പാശ്ചാത്യ നാടുകളിലെ പ്രണയബന്ധങ്ങള്‍
ഇറ്റലിയിലെ മിലാനോയില്‍ ഒരു കുടുംബസദസ്സില്‍ സംസാരിക്കുകയായിരുന്നു ഞാന്‍. എന്റെ സംസാരം ശ്രവിച്ചുകൊണ്ടിരുന്ന ഒരു പിതാവ് പറഞ്ഞു: ''കൂട്ടുകൂടാനും വൈകുന്നേരങ്ങളില്‍ പുറത്തുപോവാനും ചുറ്റിക്കറങ്ങാനും നിനക്കൊരു ബോയ് ഫ്രണ്ടില്ലല്ലോ എന്നു പറഞ്ഞ് സ്‌കൂളിലെ കൂട്ടുകാരികള്‍ എന്റെ മകളെ പരിഹസിക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മകളോട് എന്തു നിലപാട് കൈക്കൊള്ളണം?'' സദസ്സിലെ മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു: ''എന്റെ മകനുമുണ്ട് കോളേജില്‍ ഒരു കൂട്ടുകാരി. അവന്റെ സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കുമുണ്ട് ഗേള്‍ ഫ്രണ്ട്‌സ്. താന്‍ സ്വതന്ത്രനാണെന്നും തന്നെ അത്തരം ബന്ധങ്ങളില്‍നിന്ന് വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും തന്റെ നിലപാടില്‍ ഒരു തെറ്റുമില്ലെന്നുമാണ് അവന്റെ വാദം. ഇറ്റലിയില്‍ നിലനില്‍ക്കുന്ന നിയമം വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്ന കൂട്ടത്തില്‍ ഇത്തരം ബന്ധങ്ങളെ കുറ്റകരമായി കാണുന്നില്ലതാനും.''
ഞാന്‍ പറഞ്ഞു: ഈ വിഷയത്തില്‍ എന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനു മുമ്പ് ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം കേസുകള്‍ നാം കൈകാര്യം ചെയ്യുന്നത് അടിച്ചും വീട്ടില്‍ അടച്ചിട്ടും ഭേദ്യങ്ങള്‍ ഏല്‍പിച്ചും ആവരുത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ സമയം വേണം. ഒന്നോ രണ്ടോ സിറ്റിംഗുകള്‍ കൊണ്ട് അവസാനിപ്പിക്കുന്നതല്ല ചികിത്സ; പ്രത്യേകിച്ച് പ്രശ്‌നം പ്രേമവും പ്രണയവുമായി ബന്ധപ്പെട്ടതാകുമ്പോള്‍. അത്തരം വിഷയങ്ങളില്‍ ചികിത്സാകാലം നീളും. പിന്നെ മറ്റൊരു കാര്യം; ഇത്തരം വിഷയങ്ങള്‍ നാം കൈകാര്യം ചെയ്യുമ്പോള്‍ നമ്മുടെ മക്കളാണ് അതിലെ കക്ഷികള്‍ എന്നോര്‍ക്കണം. ഏതെങ്കിലും അപരിചിത വ്യക്തികളല്ല. മകനോ മകളോ ആയുള്ള പിതൃ-പുത്രബന്ധം നിര്‍വിഘ്‌നം തുടര്‍ന്നുപോവാന്‍ ഉതകുന്ന സമീപനമായിരിക്കണം നാം സ്വീകരിക്കേണ്ടത്, അഥവാ അവര്‍ തെറ്റുകാര്‍ ആയാല്‍ പോലും.
ഈ പ്രശ്‌നത്തിന് രണ്ട് വിധത്തിലുള്ള ചികിത്സയുണ്ട്. ഒന്ന്, മുന്‍കരുതല്‍ നടപടി. രണ്ട്, ചികിത്സ. മുന്‍കരുതല്‍ നടപടി കൊണ്ടുദ്ദേശിക്കുന്നത് മക്കള്‍ക്ക് ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ചും ആദര്‍ശത്തെക്കുറിച്ചും ശരിയായ ധാരണ നല്‍കുക എന്നതാണ്. ഇസ്‌ലാമിക വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യതിരിക്തതയും ഏതെല്ലാം രംഗങ്ങളില്‍ മറ്റു മതങ്ങളില്‍നിന്നും സംസ്‌കാരങ്ങളില്‍നിന്നും അത് വേറിട്ടുനില്‍ക്കുന്നു എന്നതും നാം അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. സ്വദേശത്തായാലും വിദേശത്തായാലും കുട്ടിയെ ആദ്യനാള്‍ തൊട്ടേ ബോധവത്കരിക്കണം.
രണ്ട്, മക്കളോട് സംഭാഷണം നടത്തിയും സംസാരിച്ചുമാണ് ചികിത്സ ആരംഭിക്കേണ്ടത്. ഇസ്‌ലാം എന്തുകൊണ്ട് കൗമാരഘട്ടം മുതല്‍ക്കേ വിവാഹേതര ലൈംഗിക ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുന്നു എന്ന് വ്യക്തമാക്കിക്കൊടുക്കണം. ആണ്‍-പെണ്‍ ഇടപെടലിന്റെ പരിധിയെ സംബന്ധിച്ച് കുടുംബസദസ്സില്‍ പൊതുവായി സംസാരിക്കാം. 'മിക്‌സഡ്' സ്ഥാപനങ്ങളില്‍ പഠിക്കണ്ടുമ്പോള്‍ ഉണ്ടാവേണ്ട ചിട്ടകളെയും മര്യാദകളെയും കുറിച്ചുള്ള വര്‍ത്തമാനമാവാം. ബന്ധങ്ങള്‍ തികച്ചും സാധാരണമാണെങ്കിലാണ് ഇങ്ങനെ. ബന്ധം പ്രേമത്തിലേക്കും പ്രണയത്തിലേക്കും വളര്‍ന്നെന്ന് മകന്‍ തുറന്നു പറയുകയാണെങ്കില്‍ അവനെ കൂടെ കൂട്ടി ശാന്തമായി സംഭാഷണം തുടരണം. നമ്മുടെ സംസാരത്തോട് അവന്‍ മുഖം തിരിക്കുകയാണെങ്കില്‍ പിന്നെ അവലംബിക്കേണ്ട ചികിത്സാ രീതി, 'ശരി അവളെ വിവാഹം കഴിച്ചുകൊള്ളൂ' എന്ന് പറയുകയാണ്. നാം അവനെ സ്‌നേഹിക്കുന്നുവെന്നും അവനില്‍ നാം വിശ്വാസം അര്‍പ്പിക്കുന്നുവെന്നും അവന്‍ തന്റെ ഭാവി വധുവായി തനിക്ക് യോജിച്ച ഇണയെ മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂവെന്ന ഉത്തമ ബോധ്യം നമുക്കുണ്ടെന്നും അവനെ അറിയിക്കണം. അതിനു ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരെക്കുറിച്ച് നന്നായറിയാനും മനസ്സിലാക്കാനുമുള്ള ചുമതലയും അവനെ ഏല്‍പിക്കണം. തന്റെ ഭാവി ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ അവനൊരിക്കലും തെറ്റു പറ്റുകയില്ലെന്ന് മാതാപിതാക്കള്‍ എന്ന നിലക്ക് തങ്ങള്‍ക്ക് സമാധാനിക്കാന്‍ ഇതാവശ്യമാണെന്ന് അവനെ ധരിപ്പിക്കണം.
നമ്മുടെ ഈ പ്രതികരണം മകനെ ആശ്ചര്യപ്പെടുത്തും. ഈ നിര്‍ദേശം അവനില്‍ ഒരു സുരക്ഷാബോധം ഉളവാക്കും. ഒരു വിവരവും നമ്മില്‍നിന്ന് അവന്‍ പിന്നെ മറച്ചുവെക്കില്ല. നാം അവന്റെ സുഹൃത്തുക്കളായി. അതോടെ പടവെട്ടേണ്ട രക്ഷിതാക്കളാണ് നിങ്ങളെന്ന ചിന്ത പിന്നെ അവന്റെ മനസ്സില്‍നിന്ന് കുടിയൊഴിയും. ഇനി നാം ചികിത്സയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയായി. പെണ്‍കുട്ടിയെക്കുറിച്ച എല്ലാ വിവരങ്ങളും അന്വേഷിച്ചറിഞ്ഞ മകന്‍ നമ്മോട് ഹൃദയം തുറക്കും. കുട്ടിയെയും കുടുംബത്തെയും കുറിച്ച് അന്വേഷിച്ചതില്‍നിന്ന് മനസ്സിലായ വിവരമനുസരിച്ച് ഈ ബന്ധം നമുക്ക് ചേര്‍ന്നതല്ലെന്ന് അവനെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് രീതി. ഏതേത് ഇടങ്ങളില്‍ അവര്‍ തമ്മില്‍ വിയോജിപ്പും പൊരുത്തക്കേടുമുണ്ടെന്ന് വസ്തുനിഷ്ഠമായി പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക. ഇതിന് നല്ല സമയം വേണ്ടിവരും. നമ്മുടെ സമീപനം സത്യസന്ധമാവണം. ഇനി പെണ്‍കുട്ടി നല്ലവളും മാന്യമായ കുടുംബപശ്ചാത്തലമുള്ളവളുമാണെങ്കില്‍ നാം അവന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുകയും അവളെ അവന് വിവാഹം ചെയ്തു കൊടുക്കുകയും വേണം. ഈ പരിഹാരനിര്‍ദേശങ്ങള്‍ ഞാന്‍ സമര്‍പ്പിച്ചപ്പോള്‍ സദസ്സ്: ''ഇത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്''- എന്ന് പ്രതികരിച്ചു.
ഞാന്‍: ''ശരിതന്നെ. എന്റെ അടുത്ത് വന്ന പല കേസുകളിലും ഈ രീതി ഞാന്‍ പരീക്ഷിച്ചു വിജയിച്ചതാണ്. അടിയും ഇടിയും വീട്ടുതടങ്കലും ഭേദ്യവും പരീക്ഷിച്ചവര്‍ പരാജയപ്പെട്ടതായാണ് അനുഭവം. ശരിയായ ഒരു പരിഹാരത്തിലെത്തുന്നതാണെങ്കില്‍ കാലം പ്രശ്‌നമാക്കേണ്ടതില്ല. ഈ രീതി യുവാവിനും യുവതിക്കും ബാധകമാണ്.''
ഒരാള്‍: ''എന്റെ മകനെയോ മകളെയോ ഇത്തരം ഒരവസ്ഥയില്‍ കണ്ടിട്ട് ആത്മനിയന്ത്രണം പാലിക്കുകയെന്നത് എനിക്ക് വളരെ പ്രയാസകരമായാണ് തോന്നുന്നത്.''
ഞാന്‍: ''ശരി, എങ്കില്‍ നിങ്ങളുടെ വശമുള്ള പരിഹാര നിര്‍ദേശം കേള്‍ക്കട്ടെ.''
അയാള്‍ മിണ്ടാതിരുന്നപ്പോള്‍ ഞാന്‍ തുടര്‍ന്നു: ''നിങ്ങളുടെ മുന്നില്‍ അവശേഷിക്കുന്ന പരിഹാരം ഭേദ്യവും കര്‍ക്കശ സമീപനവുമാണ്. ഒരുപക്ഷേ അതൊരു എളുപ്പ ചികിത്സയാകാം. നിങ്ങള്‍ക്ക് പ്രശ്‌നം അടിസ്ഥാനപരമായി ചികിത്സിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.''
അയാള്‍: ''എന്റെ കര്‍ക്കശ രീതിയും നിങ്ങളുടെ ഉപദേശവും ഒന്നിച്ചു കൊണ്ടുപോയാലോ?''
ഞാന്‍: ''പരീക്ഷിച്ചുനോക്കൂ. ഫലം എന്നെ അറിയിക്കണം.''
വിവ: പി.കെ ജമാല്‍
Comments