വേണം ഒരു പുതിയ പ്രബോധന സംസ്‌കാരം
'സോഷ്യല്‍ മീഡിയയെ അവഗണിക്കരുത്' എന്ന തലക്കെട്ടില്‍ ശറഫുദ്ദീന്‍ അബ്ദുല്ല എഴുതിയ കുറിപ്പ് വായിച്ചു (വാള്യം 74, ലക്കം 9).
പത്രവും ടി.വിയുമൊക്കെ ശ്രദ്ധിക്കുന്നവര്‍ ഇന്നത്തെ തലമുറയില്‍ പൊതുവെ വിരളമാണ്, പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുമുമ്പുള്ള അതേ രീതിയും ശൈലിയും പിന്തുടരണമെന്ന് ശാഠ്യം പിടിക്കരുത്, പുതിയ തലമുറ പുസ്തക വായനയില്‍ തല്‍പരരല്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ ആശയങ്ങള്‍ കൈമാറുന്നത്, സ്‌ക്വാഡ് കൊണ്ടോ പുസ്തക പ്രചാരണംകൊണ്ടോ ഇസ്‌ലാമിക പ്രബോധനം നടത്താന്‍ കഴിയില്ല എന്നൊക്കെയാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
സോഷ്യല്‍ മീഡിയ ഇസ്‌ലാമിക പ്രബോധന രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടണ്ടതാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതു ഇപ്പോള്‍ തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പകരമാവുകയില്ല; പൂരകമായി ഉപയോഗപ്പെടുത്താവുന്നതാണ്. നബിയുടെ കാലഘട്ടം മുതല്‍ അതതു പ്രദേശങ്ങളുടെ സാമൂഹിക അവസ്ഥയും സാധ്യതകളും ജനങ്ങളുടെ നിലവാരവും മറ്റും പരിഗണിച്ച് സ്വീകരിച്ചുവരുന്ന സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും വ്യക്തി സംഭാഷണങ്ങളും സാഹിത്യ പ്രചാരണവും വായനയും തുടങ്ങിയ പ്രവര്‍ത്തന ശൈലികളുടെ സാധ്യത സോഷ്യല്‍ മീഡിയ വന്നതുകൊണ്ട് കാലഹരണപ്പെടുകയില്ല; പ്രത്യുത മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ശക്തി പകരുകയാണ് ചെയ്യുക. വായനയും പഠനവും നിരീക്ഷണവും ചിന്തയും പ്രതികരണവും ചര്‍ച്ചയും സംവാദവും എല്ലാമാണല്ലോ സോഷ്യല്‍ മീഡിയയിലും നടക്കുന്നത്. നിലവിലുള്ള പ്രബോധന ശൈലിയില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
സോഷ്യല്‍ മീഡിയ പുതിയതും പഴയതുമായ തലമുറകളെ പ്രതിനിധാനം ചെയ്യുന്നതാണ്. പുതു തലമുറ(ന്യൂജന്‍)ക്കുമാത്രമായി ഒരു സോഷ്യല്‍ മീഡിയ ഇല്ല. ഫെയ്‌സ് ബുക്കിലെയും വാട്‌സ്ആപ്പിലെയും ഫ്രണ്ട് ലിസ്റ്റ് പരിശോധിച്ചാല്‍ ഇതു ബോധ്യമാകും. നമ്മുടെ 'പോസ്റ്റുകള്‍' സമര്‍പ്പിക്കപ്പെടുന്നത് പൊതുജനത്തിന്റെ മുമ്പിലാണ്. ഇവിടെ വളരെ ശ്രദ്ധിച്ചും സൂക്ഷ്മത പുലര്‍ത്തിയുമാവണം ഇസ്‌ലാമിക അധ്യാപനങ്ങള്‍ അവതരിപ്പിക്കേണ്ടണ്ടത്. ലക്ഷക്കണക്കിനു ആളുകളുടെ മുന്നിലേക്ക് നാം 'പോസ്റ്റു' ചെയ്യുന്നത് ഉച്ചഭാഷിണിയിലൂടെ കാര്യങ്ങള്‍ വിളിച്ചുപറയുന്നതുപോലെയാണ്. വേണ്ടത്ര ആലോചനയോ വീണ്ടുവിചാരമോ പ്രതിപക്ഷ ബഹുമാനമോ ഒന്നുമില്ലാതെ ഇവിടെ ആരും എന്തും പറയുമെന്നു നാം തിരിച്ചറിയണം. അവയെല്ലാം ക്ഷമാപൂര്‍വം സ്വീകരിക്കാനും പ്രതികരിക്കാനും ക്ഷമയും ആശയ പ്രതിബദ്ധതയുമുള്ള ഒരു സംഘം കൂടിയേ തീരൂ. അതു സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരും. പക്ഷേ എന്ത്, എങ്ങനെയെന്ന കൃത്യമായ ധാരണ ഉണ്ടാകണം. ഇതിന് പരിശീലനം നേടിയ ഒരു സംഘം കൂടിയേതീരൂ. സത്യസന്ധവും ആധികാരികവും ചിന്തോദ്ദീപകവുമായ ആശയങ്ങള്‍ ലളിതവും സരളവും ഹൃദ്യവുമായ വിധം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കുന്ന രീതി പ്രബോധകര്‍ സ്വായത്തമാക്കണം. രൂക്ഷപ്രതികരണങ്ങളെ പോലും തികഞ്ഞ അവധാനതയോടെയും ക്ഷമയോടെയും സമീപിക്കണം. കാരണം നാം തെരുവിലിറങ്ങി ഒരു കാര്യം വിളിച്ചുപറയുന്നതുപോലെയാണ് സോഷ്യല്‍ മീഡിയയില്‍ അത് പോസ്റ്റ് ചെയ്യുന്നതും. പ്രബോധനത്തിന്റെ പ്രവിശാലമായ വാതായനം അത് തുറന്നുതരും. ചിലരൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
വാട്‌സ്ആപ്പും ഫെയ്‌സ് ബുക്കും ആശയപ്രചാരണ വഴിയില്‍ ഏറെ ഫലപ്രദമാണ്. ഇതിന്റെയും അടിത്തറ വായനയും എഴുത്തും ചിന്തകളും തന്നെ. വളരെ ബൃഹത്തായ പൊതുസാഹിത്യശേഖരവും ഖുര്‍ആനും ഹദീസും അനുബന്ധ ഗ്രന്ഥങ്ങളുമെല്ലാം വായനക്കു വിധേയമാക്കേണ്ട ഒരു മഹത് സംരംഭമാണിത്. ഇതിന് അനുപൂരകമായി സ്‌ക്വാഡുകളും ചര്‍ച്ചകളും സംവാദങ്ങളും ടേബ്ള്‍ടോക്കുകളും സെമിനാറുകളും സിമ്പോസിയങ്ങളും പൊതുപ്രഭാഷണങ്ങളും നടക്കണം.
ഒരിക്കലും വളര്‍ച്ച മുരടിക്കാത്ത വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കണം. സാഹിത്യ ശേഖരങ്ങളും ആനുകാലികങ്ങളും മത-വേദഗ്രന്ഥങ്ങളും വര്‍ത്തമാന പത്രങ്ങളും ടെലിവിഷനും ഓഡിയോ-വീഡിയോ സാധ്യതകളും മറ്റും ബോധപൂര്‍വം ഉപയോഗപ്പെടുത്തുന്ന, കാലഘട്ടത്തിന്റെ വിളിയാളം നെഞ്ചേറ്റുന്ന പുതിയ ഒരു പ്രബോധന സംസ്‌കാരം- പഴയതു ആവശ്യാനുസാരം നിലനിര്‍ത്തിയും പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയും- വളര്‍ത്തിയെടുക്കണം. അത് സോഷ്യല്‍ മീഡിയയെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടാകരുത്. പ്രബോധന പ്രവര്‍ത്തനം വ്യക്തി സംഭാഷണത്തിലൂടെയും സംഘപ്രവര്‍ത്തനത്തിലൂടെയും വായനാ സാമഗ്രികളുടെ ഉപയോഗത്തിലൂടെയും സാഹിത്യ-ലഘുലേഖാ പ്രചാരണത്തിലൂടെയും മറ്റു ദൃശ്യ-ശ്രാവ്യ മാര്‍ഗങ്ങളെ സാധ്യമാവും വിധം ഉപയോഗപ്പെടുത്തിയും വ്യവസ്ഥാപിതമായി നടപ്പാക്കേ ഒന്നാണ്.
സോഷ്യല്‍ മീഡിയയെക്കുറിച്ചുതന്നെ
സോഷ്യല്‍ മീഡിയയിലെ ഇസ്‌ലാമിക പ്രബോധന രംഗത്ത്(ദഅ്‌വ-ഇസ്വ്‌ലാഹി) പ്രവര്‍ത്തിക്കുന്ന ധാരാളം ഗ്രൂപ്പുകളു്. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും പരസ്പരം ചെളിവാരിയെറിയലുകളും കൊണ്ട് കലുഷിതമാണ്. എന്നാല്‍ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരാല്‍ നിയന്ത്രിക്കപ്പെടുന്ന ഗ്രൂപ്പുകള്‍ പൊതുവെ നിലവാരം പുലര്‍ത്തുന്നതായാണ് അനുഭവം. അത്തരം ഗ്രൂപ്പുകള്‍ ഘടകങ്ങള്‍ തോറും രൂപീകരിക്കപ്പെടേണ്ടതുണ്ട്. എല്ലാ ഗ്രൂപ്പുകളുടെയും അഡ്മിനുകളെ ഉള്‍പ്പെടുത്തി ഒരു അഡ്മിന്‍ ഗ്രൂപ്പ് ഉണ്ടാക്കുകയും ദഅ്‌വ-ഇസ്വ്‌ലാഹി രംഗങ്ങളില്‍ ആവശ്യമായ മാറ്ററുകള്‍ അതിലൂടെ വിതരണം ചെയ്യുകയും വേണം, കൂടാതെ പ്രസ്ഥാന കാമ്പയിനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ എന്നിവയും അതിലൂടെ നല്‍കാവുന്നതാണ്.
ചര്‍ച്ചകള്‍, സംശയനിവാരണങ്ങള്‍, ഖുര്‍ആന്‍-ഹദീസ് പഠനങ്ങള്‍ (തജ്‌വീദ്, തഹ്ഫീള്), ചോദ്യോത്തരങ്ങള്‍ എന്നിവ വ്യവസ്ഥാപിതമായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ വലിയ മുതല്‍ക്കൂട്ടായിരിക്കും അത്. വനിതകള്‍ക്കും ഇതേപോലുള്ള ഗ്രൂപ്പുകള്‍ രൂപീകരിക്കാവുന്നതാണ്. ഇന്ന് ധാരാളം വിദ്യാര്‍ഥിനികളും യുവതികളും വീട്ടമ്മമാരും സോഷ്യല്‍ മീഡിയ ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ. പക്ഷേ, ഇതൊക്കെ നന്നായി മുന്നോട്ടുപോകണമെങ്കില്‍ നേതൃത്വം കൃത്യമായ ആസൂത്രണങ്ങള്‍ നടത്തേണ്ടതുണ്ട്.
ശറഫുദ്ദീന്‍ അബ്ദുല്ല
കര്‍ഷക പ്രക്ഷോഭങ്ങള്‍ പറയുന്നത്
'കര്‍ഷക പ്രക്ഷോഭം വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പ്'(കവര്‍ സ്റ്റോറി, ലക്കം 8) കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ ഭീതിദമായ അവസ്ഥ തുറന്നുകാട്ടാന്‍ പര്യാപ്തമായി. കാര്‍ഷികവൃത്തി ഒരു വരുമാനമാര്‍ഗമെന്നതിലൂപരി ഒരു പുണ്യപ്രവൃത്തിയായി മനസ്സിലാക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജിഹ്വയെ സംബന്ധിച്ച് ഇത് കാലികപ്രസക്തമെന്നതില്‍ സംശയമില്ല. കാര്‍ഷികവൃത്തി അനുദിനം പരാജയത്തിലേക്കു പോകുന്നതിന്റെ പേരില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. അവരുടെ ഉല്‍പന്നങ്ങള്‍ക്കു ന്യായമായ വില ലഭിക്കുന്നില്ല എന്നതാണ് കാരണം.
ഏഴു രൂപ ഉല്‍പാദനച്ചെലവ് വരുന്ന ഉരുളക്കിഴങ്ങിന് ഒരു രൂപ പോലും ലഭിക്കാതെ കര്‍ഷകര്‍ വലയുമ്പോള്‍, അത് കുത്തകകള്‍ ബഹുവര്‍ണ പാക്കറ്റുകളില്‍ പരസ്യങ്ങളുടെ അകമ്പടിയോടെ വില്‍ക്കുന്നത് വന്‍വിലയ്ക്ക്. രാഷ്ട്രീയ മേലാളന്മാരുടെയും ബ്യൂറോക്രാറ്റുകളുടെയും പിന്തുണ കുത്തകകള്‍ക്ക് യഥേഷ്ടം ലഭിക്കുമ്പോള്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ മാത്രം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും അതിന്റെ ഫലം കര്‍ഷകര്‍ക്ക് ലഭിക്കാതെ പോകുന്നതിന്റെ നീതിശാസ്ത്രം പഠനവിധേയമാക്കേണ്ടതല്ലേ. കുത്തകകള്‍ക്കു വേണ്ടി സര്‍ക്കാര്‍ എഴുതിത്തള്ളുന്ന കോടികളിലെ ഒരു ഭാഗം കാര്‍ഷിക വൃത്തി പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിയും. കര്‍ഷകര്‍ക്കു വേണ്ട പദ്ധതികളും പാക്കേജുകളും അഴിമതികളുടെ വിളനിലമായി മാറുമ്പോഴും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിസ്സംഗരായി മാറിനില്‍ക്കുകയാണ്. അഴിമതിയെ ചോദ്യം ചെയ്യാനുള്ള ധാര്‍മികബലം എന്നേ ഇക്കൂട്ടര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. അന്ധമായ രാഷ്ട്രീയ വിധേയത്വത്തില്‍നിന്ന് ഇരകള്‍ സ്വതന്ത്രരാകാതെ നീതി ലഭിക്കുകയില്ല എന്ന തിരിച്ചറിവിലൂടെ മാത്രമേ ഭരണക്കാരുടെ കബളിപ്പിക്കല്‍ തന്ത്രങ്ങള്‍ക്ക് അറുതിവരുത്താനാവൂ.
കെ.എ ജബ്ബാര്‍, അമ്പലപ്പുഴ
ഭീകരതക്കെതിരെ ഇസ്രയേല്‍!
'മോദി ഇസ്രയേലില്‍നിന്ന് ഇനിയെന്ത് കൊണ്ടുവരാന്‍?' എന്ന എ. റശീദുദ്ദീന്റെ ലേഖനം ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ നേതാവും 'ഭീകരതക്കെതിരെ' ഒന്നിക്കുന്നത് വളരെ ആസൂത്രിതമായാണ്. ഇസ്രയേലും ഇന്ത്യയും തമ്മില്‍ 'ഭീകരത'ക്കെതിരെ കരാറും ഉാക്കിയിരിക്കുന്നു! ഇസ്രയേലിന്റെ ഭീകരതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഏത് രാജ്യത്ത് ഭീകരാക്രമണമുണ്ടായാലും അതില്‍ ഇസ്രയേലിന് പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കുണ്ടായിരിക്കും. നീണ്ട വര്‍ഷങ്ങളായി ഫലസ്ത്വീനികളെ അതിക്രൂരമായി കൊന്നൊടുക്കിയതും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നതും ഇസ്രയേല്‍ തന്നെയാണല്ലോ! മോദി ശക്തിപ്പെടുത്തുന്ന അമേരിക്ക, ഇസ്രയേല്‍ ബന്ധം നാളെ ഇന്ത്യക്ക് വലിയ ദുരന്തമായിരിക്കും സമ്മാനിക്കുക.
നേമം താജുദ്ദീന്‍
ഏതാണ് ശരി?
പി.കെ നിയാസ് എഴുതിയ 'മൗസ്വില്‍ റഖ: ഐ.എസ് പടിയിറങ്ങുമ്പോള്‍' എന്ന ലേഖനത്തില്‍ (ലക്കം 3011) പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച അല്‍ നൂരി പള്ളി പോലും ഐ.എസ് ബോംബിട്ട് തകര്‍ത്തു എന്നു പറുന്നു. അതേ ലക്കത്തിലെ ഹകീം പെരുമ്പിലാവിന്റെ ലേഖനത്തില്‍ അവരുടെ പ്രധാന കേന്ദ്രമായ അല്‍നൂരി വലിയ പള്ളി പിടച്ചടക്കിയതോടെ ഐ.എസിന്റെ ശക്തി ക്ഷയിച്ചതായും സൂചിപ്പിക്കുന്നു. ഏതാണ് ശരി?
മുസ്തഫാ കമാല്‍ മുന്നിയൂര്‍
വിശദീകരണം:
തങ്ങളുടെ നിയന്ത്രണത്തില്‍നിന്ന് സൈന്യം പ്രദേശം പിടിച്ചെടുക്കുമെന്ന് ഉറപ്പായപ്പോള്‍ ചരിത്രം ഉറങ്ങുന്ന അല്‍ നൂരി പള്ളിയും അതിന്റെ മിനാരങ്ങളും സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ് ഐ.എസ് ചെയ്തത്. നശിപ്പിക്കപ്പെട്ട നിലയിലാണ് പള്ളി സൈന്യത്തിന് (ഇറാഖി ഭരണകൂടത്തിന്) ലഭിച്ചത്. 2014-ല്‍ ബഗ്ദാദി 'ഖിലാഫത്ത്' പ്രഖ്യാപിച്ചത് ഈ പള്ളിയില്‍ നടത്തിയ ഖുത്വ്ബയിലാണ്
പി.കെ നിയാസ്
Comments