദീസ് അല്‍ബാനി സില്‍സിലതുല്‍ അഹാദീസിസ്സ്വഹീഹയില്‍ (561) ഉദ്ധരിച്ചിട്ടുണ്ട്. 

ഈ സൂക്തത്തില്‍ പറഞ്ഞ 'മസ്സ' എന്ന പദത്തിന് ജിന്നുകൂടുക എന്ന അര്‍ഥമുണ്ട് എന്ന് പറയുന്നവരുണ്ട്. അതിലുമുണ്ട് ചില പ്രശ്‌നങ്ങള്‍. ഈ ലോകത്ത് ജനിച്ചു വീഴുന്നവരെല്ലാം 'ജിന്ന് കൂടി'യവരും ജിന്നു ബാധയേറ്റവരുമാണെന്ന് വിധിയെഴുതേണ്ടിവരും. കാരണം റസൂല്‍ (സ) പറയുന്നത് കാണുക: അബൂഹുറയ്‌റയില്‍നിന്ന് നിവേദനം, പ്രവാചകന്‍ (സ) പറഞ്ഞു: ''ജനിക്കുന്ന വേളയില്‍ പിശാച് സ്പര്‍ശിക്കാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല. അങ്ങനെ പിശാച് സ്പര്‍ശിക്കുന്നതു കാരണം  അത് ഉറക്കെ കരയുന്നു.......'' (ബുഖാരി: 4548).

ഈ ഹദീസില്‍ മര്‍യമിനെയും പുത്രന്‍ ഈസാ നബിയെയുമൊഴിച്ചുള്ള സകലരെയും പിശാച് സ്പര്‍ശിക്കുമെന്ന് വ്യക്തമായി തന്നെ പരാമര്‍ശിച്ചിരിക്കുന്നു. സകല മനുഷ്യര്യം ജിന്നുബാധയേറ്റവരും ജിന്നിന്റെ അധിനിവേശത്തിന് ഇരയായവരുമാണ് എന്ന് ഈ ഹദീസ് വെച്ച് പറയാനൊക്കുമോ? 

നബി(സ) പറഞ്ഞു: ''മനുഷ്യനില്‍ രക്തപ്രവാഹം ഉള്ള കാലത്തോളം പിശാചുണ്ടായിരിക്കും.'' മറ്റൊരിക്കല്‍: ''ആദമിന്റെ പുത്രന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടിയെല്ലാം പിശാച് സഞ്ചരിക്കും'' (ബുഖാരി: 2038). ഈ ഹദീസുകളാണ് മറ്റൊരു തെളിവ്. രക്തസഞ്ചാരം ഉള്ളിടത്തെല്ലാം പിശാചുണ്ടെന്ന ഈ വചനവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് പിശാചുബാധക്കു തെളിവായി ഉദ്ധരിക്കുന്നത്. ഹദീസിന്റെ പൂര്‍ണരൂപം ശ്രദ്ധിക്കുക:

നബി(സ)യുടെ പത്നി സ്വഫിയ്യ പറഞ്ഞു: ''പ്രവാചകന്‍ പള്ളിയില്‍ ഭജനമിരിക്കെ ഒരു രാത്രി ഞാന്‍ പ്രവാചകരെ സന്ദര്‍ശിച്ചു. നബിയുമായി സംസാരിച്ചിരുന്ന ഞാന്‍ വീട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങി (ഉസാമത്തുബ്‌നു സൈദിന്റെ വീടിനു സമീപമായിരുന്നു സ്വഫിയ്യയുടെ വീട്). എന്നെ യാത്രയാക്കാനായി പ്രവാചകന്‍ കൂടെ നടന്നു. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട രണ്ടുപേര്‍ ഞങ്ങള്‍ക്കരികിലൂടെ നടന്നുപോയി. അവരെ കണ്ടപ്പോള്‍ നബി അവരെ പിന്തുടര്‍ന്നുകൊണ്ട് പറഞ്ഞു: അത് എന്റെ ഭാര്യ സ്വഫിയ്യ ബിന്‍ത് ഹുയയ്യ് ആണ്. പ്രവാചകന്റെ വിശദീകരണം കേട്ട അവര്‍ ആശ്ചര്യത്തോടെ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍, അല്ലാഹുവിന്റെ പ്രവാചകരേ. നബി(സ) പ്രതിവചിച്ചു: നിശ്ചയം, പിശാച് മനുഷ്യന്റെ രക്തത്തിലൂടെ സഞ്ചരിക്കും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ മോശമായ ചിന്തയിടുമെന്ന് ഞാന്‍ ഭയപ്പെടുന്നു; അല്ലെങ്കില്‍ എന്തെങ്കിലും തിന്മ''(ബുഖാരി: 3281).

ഈ സംഭവത്തില്‍ പരാമര്‍ശിക്കുന്ന പോലെ പൈശാചിക ദുര്‍ബോധനം തടയുകയാണ് നബി(സ). പാപസുരക്ഷിതനായ പ്രവാചകനെക്കുറിച്ച് തങ്ങള്‍ അപവാദം പറയുമോ എന്ന ആശ്ചര്യം ഇരു സ്വഹാബികളുടെയും വാക്കുകളില്‍ പ്രതിഫലിക്കുന്നു. യഥാര്‍ഥത്തില്‍ പ്രവാചകന്‍, ദുര്‍മന്ത്രണത്തിന്റെ തുടക്കം തന്നെ കൊട്ടിയടക്കുകയാണ് ചെയ്തത്. മനുഷ്യശരീരത്തില്‍ പിശാച് കയറിക്കൂടുമെന്നതിന് ഈ ഹദീസ് ഒരിക്കലും തെളിവല്ല.

രക്തത്തിലെ പിശാചിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള ഹദീസ് ഭാഷയിലെ ആലങ്കാരിക പ്രയോഗമാണ്. അടുത്ത കൂട്ടുകാരനോട് 'നീ എന്റെ ഹൃദയത്തിലുണ്ട്, നീ എന്റെ കണ്ണിലുണ്ട്' എന്നു പറയുന്നതുപോലെയുള്ള അലങ്കാരം മാത്രമാണിത്.

എന്നാല്‍ മുഹമ്മദ് നബി(സ)യുടെ ശ്രേഷ്ഠമായ കാലഘട്ടത്തില്‍ പിശാചിന്റെ ദുര്‍മന്ത്രണങ്ങള്‍ക്ക് പ്രതിവിധിയെന്ത് എന്ന് ഖുര്‍ആന്‍ സ്പഷ്ടമായി പറയുന്നു്: ''പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും'' (ഫുസ്സ്വിലത്ത് 36). ദൃഢവിശ്വാസത്തോടെ പിശാചില്‍നിന്ന് അല്ലാഹുവിനോട് രക്ഷ തേടുന്നതോടെ മുഴുവന്‍ പൈശാചിക തിന്മകളും നീങ്ങും.

സൂറഃ അല്‍ഹിജ്റിലെ 39 മുതല്‍ 42 വചനങ്ങള്‍ കൂടുതല്‍ വ്യക്തത നല്‍കുന്നു: ''അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍നിന്ന് നിന്റെ നിഷ്‌കളങ്കരായ ദാസന്മാരൊഴികെ. അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്. തീര്‍ച്ചയായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.''

ജിന്നു-പിശാചുക്കള്‍ക്ക് വസ്‌വാസുണ്ടാക്കുക എന്നതല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് റസൂല്‍ (സ) വ്യക്തമായി പഠിപ്പിച്ചത് നം കണ്ടു. അല്ലാഹു തന്നെ പരിശുദ്ധ ഖുര്‍ആനില്‍ പലയിടത്തായി ഇക്കാര്യം വ്യക്തമായി  പറഞ്ഞതും നം മനസ്സിലാക്കി. 

ഏതൊരു മനുഷ്യനുമൊപ്പമുള്ള, അവനില്‍തന്നെ കുടികൊള്ളുന്ന തിന്മക്ക് പ്രേരിപ്പിക്കുന്ന മനസ്സിനെയാണ് ഹദീസില്‍ ശൈത്വാന്‍ എന്ന് പ്രയോഗിച്ചത് എന്ന വിശദീകരണമാണ് അവിടെ ഏറെ അനുയോജ്യം.  അല്ലാതെ, ജിന്ന് രക്തത്തിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ് എന്ന് പറയാന്‍ കഴിയുമോ?

തിന്മക്ക് പ്രേരിപ്പിക്കുന്ന ഏതിനെയും മനുഷ്യനിലുള്ള പിശാച് എന്ന് വിളിക്കാം. മനുഷ്യരക്തം സഞ്ചരിക്കുന്നിടത്തുകൂടെ സഞ്ചരിക്കുന്ന ശൈത്വാന്‍ ഇതല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാനാകുമോ? മറിച്ച് മനുഷ്യരക്തം സഞ്ചരിക്കുന്ന റൂട്ടിലൊക്കെ തീയാല്‍ പടക്കപ്പെട്ട അദൃശ്യസൃഷ്ടിയായ ജിന്നാണ് ഓടുന്നത് എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ ആവാം. പക്ഷേ ഓര്‍ക്കുക. അവിടെയും ജിന്ന് എന്ന് പറഞ്ഞിട്ടില്ല. പിശാച് (ശൈത്വാന്‍) എന്നാണ് പ്രയോഗിച്ചിട്ടുള്ളത്.

 

ജിന്നിനെ കാണുമോ?

ജിന്നിന്റെ സൃഷ്ടിപ്പിലുള്ള സവിശേഷത കാരണം അതിനെ മനുഷ്യര്‍ക്ക് കാണാന്‍ കഴിയില്ല. അതിന്റെ യഥാര്‍ഥ രൂപമെന്താണെന്ന് നമുക്കാര്‍ക്കും ഉറപ്പിക്കാന്‍ ഒരു മാര്‍ഗവുമില്ല. ജിന്ന് രൂപം മാറി പ്രത്യക്ഷപ്പെടും എന്നതിന് ഹദീസുകളില്‍ തെളിവുണ്ട് എന്നത് ശരിയാണ്. ആര്‍ക്കും തള്ളാന്‍ പറ്റാത്ത വിധമുള്ള ഹദീസുകളും അതിലുണ്ട്. പക്ഷേ അവയൊക്കെയും പരിശോധിച്ചാല്‍ നബി(സ) പറഞ്ഞു കൊടുത്തതു കൊണ്ട് മാത്രമായിരുന്നു അതു ജിന്നാണെന്ന് സഹാബിമാര്‍ക്ക് മനസ്സിലായത് എന്നു കാണാം. അല്ലാഹുവിന്റെ വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന്‍ അതിന്റെയടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതുവച്ച് മറ്റുള്ളവര്‍ക്ക് അങ്ങനെ പറയാമെന്ന് ജല്‍പ്പിക്കുന്നത് മഹാ കഷ്ടം തന്നെ. അതുകൊണ്ടാണ് ജിന്നിനെ ആരെങ്കിലും കണ്ടുവെന്ന് അവകാശപ്പെട്ടാല്‍ അവന്റെ സാക്ഷ്യം സ്വീകരിക്കരുതെന്ന് ഇമാം ശാഫിഈ(റ) അഭിപ്രായപ്പെട്ടത്. 

ഇമാം ശാഫിഈയെ വാഴ്ത്തിപ്പറയവെ ഇമാം ബൈഹഖി ഇങ്ങനെ രേഖപ്പെടുത്തുന്നു്: റബീഇല്‍നിന്ന് നിവേദനം: ശാഫിഈ പറയുന്നതായി ഞാന്‍ കേട്ടു: ''താന്‍ ജിന്നിനെ കാണാറുണ്ട് എന്നാരെങ്കിലും വാദിച്ചാല്‍ അവന്റെ സാക്ഷ്യം നാം ബാത്വിലാക്കിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ വല്ല നബിയും ആയിരിക്കണം'' (ഫത്ഹുല്‍ ബാരി 3170).

കാരണം അത്തരം അവകാശവാദം ഖുര്‍ആനിനു വിരുദ്ധമാണ്. അല്ലാഹു പറയുന്നു: ''ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍നിന്ന് പുറത്താക്കിയതുപോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കാനായി അവന്‍ അവരില്‍നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു'' (അല്‍അഅ്റാഫ് 27).

പിശാച് ദുര്‍ബോധനം നടത്തുന്നുണ്ടെന്ന വസ്തുത ഖുര്‍ആന്‍ നിഷേധിക്കുന്നുമില്ല. ''അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മമാണ്. നിങ്ങളോട് തര്‍ക്കിക്കാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ക്കുന്നവരായിപ്പോകും'' (അല്‍ അന്‍ആം: 121).

പിശാചിന്റെ ബോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവന്റെ അനുയായികളുടെ ഹൃദയങ്ങളില്‍ മോശമായ വികാരങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ പരിമിതമാണെന്നാണ് അംഗീകരിക്കാവുന്ന മുഴുവന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും ഭാഷ്യം.

അടിച്ചിറക്കല്‍ ശറഇനു വിരുദ്ധം

അപസ്മാര ബാധയോ മനോവിഭ്രാന്തിയോ ഉള്ള ഒരു പാവം രോഗിയെ ജിന്നിറക്കല്‍ എന്നും പറഞ്ഞ് തൊഴിക്കാനും അടിക്കാനും പീഡിപ്പിക്കാനും ആര് പഠിപ്പിച്ചു? അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ലെന്നുറപ്പ്. എന്നല്ല ഇങ്ങനെ നിരപരാധികളെ തല്ലുന്നവര്‍ക്ക് യഥാര്‍ഥ മുസ്‌ലിമാവാന്‍ തന്നെ പറ്റുമോ എന്നാണ് ചിന്തിക്കേണ്ടത്. കാരണം മറ്റുള്ളവര്‍ തന്റെ നാവില്‍നിന്നും കൈയില്‍നിന്നും സുരക്ഷിതരാവുമ്പോഴേ ഒരാള്‍ യഥാര്‍ഥ മുസ്ലിമാവൂ എന്നാണ് റസൂല്‍ (സ) പഠിപ്പിക്കുന്നത് (ബുഖാരി 10).

ആ റസൂലിന്റെ അനുയായികളാണ് കേവലം ഊഹത്തെ അടിസ്ഥാനമാക്കി ഒരു പാവം രോഗിയെ പീഡിപ്പിക്കുന്നത്.

ഇറങ്ങിപ്പോകൂ  എന്നു പറഞ്ഞ് റസൂല്‍ (സ) ജിന്നിനെ കുടിയൊഴിപ്പിച്ചു എന്ന് ധ്വനിപ്പിക്കുന്ന ഒരു ഹദീസ് ഇവര്‍ ഉദ്ധരിക്കാറുണ്ട്. അത് തെളിവിന് പറ്റാത്ത ദുര്‍ബല ഹദീസാണ് എന്ന് പണ്ഡിതന്മാര്‍ വിധിയെഴുതിയതാണ്. ആധികാരികവും പ്രസിദ്ധവുമായ എല്ലാ നിവേദനങ്ങളിലും അതിന് നേര്‍ വിപരീതമായാണ് കാണാന്‍ കഴിയുന്നത്.

ഇനി ഞെക്കിപ്പഴുപ്പിച്ച് അതിനെ സ്വീകാര്യയോഗ്യമാക്കിയാല്‍ പോലും അതിലൊന്നും തല്ലലും തൊഴിക്കലും കിഴുക്കലുമില്ല. ആരോ കണ്ടുപിടിച്ച ഇത്തരം അന്തം കെട്ട ഏര്‍പ്പാടുകള്‍ ദീനിന്റെ പേരില്‍ ചെയ്യുന്നവര്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് വടികൊടുത്ത് സ്വയം കുറ്റവാളികളായി മാറുകയാണ് എന്നോര്‍ക്കുന്നത് നന്ന്.

ശാരീരികമോ മാനസികമോ ആയ അസ്വാസ്ഥ്യം ഉായാല്‍ അത് ജിന്നു കൂടിയതുകൊണ്ടാണ് എന്ന് എങ്ങനെയാണ് വേര്‍തിരിച്ചു മനസ്സിലാക്കുക? ഇതൊക്കെ ജിന്നു കൂടിയത് തന്നെയെന്നു ഉറപ്പിച്ചുപറയാന്‍ ആര്‍ക്കാണ് കഴിയുക? അങ്ങനെ പറയാന്‍ കഴിയുമെങ്കില്‍ ജിന്നിനെ ഒഴിപ്പിക്കാനുള്ള പ്രതിവിധി/ചികിത്സ എന്ത്? ജിന്ന് മനുഷ്യശരീരത്തില്‍ എല്ലായിടത്തും ഉണ്ടാവുമോ? ജിന്നു കൂടിയവനെ അടിച്ചാല്‍ ആ മനുഷ്യനു തന്നെയല്ലേ പരിക്കേല്‍ക്കുന്നത്? മനുഷ്യന് പരിക്കേല്‍ക്കാതെ ജിന്നിനെ മാത്രമായി അടിക്കാന്‍ പറ്റുമോ? ജിന്ന് വിഭാഗത്തില്‍ പുരുഷ ജിന്നുകള്‍ മാത്രമേയുള്ളൂ എന്നുണ്ടോ?  മനുഷ്യസ്ത്രീകള്‍ക്ക് ജിന്നിന്റെ കുട്ടികള്‍ ഉണ്ടാവും എന്നു വരെ പറയുന്നവരുണ്ട്. 

മനുഷ്യശരീരത്തില്‍ ജിന്ന് പ്രവേശിക്കുക എന്നത് കണ്ടുപിടിക്കാനോ പരിശോധിച്ച് ഉറപ്പുവരുത്താനോ ഉളള ഒരു ഉപകരണവും നാളിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമാണെന്നതുതന്നെ കാരണം. അപ്പോള്‍ അത് അല്ലാഹുവിന് മാത്രം അറിയാവുന്ന അദൃശ്യ കാര്യങ്ങളില്‍ പെടുന്നു. ആ നിലക്ക് അപസ്മാരബാധിതനായ ഒരാളില്‍ ജിന്നുകൂടിയിട്ടുണ്ട് എന്നൊരാള്‍ തീര്‍പ്പു കല്‍പിക്കുന്നത്  അദൃശ്യകാര്യങ്ങള്‍ തനിക്കറിയാമെന്ന് പറയുന്നതിന് തുല്യമാണ്. ഇങ്ങനെയൊരു വിശ്വാസമുണ്ടാകുന്നതു തന്നെ കുറ്റകരമാണ്. ഒരു തെളിവുവില്ലാതെ, അമാനുഷ സിദ്ധിയില്ലാത്ത, പ്രവാചകന്മാരല്ലാത്ത ഇക്കൂട്ടരുടെ നിഗമനങ്ങള്‍ വിശ്വസിക്കുന്നത് നിസ്സാര കാര്യമാണോ?

മനുഷ്യശരീരത്തില്‍ ജിന്ന് പ്രവേശിക്കുമെന്ന് ധ്വനിപ്പിക്കുന്ന ഹദീസുകളൊന്നും കുറ്റമറ്റതല്ല എന്ന കാര്യം നിസ്സാരമായി കാണരുത്. അത്തരം ഹദീസുകള്‍ സ്വീകാര്യയോഗ്യമാക്കാന്‍ പലരും പല അടവുകളും പ്രയോഗിക്കുന്നുണ്ടെങ്കിലും ശരി. കാരണം ഇത്തരം ഗൗരവപ്പെട്ട ഒരു പ്രശ്‌നത്തില്‍ അവലംബമാവാന്‍ മാത്രം ബലം അവയിലൊരെണ്ണത്തിനും ഇല്ല.

ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുമോ എന്ന വിഷയം പൂര്‍വികരായ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരില്‍ ഏതാനും പേരുടെ ഫത്‌വകള്‍ പ്രസിദ്ധവുമാണ്. പ്രത്യേകിച്ചും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെയും ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെയുമൊക്കെ ഈ വിഷയത്തിലുള്ള അഭിപ്രായങ്ങള്‍, ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുമെന്നും ജിന്നുകള്‍ അവര്‍ക്കിഷ്ടപ്പെട്ട രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നും ഉറപ്പിച്ചു പറയുന്നു. എന്നാല്‍ അവര്‍ അതിന് അവലംബിച്ച ഖുര്‍ആന്‍ ആയത്തുകള്‍ വ്യാഖാനിച്ച് ഒപ്പിച്ചവയാണെന്നും അവര്‍ തെളിവായി ഉന്നയിച്ച ഹദീസുകളെല്ലാം  സൂക്ഷ്മമായി പരിശോധിച്ചാല്‍ തകരാറുകളുള്ളവയാണെന്നും  ബോധ്യപ്പെടുന്നതാണ്. 

ഈ പണ്ഡിതന്മാരൊന്നും സത്യാസത്യങ്ങള്‍ തീരുമാനിക്കാന്‍ മാനദണ്ഡമല്ല. അവരുടെ ഏതെങ്കിലും അഭിപ്രായം ശരിയല്ലെന്ന് തോന്നുന്നുവെങ്കില്‍ അത് ഉപേക്ഷിക്കാനും മറ്റൊന്ന് സ്വീകരിക്കാനും നമുക്ക് അവകാശമുണ്ട്. അല്ലാഹുവും റസൂലും ഒഴികെ ആരും പരമമായി പിന്തുടരപ്പെടേണ്ടവരല്ല. ആര്‍ക്കെങ്കിലും ഈ പണ്ഡിതമാരുടെ അഭിപ്രായമാണ് ഈ വിഷയത്തില്‍ സ്വീകാര്യമായി തോന്നുന്നതെങ്കില്‍ അവര്‍ക്ക് അതിനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അതുപോലെത്തന്നെ ഈ വിഷയത്തില്‍ അത്തരം അഭിപ്രായം പറഞ്ഞവരോട് വിയോജിക്കാനുള്ള അവകാശവും ഉണ്ട്.

 

പ്രവാചകന്‍ ജിന്നിനെ  അടിച്ചിറക്കിയോ? 

ശൈഖ് അല്‍ബാനി ജിന്നുബാധയെ ന്യായീകരിക്കുന്നുണ്ടെങ്കിലും അടിച്ചിറക്കുന്ന ഏര്‍പ്പാടിന് അദ്ദേഹവും എതിരാണ്. അദ്ദേഹം തന്നെ പറയട്ടെ: ''ഈ വിശ്വാസത്തെ ചൂഷണം ചെയ്യുന്നവരോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. അതു പോലെ   അപസ്മാര രോഗികളെയും ഭ്രാന്തന്മാരെയും ചികിത്സിക്കാന്‍ വേണ്ടി ജിന്നിനെ ഹാജരാക്കലും ജിന്നിനോട് സംസാരിക്കലുമൊക്കെ ഒരു ഏര്‍പ്പാടായി സ്വീകരിക്കുന്നതിനോടും. കേവലം ഖുര്‍ആന്‍ പാരായണത്തിനപ്പുറം അല്ലാഹു യാതൊരു പ്രമാണവും അതരിപ്പിച്ചിട്ടില്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്. ചിലപ്പോള്‍ രോഗി കൊല്ലപ്പെടാന്‍ വരെ ഇടയാക്കുന്ന തരത്തില്‍ കഠിനമായി തല്ലുകയൊക്കെ ചെയ്യുന്നുണ്ട്. ഇവിടെ അമ്മാനിലും ഈജിപ്തിലുമുള്ള പത്രങ്ങള്‍ക്കും സദസ്സുകള്‍ക്കും അത് ചര്‍ച്ചാവിഷയമാവുകയാണ്. സദ്‌വൃത്തരായ ചിലര്‍ പണ്ടുകാലത്ത് ഇങ്ങനെ അപസ്മാരം ബാധിച്ചവരുടെ മേല്‍ ഖുര്‍ആന്‍ ഓതിക്കൊടുത്തിരുന്നു. എന്നാലിന്നവര്‍ നൂറുകണക്കിനായിത്തീര്‍ന്നിരിക്കുന്നു. അവരില്‍തന്നെ അഴിഞ്ഞാടുന്ന സ്ത്രീകളടക്കം ഉണ്ട്. സാധാരണ ഗതിയില്‍ വൈദ്യന്മാരല്ലാത്തവര്‍ ചെയ്യാത്ത ഈ സംഗതി അവിടന്നും വിട്ട് ശറഇനോ വൈദ്യശാസ്ത്രത്തിനോ പരിചയമില്ലാത്ത മാര്‍ഗങ്ങള്‍ വരെ സ്വീകരിക്കപ്പെടുന്നിടത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ചേടത്തോളം തന്റെ  ശത്രുവായ മനുഷ്യന് പിശാച് തോന്നിപ്പിച്ചു കൊടുക്കുന്ന ഒരു തരം ചതിയും ദുര്‍മന്ത്രവുമാണന്നതാണ് വസ്തുത'' (സില്‍സിലത്തുല്‍ അഹാദീസുസ്സ്വഹീഹ: 6/417).

ഇനി, '' അല്ലാഹുവിന്റെ ശത്രൂ, ഇറങ്ങിപ്പോകൂ'' എന്നു വന്ന  ഹദീസിനെക്കുറിച്ച് ആദ്യം. 

ഈ വിഷയത്തില്‍ വന്ന ചില ഹദീസുകള്‍ കാണുക. 

യഅ്‌ലബ്‌നു മുര്‍റ(റ)വില്‍നിന്ന് ഉദ്ധരിക്കുന്ന ദീര്‍ഘമായ ഹദീസാണ്. അതിന്റെ ചുരുക്കം ഇങ്ങനെ: ''യഅ്‌ല (റ) പറയുന്നു. ഒരു യാത്രയില്‍ ഞാന്‍ നബി(സ)യുടെ കൂടെ യാത്രചെയ്തു. വഴിമധ്യേ  ഒരു കുട്ടിയുമായി ഇരിക്കുന്ന സ്ത്രീയുടെ അടുത്തുകൂടി ഞങ്ങള്‍ കടന്നുപോയി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു, അല്ലാഹുവിന്റെ റസൂലേ എന്റെ ഈ കുട്ടിക്ക് ജിന്നുബാധയുണ്ട്. നബി (സ) ആ സ്ത്രീയോട്  പറഞ്ഞു; നിങ്ങള്‍ കുട്ടിയെ ഇങ്ങോട്ടു തരൂ .അപ്പോള്‍  ആ സ്ത്രീ കുട്ടിയെ റസൂലി(സ)ന്റെയും ഒട്ടക കട്ടിലിന്റെ മുന്‍ഭാഗത്തിന്റെയും  ഇടക്ക് വെച്ചു. പിന്നെ കുട്ടിയുടെ വായ തുറന്ന്  മൂന്നു തവണ ഊതുകയും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്, അല്ലാഹുവിന്റെ ശത്രുവേ നീ പുറത്തുപോകൂ... എന്ന് പറയുകയും ചെയ്തു .കുട്ടിയുടെ വിഷമം മാറി (ഇമാം ബൈഹഖി ,ഇബ്‌നു അബീശൈബ, ഇമാം സുയൂത്വി, ഇബ്‌നു ഇസ്ഹാഖ്, ഇമാം ദാരിമി തുടങ്ങി പലരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്).

മറ്റൊരു ഹദീസ് കാണുക:

ഉസ്മാനുബ്‌നു അബില്‍ആസി(റ)ല്‍നിന്ന്. നബി ( സ ) എന്നെ ത്വാഇഫിലെ ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ ഞാന്‍ എങ്ങനെയാണ് നമസ്‌കരിച്ചതെന്ന് തിരിച്ചറിയാനാവാത്ത വിധം എന്റെ നമസ്‌കാരത്തില്‍ എന്തോ ഒരു അസ്വസ്ഥത എനിക്കുണ്ടായി. അപ്പോള്‍ ഞാന്‍ നബി(സ)യുടെ  അടുത്ത് ചെന്നു. നബി(സ) ചോദിച്ചു: ''ഇബ്‌നു അബില്‍ ആസ് അല്ലേ?'' ഞാന്‍ പറഞ്ഞു: 'അതെ ദൂതരേ.' നബി (സ) ചോദിച്ചു: 'എന്താണ് വന്നത്?' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! എന്റെ നമസ്‌കാരത്തില്‍ ഞാന്‍ എങ്ങനെയാണ് നമസ്‌കരിച്ചതെന്ന് തിരിച്ചറിയാനാവാത്ത വിധം എന്തോ (അസ്വസ്ഥത) എന്നെ ബാധിക്കുന്നു.' നബി(സ) പറഞ്ഞു: അത് പിശാചാണ്. നീ ഇങ്ങടുത്ത് വരിക. ഞാന്‍ റസൂലി(സ)ന്റെ  അടുത്തേക്ക് ചെന്നു. എന്റെ പാദത്തിന്റെ  പള്ളയില്‍ ഞാന്‍ ഇരുന്നു. നബി (സ) എന്റെ നെഞ്ചിലടിക്കുകയും വായില്‍ ഊതുകയും ചെയ്തു. എന്നിട്ട് അല്ലാഹുവിന്റെ ശത്രൂ, പുറത്തു പോകൂ... എന്നു പറഞ്ഞു. തുടര്‍ന്ന് നബി പറഞ്ഞു: നീ നിന്റെ ജോലിക്ക് പൊയ്‌ക്കൊള്ളുക. ഉസ്മാന്‍ പറഞ്ഞു:  പിന്നീട് എനിക്ക് അത്തരമൊരസ്വസ്ഥത ബാധിച്ചിട്ടില്ല'' (ഇബ്‌നുമാജ: 3548).

ഇബ്‌നുമാജ ഉദ്ധരിച്ച ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ മുഹമ്മദുബ്‌നു അബ്ദില്ലാ എന്ന നിവേദകനുണ്ട്. തുടക്കത്തിലൊക്കെ വിശ്വസിക്കാന്‍ കൊള്ളാവുന്നയാളായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അയാള്‍ക്ക് വമ്പിച്ച മാറ്റം സംഭവിച്ചതായി ഇമാം അബൂദാവൂദ് രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പല ഹദീസുകളും പണ്ഡിതന്മാര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. (അല്‍ കാമില്‍ - ഇബ്‌നു ഉദയ്യ്). ഇനി ഇതെല്ലാം അവഗണിച്ചാലും ഈ ഹദീസ് അതിന്റെ തന്നെ പ്രബലമായ മറ്റു നിവേദനങ്ങളുമായി പൊരുത്തപ്പെടുന്നില്ല. 

ഇനി ഇതേ സംഭവം ഇമാം മുസ്‌ലിം ഉദ്ധരിച്ചത് ഇങ്ങനെ വായിക്കാം.

ഉസ്മാനുബ്‌നു അബില്‍ ആസ്(റ) പറയുന്നു : 'അദ്ദേഹം നബി(സ)യോട് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, പിശാച് എനിക്കും എന്റെ നമസ്‌കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനുമിടയില്‍ മറയിട്ടിരിക്കുന്നു. (എന്റെ ഖുര്‍ആന്‍ പാരായണത്തില്‍) അവന്‍ സംശയമുണ്ടാക്കുകയും ചെയ്യുന്നു.' അപ്പോള്‍ നബി(സ)പറഞ്ഞു : 'ഖിന്‍സബ് എന്ന് പേരുള്ള ഒരു ശൈത്വാനാകുന്നു അത്. നിനക്ക് അത് അനുഭവപ്പെട്ടാല്‍ നീ അല്ലാഹുവിനോട് അവനില്‍നിന്ന് ശരണം തേടുകയും നിന്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക.' ഉസ്മാന്‍(റ)പറയുന്നു: 'ഞാന്‍ അപ്രകാരം ചെയ്തപ്പോള്‍ അല്ലാഹു അവനെ എന്നില്‍നിന്ന് അകറ്റി' (മുസ്‌ലിം 5868).

ഇമാം നവവി(റ) പറയുന്നു: 'എനിക്കും നമസ്‌കാരത്തിനുമിടയില്‍ മറയിടുന്നു'എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം എന്നെ നമസ്‌കാരത്തില്‍നിന്ന് തടയുകയും അതിന്റെ ആസ്വാദനം ഇല്ലാതാക്കുകയും നമസ്‌കാരത്തിലെ ഭയഭക്തി നഷ്ടപ്പെടുത്തുകയും ചെയ്തു എന്നാണ് (ശറഹു മുസ്‌ലിം 14/190).

ഇമാം നവവി പറഞ്ഞതു പ്രകാരം മുസ്ലിമിന്റെ രണ്ട് നിവേദനങ്ങളും ഉസ്മാനുബ്‌നു അബില്‍ ആസ്വ് പിശാചിന്റെ ദുര്‍ബോധനത്തിന് (വസ്‌വാസ്) അടിപ്പെട്ട ആളായിരുന്നു എന്ന് വ്യക്തമാക്കുന്നവയാണ്. വസ്‌വാസ് (ദുര്‍ബോധനം) വേറെ, ജിന്നുകൂടല്‍ വേറെ. പ്രസ്തുത മൂന്ന് നിവേദനങ്ങളും ഒരേ സംഭവത്തെ കുറിക്കുന്നതാണെന്ന് താഴെ പറയുന്ന കാര്യങ്ങള്‍ സ്ഥിരപ്പെടുത്തുന്നു:

1. ഇബ്‌നുമാജയുടെ നിവേദനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് ഉസ്മാന്റെ(റ) വാക്ക് ഇങ്ങനെയാണ്: 'നിശ്ചയം. പിന്നീട് അവന്‍ എന്നോടൊപ്പം കൂടിയതായി ഞാന്‍ കരുതുന്നില്ല'

മുസ്ലിമിന്റെ നിവേദനത്തില്‍ പറയുന്നു: 'അങ്ങനെ ഞാന്‍ അപ്രകാരം ചെയ്തു, അപ്പോള്‍ അല്ലാഹു അതിനെ എന്നില്‍നിന്ന് നീക്കിക്കളഞ്ഞു.'

2. ഉസ്മാനി(റ)ല്‍നിന്ന് ഈയൊരു സംഭവം വ്യത്യസ്ത നിവേദകര്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നുവെന്നതും ആ നിവേദനങ്ങളുടെയെല്ലാം ആശയം ഒന്നാണെന്നതും ഇപ്പറഞ്ഞതിനെ ബലപ്പെടുത്തുന്നു. ഇബ്‌നു മാജയുടെ നിവേദനത്തില്‍ ഉസ്മാനി(റ)ല്‍നിന്ന് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അബ്ദുര്‍റഹ്മാനുബ്‌നു ജൗശനുല്‍ ഗത്ഫാനിയാണ്. മുസ്ലിമിന്റെ നിവേദനത്തില്‍ മൂസബ്‌നു ത്വല്‍ഹയും അദ്ദേഹത്തിന്റെ രണ്ടാമത്തെ നിവേദനത്തില്‍ അബുല്‍ അലാഉമാണ് .

3. ഹിജ്‌റ ഒമ്പതാം വര്‍ഷമാണ് ഉസ്മാന്‍(റ) പ്രവാചകനോടൊപ്പം ചേരുന്നത്. അഥവാ പ്രവാചകന്റെ വിയോഗത്തിന് വളരെ കുറഞ്ഞ കാലം മുമ്പ് മാത്രം എന്നര്‍ഥം.

4. പിശാച് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ നമസ്‌കാരത്തിനുമിടയില്‍ മറയിട്ടിരുന്നു എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്; അദ്ദേഹത്തിനും പൂര്‍ണ അര്‍ഥത്തിലുള്ള അദ്ദേഹത്തിന്റെ നമസ്‌കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനുമിടയില്‍, ആരാധനയുടെ  ആത്മാവും ചൈതന്യവുമായ ഭക്തി ചോര്‍ത്തിക്കളയുന്ന വസ്‌വാസിന്റെ മറയായി നിലകൊണ്ടു എന്നതാണ്.

5. ജിന്നു കൂടുന്നതിന്റെ കാരണം അല്ലാഹുവില്‍നിന്ന് അകലുന്നതും തെറ്റുകുറ്റങ്ങള്‍ അധികരിക്കുന്നതുമാണെന്നാണ് പൊതുവെ പറയപ്പെടാറ്. ഇവിടെയാകട്ടെ ഉസ്മാന്‍(റ) സ്വഹാബിയും തന്റെ ജനതയുടെ ഇമാമുമാണ്. അപ്പോള്‍ ഇത്തരം ഒരാളെ എങ്ങനെയാണ് ജിന്നു ബാധിക്കുക?!

മേല്‍ വിവരിച്ച കാര്യങ്ങളില്‍നിന്ന് മനസ്സിലാക്കാവുന്ന കാര്യമിതാണ്: പിശാച് മനുഷ്യനില്‍ പ്രവേശിക്കുന്നത് അവന്റെ ഹൃദയത്തില്‍ ദുര്‍ബോധനം നടത്തുന്നതിനു വേണ്ടിയാണ് എന്നാണ് പ്രസ്തുത ഹദീസ് ചര്‍ച്ചചെയ്യുന്നത്. ഇതാകട്ടെ സംശയത്തിന് ഇടമില്ലാത്ത വിധം ഖുര്‍ആന്‍ വ്യക്തമായി പരാമര്‍ശിച്ചതുമാണ്. ഇവിടെ ചര്‍ച്ചാ വിഷയം മനുഷ്യനില്‍ ജിന്നു കൂടുന്നതാണ്. അഥവാ, പിശാച് മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിക്കുകയും അവന്റെ സംസാരത്തെയും ചലനത്തെയും ഇന്ദ്രിയങ്ങളെയും പൂര്‍ണാര്‍ഥത്തില്‍ സ്വാധീനിക്കുകയും പിശാചിന്റെ നിയന്ത്രണത്തില്‍ മനുഷ്യനെ ഒതുക്കുകയും  ചെയ്യുക എന്നതാണ്. ഇത് തികച്ചും അന്ധവിശ്വാസമാണ്. 

ഇത് ശരിയായിരുന്നുവെങ്കില്‍ തെറ്റ് ചെയ്യുന്ന കുറ്റവാളികള്‍ ഇങ്ങനെ വാദിച്ചേനെ; എന്നില്‍ പിശാച് കടന്നുകൂടിയതാണ്. അതിന് എന്റെ ശരീരം ഉത്തരവാദിയല്ല.  എന്നാല്‍ ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണ്. 

തങ്ങള്‍ ചെയ്യുന്നതും ചെയ്യേണ്ടതുമായ ബാധ്യതകളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ കുറ്റം ചുമത്തുന്നതില്‍നിന്ന് മൂന്നു വിഭാഗം ആളുകളെ നബി (സ) ഒഴിവാക്കിയിരിക്കുന്നു. ഇഹലോകത്തും പരലോകത്തും അങ്ങനെ തന്നെയാണ്.

നബി (സ) പറഞ്ഞു: 'മൂന്നു വിഭാഗം ആളുകളില്‍നിന്ന് പേന ഉയര്‍ത്തപ്പെട്ടിരിക്കുന്നു: ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട ഭ്രാന്തന്‍ അവന് ബുദ്ധിയും വിവേകവും തിരിച്ചുവരുന്നതു വരെയും, ഉറങ്ങുന്നവന്‍ ഉണരുന്നത് വരെയും, കുട്ടി പ്രായപൂര്‍ത്തിയെത്തുന്നതുവരെയും' (അബൂദാവൂദ് : 4403) ഇവിടെ മൂന്നു വിഭാഗം ആളുകളില്‍നിന്ന് പേന ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു.  അങ്ങനെ തന്നെയാണ് ഹദീസുകളിലെ പ്രയോഗം. എന്നാല്‍ ജിന്നു കൂടിയെന്ന് പറയപ്പെടുന്നവരെ ദീനീബാധ്യതകളില്‍നിന്നോ, ശിക്ഷാവിധികളില്‍നിന്നോ ഇസ്‌ലാമിക ശരീഅത്ത് ഒഴിവാക്കിയിട്ടില്ല.

യഥാര്‍ഥത്തില്‍ അവര്‍ ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനും അവര്‍ ഉത്തരവാദികളാവുകയില്ലെങ്കില്‍ അവരെയും കൂടി റസൂല്‍ ഇവിടെ എടുത്തുപറയുമായിരുന്നു. ജിന്നു കൂടിയവര്‍ ഭ്രാന്തന്മാരായി എന്ന് പൊതുവെ ആരും പറയാറില്ല. ഭ്രാന്തന്മാരെപ്പറ്റി ജിന്നുകൂടിയതാണെന്നും പറയാന്‍ പറ്റില്ല. അതിനാല്‍ അതില്‍ ഇതും ഉള്‍പെടും എന്ന് പറഞ്ഞു രക്ഷപ്പെടാന്‍ കഴിയില്ല.

എന്നാല്‍, ശൈഖ് അല്‍ബാനിയും ബൂസ്വിരിയും 'അല്ലാഹുവിന്റെ ശത്രൂ, പുറത്തുപോകൂ' എന്ന ഹദീസ് ഹസന്‍ ആണെന്ന് പറഞ്ഞത് അംഗീകരിക്കുന്നു. ധാരാളം പണ്ഡിതന്മാര്‍ മുമ്പ് ദുര്‍ബലമാക്കിയ ഹദീസുകള്‍ നിവേദക പരമ്പരയില്‍ ദൗര്‍ബല്യം ഉണ്ടായിരിക്കെ ശൈഖ് അല്‍ബാനി ഹസനാക്കിയിട്ടുണ്ട്. അബദ്ധം സംഭവിക്കുന്നതില്‍നിന്ന് ആരും സുരക്ഷിതരല്ലല്ലോ. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസവും അതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍