Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

വികസിക്കുന്ന ഘനാന്ധകാരം

എ.ആര്‍

മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍ ഒരു മുസ്‌ലിം ഗൃഹനാഥന്റെ മൃതദേഹം കുടുംബം മൂന്നു മാസത്തോളം ഖബ്‌റടക്കാതെ സൂക്ഷിച്ചതും നാറ്റം സഹിക്കവയ്യാതെ അയല്‍ക്കാര്‍ അന്വേഷിച്ചുചെന്നപ്പോള്‍ പുനര്‍ജന്മം കാത്തിരിക്കുകയാണെന്ന് മറുപടി ലഭിച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു വിഭാഗം സമാനതകളില്ലാത്ത ഈ മൂഢവിശ്വാസത്തെ അപഹസിക്കുമ്പോള്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് കഴിയുമെന്ന ന്യായീകരണവുമായി കുട്ടിപുരോഹിതന്മാരും രംഗത്തുണ്ട്. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി എന്ന സൂഫി വര്യന്‍ മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ടെന്നാണ് വാദം. 'കോഴിന്റെ മുള്ളോട് കൂവെന്ന് ചൊന്നാരെ...' എന്നു തുടങ്ങിയ മുഹ്‌യിദ്ദീന്‍ മാലയിലെ വരികള്‍ മതിയല്ലോ ഒന്നാംതരം തെളിവായിട്ട്! യഥാര്‍ഥത്തില്‍ ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ ജീവിച്ചിരുന്ന ശ്രേഷ്ഠ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ജീലാനി(റ) ഒരിക്കലും കറാമത്തുകള്‍ അവകാശപ്പെടുകയോ അല്ലാഹുവിന്റെ മാത്രമായ ഗുണങ്ങള്‍ ഒന്നു പോലും തനിക്കുണ്ടെന്ന് വാദിക്കുകയോ ചെയ്ത മഹാനല്ല. അദ്ദേഹത്തിന്റെ പേരില്‍ കെട്ടിച്ചമച്ച വ്യാജോക്തികളാണ് മുഹ്‌യിദ്ദീന്‍ മാല എന്ന ഭാവനാ സൃഷ്ടി (ആസ്വാദ്യമായ ഒരു സാഹിത്യ കൃതി എന്ന നിലയില്‍ അത് പ്രചരിച്ചിട്ടുണ്ടെങ്കില്‍ കാര്യം വേറെ). അല്ലാഹുവിന് മാത്രമേ ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിയൂ എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമായ തൗഹീദിന്റെ അനിവാര്യ ഘടകമാണ്. 'അവനാണ് നിങ്ങള്‍ക്ക് ജീവന്‍ തന്നത്, പിന്നെ മരിപ്പിക്കുന്നത്, വീണ്ടും നിങ്ങളെ ജീവിപ്പിക്കുന്നത്' (22:66). 'ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാരോ അവനാണ് എന്റെ രക്ഷകര്‍ത്താവ് എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം' (2:258). 'നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്' (15:23). 'തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്' (36:12). 'അല്ലാഹു മാത്രമാണ് സത്യം, അവനാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്' (22:6). അനേകമനേകം ഖുര്‍ആന്‍ സൂക്തങ്ങളിലായി നേരിയ സംശയത്തിനു പോലും ഇടനല്‍കാതെ അല്ലാഹു വ്യക്തമാക്കിയതാണ് അവന് മാത്രമേ ജീവന്‍ നല്‍കാനും മരിപ്പിക്കാനും കഴിയൂ എന്ന സത്യം. ഈസാ നബി(അ)യുടെ പ്രവാചകത്വം നിഷേധിച്ച യഹൂദ പുരോഹിതന്മാര്‍ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ സത്യാവസ്ഥ തെളിയിക്കാനായി മൃതദേഹങ്ങളെ ജീവിപ്പിക്കുക എന്ന അമാനുഷിക സിദ്ധി നല്‍കിയിരുന്നതായി വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നു, പക്ഷേ അല്ലാഹുവിന്റെ അനുമതിയോടെ എന്ന ഉപാധിയോടെ മാത്രം (3:49). മറ്റൊരു വലിയ്യിനും അങ്ങനെയൊരു ദൃഷ്ടാന്തം അല്ലാഹു നല്‍കിയിരുന്നില്ല, അങ്ങനെ അവകാശപ്പെടുന്ന വല്ലവരുമുണ്ടെങ്കില്‍ അവര്‍ വ്യാജന്മാര്‍ തന്നെ, തീര്‍ച്ച. കാരണം വിലായത്ത് സ്വയം തെളിയിക്കേണ്ട പദവിയല്ല. പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)ക്ക് പോലും മരിച്ചവരെ ജീവിപ്പിക്കുക എന്ന അമാനുഷിക സിദ്ധി അല്ലാഹു നല്‍കിയിരുന്നില്ല. നല്‍കിയിരുന്നെങ്കില്‍ പിതൃസഹോദര പുത്രന്‍ ഹംസ(റ)യെയും സ്വന്തം ഓമന സന്തതി ഇബ്‌റാഹീമിനെയും എന്തിന് പ്രിയതമ ഖദീജ(റ)യെയും നബി ജീവിപ്പിക്കുമായിരുന്നല്ലോ.

കൊളത്തൂരിലെ സയ്ദ് കുടുംബത്തിന് ഇതൊന്നും ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ലെങ്കില്‍ അത്ഭുതമില്ല. അത്തരം അനേക ലക്ഷം സാധാരണ വിശ്വാസികളെ മൂഢവിശ്വാസങ്ങളില്‍ തളച്ചിടുക മാത്രമല്ല, ദിനേനയെന്നോണം നവംനവങ്ങളായ വിശ്വാസവൈകൃതങ്ങളും അനാചാരങ്ങളും കണ്ടെത്തുന്നതില്‍ വ്യാപൃതരാണ് പണ്ഡിത വേഷധാരികള്‍.  തിരുകേശവും പാനപാത്രവുമൊക്കെ അതില്‍ പെട്ടതാണ്. മാനസിക വൈകല്യമുെന്ന് സ്ഥിരീകരിക്കപ്പെട്ട ഒരു പാവം മുസ്‌ലിയാരുടെ ശവകുടീരം തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്നതില്‍ മത്സരിച്ച ഇരു വിഭാഗം സമസ്തക്കാരും, ഇപ്പോള്‍ അവിടം ക്രിമിനലുകളുടെ ആവാസ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ആപത്കരമായ പ്രവണതക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. പാവപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ നിഷ്ഠുര കൊലപാതകം പോലും ലഘൂകരിച്ചു കാണിക്കാനും അതിന്റെ പിന്നിലെ ദുരൂഹതകള്‍ക്ക് മീതെ മറയിടാനുമാണ് ശ്രമം. വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം കണ്ണ്‌നട്ട് ഇടതു-വലതു രാഷ്ട്രീയക്കാര്‍ എല്ലാറ്റിനും നേരെ കണ്ണ് ചിമ്മുകയും ചെയ്യുന്നു. അതിനേക്കാള്‍ അപലപനീയമാണ് സമുദായ സംഘടനകളുടെയും നേതാക്കളുടെയും നിലപാട്. മുത്ത്വലാഖിനും രണ്ടാം കെട്ടിനും തടയിടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രക്ഷോഭവും പ്രതിഷേധവും പ്രമേയവുമൊക്കെയായി നടക്കുന്നവരുടെ വീര്യത്തിന്റെ പത്തിലൊന്ന് വിശ്വാസപരമായ തട്ടിപ്പിനും ചൂഷണത്തിനും വഞ്ചനക്കുമെതിരെ ഉയരുന്നതായി കാണുന്നില്ല. വ്യാജ ത്വരീഖത്ത് ൈശഖുമാരും സൂഫി വേഷധാരികളും ദിക്‌റ്-സ്വലാത്ത് നഗരാധിപന്മാരും അരങ്ങു തകര്‍ക്കുകയാണ് പ്രബുദ്ധ കേരളത്തില്‍. ഒരുവശത്ത് ഗള്‍ഫ് പണത്തിന്റെ പിന്‍ബലത്തില്‍ എഞ്ചിനീയറിംഗ്-മെഡിസിന്‍ -ബിസിനസ്സ് മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം തലമുറകള്‍ കുതിച്ചുയരുമ്പോള്‍ മറുവശത്ത് അതേ തലമുറ അന്ധവിശ്വാസങ്ങളുടെ ഘനാന്ധകാരത്തില്‍ തപ്പിത്തടയുന്ന വിചിത്ര കാഴ്ചയെ എങ്ങനെ വ്യാഖ്യാനിക്കണം? കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി ഗ്രാമത്തില്‍ മഹല്ല് ഖാദിയും പണ്ഡിതനുമായിരുന്ന മാന്യദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഖബ്‌റിടം ഇപ്പോഴും പഴയ ജുമുഅത്ത് പള്ളി ശ്മശാനത്തിലുണ്ട്. അടുത്തകാലത്ത് മറ്റൊരു മയ്യിത്ത് അവിടെ മറവ് ചെയ്യാന്‍ ഖബ്ര്‍ കുഴിച്ചപ്പോള്‍ പരേതനായ ഖാദിയുടെ ഖബ്ര്‍ നീണ്ടു കിടക്കുന്നതു കണ്ടു എന്നൊരു കഥ പ്രചരിച്ചതും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പുരോഗമനവാദികളും പണ്ഡിതന്മാരുമായ മക്കള്‍ ഒരു പക്ഷത്ത്. തീവ്ര യാഥാസ്ഥിതികനും സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമായ പൗത്രനും മറ്റും മറുപക്ഷത്തും. കേരളത്തിലെ സലഫി പ്രസ്ഥാനം മൂന്നായി പിളര്‍ന്നപ്പോള്‍ ജിന്ന്-സിഹ്ര്‍ വാദികളുടെ വലയത്തിലാണ് വിദ്യാര്‍ഥി-യുവജന വിഭാഗത്തില്‍ ഭൂരിഭാഗവും! ഞാന്‍ ദിനേന കണ്‍മുന്നില്‍ കാണുന്ന ദൃശ്യമുണ്ട്. കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം ഉസ്താദ് കരീമിന്റെ ദര്‍ഗയില്‍ ചികിത്സ തേടി വരുന്ന യുവതികളുടെ നീണ്ട നിര. മഞ്ചേരി-നിലമ്പൂര്‍ ഭാഗത്തുനിന്നും വടക്ക് നാദാപുരം പരിസരത്തുനിന്നുമാണത്രെ സിദ്ധ ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും. മന്ത്രിച്ചൂതിയ വെള്ളവും ചരടും തകിടുമൊക്കെയാണ് മുഖ്യ ഔഷധങ്ങള്‍ എന്ന് പറയുന്നു. ഒഹാബി-മൗദൂദികള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി വെച്ചതുകൊണ്ടും അംഗരക്ഷകര്‍ ആര്‍.എസ്.എസ്സുകാരായതുകൊണ്ടും ഞാനിതുവരെ പോയി നോക്കിയിട്ടില്ല. കരീമിന്റെ ദര്‍ഗയില്‍നിന്ന് 200-500 മീറ്റര്‍ ദൂരെ ഒരു സെക്യുലര്‍ തങ്ങളുടെ ആശ്രമം സ്ഥിതി ചെയ്യുന്നു്. അമുസ്‌ലിംകളാണ് സന്ദര്‍ശകരില്‍ ഭൂരിഭാഗവും. അന്നദാനവും അരി സാമാനങ്ങളുടെ വിതരണവുമാണ് മുഖ്യ പരിപാടി. ചില ദിവസങ്ങളില്‍ ക്യൂ കിലോമീറ്ററോളം നീളും. ചുറ്റുമതില്‍ നിറയെ മൂപ്പരുടെ വെളിപാടുകളാണ്. സ്വയം സ്ഥാപിച്ച മതത്തിന്റെ അധ്യാപനങ്ങള്‍ എന്ന് പറയാം. കോമ്പൗിനുള്ളില്‍ നോഹയുടെ പേടകാകൃതിയില്‍ നിര്‍മിച്ച സൗധത്തിലിരുന്ന് മുരീദുകള്‍ക്ക് ദര്‍ശനം നല്‍കുന്ന തങ്ങള്‍ ആരെയും വിളിക്കുക തെറിപ്പേരുകളാണത്രെ! ലക്ഷക്കണക്കില്‍ രൂപയുടെ ചെലവുകള്‍ മുഴുവന്‍ വഹിക്കുന്നത് ഭക്തജനങ്ങളാണു പോല്‍. സൗജന്യച്ചോറ് പാകം ചെയ്യാന്‍ പ്രത്യേകം നിര്‍മിച്ച വിശ്വ മഹാ ചെമ്പ് ഈയിടെ വാര്‍ത്തകളില്‍ സ്ഥലം പിടിച്ചിരുന്നു. ഗിന്നസ് ബുക്കുകാര്‍ക്ക് ആരോ വിവരം കൊടുത്തുവോ എന്നറിയില്ല!

ഇവ്വിധം ആത്മീയ വേഷധാരികളുടെയും സിദ്ധന്മാരുടെയും ചുറ്റും കറങ്ങുകയാണ് സമുദായം. സാമ്പത്തിക ചൂഷണം മുതല്‍ ലൈംഗിക ചൂഷണം വരെ നിര്‍ബാധം നടക്കുമ്പോഴും മതപണ്ഡിതന്മാരോ നേതാക്കളോ സംഘടനകളോ സര്‍ക്കാറോ പ്രതികരിക്കുന്നില്ല. മീഡിയ ഇവക്കെല്ലാം പ്രചാരണവും നല്‍കുന്നു. സോഷ്യല്‍ മീഡിയ സാമൂഹിക ശാപമായി മാറുന്നത് അതിലൂടെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും അനാശാസ്യ ചെയ്തികള്‍ക്കും പ്രോത്സാഹനം ലഭിക്കുന്നതു മൂലമാണ്. സ്ത്രീകളനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ഒച്ചവെക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളും സ്ത്രീവിമോചന കൂട്ടായ്മകളും സ്ത്രീകളാണ് വിശ്വാസപരമായ ചൂഷണത്തിന്റെ ഒന്നാമത്തെ ഇരകളും ബലിയാടുകളുമെന്ന സത്യത്തിനു നേരെ കണ്ണടക്കുന്നു. തീര്‍ച്ചയായും ബോധവത്കരണം തന്നെയാണ് അന്ധവിശ്വാസമുക്തിക്കുള്ള ഫലപ്രദമായ വഴി. പക്ഷേ നിയമപരമായ നടപടികളും നിയന്ത്രണങ്ങളുമില്ലാതിരിക്കുകയും നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ എല്ലാതരം ദുശ്ശക്തികളെയും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ബോധവത്കരണം പരമാവധി ദുര്‍ബലമായിത്തീരുക സ്വാഭാവികമാണ്. സിദ്ധന്മാരെയും ആത്മീയ തട്ടിപ്പുകാരെയും മഹല്ലുകളില്‍ കൈയോടെ പിടികൂടാന്‍ യുവാക്കള്‍ മുന്നോട്ടുവന്നാല്‍ ദുഃസ്ഥിതിക്ക് വലിയ അളവില്‍ മാറ്റമുണ്ടാവും. അദൃശ്യലോകത്തെ ഭൂതപ്രേത പിശാചുക്കളോ ജിന്നുകളോ ദൃശ്യലോകത്തെ മനുഷ്യര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത സൃഷ്ടികളാണെന്ന ലളിത സത്യം തലച്ചോറുകളിലേക്ക് കടത്തിവിടുകയാണ് ആദ്യമായി ചെയ്യേണ്ടത്. മനുഷ്യന് താന്‍ പ്രവര്‍ത്തിച്ചതല്ലാതെ ഒന്നുമില്ലെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. അപ്പോള്‍ അല്ലാഹുവിനോടുള്ള പ്രാര്‍ഥനയോ എന്ന് ചോദിക്കാം. പ്രാര്‍ഥനയും മനുഷ്യപ്രയത്‌നത്തിന്റെ ഭാഗം തന്നെയാണ്. സാക്ഷാല്‍ സ്രഷ്ടാവിനോട് നേരിട്ട് പ്രാര്‍ഥിക്കാന്‍ സാധിക്കാത്തവരായി ഒരാളുമില്ല. സൃഷ്ടികളില്‍ പരമ ശ്രേഷ്ഠര്‍ക്ക് പോലും പ്രാര്‍ഥന സ്വീകരിക്കാനുള്ള അവകാശവും അധികാരവും ശേഷിയും അല്ലാഹു നല്‍കിയിട്ടുമില്ല. മനുഷ്യരെപ്പോലെ സങ്കല്‍പിച്ച് കോഴയും കൈക്കൂലിയും കൊടുത്തു അല്ലാഹുവിനെയും പ്രസാദിപ്പിക്കാമെന്നാണ് പലരുടെയും മൗഢ്യം. ഈവക ധാരണകളൊക്കെ പ്രാചീന മതങ്ങളില്‍നിന്ന് മുസ്‌ലിംകളിലേക്ക് പകര്‍ന്നുവന്നതാണ്. അതുപോലെ അല്ലാഹു നിശ്ചയിച്ച ദിവസത്തിനോ സമയത്തിനോ അവന്‍ സൃഷ്ടിച്ച സ്ഥലത്തിനോ പ്രത്യേക മേന്മയോ മോശമോ ഇല്ലെന്നും സദുദ്ദേശ്യപൂര്‍വം ആരായാലും എവിടെയായാലും എപ്പോഴാണെങ്കിലും നന്മ ചെയ്താല്‍ അത് നീതിമാനായ അല്ലാഹു സ്വീകരിക്കുമെന്നും യാദൃഛികതയെ ആധാരമാക്കി രക്ഷയോ ശിക്ഷയോ നല്‍കുന്നവനല്ല അവനെന്നുമുള്ള ബോധ്യം എല്ലാവരിലും സൃഷ്ടിക്കാന്‍ പണിയെടുക്കണം. റമദാന്‍ ഇരുപത്തേഴിനോ, മക്കയിലോ മദീനയിലോ വെള്ളിയാഴ്ചയോ അന്ത്യശ്വാസം വലിച്ചാല്‍ സ്വര്‍ഗപ്രാപ്തി സുനിശ്ചിതം എന്ന് ധരിക്കുന്ന പാവത്താന്മാരുണ്ട്. കണിയിലും ശകുനങ്ങളിലും ജ്യോത്സ്യത്തിലും മുഹൂര്‍ത്തത്തിലും വിശ്വസിക്കുന്നവര്‍ ഈ ഡിജിറ്റല്‍ യുഗത്തിലും സുലഭമാണ്. മോശമായ വല്ലതും സംഭവിച്ചാല്‍ 'ഇപ്പോള്‍ സമയം ശരിയല്ല' എന്ന് കരുതുന്നവരെയും പറയുന്നവരെയും കാണാം. സമയത്തിനല്ല കുഴപ്പമെന്നും ഗുണവും ദോഷവും ഉപകാരവും ഉപദ്രവവും ഭാഗ്യവും നിര്‍ഭാഗ്യവുമെല്ലാം ഇടകലര്‍ന്നതാണ് മനുഷ്യജീവിതം എന്നും ഓര്‍ക്കാത്തതുകൊണ്ടാണ് സമയത്തെയും വിധിയെയും പഴിക്കുന്നത്. അവസാന വിശകലനത്തില്‍ കറകളഞ്ഞ ഏകദൈവവിശ്വാസവും കലര്‍പ്പില്ലാത്ത ഈമാനുമാണ് രക്ഷാ മാര്‍ഗം. മറ്റൊന്നും ആരെയും രക്ഷിക്കില്ല, തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍