മനുഷ്യര്‍ക്കാകില്ല, മരിച്ചവരെ ജീവിപ്പിക്കാന്‍
ഇസ്‌ലാമിന്റെ അടിത്തറയാണ് തൗഹീദ്, ഏകദൈവ വിശ്വാസം. തൗഹീദിന് മൂന്ന് ഭാഗമുണ്ടെന്ന് അഹ്‌ലുസ്സുന്നയിലെ അശ്അരി-സലഫി വിഭാഗങ്ങള്‍ അഭിപ്രായാന്തരമില്ലാതെ അംഗീകരിച്ചിട്ടുള്ളതാണ്. സലഫി എന്നതുകൊണ്ടുള്ള വിവക്ഷ സലഫുസ്സാലിഹാണ്, സദ്‌വൃത്തരായ മുന്‍ഗാമികള്‍. സത്താപരം (ദാത്തി), പ്രവര്‍ത്തന സംബന്ധം (അഫ്ആലി), ഗുണസംബന്ധം (സിഫാത്തി) എന്നിവയാണ് ആ ഇനങ്ങള്‍.
അല്ലാഹുവിന്റെ ഗുണങ്ങളെ (സിഫാത്ത്) രണ്ടായി ഭാഗിച്ചിട്ടുണ്ട് അശ്അരി പണ്ഡിതന്മാര്‍. ഒന്ന്, അല്ലാഹുവില്‍ മാത്രം നിലകൊള്ളുന്നത്. മറ്റാരെയും അത് ബാധിക്കുന്നില്ല. അല്ലാഹുവിന്റെ സത്തയുമായി ബന്ധപ്പെട്ട അനാദ്യന്‍, എന്നും ജീവിച്ചിരിക്കുന്നവന്‍ തുടങ്ങിയ ഗുണങ്ങള്‍ ഉദാഹരണം. രണ്ട്, മറ്റുള്ളവരെ ബാധിക്കുന്നത്. അറിവുള്ളവന്‍, ശക്തന്‍, ഉദ്ദേശിക്കുന്നവന്‍, കേള്‍ക്കുന്നവന്‍, കാണുന്നവന്‍ എന്നിങ്ങനെയുള്ള ഗുണങ്ങള്‍ ഉദാഹരണം.
മറ്റൊരു രീതിയിലും അവന്റെ ഗുണങ്ങളെ വിഭജിച്ചിട്ടുണ്ട്. ഇലാഹ്, സ്രഷ്ടാവ്, ഭക്ഷണദാതാവ്, ജീവിപ്പിക്കുന്നവന്‍, മരിപ്പിക്കുന്നവന്‍ തുടങ്ങി മറ്റാരോടും ചേര്‍ത്തു പറയാന്‍ പാടില്ലാത്തവ. അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളാണവ. സൃഷ്ടികളുമായി ചേര്‍ത്ത് അത്തരം പ്രയോഗം പോലും പാടില്ല. ആശയപരമായി പറഞ്ഞറിയിക്കാനാവാത്ത അന്തരമുണ്ടെങ്കിലും പദപ്രയോഗം സൃഷ്ടികളുമായി ബന്ധപ്പെടുത്തിയും ആകാവുന്നതാണ് രണ്ടാമത്തെ ഇനം. ജീവിച്ചിരിക്കുന്നവന്‍, വിവരമുള്ളവന്‍, കഴിവുള്ളവന്‍ ആദിയായവ ഉദാഹരണം.
ഇമാം അബൂമന്‍സൂര്‍ അബ്ദുല്‍ ഖാഹിറുല്‍ ബഗ്ദാദി അല്‍ ഇസ്ഫറായീനീ (ഹിജ്‌റ 429/ക്രി. 1037 മരണം) തന്റെ 'ഉസ്വൂലുദ്ദീന്‍' എന്ന ഗ്രന്ഥത്തിലെ 12-ാം മസ്അലയില്‍ പറയുന്നു: ''അല്‍ ഇലാഹ്, അര്‍റഹ്മാന്‍, അല്‍ ഖാലിഖ്, അല്‍ ഖുദ്ദൂസ്, അര്‍റസ്സാഖ്, അല്‍ മുഹ്‌യീ, അല്‍ മുമീത്, മാലികുല്‍ മുല്‍ക്, ദുല്‍ ജലാലി വല്‍ ഇക്‌റാം എന്നീ നാമങ്ങളും അല്ലാഹു അല്ലാത്തവര്‍ക്ക് ചേരുകയില്ല'' (പേജ് 128).
ഈ ഗുണങ്ങളില്‍ 'ഹയാത്ത്' (ജീവന്‍) എന്ന ധാതുവില്‍നിന്ന് നിഷ്പാദിതമായ 175 പദങ്ങള്‍ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. അതില്‍ പതിനാലിടത്ത് മഴ വര്‍ഷിച്ച് ഭൂമിക്ക് പുതുജീവന്‍ നല്‍കുന്നതിനെ സംബന്ധിച്ചാണ് പറയുന്നത്. ജീവന്‍ നല്‍കുക, ജീവിപ്പിക്കുക എന്നിങ്ങനെ അര്‍ഥം പറയാവുന്ന ഇഹ്‌യാഅ് എന്ന ധാതുവിന്റെ ഭൂതകാല ക്രിയയായ അഹ്‌യാ എന്ന പദം 15 ഇടത്താണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. മറ്റുള്ളവരെ അക്രമപരമായി കൊല്ലാന്‍ ശ്രമിക്കാത്ത മനുഷ്യനെക്കുറിച്ചും ആ വാക്ക് പ്രയോഗിച്ചിട്ടുണ്ട് (5:32). അതിന്റെ തന്നെ ഭാവികാല രൂപം മുപ്പത്തിനാലിടത്ത് പ്രയോഗിച്ചത് അല്ലാഹുവിനോട് ചേര്‍ത്താണ്. ഭൂത-ഭാവികാല ക്രിയകള്‍ പ്രയോഗിച്ച് 48 സ്ഥലത്താണ് ഖുര്‍ആന്‍ ഈ കാര്യം അല്ലാഹുവിലേക്ക് ചേര്‍ത്ത് പറഞ്ഞിരിക്കുന്നത്. മനുഷ്യനുമായി ബന്ധപ്പെടുത്തി നാലു തവണ പ്രയോഗിച്ചതില്‍ കൊലക്കത്തിയെടുക്കാത്തവരെക്കുറിച്ചുള്ള പരാമര്‍ശം മുകളില്‍ പറഞ്ഞു. 'ഒരു വ്യക്തിക്ക് ജീവന്‍ നല്‍കിയവന്‍ മുഴു മനുഷ്യര്‍ക്കും ജീവന്‍ നല്‍കിയതിന് തുല്യമാണ്' എന്ന് പറയുന്ന സൂക്തം. ഇവിടെ ഇത് പ്രയോഗിച്ചത് ഏതര്‍ഥത്തിലാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാവും. മറ്റു രണ്ടിടത്ത് ഈ പദം മനുഷ്യന്‍ 'ഞാന്‍ ജീവിപ്പിക്കും' എന്ന് പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുകയാണ്. അതിലൊന്ന് ഇബ്‌റാഹീം നബിയുടെ ശത്രുവിന്റെ അവകാശവാദമാണ്. 'ജീവന്‍ നല്‍കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്‍' എന്നുള്ള ഇബ്‌റാഹീം നബിയുടെ യുക്തിഭദ്രമായ ന്യായവാദത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായി അദ്ദേഹത്തിന്റെ ശത്രു നടത്തിയ ഒരു കരണംമറിച്ചിലായിരുന്നു അത്. രണ്ടാമത്തേത് ഈസാ നബി(അ)യാണ്. തന്റെ പ്രവാചകത്വത്തിന്റെ തെളിവായാണ് അദ്ദേഹം. 'അല്ലാഹുവിന്റെ അനുമതിയോടു കൂടി ഞാന്‍ മരിച്ചവരെ ജീവിപ്പിക്കും' (3:49) എന്ന് പറഞ്ഞിരിക്കുന്നത്. ഇതേ കാര്യം മഹ്ശറിലെ വിചാരണാ വേളയില്‍ മറ്റൊരു വാചകത്തില്‍ അല്ലാഹു ഈസാ നബിയെ ഓര്‍മിപ്പിക്കുന്നുണ്ട്. 'എന്റെ അനുമതിയോടു കൂടി നീ മരിച്ചവരെ പുറത്തുകൊണ്ടുവന്ന സന്ദര്‍ഭം' (5:110). ഇവിടെയൊക്കെ 'അല്ലാഹുവിന്റെ അനുമതിയോടു കൂടി', 'എന്റെ അനുമതിയോടു കൂടി' എന്നിങ്ങനെ വിഷയത്തെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്നത് ശ്രദ്ധിക്കുക.
ഇത് പറയുമ്പോള്‍, ഏത് കാര്യവും അല്ലാഹുവിന്റെ അനുമതിയോടു കൂടി തന്നെയല്ലേ ആര്‍ക്കും ചെയ്യാനാവൂ എന്ന സ്വാഭാവിക ചോദ്യം ഉയര്‍ന്നുവരാം. സാധാരണയായി മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ അല്ലാഹുവിന്റെ അനുമതിയുമായി അതിനെ ബന്ധപ്പെടുത്താറില്ല. അപ്പോള്‍ ഇവിടെ ഈസാ നബി ഇത് പറയുന്നത് സാധാരണ രീതിയിലുള്ള വര്‍ത്തമാനമല്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ ഇവിടെ രണ്ട് കാര്യം ചര്‍ച്ച ചെയ്യേണ്ടതായുണ്ട്. ഒന്ന്, ഈസാ നബി അക്ഷരാര്‍ഥത്തില്‍ തന്നെ മരിച്ചവരെ ജീവിപ്പിക്കുകയായിരുന്നുവോ? മറ്റൊരു രീതിയില്‍ ചോദിച്ചാല്‍, ഈസാ നബി തന്നെയായിരുന്നുവോ അവിടെ മരിച്ചവര്‍ക്ക് ജീവന്‍ നല്‍കിയത്? ജീവിപ്പിക്കുക എന്ന പ്രയോഗം അല്ലാഹുവിനോട് ബന്ധപ്പെടുത്തി പറയുന്ന അതേ അര്‍ഥത്തില്‍ തന്നെയാണോ ഈസാ നബിയോട് ബന്ധപ്പെടുത്തിയും പറഞ്ഞത്, അതോ ആലങ്കാരികാര്‍ഥത്തിലാണോ?
രണ്ട്, മനുഷ്യ കര്‍മങ്ങളെ സംബന്ധിച്ച ചര്‍ച്ചയില്‍ അഹ്‌ലുസ്സുന്ന പക്ഷം പറയുന്നത് കര്‍മത്തിന്റെ കര്‍ത്താവ് (ഫാഇല്‍) മനുഷ്യനും സ്രഷ്ടാവ് (ഖാലിഖ്) അല്ലാഹുവുമാണ് എന്നാണ്. എന്നാല്‍ മുഅ്ജിസത്തും കറാമത്തുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചയില്‍ അഹ്‌ലുസ്സുന്നത്ത് പറയുന്നത് അത് രണ്ടിന്റെയും കര്‍ത്താവും സ്രഷ്ടാവും അല്ലാഹു തന്നെയാണ് എന്നാണ്.
ജീവന്‍ നല്‍കുക അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പറയുന്നുണ്ട്. താഴെ വചനങ്ങള്‍ കാണുക:
''അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നവന്‍ തന്നെ'' (30:50). ''അതിനെ സജീവമാക്കിയതാരോ അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നവന്‍ തന്നെയാകുന്നു'' (41:39). ''അല്ലാഹു ജീവന്‍ നല്‍കുന്നു. അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു'' (3:156). ''നാമാണ് ജീവന്‍ നല്‍കുന്നത്. മരിപ്പിക്കുന്നതും നാം തന്നെ'' (15:23, 50:43).
അല്ലാഹുവിനോട് ചേര്‍ത്തു പറയുന്ന കാര്യം സൃഷ്ടിയോട് ചേര്‍ത്തു പറയുമ്പോള്‍ അതിന്റെ അര്‍ഥത്തില്‍ ചില വ്യത്യാസങ്ങള്‍ അല്ലെങ്കില്‍ ശോഷണം സംഭവിക്കുന്നു എന്നത് സര്‍വാംഗീകൃത കാര്യമാണ്. അപ്പോള്‍ ജീവിപ്പിക്കുക, അല്ലെങ്കില്‍ ജീവന്‍ നല്‍കുക എന്നത് അതിന്റെ യഥാര്‍ഥ അര്‍ഥത്തിലല്ല ഈസാ നബിയോട് ചേര്‍ത്തു പറഞ്ഞിരിക്കുന്നത്, ആലങ്കാരികമായിട്ടാണ് അതെന്ന് വ്യക്തം.
'ഞാന്‍ സൃഷ്ടി നടത്തും' എന്നും പറയുന്നുണ്ട് ഈസാ നബി. അതും ആലങ്കാരിക പ്രയോഗമാണെന്ന് അംഗീകരിക്കാതിരിക്കാന്‍ തൗഹീദ് മനസ്സിലാക്കിയ ഒരാള്‍ക്കും സാധ്യമല്ല. മറിച്ചാണ് പറയുന്നതെങ്കില്‍ ഒന്നുകില്‍ അയാള്‍ക്ക് തൗഹീദ് അറിയില്ല; അല്ലെങ്കില്‍ അയാള്‍ തൗഹീദിനെത്തന്നെ തള്ളിപ്പറയുന്നവനാണ്. അല്ലാഹുവിനെ സംബന്ധിച്ച് അല്‍ ഖാലിഖ്, അല്‍ മുഹ്‌യീ എന്നൊക്കെ പറയുന്നതുപോലെ ഈസാ നബിയെ കുറിച്ചോ, മറ്റു മഹാന്മാരെ കുറിച്ചോ പറഞ്ഞാല്‍ അവന്റെ സ്ഥാനം ഇസ്‌ലാമിന് പുറത്താണെന്ന കാര്യം തീര്‍ച്ച. അതുകൊണ്ടാണ് അബ്ദുല്‍ ഖാഹിറുല്‍ ഇസ്ഫറായീനി അത്തരം പ്രയോഗങ്ങള്‍ സൃഷ്ടികള്‍ക്ക് പ്രയോഗിക്കാവതല്ലെന്നും അത് അല്ലാഹുവിനു മാത്രം ചേര്‍ന്നതാണെന്നും പറഞ്ഞത്.
ഇനി മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും കാര്യം. ദൈവദൂതന്മാരിലൂടെ പ്രത്യക്ഷപ്പെടുന്ന അസാധാരണ സംഭവത്തിനാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. അല്ലാഹുവിന്റെ ശാസനകള്‍ പരമാവധി അംഗീകരിച്ച് സൂക്ഷ്മതയോടെ ജീവിക്കുന്ന സാധാരണ വിശ്വാസിയുടെ കൈകളിലൂടെ പ്രത്യക്ഷപ്പെടുന്ന അസാധാരണ സംഭവത്തിന് കറാമത്ത് എന്ന് പറയുന്നു. രണ്ടും തമ്മില്‍ അന്തരമുണ്ട്. ആ അന്തരം ഇതാണ്: ഒന്ന്, ദൈവദൂതന്മാര്‍ വഴി വെളിപ്പെടുന്ന അസാധാരണ സംഭവത്തിനു മാത്രമേ മുഅ്ജിസത്ത് എന്ന് പറയൂ, കറാമത്ത് എന്ന് പറയില്ല. അല്ലാഹുവിന്റെ ശാസന പാലിക്കുന്ന വിശ്വാസിയിലൂടെ വെളിപ്പെടുന്ന സംഗതിക്ക് കറാമത്ത് എന്നേ പറയൂ, ഇതിന് മുഅ്ജിസത്ത് എന്നും പറയില്ല.
താന്‍ വഴി വെളിപ്പെടുന്ന മുഅ്ജിസത്ത് ജനസമക്ഷം അവതരിപ്പിക്കാന്‍ നബി ബാധ്യസ്ഥനാണ്. കറാമത്തിന്റെ ആള്‍ പരമാവധി അത് മറച്ചുവെക്കാനാവും ശ്രമിക്കുക. തന്നിലൂടെ കറാമത്ത് വെളിപ്പെട്ടിരിക്കുന്നു എന്ന് അയാള്‍ വാദിക്കുകയുമില്ല. വല്ലവരുടെ കാര്യത്തിലും വല്ലപ്പോഴും അങ്ങനെ വെളിപ്പെട്ടുവെങ്കില്‍ അതുവഴി അല്ലാഹു അയാളെ ആദരിച്ചു എന്നു പറയാം, അത്രതന്നെ.
മുഅ്ജിസത്തിലും കറാമത്തിലും മനുഷ്യന് യാതൊരു സ്വാധീനവുമില്ല. ഒരു ദൈവദൂതന്‍ ആഗ്രഹിച്ചതുകൊണ്ടോ അദ്ദേഹത്തിന്റെ പ്രാര്‍ഥന കാരണമോ ആവണമെന്നുമില്ല മുഅ്ജിസത്ത് സംഭവിക്കുന്നത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥന കാരണമായും അത് സംഭവിക്കാമെന്നു മാത്രം. കറാമത്തിന്റെ കാര്യവും മറിച്ചല്ല. ദൈവദൂതനല്ലാത്ത സച്ചരിതനായ ഒരാളിലൂടെ, അയാള്‍ പുരുഷനോ സ്ത്രീയോ ആവാം, അയാളറിയാതെയാവാം അത് വെളിപ്പെടുന്നത്. ചിലപ്പോള്‍ അയാളുടെ പ്രാര്‍ഥന വഴിയുമാവാം (അബ്ദുല്‍ ഖാഹിറുല്‍ ഇസ്ഫറായീനി, ഉസ്വൂലുദ്ദീന്‍, അല്‍ മസ്അലതുല്‍ ഊലാ മിനല്‍ അസ്‌ലിഥ്ഥാമിന്‍, പേജ് 170).
മുഅ്ജിസത്തിന്റെ ഉപാധികള്‍ വിവരിക്കുന്നത് ഇപ്രകാരമാണ്:
1. അത് അല്ലാഹുവിന്റെ പ്രവൃത്തിയായിരിക്കും. 2. അത് സാധാരണ സംഭവത്തില്‍നിന്ന് വ്യത്യസ്തമായിരിക്കണം. 3. വെല്ലുവിളിക്ക് വിധേയനായ ആള്‍ക്ക് അതേ ഇനത്തില്‍ പെട്ട സമാനമായ മറ്റൊരു കാര്യം ചെയ്യാന്‍ സാധ്യമാവാതിരിക്കുക. 4. പ്രവാചകത്വവാദിയുടെ സത്യസ്ഥിതി വെളിപ്പെടുത്താന്‍ പര്യാപ്തമാവുക. 5. പ്രവാചകത്വവാദിയുടെ വാദവുമായി ബന്ധമില്ലാത്ത വിധം കാലം വൈകി അത് വെളിപ്പെടാതിരിക്കുക. 6. അത് വെളിപ്പെടുന്നത് ഈ ലോകത്താവുക.
'ഞാന്‍ മരിച്ചവരെ ജീവിപ്പിക്കും' എന്ന ഈസാ നബിയുടെ പ്രസ്താവം എടുക്കാം. അത് അതിന്റെ പ്രത്യക്ഷാര്‍ഥത്തിലല്ലെന്ന് മേല്‍ ഉപാധികള്‍ വെച്ചുകൊണ്ട് പറയാം. ആലങ്കാരികമായാണ് അത് അദ്ദേഹത്തോട് ചേര്‍ത്തു പറഞ്ഞിട്ടുള്ളത്. ഇവിടെ പ്രവര്‍ത്തനം, ജീവിപ്പിക്കുക എന്നിവ അല്ലാഹുവിന്റേതാണ്. ഈസാ നബി ആര്‍ക്കും ജീവന്‍ നല്‍കാറില്ല. അദ്ദേഹം കല്ലറയുടെ അടുത്ത് ചെന്ന് അതില്‍ അടക്കം ചെയ്യപ്പെട്ട ആളെ പേരെടുത്ത് വിളിക്കുന്നു. അല്ലാഹുവിന്റെ അനുമതിയോടെ എഴുന്നേറ്റുവരാന്‍ ആജ്ഞാപിക്കുന്നു. അത്രയുമാണ് അദ്ദേഹം ചെയ്യുന്നത്. ആളെ ജീവിപ്പിച്ചത് അല്ലാഹുവാണ്. നീ വിളിക്കുക, ഞാന്‍ ജീവിപ്പിച്ചുതരാം എന്ന അല്ലാഹുവിന്റെ നിര്‍ദേശാനുസാരമാണ് അദ്ദേഹം ഖബ്‌റിലുള്ള ആളെ വിളിക്കുന്നത്, സ്വന്തം തീരുമാനമനുസരിച്ചല്ല. വിളിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ പ്രവൃത്തി. ജീവന്‍ നല്‍കുക എന്നതിലെ പ്രവൃത്തിയും സൃഷ്ടികര്‍മവും അല്ലാഹുവിന്റേതാണ്. ഈസാ നബിക്ക് അതില്‍ ഒരു പങ്കുമില്ല. അതിനാല്‍ തന്നെ ഈസാ നബി ആരെയും യഥാര്‍ഥത്തില്‍ ജീവിപ്പിച്ചിട്ടില്ല. ഏത് മുഅ്ജിസത്ത്-കറാമത്തുകളുടെയും കാര്യം അങ്ങനെ തന്നെയാണ്. അതുകൊണ്ടത്രെ ഇസ്ഫറായീനി ഇപ്രകാരം പറഞ്ഞത്: ''പ്രഥമ ഇനത്തില്‍ പെട്ട (സാധാരണക്ക് വിരുദ്ധമായി സംഭവിക്കുന്ന) മുഅ്ജിസത്ത് രണ്ട് തരമുണ്ട്. ഒന്ന്, ആരുടെ കാര്യത്തിലും ആര്‍ക്കനുകൂലമായുമാണോ അത് സംഭവിച്ചിരിക്കുന്നത് ആ സംഭവം അയാളുടെ കഴിവില്‍ പെടുന്നില്ല. സൃഷ്ടികളില്‍ മറ്റാരുടെ കഴിവിലും അതുള്‍പ്പെടുന്നില്ല. അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യമാണത്. ശരീരത്തെയും വര്‍ണങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍ എന്നിവയെയും സൃഷ്ടിക്കുക, മരിച്ചവരെ ജീവിപ്പിക്കുക, ജന്മാന്ധനെയും പാണ്ടുരോഗിയെയും സുഖപ്പെടുത്തുക എന്നിവ ഉദാഹരണം. രണ്ട്, ആരുടെ കാര്യത്തില്‍, ആര്‍ക്ക് അനുകൂലമായിട്ടാണോ മുഅ്ജിസത്ത് സംഭവിച്ചിരിക്കുന്നത്, അയാളിലൂടെ അല്ലാഹു വെളിപ്പെടുത്തിയ രീതിയില്‍ ഒന്ന് കൊണ്ടുവരാന്‍ അയാള്‍ പോലും അശക്തനാണ്. അതേ ഇനത്തില്‍പെട്ടതോ അതിന്റെ ഏതെങ്കിലും വശത്തിലുള്‍പ്പെടുന്നതോ ആയ വല്ലതും അയാള്‍ക്ക് സാധ്യമായേക്കാം. സ്വയം ആര്‍ജിച്ചെടുക്കുന്ന കഴിവിലൂടെയാവും അതവര്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ അല്ലാഹു അപ്രകാരം പ്രവര്‍ത്തിക്കുക എന്നതും അസംഭവ്യമാണ്. ഈ രംഗത്ത് പ്രജനനം ഇല്ല എന്നതിന് നമ്മുടെ പക്കല്‍ തെളിവുണ്ട് എന്നതാണ് കാരണം. ഒഴുക്കിലും സാഹിത്യ മേന്മയിലുമൊക്കെ ഖുര്‍ആനിന്റെ ഘടനക്ക് സമാനമായ ഘടനയോടു കൂടിയ ഒരു പ്രഭാഷണം ഉദാഹരണം'' (അതേ ഗ്രന്ഥം, പേജ് 172).
മുഅ്ജിസത്ത് പ്രവാചകന്മാരുടെ കഴിവില്‍ പെട്ടതല്ലെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ''അല്ലാഹുവിന്റെ അനുമതിയോടു കൂടിയല്ലാതെ ഒരു ദൂതന്നും ഒരു ദൃഷ്ടാന്തവും കൊണ്ടുവരിക സാധ്യമല്ല'' (13:38). ''അല്ലാഹുവിന്റെ അനുമതിയില്ലാതെ നിങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും കൊണ്ടു നല്‍കാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല'' (14:11). ''പറയുക: എന്റെ നാഥന്‍ പരിശുദ്ധന്‍! ഞാനൊരു മനുഷ്യദൂതന്‍ മാത്രമല്ലെയോ?'' (17:93).
മുഅ്ജിസത്തിന് പ്രവാചകന്റെ കഴിവ് എന്ന് പറയാമോ? ഈ വിഷയത്തില്‍ നിഷേധരൂപത്തില്‍ മറുപടി പറഞ്ഞവരെയോ, അതിന്റെ കര്‍ത്താവും സ്രഷ്ടാവും അല്ലാഹു തന്നെയാണെന്ന് പറഞ്ഞവരെയോ, കറാമത്തിനെ തന്നെ തള്ളിപ്പറഞ്ഞ അബൂ ഇസ്ഹാഖുല്‍ ഇസ്ഫറായീനിയെയോ അഹ്‌ലുസ്സുന്നത്തില്‍നിന്ന് ആരും പുറത്തു നിര്‍ത്തിയിട്ടില്ല.
ദൈവദൂതന്റെ മുഅ്ജിസത്ത് സച്ചരിതരുടെ കറാമത്തായി വരാം എന്നു മാത്രമേ അത് പറഞ്ഞവരും വാദിക്കുന്നുള്ളൂ. അതിന്റെ സംഭവ്യതയുടെ സാധ്യതയെയാണ് അവര്‍ പിന്തുണക്കുന്നത്. അതൊരു അനിവാര്യതയാണെന്ന നിലക്കല്ല. സംഭവിക്കാവതല്ല എന്ന് പറഞ്ഞവര്‍ അതിനെ തീര്‍ത്തും നിരാകരിക്കുന്നവരുമാണ്. അങ്ങനെ സംഭവിച്ചതിന് ഉദാഹരണങ്ങള്‍ ഒന്നുമില്ല താനും. ഏത് മുഅ്ജിസത്തും സച്ചരിതന്റെ കറാമത്തായി സംഭവിക്കാമെന്ന വാദം ഒരസംബന്ധം കൂടിയാണ്. കാരണം ഖുര്‍ആനാണ് നബി(സ)യുടെ പ്രധാന മുഅ്ജിസത്ത്. ഖുര്‍ആനിന് സമാനം ഒന്ന് സച്ചരിതനിലൂടെ സംഭവിക്കാവതല്ല എന്നത് ഏത് മുഅ്ജിസത്തും കറാമത്തായി സംഭവിക്കാം എന്ന വാദത്തെ ഖണ്ഡിക്കുന്നുണ്ട്.
ഒരു ദൈവദൂതന്റെ മുഅ്ജിസത്ത് തന്നെ മറ്റൊരു ദൈവദൂതനിലൂടെ ആവര്‍ത്തിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നൂഹ് നബിയുടെ പ്രളയം, സ്വാലിഹ് നബിയുടെ ഒട്ടകം, മൂസാ നബിയുടെ വടി, ഈസാ നബിയുടെ രോഗം ഭേദമാക്കല്‍, മരിച്ചവരെ ജീവിപ്പിക്കല്‍ ഒന്നും രണ്ടാമതൊരിക്കല്‍ മറ്റൊരു ദൈവദൂതനിലൂടെ ആവര്‍ത്തിച്ചതിന് തെളിവില്ല. ഖുര്‍ആന്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രശ്‌നവുമില്ല.
കെട്ടുകഥകളും പണ്ഡിതന്മാരും
അഹ്‌ലുസ്സുന്നയുടെ പ്രമാണങ്ങള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ്. മറ്റു ഉപ തെളിവുകളെച്ചൊല്ലി പ്രമാദമായ അഭിപ്രായ ഭിന്നത അവര്‍ക്കിടയിലുണ്ട്. ഖിയാസിനെ ചൊല്ലിയും അഭിപ്രായ ഭിന്നതയില്ലാതില്ല. ഹദീസിന്റെ കാര്യത്തില്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള തത്ത്വം ഇതാണ്: ഹദീസ് മുതവാതിറാണെങ്കില്‍ (നബിയില്‍നിന്ന് കേട്ട സ്വഹാബിമാര്‍ മുതല്‍ താഴോട്ട് അതുദ്ധരിച്ച് കിട്ടിയ ആള്‍ വരെ, കള്ളം പറയുന്നതില്‍ ഒന്നിക്കുമെന്ന് ഊഹിക്കാന്‍ കഴിയാത്ത അത്രയും ആളുകള്‍ ഉദ്ധരിച്ചത്) വിശ്വാസ-കര്‍മ രംഗങ്ങളിലെല്ലാം അത് സംശയരഹിത ജ്ഞാനം (ഇല്‍മ്) നല്‍കും. ആഹാദെങ്കില്‍ (മുതവാതിറിന്റെ സ്ഥാനം കൈവരിച്ചിട്ടില്ലാത്തവ) അത് സംശയരഹിത ജ്ഞാനം നല്‍കുന്നില്ല. കര്‍മം നിര്‍ബന്ധമാക്കുന്ന അവസ്ഥ മാത്രമേ അതിനുള്ളൂ. രണ്ടിനും മധ്യേയുള്ള ഒരിനം കൂടിയുണ്ട്. ജ്ഞാനവും കര്‍മവും അനിവാര്യമാക്കുന്ന അവസ്ഥയാണ് അതിനുള്ളത്. അത് സംശയരഹിത ജ്ഞാനം (ഇല്‍മുദ്ദറൂരി) നല്‍കുന്നില്ല. ആര്‍ജിത ജ്ഞാനമേ അതുവഴി ലഭിക്കൂ. മുതവാതിര്‍ വഴി ലഭിക്കുന്നത് ആര്‍ജിത ജ്ഞാനമല്ല. അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം. ഈ ഇനം ഹദീസ് തന്നെ വ്യത്യസ്ത വിഭാഗങ്ങളാണ്.
പറഞ്ഞ ആള്‍ സത്യവാനാണെന്ന് മുഅ്ജിസത്ത് വഴി ബോധ്യപ്പെട്ട ആളുടെ പ്രസ്താവമാണ് ഒന്ന്. ഇവിടെ ഹദീസ് എന്നല്ല ഖബര്‍ എന്നാണ് വിളിക്കുന്നത്. നബിയില്‍നിന്ന് നേരിട്ട് കേള്‍ക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവം ഈ ഇനത്തിലാണ് പെടുന്നത്. രണ്ട്, സത്യവാനാണെന്ന് നബി(സ) സാക്ഷ്യപ്പെടുത്തിയ ആളുടെ പ്രസ്താവം. മൂന്ന്, വിശ്വസ്തര്‍ പറയുകയും പിന്നീട് അതുദ്ധരിച്ചവര്‍ ഓരോ തലമുറയിലും ഏകദേശം തവാതുറിന്റെ സ്ഥാനത്തെത്തുകയും ചെയ്തത്. ആദ്യ കണ്ണിയില്‍ ചിലപ്പോള്‍ പരിമിത നിവേദകരാവും ഇത്തരം ഹദീസുകള്‍ക്കുണ്ടാവുക. പരലോകത്ത് അല്ലാഹുവിനെ കാണുക, ശിപാര്‍ശ, ഹൗദ്, മീസാന്‍, വ്യഭിചാരികള്‍ വിവാഹിതരെങ്കില്‍ എറിഞ്ഞുകൊല്ലല്‍ ശിക്ഷ നല്‍കുക, കാലുറ തടവുക, ഖബ്ര്‍ ശിക്ഷ തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഈ ഇനത്തിലാണുള്‍പ്പെടുന്നത്. നാല്, നിയമസംബന്ധിയായ ഖബര്‍ ആഹാദ്. അതനുസരിച്ച് നിയമനിര്‍മാണമാവാം, വിശ്വാസ കാര്യങ്ങള്‍ക്ക് അത് മതിയാവില്ല. ഇതാണ് അഹ്‌ലുസ്സുന്നയിലെ അശ്അരികള്‍ ഹദീസ് വിഷയത്തില്‍ അംഗീകരിച്ച പൊതു തത്ത്വം.
മേല്‍ വിവരിച്ച മൂന്നിനത്തില്‍ ഒന്നിലും പെടാത്തത് ഒരു നിലക്കും സ്വീകാര്യമല്ല. വിശ്വാസരംഗത്ത് മാത്രമല്ല, കര്‍മരംഗത്തും അത് അസ്വീകാര്യമാണ്.
എന്നാല്‍, നമ്മുടെ പാരമ്പര്യവാദികളായ പണ്ഡിതന്മാരുടെ കാര്യം അത്യന്തം പരിതാപകരമാണ്. അവര്‍ക്ക് ഈ കാര്യങ്ങളത്രയും ഓതാനുള്ളതാണ്; പ്രവര്‍ത്തിക്കാനുള്ളതല്ല. അതുകൊണ്ടുതന്നെ അഹ്‌ലുസ്സുന്നത്തിന്റെ തത്ത്വങ്ങളത്രയും തള്ളേണ്ടിവന്നാലും അവര്‍ പാരമ്പര്യത്തെയാണ് പിന്തുടരുന്നത്. അതുകൊണ്ടാണ് പറഞ്ഞുകേട്ടതും പാടി ക്കേട്ടതുമൊക്കെ അവര്‍ക്ക് തെളിവാകുന്നത്. പില്‍ക്കാല പണ്ഡിതന്മാരുടെ വൈജ്ഞാനിക ചര്‍ച്ച എന്നതിലുപരി പ്രവാചകന്മാരുടെ മുഅ്ജിസത്തുകളൊക്കെയും ഔലിയാക്കളുടെ കറാമത്തായും വരാം എന്ന കാഴ്ചപ്പാടിന് ഖുര്‍ആനിലോ സുന്നത്തിലോ വല്ല തെളിവുമുണ്ടോ, സ്വഹാബിമാരും താബിഉകളും അപ്രകാരം വിശ്വസിച്ചിരുന്നുവോ, അവര്‍ അപ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ടോ എന്നിത്യാദി ഒരു ചോദ്യവും അവരെ അലോസരപ്പെടുത്തുകയില്ല. മരിച്ചവര്‍ വീണ്ടും ഇവിടെ തിരിച്ചുവരുമെന്ന അന്ധവിശ്വാസത്തെ പോലും ന്യായീകരിക്കാന്‍ യാതൊരു ലജ്ജയുമില്ലാതെ അവരില്‍ ചിലരെങ്കിലും മുന്നോട്ടുവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഖുര്‍ആനിനും സുന്നത്തിനും അനുസൃതമായി പാരമ്പര്യ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും തിരുത്തുന്നതിലല്ല, അത്തരം വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി ഖുര്‍ആനിനെയും സുന്നത്തിനെയും വ്യാഖ്യാനിക്കുന്നതിലാണ് അവരുടെ സാമര്‍ഥ്യം വിനിയോഗിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ പച്ചക്ക് ലംഘിച്ചാല്‍ പോലും ആള്‍ ഔലിയയും മഹാനുമൊക്കെയായി വാഴ്ത്തപ്പെടുന്നതിന് കാരണവും ഇപ്പറഞ്ഞതുതന്നെ. ആള്‍ എത്ര ഉയര്‍ന്ന സ്ഥാനത്തെത്തിയാലും നിയമത്തിനതീതനാവുന്നില്ല എന്ന അഹ്‌ലുസ്സുന്നയുടെ തന്നെ പ്രഖ്യാപിത തത്ത്വം പുല്ലു പോലെ വലിച്ചെറിയുന്നതിന്റെയും, ഔലിയക്ക് 'ജദ്ബിന്റെ ഹാലാണ്' എന്നും അങ്ങോര്‍ക്ക് നാല്‍പത് ശരീരമുണ്ടെന്നും അതില്‍ ഒരു ശരീരം എപ്പോഴും ആരാധനയില്‍ മുഴുകിക്കഴിയുകയാണെന്നുമൊക്കെ പച്ചക്കള്ളം പറഞ്ഞ് സാധാരണക്കാരനെ പറ്റിച്ച് കാര്യങ്ങള്‍ നേടുന്നതിന്റെയും പിന്നിലുള്ളതും ഈ അന്ധവിശ്വാസ ഭക്തിതന്നെ!
ആള്‍ ജദ്ബിന്റെ ഹാലിലാണെന്നും അതിനാല്‍ അയാള്‍ക്ക് നിയമം ബാധകമല്ലെന്നും പറയുന്നതിന്റെ പൊരുളെന്താണ്? ആള്‍ മുഴു ഭ്രാന്തനാണെന്നാണെങ്കില്‍ അയാള്‍ എങ്ങനെ വലിയ്യാവും? വലിയ്യിന് ഭ്രാന്തായാല്‍ വിലായത്ത് നഷ്ടപ്പെടുമോ തുടങ്ങിയ ചോദ്യങ്ങളുണ്ട്. വലിയ്യ് എന്ന് ആരെ സംബന്ധിച്ചാണ് പറയുക എന്ന് പോലും അറിയാത്തതുകൊണ്ടാണ് അത്തരം ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നത്. ''അല്ലാഹുവിനെ സംബന്ധിച്ചും അവന്റെ ഗുണങ്ങളെക്കുറിച്ചും സാധ്യമായത്ര അറിവ് നേടിയ, അവനുള്ള അനുസരണയിലും വിധേയത്വത്തിലും പരമാവധി ശ്രദ്ധ പതിപ്പിക്കുന്ന, തെറ്റുകള്‍ വര്‍ജിക്കുന്ന, ജഡിക താല്‍പര്യങ്ങളും അഭിരുചികളും അവഗണിക്കുന്ന വ്യക്തിയാണ് വലിയ്യ്'' എന്ന് ശറഹുല്‍ അഖാഇദ് നിര്‍വചിക്കുന്നുണ്ട്. അതായത് ഒരാള്‍ വലിയ്യാവാന്‍ അല്ലാഹുവിനെക്കുറിച്ചും അവന്റെ ഗുണങ്ങളെക്കുറിച്ചും സാധ്യമായത്ര അറിഞ്ഞിരിക്കണം. രണ്ട്, ഇബാദത്തുകളിലും ദീനിന്റെ മറ്റു അനുശാസനങ്ങളിലും നിഷ്ഠയുള്ളവനാവണം. മൂന്ന്, പാപങ്ങള്‍ വര്‍ജിക്കുന്നവനാവണം. നാല്, ജഡിക താല്‍പര്യങ്ങളില്‍ മുഴുകുന്നവനാവരുത്.
ഈ അനുശാസനകളില്‍ ഒന്നാമത്തേത് ഭ്രാന്തനും സാധിച്ചിട്ടുണ്ടാവാം. ഭ്രാന്ത് പിടിപെടും മുമ്പ് അയാള്‍ അത് നേടിയെടുത്താല്‍ ഭ്രാന്ത് പിടിപെട്ടെന്നുവെച്ച് അത് നഷ്ടമാവണമെന്നില്ല. ഭ്രാന്തിന്റെ ഘട്ടത്തില്‍ അത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. അവസാനം പറഞ്ഞ മൂന്ന് കാര്യങ്ങളും ആള്‍ ബുദ്ധിഭ്രമം ബാധിച്ചവനായതുകൊണ്ട് അവ സംബന്ധിച്ച് അയാള്‍ക്ക് ബാധ്യത ഒന്നുമില്ല. കുട്ടികളെ പോലെ തന്നെ. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ അയാളെ സംബന്ധിച്ച് അല്ലാഹുവിന്റെ വലിയ്യ് എന്നോ അദുവ്വ് (ശത്രു) എന്നോ പറയാനാവുകയില്ല. ബുദ്ധിയും തന്റേടവും വിവേകവുമൊന്നും നശിച്ചിട്ടില്ലാത്ത മനുഷ്യനെക്കുറിച്ച് മാത്രമേ വലിയ്യ് എന്നോ അദുവ്വ് എന്നോ പറയാന്‍ പറ്റുകയുള്ളൂ. എന്നാല്‍, അത്തരം ആളുകളെ വലിയ്യായി അവതരിപ്പിക്കുക വഴി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്.
അതുപോലെ തന്നെയാണ് കറാമത്തിനെക്കുറിച്ചുള്ള പൊലിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നതും. വലിയ്യിന് കറാമത്തുണ്ടാവാം എന്നല്ലാതെ ഏത് വലിയ്യിനും കറാമത്തുണ്ടായിരിക്കണമെന്നത് ഒരാള്‍ വലിയ്യാവാന്‍ അനിവാര്യമല്ല. അസാധാരണ സംഭവമുണ്ടായെന്നു വെച്ച് അയാള്‍ വലിയ്യാവണമെന്നുമില്ല. അത്രക്കൊന്നും ജീവിത വിശുദ്ധി കൈവരിച്ചിട്ടില്ലാത്ത വിശ്വാസിയില്‍നിന്നും ചിലപ്പോള്‍ അസാധാരണമായി ചിലതൊക്കെ വെളിപ്പെട്ടെന്നു വരാം. അതിന് മഊസത്ത് എന്നോ മഊനത്ത് എന്നോ പറയുമെന്നാണ് അഹ്‌ലുസ്സുന്നയിലെ തന്നെ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ചിലപ്പോള്‍ വ്യക്തിയുടെ ദുഷ്ടത പരിധിവിടുമ്പോള്‍ അയാളെ ശിക്ഷയില്‍ അകപ്പെടുത്തുന്നതിന്റെ മുന്നോടിയായും അസാധാരണ സംഗതികള്‍ സംഭവിക്കാം. അതിന് ഇസ്തിദ്‌റാജ് എന്ന് പറയുന്നു.
ഖുര്‍ആനിലോ ഹദീസിലോ എവിടെയും മഹാന്മാര്‍ മരിച്ചവരെ ജീവിപ്പിക്കും എന്ന് പറയുന്നില്ല. അത്തരം സൂചന പോലും എവിടെയുമില്ല. അതിനാല്‍ തന്നെ അത്തരം ഒരു വിശ്വാസകാര്യത്തെ പറ്റി അഖീദയുടെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശവുമില്ല. ആകപ്പാടെയുള്ളത് മുഅ്ജിസത്ത്, എപ്പോഴെങ്കിലും കറാമത്തായി സംഭവിക്കാമോ എന്ന ചര്‍ച്ച മാത്രമാണ്. ആ ചര്‍ച്ച പോലും ബുദ്ധിപരമായ തെളിവുകള്‍ ആധാരമാക്കിയാണ്.
പിന്നെയുള്ളത് കെട്ടുകഥകളാണ്. മുഹ്‌യിദ്ദീന്‍ ശൈഖ് ശവത്തിന് ജീവന്‍ നല്‍കി എന്നത് അത്തരം ഒരു കെട്ടുകഥ മാത്രമാണ്. 'അവര്‍ ചൊന്ന ബൈത്തും ബഹ്ജാ കിതാബു'മൊക്കെയാണ് അതിന്റെ തെളിവ്! അങ്ങനെ വിശ്വസിക്കേണ്ടത് ബാധ്യതയാക്കുന്നത് അന്ധവിശ്വാസത്തിനും കെട്ടുകഥക്കും പ്രചാരം നല്‍കുന്നതിന്റെ ഭാഗമാണ്. ഇല്‍മ് നല്‍കുന്ന മുതവാതിറായ ഖബര്‍ വഴി മാത്രമേ വിശ്വാസ കാര്യം (ചുരുങ്ങിയത് മുതവാതിറിനും ആഹാദിനും മധ്യേയുള്ള മുസ്തഫീദെങ്കിലുമാവണം) തീരുമാനിക്കാനാവൂ എന്ന അഹ്‌ലുസ്സുന്നയിലെ അശ്അരി പണ്ഡിതന്മാരുടെ നിലപാട് നാം വിശദീകരിച്ചു. മുഹ്‌യിദ്ദീന്‍ ശൈഖിനെക്കുറിച്ച് മാത്രമല്ല, ജനനത്തിന് മുമ്പേ ഗര്‍ഭാശയത്തില്‍ വെച്ച് അല്ലാഹുവിനോട് വാഗ്വാദം നടത്തി നാലു സ്വര്‍ഗം കൈവശപ്പെടുത്തി പെറ്റു വീണ 'കുട്ടി വലിയ്യ്' പിന്നെ ആ നാലു സ്വര്‍ഗവും ഒറ്റയടിക്ക് വിറ്റുകളഞ്ഞത് വിവരിച്ചിട്ടുള്ളതും ഇതുപോലുള്ള ബൈത്തിലും പാട്ടിലുമൊക്കെ തന്നെയാണ്! അതൊക്കെയും പേറിനടക്കേണ്ട ഗതികേടില്‍ പെട്ടുഴലുന്നു എന്നതു മാത്രമല്ല, അത്തരം കെട്ടുകഥകളെ ദീനിന്റെയും സുന്നത്ത് ജമാഅത്തിന്റെയും സുസ്ഥിര പ്രമാണങ്ങളും മൗലിക തത്ത്വങ്ങളുമൊക്കെയായി അവതരിപ്പിക്കുകയാണ് നമ്മുടെ ഒരുപറ്റം പുരോഹിതന്മാര്‍. അവര്‍ ചെന്നുപെട്ട ദുരവസ്ഥ ആലോചിച്ച് സങ്കടപ്പെടുകയേ നിര്‍വാഹമുള്ളൂ! 'സ്വയം മാറുകയല്ല, ഇവര്‍ ഖുര്‍ആനിനെ തന്നെ മാറ്റുകയാണ്' എന്ന അല്ലാമാ ഇഖ്ബാലിന്റെ കാവ്യശകലം ഇവിടെ അന്വര്‍ഥമാവുന്നു.
Comments