Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

'അമേരിക്കാ, വേവലാതി വേണ്ട ഇസ്രയേല്‍ പിന്നിലുണ്ട്'

ഡോ. കെ. ജാബിര്‍

വിലാപ മതിലിന്റെ ഭാഗത്തുനിന്ന് മടങ്ങിയ ഞങ്ങള്‍ ഇനി പോകുന്നത് മസ്ജിദുല്‍ അഖ്‌സ്വായിലേക്കാണ്. പതിനൊന്നു മണിയാകുന്നതോടെ മസ്ജിദില്‍നിന്ന് ലൗഡ് സ്പീക്കറില്‍ ഖുര്‍ആന്‍ പാരായണം തുടങ്ങും. നാട്ടിലായിരിക്കെ, റമദാനിലും മറ്റും സമയത്തും അസമയത്തും മസ്ജിദുകളില്‍നിന്ന് ലൗഡ് സ്പീക്കറില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു കേള്‍ക്കുമ്പോള്‍ അസ്വസ്ഥപ്പെടാറുള്ള ഞങ്ങളില്‍ പലരും മസ്ജിദുല്‍ അഖ്‌സ്വായില്‍ കൂടുതല്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ മുഴങ്ങട്ടേയെന്ന ആഗ്രഹം പങ്കുവെച്ചു. തോക്കേന്തി നില്‍ക്കുന്ന സയണിസ്റ്റ് പട്ടാളക്കാരെ അല്‍പ്പമെങ്കിലും അസ്വസ്ഥരാക്കാന്‍ അതിന് കഴിഞ്ഞെങ്കിലോ? നാല്‍പ്പതു വയസ്സിനു മുകളിലുള്ള ഫലസ്ത്വീനികള്‍ക്കു മാത്രമേ അഖ്‌സ്വായില്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍, മസ്ജിദിന്റെ ചാരത്തുള്ള മുസ്‌ലിം ക്വാര്‍ട്ടറില്‍ താമസിക്കുന്ന യുവാക്കളും അവിടത്തെ കച്ചവടക്കാരും ജുമുഅയില്‍ പങ്കുചേരും. ഇസ്രയേലിനകത്ത് താമസിക്കുന്ന മുസ്‌ലിംകള്‍ക്കും അവിടെ ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ തടസ്സമില്ലെന്ന്, റമല്ലയിലെ ഹോട്ടലില്‍വെച്ച് പരിചയപ്പെട്ട ഹൈഫക്കാരനായ ഉമര്‍ പറഞ്ഞതോര്‍ക്കുന്നു. ഇസ്രയേല്‍ രജിസ്‌ട്രേഷനുള്ള ഒരു കാറുണ്ട് ബിസിനസ്സുകാരനായ ഉമറിന്. ഇസ്രയേല്‍ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മഞ്ഞ നിറത്തിലും ഫലസ്ത്വീന്‍ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുടേത് പച്ച നിറത്തിലുമായിരിക്കും. മഞ്ഞ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ക്ക് ചെക്ക് പോയന്റുകളില്‍ കാര്യമായ പരിശോധനയൊന്നും ഉണ്ടാകാറില്ല. അതിനുപുറമെ തന്റെ ബിസിനസ് സ്ഥാപനത്തിന്റെ പേര് അദ്ദേഹം ഹീബ്രു ലിപിയിലാണ് വാഹനത്തില്‍ എഴുതിയിരിക്കുന്നത്. ഇസ്രയേലില്‍ അറബി ഒരു ഔദ്യോഗിക ഭാഷയാണെന്നോര്‍ക്കുക. എന്നിട്ടും അങ്ങനെ ചെയ്തിരിക്കുന്നത് സയണിസ്റ്റ് പട്ടാളത്തെ പറ്റിക്കാനുള്ള മറ്റൊരു സൂത്രമാണെന്ന് ഉമര്‍ പറഞ്ഞു.  

സ്ത്രീകള്‍ വേഗത്തില്‍ രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിച്ച് ഖുബ്ബത്തുസ്സ്വഖ്‌റാ മസ്ജിദിലേക്ക് നീങ്ങി. ജുമുഅക്ക് പുരുഷന്മാരെല്ലാം ഖത്വീബിന്റെ മിമ്പറും മിഹ്‌റാബും സ്ഥിതി ചെയ്യുന്ന മുന്നിലെ മസ്ജിദില്‍(അത് അല്‍മസ്ജിദുല്‍ ഖിബലി എന്നറിയപ്പെടുന്നു) ഇരിക്കുമ്പോള്‍, സ്ത്രീകളെല്ലാം പിന്‍ഭാഗത്തുള്ള മസ്ജിദു ഖുബ്ബത്തുസ്സ്വഖ്‌റയിലാണ് ഇരിക്കാറ്. ആ ഇരു മസ്ജിദുകളും അവക്കിടയിലെ വിശാലമായ മൈതാനം കണക്കെയുള്ള മുറ്റവും എല്ലാം ഇന്ന് മസ്ജിദുല്‍ അഖ്‌സ്വാ തന്നെ. ഇസ്രാഇന്റെയും മിഅ്‌റാജിന്റെയും ഓര്‍മദിനങ്ങളായിരുന്നതിനാല്‍ അതുതന്നെയായിരുന്നു ഖുത്വ്ബയുടെ വിഷയം. രണ്ടാം ഖുത്വ്ബയില്‍ സയണിസ്റ്റ് ഭരണകൂടത്തിനെതിരെയും മസ്ജിദിന്റെ സംരക്ഷണത്തിനായുമുള്ള ആഹ്വാനവും പ്രാര്‍ഥനയുമെല്ലാം ഉണ്ടായിരുന്നു. നമസ്‌കാരം തീര്‍ന്ന ഉടനെത്തന്നെ, ലൗഡ് സ്പീക്കറിനോളം തന്നെ ശബ്ദമുള്ള ഒരു യുവാവ് എണീറ്റുനിന്ന് ഖുദ്‌സിനു വേണ്ടിയും പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയും പോരാടാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് ഏതാനും നിമിഷം സംസാരിച്ചു. ഞങ്ങള്‍ പ്രാര്‍ഥനയില്‍ മുഴുകി. പിന്നില്‍ എന്തൊക്കെയോ ബഹളങ്ങള്‍ കേള്‍ക്കുന്നു. കവാടങ്ങള്‍ വലിച്ചടക്കുന്നതിന്റെ മുഴക്കങ്ങള്‍. ക്ഷോഭിക്കുന്ന യുവാക്കളുടെ ആക്രോശങ്ങള്‍. മസ്ജിദിനകത്ത് ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിന്റെ ഒച്ചപ്പാടുകള്‍. പ്രാര്‍ഥനക്ക് ഒരു ഏകാഗ്രതയും സ്വസ്ഥതയും കിട്ടുന്നില്ല. പ്രാര്‍ഥന മതിയാക്കി ഞങ്ങള്‍ എണീറ്റു. അപ്പോള്‍, ഷര്‍ട്ടഴിച്ച് കണ്ണൊഴികെ മുഖം മൂടിക്കെട്ടിയ ഏതാനും ചെറുപ്പക്കാരെ മുതിര്‍ന്ന ചിലര്‍ പിടിച്ചുവെച്ചതു കണ്ടു. അവര്‍ അതിശക്തമായി കുതറിമാറാന്‍ ശ്രമിക്കുന്നുണ്ട്. വേഗം മസ്ജിദില്‍നിന്ന് പുറത്തുകടക്കാനായി ഞങ്ങള്‍ നടന്നു. ഞാനും മറ്റൊരാളുമൊഴിച്ച് സംഘത്തിലെ എല്ലാവരും അപ്പോഴേക്ക് പുറത്തെത്തിയിരുന്നു. ഭാഗ്യം, ഒരു കവാടം പൂര്‍ണമായി അടച്ചിട്ടില്ല. അവിടെക്കൂടി നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നുഴഞ്ഞു പുറത്തുകടന്നു. വേഗം, ചെരിപ്പ് കണ്ടുപിടിച്ച് ഖുബ്ബത്തുസ്സ്വഖ്‌റയുടെ ചാരത്ത് കാത്തുനിന്നിരുന്ന സംഘത്തോടൊപ്പം ചേര്‍ന്നു. അവര്‍ പറഞ്ഞാണ് പുറത്തു നടന്ന സംഭവങ്ങള്‍ ഞങ്ങള്‍ അറിഞ്ഞത്. നമസ്‌കാരത്തിനു ശേഷമുണ്ടായ പോരാട്ടാഹ്വാനത്തെ തുടര്‍ന്ന് മുഖംമറച്ച് പുറത്തിറങ്ങിയ ചെറുപ്പക്കാര്‍, മസ്ജിദിന്റെ പടിഞ്ഞാറു ഭാഗത്ത്  ചാര്‍ജിലുണ്ടായിരുന്ന സയണിസ്റ്റ് പട്ടാളക്കാര്‍ക്കെതിരെ അതിശക്തമായി കല്ലെറിഞ്ഞു. ഉടനെത്തന്നെ, പട്ടാളക്കാര്‍ സംഘമായി അവര്‍ക്കെതിരെ ആക്രമണസജ്ജരായി നീങ്ങാന്‍ തുടങ്ങി. അപ്പോഴേക്ക്, മുതിര്‍ന്ന ആളുകള്‍ ഇടപെട്ട് ചെറുപ്പക്കാരെ ബലമായി മസ്ജിദിനകത്തേക്ക് പിടിച്ചുകൊണ്ടുപോയി വാതിലുകള്‍ അടച്ചു. എന്നിട്ട്, പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പട്ടാളക്കാരോട് ആംഗ്യം കാണിച്ചു. അതോടെ, പട്ടാളക്കാര്‍ പിന്‍വാങ്ങിയെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ മസ്ജിദിന്റെ ടെറസിന്റെ ഭാഗത്തേക്ക് നോക്കുമ്പോള്‍ നാലഞ്ചു പട്ടാളക്കാര്‍ താഴേക്ക് തോക്കുചൂണ്ടി അപ്പോഴും അവിടെ നില്‍പ്പുണ്ടായിരുന്നു.

ഇനി കൂടുതല്‍ പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ്, എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന് മാത്രമായിരുന്നു ഞങ്ങളുടെ ചിന്ത. ഞങ്ങള്‍ പടിഞ്ഞാറു ഭാഗത്തുള്ള ഖത്ത്വാനീന്‍ ഗെയ്റ്റി (ബാബൂല്‍ ഖത്ത്വാനീന്‍ = പരുത്തിക്കച്ചവടക്കാരുടെ ഗെയ്റ്റ്)നടുത്തേക്ക് നടന്നു. ഒരുപാട് ശ്രമിച്ചിട്ടും സയണിസ്റ്റ് പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ വന്നിട്ടില്ലാത്ത കവാടമാണത്. ആ കവാടം വഴി പുറത്തുകടന്നാല്‍ നേരെ ചെല്ലുന്നത് ഖത്ത്വാനീന്‍ മാര്‍ക്കറ്റിലേക്കാണ്. വളരെ പൗരാണികമായ ആ മാര്‍ക്കറ്റ് മുമ്പ് കോട്ടണ്‍ വസ്ത്ര വ്യാപാരികളുടെ കേന്ദ്രമായിരുന്നു. ഇന്ന് അവിടെ പ്രധാനമായും മധുരപലഹാരങ്ങളും ഫാന്‍സി വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും കച്ചവടം ചെയ്യുന്ന വ്യാപാരികളാണുള്ളത്. ആ മാര്‍ക്കറ്റിലെ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഓടിച്ചുവിടാന്‍ വേണ്ടിത്തന്നെ അതിനകത്തേക്ക് അധിനിവേശ സമൂഹത്തിന് ചില ഊടുവഴികള്‍ സയണിസ്റ്റ്‌സേന ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, അതുകൊണ്ട് ഫലമില്ലാതെ വന്നപ്പോള്‍ ഭീമമായ നികുതി ചുമത്തി അവരെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സയണിസ്റ്റ് ഭരണകൂടം. അങ്ങനെ, ചില കച്ചവടക്കാരൊക്കെ കടമുറി ഒഴിഞ്ഞ് ഫുട്പാത്ത് കച്ചവടത്തിലേക്ക് തിരിയാന്‍ നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ സംഘമായി ആ മാര്‍ക്കറ്റിലെ കാഴ്ചകള്‍ കണ്ടും ചില കച്ചവടക്കാരോടൊക്കെ സംസാരിച്ചും മുന്നോട്ട് നീങ്ങുകയാണ്. പെട്ടെന്ന്, ഞങ്ങളെ വഴിയരികിലേക്ക് തള്ളിമാറ്റി പത്തുമുപ്പത് സയണിസ്റ്റ് പട്ടാളക്കാര്‍ ഞങ്ങളെ കടന്നുപോയി. ഒരു ജൂതപുരോഹിതന് സുരക്ഷയൊരുക്കി കൊണ്ടുപോവുകയായിരുന്നു അവര്‍. അവര്‍ കടന്നുവരുമ്പോള്‍ വഴി മാറിത്തരാനുള്ള അഭ്യര്‍ഥനകളോ ഞങ്ങളെ തള്ളിമാറ്റിയതിലുള്ള ക്ഷമാപണമോ ഒന്നും കണ്ടില്ല. അവരുടെ തോക്കിന്‍ചട്ടയോ കൈമുട്ടോ കൊണ്ടുള്ള തള്ളായിരുന്നു ഞങ്ങളെ വഴിയിരികിലേക്ക് മാറ്റിയത്. അങ്ങനെ മാര്‍ക്കറ്റില്‍നിന്ന് പുറത്തുകടന്ന ഞങ്ങള്‍ ജൂതന്മാര്‍ നടത്തുന്ന ചില തുണിക്കടകള്‍ കണ്ടു. അവിടെ തൂക്കിയിട്ട ടീഷര്‍ട്ടുകളുടെ പിന്‍ഭാഗത്ത് ഇങ്ങനെ എഴുതിയിരുന്നു: America, Don't worry. Israel is behind you  (അമേരിക്കാ, വേവലാതി വേണ്ട. ഇസ്രയേല്‍ നിന്റെ പിന്നിലുണ്ട്). 

 

ഹെബ്രോണില്‍ 

ഇബ്‌റാഹീമീ മസ്ജിദ് സ്ഥിതി ചെയ്യുന്ന ഹെബ്രോണും തെല്‍ അവീവുമാണ് ഇനിയത്തെ പ്രധാന യാത്രാലക്ഷ്യങ്ങള്‍. അല്‍ഖലീല്‍ പട്ടണത്തിന് ഹീബ്രു ഭാഷയില്‍ ഒലയൃീി എന്നു പറയുന്നു. രണ്ടിന്റെയും അര്‍ഥം ഒന്നുതന്നെ: ചങ്ങാതി. അല്ലാഹു ഇബ്‌റാഹീമിനെ ചങ്ങാതിയായി സ്വീകരിച്ചിരിക്കുന്നു എന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. വെസ്റ്റ് ബാങ്കിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന അല്‍ഖലീല്‍, വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ പട്ടണമാണ്. ഇബ്‌റാഹീം നബി, പത്‌നി സാറ ബീവി, ഇസ്ഹാഖ് നബി, പത്‌നി റഫഖഃ, യഅ്ഖൂബ് നബി, പത്‌നി ലീഅഃ എന്നിവരുടെ ഖബ്‌റുകള്‍ ആ മസ്ജിദിനു താഴെയുള്ള ഗുഹയിലാണുളളത്. Cave of Patriarchs‑, Cave of Machpelah  എന്നീ പേരുകളിലാണ് ജൂതന്മാര്‍ക്കിടയില്‍ ആ മസ്ജിദ് അറിയപ്പെടുന്നത്. ഠലാുഹല ങീൗി േകഴിഞ്ഞാല്‍ ഏറ്റവും വിശുദ്ധമായി അവരതിനെ കണക്കാക്കുന്നു. പത്‌നി സാറ ഇഹലോകവാസം വെടിഞ്ഞപ്പോള്‍, അവരെ മറമാടാനായി ഇബ്‌റാഹീം നബി(അ) വിലകൊടുത്തു വാങ്ങിയ മക്ഫീലഃ ഗുഹയുടെ മുകളിലാണ് ഇബ്‌റാഹീമീ മസ്ജിദ് പടുത്തുയര്‍ത്തിയിട്ടുള്ളത്. അതിന്ന് ശിലയിട്ടത് ഹെരോദാവിന്റെ കാലത്താണെന്നും അല്ല, അതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ സുലൈമാന്‍ നബി അത് നിര്‍മിച്ചിട്ടുണ്ടെന്നും പിന്നീട് റോമാക്കാര്‍ അതിനു മുകളില്‍ ഒരു ചര്‍ച്ച് പണിതുവെന്നുമൊക്കെ ചരിത്രങ്ങള്‍ പലതുണ്ട്. ഏതായാലും റോമാക്കാര്‍ അത് പണിത് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്ക് പേര്‍ഷ്യക്കാര്‍ അത് തകര്‍ത്തു. ക്രി. 614-ല്‍ റോമാസൈന്യത്തെ പേര്‍ഷ്യക്കാര്‍ പരാജയപ്പെടുത്തിയ സംഭവം വിശുദ്ധ ഖുര്‍ആന്‍ സൂറത്തുര്‍റൂമില്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. അന്ന് ജൂതന്മാര്‍ പേര്‍ഷ്യക്കാരുടെ സഖ്യകക്ഷികളായിരുന്നു. ആ അധിനിവേശവേളയിലാണ് പേര്‍ഷ്യക്കാര്‍ ആ ചര്‍ച്ച് തകര്‍ത്തത്. പിന്നീട് ക്രി.വ. 634-ല്‍ റോമക്കാര്‍ക്കെതിരെ അംറുബ്‌നുല്‍ ആസ്വി(റ)ന്റെ നേതൃത്വത്തില്‍ നടന്ന അജ്‌നാദീന്‍ യുദ്ധത്തെത്തുടര്‍ന്നാണ് അല്‍ഖലീല്‍ പട്ടണം മുസ്‌ലിംകളുടെ കീഴില്‍ വരുന്നത്. അവിടെയുണ്ടായിരുന്ന കെട്ടിടമെല്ലാം പേര്‍ഷ്യക്കാര്‍ തകര്‍ത്തു കളഞ്ഞിരുന്നതിനാല്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു മതില്‍ മാത്രമായിരുന്നു അക്കാലത്ത് ആ ചരിത്രസ്മാരകത്തിന്റെ അടയാളം. പിന്നീട്, തദ്ദേശീയര്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം, ആ സ്ഥലത്തെ അവര്‍ വിശുദ്ധമായ ഇടമായിക്കണ്ട് സന്ദര്‍ശിക്കാന്‍ ആരംഭിക്കുകയും അവിടെ ഒരു മസ്ജിദ് നിര്‍മിക്കുകയും ചെയ്തു. ഉമവീ ഖിലാഫത്തിന്റെ കാലത്താണ് അവിടെ മസ്ജിദ് നിര്‍മിക്കപ്പെട്ടതെങ്കിലും ഏത് ഖലീഫയാണ് അത് നിര്‍മിച്ചതെന്ന് വ്യക്തമല്ല. തുടര്‍ന്നുവന്ന അബ്ബാസികളുടെയും ഫാത്വിമികളുടെയുമൊക്കെ വാഴ്ചാവേളകളില്‍ ആ മസ്ജിദില്‍ വികസന-നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. 

ക്രി.വ. 1099-ല്‍ കുരിശുയുദ്ധക്കാര്‍ ഖുദ്‌സ് കീഴടക്കിയപ്പോള്‍ അല്‍ഖലീല്‍ പട്ടണവും അവരുടെ നിയന്ത്രണത്തിലായി. ആ മസ്ജിദിനെ അവര്‍ ചര്‍ച്ചാക്കി മാറ്റി അതിന് സെന്റ് അബ്രഹാം ചര്‍ച്ച് എന്ന് പുനര്‍നാമകരണം ചെയ്തു. 1187-ല്‍ ഹിത്ത്വീന്‍ യുദ്ധത്തില്‍ കുരിശുസേനയെ തകര്‍ത്ത സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ആ ചര്‍ച്ചിനെ വീണ്ടും മസ്ജിദാക്കി മാറ്റി. അസ്ഖലാനില്‍ നിര്‍മിച്ചു കൊണ്ടുവന്ന മരത്തിന്റെ മിമ്പര്‍ അതിനകത്ത് സ്ഥാപിച്ചു. ആ മിമ്പര്‍ ഇന്നും അതിനകത്തുണ്ട്. പിന്നീട്, ഒന്നാം ലോകയുദ്ധവേളയില്‍ ഫലസ്ത്വീന്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴിലാകുന്നതുവരെയും ഇബ്‌റാഹീമീ മസ്ജിദ് മുസ്‌ലിംകളുടെ നിയന്ത്രണത്തില്‍തന്നെ തുടര്‍ന്നു. 1948-ല്‍ ഇസ്രയേല്‍ സ്ഥാപിച്ച് ബ്രിട്ടീഷ് സേന പിന്‍വാങ്ങിയപ്പോള്‍ അല്‍ഖലീല്‍ പട്ടണം ജോര്‍ദാന്റെ കീഴിലായി. 1967-ല്‍ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ സയണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായ മറ്റനേകം ഭുപ്രദേശങ്ങളുടെ കൂട്ടത്തില്‍ അല്‍ഖലീല്‍ പട്ടണവും ഉള്‍പ്പെടുന്നു. അന്നുമുതല്‍, ഇബ്‌റാഹീമീ മസ്ജിദ് വിഭജിതമാണ്. യഅ്ഖൂബ്(ഇസ്രാഈല്‍) നബിയുടെയും പത്‌നിയുടെയും ഖബ്‌റുകളുള്ള ഭാഗം ജൂതനിയന്ത്രണത്തിലും മറ്റു ഖബ്‌റുകളുള്ള ഭാഗം മുസ്‌ലിംകളുടെ നിയന്ത്രണത്തിലുമാണിന്ന്. 1995-ല്‍ അല്‍ഖലീല്‍ പട്ടണത്തിന്റെ നിയന്ത്രണം ഫലസ്ത്വീന്‍ അതോറിറ്റി ഏറ്റെടുത്തുവെങ്കിലും മസ്ജിദ് ഇപ്പോഴും സംയുക്ത നിയന്ത്രണത്തില്‍തന്നെ തുടരുന്നു. 

ഇവിടെ പറഞ്ഞ സംയുക്ത നിയന്ത്രണം എന്നതൊക്കെ വെറും ഭംഗിവാക്കാണെന്ന് ബോധ്യപ്പെടാന്‍ ആ മസ്ജിദിലേക്കൊന്ന് കടക്കാന്‍ ശ്രമിച്ചാല്‍ മതി. ഒരു സമയം ഒരാള്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്നവിധം ഇടുങ്ങിയതും ഇരുവശവും ഇരുമ്പിന്റെ ഗ്രില്ലുകളാല്‍ ബന്തവസ്സാക്കിയതുമായ ഒരു ഇടനാഴിയിലൂടെ വേണം ചെക്ക് പോയിന്റിലെത്താന്‍. അവിടെ സയണിസ്റ്റ് സേനയുടെ ശക്തമായ പരിശോധനയുണ്ട്. ജൂതന്മാരുടെ പ്രവേശനകവാടത്തില്‍ അങ്ങനെയൊരു പരിശോധന ഉണ്ടാകാന്‍ വല്ല സാധ്യതയുമുണ്ടോ?  1967-നുശേഷം 2013 വരെ 1231 കൈയേറ്റങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ അവിടെ നടന്നു. എല്ലാം ചെയ്തത് അധിനിവേശകരായ ജൂതന്മാര്‍ സയണിസ്റ്റ് പട്ടാളത്തിന്റെ പരസ്യമായ പിന്തുണയോടെ. ബാങ്കുവിളി തടയുക, നമസ്‌കരിക്കുന്നവരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുക, നമസ്‌കാര നിര്‍വഹണം തന്നെ മുടക്കുക, ദിവസങ്ങളോളം മസ്ജിദ് പൂട്ടിയിടുക, നമസ്‌കരിക്കാന്‍ വരുന്നവരെ പരിശോധനക്ക് വിധേയമാക്കുക, മുസ്വ്ഹഫുകള്‍ കീറിയെറിയുക, മസ്ജിദ് നടത്തിപ്പുകാരെ മര്‍ദിക്കുക, പൊള്ളലുണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ ഹൗദില്‍ കൊണ്ടിടുക, നമസ്‌കരിക്കാന്‍ വരുന്നവരുടെ നേരെ വെടിയുതിര്‍ക്കുക, നമസ്‌കാര സ്ഥലങ്ങളില്‍ നായയെ പ്രവേശിപ്പിക്കുക, മസ്ജിദിനകത്ത് നൃത്തപരിപാടി സംഘടിപ്പിക്കുക, ആയുധസഹിതം ജൂതന്മാരെ മസ്ജിദിനകത്തേക്ക് കടത്തിവിടുക തുടങ്ങി സയണിസ്റ്റുകള്‍ക്ക് മാത്രം കൈയുറപ്പു വരുന്ന പലവിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇബ്‌റാഹീമീ മസ്ജിദ് സാക്ഷിയായി. എന്നാല്‍, 1994 ഫെബ്രുവരി 25-ന് നടന്ന കൂട്ടക്കൊല അതിഭീകരമായിരുന്നു. അന്ന് റമദാന്‍ 15-ന് സ്വുബ്ഹ് നമസ്‌കാരത്തിനെത്തിയ അഞ്ഞൂറോളം വരുന്ന വിശ്വാസികള്‍ക്കിടയിലേക്ക് സയണിസ്റ്റ് സേനയുടെ അനുമതിയോടെ തോക്കുമായി കടന്നുവന്ന ബറൂഖ് ഗോള്‍ഡ്‌സ്‌റ്റൈന്‍ എന്ന നരാധമന്‍ നിര്‍ദയം വെടിയുതിര്‍ത്തു. 29 പേര്‍ അന്നവിടെ രക്തസാക്ഷികളായി. നൂറ്റിയിരുപതോളം പേര്‍ക്ക് പരിക്കേറ്റു. അവന്റെ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടവര്‍ അവിടെവെച്ചുതന്നെ അവനെ പിടികൂടി അടിച്ചുകൊന്നു. അത്തരമൊരു രക്തപങ്കിലമായ ചരിത്രവും ഇവിടെ മയങ്ങുന്നുണ്ട്. മസ്ജിദുല്‍ അഖ്‌സ്വായുടെ കീഴ്ഭാഗം കൈവശപ്പെടുത്തിയപോലെത്തന്നെ ഇബ്‌റാഹീമീ മസ്ജിദിന്റെ കീഴ്ഭാഗവും സയണിസ്റ്റ് അധിനിവേശകര്‍ കൈക്കലാക്കിവെച്ചിട്ടുണ്ട്. ഇബ്‌റാഹീമീ മസ്ജിദില്‍ ഖബ്‌റുകള്‍ സ്ഥിതി ചെയ്യുന്ന ഗുഹ കൈയടക്കി വെച്ചിരിക്കുന്ന സയണിസ്റ്റുകളും ഇന്ത്യന്‍ ഫാഷിസ്റ്റുകളും തമ്മില്‍ ഒരു ചാര്‍ച്ച നമുക്ക് ഇവിടെയും കാണാം. തങ്ങളുടേതല്ലാത്ത ചരിത്രസ്മാരകങ്ങളിലും ആരാധനാകേന്ദ്രങ്ങളിലും ആദ്യം ഒരു പ്രതിഷ്ഠയും അതിനു മുന്നിലൊരു വിളക്കും വെക്കുക. പിന്നെ, അതിരിക്കുന്ന ഭാഗങ്ങള്‍ വളച്ചുകെട്ടി സ്വകാര്യ സ്ഥലമാക്കുക. എന്നിട്ട്, അതിന്റെ പിന്നിലൊരു ഐതിഹ്യം കെട്ടിയുണ്ടാക്കുകയും ആ സ്ഥലത്തിനുമേല്‍ മൊത്തമായി അവകാശമുന്നയിക്കുകയും ചെയ്യുക. ഇതാണല്ലോ ഇവിടത്തെയും നാട്ടുനടപ്പ്.

 

തെല്‍ അവീവിലേക്ക്

വെസ്റ്റ് ബാങ്കിന്റെ പടിഞ്ഞാറു ഭാഗത്താണ് തെല്‍ അവീവെന്ന ഇസ്രയേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം. ഫലസ്ത്വീന്റെ ഭൂപ്രദേശം വിട്ട് തെല്‍ അവീവിന്റെ ഭാഗത്തേക്ക് പ്രവേശിക്കുമ്പോള്‍ ചെക്ക് പോയിന്റില്‍ കര്‍ശന പരിശോധനയുണ്ട്. കാരണം, ഇസ്രയേലിന്റെ സാമ്പത്തിക-സാങ്കേതിക തലസ്ഥാനമാണത്. സയണിസ്റ്റുകള്‍ ഇസ്രയേലിന്റെ തലസ്ഥാനമായി കാണുന്നത് ജറൂസലമിനെയാണെങ്കിലും ആഗോളാടിസ്ഥാനത്തില്‍ ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി റഷ്യ പോലുള്ള ചില രാജ്യങ്ങളേ അംഗീകരിച്ചിട്ടുള്ളൂ. അതിനാല്‍തന്നെ, വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് തെല്‍ അവീവിലാണ്. ജറൂസലമിലും വെസ്റ്റ് ബാങ്കിലും മറ്റും കാണുന്നതുപോലെ ആയുധസജ്ജരായ സയണിസ്റ്റ് സേനയെ തെല്‍ അവീവില്‍ കാണാനാവില്ല. മികച്ച അടിസ്ഥാന സൗകര്യങ്ങുള്ള അത്യാധുനിക നഗരമായി ഇസ്രയേല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഈ നഗരം, മതത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറകള്‍ ഉപയോഗപ്പെടുത്തി അപഹരിച്ചെടുത്ത ഒരു രാജ്യത്തിന്റെ ഭാഗമാണെന്ന് വിശ്വാസം വരണമെങ്കില്‍ ഭൂപടംതന്നെ നോക്കണം. നഗരത്തിന്റെ പ്രൗഢിയും പത്രാസും അല്ല ഞാനീ പറയുന്നതിന്റെ മാനദണ്ഡം. എന്താണ് പറഞ്ഞുവരുന്നതെന്ന് വ്യക്തമാക്കാം. ജറൂസലം, വടക്ക്, ഹൈഫ, മധ്യം, തെല്‍ അവീവ്, തെക്ക്, ജൂദിയ ആന്റ് സമരിയ എന്നിങ്ങനെ ഏഴ് ഡിസ്ട്രിക്ടുകളാണ് ഇസ്രയേലിലുള്ളത്. അവിടങ്ങളിലെ ജനസംഖ്യയും ജൂത-അറബ് അനുപാതവും മുഖ്യ സിനഗോഗുകളുടെ എണ്ണവും മനസ്സിലാകാന്‍ താഴെ നല്‍കിയ ചാര്‍ട്ട് നോക്കുക.(2014-ലെ സെന്‍സസ് പ്രകാരം).

ജറൂസലം - 1058000 67% 32% 14

വടക്ക് - 1380400 43% 54% 9

ഹൈഫ - 981300 68% 26% 7

മധ്യം - 2071500 88% 8% 9

തെല്‍ അവീവ് - 1368800 93% 1% 6

തെക്ക് - 1217500 73% 20% 12

ജൂദിയ & സമരിയ - 385900 98% 0% 13

ഓരോ ഡിസ്ട്രിക്റ്റുകളിലുമുള്ള ജൂത ജനസംഖ്യ നാം കണ്ടു. ഇനി, അവിടങ്ങളിലെ ഓരോ സിനഗോഗും ഉള്‍ക്കൊള്ളേണ്ട ജൂതരുടെ എണ്ണവും എത്രയാണെന്നു നോക്കൂ: 

ജറൂസലം : 50600

വടക്ക് : 65950

ഹൈഫ : 95300

മധ്യം : 202500

തെല്‍അവീവ് : 212100

തെക്ക് : 74000

ജൂദിയ & സമരിയ : 29000 

ഇസ്രയേലിലെവിടെയും സിനഗോഗ് നിര്‍മാണത്തിന് നിയന്ത്രണമുള്ളതുകൊണ്ടല്ല സിനഗോഗുകളുടെ എണ്ണം ഇങ്ങനെ പരിമിതമായിരിക്കുന്നത്. മറിച്ച്, ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തതുകൊണ്ടുതന്നെയാണ്. ദൈവത്തിന്റെ പ്രിയപ്പെട്ടവരും മക്കളും തെരഞ്ഞെടുക്കപ്പെട്ടവരുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ജനത തങ്ങളുടെ വാഗ്ദത്തഭൂമിയിലേക്ക് എത്തിയ ശേഷമുള്ള സ്ഥിതിയാണിത്. മറ്റു ഡിസ്ട്രക്ടുകളെ അപേക്ഷിച്ച്, നിവസിക്കുന്ന ജൂതപൗരന്മാരുടെ എണ്ണത്തിനനുസരിച്ച് ഏറ്റവും കുറവ് സിനഗോഗുകളുള്ള പ്രവിശ്യയാണ് തെല്‍ അവീവ്. ആ രണ്ടു ലക്ഷത്തി പന്ത്രണ്ടായിരം പേര്‍ വീതം ഓരോ സിനഗോഗിലും എത്തുമെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവരോളം വലിയ വിഡ്ഢികളില്ല.

വെസ്റ്റ് ബാങ്കില്‍നിന്ന് അറുപതോളം കിലോമീറ്റര്‍ ദൂരമുണ്ട് തെല്‍ അവീവിലേക്ക്. ഒരു വികസിത രാജ്യത്തിന്റെ എല്ലാ പ്രൗഢിയും ആ വഴിയിലുടനീളം നമുക്ക് ദര്‍ശിക്കാം. ഇസ്രയേലിലെ രണ്ടു മുഖ്യ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലൊന്നായ ബെന്‍ഗുരിയന്‍ എയര്‍പോര്‍ട്ടിന്റെ മുന്നിലൂടെയാണ് തെല്‍ അവീവിലേക്ക് ഞങ്ങള്‍ കടന്നുപോയത്. ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലില്‍ വന്നിറങ്ങിയത് ഈ എയര്‍പോര്‍ട്ടിലായിരുന്നു. ഒരു ജി.സി.സി രാഷ്ട്രത്തില്‍നിന്ന് ആദ്യമായി ഒരു വിമാനം നേരിട്ട് ഇസ്രയേലിലെ ഒരു വിമാനത്താവളത്തില്‍ ഇറങ്ങുന്നത് അന്നാണ്. അറബ് രാഷ്ട്രങ്ങളില്‍ ഈജിപ്തും ജോര്‍ദാനും ഒഴികെയുള്ള രാഷ്ട്രങ്ങള്‍ക്കൊന്നും ഇസ്രയേലുമായി നയതന്ത്രബന്ധങ്ങള്‍ ഇല്ല. അതിനാല്‍തന്നെ ആ രാജ്യങ്ങളില്‍നിന്നൊന്നും ഇസ്രയേലിലേക്ക് നേരിട്ട് വിമാനങ്ങള്‍ പറക്കാറുമില്ല. ഇസ്രയേലിന്റെയോ ആ രാജ്യത്തിന്റെ സ്റ്റാംപിഗോ ഉള്ള പാസ്‌പോര്‍ട്ടുമായി വരുന്നവര്‍ക്ക് പല അറബ് രാജ്യങ്ങളിലേക്കും പ്രവേശനം പോലും അനുവദിക്കില്ല. അതിനാല്‍തന്നെ, ഇസ്രയേലിന്റെ വിസയോ പ്രവേശനരേഖകളോ പാസ്‌പോര്‍ട്ടില്‍ പതിക്കാറുമില്ല. അതിനു പകരം, എന്‍ട്രി പെര്‍മിറ്റും എക്‌സിറ്റ് പെര്‍മിറ്റും ഒരു ചെറിയ കാര്‍ഡ് രൂപത്തില്‍ അനുവദിക്കുകയാണ് പതിവ്. അത് ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള അവരുടെ ഒരു സ്ട്രാറ്റജിയാണ്. മസ്ജിദുല്‍ അഖ്‌സ്വായിലേക്കുള്ള പ്രവേശം ഇസ്രയേലിന്റെ അധീനത്തിലായിരുന്നില്ലെങ്കില്‍ ആത്മാഭിമാനിയായ ഓരോ മുസ്‌ലിമിനും സയണിസ്റ്റ് ഭരണകൂടത്തിന്റെ അനുമതിക്ക് കാത്ത് എമിഗ്രേഷനില്‍ കെട്ടിക്കിടക്കുന്നത് തീര്‍ത്തും അസഹ്യമായേനെ. അത്രയും പ്രകോപനപരമായ ചോദ്യങ്ങളാണത്രെ മുസ്‌ലിം ചെറുപ്പക്കാരായ പലരോടും എമിഗ്രേഷന്‍ വേളയില്‍ ഉദ്യോഗസ്ഥര്‍ ചോദിക്കാറുള്ളത്. ഇവിടെ വരുമ്പോള്‍ നാം മനസ്സിലാക്കുന്ന ഒരു സത്യമുണ്ട്. ഫലസ്ത്വീന്‍ എന്നൊരു രാജ്യമേ ഇല്ല എന്നതാണ് ആ ദുഃഖസത്യം. ഏതൊരു ഫലസ്ത്വീനിക്കും സ്വദേശത്തുനിന്ന് പുറത്തു കടക്കണമെങ്കില്‍ ഇസ്രയേലിന്റെ എമിഗ്രേഷന്‍ എന്ന കടമ്പ കടക്കണം. നാല് എയര്‍പോര്‍ട്ടുകളുണ്ടായിരുന്നു ഫലസ്ത്വീനില്‍. ഗസ്സ സ്ട്രിപ്പില്‍ രണ്ടെണ്ണവും വെസ്റ്റ് ബാങ്കില്‍ രണ്ടെണ്ണവും. അവയെല്ലാം സയണിസ്റ്റ് സേന ബോംബിട്ടോ സ്വന്തം അധീനത്തിലാക്കിയോ ഉപയോഗശൂന്യമാക്കി. റഫാഹ് അതിര്‍ത്തി ഈജിപ്ത് എപ്പോഴെങ്കിലും തുറന്നെങ്കിലായി. സര്‍വവിധ അന്താരാഷ്ട്ര എതിര്‍പ്പും അവഗണിച്ചുകൊണ്ട്, ഫലസ്ത്വീന്‍ ഭൂപ്രദേശങ്ങള്‍ക്കുചുറ്റും ഇപ്പോള്‍ സയണിസ്റ്റ് സേന നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഭീമമായ കോണ്‍ക്രീറ്റ് മതിലുകളുടെ പണിപൂര്‍ത്തിയാകുന്നതോടെ ഫലസ്ത്വീന്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ തടവറ നിലവില്‍ വരും.

മെഡിറ്ററേനിയന്‍ കടലിലെ പ്രധാന തുറമുഖമായ യാഫയില്‍ സ്ഥിതി ചെയ്യുന്ന ഹസന്‍ ബേഗ് മസ്ജിദ് കാണാന്‍വേണ്ടിയാണ് ഞങ്ങളുടെ യാത്ര. 1916-ല്‍ ഉസ്മാനി തുര്‍ക്കി ഗവര്‍ണറായിരുന്ന ഹസന്‍ ബേഗ് ഒട്ടോമന്‍ വാസ്തുവിദ്യയില്‍ സ്വന്തം പേരില്‍ പണികഴിപ്പിച്ച മസ്ജിദാണത്. അവിടേക്കുള്ള യാത്രയില്‍ യാഫാ ബീച്ചിനു സമീപത്തുകൂടിവേണം ഞങ്ങള്‍ക്കു കടന്നുപോകാന്‍. ആ വഴി കടന്നുപോകുമ്പോള്‍ കണ്ണുതുറന്നു പുറത്തുനോക്കിയിരുന്നാല്‍ ഉടലോടെ നരകത്തിലേക്കു പോകാം. അത്രയും ആഭാസവും അശ്ലീലവും നിറഞ്ഞ കാഴ്ചകളാണ് ചുറ്റും. തെല്‍ അവീവുകാര്‍ക്ക് സിനഗോഗുകളും പ്രാര്‍ഥനകളുമൊക്കെ ചതുര്‍ഥിയായത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്.  അമേരിക്കന്‍ എയര്‍ലൈന്‍സ് തെല്‍ അവീവിനെ പരിചയപ്പെടുത്താറുളളത്, ലോകത്തിലെ ഏറ്റവും 'മികച്ച' സ്വവര്‍ഗരതിക്കാരുടെ നഗരം എന്നാണ്. എല്ലാ വര്‍ഷവും രണ്ടു ലക്ഷത്തിലധികം സ്വവര്‍ഗരതിക്കാരെ പങ്കെടുപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്വാഭിമാനജാഥ (Pride Parade) നടക്കാറുള്ളത് ഇവിടെയാണ്. 

ലോകത്തുള്ള 14.3 മില്യന്‍ ജൂതന്മാരില്‍ 43 ശതമാനവും താമസിക്കുന്നത് ഇസ്രയേലിലാണ്. ഇസ്രയേലീ ജൂതന്മാരിലെ 44 ശതമാനം പേരും സ്വയം മതേതരരാ (Secular)യി പരിചയപ്പെടുത്തുന്നവരാണ്. 2008ല്‍ ജൂതായിസത്തിന്റെ മതേതര പഠനത്തിനുവേണ്ടിയുള്ള ഒരു കേന്ദ്രം ഇവിടെ സ്ഥാപിതമായി. Yeshiva (യെശിവ) എന്നത് നമ്മുടെ മദ്‌റസകളുടെ മാതൃകയില്‍ വിവിധ പ്രായക്കാര്‍ക്ക് ജൂതമതപഠനത്തിനുള്ള കേന്ദ്രങ്ങളാണ്. ഇപ്പോള്‍ ഇവിടെ മതേതര യെശിവകളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മതവിശ്വാസികളായ ജൂതന്മാരും മതേതര ജൂതന്മാരും തമ്മില്‍ സംഘര്‍ഷങ്ങളും ഇവിടെയുണ്ടാകാറുണ്ട്. ഒരു പ്രാവശ്യം ലൈംഗികവൈകൃതക്കാരുടെ സ്വാഭിമാനജാഥക്കു തൊട്ടുമുമ്പ് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഒരു സിനഗോഗിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. മറ്റൊരിക്കല്‍ ഒരു അള്‍ട്രാ ഓര്‍ത്തഡോക്‌സ് ജൂതന്‍ ആ ജാഥക്കുനേരെ വെടിയുതിര്‍ക്കുകയുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയിലാണ് അനാശാസ്യസംഘങ്ങള്‍ ഇവിടെ വളര്‍ന്നു പന്തലിക്കുന്നത്. 

 

ഐലാത് തുറമുഖത്തിനു പിന്നില്‍    

തെല്‍ അവീവില്‍നിന്ന് മടങ്ങിയതിന്റെ പിറ്റേ ദിവസം ഞങ്ങള്‍ ഇസ്രയേലില്‍നിന്ന് പുറത്തു കടക്കുകയാണ്. മൂന്നുദിവസമായി ഞങ്ങളുടെമേല്‍ നിഴല്‍ വിരിച്ചിരുന്ന സയണിസ്റ്റ് ഭീതിയുടെ കാര്‍മേഘം നീങ്ങിപ്പോവുകയാണ്. ഈജിപ്തിലേക്കാണ് ഞങ്ങള്‍ക്കിനി പോകാനുള്ളത്. താബാ അതിര്‍ത്തി കടന്നുവേണം ഈജിപ്തിലെത്താന്‍. പോകുന്ന വഴിയില്‍ ചാവുകടല്‍, അതിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഖുംറാന്‍ മലനിരകള്‍ (അവിടെ നിന്നാണല്ലോ ബര്‍ണബാസിന്റേതടക്കമുള്ള സുവിശേഷങ്ങള്‍ അടങ്ങുന്ന ചാവുകടല്‍ ചുരുളുകള്‍ കണ്ടുകിട്ടിയത്) എന്നിവ കാണാനുണ്ട്. ചെങ്കടലില്‍നിന്ന് വടക്കുഭാഗത്തേക്ക് രണ്ട് ഉള്‍ക്കടലുകള്‍ നീണ്ടുകിടക്കുന്നുണ്ട്. അഖബ ഉള്‍ക്കടലും സൂയസ് ഉള്‍ക്കടലും. അഖബയില്‍ ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍, സുഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്നു. ഇസ്രയേലിലെ ഐലാത് പട്ടണം കഴിഞ്ഞുവേണം താബായിലെത്താന്‍. അഖബ ഉള്‍ക്കടലിന്റെ വടക്കേ അറ്റമാണവിടെ. ജറൂസലം എന്ന വിശുദ്ധ നഗരത്തില്‍നിന്ന് തെക്കോട്ട് 320 കിലോമീറ്റര്‍ അകലെയുള്ള ഐലാത് എങ്ങനെ ഇസ്രയേലിന്റെ ഭൂപടത്തിനകത്ത് സ്ഥലം പിടിച്ചുവെന്നത് വിശദമായ ഉത്തരമര്‍ഹിക്കുന്ന ചോദ്യമാണ്.

ഇസ്രയേലിന്റെ ഭൂപടം തെക്കോട്ട് ഐലാതിനെ മാത്രം ലക്ഷ്യമാക്കി വരുന്ന ഒരു ത്രികോണമാണ്. 1917-ലെ ബാല്‍ഫര്‍ പ്രഖ്യാപനം മുതല്‍ 1948-ല്‍ ഇസ്രയേല്‍ സ്ഥാപിക്കപ്പെടുന്നതുവരെ ബ്രിട്ടീഷ് മാന്‍ഡേറ്റിനു കീഴിലായിരുന്ന 30 വര്‍ഷത്തിനിടയിലാണ് അറബ് രാഷ്ട്രങ്ങളുടെ ഹൃദയം പിളര്‍ന്നുകൊണ്ട് ഇസ്രയേലിന്റെ രാജ്യാതിര്‍ത്തികള്‍ തീരുമാനിക്കപ്പെടുന്നത്. കൊളോണിയല്‍ ശക്തികള്‍ സയണിസ്റ്റ് രാഷ്ട്രത്തിനുവേണ്ടി വിടുവേല ചെയ്ത മൂന്നു ദശകങ്ങളായിരുന്നല്ലോ അത്. ഇസ്രയേലെന്ന 'വിശുദ്ധ'ഭൂമിക്കകത്ത് ഐലാതെന്ന അവിശുദ്ധഭൂമി (ശനിയാഴ്ച ദിവസം മീന്‍പിടിക്കരുതെന്ന ദൈവകല്‍പ്പന ധിക്കരിച്ചതു നിമിത്തം കുരങ്ങുകളായി രൂപമാറ്റം വരുത്തപ്പെട്ട സമൂഹം വസിച്ച നാടായിരുന്നു ഐലാത്) ഉള്‍പ്പെടുത്തുന്നതിനു പിന്നിലുള്ള രാഷ്ട്രീയം എന്തായിരുന്നു? അത് ബോധ്യപ്പെടണമെങ്കില്‍ സൂയസ് കനാലിന്റെ അന്താരാഷ്ട്ര പ്രസക്തി മനസ്സിലാകണം.

മധ്യധരണ്യാഴിയെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുനീക്കത്തിന്റെ മുഖ്യ ഇടനാഴിയുമായ കൃത്രിമ കനാലാണ് 1869 നവംബറില്‍ പണി പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്ത സൂയസ് കനാല്‍. സൂയസ് കനാല്‍ യാഥാര്‍ഥ്യമാകുന്നതിനു മുമ്പ് യൂറോപ്പില്‍നിന്ന് പുറപ്പെടുന്ന കപ്പല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ ശുഭപ്രതീക്ഷാമുനമ്പ്(ഇമുല ീള ഏീീറ ഒീുല) ചുറ്റി വേണമായിരുന്നു ഏഷ്യയിലേക്കു വരാന്‍. എന്നാല്‍, സൂയസ് വഴി സഞ്ചരിച്ചാല്‍ 5100 മൈലും പതിനഞ്ചു ദിവസവും ലാഭിക്കാന്‍ കപ്പലുകള്‍ക്ക് സാധിക്കുന്നു. കൊളോണിയല്‍ ശക്തികള്‍ കരുത്തരായിരുന്ന കാലത്താണ് സൂയസ് കനാലിന്റെ പണി പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും സാങ്കേതിക-സാമ്പത്തിക സഹായത്തോടെയാണത് നിര്‍മിച്ചത്. അതിനാല്‍തന്നെ അവര്‍ക്കുകൂടി പങ്കാളിത്തമുള്ള സൂയസ് കനാല്‍ കമ്പനിക്ക് 1969 വരെ, അതായത് നൂറുവര്‍ഷം കനാല്‍വഴി കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ടോള്‍ പിരിക്കാനുള്ള അവകാശമുണ്ടായിരുന്നു. 1969-ല്‍ നാല്‍പ്പതുവര്‍ഷത്തേക്കുകൂടി, അതായത് 2009 വരേക്കുകൂടി ആ അവകാശം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കൊളോണിയല്‍ ശക്തികള്‍ മുന്നോട്ടുവെച്ചു. എന്നാല്‍, ആവശ്യം ഈജിപ്ത് തള്ളി. ഈയൊരു പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ ഭൂപരിധി നിര്‍ണയിക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നത്. മധ്യധരണ്യാഴിയിലേക്ക് മാത്രം മുഖമുള്ള ഒരു സയണിസ്റ്റ് രാഷ്ട്രം രൂപീകരിക്കുകയും 1969-നു ശേഷം സൂയസ് കനാലിനെ ഈജിപ്ത് ദേശസാത്കരിക്കുകയും ചെയ്താല്‍, ഇസ്രയേലിന്റെ കപ്പലുകള്‍ക്ക് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കണമെങ്കില്‍ ഒന്നുകില്‍ ഈജിപ്തിന് ടോള്‍ കൊടുത്ത് സൂയസ് കനാല്‍ വഴി പോകണം. അല്ലെങ്കില്‍, ആഫ്രിക്കന്‍ ഭൂഖണ്ഡം ചുറ്റി ശുഭപ്രതീക്ഷാമുനമ്പ് വഴി പോകണം. രണ്ടും സയണിസ്റ്റുകളുടെ ദുരഭിമാനത്തിന് നിരക്കുന്നതല്ല. അങ്ങനെയാണ് ജറൂസലമില്‍നിന്ന് മുന്നൂറിലധികം കിലോമീറ്റര്‍ തെക്കുള്ള ഐലാത്തിലേക്ക് സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഭൂപടം നീളുന്നത്. ഐലാത്തിലെ തുറമുഖത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത് ബാല്‍ഫര്‍ പ്രഖ്യാപനത്തിനുശേഷം. അത് പ്രവര്‍ത്തനസജ്ജമായി തുറന്നുകൊടുത്തതാകട്ടെ 1947-ലും. നോക്കൂ, ഐലാത്ത് തുറമുഖം കമീഷന്‍ ചെയ്യാന്‍ കാത്തുനിന്നിട്ടായിരുന്നു കൊളോണിയല്‍ ശക്തികള്‍ ഇസ്രയേലിന്റെ പിറവിക്ക് തീയതി തീരുമാനിച്ചത്. ഇസ്രയേലിന്റെ കപ്പലുകള്‍ ഒരു ദിവസം പോലും ഈജിപ്തിന്റെ ദാക്ഷിണ്യത്തിനുവേണ്ടി കാത്തുനില്‍ക്കേണ്ടി വരരുതെന്ന് ചുരുക്കം. ചെങ്കടലിനെയും അഖബ ഉള്‍ക്കടലിനെയും തമ്മില്‍ വേര്‍തിരിക്കുന്ന ടിറാന്‍ കടലിടുക്ക് സീനാ മരുഭൂമിക്കും ടിറാന്‍ ദ്വീപിനും ഇടയിലാണ്. ആ വഴി ഐലാത്ത് തുറമുഖത്തേക്കുപോയ കപ്പലുകളെ ഈജിപ്ത് തടഞ്ഞതാണ് അറബ്- ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയത്. മധ്യപൗരസ്ത്യദേശത്ത് അറബ്, മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു കഴിയുമ്പോഴും സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ആത്മവിശ്വാസമാണ് ഐലാത്ത് തുറമുഖം. മധ്യധരണ്യാഴിക്കുപുറമേ, മറ്റൊരു ഔട്ട്‌ലെറ്റ്കൂടിയാണ് അതിലൂടെ അവര്‍ നേടിയിരിക്കുന്നത്. 

(എഴുതിവരുന്ന യാത്രാ വിവരണത്തിന്റെ ആദ്യ ഭാഗം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍